കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി

കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എൻ.ടി.എ.ജി.ഐ.) വിലയിരുത്തൽ. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗവും വെല്ലൂർ ക്രിസ്ത്യൻ കോളേജ് പ്രൊഫസറുമായി ഡോ. ജയപ്രകാശ് മൂലിയിൽ അറിയിച്ചു.

പന്ത്രണ്ടു വയസ്സിനുതാഴെയുള്ള ഒരു കുട്ടിപോലും കോവിഡിനാൽ മരിച്ചിട്ടില്ല. അർബുദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലിരുന്ന ചില കുട്ടികളിൽ മരണശേഷം കോവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ മരണകാരണം കോവിഡായി കണക്കാക്കാനാകില്ല. ഒമിക്രോൺ ഭീതിയിൽ കുട്ടികൾക്ക് വാക്സിനേഷൻ വേഗത്തിലാക്കണമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. കാരണം, കോവിഡിന്റെ ഒമിക്രോൺ വകഭേദം കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വിദേശരാജ്യങ്ങളിലടക്കം പഠനം ആദ്യഘട്ടങ്ങളിലാണ്.ഇനി കുട്ടികളിൽ വാക്സിൻ ഉപയോഗിക്കാൻ ഭാവിയിൽ തീരുമാനമുണ്ടായാൽത്തന്നെ മറ്റു രോഗങ്ങളുള്ളവരെയാകും ആദ്യഘട്ടത്തിൽ പരിഗണിക്കുകയെന്നും ഡോ. ജയപ്രകാശ് പറഞ്ഞു. എന്നാൽ, കേന്ദ്രം ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കുട്ടികളിലെ കോവിഡ് കുത്തിവെപ്പിൽ അടിയന്തര തീരുമാനമുണ്ടാകില്ലെന്ന് കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പ്രതികരിച്ചിരുന്നു. മറ്റുരാജ്യങ്ങളിൽ കുട്ടികളുടെ വാക്സിനേഷന് കൂടുതൽ ഊന്നൽ നൽകുന്നില്ല. അത് എന്തുകൊണ്ടെന്ന് പഠിക്കാനും മാണ്ഡവ്യ വിദഗ്‌ധർക്ക് നിർദേശം നൽകിയിരുന്നു. പന്ത്രണ്ടു വയസ്സിനുമുകളിലുള്ള കുട്ടികളിൽ നിയന്ത്രിത ഉപയോഗത്തിന് കാഡില ഹെൽത്ത് കെയറിന്റെ സൈക്കോവ്-ഡി വാക്സിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, വാക്സിൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ ഉന്നതതല അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. സൈക്കോവ്-ഡിയ്ക്കു പുറമേ കുട്ടികളിൽ ഉപയോഗിക്കുന്ന നാലു വാക്സിനുകൾകൂടി അന്തിമഘട്ട പരീക്ഷണത്തിലാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര വിപണന മേളയ്ക്ക് തുടക്കം ന്യായവിലയിൽ സാധനങ്ങൾ ലഭിക്കാൻ പൊതുവിതരണ ശൃംഖല ശക്തിപ്പെടണം

പൊതുവിതരണശൃംഖലകൾ ശക്തിപ്പെട്ടാലേ വിലക്കയറ്റത്തിന് വിരാമമിട്ട് സാധാരണക്കാരന് ന്യായമായ വിലയിൽ സാധനങ്ങൾ എത്തിച്ചുനൽകാനാവൂവെന്ന് സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ജില്ലാ വിപണനമേളയുടെ ഉദ്ഘാടനം റ്റി.ബി. റോഡിൽ സർക്കാർ ഗസ്റ്റ് ഹൗസിനു സമീപം കാളിശ്ശേരി ബിൽഡിംഗിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.  

