നീണ്ടകാലത്തെ കാത്തിരിപ്പിനു ശേഷം തിരുവനന്തപുരത്തെ ഹിൽസ്റ്റേഷനായ പൊൻമുടി സഞ്ചാരികൾക്കായി തുറന്നു. കോവിഡ് നിയന്ത്രണങ്ങളും തകർന്ന റോഡും കാരണം കുറച്ചു നാളുകളായി പൊൻമുടി വിനോദസഞ്ചാര കേന്ദ്രം അടച്ചിരിക്കുകയായിരുന്നു. 11, 12 ഹെയർപിൻ വളവുകളിൽ റോഡിന്റെ ഒരു ഭാഗത്ത് വിള്ളൽ കണ്ട് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലാണ് ഗതാഗതം നിരോധിച്ചിരുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

നാല് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് പൊന്മുടി സഞ്ചാരികൾക്കായി തുറക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച രേഖയോ രണ്ട് ദിവസത്തിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാ നെഗറ്റീവ് ഫലമോ കല്ലാർ ഗോൾഡൻ വാലി ചെക്പോസ്റ്റിൽ കാണിച്ചു വനം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം. പൂർണമായും ഓൺലൈൻ റജിസ്ട്രേഷനിലൂടെ ആണു പ്രവേശനം. വനം വകുപ്പിന്റെ keralaforestecotourism.com എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. പരമാവധി 1,500 പേർക്കാകും ഓരോ ദിവസവും പ്രവേശനം. പൊന്മുടി സംസ്ഥാന ഹൈവേയിൽ കല്ലാർ മൊട്ടമൂടിനു സമീപം റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന സാഹചര്യത്തിൽ അപകടകരമല്ലാത്ത ഭാഗത്തു കൂടി മാത്രമേ ഗതാഗതം അനുവദിച്ചു. പൊന്മുടി മദ്യ നിരോധന മേഖലയാണ്. പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കുന്നതും ഒഴിവാക്കണം. കഴിഞ്ഞ സെപ്റ്റംബറിൽ വിതുര ഗ്രാമപ്പഞ്ചായത്തിലെ കല്ലാർ വാർഡിൽ 45 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണു പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരം നിർത്തി വച്ചത്. പിന്നാലെ ശക്തമായ മഴയിൽ മൊട്ടമൂടിനു സമീപം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിയുക കൂടി ചെയ്തതോടെ യാത്ര അസാധ്യമായി.

ക്രിസ്മസ്-പുതുവത്സര സീസണിലും പൊന്മുടി തുറന്നിരുന്നില്ല. ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ച് റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ടും, ഡി.എഫ്.ഒ യും, തഹസിൽദാറും നേരിട്ട് സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിനോദസഞ്ചാരകേന്ദ്രം തുറക്കാൻ തീരുമാനമാകുന്നത്. അപകടാവസ്ഥയിലുള്ള റോഡിന്റെ ഭാഗത്ത് പ്രത്യേക കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കല്ലാറിന്റെയും മറ്റ് അരുവികളുടെയും നനുത്ത തണുപ്പും കുന്നുകളുടെ ഹരിതശോഭയും നിമിഷ നേരം കൊണ്ട് എല്ലാം മറയ്ക്കുന്ന കോടമഞ്ഞുമാണ് പൊന്മുടിയുടെ പ്രധാന ആകർഷണങ്ങൾ. 22 ഹെയർ പിൻ വളവുകൾ കടന്നുവേണം പൊൻമുടിയുടെ നെറുകയിലെത്താൻ. ഈ വഴിയിൽ ഉടനീളം തേയിലത്തോട്ടങ്ങളും കാട്ടരുവികളും ഉൾപ്പെടെ കാഴ്ചകളുടെ ഘോഷയാത്രയാണ്. ചോലവനങ്ങളും പുൽമേടുകളുമാണ് പൊന്മുടിയുടെ അഴക്.