Month: October 2021
സാനിറ്റൈസർ നിറയ്ക്കാവുന്ന പേന, ചൂടാറാ വെള്ളക്കുപ്പി, എൻ–95 കുട്ടി മാസ്ക്..; തുലാമഴക്കാലത്ത് സ്കൂൾ തുറക്കുമ്പോൾ..
സാനിറ്റൈസർ നിറയ്ക്കാവുന്ന പേന, ചൂടാറാ വെള്ളക്കുപ്പി, എൻ–95 കുട്ടി മാസ്ക്… ഇടവപ്പാതിയ്ക്കു പകരം തുലാമഴക്കാലത്ത് സ്കൂൾ തുറക്കുമ്പോൾ വിപണിയിലെ പുതുമകൾക്കും ജാഗ്രതയുടെ കയ്യൊപ്പ്. നോട്ടുപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും അധ്യയന വർഷാരംഭത്തിൽ തന്നെ വാങ്ങിയതിനാൽ രക്ഷിതാക്കളുടെ ശ്രദ്ധയും കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളിലാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും സുരക്ഷിതം വീട്ടിൽ നിന്ന് വെള്ളം ചൂടാക്കി കൊണ്ടു പോകുന്നതാണല്ലോയെന്നോർത്താണ് പേരക്കുട്ടികൾക്ക് ചൂടാറാവെള്ളക്കുപ്പി വാങ്ങാനെത്തിയതെന്ന് റിട്ട. സർക്കാർ ഉദ്യോഗസ്ഥ കൂടിയായ മോങ്ങം സ്വദേശിനി സുശീല പറഞ്ഞു.

സാനിറ്റൈസർ പേനയെക്കുറിച്ചും കുട്ടി എൻ–95 മാസ്ക്കിനെ പറ്റിയുമറിഞ്ഞതോടെ അതും വാങ്ങി. പഠനത്തിനൊപ്പം കോവിഡ് ജാഗ്രതയും കൂടി ഇപ്പോൾ നോക്കേണ്ടതുണ്ടെന്ന് അവർ ശരിവച്ചു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം കാരണം സ്കൂൾബാഗ്, കുട തുടങ്ങിയവയിൽ വലിയ പരീക്ഷണങ്ങൾ കുറവാണെന്ന് ആലത്തൂർപടിയിലെ വ്യാപാരിയായ ഫിർഷാദ് പറയുന്നു. എന്നാൽ മറ്റു പഠനോപകരണങ്ങളിൽ വെറൈറ്റികളുണ്ട്. ജൂണിൽ തന്നെ പലതും ഇറങ്ങിയിരുന്നെങ്കിലും ഇപ്പോഴാണ് കൂടുതൽ പേർ വാങ്ങിത്തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കുപ്പികളിൽ ചില്ലു കൊണ്ടുള്ളവയ്ക്ക് ആവശ്യക്കാരേറെയുണ്ട്.

അൽപം മുതിർന്ന കുട്ടികളെ ഉദ്ദേശിച്ചാണിവ. ചെറിയ കുട്ടികൾക്കായി കൗതുകമുണർത്തുന്ന സ്റ്റീൽ കുപ്പികളുമുണ്ട്. കാറിന്റെയും ബൈക്കിന്റെയും മാതൃകയിലുള്ള പെൻസിൽ ബോക്സ്, പുസ്തകം പൊതിയാനുള്ള പേപ്പർ, കുട്ടിയുടെ ഫോട്ടോ അച്ചടിച്ച് തയാറാക്കാവുന്ന നെയിം സ്‌ലിപ് തുടങ്ങിയവയും വിൽപനയ്ക്കെത്തിയിട്ടുണ്ട്. കട്ടർ, ഇറേസർ തുടങ്ങിയവയിൽ ഒട്ടേറെ പരീക്ഷണങ്ങളുണ്ട്. ഇതിനു പുറമേ സ്നാക് ബോക്സ്, ടിഫിൻ ബോക്സ് തുടങ്ങിയവ സ്റ്റീലിലും അല്ലാതെയും ഗുണമേന്മയുടെ ഏറ്റക്കുറിച്ചിലുകളോടെ തിരഞ്ഞെടുക്കാം. പെൻസിൽ, കളർ പെൻസിൽ, പേന, പശ, വൈറ്റ്നർ തുടങ്ങിയവയിലും വ്യത്യസ്തകളുണ്ട്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എല്ലാ കണ്ണുകളും കങ്കണയിൽ; ദേശീയ പുരസ്കാര വേദിയിൽ രാജകീയ പ്രൗഢിയോടെ താരം
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങാൻ നടി കങ്കണ റണൗട്ട് എത്തിയത് കാഞ്ചീവരം സാരി ധരിച്ച്. ഇതോടൊപ്പം ഹെവി ആഭരണങ്ങളും ചേർന്നപ്പോൾ രാജകീയ പ്രൗഢിയിൽ താരം തിളങ്ങി. ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി കങ്കണയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ്.

