അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 2008ന് ശേഷമുള്ള ഉയർന്ന നിലവാരത്തിലെത്തി. ബ്രന്റ് ക്രൂഡ് വില 11.67 ഡോളർ ഉയർന്ന് ബാരലിന് 130 ഡോളറായി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 10.83 ഡോളർ കുതിച്ച് 126.51 ലുമെത്തി.റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി അമേരിക്കയും യൂറോപ്യൻ യൂണിയനും നിരോധിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് വില കുത്തനെ ഉയരാൻ കാരണം. ഇറാനിൽനിന്നുള്ള എണ്ണ വിപണിയിലെത്താൻ കാലതാമസമെടുക്കുമെന്നതും വിലകുതിക്കാൻ കാരണമായി.

യുഎസും യൂറോപ്യൻ സഖ്യകക്ഷികളും റഷ്യൻ എണ്ണയുടെ ഇറക്കുമതി നിരോധിക്കുന്നതു സംബന്ധിച്ച് കൂടിയാലോചന തുടരുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ക്രൂഡ് വിലയിൽ കുതിപ്പുണ്ടായത്.അസംസ്കൃത എണ്ണവില കുതിച്ചോടെ ഓഹരി വിപണി തകർച്ചനേരിട്ടു. ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലാണ്. 1000ലേറെ പോയന്റ് നഷ്ടത്തിലാണ് സെൻസെക്സിൽ വ്യാപാരം ആരംഭിച്ചത്.