എല്ലാ നിയോജക മണ്ഡലങ്ങളിലും സപ്ലൈകോയുടെ സേവനം ഉറപ്പാക്കി വാതിൽപ്പടി സേവനങ്ങൾ ആരംഭിച്ചാലേ പൊതുവിപണി പിടിച്ചുനിർത്താനാവൂവെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആദ്യ വിൽപന നിർവഹിച്ചു. ജനുവരി അഞ്ചു വരെയാണ് മേള. സപ്ലൈകോ ജനറൽ മാനേജർ സലിം കുമാർ, ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ബെന്നി മൈലാഡൂർ, ഫാറൂഖ്, എന്നിവർ പ്രസംഗിച്ചു.

ക്രിസ്മസ് -പുതുവത്സര മേളയിൽ സപ്ലൈകോ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഒരു സ്ത്രീയ്ക്കും പുരുഷനും സംസ്ഥാന തലത്തിൽ 5000 രൂപ വീതം കാഷ് പ്രൈസ് നൽകും. 2022 ജനുവരി അഞ്ചുവരെയുള്ള കാലയളവിൽ മാവേലി സ്റ്റോർ, മൊബൈൽ മാവേലി, അപ്നാ ബസാർ, സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർ അതത് ബിൽനമ്പർ സഹിതം സപ്ലൈകോ വെബ്സൈറ്റിലെ   http://www.supplyco.in/contest  ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. സമ്മാനർഹർ സമ്മാനം കൈപ്പറ്റാനെത്തുമ്പോൾ ഒറിജിനൽ ബില്ലും സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയും നൽകണം. സപ്ലൈകോ സൂപ്പർമാർക്കറ്റുകളോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ ഓൺലൈൻ ഹോം ഡെലിവറി സേവനം ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തി മാർച്ച് 31 നകം ആരംഭിക്കുമെന്നും സപ്ലൈകോ ജനറൽ മാനേജർ സലിം കുമാർ പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഓൺലൈനിൽ പണം പോയാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചുപിടിക്കാം

സൈബർ തട്ടിപ്പിനിരയാവുന്നവർക്ക് പൊലീസിൽ പരാതി നൽകാനും വേണ്ട നിയമസഹായം നൽകുന്നതിനുമുള്ള ആപ്ലിക്കേഷനുമായി വിദ്യാർഥികൾ. ആന്ധ്ര പ്രദേശിലെ കെഎൽ യൂണിവേഴ്സിറ്റി വിദ്യാർഥികളാണ് സൈബർ അലർട്ട് എന്ന് പേരിട്ടിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിൽ എവിടെ നിന്നും സൈബർ തട്ടിപ്പിന് ഇരയാവുന്നവർക്ക് ഈ ആപ്ലിക്കേഷൻ വഴി പൊലീസിൽ പരാതി നൽകാനും പ്രശ്നം പരിഹരിക്കാനും സാധിക്കും.സൈബർ സുരക്ഷാ വിദഗ്ധരായ കാകെ സെക്യൂരിറ്റി നെറ്റ്വർക്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 2021ന്റെ രണ്ടാം പാദത്തിൽ 8.30 കോടി സൈബർ ഭീഷണികളാണുണ്ടായത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.67 കോടി സൈബർ ഭീഷണികളായിരുന്നു സംഭവിച്ചിരുന്നത്. ഒരു വർഷത്തെ വർധന 80%! കോവിഡിനു പിന്നാലെ സൈബർ തട്ടിപ്പുകളിലുണ്ടായ കുതിച്ചു കയറ്റമാണ് സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഇത്തരം ആപ്ലിക്കേഷൻ വികസിപ്പിക്കാൻ ഇടയാക്കിയതെന്ന് സൈബർ അലർട്ട് സിഇഒയും കെഎൽ യൂണിവേഴ്സിറ്റി ബിബിഎ/എൽഎൽ.ബി വിദ്യാർഥിയുമായ ഡി. രാഹുൽ ശശാങ്ക് മനോരമ ഓൺലൈനിനോട് പറഞ്ഞത്. സൈബർ തട്ടിപ്പുകൾ വ്യാപകമായെങ്കിലും ഇതിനെതിരെ എങ്ങനെ പരാതി നൽകുമെന്ന കാര്യത്തിൽ ഇപ്പോഴും സാധാരണക്കാർക്കിടയിൽ വ്യക്തതയില്ല. സൈബർ അലർട്ട് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഇന്ത്യയിൽ എവിടെയുള്ളവർക്കും ഇ കംപ്ലെയിന്റ് നൽകാനാകും. അതിവിദഗ്ധമായാണ് ഓരോരുത്തരേയും സൈബർ തട്ടിപ്പു നടത്തുന്നവർ കബളിപ്പിക്കുന്നത്. സൈബർ ലോകത്ത് ചെയ്യാൻ പാടുള്ളതും ഒരിക്കലും പാടില്ലാത്തതുമായ കാര്യങ്ങൾ പങ്കുവെച്ച് സൈബർ സുരക്ഷാ അവബോധം സൃഷ്ടിക്കാനും സൈബർ അലർട്ട് ശ്രമിക്കുന്നു.

ഇതിനകം തന്നെ ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാന സർക്കാരുകളുമായും സൈബർ പൊലീസ് സ്റ്റേഷനുകളുമായും സൈബർ അലർട്ട് നേരിട്ട് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ സൈബർ വിഭാഗവുമായി ഔദ്യോഗികമായി സഹകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സൈബർ അലർട്ട് ടീം അറിയിച്ചു.തുടർ അപ്ഡേഷനുകളിൽ കൂടുതൽ സംസ്ഥാനങ്ങളെ ഉൾപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാരുമായി നേരിട്ട് ബന്ധം സ്ഥാപിച്ചിട്ടില്ലെങ്കിലും ഏറ്റവും അടുത്ത സൈബർ പൊലീസ് സ്റ്റേഷൻ കണ്ടെത്താൻ സൈബർ അലർട്ട് ഉപയോഗിക്കുന്നത് കേന്ദ്ര സൈബർ കംപ്ലെയിന്റ് സംവിധാനമാണ്. സൈബർ കംപ്ലെയിന്റ് ഫയലിങ്ങിന് പുറമേ നൽകിയ പരാതിയിൽ അധികൃതരുടെ നടപടി എത്രത്തോളമായി എന്നറിയാനുള്ള സൈബർ കംപ്ലെയിന്റ് ട്രാക്കർ/ സ്റ്റാറ്റസ് സംവിധാനവും സൈബർ അലർട്ടിലുണ്ട്. സൈബർ നിയമങ്ങളെക്കുറിച്ചും സൈബർ സുരക്ഷ സംബന്ധിച്ച വാർത്തകളും ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് ലഭ്യമാകും. സൈബർ പൊലീസ് സ്റ്റേഷനെക്കുറിച്ചുള്ള വിവരങ്ങൾ, സൈബർ ഇന്റേൺഷിപ്പിനുള്ള അവസരം, സൗജന്യ സൈബർ നിയമ സഹായം എന്നിവയും സൈബർ അലർട്ടിലൂടെ ലഭ്യമാണ്.

ബാങ്ക് അക്കൗണ്ടിൽ നിന്നും 80,000 രൂപ സൈബർ തട്ടിപ്പിലൂടെ നഷ്ടമായ പരാതിയാണ് ആദ്യമായി സൈബർ അലർട്ടിന് ലഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ പരാതിക്കാരന് പണം തിരികെ നൽകുന്നതിന് വേണ്ട നടപടികൾ ഉറപ്പിക്കാൻ സൈബർ അലർട്ടിന് സാധിച്ചു. രാഹുൽ ശശാങ്കിന് പുറമേ കെഎൽ കോളജ് ഓഫ് ലോ വകുപ്പ് മേധാവി ഡോ. കെ.ഐ. പവൻ കുമാർ, കെഎൽ കോളജ് പൂർവ വിദ്യാർഥിയും ആൻഡ്രോയിഡ് ഡെവലപ്പറുമായ വിനയ്, കെഎൽ യൂണിവേഴ്സിറ്റി വിദ്യാർഥികളായ ആർ. സായ് ആസിഷ് യശ്വന്ത്, ഡി തരുൺ, പി റീനു ശ്രീ എന്നിവരുടെ കൂടി ശ്രമഫലമായാണ് സൈബർ അലർട്ട് യാഥാർഥ്യമായത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തെങ്കാശിയിൽ കർഷകരിൽനിന്ന് പച്ചക്കറികൾ നേരിട്ട് സംഭരിക്കുന്നതിന് ധാരണാപത്രം ഒപ്പ് വച്ചു

