അക്കാദമിക് പഠനത്തില്‍ തോറ്റവരാരും ജീവിതത്തില്‍ പരാജിതരല്ലെന്ന് പ്രശസ്ത കവി പി.കെ.ഗോപി. ലോകത്തിന് മാതൃകയായ പലരും പഠനം പാതിവഴിയില്‍ മുടങ്ങിയവരായിരുന്നു എന്നാല്‍ അവരില്‍ മിക്കവരും പിന്നീട് തുടര്‍പഠനത്തിലൂടെ ജീവിത വിജയം നേടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സാക്ഷരതാമിഷന്‍ സംഘടിപ്പിച്ച ‘ഗുരു ദക്ഷിണ’ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കുന്ന സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. നിരവധി ആളുകളുടെ ജീവിതമാണ് ഈ പദ്ധതിയിലൂടെ പ്രകാശമാനമാകുന്നതെന്നും പി.കെ.ഗോപി പറഞ്ഞു. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എന്‍.എം.വിമല അധ്യക്ഷത വഹിച്ചു.

സാക്ഷരതാമിഷന്‍ നടത്തുന്ന ഹയര്‍ സെക്കൻഡറി തുല്യതാ സപ്ലിമെന്ററി ഇംഗ്ലീഷ് പരീക്ഷ എഴുതാന്‍ സൗജന്യ പരിശീലനം നല്‍കി പഠിതാക്കള്‍ക്ക് മികച്ച മാര്‍ക്ക് നേടാന്‍ സഹായിച്ച ജീന രമേശന്‍, എ.കെ.നൂര്‍ഷ, എന്‍.വി.നാരായണന്‍, ജെ ലഞ്ജിഷ്, സന്ധ്യ രവീന്ദ്രന്‍, എന്‍.റീമ, സബിന സദു, വി.എസ്.സുജിഷ എന്നിവരെ സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.എച്ച്.സാബു ആദരിച്ചു. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി. ശാസ്ത പ്രസാദ്, ശശികുമാര്‍ ചേളന്നൂര്‍, പി.പി.സാബിറ, ഷൈനി ശ്രീരാജ്, ലിഷ ഉത്തമന്‍, പ്രീത നിരഞ്ജന്‍, ഫിറോസ്ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.