അതിജീവനത്തിന്റെ ‘അന്യായ’ പോരാട്ടം – സ്‌ക്വിഡ് ഗെയിം

നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിക്കുന്ന കൊറിയൻ പരമ്പര സ്ക്വിഡ് ഗെയിം അഥവാ കണവകളി കാണാത്ത യുവാക്കൾ കുറയും. സെപ്തംബറിൽ റിലീസ് ചെയ്ത പരമ്പര ഇതിനകം ഈ ഓ.ടി.ടി പ്ലാറ്റ് ഫോമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിക്കഴിഞ്ഞു. ഈ പരമ്പര പ്രമേയമായുള്ള കച്ചവടകേന്ദ്രങ്ങളും ഉൽപ്പന്നങ്ങളും തരംഗമാവുകയാണ്. ഇതിലെ മത്സരാർത്ഥികളിടുന്ന പച്ച ട്രാക്ക് സ്യൂട്ടും നമ്പരിട്ട ടീ ഷേർട്ടും സോഷ്യൽ മീഡിയയിൽ എവിടെയും കാണാം. മുതലാളിത്തത്തെ രൂക്ഷമായി വിമർശിക്കുന്ന സിനിമ ആഗോളതലത്തിൽ പുത്തൻ ബിസിനസ് അവസരമാവുകയാണ്. വിസ്മയകരമായ വിരോധാഭാസം!

പേരു സൂചിപ്പിക്കുംപോലെ കുട്ടികൾക്കായുള്ള ഒരു കൊറിയൻ കളിയാണ് സ്ക്വിഡ് ഗെയിം. തെക്കൻ തിരുവിതാംകൂറിലെ കിളിത്തട്ട് കളി പോലെ കൗശലപൂർവം പ്രതിയോഗിയെ മറികടന്ന് അടുത്ത തട്ടിലേക്ക് ചാടുന്ന കളി. ഈ കളിത്തട്ടിന് കണവയുടെ ആകൃതിയാണ്. കിളിത്തട്ടിൽ ഓരോ കളങ്ങളായി മറികടന്ന് അവസാനവര കടക്കുന്നവർ വിജയിക്കുമെങ്കിൽ സ്ക്വിഡ് ഗെയിമിൽ എതിരാളികളെ തള്ളിപ്പുറത്താക്കി ‘കൊല്ലു’ന്നവരാണ്’ ജയിക്കുക. ജേതാവിനു മാത്രം സ്ഥാനമുള്ള നിയോ ലിബറൽ ലോകത്തിന്റെ യഥാതഥമായ പ്രതീകമാണ് ഈ കളി.ഹോങ്ഡോങ് ഹ്യുക് സംവിധാനം ചെയ്ത പരമ്പരയുടെ കഥ ലളിതമാണ്. 456 പേർ പങ്കെടുക്കുന്ന മത്സരം. ഗോഡ്ഫാദറിൽ ഡോൺ കോർലിയോൺ പറയുമ്പോലെ, നിരസിക്കാനാത്ത ഓഫറാണ് ഈ മത്സരത്തിലെ സ്ഥാനാർത്ഥിത്വം. കടം കയറി കുത്തുപാളയെടുത്ത് ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന നിസ്സഹായരെയാണ് മത്സരാർത്ഥികളാക്കുന്നത്. ജീവിതത്തിന്റെ നാനാമേഖലകളിൽ നിന്നുള്ളവരുണ്ട് കൂട്ടത്തിൽ. ഉത്തരകൊറിയയിലെ അഭയാർത്ഥി മുതൽ ബിസിനസ് പൊളിഞ്ഞ സമ്പന്നൻ വരെ. ഹോങ്ഡോങ് ഹ്യുക് സ്വന്തം ജീവിതത്തിലെ ദരിദ്രകാലങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണത്രെ ഈ കഥയുണ്ടാക്കിയത്.

dance

സങ് ജീ ഹുനിലേക്ക് വരാം. കാർ ഫാക്ടറിത്തൊഴിലാളിയായിരുന്നു സങ്. സമരത്തെ തുടർന്ന് ഫാക്ടറി പൂട്ടി, കടക്കെണിയിലായി. വിവാഹമോചനം നേടിയ ഭാര്യ മകളെയും കൊണ്ടുപോയി, പുനർവിവാഹിതയായി. വൃദ്ധയായ അമ്മയെ ചൂഷണം ചെയ്ത് ജീവിക്കുന്ന സങിന് ജീവിതമെന്നാൽ മദ്യപാനവും പണംവെച്ചുള്ള ചൂതുകളിയുമാവുന്നു. അതിനുവേണ്ടി എന്ത് അപമാനവും സഹിക്കും, പരാജയം തിന്നു ശീലിച്ച, ആത്മബഹുമാനം തീർത്തും നഷ്ടപ്പെട്ട ഏതൊരാളെയും പോലെ. അങ്ങനെയാണ് അയാൾ സ്ക്വിഡ് ഗെയിമിലേക്ക് നടന്നുകയറുന്നത്. ചില നിസ്സാരമത്സരങ്ങൾ വിജയിച്ചാൽ ഏതാണ്ട് നാലുകോടി അമേരിക്കൻ ഡോളറിനു തുല്യമായ തുക സമ്മാനമായി കിട്ടും. പിന്നെ സങിന്റെ അവസ്ഥയിലുള്ള ആരാണ് രണ്ടാമതൊന്നാലോചിക്കുക?

FAIRMOUNT

മത്സരത്തിന് പല ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടവും ജയിച്ചുവരികയെന്നു പറയുന്നത്– അതായത്, ജീവനോടെ പുറത്തുവരികയെന്നു പറയുന്നത്– ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഓരോ ഘട്ടവും ഓരോ കുട്ടിക്കളിയാണ്. പക്ഷേ, തോൽക്കരുത്; തോറ്റാൽ മരണം ഉറപ്പ്. ആദ്യത്തെ കളിയുടെ പേര് റെഡ് ലൈറ്റ് ഗ്രീൻ ലൈറ്റ്. ഒരു പടുകൂറ്റൻ മൈതാനത്താണ് മത്സരം. പച്ച വിളക്കു തെളിയുമ്പോൾ നടക്കണം, ചുവപ്പു തെളിയുമ്പോൾ നിൽക്കണം. കേൾക്കുമ്പോൾ നിസ്സാരം, അല്ലേ? പക്ഷേ, തെറ്റിയാൽ മെഷീൻഗണ്ണുകൾ തീതുപ്പും! അങ്ങനെ ഒരുപിടി കളികളുണ്ട്. ഓരോ കളി കഴിയുമ്പോഴും പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരും. ആദ്യമത്സരം കഴിയുമ്പോൾ കൊലപാതകങ്ങൾ കണ്ട് ഭയന്നുപോവുന്ന കളിക്കാർ കളിയിൽനിന്നും പിൻമാറാൻ തീരുമാനിക്കുന്നു. ഭൂരിഭാഗം കളിക്കാരും സമ്മതിച്ചാൽ കളി അവസാനിപ്പിക്കാമെന്നാണ് കളിനിയമം. അങ്ങനെ കളി നിർത്തിപ്പോവുന്നവർ അധികം താമസിയാതെ തിരിച്ചുവരികയാണ്. പണത്തിനോടുള്ള ആർത്തി മാത്രമല്ല കാരണം. ജീവിക്കാൻ മറ്റുവഴിയില്ല, മറ്റൊരിടത്തും ജയിക്കാനുള്ള പാങ്ങുമില്ല! ജീവിതത്തിൽ തോൽവി ശീലമായവർക്ക് ഒരു കളിയിലെ തോൽവിയും മരണവും വിജയം കൊണ്ടുവരുന്ന മഹാഭാഗ്യത്തെ വച്ചുനോക്കിയാൽ വളരെ തുച്ഛം മാത്രം!