തമിഴ്‌നാട് തെങ്കാശിയിലെ കർഷകരിൽ നിന്ന് പച്ചക്കറി സമാഹരിച്ച് വിതരണം നടത്തുന്നതിന് രൂപീകരിച്ച കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയുമായി കേരള സർക്കാരിന് വേണ്ടി  ഹോർട്ടികോർപ്പ് ധാരണാ പത്രം ഒപ്പു വച്ചു. തമിഴ്‌നാട് അഗ്രി മാർക്കറ്റിംഗ് ആൻഡ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികൾ ഹോർട്ടി കോർപ്പ് സംഭരിക്കുക. പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽ നിന്ന് ഗ്രേഡ് ചെയ്ത പച്ചക്കറി സംഭരിക്കാൻ ഹോർട്ടികോർപ്പിന് ഇനി കഴിയും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകരിൽ നിന്നും ഗുണനിലവാരമുള്ള പച്ചക്കറികൾ കേരളത്തിൽ എത്തിക്കാനാവും.

അനിയന്ത്രിതമായി പച്ചക്കറി വില കുതിച്ചുയർന്നതും കേരളത്തിലേക്ക് ആവശ്യമായ പച്ചക്കറി എങ്ങുനിന്നും ലഭ്യമാകാതെയും വന്ന സാഹചര്യത്തിലാണ് ഹോർട്ടികോർപ്പ് ഇത്തരത്തിൽ ധാരണയ്ക്ക് തയ്യാറായത്. താൽക്കാലികമായി 11 മാസത്തേക്കാണ് പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും സംഭരിക്കുന്നതിനുള്ള ധാരണ. കേരളത്തിൽ നിന്നുള്ള പച്ചക്കറികൾ സുലഭമാകുന്നതോടെ പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും സംഭരിക്കുന്നത് കുറയ്ക്കാനാകും. പച്ചക്കറികൾ സമാഹരിച്ചു തരുന്ന അളവനുസരിച്ച് കിലോയ്ക്ക് ഒരു രൂപ പ്രകാരം കൈകാര്യ ചിലവ് ഹോർട്ടികോർപ്പ് കൊടുക്കേണ്ടതുണ്ട്. ഹോർട്ടികോർപ്പ് ആവശ്യപ്പെടുന്ന പ്രകാരമുള്ള പച്ചക്കറികൾ സമിതി സമാഹരിക്കുകയും ഗുണനിലവാരം ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തി അടുത്തദിവസം തന്നെ വിതരണത്തിനായി കേരളത്തിലെത്തിക്കുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്ക തുടങ്ങിയ പച്ചക്കറികൾ ആദ്യഘട്ടത്തിൽ കേരള വിപണിയിൽ എത്തിക്കാനാവുമെന്നാണ് കരുതുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എയ്ഡഡ് സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് പി എഫ് അനുകൂല്യം