ക്രീം നിറത്തിലുള്ള പട്ടു സാരിയാണ് താരം ധരിച്ചത്. ബോർഡറിലും പല്ലുവിലും ചുവപ്പിന്റെ വശ്യത. ഗോള്‍ഡൻ ബ്ലൗസിൽ ചുവപ്പ് നിറത്തിലുള്ള ചെറിയ ഫ്ലോറൽ ഡിസൈനുകൾ അഴകു ചാർത്തുന്നു. സ്റ്റൈലിങ്ങിലെ മികവാണ് ലുക്കിനെ ആകർഷകമാക്കുന്നത്. ബൺ സ്റ്റൈലിൽ മുടികെട്ടി മുല്ലപ്പൂ ചൂടിയിരിക്കുന്നു. ഹെവി ആഭരണങ്ങളിൽ പാരമ്പര്യ പ്രൗഢി നിറഞ്ഞു നിൽക്കുന്നു. ചുവന്ന വട്ടപ്പൊട്ടും ന്യൂഡ് ലിപ്സ്റ്റക്കും ബോൾഡ് മേക്കപ്പും ചേരുന്നതോടെ സൗന്ദര്യത്തിനൊപ്പം കരുത്തും പ്രകടമാകുന്നു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുല്ലപ്പെരിയാറിൽ വേണ്ടത് അതിജാഗ്രത; കേരളം തയാറെടുക്കണം, ‘അടി’തെറ്റരുത്
കാലവർഷത്തിനു പിന്നാലെ തുലാവർഷവും ശക്തിപ്പെടുകയാണ്. അതിതീവ്ര മഴയുടെ സംഹാരതാണ്ഡവം കേരളം കണ്ടു. രണ്ടാഴ്ച മുൻപു കൂട്ടിക്കലിൽ പെയ്ത മഴ മുല്ലപ്പെരിയാറിൽ പെയ്താൽ അണക്കെട്ടിനെ എങ്ങനെ ബാധിക്കും? മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലനിൽപു സംബന്ധിച്ചു കേരളത്തിന് ആശങ്കയുണ്ട്. അതേസമയം, അണക്കെട്ടിന്റെ നിലനിൽപിനു ഭീഷണിയുയർന്നാൽ നേരിടാനുള്ള തയാറെടുപ്പും കേരളം നടത്തണം. മഴയും ഡാമുകളിലെ ജലനിരപ്പും നിരീക്ഷിക്കുകയും അതിനനുസരിച്ചുള്ള ഒരുക്കങ്ങൾ നടത്തുകയുമാണു വേണ്ടത്.

ഡാമിന്റെ അവസ്ഥ
കാലപ്പഴക്കം, ബലക്ഷയം, ചോർച്ച എന്നിവയാണു ഡാം നേരിടുന്ന പ്രശ്നങ്ങൾ. ഇവയെ ആശ്രയിച്ചിരിക്കും ഡാമിന്റെ ഉറപ്പ്.
* കാലപ്പഴക്കം
ഗ്രാവിറ്റി ഡാമാണു മുല്ലപ്പെരിയാർ. ഡാമിന്റെ ഭാരത്തെ ആശ്രയിച്ചാണു ബലവും സുരക്ഷയും. കോൺക്രീറ്റിനു പകരം ലൈം സുർക്കി മിശ്രിതം ഉപയോഗിച്ചാണു ഡാം നിർമിച്ചത്. ആദ്യം ബലക്ഷയമുണ്ടായപ്പോൾ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചു ബലപ്പെടുത്തി. പഴയ ഡാമിന്റെ പുറംഭാഗത്തായാണു കോൺക്രീറ്റിട്ടു ബലപ്പെടുത്തിയത്. പഴയ ലൈം സുർക്കി ഡാമും ബലപ്പെടുത്തിയ കോൺക്രീറ്റ് ഭാഗവും തമ്മിൽ വിടവുണ്ട്. ഇവ ഒറ്റ അണക്കെട്ടായി പ്രവർത്തിക്കില്ല.
* ചോർച്ച
സുർക്കി– കോൺക്രീറ്റ് വിടവ്, ഡാമിന്റെ അടിത്തട്ട് എന്നിവയിലൂടെ വെള്ളം ചോരുന്നു. ഈ വെള്ളത്തിലൂടെ ലൈം സുർക്കി മിശ്രിതത്തിലെ ലൈം (കുമ്മായം) ഒഴുകിപ്പോകുന്നു. വർഷം 35 ടൺ ലൈം ഒഴുകിപ്പോകുന്നുവെന്നു തമിഴ്നാട് സമ്മതിച്ചിട്ടുണ്ട്.

* ബലക്ഷയം
വർഷങ്ങളായി ലൈം നഷ്ടപ്പെട്ടതുമൂലം ഡാമിന്റെ ഭാരം കുറഞ്ഞു. ഇതുമൂലം ബലക്ഷയം സംഭവിച്ചു. വെള്ളം താങ്ങാനുള്ള ശേഷി കുറഞ്ഞു.
* ഭൂചലനം
ഡാമിനു ഭൂചലനത്തെ നേരിടാനുള്ള ശേഷിയില്ല. 1886ൽ നിർമിച്ചപ്പോൾ അത്തരം നിർമാണരീതി ലഭ്യമായിരുന്നില്ല.
ഉറപ്പിനെ ബാധിക്കുന്നവ പ്രളയം, കാലപ്പഴക്കം, ഭൂചലനം എന്നിവ മൂലം ഏതെങ്കിലും തരത്തിൽ സമ്മർദമുണ്ടായാൽ ഡാമിനെ ബാധിക്കും.
* അതിതീവ്രമഴയും പ്രളയവും
ഡാമിന്റെ വൃഷ്ടിപ്രദേശം 625 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ ലഭിക്കുന്ന മഴവെള്ളം ഡാമിൽ ഒഴുകിയെത്തും. മഴമൂലം സെക്കൻഡിൽ പരമാവധി 2.12 ലക്ഷം ഘനയടി വെള്ളം വരെ ഒഴുകിയെത്തും എന്നു കണക്കാക്കിയാണ് അന്നു ഡാം നിർമിച്ചത്. എന്നാൽ, 1943ൽ മഴക്കാലത്തു സെക്കൻഡിൽ 2.43 ലക്ഷം ഘനയടി വെള്ളം ഒഴുകിയെത്തിയിരുന്നു. 2013ൽ ഡൽഹി ഐഐടിയിലെ പ്രഫ. എ.കെ. ഗൊസൈനെ കേരളം പഠനത്തിനു നിയോഗിച്ചു. സെക്കൻഡിൽ 2.91 ലക്ഷം ഘനയടി വെള്ളം വരെ ഒഴുകിയെത്താമെന്നു കണ്ടെത്തി. ഇത്രയും ജലം ഡാമിനു താങ്ങാനാകില്ല. അധികജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുകണം. 13 വാതിലുകളുള്ള(വെന്റ്) സ്പിൽവേയാണു ഡാമിലുള്ളത്. ഇവ മുഴുവൻ തുറന്നാലും സെക്കൻഡിൽ 1.22 ലക്ഷം ഘനയടി ജലം മാത്രമേ പുറത്തേക്ക് ഒഴുകുകയുള്ളൂ. ഇതോടെ ജലനിരപ്പുയരും. ഡാമിനു മുകളിൽ അഞ്ചടി ഉയരത്തിൽ 11 മണിക്കൂർ വെള്ളം ഒഴുകും. ഗ്രാവിറ്റി ഡാമുകളുടെ മുകളിലൂടെ ജലം ഒഴുകിയാൽ ഡാമിന്റെ നിലനിൽപിനെ ബാധിക്കും.

* കാലപ്പഴക്കം
കാലക്രമത്തിൽ ചോർച്ചയിലൂടെ ലൈം സുർക്കി മിശ്രിതത്തിലെ ലൈം നഷ്ടപ്പെട്ടു ഡാമിന്റെ ഭാരം കുറഞ്ഞുവരും. ഇതിനൊപ്പം ജലനിരപ്പ് ഉയരുന്നതോടെ ഡാമിലുള്ള സമ്മർദം കൂടും. ഡാമിന്റെ ഉറപ്പിനെ ഇതു ബാധിക്കും.
* ഭൂചലനം
ഭൂചലനത്തെ പ്രതിരോധിക്കാൻ അണക്കെട്ടിനു കഴിയില്ല. റൂർക്കി ഐഐടി നടത്തിയ പഠനത്തിൽ 1900ൽ കോയമ്പത്തൂരിൽ റിക്ടർ സ്കെയിലിൽ 6 തീവ്രതയുള്ള ഭൂചലനം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഭ്രംശ രേഖ മുല്ലപ്പെരിയാർ ഡാമിൽ നിന്നു 16 കിലോമീറ്റർ അകലെയാണ്. ഇനിയൊരു ഭൂചലനമുണ്ടായാൽ ഡാമിന്റെ ഉറപ്പിനെ ബാധിക്കും.
* ബാധിക്കാം, 4 ജില്ലകളെ
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജനങ്ങൾക്കാണു മുല്ലപ്പെരിയാർ ഭീഷണിയുയർത്തുന്നത്. പ്രളയജലം പെരിയാറിലൂടെ ഒഴുകും. മുല്ലപ്പെരിയാറിനു താഴെ പെരിയാറിലുള്ള ഇടുക്കി, ചെറുതോണി, കുളമാവ്, ലോവർ പെരിയാർ, ഭൂതത്താൻകെട്ട് എന്നീ ഡാമുകൾക്കും ഭീഷണിയാകും. പെരിയാർ കായലിൽ ചേരുന്ന വരാപ്പുഴ ഭാഗത്ത് ജലനിരപ്പ് 5 മീറ്റർ വരെ ഉയരാമെന്നാണു പഠനം. മുല്ലപ്പെരിയാറിന് 47 കിലോമീറ്റർ താഴെയാണ് ഇടുക്കി ഡാം. മുല്ലപ്പെരിയാറിനെന്തെങ്കിലും സംഭവിച്ചാൽ പ്രളയജലവും മറ്റും ഒഴുകി ഇടുക്കി ഡാമിൽ എത്തും. ഈ പ്രളയം താങ്ങാൻ ഇടുക്കി ഡാമിനു കഴിയില്ല. ചെറുതോണി ഡാമിനു മാത്രമാണു സ്പിൽവേയുള്ളത്. ഇടുക്കി, കുളമാവ് ഡാമുകൾക്കു സ്പിൽവേയില്ല. ചെറുതോണി ഡാമിന്റെ സ്പിൽവേയിലൂടെ മാത്രം ഈ പ്രളയജലം പുറത്തേക്ക് ഒഴുക്കാൻ കഴിയില്ല. മൂന്നു ഡാമുകൾക്കും മുകളിലൂടെ പ്രളയജലം ഒഴുകും. ഈ ഡാമുകളുടെ സുരക്ഷയെ അവ ബാധിക്കും. സമാനമായ രീതിയിൽ ലോവർ പെരിയാർ, ഭൂതത്താൻകെട്ട് ഡാമുകളെയും ബാധിക്കും.

* 53 ടിഎംസി
മുല്ലപ്പെരിയാറിന്റെ ശേഷി 16 ടിഎംസി. ഇടുക്കിയുടേത് 47 ടിഎംസി. ഒരു ടിഎംസി എന്നാൽ 100 കോടി ഘനയടി വെള്ളമാണ്.
* അടിയിലാണ് സുരക്ഷ
മുല്ലപ്പെരിയാറിന്റെ സുരക്ഷ ജലനിരപ്പിന്റെ അടിക്കണക്കിലാണ്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ജലനിരപ്പ് ഇപ്പോൾ 142 അടിക്കു മുകളിൽ കൂടാൻ പാടില്ല. 137 അടിയിൽ ജലനിരപ്പു കൂട്ടരുതെന്നാണു കേരളത്തിന്റെ വാദം. ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കണമെന്നാണു തമിഴ്നാടിന്റെ വാദം. 152 അടിയിൽ എത്തിയാൽ എന്തു സംഭവിക്കുമെന്നതിനെ അടിസ്ഥാനമാക്കിയാണു കേരളത്തിന്റെ നിർദേശപ്രകാരം പഠനം നടത്തിയത്.
* ലൈം സുർക്കി മിശ്രിതം
കോൺക്രീറ്റ് മിശ്രിതം വരുന്നതിനു മുൻപു ലൈം സുർക്കി മിശ്രിതം ഉപയോഗിച്ചാണു ഡാം നിർമിക്കുന്നത്. ലൈം (ചുണ്ണാമ്പ്, കുമ്മായം), പൊടിച്ചെടുത്ത ഇഷ്ടിക, മെറ്റൽ (പാറ പൊട്ടിച്ച കല്ല്), വെള്ളം എന്നിവ ചേർത്താണു മിശ്രിതം തയാറാക്കുന്നത്. സിമന്റ്, മണൽ, മെറ്റൽ, വെള്ളം എന്നിവ ചേരുന്നതാണു സിമന്റ് മിശ്രിതം. സിമന്റിനു പകരമാണു ലൈം, മണലിനു പകരം ഇഷ്ടികയും. എന്നാൽ കോൺക്രീറ്റ് മിശ്രിതത്തിന്റെ ഉറപ്പ് ലൈം സുർക്കിക്ക് ഇല്ല.

കേരളം തയാറെടുപ്പിൽ
ആശങ്കയല്ല, തയാറെടുപ്പും മുന്നൊരുക്കങ്ങളുമാണു കേരളത്തിന്റെ വഴി. മുല്ലപ്പെരിയാറിന്റെ സുരക്ഷയിൽ ആശങ്കയുള്ള കേരളം ആവശ്യമായ തയാറെടുപ്പുകൾ നടത്തി വരുന്നു.
∙ മഴ, വിവിധ ഡാമുകളിലെ ജലനിരപ്പ് എന്നിവ നിരീക്ഷിക്കുന്നു. ഓരോ ഡാമിലും നിശ്ചിത ജലനിരപ്പു കഴിഞ്ഞാൽ യെലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ നൽകുന്നു. അതനുസരിച്ചു മറ്റു ഡാമുകളിലെ ജലനിരപ്പ് കുറച്ചു നിർത്തും.
∙ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ ജലം ഏതൊക്കെ മേഖലകളിൽ എത്തും, ഏതൊക്കെ മേഖലകൾ മുങ്ങാം എന്നു കണ്ടെത്തി. ഓരോ സ്ഥലത്തും അവ മാർക്കു ചെയ്യുന്നു.
∙ ജാഗ്രതാ നിർദേശം നൽകുമ്പോൾ മുങ്ങാൻ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒടുവിൽ ‘ദർശന’യെത്തി, കിടിലൻ ലുക്കിൽ പ്രണവും; ഹൃദയം കവർന്ന് ‘ഹൃദയ’ത്തിലെ ഗാനം
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയ’ത്തിലെ ആദ്യ ഗാനം പുറത്ത്. ‘ദർശന…’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബും ദർശന രാജേന്ദ്രനും ചേർന്നാണ്.

നേരത്തെ ഗാനത്തിന്റെ ടീസർ ആരാധകർ ഏറ്റെടുത്തിരുന്നു. ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെയും അണിയറപ്രവർത്തകരെയും ഗാനത്തിന്റെ ഷൂട്ടിങ്ങും ഉൾക്കൊള്ളിച്ചുള്ളതായിരുന്നു ടീസർ. അരുൺ ആലാട്ടിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്.

കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടൽ
ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായി നാശംവിതച്ച കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടൽ. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായതായി കരുതുന്നത്. കഴിഞ്ഞ ദിവസം മലവെള്ളം ഒഴുകിയെത്തിയ അതേ തോട്ടിലാണ് വീണ്ടും ശക്തമായ വെള്ളപ്പാച്ചിലുണ്ടായത്. വനത്തിനുള്ളിലെവിടെയോ ആണ് ഉരുൾപൊട്ടലുണ്ടായതായി കരുതപ്പെടുന്നത്. സന്ധ്യവരെ സാധാരണനിലയിൽ ഒഴുകിയിരുന്ന അടിയാൻകാല തോട്ടിൽ ഏഴുമണിയോടെ വലിയ ശബ്ദത്തിൽ കല്ലും വെള്ളവുമെല്ലാം ഒഴുകിയെത്തുകയാണുണ്ടായത്. എന്നാൽ വലിയ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് ലഭ്യമായ വിവരം.

രാത്രി വൈകിയതിനാൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ അതേ നിലയിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. ഈ വഴിയുള്ള തോട് കരകവിഞ്ഞ് സമീപ സ്ഥലങ്ങളിലെ കൃഷിയിടങ്ങളിലൂടെയെല്ലാം വെള്ളം ഒഴുകി മറിയുകയായിരുന്നു. ഇതേ തുടർന്ന് കക്കാട്ടാറിലും ജലനിരപ്പ് കൂടി,ശനിയാഴ്ച ഉണ്ടായ ഉരുൾപൊട്ടലിൽ കാർ ഒലിച്ചുപോയ ലക്ഷ്മി ഭവനിൽ സഞ്ജയന്റെ വീട്ടുപടിക്കിൽ വീണ്ടും വെള്ളംകയറി. ഇവിടെ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ജീപ്പ് നാട്ടുകാർ വലിയ വടം കെട്ടി ഉറപ്പിച്ചതിനാലാണ് ഒഴുക്കിൽപ്പെടാതെ പോയത്. ശനിയാഴ്ച ഈ ജീപ്പിനൊപ്പമുണ്ടായിരുന്ന കാറാണ് ഒഴുക്കിൽപ്പെട്ട് പോയത്. അന്ന് ജീപ്പിന് മുകളിലൂടെ വെള്ളം ഒഴുകി മറിഞ്ഞെങ്കിലും ജീപ്പ് ഒഴുകിപ്പോയില്ല. ശനിയാഴ്ചത്തെ മലവെള്ളപ്പാച്ചിൽ ജീപ്പിന് കേടുപാട് സംഭവിച്ചിരുന്നു. ഒഴുക്കിൽപ്പെട്ട കാർ ഇനിയും കണ്ടെത്തിയിട്ടില്ല. രാത്രി വീണ്ടും ഉരുൾപൊട്ടലുണ്ടായതായി വിവരം ലഭിച്ചതോടെ സമീപ പ്രദേശങ്ങളിൽനിന്നെല്ലാം ആളുകൾ ഇവിടെ തടിച്ചുകൂടിയിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ ജീപ്പ് ഒഴുക്കിൽ പ്പെടാതെ സംരക്ഷിക്കുകയായിരുന്നു.

രാജാമ്പാറ വനമേഖലയുടെ മറുവശമാണ് കോട്ടമൺപാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം. തിങ്കളാഴ്ച രാത്രി വനമേഖലയിൽ എവിടെയോ വീണ്ടും ഉരുൾപൊട്ടലുണ്ടായതാണ് മലവെള്ളം ഒഴുകിയെത്താനിടയാക്കിയത്. വെള്ളത്തിനൊപ്പം വലിയ പാറക്കല്ലുകൾകൂടി ഉള്ളതിനാൽ സ്ഥലത്തേക്ക് കടന്നുചെല്ലാൻ പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് മുതൽ ഈ പ്രദേശത്ത് മഴ ശക്തമായിരുന്നു.ഉരുൾപൊട്ടലുണ്ടായതായി കരുതുന്ന കോട്ടമൺപാറ പ്രദേശം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലവും കാർഷിക മേഖലയുമാണ്. രാത്രി വൈകിയും തോട്ടിൽ ശക്തമായ ഒഴുക്ക് തുടരുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മേൽക്കൂരയിൽ കുരുങ്ങി; 3000 സ്‌കൂളുകൾക്ക് ‘ഫിറ്റ്‌നസ്’ ഇല്ല
സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ, സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് മേഖലകളിലായി മൂവായിരത്തോളം സ്കൂളുകൾക്ക് ക്ഷമത (ഫിറ്റ്‌നസ്) ഇല്ല. ആസ്ബസ്റ്റോസ്, ടിൻ, അലുമിനിയം ഷീറ്റുകൾകൊണ്ടുള്ള മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകാനാവില്ലെന്ന് ചില തദ്ദേശ സ്ഥാപനങ്ങൾ നിലപാട് കടുപ്പിച്ചതോടെയാണ് കെട്ടിടങ്ങൾക്ക് പൂട്ടുവീഴുന്നത്.

തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഈ മാസം 16-നുമുമ്പ് ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നത്. മലബാർ മേഖലയിലടക്കം പല സ്കൂളുകൾക്കും ക്ഷമതാ സർട്ടിഫിക്കറ്റ് നൽകാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറായിട്ടില്ല. ചില തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ സ്കൂൾ കെട്ടിടം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയിട്ടുമുണ്ട്.ക്ഷമതാ സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുന്ന സ്കൂളിൽ ഭാവിയിൽ അപകടമുണ്ടായാൽ മാനേജർമാരും പ്രഥമാധ്യാപകരും കുറ്റക്കാരാകും. നിശ്ചിത സമയത്തിനകം ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങിയില്ലെങ്കിൽ അധ്യാപകരുടെ ശമ്പളം മാറിക്കിട്ടാനടക്കം തടസ്സവും നേരിടും.

മൂവായിരത്തോളം സ്കൂളുകൾക്ക് ഇനിയും ക്ഷമതാ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മണി കൊല്ലം പറഞ്ഞു. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി ഹയർസെക്കൻഡറി തലംവരെ 15,892 സ്കൂളുകളാണുള്ളത്. ഇതിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 30 ശതമാനത്തിനും ഷീറ്റ് മേഞ്ഞ മേൽക്കൂരകളുള്ള കെട്ടിടങ്ങളാണുള്ളതെന്നും അസോസിയേഷൻ പറയുന്നു. ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് പല സ്കൂളുകളും ആസ്ബസ്റ്റോസ് ഷീറ്റുകൾ നേരത്തേ മാറ്റിയിരുന്നു. ടിൻ, അലുമിനിയം ഷീറ്റുകൾ മാറ്റണമെന്ന് ബാലാവകാശ കമ്മിഷനാണ് ഉത്തരവിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തദ്ദേശസ്ഥാപനങ്ങൾ മേൽക്കൂര മാറ്റണമെന്ന് നിർബന്ധം പിടിക്കുന്നത്.

ഇളവ് അനുവദിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടുപോകേണ്ടിവരുമെന്ന് മാനേജ്‌മെന്റുകളും പ്രധാനാധ്യാപകരും പറയുന്നു. ക്ഷമതാ സർട്ടിഫിക്കറ്റ് നൽകാൻ മേൽക്കൂരയിലെ ഷീറ്റ് മാറ്റണമെന്ന പ്രശ്നം തദ്ദേശ വകുപ്പുമായി ചർച്ചചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു. അടുത്തദിവസംതന്നെ ഇക്കാര്യത്തിൽ വകുപ്പുതല ചർച്ചയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവും പറഞ്ഞു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടം
ഗൂഗിളിൽ മോസ്റ്റ് ഹോണ്ടഡ് പ്ലേസ് ഇൻ കേരള എന്നു കൊടുത്താൽ ആ ലിസ്റ്റിലേക്ക് ആദ്യം കയറിവരുന്ന ഇടമാണ് ബോണാക്കാട് ബംഗ്ലാവ്. തേയിലകൃഷിക്കായി ബ്രിട്ടീഷുകാർ ഒരുക്കിയെടുത്ത ഇവിടുത്തെ എസ്റ്റേറ്റും ബംഗ്ലാവും എങ്ങനെയാണ് ഒരു പ്രേതകഥയുടെ കേന്ദ്രമായതും സഞ്ചാരികെളെ പേടിപ്പിക്കുന്ന ഇടമായതും എന്നറിയുമോ? തിരുവനന്തപുരം നഗരത്തിൽ നിന്നും 61 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരിടമണ് ബോണക്കാട്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ഒരു എസ്റ്റേറ്റിനെയും അവിടെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഒരു ബംഗ്ലാവുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

നൂറ്റാണ്ടുകൾ പിന്നിലേക്ക് പോകേണ്ടി വരും ബോണാക്കാട് എസ്റ്റേറ്റിന്റെ ചരിത്രം അറിണമെങ്കിൽ. ബ്രിട്ടീഷുകാരുടെ കാലത്താണ് ഇവിടെ തേയിലത്തോട്ടം സ്ഥാപിക്കുന്നത്. 1850 കളിലാണ് ബ്രിട്ടീഷുകാർ ഈ എസ്റ്റേറ്റ് നിർമ്മിക്കുന്നത്. . 1414 ഏക്കർ സ്ഥലത്തായുള്ള എസ്റ്റേറ്റിൽ 110 ഏക്കറിൽ ഏലവും കൂടാതെ റബർ, ഗ്രാമ്പൂ, കശുമാവ്, ഏലം, തുടങ്ങിയവും കൃഷി ചെയ്തിരുന്നു. ബാക്കി മുഴുവനും തേയില തോട്ടമായിരുന്നു. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുംകൊണ്ടുവന്ന തൊഴിലാളികളായിരുന്നു ഇവിടെയുണ്ടായിരുന്നത്.ആദ്യ കാലങ്ങളിൽ നല്ല രീതിയിൽ മുന്നോട്ട് പോയെങ്കിലും പ്രേത കഥകളിൽ ഇടം പിടിക്കുവാൻ ഇവിടെ തേയിലത്തോട്ടത്തിനു നടുവിലെ ബംഗ്ലാവിന് അധികസമയം വേണ്ടി വന്നില്ല. 1951 ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ബംഗ്ലാവാണ് കഥയിലെ നായകൻ. ബ്രിട്ടീഷുകാർ രാജ്യം വിട്ട് പോയിട്ടും എസ്റ്റേറ്റ് മാനേജരായിരുന്ന സായിപ്പ് പുതുതായി താമസത്തിന് നിർമ്മിച്ച വീടായിരുന്നു ഇത്. കുടുംബസമേതം സായിപ്പ് ഇവിടെ താമസം ആരംഭിച്ചുവെങ്കിലും അദ്ദേഹത്തിന്റെ 13 വയസ്സുള്ള മകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതോടെ കഥകൾ തുടങ്ങുകയാണ്.25 ജിബി ബംഗ്ലാവ് എന്നാണ് ഇത് അറിയപ്പെടുന്നത്.

മകളുടെ മരണ ശേഷം അയാള്‍ അവിടുത്തെ താമസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങി. പിന്നീട് ഈ ബംഗ്ലാവില്‍ താമസിച്ച പലരും ഇവിടെ ഒരു പെണ്‍കുട്ടിയെ കണ്ടുവത്രെ. അങ്ങനെ പലരും ഇവിടുത്തെ താമസം ഉപേക്ഷിച്ചുപോയി. എന്നാൽ ഈ കഥകൾക്കു പോലും വേണ്ടത്ര വിശ്വാസ്യതയില്ല എന്നതാണ് സത്യം. ഈ സംഭവങ്ങള്‍ക്കു ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാത്രി കാലങ്ങളില്‍ ആളുകള്‍ക്ക് ബംഗ്ലാവില്‍ നിന്നും നിലവിളികളും അലര്‍ച്ചയും പൊട്ടിച്ചിരികളും ബഹളങ്ങളുമൊക്കെ കേള്‍ക്കാമത്രെ. കൂടാതെ ഇതൊന്നും വിശ്വസിക്കാതെ ഇവിടെ എത്തിയ പലരും രാത്രികാലങ്ങളില്‍ വാതിലിന്റെ പരിസരത്ത് ഒരു പെണ്‍കുട്ടിയെ കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു. പണ്ട് വിറക് എടുക്കാനായി ഇവിടെ എത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മുതല്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങിയത്രെ. പണ്ട് കൊല്ലപ്പെട്ട ആ പെണ്‍കുട്ടിയുടെ ആത്മാവ് ഇവളെ ബാധിച്ചതാണെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. എന്തുതന്നെയായാലും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ മരണത്തിനു കീഴടങ്ങി എന്നാണ് കഥ.എന്നാൽ ഇവിടെ വന്ന് രാത്രി മുഴുവൻ താനസിച്ച് ഒരു പ്രശ്നവുമില്ലാതെ മടങ്ങിയവരും ഒരുപാടുണ്ട്. ഇവിടുത്തെ പ്രദേശ വാസികളോട് ചോദിച്ചാലും അവർക്ക് ഇതുതന്നെയാണ് പറയുവാനുള്ളത്. ഇവിടുത്തെ ബംഗ്ലാവിലെ പ്രേതകളോ, ഇവിടെ എത്തി ആരെങ്കിലും മരിച്ചതായോ ഇവർക്ക് അറിയില്ല.

ബോണാക്കാട് അപ്പറിലുള്ള ബംഗ്ലാവിലേക്ക് കുറച്ചുദൂരം നടന്നാണ് എത്തേണ്ടത്.ഇലപൊഴിയും മരങ്ങളുള്ള വഴിയേ നടന്ന് എത്തിച്ചേരുന്നത് ഒരു പഴയ പൊട്ടിപ്പൊളിഞ്ഞ ബംഗ്ലാവിന്റെ മുന്നിലേക്കാണ്. ബംഗ്ലാവിന്റെ മുറ്റത്ത് നിൽക്കുന്ന അത്യാവശ്യം വലുപ്പത്തിലുള്ള ഒരു ക്രിസ്തുമസ് ട്രീയാണ് ഇവിടുത്തെ ആദ്യകാഴ്ച അതുകടന്ന് മുന്നോട്ട് പോയാൽ ബംഗ്ലാവിൽ കയറാം. വാതിലുകളും ജനലുകളും ഒന്നു കാണാനില്ല. ആർക്കും എപ്പോൾ വേണമെങ്കിലും കയറിയിറങ്ങാവുന്ന ഇവിടെ പശുക്കളാണ് സ്ഥിരമായി വരുന്നവർ.ബോണക്കാടിന്‍റെ മുഴുവൻ ഭംഗിയും അഗസ്ത്യാർകൂടത്തിന്റെ ദൂരക്കാഴ്ചകളും ഏറ്റവും വന്നായി ആസ്വദിക്കുവാൻ പറ്റിയ തരത്തിലാണ് ഈ ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്. കരിങ്കല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇതിൻറെ മുറ്റത്ത് നിന്നാൽ പേപ്പാറ അണക്കെട്ടിന്റെയും ബോണക്കാടിന്റെയും ഒക്കെ കിടിലൻ കാഴ്ചകളും കാണാം.ഇത് കൂടാതെ ബംഗ്ലാനിറെ പിന്നിലും പരിസരങ്ങളിലുമായി വേറെയും കുറേ കെട്ടിടങ്ങളും ചെറിയ ചെറിയ വീടുകളും കാണാം.

വിതുരയിൽ നിന്നും ബോണാക്കാടിന് വരുന്ന വഴി ചെക്പോസ്റ്റ് കഴിഞ്ഞാണ് വനത്തിന്റെ നടുവിലായുള്ള ബോണക്കാട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ആകർഷണം കൂടിയാണ് കാടിനു നടുവിലെ ഈ വെള്ളച്ചാട്ടം. സർക്കാർ മേൽനോട്ടത്തിലുള്ള ഒരു പശു ഫാമും ഈ വഴിയിലുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും എത്തിപ്പെടുവാൻ പറ്റിയ ഒരിടമല്ല ഇത്. വനംവകുപ്പ് അധികൃതരുടെ മുൻകൂട്ടിയുള്ള അനുമതിയോട് കൂടി മാത്രം ഇവിടേക്ക് പ്രവേശിക്കുവാൻ ശ്രമിക്കുക. എന്നാൽ കെഎസ്ആർടിസി ബസുകൾക്കു ഇവിടേക്ക് പോകുന്നതിന് മുൻകൂട്ടിയുള്ള അനുമതിയുടെ ആവശ്യമില്ല. വിതുര സ്റ്റാൻഡിൽ നിന്നുമാണ് ബസുകൾ പുറപ്പെടുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്നും 61 കിലോമീറ്റർ അകലെയാണ് ബോണാക്കാട്. .വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം. ഇവിടെ നിന്നും പൊന്മുടിയിലേക്ക് കിലോമീറ്ററാണുള്ളത്.വിധുര-പൊന്മുടി റൂട്ടിൽ വലത്തോട്ട് തിരിഞ്ഞ് 15 കിലോമീറ്റർ ദൂരം പോന്നാൽ ഇവിടെ എത്താം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പത്ത് ശതമാനം സീറ്റ് വര്‍ധന, താലൂക്ക് അടിസ്ഥാനത്തിൽ സീറ്റുകള്‍ കൈമാറും- മന്ത്രി വി ശിവന്‍കുട്ടി
പ്ലസ് വണ്‍ സീറ്റിന്റെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്കെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍. താലൂക്ക് അടിസ്ഥാനത്തില്‍ സീറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

20 ശതമാനം സീറ്റ് വര്‍ധന നല്‍കിയ ജില്ലകളിലും ഇനിയും സീറ്റ് ആവശ്യണ്ടെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കും.സീറ്റ് വര്‍ധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കില്‍ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സയന്‍സ് ഗ്രൂപ്പിൽ താല്‍ക്കാലിക ബാച്ച് ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

മുഴുവന്‍ എ-പ്ലസ് ലഭിച്ചവരില്‍ 5812 പേര്‍ക്ക് മാത്രമാണ് ഇനി അഡ്മിഷന്‍ ലഭിക്കാനുള്ളത്. ഇന്ന് പ്രഖ്യാപിച്ച അധിക ബാച്ചുകളിലൂടെ അവര്‍ക്കും അഡ്മിഷന്‍ ലഭ്യമാകും. സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുന്നതോടെ മുഴുവന്‍ എ-പ്ലസുകാര്‍ക്കും പ്രവേശനം ലഭിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മനം കവർന്ന് എ.ആർ. റഹ്‌മാന്റെ ഫിർദൗസ് ഓർക്കസ്ട്ര
എക്സ്പോ 2020-ന്റെ ഭാഗമായി ജൂബിലി പാർക്കിൽ നടന്ന എ.ആർ. റഹ്‌മാന്റെ നേതൃത്വത്തിലുള്ള ഫിർദൗസ് ഓർക്കസ്ട്രയുടെ അവതരണം സന്ദർശകരുടെ മനം കവർന്നു. പ്രതീക്ഷയോടെ ആളുകൾ കാത്തിരുന്ന പരിപാടിയാണ് ഏറെ പ്രത്യേകതകളോടുകൂടിയ ഈ സംഗീതാവതരണം. സംഗീത സമ്രാട്ട് എ.ആർ. റഹ്‌മാൻ നേതൃത്വം നൽകുന്ന ഓർക്കസ്ട്രയെന്നതുതന്നെയാണ് ആയിരങ്ങളെ വേദിയിലേക്ക് ആകർഷിച്ചത്.

ഓർക്കസ്ട്ര അവതരണങ്ങളെല്ലാം വനിതകൾ മാത്രമാണ് നടത്തുന്നതെന്നതും പ്രത്യേകതയായി. മണിക്കൂറുകൾക്ക് മുമ്പുതന്നെ ആയിരങ്ങൾ വേദിയുടെ പുറത്ത് പ്രവേശനാനുമതി കാത്തുനിൽക്കുന്ന കാഴ്ചയ്ക്കാണ് ദുബായ് സാക്ഷ്യം വഹിച്ചത്. സദസ്സിന്റെ ശേഷി പൂർണമായ ശേഷവും പരിപാടിക്കായി എത്തിയവരുടെ നീണ്ടനിര പുറത്ത് കാണാമായിരുന്നു. സ്റ്റാർ വാർസ് തീം മ്യൂസിക്കോടെയാണ് പ്രതിഭാധനരായ 50 വനിതകൾ ഉൾപ്പെടുന്ന ഓർക്കസ്ട്രയുടെ അവതരണത്തിന് തുടക്കമായത്. തുടർന്ന് എ.ആർ. റഹ്‌മാന്റെ സൂപ്പർഹിറ്റ് ഗാനങ്ങളുടെ അവതരണവും നടന്നു.

ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള സംഗീതോപകരണങ്ങളുടെ സമ്മേളനമായിരുന്നു ഇവിടെ കാണാനായത്. സംഗീതത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരോട് നടത്തുന്ന മനോഹരമായ ആശയവിനിമയമായി അത് മാറി. 23 രാജ്യങ്ങളിൽ നിന്നുള്ള വനിതകളാണ് യാസ്മിന സബയുടെ മേൽനോട്ടത്തിൽ പരിപാടികളുടെ ഭാഗമായത്. എക്സ്പോ ബഹിരാകാശ വാരാചരണത്തിന്റെ കൂടി പശ്ചാത്തലത്തിൽ ബഹിരാകാശമെന്ന തീമിലായിരുന്നു അവതരണം. വലിയ സ്‌ക്രീനിൽ നക്ഷത്രങ്ങളും ഗ്രഹങ്ങളുമുൾക്കൊള്ളുന്ന അദ്‌ഭുതക്കാഴ്‌ചകളുടെ പശ്ചാത്തലത്തിൽ അതിർത്തികളെയും ഭാഷാ-വർഗ-വർണ വ്യത്യാസങ്ങളെയുമെല്ലാം മറികടന്ന് മനുഷ്യരോടുമാത്രം സംവദിക്കുന്നതായി റഹ്‌മാന്റെ സംഗീതം. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ശാസ്ത്രീയ സംഗീതധാരകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള രീതിയാണ് ഇവിടെ പരീക്ഷിച്ചിരിക്കുന്നതെന്ന് റഹ്‌മാൻ പറഞ്ഞു.