കളികൾ സംഘടിപ്പിക്കുന്നത് വിദൂരമായ ഒരു ദ്വീപിലാണ്. അവിടേയ്ക്ക് മത്സരാർത്ഥികളെ കൊണ്ടുപോവുന്നത് മയക്കിക്കിടത്തിയും. മത്സരത്തിലെ നിയമങ്ങൾ കണിശമായി പാലിച്ചേ മതിയാവൂ. പക്ഷേ, ഇടയ്ക്കുവെച്ച് ഒരാൾ നിയമം ലംഘിക്കുന്നത് അവശേഷിക്കുന്ന മത്സരാർത്ഥികളെ പരിഭ്രാന്തിയിലാഴ്ത്തുന്നു. സംഘത്തിലെ ഒരു ഗുണ്ട കൂടുതൽ ഭക്ഷണത്തിനുവേണ്ടി സഹകളിക്കാരനെ കൊലപ്പെടുത്തുന്നു. സംഘാടകരാകട്ടെ, അതിനെ നോർമലൈസ് ചെയ്യുന്നു. കളിക്കിടയിൽ പറ്റിയ അപകടം മാത്രം! ആളെണ്ണം കുറയുന്നതനുസരിച്ച് സമ്മാനത്തുക കൂടുന്നത് ജീവൻ ബാക്കിയുള്ള ഭൂരിഭാഗത്തെയും സന്തുഷ്ടരാക്കുന്നു. കൊല്ലപ്പെടുന്നതനുസരിച്ച് സമ്മാനത്തുക കൂടും. സംഘത്തിലെ മര്യാദക്കാർക്ക് ഉറക്കമില്ലാതാവുന്നു. അവർ ഇരുട്ടത്ത് കൊല്ലപ്പെടാതിരിക്കാനായിചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ച് മാറിമാറി ഉറക്കമൊഴിയുന്നു. ഇതിനിടെ സങ് കാണുന്ന സ്വപ്നം മുതലാളിത്തലോകത്തിൻറെ പളപളപ്പുള്ള മുഖത്തിനടിയിലെ ദംഷ്ട്രകൾ കാട്ടിത്തരുന്നു. സമരം ചെയ്യുന്ന കാർ ഫാക്ടറിത്തൊഴിലാളികളെ വളഞ്ഞിട്ടാക്രമിക്കുന്ന പ്രത്യേകസേനാ വിഭാഗം. കൊറിയയിൽ സമാനമായ ഒരു സംഭവമുണ്ടായിരുന്നു 2009-ൽ. നമ്മുടെ വിജയ് മല്ല്യയെപ്പോലെ പാപ്പരാണെന്ന് പ്രഖ്യാപിച്ച് സാങ് യോങ് മോട്ടോഴ്സ് 2,646 ജീവനക്കാരെ പിരിച്ചുവിട്ടു. പോലീസും പട്ടാളവും ചേർന്ന് സമരക്കാരെ നേരിട്ടു. ദീർഘകാലസമരം കൊണ്ട് കാര്യമായ ഗുണമുണ്ടായില്ല. പട്ടിണിയും ദാരിദ്ര്യവും സഹിക്കാനാവാതെ നിരവധിപ്പേർ ആത്മഹത്യ ചെയ്തു. ഇത്തരം സൂചനകൾ കഥയ്ക്ക് ഞെട്ടിക്കുന്ന പുതിയൊരു മാനം നൽകുന്നു.

സ്ക്വിഡ് ഗെയിമിന്റെ സംഘാടകർക്ക് എന്താണ് ലാഭം? ഓരോ ചലനവും സി.സി.ടി.വികൾ വഴി പകർത്തപ്പെടുന്ന മത്സരത്തിൽ കുതിരപ്പന്തയത്തിലെന്നോണം അതിസമ്പന്നർക്ക് വാതുവെക്കാം. പണത്തിനു നൽകാൻ കഴിയുന്ന സുഖങ്ങളിൽ ബോറടിച്ചവർക്ക് പണമുണ്ടാക്കാനായി മനുഷ്യൻ ഏതറ്റം വരെ പോവുമെന്നും എന്തൊക്കെ ത്യജിക്കുമെന്നും നേരിൽ കണ്ട് പൊട്ടിച്ചിരിക്കാം. നോക്കുക, രണ്ടുപേർ പങ്കെടുക്കുന്ന കളി. ഭാര്യഭർത്താക്കൻമാരാണ് ഒരു കളിയിൽ. ആരു തോറ്റാലും… ബാക്കി പറയേണ്ടല്ലോ.

indoor ad

മുതലാളിത്ത ലോകത്തെ ദയാശൂന്യമായ മത്സരത്തിൽ ഒരുതരത്തിലും ജയിക്കാൻ അവസരമില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരുടെ കഥയാണ് സ്ക്വിഡ് ഗെയിം. അവരുടെ പ്രതിനിധിയാണ് സങ്. അവർ ജീവിക്കുന്ന യാഥാർത്ഥ്യം കോമിക് പുസ്തകങ്ങളിലേതിനേക്കാൾ അയഥാർത്ഥമാണ്. ജനം തലപൊക്കുമ്പോൾ അടിച്ചു തലപൊളിക്കുന്ന പോലീസും പട്ടാളവും സ്ക്വിഡ് ഗെയിമിലെ മുഖമില്ലാത്ത കളിനടത്തിപ്പുകാരെപ്പോലെ തികച്ചും യഥാർത്ഥമാണെങ്കിലും. റിലീസ് ചെയ്ത് 10 ദിവസമായപ്പോൾ 90 രാജ്യങ്ങളിൽ ഈ പരമ്പര ഒന്നാംസ്ഥാനമെത്തിയതിന് കാരണം മറ്റൊന്നല്ല.പണക്കാരെ കൂടുതൽ പണക്കാരും പാവങ്ങളെ കൂടുതൽ ദരിദ്രരുമാക്കുന്ന, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് അനുനിമിഷം വർദ്ധിക്കുന്ന കാലത്ത്, കോവിഡ് മഹാമാരിയിൽ സമൂഹമാകെത്തന്നെ സാമ്പത്തികവും മാനസികവുമായ ദുരിതങ്ങൾ പേറുന്ന കാലത്ത് സംവിധായകൻ ഹോങിനെപ്പോലെ നമ്മളും ചോദിച്ചുപോവും. ആരാണ് നമ്മുടെ സമ്പദ് വ്യവസ്ഥയെ ഇത്ര നിർദ്ദയമായി നിർമിച്ചെടുത്തത്? ആരാണ് മനുഷ്യരെ പന്തയക്കുതിരകളാക്കി സന്തോഷിക്കുന്നത്?

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ടാപ്പിലൂടെ ഒഴുകിയെത്തി കോട്ടയത്തിന്റെ സ്വന്തം അപൂർവമത്സ്യം

ജോലികഴിഞ്ഞ് വീട്ടിലെത്തിയ അരുൺ ഗോപിനാഥ്, കുളിക്കാൻ ടാപ്പ് തുറന്നപ്പോൾ വെള്ളത്തിനൊപ്പം ദേ ചാടിവീണു, പഴുതാര പോലൊരു ജീവി. ഫോട്ടോയെടുത്ത് സുഹൃത്തായ ‘മാതൃഭൂമി’ ലേഖകന് അയച്ചുകൊടുത്തു. മേഖലയിലെ വിദഗ്ധയായ ഡോ. ടി.വി. അന്ന മേഴ്‌സിക്ക് ലേഖകൻ അത് ഫോർവേഡ് ചെയ്തപ്പോൾ, കിണറുകളുടെ ഉറവയിൽ വസിക്കുന്ന അപൂർവയിനത്തിലുള്ള മത്സ്യമാണെന്ന് വ്യക്തമായി.

പെരുമ്പായിക്കാട് അരുൺനിവാസിലെ കിണറ്റിൽനിന്ന് ടാപ്പിലൂടെ പുറത്തുവന്നത് കോട്ടയത്തിന്റെ സ്വന്തം അപൂർവ മത്സ്യമായ ‘കുരുടൻ മുഷി’ എന്നു വിശേഷിപ്പിക്കുന്ന ‘ഹൊറാഗ്ലാനിസ് കൃഷ്ണയ്’ ആണ്. പിങ്ക് നിറമുള്ള, മീശയുള്ള ഈ മീനിന് ശരാശരി ആറുസെന്റിമീറ്റർ നീളമുണ്ടാകും. കാഴ്ചശക്തിയില്ല. ഇന്ത്യയിലെ തന്നെ ഏക ബ്ലൈൻഡ് ക്യാറ്റ് ഫിഷ് ആണ്.ഏറ്റുമാനൂർ പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥനായ അരുണും കുടുംബവും കഴിഞ്ഞ ചൊവ്വാഴ്ച കിട്ടിയ മീനിന് ചെറുവിരകളെയും മറ്റും തീറ്റയായി നൽകി ഒരാഴ്ച സംരക്ഷിച്ചു. ഇന്നലെ നാട്ടകം ഗവ. കോളേജിലെ സുവോളജി വകുപ്പിലേക്ക് മീനിനെ കൈമാറി.