സർക്കാർ സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് ജി.പി.എഫ് അക്കൗണ്ട് തുടങ്ങാൻ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു. അതിനനുസരിച്ചാണ് എയ്ഡഡ് മേഖലയിലെ പാർട്ട് ടൈം അദ്ധ്യാപകർക്കും കെ.എ.എസ്.ഇ.പി.എഫ് തുടങ്ങുവാനുള്ള അനുമതി നൽകിയത്. അക്കൗണ്ട് ലഭിച്ചിട്ടില്ല എന്ന കാരണത്താൽ എയ്ഡഡ് മേഖലയിലെ പാർട്ട് ടൈം ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണം നടത്തുന്നതിന് നേരിടുന്ന തടസ്സം ചൂണ്ടിക്കാണിച്ചുള്ള നിവേദനങ്ങൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കെ ഇ ആർ ഭേദഗതിക്കുള്ള പ്രൊപ്പോസൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ടെലിഫോൺ നിർബന്ധമാക്കി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഫോൺ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാര്യങ്ങൾ അറിയാൻ സ്ഥാപനങ്ങളിലേക്ക് വിളിക്കാൻ പല ഓഫീസുകൾക്കും ഫോൺ നമ്പർ ഇല്ല എന്ന പരാതിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം പരിശോധന നടത്തിയിരുന്നു.
പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാൻഡ് ഫോൺ ഉണ്ടാകണം. പ്രവർത്തനക്ഷമമല്ലാത്ത ഫോൺ കണക്ഷനുകൾ ഉണ്ടെങ്കിൽ അത് ശരിയാക്കിയെടുക്കാൻ നടപടി വേണം. അത് സാധ്യമല്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ പുതിയ കണക്ഷൻ എടുക്കണം.

ഓരോ ദിവസവും ഓഫീസിലേക്ക് വരുന്ന കാളുകൾ അറ്റൻഡ് ചെയ്യാൻ ഓഫീസ് മേധാവി റൊട്ടേഷൻ അടിസ്ഥാനത്തിൽ ഓഫീസ് ജീവനക്കാർക്ക് ഉത്തരവ് വഴി ചുമതല നൽകണം. ടെലിഫോൺ വഴി പരാതി ലഭിക്കുകയാണെങ്കിൽ അത് കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണം. തുടർ നടപടി രണ്ടാഴ്ചയിലൊരിക്കൽ ഓഫീസ് മേധാവി വിലയിരുത്തണം. ഓഫീസ് പരിശോധനാ വേളയിൽ ബന്ധപ്പെട്ട അധികാരികൾ  രജിസ്റ്റർ നിർബന്ധമായും പരിശോധിക്കണം. അതാത് കാര്യാലയങ്ങളിൽ നിന്നും അയക്കുന്ന കത്തിടപാടുകളിൽ കാര്യാലയത്തിന്റെ ഫോൺ നമ്പർ, ഔദ്യോഗിക ഇ-മെയിൽ ഐ.ഡി. എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. സ്‌കൂൾ/ഓഫീസിലേക്ക് വരുന്ന ഫോൺ കോളുകൾക്ക് കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നൽകേണ്ടതാണ്.
ഇക്കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് അതാതു സ്ഥാപനങ്ങളുടെ മേൽനോട്ട ചുമതലയുള്ള ജില്ലാ – ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലെ സീനിയർ സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ ബന്ധപ്പെട്ട ഓഫീസ് മേധാവികൾ ചുമതലപ്പെടുത്തണം. ഈ ഉദ്യോഗസ്ഥന്റെ പേരു വിവരം ഫോൺ നമ്പർ സഹിതം ജില്ലാതലത്തിൽ ക്രോഡീകരിച്ച് ഒ&എം സെക്ഷനിലേക്ക് നൽകണം.

ഉത്തരവ് ലഭ്യമായി 10 ദിവസങ്ങൾക്കുളളിൽ സ്‌കൂൾ/ സ്ഥാപനത്തിന്റെ പേര്, ഫോൺ നമ്പർ, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല എന്നിവ ജില്ലാതലത്തിൽ ക്രോഡീകരിച്ച് എക്‌സൽ ഫോർമാറ്റിലാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഒ&എം സെക്ഷനിലെ വിലാസത്തിൽ (supdtam.dge@kerala.gov.in) ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ഈ നടപടികൾ സഹായിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഈ നടപടികൾ ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സിഗ്നലിൽ വീഡിയോ ഗ്രൂപ്പ് കോൾ ലിമിറ്റ് വർധിപ്പിച്ചു

മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിൽ വീഡിയോ ഗ്രൂപ്പ് കോൾ ലിമിറ്റ് വർധിപ്പിച്ചു. ഇനി മുതൽ സിഗ്നൽ വഴി ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യുമ്പോൾ 40 പേർക്ക് പങ്കെടുക്കാം. ഇതിന് വേണ്ടി പുറത്തുനിന്നൊരു സോഫ്റ്റ് വെയർ ഉപയോഗിച്ചിട്ടില്ലെന്നും ആശയവിനിമയം എന്റ് റ്റു എന്റ് എൻക്രിപ്ഷൻ തന്നെ ആയിരിക്കുമെന്നും സിഗ്നൽ പറയുന്നു. സിഗ്നലിന്റെ സ്വന്തം ഓപ്പൺ സോഴ്സ് സിഗ്നൽ കോളിങ് സർവീസ് സംവിധാനമാണ് ഇത്രയും പേരെ പങ്കെടുപ്പിച്ചുള്ള വീഡിയോകോളിന് സൗകര്യമൊരുക്കുന്നത്.

വീഡിയോ, ഓഡിയോ കൈമാറ്റത്തിനായി പൊതുവിൽ മൂന്ന് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഫുൾ മെഷ്, സെർവർ മിക്സിങ്, സെലക്ടീവ് ഫോർവേഡിങ്. ഇതിൽ ചെറിയ കോളുകൾക്ക് വേണ്ടി മാത്രമാണ് ഫുൾഡമെഷ് പ്രവർത്തിക്കുക. കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ സെർവർ മിക്സിങിലൂടെ സാധിക്കുമെങ്കിലും ഇത് എന്റ് റ്റു എന്റ് എൻക്രിപ്റ്റ് ആവില്ല. അതുകൊണ്ട് സിഗ്നൽ സ്വന്തം ഓപ്പൺ സോഴ്സ് സെലക്ടീവ് ഫോർവേഡിങ് യൂണിറ്റാണ് ഗ്രൂപ്പ് വീഡിയോ കോളിന് വേണ്ടി ഉപയോഗിക്കുന്നത്. ഇതുവഴിയുള്ള വീഡിയോ കൈമാറ്റം സുരക്ഷിതമാണെന്ന് കമ്പനി പറയുന്നു. ഇതിൽ പങ്കെടുക്കുന്നവരുടെ ക്യാമറ പകർത്തുന്ന ദൃശ്യങ്ങളും ശബ്ദവും ഒരു സെർവറിലേക്കാണ് പോവുക. ആ സെർവർ ആണ് വീഡിയോകോളിലെ മറ്റുള്ളവർക്ക് ആ ദൃശ്യങ്ങൾ അയക്കുക. ഇതുവഴി വീഡിയോകോളിൽ നിരവധി ആളുകളെ പങ്കെടുപ്പിക്കാനും ഒപ്പം എന്റ് റ്റു എന്റ് എൻക്രിപ്ഷൻ ഉറപ്പുവരുത്താനും സാധിക്കുമെന്ന് സിഗ്നൽ പറയുന്നു.

പുതിയതായി വികസിപ്പിച്ച ഈ സെലക്ടീവ് ഫോർവേഡിങ് യൂണിറ്റ് കഴിഞ്ഞ ഒമ്പത് മാസമായി ഉപയോഗത്തിലുണ്ട്. ഇപ്പോൾ ഇതിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ് ചെയ്തത്. സിഗ്നലിന്റെ മുഖ്യ എതിരാളിയായ വാട്സാപ്പ് 2018 മുതൽ എന്റ് റ്റു എന്റ് എൻക്രിപ്റ്റ് ചെയ്ത ഗ്രൂപ്പ് വീഡിയോകോൾ സൗകര്യം നൽകുന്നുണ്ട് എങ്കിലും ഇതിൽ ആകെ എട്ട് പേർക്ക് മാത്രമാണ് പങ്കെടുക്കാൻ സാധിക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

10,000 രൂപയ്ക്കുമുകളില്‍ പണം നിക്ഷേപിക്കാന്‍ ഇനി സര്‍വീസ് ചാര്‍ജ് നല്‍കണം

പോസ്റ്റ് ഓഫീസ് പേയ്മന്റ് ബാങ്കും പണമിടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നു. നിശ്ചിത പരിധിക്കുമുകളിൽ അക്കൗണ്ടിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും ജനുവരി ഒന്നുമുതൽ സർവീസ് ചാർജ് നൽകേണ്ടിവരും. ബേസിക് സേവിങ്സ് അക്കൗണ്ടിൽ മാസം നാല് തവണവരെ പണം പിൻവലിക്കുന്നതിന് നിരക്കുകളുണ്ടാകില്ല. അതിൽകൂടുതലുള്ള ഒരോ പിൻവലിക്കലിനും മിനിമം 25 രൂപ നൽകേണ്ടിവരും.

സേവിങ്സ്, കറന്റ് അക്കൗണ്ടുകളുള്ളവർക്ക് പ്രതിമാസം സൗജന്യമായി പിൻവലിക്കാവുന്ന പരിധി 25,000 രൂപയാണ്. അതിനുമുകളിൽവരുന്ന തുകയ്ക്ക് ചുരുങ്ങിയത് 25 രൂപ സേവന നിരക്ക് നൽകണം. ഈ അക്കൗണ്ടുകളിൽ 10,000 രൂപവരെ പ്രതിമാസം സൗജന്യമായി പണം നിക്ഷേപിക്കാം. അതിനുമുകളിൽ നിക്ഷേപിച്ചാൽ ചുരുങ്ങിയത് 25 രൂപയാണ് ഈടാക്കുക.പ്രതിമാസ സൗജന്യം കഴിഞ്ഞാൽ ഇടപാടുകൾക്ക് ചുരുങ്ങിയത് 25 രൂപയോ മൊത്തം മൂല്യത്തിന്റെ 0.50ശതമാനമോ ആണ് നൽകേണ്ടിവരിക. ബേസിക് സേവിങ്സ് അക്കണ്ടിൽ പണം നിക്ഷേപിക്കുമ്പോൾ നിരക്കൊന്നും ഈടാക്കുകയില്ല. സർവീസ് ചാർജിന് ജിഎസ്ടിയും ബാധകമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്സി) പരീക്ഷ കലണ്ടര്‍ പുറത്തിറക്കി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) 2022 ഏപ്രിലിനും 2023 ജൂണിനുമിടയിൽ നടത്താൻ ഉദ്ദേശിക്കുന്ന പരീക്ഷകളുടെ ഏകദേശ തീയതികളടങ്ങിയ കലണ്ടർ പുറത്തിറക്കി. എസ്എസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in-ൽ കലണ്ടർ ഇപ്പോൾ ലഭ്യമാണ്. പരീക്ഷകൾക്കായി അപേക്ഷ സമർപ്പിക്കാൻ തുടങ്ങേണ്ട തീയതി, അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, പരീക്ഷാ നടത്താൻ ഉദ്ദേശിക്കുന്ന തീയതികൾ എന്നിവ കലണ്ടറിൽ പരാമർശിക്കുന്നു. ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന ഏറ്റവും വലിയ രണ്ട് എസ്എസ്സി റിക്രൂട്ട്മെന്റ് പരീക്ഷകളായ സംയോജിത ബിരുദതല പരീക്ഷ (സിജിഎൽ)-2021(combined graduate level exam : CGL-2021) യുടെയും സംയോജിത ഹയർസെക്കൻഡറി ലെവൽ ടയർ-1 പരീക്ഷ (സിഎച്ച്എസ്എൽ)-2021(Combined higher secondary level tier-I exam : CHSL-2021) യുടെയും പ്രാഥമിക പരീക്ഷകൾ 2022 ഏപ്രിൽ, മെയ് മാസങ്ങളിലായി നടക്കും.

സിജിഎൽ 2021 (CGL-2021)-ന്റെ അപേക്ഷാ പ്രക്രിയ 2021 ഡിസംബർ 23 മുതലും സിഎച്എസ്എൽ (CHSL-2021)-ന്റെ അപേക്ഷ പ്രക്രിയ 2022 ഫെബ്രുവരി ഒന്ന് മുതലും ആരംഭിക്കും. രണ്ട് പരീക്ഷകളുടെയും നടത്തിപ്പ് തീയതികൾ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടില്ല. കലണ്ടറിൽ പ്രസിദ്ധീകരിച്ചതനുസരിച്ച് മൾട്ടി ടാസ്കിങ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് പരീക്ഷ-2021 (ടയർ-1) 2022 ജൂണിലും ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, 2021 (പേപ്പർ-I) പരീക്ഷകൾ 2022 ഡിസംബറിലും ആയിട്ടാവും നടത്തുക.

2022 ലെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലെ (സിഎപിഎഫ്എസ്) കോൺസ്റ്റബിൾ (GD), അസം റൈഫിൾസിലേക്കുള്ള എൻഐഎ (NIA), എസ്എസ്എഫ് (SSF), റൈഫിൾമാൻ (GD) പരീക്ഷകളും 2023 ജൂണിൽ നടക്കും. ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിംഗ് & കോൺട്രാക്റ്റുകൾ 2021 (പേപ്പർ-I) പരീക്ഷ 2023 മാർച്ചിലാവും നടത്തുക. അതുപോലെ, ഡൽഹി പോലീസിലേയും സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലേയും സബ് ഇൻസ്പെക്ടർ എക്സാമിനേഷൻ, 2021 (പേപ്പർ-I) 2022 ഡിസംബറിൽ നടത്താനും സെലക്ഷൻ പോസ്റ്റ് പരീക്ഷ ഫേസ്-എക്സ് 2022 ജൂലൈയിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഡൽഹി പോലീസിലേക്കുള്ള ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ)-2022 റിക്രൂട്ട്മെന്റ് 2022 സെപ്റ്റംബറിൽ നടക്കും, അതേസമയം, ഡൽഹി പോലീസ് എംടിഎസ് (സിവിലിയൻ) പരീക്ഷ-2022 ഫെബ്രുവരി 2023-ൽ നടക്കും.സ്റ്റെനോഗ്രാഫർ ഗ്രേഡ് ‘സി’ & ‘ഡി’ പരീക്ഷ-2021, 2023 ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്വർണവിലയിൽ മാറ്റമില്ല; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ തുടരുന്നു.

സംസ്ഥാനത്ത് സ്വർണ വില  ഡിസംബർ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് വില 36,560 രൂപയാണ് വില. ഗ്രാമിന് 4570 രൂപയുമാണ് ഇന്നത്തെ വില. ഡിസംബർ പതിനേഴിനാണ് സ്വർണം ഈ മാസത്തെ ഉയർന്ന നിലയിൽ എത്തിയത്. ഡിസംബർ പതിനാറിന് ഒരു പവന് 36,240 രൂപയായിരുന്നു വില. അടുത്ത ദിവസം പവന് 320 രൂപ കൂടിയാണ് 36,560 ൽ എത്തിയത്. ഗ്രാമിന് 40 രൂപയുമാണ് കൂടിയത്. ഡിസംബർ 16 ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 80 രൂപയുടെ കുറവാണുണ്ടായത്. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബർ 25 ന് 4470 രൂപയായി സ്വർണ വില കുറഞ്ഞു. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് 4510 രൂപയിൽ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയർന്ന് 4525 രൂപയായി.

ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബർ എട്ടിന് 35,35,960 രൂപയിൽ സ്വർണ വില. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇതേ വില തുടർന്നതിനു ശേഷം ഡിസംബർ 11 ന് 36,080 രൂപയിൽ സ്വർണവില എത്തി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights