ദക്ഷിണകൊറിയയെ തകര്‍ത്ത് ബ്രസീല്‍,ഇരട്ട ഗോളുമായി നെയ്മര്‍.

സോള്‍: ദക്ഷിണകൊറിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ കരുത്തരായ ബ്രസീലിന് വമ്പന്‍ ജയം. ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് കാനറികള്‍ വിജയം നേടിയത്. സൂപ്പര്‍ താരം നെയ്മര്‍ ഇരട്ടഗോളടിച്ചപ്പോള്‍ റിച്ചാര്‍ലിസണും ഫിലിപ്പെ കുടീന്യോയും ഗബ്രിയല്‍ ജെസ്യൂസും ഓരോ ഗോള്‍ വീതം നേടി.

ഇന്ത്യന്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍, ബിടെക്കുകാര്‍ക്കും അവസരങ്ങള്‍.

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാവാന്‍ അവസരം. സ്‌കെയില്‍ I, II, III, IV തസ്തികകളിലെ 312 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സീനിയര്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ചീഫ് മാനേജര്‍ തസ്തികകളിലാണ്. ഒഴിവ്. ആകെയുള്ള ഒഴിവുകളില്‍ 150 എണ്ണം ഇന്‍ഡസ്ട്രിയില്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ തസ്തികയിലാണ്. അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്‌സൈറ്റ്: http://www.indianbank.in/

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 14

ജൂൺ 3 ലോക സൈക്കിൾ ദിനം.

മനുഷ്യര്‍ക്കിടയിലെ പ്രിയപ്പെട്ട ഗതാഗത  മാര്‍ഗങ്ങളിലൊന്നാണ് സൈക്ലിംഗ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും എല്ലാം സൈക്ലിംഗ് ഗുണകരമാണ്. നമ്മെ ഊർജസ്വലരായി നിലനിർത്തുന്ന മികച്ച വ്യായാമം കൂടിയാണിത്. ആരോഗ്യകരമായ ജീവിതശൈലിയും ഇതുവഴി നേടിയെടുക്കാൻ സാധിക്കും. സൈക്കിളുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂൺ 3 ന് ലോക സൈക്കിൾ ദിനമായി (World Bicycle Day) ആചരിക്കുകയാണ്. 

കപ്പവില 60 രൂപയിലേക്ക്.

പന്തളം: കപ്പയുടെ വില കിലോഗ്രാമിന് 20 രൂപയില്‍നിന്ന് 60 ആയി ഉയര്‍ന്നു. ഈ വിലയ്ക്കുപോലും കിട്ടാത്ത സ്ഥിതിയുമുണ്ട്. മുന്‍വര്‍ഷത്തെ വിലയിടിവ് കാട്ടുപന്നിശല്യം, കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം കൃഷി കുറഞ്ഞതാണ് കപ്പവില കൂടാന്‍ കാരണം. അടുത്ത കാലത്തെ ഏറ്റവുംവലിയ വിലയാണിപ്പോള്‍. വിലക്കയറ്റം സംഭരണത്തെയും കപ്പകൊണ്ടുള്ള വിഭവനിര്‍മാണത്തെയും പ്രതികൂലമായി ബാധിക്കും.

പൗരത്വ നിയമ ഭേദഗതി.

പൗരത്വ നിയമ  ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളം മുൻപു സ്വീകരിച്ച നിലപാടിൽ ഉറച്ചു നിൽക്കുമെന്നും ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾക്കു വിരുദ്ധമായി പൗരത്വം നിർണയിക്കാൻ ആർക്കും അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വലിയ തോതിൽ വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഒരു വിഭാഗം ജനങ്ങളിൽ പ്രത്യേകമായ അരക്ഷിതാവസ്ഥയും ആശങ്കയുമുണ്ടാക്കുന്നുണ്ട്. മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുക എന്നതു രാജ്യത്തിനു ചേരുന്ന നടപടിയല്ല. പൗരത്വം മതാടിസ്ഥാനത്തിൽ നിർണയിക്കേണ്ട ഒന്നല്ല. ഇതു സംബന്ധിച്ച കേന്ദ്ര നിലപാടിൽ രാജ്യത്ത് ആദ്യമേ അറച്ചുനിൽപ്പില്ലാതെ നിലപാടു പരസ്യമായി പ്രഖ്യാപിച്ച സംസ്ഥാനമാണു കേരളം. പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ല എന്നായിരുന്നു നിലപാട്. ഇതുമായി ബന്ധപ്പെട്ടു വലിയ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. കേന്ദ്രം നിലപാടെടുത്താൽ അതിൽനിന്നു വ്യത്യസ്തമായ നിലപാടു സ്വീകരിക്കാൻ സംസ്ഥാനത്തിനാകുമോ എന്നായിരുന്നു ചോദ്യങ്ങൾ. അവിടെയാണ് ബദലിന്റെ കാമ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷത സംരക്ഷിക്കാനാണു ഭരണഘടന നിലകൊള്ളുന്നത്. മതനിരപേക്ഷതയാണു ഭരണഘടന ഉറപ്പുനൽകുന്നത്. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾക്കു വിരുദ്ധമായി പൗരത്വം നിർണയിക്കാൻ ആർക്കും അധികാരമില്ല. അത്തരം പ്രശ്നം ഉയർന്നുവരുമ്പോൾ ഭരണഘടനയാണ് ഉയർന്നു നിൽക്കുന്നത്. ഭരണഘടനയിലെ കാര്യങ്ങൾവച്ചാണു കേരളം നിലപാടെടുത്ത.് വീണ്ടും പലഘട്ടങ്ങളിലായി ഇത്തരം ഒരുപാടു പ്രഖ്യാപനങ്ങൾ ഉത്തരവാദപ്പെട്ട പലരിൽനിന്നും പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു വന്നിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം സംസ്ഥാനം സംസ്ഥാനത്തിന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണു ചെയ്തിട്ടുള്ളത്. ഇനിയും അതുതന്നെയാകും തുടരുക. നമ്മുടെ രാജ്യത്ത് പലേടങ്ങളിലായി പലതരത്തിലുള്ള സർവെകൾ നടക്കുകയാണ്. അത് ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉതകുന്ന സർവേകൾകൂടിയാണ്. ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള സർവെകൾ നടക്കുന്ന റിപ്പോർട്ടുകൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ലാബ് ടെക്‌നീഷ്യന്‍ നിയമനം.

ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി. മെഡിക്കല്‍ കോളജില്‍ മൈക്രോബോളജി വിഭാഗത്തിലെ എസ്.ആര്‍.എല്ലില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിൽ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനം നടത്തുന്നു. യോഗ്യത: പ്ലസ് ടൂ, ഡി.എം.എല്‍.റ്റി. പ്രായം 25 നും 40നും മധ്യേ. യോഗ്യരായവര്‍ ജൂൺ എട്ടിന്‌ രാവിലെ 11ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍  ഹാജരാക്കണം.

 

വംശമറ്റുവെന്ന് കരുതിയ കശ്മീര്‍ സ്റ്റാഗുകളുടെ കൂട്ടത്തെ കണ്ടെത്തി .

പ്രകൃതിസ്‌നേഹികള്‍ക്ക് ആഹ്ലാദത്തിനു വകനല്‍കി കശ്മീര്‍ സ്റ്റാഗ് എന്ന ചെങ്കലമാനിന്റെ തിരിച്ചുവരവ്. വംശമറ്റുവെന്നു കരുതിയിരുന്ന ഈ മാന്‍വര്‍ഗത്തിന്റെ കൂട്ടത്തെ ജമ്മുകശ്മീരിലെ ഡാചിഗാം ദേശീയോദ്യാനത്തില്‍  കണ്ടെത്തി. കശ്മീരികള്‍ ഹംഗുല്‍ എന്നുവിളിക്കുന്ന ചെങ്കലമാനിന്റെ ലോകത്തെ ഏകതാവളമാണ് പടിഞ്ഞാറന്‍ ഹിമാലയത്തിലെ സബര്‍വന്‍ മലനിരകളിലുള്ള ഡാചിഗാം ദേശീയോദ്യാനം. സമുദ്രനിരപ്പില്‍നിന്ന് 5,499 – 14,000 അടി ഉയരത്തിലാണിത്.

ഡെപ്യൂട്ടേഷൻ ഒഴിവ്.

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഒഴിവുള്ള സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന അപേക്ഷ ക്ഷണിച്ചു.
സീനിയർ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയൽ നിന്നും നേടിയ ഹോമിയോപ്പതി ഡിഗ്രി അഥവാ കേരളത്തിലെ സർവകലാശാലകളോ കേരളാ ഗവൺമെന്റോ തത്തുല്യമായി അംഗീകരിച്ചതോ അഥവാ 1973ലെ ഹോമിയോപ്പതിക് സെൻട്രൽ കൗൺസിൽ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള തത്തുല്യമായ മറ്റേതെങ്കിലും ഡിഗ്രി എന്നിവയാണ് യോഗ്യത.  അപേക്ഷകൾ പ്രിൻസിപ്പാൾ ആന്റ് കൺട്രോളിംഗ് ഓഫീസർ, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ഐരാണിമുട്ടം, തിരുവനന്തപുരം-695009 എന്ന വിലാസത്തിൽ ജൂൺ 20 നകം ലഭിക്കണം.

ഇ-മെയിൽpcodhme@gmail.com.

ആർ.സി.സിയിൽ കൺസൾട്ടന്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, പൾമണോളജിസ്റ്റ് സ്‌പെഷ്യാലിറ്റികളിലേക്ക് ഓൺകോൾ അടിസ്ഥാനത്തിൽ കൺസൾട്ടന്റ് ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 18.

വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍വി.ആര്‍.എസ് പ്രഖ്യാപിച്ച്‌ എയര്‍ഇന്ത്യ.

ന്യൂഡല്‍ഹി: ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ വി.ആര്‍.എസ്(സ്വയം പിരിഞ്ഞു പോകല്‍ പദ്ധതി) പ്രഖ്യാപിച്ച്‌ എയര്‍ഇന്ത്യ. ഇതുവഴി 3000 ജീവനക്കാരെ കുറയ്ക്കാനാവുമെന്നാണ് എയര്‍ ഇന്ത്യ കരുതുന്നത്. 55 വയസ്സ് തികഞ്ഞവര്‍ക്കും അതുപോലെ 20 വര്‍ഷം സ്ഥിരമായി ജോലി ചെയ്തവര്‍ക്കും വി.ആര്‍.എസിന് യോഗ്യതയുണ്ടായിരിക്കുമെന്ന് എയര്‍ഇന്ത്യാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പൈലറ്റുമാര്‍ക്ക് വി.ആര്‍.എസിനുള്ള അവസരമുണ്ടാവില്ല. നിലവില്‍ 12085 ജീവനക്കാരാണ് എയര്‍ഇന്ത്യയ്ക്കുള്ളത്. ഇതില്‍ 8084 പേര്‍ സ്ഥിര ജീവനക്കാരും 4001 പേര്‍ താല്‍ക്കാലിക ജീവനക്കാരുമാണ്. എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സമയത്ത് തന്നെ വി.ആര്‍.എസിന് സര്‍ക്കാര്‍ സന്നദ്ധ പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇത് സാധിച്ചിരുന്നില്ല.

Verified by MonsterInsights