 * മീനിനുവേണ്ടി തേകിയത് ഒട്ടേറെ കിണറുകൾ

മഹാക്ഷേത്രങ്ങളുടെ ചരിത്രകാരൻ നാലാങ്കൽ കൃഷ്ണപിള്ളയുടെ കോട്ടയത്തെ വീട്ടിൽനിന്ന് ആദ്യമായി മീനിനെ കണ്ടെത്തിയതാണ് ആ പേരിന് പിന്നിലെ കൃഷ്ണമയത്തിന് കാരണം. 70-കളിൽ കേരള സർവകലാശാലയിൽ ഹൊറാഗ്ലാനിസ് കൃഷ്ണയയെ കുറിച്ച് പിഎച്ച്.ഡി. ചെയ്ത ഡോ. അന്ന മേഴ്‌സി, പഠനത്തിനായി താഴത്തങ്ങാടി, കാരാപ്പുഴ, നാഗമ്പടം എന്നിവിടങ്ങളിലായി ഒട്ടേറെ കിണറുകൾ വറ്റിച്ചിരുന്നു. അന്ന് ഒൻപതിടത്തുനിന്ന് 151 കുരുടൻമുഷികളെ കിട്ടി. 1981-ൽ ഹൊറാഗ്ലാനിസ് കൃഷ്ണയയെ കുറിച്ച് ഡോ. അന്ന പ്രബന്ധം സമർപ്പിച്ചു. ഇന്നും അവയെ കുറിച്ചുള്ള ഏക ആധികാരിക പഠനറിപ്പോർട്ട് അതുതന്നെയാണ്. പനങ്ങാട് ഫിഷറീസ് കോളേജിലെ പ്രൊഫസറായിരുന്ന ഡോ. അന്ന അതിരമ്പുഴ സ്വദേശിനിയാണ്. ബ്രിട്ടീഷ് മ്യൂസിയം 100-ാം വാർഷികം ആഘോഷിച്ചപ്പോൾ പ്രദർശനത്തിന് വെച്ച ഏക ഇന്ത്യൻ മീൻ ഈ കുരുടൻ മുഷിയായിരുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നാലു കൊല്ലം കൂടി കാത്തിരിക്കു.. ബഹിരാകാശത്തും തുടങ്ങാം ബിസിനസ്

ബഹിരാകാശത്ത് ബിസിനസ് പാർക്ക് തുടങ്ങുമെന്ന് ശതകോടീശ്വരനും ബഹിരാകാശ വിനോദസഞ്ചാര കമ്പനിയായ ബ്ലൂഒറിജിന്റെ ഉടമസ്ഥനുമായ ജെഫ് ബേസോസ്. ഓർബിറ്റൽ റീഫ് എന്നു പേരുനൽകിയിരിക്കുന്ന പാർക്കിന്റെ പ്രവർത്തനം 2025-നുശേഷം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 32,000 ചതുരശ്രയടി വിസ്തീർണമാകും പാർക്കിനുണ്ടാകുക. ഇതിൽ ഒരേസമയം 10 പേരെ ഉൾക്കൊള്ളിക്കാം. ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനുള്ള സംവിധാനങ്ങൾ ഉൾപ്പെടെ ഓർബിറ്റൽ റീഫ് ഒരുക്കും. സ്പേസ് ഹോട്ടലും ഉണ്ടാകും.

valam depo

സിയേറ സ്പേസ്, ബോയിങ് എന്നീ കന്പനികളും പാർക്കിന്റെ നിർമാണത്തിൽ ബ്ലൂ ഒറിജിനൊപ്പം പങ്കാളികളാകും. ബഹിരാകാശ ഏജൻസികൾ, സാങ്കേത കമ്പനികളുടെ കൂട്ടായ്മ, സ്വന്തമായി ബഹിരാകാശ നിലയമില്ലാത്ത രാജ്യങ്ങൾ, മാധ്യമ, വിനോദസഞ്ചാര കമ്പനികൾ, ഗവേഷകർ, സംരംഭകർ എന്നിവർക്കെല്ലാം പാർക്കിൽ ഇടമുണ്ടാകുമെന്ന് കമ്പനികൾ പ്രസ്താവനയിൽ വ്യക്തമാക്കി.എന്നാൽ, പദ്ധതിയുടെ ചെലവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബ്ലൂ ഒറിജിനായി പ്രതിവർഷം 7490 കോടി രൂപ (100 കോടി യു.എസ്. ഡോളർ) ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ബേസോസ് പദ്ധതിക്കായി വൻ തുക മുടക്കുമെന്നാണ് വിവരം.

20 വർഷം പഴക്കമുള്ള നാസയുടെ അന്താരാഷ്ട്ര ബഹിരാകാശനിലയം പുനഃസ്ഥാപിക്കണമെന്ന ഗവേഷകരുടെ നിർദേശം പുറത്തുവന്നതിനു പിന്നാലെയാണ് പ്രഖ്യാപനം. 2025-ഓടെ തങ്ങളുടെ ബഹിരാകാശ യാത്രികർ നിലയം വിടുമെന്ന് റഷ്യ നേരത്തേ വ്യക്തമാക്കിയിരുന്നു. നിലയത്തിലെ കാലപ്പഴക്കം സംഭവിച്ച ഉപകരണങ്ങൾ അപകടത്തിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇതിനു മറുപടിയായി ഉപകരണങ്ങൾ പുനഃസ്ഥാപിക്കുന്നതിന് സ്വകാര്യ കരാറുകാർക്ക് 2997 കോടി രൂപ നൽകുമെന്ന് നാസ അറിയിച്ചു. അമേരിക്കൻ ബഹിരാകാശ കമ്പനികളായ നാനോറാക്സ്, വോയജർ സ്പേസ്, ലോക്ഹീഡ് മാർട്ടിൻ എന്നിവ 2027-ഓടെ തങ്ങളുടെ ബഹിരാകാശനിലയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ജലനിരപ്പ് 137.6 അടി, 138 അടിയായാല്‍ മുല്ലപ്പെരിയാര്‍ തുറന്നുവിടും

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് അനുസരിച്ച് നിയന്ത്രിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി യോഗത്തിൽ ധാരണ. കോടതിയിൽ കേന്ദ്ര ജലകമ്മിഷൻ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടുപ്രകാരം ഇപ്പോഴത്തെ റൂൾ കർവ് 138 അടിയാണ്. ഈ അളവിൽ ജലനിരപ്പ് എത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും. നിലവിൽ 137.6 അടിയാണ് ജലനിരപ്പ്.

ചൊവ്വാഴ്ച രാവിലെയുള്ള കണക്കുപ്രകാരം സെക്കൻഡിൽ 3244 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിവരുന്നുണ്ട്. ഇതിൽ 2077 ഘനയടി തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.കഴിഞ്ഞയാഴ്ച സുപ്രീംകോടതിയിൽ നൽകിയ സ്റ്റാറ്റസ് റിപ്പോർട്ടിൽ റൂൾ കർവ് വിശദമായി പറഞ്ഞിട്ടുണ്ട്. ജൂൺ പത്ത് മുതൽ നവംബർ 30 വരെ പത്തുദിവസം ഇടവിട്ടുള്ള റൂൾ കർവാണിത്. ജൂണ് പത്തിന് 136 അടിയാണ് റൂൾ കർവ്. പിന്നെ കൂടുന്നു. സെപ്റ്റംബർ പത്തിന് 140 അടിയും 20-ന് പരമാവധി ജലനിരപ്പ് ആയ 142 അടിയിലും ആണ് റൂൾ കർവ്. പിന്നെ വീണ്ടും കുറയുന്നു. ഒക്ടോബർ 20 മുതൽ 138 അടിയും നവംബർ 20-ന് 141 അടിയും 30-ന് പരമാവധി ജലനിരപ്പായ 142 അടിയുമാണ് നിശ്ചയിച്ചത്.

ഈ റൂൾ കർവ് സുപ്രീംകോടതിയിൽ സമർപ്പിച്ചെങ്കിലും കേരളം അംഗീകരിക്കാൻ തയ്യാറായിട്ടില്ല. രണ്ടുതവണ 142 അടിയിൽ റൂൾ കർവ് നിശ്ചയിച്ചത് ശരിയല്ല എന്ന നിലപാടാണ് കേരളത്തിന്. ഇതുമൂലം റൂൾ കർവിൽ കോടതി അന്തിമവിധി പറഞ്ഞിട്ടില്ല.സുപ്രീംകോടതി നിർദേശമനുസരിച്ചാണ് ചൊവ്വാഴ്ച അടിയന്തര മേൽനോട്ടസമിതി ഓൺലൈനായി യോഗം ചേർന്നത്. ജലകമ്മിഷൻ ചീഫ് എൻജിനീയർ, കേരളം, തമിഴ്നാട് എന്നിവരുടെ ഓരോ പ്രതിനിധികൾ എന്നിവരാണ് സമിതിയിൽ. പലചർച്ച നടന്നെങ്കിലും ഒടുവിൽ തമിഴ്നാട് പ്രതിനിധിയും ജലകമ്മിഷൻ ചീഫ് എൻജിനീയറുമാണ് നിലവിൽ തയ്യാറാക്കിയ റൂൾ കർവ് പ്രകാരം ജലനിരപ്പ് നിയന്ത്രിക്കും എന്ന് അറിയിച്ചത്. ഇതുസംബന്ധിച്ച തീരുമാനം ബുധനാഴ്ച കോടതിയിൽ അറിയിക്കും. ഇതോടെ മുല്ലപ്പെരിയാർ അണക്കെട്ടിനും റൂൾ കർവ് നിലവിൽവരും. വെള്ളം തുറന്നുവിടുകയാണെങ്കിൽ 24 മണിക്കൂർ മുമ്പ് അറിയിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം

ജില്ലയിലെ സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിന് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ  പാനലിലേക്ക് അപേക്ഷിക്കാം. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് ക്യാമറ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറ കൈവശമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.  ഇവ അഭിമുഖ സമയത്ത് ഹാജരാക്കണം. പി.ആര്‍.ഡി യിലോ പത്രസ്ഥാപനങ്ങളിലോ  ഫോട്ടോഗ്രാഫര്‍മാരായി സേവനം ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. ചുമതലപ്പെടുത്തുന്ന വര്‍ക്കിന്റെ  അടിസ്ഥാനത്തിലാണ് പ്രതിഫലം. ഒരു ദിവസം ഫോട്ടോ കവറേജ്  നടത്തുന്ന ആദ്യ പരിപാടിക്ക്  700 രൂപയും തുടര്‍ന്നുള്ള പരിപാടികള്‍ക്ക് 500 രൂപ വീതവും ലഭിക്കും. ഒരാള്‍ക്ക് പരമാവധി ഒരു ദിവസം 1700 രൂപയാണ് ലഭിക്കുക.  പാനലിന്റെ കാലാവധി  2023 മാര്‍ച്ച് 31 വരെയാണ്.            താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 30 ന് വൈകിട്ട് അഞ്ചിനകം  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,  പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,  സിവില്‍ സ്റ്റേഷന്‍, പാലക്കാട് – 678001 വിലാസത്തില്‍ അപേക്ഷ പത്ര സ്ഥാപനത്തില്‍ ജോലി ചെയ്തതിന്റെ പരിചയം തെളിയിക്കുന്ന രേഖ സഹിതം സമര്‍പ്പിക്കണം.    ഫോണ്‍ – 0491 2505329

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കൊറിയയില്‍ ഉള്ളിക്കൃഷി: ശമ്പളം ഒരുലക്ഷം; യോഗ്യത പത്താംക്ലാസ്

 25നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെകാണ് കാര്‍ഷികവൃത്തിയ്ക്കായി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് . സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് (Overseas Development and Employment Promotion Cousultants Ltd. -ODEPC) ദക്ഷിണകൊറിയയിലേക്ക് കാർഷികവൃത്തിയ്ക്കായി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. ഏകദേശം ഒരുലക്ഷം രൂപ (1000-1500 ഡോളർ) വേതനമുള്ള ജോലിക്ക് പത്താംക്ലാസാണ് യോഗ്യത. 25നും 40നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒഡെപെക് വെബ്സൈറ്റ് വഴിയോ recruit@odepc.in എന്ന മെയിലിൽ ബയോഡാറ്റ അയച്ചോ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി: ഒക്ടോബർ 27.

ദക്ഷിണകൊറിയയിലേക്ക് തങ്ങൾ ആദ്യമായാണ് റിക്രൂട്ടിങ് നടത്തുന്നതെന്ന് ഒഡെപെക് മാനേജിങ് ഡയറക്ടർ കെ.എ.അനൂപ് പറഞ്ഞു. അവിടത്തെ സർക്കാർ പദ്ധതിയുടെ ഭാഗമയുള്ള ഉള്ളിക്കൃഷിയ്ക്കായാണ് ആളുകളെ കൊണ്ടുപോകുന്നത്. ആയിരം പേരെയാണ് ആവശ്യപ്പെട്ടതെങ്കിലും ആദ്യഘട്ടത്തിൽ നൂറുപേരെയാണ് അയക്കുന്നത്. 60 ശതമാനം പേർ സ്ത്രീകകളായിരിക്കണമെന്ന് അവർ നിർദേശിച്ചിട്ടുണ്ട്. പത്താംക്ലാസാണ് അടിസ്ഥാന യോഗ്യത എന്നതിനാൽ, അത്തരത്തിൽ കുറഞ്ഞ യോഗ്യതയുള്ള ജോലി കിട്ടാൻ ബുദ്ധിമുട്ടുള്ളവർക്കും അധികം അവസരങ്ങൾ ലഭിക്കാത്ത വിദൂരമേഖലയിൽ നിന്നുളളവർക്കും മുൻഗണന നൽകും -ഒഡെപെക് എംഡി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക. ഇത് മൂന്നു വർഷം വരെ നീട്ടാം. കൊറിയൻ തൊഴിൽ നിയമമനുസരിച്ച് മാസത്തിൽ 28 ദിവസം ജോലി ഉണ്ടായിരിക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ജോലിസമയം. ജോലിസമയത്തെ ഭക്ഷണം സൗജന്യമായി ലഭിക്കും. കാർഷികവൃത്തിയിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഇംഗ്ലീഷിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. ഡബ്ല്യു.എച്ച്.ഒ. അംഗീകൃത കോവിഡ് വാക്സിൻ എടുത്തവരെ മാത്രമേ കൊറിയ അനുവദിക്കൂ എന്നതിനാൽ കോവാക്സിൻ എടുത്തവർക്ക് പോകാനാവില്ല. കോവിഷീൽഡ് എടുത്തവർ രണ്ടു ഡോസും പൂർത്തിയാക്കിയിരിക്കണം.

siji

താൽപര്യമുള്ളവർക്കായി ഒക്ടോബർ 27ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പൽ ടൗൺഹാളിലും ഒഡെപെക് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. ജോലിയെ കുറിച്ചും കൊറിയയിലെ സാഹചര്യങ്ങളെ കുറിച്ചും സെമിനാറിൽ വിശദമാക്കും. ഇതിനുശേഷം യോഗ്യതയും താൽപര്യമുള്ളവരെ ഇന്റർവ്യൂവിന് വിളിക്കുകയാവും ചെയ്യുക. ജോലിയെ കുറിച്ച് വിശദമായി അന്വേഷിച്ച ശേഷമാണ് റിക്രൂട്ടിങ് നടത്താൻ തീരുമാനിച്ചതെന്ന് ഒഡെപെക് എംഡി അനൂപ് വ്യക്തമാക്കുന്നു. എംബസികളും മറ്റും വഴി വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ജോലി ലഭിക്കുന്നവരുടെ പേപ്പർ വർക്കുകൾ ഒഡെപെക്കിന്റെ മേൽനോട്ടത്തിലായിരിക്കും നടത്തുക. മിക്കവാറും അടുത്ത മാസം തന്നെ റിക്രൂട്ടിങ് ഉണ്ടാകും. ജെർമനി, ബെൽജിയം എന്നീ രാജ്യങ്ങളിലെ മീറ്റ് പ്രോസസിങ് യൂണിറ്റുകളിലേക്കുള്ള റിക്രൂട്ടിങ്ങും ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആലപ്പുഴ തുറമുഖത്തെ അടിമുടി മാറ്റുമോ ആ അദ്ഭുതക്കപ്പൽ? വരും മ്യൂസിയം, റാംപ്, പൂന്തോട്ടം…

കൊച്ചി വലിയ തുറമുഖമാകുന്നതിനു മുൻപ് ആലപ്പുഴയായിരുന്നു പ്രധാന തുറമുഖം. കൊച്ചി പുതിയ കൊച്ചിയായതോടെ പ്രതാപം നഷ്ടമായ ആലപ്പുഴ തുറമുഖത്തിന്റെ മുഖമായി ഇനി നാവികസേനയുടെ പടക്കപ്പൽ മാറും. നാവികസേന ഡീകമ്മിഷൻ ചെയ്ത ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക്) ടി–81 ആലപ്പുഴയുടെ പുതിയ കാഴ്ച.

 * ആലപ്പുഴയുടെ കപ്പല്‍ ചരിത്രം

രാജാ കേശവദാസൻ ആലപ്പുഴ നഗരത്തെ രൂപപ്പെടുത്തിയപ്പോൾ അതിന്റെ ഏറ്റവും പ്രധാന ആകർഷണം വിശാലമായ ബീച്ച് ഉൾപ്പെടുന്ന തുറമുഖമായിരുന്നു. കോട്ടയം ഉൾപ്പെടെ മലയോയര മേഖലകളിൽ നിന്നുള്ള ചരക്കുകൾ വേമ്പനാട്ടു കായലിലൂടെ ആലപ്പുഴയിലെത്തിച്ച് കൃത്രിമമായി നിർമിച്ച വാണിജ്യ കനാൽ വഴി തുറമുഖത്ത് എത്തിച്ചാണ് കപ്പലിൽ കയറ്റി വിദേശ രാജ്യങ്ങളിലേക്കു കൊണ്ടുപോയിരുന്നത്. 19–ാം നൂറ്റാണ്ടിൽ ആലപ്പുഴയിൽ കയർ വ്യവസായം പച്ചപിടിച്ചു തുടങ്ങി. അതോടെ കയർ ഉൽപ്പന്നങ്ങൾ രാജ്യാന്തര വിപണിയിലേക്കു കയറ്റി അയക്കാൻ തുടങ്ങിയതോടെ തുറമുഖം വികസിച്ചു. 1862ൽ ആലപ്പുഴയിൽ കടൽപ്പാലം നിർമിച്ചു. നങ്കൂരമിടുന്ന കപ്പലുകളിലേക്ക് ചരക്കു കയറ്റുന്നതും ഇറക്കുന്നതും എളുപ്പമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊച്ചി തുറമുഖം വികസിക്കുന്നതുവരെ കേരളത്തിലെ ചരക്കു കയറ്റുമതിയുടെ പ്രധാന േകന്ദ്രമായിരുന്നു ആലപ്പുഴ തുറമുഖം. ആലപ്പുഴയിലെ കയർ ഉൾപ്പെടെയുള്ള വ്യവസായങ്ങൾ തളരുകയും വ്യവസായികൾ കൊച്ചിയിലേക്കു ചേക്കേറുകയും ചെയ്തതോടെയാണ് ആലപ്പുഴ തുറമുഖം അനക്കമറ്റത്. ഏറെക്കാലം പ്രവർത്തനം നിലച്ചു കിടന്ന തുറമുഖത്തിന് പ്രതീക്ഷയായി 1989 ഒക്ടോബർ 11 ന് ഒരു ചരക്കു കപ്പൽ എത്തിയെങ്കിലും പിന്നീട് ഒരു കപ്പലും ഇവിടേക്ക് കടൽ‍മാർഗം എത്തിയിട്ടില്ല.

 * ആലപ്പുഴയുടെ പടക്കപ്പൽ

ആലപ്പുഴ പൈതൃക നഗര പദ്ധതിയുടെ ഭാഗമായി പോർട്ട് മ്യൂസിയം ആരംഭിക്കാൻ ഒന്നാം പിണറായി സർക്കാർ തീരുമാനിച്ചതോടെയാണ് ആലപ്പുഴയ്ക്കു സ്വന്തമായി കപ്പൽ എത്തിക്കുന്നതിനെക്കുറിച്ച് ചർച്ച തുടങ്ങിയത്. അന്നു ധനമന്ത്രിയും ആലപ്പുഴ എംഎൽഎയുമായിരുന്ന ടി.എം.തോമസ് ഐസക് മുൻകൈയെടുത്ത് പദ്ധതി മുന്നോട്ടു പോയി. നാവികസേനയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഡീ കമ്മിഷൻ ചെയ്ത നാവികസേന കപ്പൽ ഇൻഫാക് ടി 81 ആലപ്പുഴ പൈതൃക മ്യൂസിയത്തിനു നൽകാൻ തീരുമാനമായത്.2021 മേയിൽ ഇതു സംബന്ധിച്ച ധാരണയായി. മുംബൈയിൽനിന്നു കൊച്ചിയിലേക്ക് കടലിലൂടെ 5 ദിവസം കൊണ്ട് എത്തിച്ച കപ്പൽ ജൂലൈയിൽ കോട്ടയം തുറമുഖത്ത് എത്തിച്ചു. സെപ്റ്റംബറിൽ തണ്ണീർമുക്കത്ത് എത്തിച്ച കപ്പൽ റോഡ് മാർഗം ആലപ്പുഴയിലെത്തിക്കുകയായിരുന്നു.

dance

 * കപ്പലിനു മ്യൂസിയം

ആലപ്പുഴ ബീച്ചിന്റെ അടയാളമായിരുന്ന കടൽപ്പാലം ദ്രവിച്ചു നശിച്ചു. ഇവിടെ ടൂറിസം സാധ്യതകൾ മുൻനിർത്തി പുതിയ കടൽപ്പാലം നിർമിക്കാൻ സർക്കാർ പദ്ധതി തയാറാക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഇൻഫാക് ടി 81 പ്രദർശിപ്പിക്കാൻ മ്യൂസിയം പദ്ധതി തുടങ്ങാനാണ് ധാരണ. തീരദേശ പരിപാലന നിയമം പാലിച്ച് ഇവിടെ മ്യൂസിയം തയാറാക്ക‍ാൻ പ്രത്യേക അനുമതി തേടും. രണ്ടു നിലകളിലായി മാരിടൈം മ്യൂസിയം നിർമിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. പരിസ്ഥിതി പഠനം ഉൾപ്പെടെ 3 വർഷത്തെ നടപടികൾക്കു ശേഷം പുതിയ കടൽപ്പാലത്തിന് കഴിഞ്ഞ വർഷം അനുമതി ലഭിച്ചിരുന്നു. ടിക്കറ്റ് ബൂത്ത്, ഫുഡ് കോർട്ട്, ചുറ്റുമതിൽ, ലാൻഡ്സ്കേപ്പിങ് തുടങ്ങിയവ സിഡൈനിലുണ്ട്. ടിക്കറ്റ് ബൂത്തിൽനിന്ന് കപ്പലിലേക്കു കയറാൻ റാംപുണ്ടാവും. തീരത്തെ മണ്ണൊലിപ്പു തടയാൻ കപ്പലിനും കടലിനും ഇടയിലുള്ള ഭാഗത്ത് ചെടികൾ നട്ടുപിടിപ്പിക്കും. കടൽത്തീരങ്ങളിൽ സാധാരണ കാണാറുള്ള ബേഹോപ്സ് എന്ന സസ്യമാണ് ഇതിന് ഉദ്ദേശിക്കുന്നത്. ഡ്രൈ ഡോക്കിങ് രീതിയിൽ കപ്പൽ നിലത്ത് ഉറപ്പിക്കാമെന്നു രൂപകൽപനയിൽ നിർദേശമുണ്ട്. തൽക്കാലം ഇപ്പോഴുള്ള പ്ലാറ്റ്ഫോമിൽ തന്നെ കപ്പൽ സന്ദർശകർക്കു കാഴ്ചയൊരുക്കും.

 * പടക്കപ്പലിന്റെ ചരിത്രം

നാവികസേനയുടെ അതിവേഗ ആക്രമണ കപ്പലുകളുടെ കൂട്ടത്തിൽ രണ്ടാമത്തേതായിരുന്നു ഇൻഫാക് ടി – 81. 1999 ജൂൺ 5ന് അന്നത്തെ ഗോവ ഗവർണർ ലെഫ്റ്റനന്റ് ജനറൽ ജെ.എഫ്.ആർ.ജേക്കബ് കമ്മിഷൻ ചെയ്ത കപ്പലിൽ 2 ഓഫിസർമാരും 18 സെയ‍‍ിലർമാരുമാണ് ഉണ്ടായിരുന്നത്. മണിക്കൂറിൽ 45 നോട്ട്സ് ആയിരുന്നു വേഗം. ഹ്രസ്വദൂര ശേഷിയുള്ള തോക്കുകൾ ഇതിൽ ഘടിപ്പിച്ചിരുന്നു. കുറഞ്ഞ സമയത്തിൽ കടലിൽ ഇറക്കാൻ കഴിയുന്ന വിധമാണ് നിർമാണം. ശത്രുനിരീക്ഷണം, തിരച്ചിൽ, രക്ഷാപ്രവർത്തനം തുടങ്ങിയവയായിരുന്നു ചുമതലകൾ. നുഴഞ്ഞു കയറുന്ന ചെറുയാനങ്ങളെ അതിവേഗത്തിൽ തടയാൻ കഴിയുമായിരുന്നു. ഐതിഹ്യത്തിലെ വരുണദേവന്റെ വാഹനമായ കടൽക്കുതിരയെ ഇതിൽ ചിത്രീകരിച്ചിരുന്നു. ആഴം കുറഞ്ഞ സ്ഥലങ്ങളിൽ സഞ്ചരിക്കാൻ പ്രത്യേകം രൂപകൽപന ചെയ്തതാണ് കപ്പൽ. ഈ വർഷം ജനുവരി 28ന് മുംബൈ നേവൽ ഡോക്ക്‌യാർഡിൽ വച്ച് കപ്പൽ ഡീകമ്മിഷൻ ചെയ്തു. 60 ടൺ ഭാരമുള്ള കപ്പലിന് 25.94 മീറ്റർ നീളവും 5.6 മീറ്റർ ഡെക്കുമുള്ള കപ്പലാണ് ഇൻഫാക് ടി 81. എൻജിൻ റൂം, ആഫ്റ്റ് (പിൻഭാഗം) ക്രൂ കംപാർട്ട്മെന്റ്, ക്യാപ്റ്റൻസ് ക്യാബിൻ, ലിവിങ് ഏരിയ, ഫോർവേഡ് (മുൻഭാഗം) ക്രൂ കംപാർട്ട്മെന്റ് എന്നിവയാണ് കപ്പലിന്റെ ഭാഗങ്ങൾ.

hill monk ad

 * ആലപ്പുഴയുടെ പേരിലുമുണ്ട് ഒരു പടക്കപ്പൽ

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ആലപ്പുഴയുടെ പേരിൽ ഒരു കപ്പൽ ഉണ്ടായിരുന്നു – ഐഎൻഎസ് ആലപ്പി. റഷ്യയിൽനിന്ന് ഇന്ത്യ 1980 ൽ വാങ്ങിയ കോസ്റ്റൽ മൈൻ സ്വീപ്പർ (തീര മൈൻ വാരി കപ്പൽ) വിഭാഗത്തിൽപ്പെടുന്ന കപ്പലായിരുന്നു ഇത്. ഇത്തരം കപ്പലുകൾക്ക് ചെറുകിട തുറമുഖങ്ങളുടെ പേര് നൽകുന്ന പതിവനുസരിച്ചാണ് ‘ഐഎൻഎസ് ആലപ്പി’ക്ക് ആ പേര് വന്നത്. പോണ്ടിച്ചേരി കേന്ദ്രീകരിച്ചാണു മൈൻവാരിക്കപ്പലുകളെ നേവി നീറ്റിലിറക്കിയത്. അതിനാൽ പോണ്ടിച്ചേരി ക്ലാസ് വിഭാഗത്തിലാണു കപ്പലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആലപ്പിക്കു പുറമെ ഐഎൻഎസ് കോഴിക്കോട്, ഐഎൻഎസ് കണ്ണൂർ എന്നിവയാണു കേരളത്തിലെ നഗരങ്ങളുടെ പേരിലുള്ള മൈൻവാരിക്കപ്പലുകൾ. യുദ്ധമുഖത്ത് ശത്രുക്കൾ പ്രയോഗിക്കുന്ന മൈനുകൾ കടലിൽ നിന്നു നീക്കം ചെയ്യുകയായിരുന്നു ഇത്തരം കപ്പലുകളു‍ടെ ചുമതല. റഷ്യയിൽ നിന്നു കപ്പൽ വാങ്ങിയ ശേഷം കപ്പലിലെ നാവികസേനാംഗങ്ങൾക്ക് രണ്ടര വർഷത്തോളം റഷ്യയിൽ പരിശീലനവും നൽകിയിരുന്നു. 

റഷ്യയിൽ നിന്ന് 45 ദിവസം കൊണ്ടാണ് കടൽമാർഗം ഐഎൻഎസ് ആലപ്പ‍ി മുംബൈയിലെത്തിച്ചത്. 2015 മാർച്ചിൽ ഐഎൻഎസ് ആലപ്പി ഡീകമ്മിഷൻ ചെയ്തു. ഐഎൻഎസ് ആലപ്പിയിലെ ആദ്യ ക്യാപ്റ്റനും ആലപ്പുഴക്കാരനായിരുന്നു. ആലപ്പുഴ മുല്ലയ്ക്കൽ പോപ്പൻസ് വില്ലയിൽ ഹെക്ടർ പോപ്പൻ (76). ജന്മനാടിന്റെ പേരുള്ള കപ്പലിനെ ആലപ്പുഴയിലെത്തിക്കണമെന്ന ആഗ്രഹം ഹെക്ടർ പോപ്പനുണ്ടായിരുന്നു. അങ്ങനെ 1981 മേയ് 11 ന് പോപ്പൻ കപ്പലുമായി ആലപ്പുഴ തീരത്തേക്കു വന്നു. അന്ന് ആലപ്പുഴയുടെ തീരത്തിന് ഒന്നര കിലോമീറ്റർ അകലെ കടലിൽ നങ്ക‍ൂരമിട്ട് പോപ്പൻ ആഗ്രഹം സഫലീകരിച്ചു. കൊച്ചിയിൽ പരിശീലനത്തിന് എത്തിയപ്പോഴാണ് പ്രത്യേകാനുമതി വാങ്ങി 2 ദിവസത്തേക്ക് കപ്പലുമായി ആലപ്പുഴയിൽ വന്നതെന്നു പോപ്പൻ പറഞ്ഞിട്ടുണ്ട്. തീരത്തേക്ക് എത്താനുള്ള സൗകര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കൊല്ലത്തു നിന്നു ടഗ്ഗ് എത്തിച്ചാണ് ഹെക്ടറും സംഘവും തീരത്തെത്തിയത്. പോപ്പൻ 1989 ൽ കമാൻഡറായി വിരമിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ലോകം കീഴടക്കാൻ! സക്കർബർഗ് പുറത്തെടുക്കാനിരിക്കുന്നത് ‘അദ്ഭുത ടെക്നോളജികൾ’, പരീക്ഷണം ഇന്ത്യയിലും?

ഫെയ്സ്ബുക് മേധാവി മാർക് സക്കർബർഗ് പുതിയ ടെക്നോളജികൾക്ക് പിന്നാലെയാണ്. കൂടുതൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഫെയ്സ്ബുക്കിന്റെ ഓരോ നീക്കവും. എആര്‍, വിആര്‍ ഉപകരണങ്ങള്‍ക്കുവേണ്ടി മനുഷ്യരോട് ഒരു സുഹൃത്തിനെ പോലെ നേരിട്ട് സംവദിക്കാന്‍ ശേഷിയുള്ള നിര്‍മിത ബുദ്ധിയെ (artificial intelligence) സൃഷ്ടിക്കുമെന്ന് നേരത്തെ തന്നെ ഫെയ്സ്ബുക് അറിയിച്ചിട്ടുണ്ട്. Ego4D പ്രോജക്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ഫെയ്സ്ബുക് പദ്ധതി വഴി ലോകത്ത് നിര്‍മിത ബുദ്ധിയുടെ പുതിയ ഘട്ടം തന്നെ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ചിത്രീകരിച്ച വിഡിയോകളിലൂടെയാണ് ഈ നിര്‍മിത ബുദ്ധി മനുഷ്യരീതികള്‍ പഠിച്ചെടുക്കുന്നത്. 13 സര്‍വകലാശാലകളുമായി സഹകരിച്ചുള്ള ഈ പദ്ധതിയില്‍ ഇന്ത്യ അടക്കമുള്ള ഒൻപത് രാജ്യങ്ങളിലെ 700 വ്യക്തികളുടെ 2200 മണിക്കൂര്‍ വിഡിയോകളാണ് നിര്‍മിത ബുദ്ധിക്കായി ശേഖരിച്ചിരുന്നത്.

എആര്‍, വിആര്‍ ഉപകരണങ്ങളായ റേ ബാന്‍ സണ്‍ഗ്ലാസസ്, ഓകുലസ് വിആര്‍ ഹെഡ്‌സെറ്റ് എന്നിവയിലൂടെ ചിത്രീകരിച്ചതാണ് ഈ വിഡിയോകള്‍. സ്മാര്‍ട് ഫോണുകള്‍ പോലെതന്നെ വിആര്‍, എആര്‍ ഉപകരണങ്ങളുടേയും ജനപ്രീതി വര്‍ധിക്കുന്നതിന് ഈയൊരു നീക്കം സഹായിക്കുമെന്ന പ്രതീക്ഷയും ഫെയ്സ്ബുക് പങ്കുവെച്ചു. പ്രധാനമായും അഞ്ച് ലക്ഷ്യങ്ങളാണ് ഈ പദ്ധതിയിലൂടെ സക്കർബര്‍ഗിന്റെ കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

 * എപ്പോള്‍, എന്ത് സംഭവിച്ചുവെന്ന് ഓര്‍ത്തെടുക്കാനുള്ള കഴിവ്. ഉദാഹരണത്തിന് ‘വീടിന്റെ താക്കോല്‍ എവിടെയാണ് വച്ചത്?’ എന്ന ചോദ്യത്തിന് ഈ എഐ ഉത്തരം തന്നു സഹായിക്കും.

 * മുന്‍കൂട്ടി കാണാനുള്ള കഴിവ്. ‘ഭക്ഷണത്തില്‍ നിങ്ങള്‍ നേരത്തെ തന്നെ ഉപ്പിട്ടിരുന്നു’ എന്നതുപോലുള്ള മുന്നറിയിപ്പുകള്‍ നല്‍കാനുള്ള ശേഷി.

 * പഠിച്ചെടുക്കുന്നതിന് സഹായിക്കുക. ‘ഈ ഡ്രം എങ്ങനെ വായിക്കാമെന്ന് പഠിപ്പിക്കാമോ?’ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സഹായവുമായി ഈ നിര്‍മിത ബുദ്ധിയുണ്ടാവും മുന്നില്‍.

 * ഓരോ ദിവസത്തേയും ജീവിതം ശബ്ദവും ദൃശ്യവുമായി ശേഖരിച്ചുവെക്കുക. ഇതുവഴി ആര് എപ്പോള്‍ പറഞ്ഞുവെന്ന് ഓര്‍ത്തെടുത്ത് പറയാനും ഫെയ്സ്ബുക്കിന്റെ നിര്‍മിതബുദ്ധിക്കാവും.

 * മനുഷ്യരെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പരസ്പര സമ്പര്‍ക്കത്തിന് സഹായിക്കുക. പുറത്തുനിന്നുള്ള ബഹളങ്ങള്‍ കുറച്ച് സുഹൃത്ത് പറയുന്നത് മാത്രം വ്യക്തമായി കേള്‍ക്കണമെങ്കിലൊക്കെ വേണ്ടതു ചെയ്ത് ഈ നിര്‍മിത ബുദ്ധിക്ക് നമ്മെ സഹായിക്കാനാകും.

ഒരു പ്രത്യേക സാഹചര്യത്തെ അനുഭവിപ്പിക്കാന്‍ സാധിക്കുന്നവയാണ് വെര്‍ച്വല്‍ റിയാലിറ്റി അഥവാ വിആര്‍ ഉപകരണങ്ങള്‍. ഉദാഹരണത്തിന് വീട്ടിലിരിക്കുമ്പോള്‍ തന്നെ ഒരു മല കയറുന്നതായി നമ്മെ ദൃശ്യങ്ങള്‍ കൊണ്ടും ശബ്ദങ്ങള്‍കൊണ്ടും അനുഭവിപ്പിക്കാന്‍ ഈ ഉപകരണങ്ങള്‍ക്ക് സാധിക്കും. ഓഗ്മെന്റ് റിയാലിറ്റി അഥവാ എആര്‍ ഉപകരണങ്ങള്‍ യഥാര്‍ഥ ലോകത്തേക്ക് ചിത്രങ്ങളേയും മറ്റും കൂട്ടിച്ചേര്‍ക്കുന്നവയാണ്. പോക്ക്മോന്‍ ഗോ ഗെയിം പോലുള്ളവ യഥാര്‍ഥ ലോകത്തിനൊപ്പം ഡിജിറ്റല്‍ ദൃശ്യങ്ങളും ചേര്‍ത്തുള്ളവ എആര്‍ ഉപയോഗത്തിന്റെ ഉദാഹരണമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഫുഡ് സേഫ്റ്റി അതോറിറ്റി: 254 ഒഴിവ്

വിവിധ തസ്തിക: 233 ഒഴിവ്

കേന്ദ്ര സർക്കാരിനു കീഴിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒാഫ് ഇന്ത്യയിലെ 233 ഒഴിവിൽ നേരിട്ടുള്ള നിയമനം. ഒാൺലൈൻ അപേക്ഷ നവംബർ 7 വരെ. തസ്തിക, ഒഴിവ്, യോഗ്യത.

 * ടെക്നിക്കൽ ഒാഫിസർ (125): കെമിസ്ട്രി/ബയോകെമിസ്ട്രി/ഫുഡ് ടെക്നോളജി/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ/എഡിബിൾ ഒായിൽ ടെക്നോളജി/മൈക്രോബയോളജി/ഡെയറി ടെക്നോളജി/ അഗ്രികൾചറൽ/ ഹോർട്ടികൾചറൽ സയൻസസ്/ ഇൻഡസ്ട്രിയൽ മൈക്രോബയോളജി/ടോക്സികോളജി/പബ്ലിക് ഹെൽത്ത്/ലൈഫ് സയൻസ്/ബയോടെക്നോളജി/ഫ്രൂട് ആൻഡ് വെജിറ്റബിൾ ടെക്നോളജി/ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസിൽ പിജി.

അല്ലെങ്കിൽ ഫുഡ് സേഫ്റ്റി/ഫുഡ് സയൻസ്/ഫുഡ് പ്രോസസിങ്/ക്വാളിറ്റി അഷ്വറൻസ് ഇൻ ഫുഡ് സെക്ടർ/ഡയറ്ററ്റിക് ആൻഡ് പബ്ലിക് ഹെൽത്ത്/ന്യൂട്രിഷ്യൻ/ഡെയറി സയൻസ്/ബേക്കറി സയൻസ്/പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജിയിൽ പിജി ഡിപ്ലോമ (കെമിസ്ട്രി, ബയോകെമിസ്ട്രി, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ, എഡിബിൾ ഒയിൽ ടെക്നോളജി, മൈക്രോബയോളജി, ഡെയറി ടെക്നോളജി, അഗ്രികൾചറൽ, ഹോർട്ടികൾചറൽ സയൻസസ്, ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ടോക്സികോളജി, പബ്ലിക് ഹെൽത്ത്, ലൈഫ് സയൻസ്, ബയോടെക്നോളജി, ഫ്രൂട് ആൻഡ് വെജിറ്റബിൾ ടെക്നോളജി, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫുഡ് പ്രോസസിങ് ടെക്നോളജി, ഫ്രൂട് ആൻഡ് വെജിറ്റബിൾ, മെഡിസിൻ, വെറ്ററിനറി സയൻസസ്, ഫിഷറീസ്, അനിമൽ സയൻസസ് ഇവയിൽ ഏതെങ്കിലും ബിരുദത്തിൽ പഠിച്ചിരിക്കണം).

അല്ലെങ്കിൽ ബിഇ/ബിടെക് (ഫുഡ് ടെക്നോളജി/ഡെയറി ടെക്നോളജി/ബയോടെക്നോളജി/ഒായിൽ ടെക്നോളജി/ഫുഡ് പ്രോസസ് എൻജിനീയറിങ്/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫ്രൂട് ആൻഡ് വെജിറ്റബിൾ ടെക്നോളജി/ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്)/4 വർഷത്തിൽ കുറയാത്ത ബിരുദം (മെഡിസിൻ/വെറ്ററനറി സയൻസസ്/ഫിഷറീസ്/അനിമൽ സയൻസസ്).

 * സെൻട്രൽ ഫുഡ് സേഫ്റ്റി ഒാഫിസർ (37): ഫുഡ് ടെക്നോളജി/ഡെയറി ടെക്നോളജി/ബയോടെക്നോളജി/ഒായിൽ ടെക്നോളജി/അഗ്രികൾചറൽ സയൻസ്/വെറ്ററിനറി സയൻസസ്/ബയോകെമിസ്ട്രി/മൈക്രോബയോളജിയിൽ ബിരുദം/മെഡിസിൻ ബിരുദം/കെമിസ്ട്രിയിൽ പിജി/തത്തുല്യം.

jaico 1

 * അസിസ്റ്റന്റ് (33): ബിരുദം.

 * പഴ്സനൽ അസിസ്റ്റന്റ് (19): ബിരുദം, മിനിറ്റിൽ 80 വാക്കു ഷോർട് ഹാൻഡ് വേഗം, മിനിറ്റിൽ 40 വാക്ക് ഇംഗ്ലിഷ് ടൈപ്പിങ്/മിനിറ്റിൽ 35 വാക്കു ഹിന്ദി ടൈപ്പിങ്, കംപ്യൂട്ടർ പരിജ്ഞാനം.

 * അസിസ്റ്റന്റ് മാനേജർ-ഐടി (4): ബിടെക്/എംടെക് (കംപ്യൂട്ടർ സയൻസ്/ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗം)/എംഎസിഎ/ബന്ധപ്പെട്ട ബിരുദം, 5 വർഷ പരിചയം.

 * അസിസ്റ്റന്റ് മാനേജർ (4): ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ്/സോഷ്യൽ വർക്ക്/സൈക്കോളജി/ലേബർ ആൻഡ് സോഷ്യൽ വെൽഫെയറിൽ പിജി ബിരുദം/ഡിപ്ലോമ. അല്ലെങ്കിൽ ലൈബ്രറി സയൻസസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദവും 2 വർഷ ലൈബ്രറി പരിചയവും.

 * ഫുഡ് അനലിസ്റ്റ് (4): പിജി (കെമിസ്ട്രി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ഡെയറി കെമിസ്ട്രി/ഫുഡ് ടെക്നോളജി/ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ)/ബിടെക് (ഡെയറി/ഒായിൽ)/വെറ്ററിനറി സയൻസസ് ബിരുദം/അസോഷ്യേറ്റ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് കെമിസ്റ്റ്/തത്തുല്യം, 3 വർഷ പരിചയം.

 * ജൂനിയർ അസിസ്റ്റന്റ് (3): പ്ലസ് ടു/തത്തുല്യം.

 * ഐടി അസിസ്റ്റന്റ് (3): ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഐടിയിൽ പിജി ഡിപ്ലോമ/ബിരുദം/തത്തുല്യവും. അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം/തത്തുല്യം

valam depo

 * ഹിന്ദി ട്രാൻസ്‌ലേറ്റർ (1): പിജി, ട്രാൻസ്‌ലേഷനിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് (ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും) 2 വർഷ ട്രാൻസ്‌ലേഷൻ പരിചയം (ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും).

പ്രായപരിധി: ഫുഡ് അനലിസ്റ്റ്-35, ജൂനിയർ അസിസ്റ്റന്റ്-25, മറ്റുള്ളവയിൽ 30. അർഹർക്ക് ഇളവ്. 

ഫീസ്: 1500 രൂപ. പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, സ്ത്രീകൾ, വിമുക്തഭടൻ, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) മുഖേന. ഫുഡ് അനലിസ്റ്റിന് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ആണു നടത്തുക. ഒന്നാം ഘട്ട സിബിടിക്കു തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തിന് എറണാകുളവും ആണു പരീക്ഷാകേന്ദ്രം.

ഡയറക്ടർ, മാനേജർ: 21 ഒഴിവ്

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒാഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ (ടെക്നിക്കൽ), ഡപ്യൂട്ടി മാനേജറുടെ 21 ഒഴിവിൽ നേരിട്ടുള്ള നിയമനം. ഒാൺലൈൻ അപേക്ഷ നവംബർ 7 വരെ. അഡ്മിൻ ആൻഡ് ഫിനാൻസ്, ലീഗൽ, ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ്, മാർക്കറ്റിങ് വിഭാഗങ്ങളിലാണ് അവസരം. പ്രായപരിധി: 35.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. www.fssai.gov.in

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ബ്രിട്ടനിൽ ഏപ്രിൽ മുതൽ മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടായി ഉയർത്തും

ബ്രിട്ടനിൽ മിനിമം വേതനം അടുത്തവർഷം ഏപ്രിൽ മുതൽ മണിക്കൂറിന് 9.50 പൗണ്ടായി ഉയർത്തും. 23 വയസിനു മുകളിലുള്ളവർക്കാണ് ഈ മിനിമം വേതനത്തിന് അർഹതയുള്ളത്. നിലവിൽ 8.91 പൗണ്ട് ആയിരുന്നു ഒരു മണിക്കൂർ ജോലിക്കുള്ള മിനിമം വേതനം. ഇതാണ് ഏപ്രിൽ മുതൽ ഒമ്പതര പൗണ്ടാകുന്നത്. നിലവിലെ വിനിമയ നിരക്കനുസരിച്ച് ശരാശരി ആയിരം ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുകയാണിത്.

പുതിയ വർധനയനുസരിച്ച് മുഴുവൻ സമയം ജോലി ചെയ്യുന്ന ഒരാൾക്ക് വർഷം 1074 പൗണ്ടിന്റെ ശമ്പള വർധന ലഭിക്കും. ചാൻസിലർ ഋഷി സുനാക് ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച ഔദ്യോഗക പ്രഖ്യാപനം ഉണ്ടാകും. പേ കമ്മിഷന്റെയും ഇൻഡിപ്പെൻഡന്റ് അഡ്വൈസേഴ്സിന്റെയും ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിന് കോവിഡ് കാലത്ത് സർക്കാർ തയാറാകുന്നത്. 23 വയസ് പൂർത്തിയായവർക്ക് ശമ്പളത്തിൽ 6.6 ശതമാനം വർധന നൽകുന്ന തീരുമാനമാണിത്. ജീവിതച്ചെലവ് ശരാശരി 3.1 ശതമാനം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വർധന തൊഴിലാളികൾക്ക് വലിയ അനുഗ്രഹമാകും. കോവിഡ് മൂലം തൊഴിൽ മേഖലയിൽ കഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകുന്ന തീരുമാനമാണ് സർക്കാരിൽനിന്നും ഉണ്ടാകുന്നത്.

21 മുതൽ 22 വയസുവരെ പ്രായമുള്ളവരുടെ മിനിമം വേതനം മണിക്കൂറിന് 8.36 പൗണ്ടിൽ നിന്നും ഏപ്രിൽ മുതൽ 9.18 പൗണ്ടായി ഉയരും. അപ്രന്റീസ്ഷിപ്പിലുള്ളവരുടെ പ്രതിഫലം മണിക്കൂറിന് 4.30 പൗണ്ടിൽ നിന്നും 4.81 പൗണ്ടായും വർധിക്കും. 18 മുതൽ 20 വയസു വരെ പ്രായമുള്ളവരുടെ മിനിമം വേതനം 6.56 പൗണ്ടിൽ നിന്നും 6.83 പൗണ്ടായാണ് ഉയർത്തുന്നത്. 18 വയസിൽ താഴെയുള്ളവർക്കും വർധനയുണ്ട്. 4.62 പൗണ്ടായിരുന്ന ഇവരുടെ വേതനം 4.81 പൗണ്ടായി ഉയരും. ബുധനാഴ്ച രാവിലെയാണ് ചാൻസിലർ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights