നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കാം

യുകെയിലെ നാഷണൽ ക്രൈം ഏജൻസി, നാഷണൽ സൈബർ ക്രൈം യൂണിറ്റ് ഉൾപ്പടെയുള്ള നിയമപാലന ഏജൻസികൾ ചേർന്ന് മോഷ്ടിക്കപ്പെട്ട പാസ് വേഡുകൾ, ഇമെയിൽ ഐഡികൾ എന്നിവയുടെ വൻ ശേഖരം കണ്ടെത്തി. ഹാക്ക് ചെയ്ത ക്ലൗഡ് സ്റ്റോറേജിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ആഗോള തലത്തിലുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളെ ബാധിക്കുന്ന ചോർച്ചയാണിത്. 22.5 കോടി പാസ്വേഡുകൾ ഇക്കൂട്ടത്തിലുണ്ട്. കണ്ടെത്തിയവ ‘Have I Been Pwned’ (HIBP) എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആളുകൾക്ക് അവരുടെ ഇമെയിൽ ഐഡികളും പാസ് വേഡുകളും സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ സാധിക്കുന്ന സൗജന്യ ഓൺലൈൻ സേവനമാണ് ‘Have I Been Pwned’ (HIBP). പോലീസ് കണ്ടെത്തിയ പാസ് വേഡുകളുടേയും ഇമെയിൽ ഐഡികളുടേയും ശേഖരം ഇതിലുണ്ട്.

ചോർന്നു പോയ ഇമെയിൽ ഐഡികളുടേയും പാസ് വേഡുകളുടേയും ശേഖരം സൈബർ കുറ്റവാളികളെ സംബന്ധിച്ച് ഒരു നിധിശേഖരമാണ്. അവരുടെ പാസ് വേഡ് ട്രാക്കിങ് അൽഗൊരിതത്തെ പരിശീലിപ്പിക്കാൻ ഈ പാസ് വേഡ് ശേഖരം ഉപയോഗിക്കാം. മറ്റൊരാളുടെ ബാങ്കിങ് അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്നതിനുള്ള പാസ് വേഡ് കണ്ടെത്താൻ ഈ അൽഗൊരിതം ഉപയോഗിച്ച് സാധിക്കും.ഇങ്ങനെ ചോർന്നുപോയ ഇമെയിൽ ഐഡികളും പാസ് വേഡുകളും ‘Have I Been Pwned’ (HIBP) വെബ്സൈറ്റിൽ പോലീസ് പ്രസിദ്ധീകരിക്കുമ്പോൾ നമ്മൾക്ക് നമ്മളുടെ പാസ് വേഡുകളും ഇമെയിൽ ഐഡികളും ചോർന്നിട്ടുണ്ടോ എന്നും നിങ്ങളുടെ ഇമെയിൽ ഐഡിയോ പാസ് വേഡുകളോ സൈബർ കുറ്റവാളികളുടെ ഡാറ്റാശേഖരത്തിൽ ഉണ്ടോ എന്ന് മനസിലാക്കാൻ സാധിക്കും. അങ്ങനെ ഉണ്ടെങ്കിൽ ഉടൻ തന്നെ നിങ്ങൾ പ്രധാനപ്പെട്ട സേവനങ്ങളുടെ പാസ് വേഡുകൾ മാറ്റാനും സാധിക്കും.

https://haveibeenpwned.com/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.നിങ്ങളുടെ ഇമെയിൽ ഐഡി നൽകി ‘pwned?’ എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. ആ ഡാറ്റാബേസിൽ നിങ്ങളുടെ ഇമെയിൽ ഐഡി ഉണ്ടെങ്കിൽ വെബ്സൈറ്റ് നിങ്ങളെ അറിയിക്കും. നിങ്ങളുടെ മൊബൈൽ നമ്പറും ഇതേ രീതിയിൽ പരിശോധിക്കാം. പാസ് വേഡുകൾ ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വെബ്സൈറ്റിലെ മുകളിലുള്ള ഓപ്ഷനുകളിൽ Passwords എന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ പാസ് വേഡുകൾ ടൈപ്പ് ചെയ്ത് ‘pwned?’ ബട്ടൻ ക്ലിക്ക് ചെയ്യുക.

ഇമെയിൽ ഐഡി, പാസ് വേഡ് എന്നിവ സംബന്ധിച്ച് Have I Been Pwned വെബ്സൈറ്റ് മുന്നറിയിപ്പ് നൽകിയാൽ ഉടൻ തന്നെ നിങ്ങളുടെ പാസ് വേഡ് മാറ്റുക. പകരം സങ്കീർണമായ മറ്റൊരു പാസ് വേഡ് ഉപയോഗിക്കാം. ശ്രദ്ധിക്കേണ്ടകാര്യം, ഈ വെബ്സൈറ്റ് നിങ്ങളുടെ ഇമെയിൽ ഐഡിയോ പാസ് വേഡോ തിരിച്ചറിഞ്ഞാൽ അതിനർത്ഥം നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നല്ല. മറിച്ച് നിങ്ങളുടെ ഇമെയിൽ ഐഡിയും പാസ് വേഡും സൈബർ കുറ്റവാളികളുടെ റഡാറിനുള്ളിലുണ്ട് എന്നാണ്. പ്രധാനമായും ബാങ്ക് അക്കൗണ്ടുകളുടെ പാസ് വേഡുകളും ഇമെയിൽ ഐഡിയും മാറ്റുക. സോഷ്യൽ മീഡിയാ വെബ്സൈറ്റുകൾ, ഇമെയിൽ ഐഡികൾ, ബാങ്കിങ് അക്കൗണ്ടുകൾ എന്നിവയ്ക്ക് സമാനമായ പാസ് വേഡുകൾ ഉപയോഗിക്കാതിരിക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഊട്ടി-മേട്ടുപ്പാളയം പൈതൃകത്തീവണ്ടി ഓടി തുടങ്ങി

ഊട്ടി-മേട്ടുപ്പാളയം പൈതൃകത്തീവണ്ടി രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കൂകിപ്പാഞ്ഞു. വണ്ടിനിറയെ വിനോദസഞ്ചാരികളുമായാണ് ബുധനാഴ്ച സർവീസ് നടത്തിയത്.

നാല്‌ കോച്ചുകളുള്ള തീവണ്ടിയിൽ ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് സീറ്റുകൾ മാത്രമാണുള്ളത്. ജനുവരി 10 വരേയ്ക്കുള്ള റിസർവേഷൻ ടിക്കറ്റ് ഇതിനകം പൂർണമായി വിറ്റഴിഞ്ഞു. മേട്ടുപ്പാളയം-ഊട്ടി സെക്കൻഡ്‌ ക്ലാസ് നിരക്ക് 295 രൂപയും ഫസ്റ്റ് ക്ലാസ് നിരക്ക് 600 രൂപയുമാണ്. മഴയും പാതയിലെ മണ്ണിടിച്ചിലുംമൂലം ഒക്ടോബർ 23-നാണ് പൈതൃകത്തീവണ്ടിയാത്ര നിർത്തിവെച്ചത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പുതുവർഷത്തെ പുതുമയോടെ വരവേൽക്കാൻ എക്സ്പോ വേദിയൊരുങ്ങി

രാവ് പുലരുവോളം നീളുന്ന ആഘോഷപരിപാടികൾക്കാണ് എക്സ്പോ വേദികൾ സാക്ഷ്യം വഹിക്കുക. ലോകോത്തര സംഘങ്ങളുടെ ഡി.ജെ സംഗീതതാളത്തിൽ നൃത്തം ചെയ്ത് ആഘോഷക്കാഴ്ചകൾ ആസ്വദിക്കാൻ എക്സ്പോ സന്ദർശകരെ ക്ഷണിക്കുകയാണ്. അൽവാസൽ പ്ലാസയിൽ വർണാഭമായ വെടിക്കെട്ട് നടക്കും. 13 മണിക്കൂർ നീളുന്ന ആഘോഷങ്ങളാണ് ഇവിടെ നടക്കുക. ഡിസംബർ 31 വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമാകും. ജനുവരി ഒന്നിന് പുലർച്ചെ നാലുമണിവരെ ഇത് നീളും. ഡി.ജെ സ്റ്റാർ ദിമിത്രി വേഗാസിന്റെ അവതരണം സന്ദർശകർക്കാസ്വദിക്കാനാകും.

എക്സ്പോ ജൂബിലി പാർക്കിൽ 11.30-നാണ് ഡി.ജെ പരിപാടികൾ ആരംഭിക്കുക. ലോകത്തിലെ ഏറ്റവും പ്രഗല്‌ഭരായ ഇലക്‌ട്രോണിക് സംഗീതസംഘം എക്സ്പോ സന്ദർശകരെ രസിപ്പിക്കും. ആർമിൻ വാൻ ബ്യുറെൻ പുതുവത്സരസമ്മാനമായി അവതരണം നടത്തും. അറബ്, ഫിലിപ്പിനോ, ഇന്ത്യൻ ഡി.ജെ.കളുടെ നേതൃത്വത്തിലും വിപുലമായ പരിപാടികൾ നടക്കും. 192 രാജ്യങ്ങളുടെ പുതുവത്സരസമയങ്ങളിലുള്ള ആഘോഷങ്ങൾക്കാണ് എക്സ്പോ വേദി സാക്ഷ്യംവഹിക്കുകയെന്ന് എക്സ്പോ 2020 വിനോദവിഭാഗം മേധാവി താരിഖ് ഖോഷേഹ് പറഞ്ഞു. തുറന്ന കൈകളോടെയും ശുഭപ്രതീക്ഷയോടെയും 2022-നെ വരവേൽക്കാൻ ദുബായ് ഒരുങ്ങിക്കഴിഞ്ഞു. രാജ്യം ഇതുവരെ കാണാത്ത ആഘോഷങ്ങളായിരിക്കും ഇവിടെ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സന്ദർശകർക്ക് ആയാസരഹിതമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതുവർഷരാവിൽ മെട്രോ സേവനം പുലർച്ചെയും സജീവമായിരിക്കും. ഭക്ഷണശാലകളും ഹോട്ടലുകളും പുലരുവോളം തുറന്നുപ്രവർത്തിക്കും. ആഘോഷവേദികളും ഫുഡ് ട്രക്കുകളുമടക്കമുള്ള സൗകര്യങ്ങളോടെ പുതുതായി തുറന്ന ജൂബിലി പാർക്കിലെ ഫെസ്റ്റിവൽ ഗാർഡൻ സന്ദർശകർക്ക് മനോഹരമായ അനുഭവമായിരിക്കും സമ്മാനിക്കുക. കർശനവ്യവസ്ഥകളോടെ നിരവധി പി.സി.ആർ. പരിശോധനാ കേന്ദ്രങ്ങളും ഇവിടെ സജ്ജമാണ്. 18 വയസ്സിനുമുകളിൽ പ്രായമുള്ളവർ രണ്ട് ഡോസ് വാക്സിനെടുത്ത രേഖ സമർപ്പിക്കണം. അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ലഭിച്ച പി.സി.ആർ നെഗറ്റീവ് ഫലം കരുതണം. മുഖാവരണം നിർബന്ധമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ക്രിസ്മസ് ആഘോഷനിറവിൽ ലുലു

ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നുള്ള വ്യത്യസ്ത തരം ഉത്പന്നങ്ങളുടെ വലിയ നിരയിവിടെ കാണാനാകും. ഏറ്റവും കുറഞ്ഞവിലയിൽ ഇത് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാകും. ഇതോടൊപ്പം തന്നെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള വിപണനമേള 2022 ജനുവരി ആദ്യവാരം വരെ തുടരും. ഇത്തവണ ക്രിസ്മസും പുതുവത്സരവും വാരാന്ത്യത്തിലാണെന്നത് കുടുംബങ്ങൾക്കൊത്തുചേർന്ന് ഷോപ്പിങ് നടത്താനുള്ള മികച്ച അവസരമാണ് തുറന്നിടുന്നതെന്ന് ലുലു ഗ്രൂപ്പ് റീട്ടെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ് പറഞ്ഞു.

ക്രിസ്മസ് ആഘോഷങ്ങൾക്കനുസരിച്ചുള്ള ഉത്പന്നങ്ങളുടെ വലിയ നിര ലുലു ഹൈപ്പർമാർക്കറ്റുകളിൽ കാണാനാകും. കേക്കുകൾ, ടർക്കി, വ്യത്യസ്തയിനം സമ്മാനങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. മിഡ്‌നൈറ്റ് ഷോപ്പിങ് കാർണിവലിന്റെ ഭാഗമായി ആഘോഷപരിപാടികളും മത്സരങ്ങളും സമ്മാന നറുക്കെടുപ്പും നടക്കും. ഓൺലൈനായി ഷോപ്പിങ് നടത്തുന്നവർക്കും ആഘോഷ ഇളവുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒമിക്രോണ്‍ ഭീതിയില്‍ ക്രിസ്മസും പുതുവത്സരവും:കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ

ഒമിക്രോൺ ഭീതി നിലനിൽക്കെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ. കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിൻറെ രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലാണെന്നും പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഡൽഹി, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

ഡൽഹി:രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ് (57 പേർക്ക്). ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയത്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി പൂർണമായും വിലക്ക് ഏർപ്പെടുത്തി.സാമൂഹ്യ-സാംസ്കാരിക ഒത്തുചേരലുകൾക്കെല്ലാം വിലക്കുണ്ട്. ഹോട്ടലുകളിലും പബ്ബുകളിലും 50 ശതമാനം ആളുകൾക്കെ പ്രവേശനമുള്ളു. പൊതുയോഗം, കല്യാണം, സമ്മേളനങ്ങൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.

മഹാരാഷ്ട്ര:മഹാരാഷ്ട്രയിൽ 54 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി ഡിസംബർ 16 മുതൽ 31 വരെ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ കടകളിലും പൊതു ഗതാഗത വാഹനങ്ങളിലും പ്രവേശനമുള്ളു. വാക്സിൻ എടുക്കാത്തവർ മറ്റുള്ളവർക്കൊപ്പം പൊതുഗതാഗത വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് അപകടകരമാണെന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും അറിയിച്ചു. 200ലധികം ആളുകൾ ഒത്തുചേരുന്ന പരിപാടികൾക്ക് വാർഡ് ഓഫീസർമാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങണം. ഇൻഡോർ ഹാളുകളിൽ നടക്കുന്ന പരിപാടിക്ക് സീറ്റിങ് കപ്പാസിറ്റി 50 ശതമാനമായും നിജപ്പെടുത്തി.

കർണാടക:എല്ലാ പൊതുപരിപാടികൾക്കും കർണാടക സർക്കാർ വിലക്കേർപ്പെടുത്തി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു എംജി റോഡിലും ബ്രിഗേഡ് റോഡിലും നടക്കുന്ന പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഒരിടത്തും പൊതു ചടങ്ങുകളോ ആഘോഷ പരിപാടികളോ നടത്തരുതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഹോട്ടലുകളിലും ക്ലബ്ബുകളിലും 50 ശതമാനം പേർക്കെ പ്രവേശനമുള്ളു. എന്നാൽ പ്രത്യേക പുതുവത്സര പാർട്ടിയോ ഡിജെ പരിപാടിയോ നടത്താൻ അനുമതിയില്ല. ഇത്തരം കേന്ദ്രങ്ങളിലെ മുഴുവൻ ജീവക്കാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരും ആയിരിക്കണം.

ഗുജറാത്ത്:ഗുജറാത്തിൽ 11 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ രാത്രികാല കർഫ്യൂ ഡിസംബർ 31 വരെ നീട്ടി. രാത്രി 1 മണി മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. ഹോട്ടലുകളിലും വ്യായാമ കേന്ദ്രങ്ങളിലും 75 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളു.

ഹരിയാന:രണ്ട് ഡോഡ് വാക്സിനും സ്വീകരിക്കാത്തവർക്ക് പൊതു ഇടങ്ങളിൽ പ്രവേശനം നിരോധിക്കാനാണ് ഹരിയാന സർക്കാരിന്റെ തീരുമാനം. കല്യാണ ഹാളുകൾ, ഹോട്ടൽ, ബാങ്ക്, സർക്കാർ ഓഫീസ്, ബസ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാത്തവർക്ക് വിലക്കേർപ്പെടുത്തുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് അറിയിച്ചു.

പഞ്ചാബ്:ഇനിയും കോവിഡ് വാക്സിൻ സ്വീകരിക്കാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്നാണ് പഞ്ചാബ് സർക്കാരിന്റെ തീരുമാനം. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വാക്സിനേഷൻ കൂടുതൽ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചാബ് സർക്കാരിന്റെ നടപടി. വാക്സിനേഷൻ സർട്ടിഫിക്കറ്റ് സർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തവർക്ക് മാത്രമേ ശമ്പളം വിതരണം ചെയ്യുകയുള്ളു.

ഒമിക്രോൺ ഉയർത്തുന്ന ഭീതിയും രോഗവ്യാപനം തടയുന്നതും ഉൾപ്പെടെയുള്ള നടപടികളും ചർച്ചചെയ്യാനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക യോഗം വ്യാഴാഴ്ച ചേർന്നേക്കും. നിലവിൽ 223 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിവാര കേസുകളിൽ 10 ശതമാനം വർധനവുണ്ടായാലോ ഐസിയു ബെഡുകളിൽ 40 ശതമാനം രോഗികളെത്തിയാലോ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നിർദേശം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പുതുവത്സരം അറബിക്കടലിൽ ആഡംബരക്കപ്പലിൽ ആഘോഷിക്കാം :ടിക്കറ്റ് നിരക്ക് 4499 രൂപ ഒപ്പം രണ്ടു പെഗ്ഗും

ഈ പുതുവത്സരം അറബിക്കടലിൽ ആഡംബരക്കപ്പലിൽ ആഘോഷിക്കുന്നതിന് കെ.എസ്.ആർ.ടി.സി. അവസരം ഒരുക്കുന്നു. 4499 രൂപയുടെ ടിക്കറ്റ് എടുത്താൽ രണ്ട് പെഗ് മദ്യം നൽകുമെന്നും ഓഫറുണ്ട്. അഞ്ചുമണിക്കൂറാണ് പുതുവത്സരം ആഘോഷത്തിനായി ആഡംബര ക്രൂയിസിൽ അവസരം ഒരുക്കുന്നത്.

കൊച്ചി ബോൾഗാട്ടി ജെട്ടിയിൽനിന്നാണ് ഡിസംബർ 31-ന് രാത്രി എട്ടിന് ഇതിലേക്ക് ആളുകളെ കൊണ്ടുപോകുന്നത്. ഒൻപതുമുതൽ രണ്ടുവരെയാണ് പുതുവത്സര ആഘോഷങ്ങൾ. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽനിന്ന് ആളുകളെ എ.സി. ബസുകളിൽ കൊണ്ടുപോയി തിരികെയെത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

എത്തുന്നവർക്കായി വലിയരീതിയിലുള്ള ഒരുക്കങ്ങൾ ക്രൂയിസിൽ ഉണ്ടാകും. ഡിസ്കോ, ലൈവ് വാട്ടർ ഡ്രംസ്, പവ്വർ മ്യൂസിക് സിസ്റ്റത്തിന് ഒപ്പം വിഷ്വൽ ഇഫെക്ടുകൾ, രസകരമായ ഗെയിമുകൾ, തത്സമയസംഗീതം, ന്യത്തം, ഓരോ ടിക്കറ്റിനും മൂന്ന് കോഴ്സ് ബുഫെ ഡിന്നർ എന്നിവയുമുണ്ട്. കുട്ടികളുടെ കളിസ്ഥലം, തീയേറ്റർ, കടൽക്കാറ്റും അറബിക്കടലിന്റെ ഭംഗിയും ആസ്വദിക്കാൻ തുറന്ന സൺഡെക്ക്, ഓൺബോർഡ് ലക്ഷ്വറി ബാർ എന്നിവയെല്ലാം ഈ ആഡംബര ക്രൂയിസിൽ എത്തുന്നവരെ കാത്തിരിക്കുന്നു. പുറത്തുനിന്ന് മദ്യം ഇവിടേക്ക് അനുവദിക്കില്ല.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആപ്പിള്‍ ഐഫോണ്‍ 14 പ്രോയിൽ വരുന്നത് വലിയ മാറ്റം

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പുറത്തിറങ്ങിയ ഐഫോണുകളിൽ 12 എംപി ക്യാമറ സെൻസറുകളാണ് ആപ്പിൾ ഉപയോഗിച്ചുവരുന്നത്. എതിരാളികളായ ആൻഡ്രോയിഡ് ഫോണുകൾ പലതും കൂടുതൽ വലിയ സെൻസറുകൾ ഉപയോഗിച്ച് തുടങ്ങി വർഷങ്ങളായിട്ടും ആപ്പിൾ അതിന് തയ്യാറായിരുന്നില്ല. എന്നാൽ ഐഫോൺ 14 പ്രോ സീരീസ് ആ പതിവ് തെറ്റിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐഫോൺ 14 പ്രോയിൽ 48 എംപി സെൻസർ ഉൾപ്പെടുത്തുമെന്നാണ് ആപ്പിൾ അനലിസ്റ്റായ മിങ് ചി കുവോ അവകാശപ്പെടുന്നത്.

48 മെഗാപിക്സൽ സെൻസർ ഉപയോഗിക്കുമ്പോഴും പിക്സൽ ബിന്നിങിന് ശേഷം 12 എംപി ചിത്രങ്ങൾ തന്നെയാണ് പുറത്തുവിടുക. ഇതുവഴി കൂടുതൽ മികച്ച ചിത്രങ്ങൾ പുറത്തുവരും. പിക്സൽ ബിന്നിങിന്റെ ഫലമായി ചിത്രങ്ങളിലെ നോയ്സ് നീക്കം ചെയ്യപ്പെടും. അതേസമയം 48 എംപി ചിത്രങ്ങൾ പകർത്താൻ പ്രത്യേകം 48എംപി ഫീച്ചർ ക്യാമറയിൽ നൽകും. നിലവിൽ ആൻഡ്രോയിഡ് ക്യാമറകളിലും ഇതേ രീതിയിൽ തന്നെയാണ് 48 എംപി ഫോട്ടോഗ്രഫി നൽകിയിരിക്കുന്നത്. ഇതു കൂടാതെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന പെരിസ്കോപ്പ് ലെൻസ് എന്ന സംവിധാനവും ഐഫോണുകളിൽ പരീക്ഷിച്ചേക്കും. ഇത് പക്ഷെ 2023 ൽ പുറത്തിറങ്ങുന്ന ഐഫോൺ 15 പരമ്പരയിലായിരിക്കും.

48 എംപി ക്യാമറ ഉപയോഗിക്കാനുള്ള പദ്ധതിയെ കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. പുതിയ ഐഫോൺ ഫീച്ചറുകൾ മുൻകൂട്ടി പ്രവചിച്ച് ശ്രദ്ധേയനായ അനലിസ്റ്റാണ് മിങ് ചി കുവോ. ഐഫോൺ 14 ൽ ഡിസ്പ്ലേ നോച്ച് ഒഴിവാക്കുമെന്നും പകരം പഞ്ച് ഹോൾ ക്യാമറ ഉപയോഗിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറെ നാളുകളായി ഐഫോൺ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മാറ്റങ്ങളിലൊന്നാണ് ഡിസ്പ്ലേ നോച്ച്. ഇതുവഴി വലിയ സ്ക്രീൻ അനുഭവം സാധ്യമാകും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറി ക്രിസ്മസ് വിപണി

കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറി ക്രിസ്മസ് വിപണി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എല്ലാ മേഖലകളിലും വില്പനയിലും അന്വേഷണങ്ങളിലും ഉണർവ് വന്നിട്ടുണ്ട്. ഇത്തവണ ആഘോഷങ്ങൾക്ക് തിളക്കമേറിത്തുടങ്ങിയെന്നാണ് വ്യാപാരികൾ പറയുന്നത്. ക്രിസ്മസ് അലങ്കാര ഉത്പന്നങ്ങൾക്കൊപ്പം കേക്കും വൈനുമെല്ലാം വില്പനയ്ക്കായി ഇതിനോടകം വിപണിയിൽ ഇടംപിടിച്ചു കഴിഞ്ഞു. വിവിധ വില നിലവാരത്തിലുള്ള ഉത്പന്നങ്ങൾക്കൊപ്പം ക്രിസ്മസ് സ്പെഷ്യൽ മാസ്കുകളും വിപണിയിൽ എത്തിച്ചിട്ടുണ്ട്. പേപ്പർ നക്ഷത്രങ്ങളെക്കാൾ എൽ.ഇ.ഡി. നക്ഷത്രങ്ങൾക്കാണ് ആവശ്യം. ശരാശരി 150 രൂപ മുതൽ 900 രൂപ വരെയുള്ള എൽ.ഇ.ഡി. നക്ഷത്രങ്ങളുണ്ട്. കൂടെ അലങ്കാര ബൾബുകളും വിറ്റുപോകുന്നുണ്ട്. ക്രിസ്മസ് ട്രീ, റെഡിമെയ്ഡ് പുൽകൂടുകളിലും ഇത്തവണ ആവശ്യം കൂടിയിട്ടുണ്ട്. 5,000 രൂപ വരെയുള്ള ക്രിസ്മസ് ട്രീകൾ വിപണിയിൽ ലഭ്യമാണ്. കേരളത്തിൽ 50 മുതൽ 70 കോടി രൂപയുടെ വരെ കേക്ക് കച്ചവടമാണ് ഓരോ ക്രിസ്മസ് സീസണിലും നടക്കുന്നത്.

ചൈനയിൽനിന്നാണ് പ്രധാനമായും ക്രിസ്മസ് ആഘോഷങ്ങൾക്കായുള്ള മിക്ക ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത്. എന്നാൽ, കണ്ടെയ്നർ നിരക്ക് വർധിച്ചതും ക്ഷാമവും വ്യാപാരികളെ ബാധിച്ചിട്ടുണ്ട്. നിലവിൽ ഉത്പന്നങ്ങൾക്ക് വില കൂട്ടി വിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കോവിഡ് സമയത്തുണ്ടായ നഷ്ടം ക്രിസ്മസ് സീസണിൽ നികത്താൻ സാധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽനിന്ന് ക്രിസ്മസ് അലങ്കാരങ്ങൾ എത്തുന്നുണ്ടെങ്കിലും ചൈനീസ് ഉത്പന്നങ്ങൾക്കാണ് ആവശ്യക്കാരെന്ന് വ്യാപാരി എം.ജെ. ജയേഷ് പറഞ്ഞു.

സാധാരണക്കാരന് താങ്ങാവുന്ന വിലയും ഇഷ്ടപ്പെട്ട രുചികളുമാണ് പ്ലം കേക്കുകളെ പ്രിയമുള്ളതാക്കുന്നത്. കിലോയ്ക്ക് 300 മുതൽ 900 രൂപ വരെ വിലയുണ്ട് ഇവയ്ക്ക്. റിച്ച് പ്ലം, സ്കോട്ടിഷ് പ്ലം, റം ആൻഡ് റൈസം പ്ലം എന്നിവയ്ക്കാണ് ഉയർന്ന വിലകൾ. ഇതോടൊപ്പം കാരറ്റ് കേക്കിനും പ്രിയമേറെയാണ്. പ്ലം കേക്കുകൾക്കൊപ്പം ചോക്ലേറ്റ് കേക്കുകളും വിവിധ രുചിയിൽ ഫ്രഷ് ക്രീം കേക്കുകളും സ്ഥാനം പിടിച്ചിട്ടുണ്ട്. കേക്കുകൾക്കെല്ലാം നേരത്തെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഡിസംബറിൽ എറണാകുളത്ത് മാത്രം 100 ടണ്ണിനു മുകളിൽ കേക്ക് കച്ചവടം നടക്കാറുണ്ട്. ഇതിൽ ഭൂരിഭാഗവും അതത് ബേക്കറികളിൽ ഉണ്ടാക്കുന്നവയാണ്. ഇത്തവണ കോർപ്പറേറ്റ് ഓർഡറുകളിൽ വർധനയുണ്ടായിട്ടുണ്ട്. വിപണി കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് മാറുന്നുണ്ടെന്നും കേരള ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായി അരിയുണ്ട

‘ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ’ എന്ന് തോന്നിപ്പിക്കുന്ന വിഭവങ്ങൾ തയ്യാറാക്കുന്ന നൂറുകണക്കിന് വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നത്. ഇത്തരം വിഭവങ്ങൾ തയ്യാറാക്കുന്നതിലെ എളുപ്പം, ചേരുവകൾ, രുചി എന്നിവയൊക്കെ ഒരിക്കലെങ്കിലും ഇതൊന്ന് ഉണ്ടാക്കി നോക്കിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

ഇത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്. വളരെ ലളിതമായി ഉണ്ടാക്കാൻ കഴിയുന്ന അരി കൊണ്ടുള്ള വിഭവമാണിത്.. എന്നാൽ, തയ്യാറാക്കി കഴിയുമ്പോൾ ഈ വിഭവത്തിന് സംഭവിക്കുന്ന രൂപമാറ്റമാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. ഫൂഡി ഗുജറാത്തി11 എന്ന ഫുഡ് വ്ളോഗറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഉള്ളിൽ ഉരുളക്കിഴങ്ങ് കൂട്ട് നിറച്ച് പുറത്ത് കുതിർത്ത അരിയും ചേർത്ത് ആവിയിൽ പുഴുങ്ങിയെടുക്കുന്ന വിഭവമാണിത്. 50 ലക്ഷത്തിൽ അധികമാളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 2.87 ലക്ഷം പേർ ലൈക്ക് ചെയ്യുകയും നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.

തയ്യാറാക്കി കഴിയുമ്പോഴുള്ള അരിയുണ്ടയുടെ രൂപമാറ്റമാണ് എല്ലാവരെയും അതിശയിപ്പിച്ചത്. വീഡിയോയ്ക്ക് ലഭിച്ച കമന്റുകളിൽ ഭൂരിഭാഗവും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. സംഗതി അടിപൊളിയായിട്ടുണ്ടെന്ന് പലരും പറഞ്ഞു. മുല്ലപ്പൂ ആണെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ, ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞെന്നും ഒരാൾ കമന്റ് ചെയ്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പ്രളയവും വെള്ളപ്പൊക്കത്തിനുംശേഷം പ്രതീക്ഷയോടെ കരിമ്പുകൃഷി വിളവെടുപ്പിനു തുടക്കമായി

ജില്ലയിൽ ചെങ്ങന്നൂരിനു പുറമേ പന്തളം, തിരുവല്ല ഭാഗങ്ങളിലാണു പ്രധാനമായും കരിമ്പുകൃഷിയുള്ളത്. മധ്യതിരുവിതാംകൂർ ശർക്കര അഥവാ പതിയൻ ശർക്കരയാണു വിപണിയിലെത്തിക്കുന്നത്. ചെങ്ങന്നൂരിൽ തിരുവൻവണ്ടൂർ പഞ്ചായത്തിലാണു കരിമ്പുകൃഷി പ്രധാനമായുള്ളത്. ഇവിടങ്ങളിൽ കരിമ്പ് വെട്ടിത്തുടങ്ങി. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലായാണു കരിമ്പിന്റെ വിളവെടുപ്പും അടുത്ത നടീലും നടത്തുന്നത്.

മൂന്നു ദശാബ്ദങ്ങൾക്കുമുൻപ് 2,400 ഏക്കറിൽ കൃഷിയുണ്ടായിരുന്ന കരിമ്പുകൃഷി ഇത്തവണ രണ്ടു ജില്ലകളിലായി ആകെ 480 ഏക്കറിലാണുള്ളത്. പന്തളം, മന്നം, പുളിക്കീഴ് എന്നിവിടങ്ങളിലെ ഷുഗർ ഫാക്ടറികൾ നിർത്തലാക്കിയത് മധ്യതിരുവിതാംകൂറിൽ കൃഷി പിന്നോട്ടടിക്കാൻ കാരണമായി. ഒരു ടൺ തലക്കത്തിന് (നടീൽ വസ്തു) 6,100 രൂപയാണു വില. ഏക്കറിനു 7,500 രൂപ സബ്സിഡിയുണ്ട്. ഒരു ഏക്കറിലേക്കു 2.9 ടൺ തലക്കം വേണ്ടിവരും. ഹെക്ടറിനു ഏഴു ടൺ. ഒരു ഹെക്ടർ (2.4 ഏക്കർ) കരിമ്പുകൃഷി ചെയ്തു ശർക്കരയാക്കിമാറ്റാൻ കൂലിയടക്കം രണ്ടുലക്ഷം രൂപ ചെലവു വരുമെന്നു കർഷകർ പറയുന്നു.

കൃഷിചെയ്യുന്ന കരിമ്പിൽനിന്നു തന്നെയാണ് അടുത്ത കൃഷിക്കുള്ള മേന്മയുള്ള തലക്കം എടുത്തിരുന്നത്. ഒരു പ്രാവശ്യം തലക്കം (നാമ്പ്) നട്ട് കൃഷി ചെയ്തു തുടങ്ങിയാൽ തുടർച്ചയായി രണ്ട്, മൂന്നു തവണ കൂടി ഈ മൂട്ടിൽ (കാലായിൽ) നിന്നു വിളവെടുക്കാം. നേരത്തേ തിരുവല്ല കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രം, പന്തളത്തെ സർക്കാർ ഫാം എന്നിവിടങ്ങളിൽനിന്ന് തലക്കം ലഭിച്ചിരുന്നു. പ്രളയത്തിനുശേഷം ഇതു ലഭിക്കാതെയായി.

25 വർഷമായി കർഷകർ മാധുരി എന്ന ഇനമാണ് കരിമ്പുകൃഷിക്കുപയോഗിക്കുന്നത്. ഒരുമാസംവരെ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനും ചെഞ്ചീയൽ രോഗം ചെറുക്കാനുമുള്ള കഴിവുണ്ട്. 2015-ൽ അഭയ്, ആരോമൽ എന്നീ രണ്ടിനങ്ങൾ പുറത്തിറക്കിയിരുന്നു. എന്നാൽ, കർഷകർ ഇന്നും മാധുരിയെത്തന്നെയാണ് ഏറെയും ആശ്രയിക്കുന്നത്. പ്രത്യേകിച്ചും കാലംതെറ്റിയുള്ള വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സാഹചര്യത്തിൽ.ഒരു ഹെക്ടറിലെ കരിമ്പിൽനിന്ന് ഏഴു ടൺ പതിയൻ ശർക്കര കിട്ടും. മൊത്തവില കിലോയ്ക്കു 110, ചില്ലറ 140 രൂപ വരെയുമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights