സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ 1084 ഓണച്ചന്തകൾ.

കുടുംബശ്രീയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണചന്തകളുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണിത്. 1070 സി.ഡി.എസ് തല ഓണം വിപണന മേളകളും പതിനാല് ജില്ലാതല മേളകളും ഉൾപ്പെടെ  സംസ്ഥാനത്ത് 1084 വിപണന മേളകൾ സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓണം വിപണന മേളയുടെ തയ്യാറെടുപ്പുകൾ, സംഘാടനം, സാമ്പത്തിക സഹായം എന്നിവ സംബന്ധിച്ച് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഓണത്തോടനുബന്ധിച്ച് ജില്ലാമിഷൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സി.ഡി.എസ്തല വിപണന മേളകൾക്കാണ് ഈ വർഷം മുൻതൂക്കം നൽകുന്നത്. ഇതോടൊപ്പം ജില്ലാതല ഓണം വിപണന മേളകളും ഉണ്ടാകും. മൂന്നു മുതൽ അഞ്ചു ദിവസം വരെ ഓണച്ചന്തകൾ നടത്താനാണ് നിർദേശം. ഗ്രാമ സി.ഡി.എസുകൾക്കൊപ്പം നഗര സി.ഡി.എസുകളും ഓണച്ചന്തകളുടെ സംഘാടനത്തിൽ സജീവമാകും.

ഓണാഘോഷത്തിന് ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ഓരോ അയൽക്കൂട്ടത്തിൽ നിന്നും ഒരുൽപന്നമെങ്കിലും വിപണന മേളകളിൽ എത്തിച്ചു കൊണ്ട് സംരംഭകർക്ക് പരമാവധി വരുമാനം ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.ഓണം വിപണന മേളകൾ സംഘടിപ്പിക്കുന്നതിന്  ജില്ലാതലത്തിൽ ഒരു ലക്ഷം രൂപയും നഗര സി.ഡി.എസ് തലത്തിൽ 15,000 രൂപയും ഗ്രാമപഞ്ചായത്ത്തലത്തിൽ 12,000 രൂപ വീതവും കുടുംബശ്രീ നൽകും. ജില്ലാ പ്രോഗ്രാം മാനേജർമാർ, മൈക്രോ എൻറർപ്രൈസ് കൺസൾട്ടൻറ്മാർ എന്നിവരുടെ നേതൃത്വത്തിൽ കാർഷിക സൂക്ഷ്മസംരംഭ മേഖലയിലുള്ള എല്ലാ വ്യക്തിഗത-ഗ്രൂപ്പു സംരംഭകരുടെയും പൂർണ പങ്കാളിത്തവും  ഓണച്ചന്തയിൽ ഉറപ്പാക്കും. ഓരോ സി.ഡി.എസിലും നേടുന്ന വിറ്റുവരവ് രേഖപ്പെടുത്തുന്നതിന് പ്രത്യേക ബില്ലിങ്ങ് സംവിധാനവും  ഏർപ്പെടുത്തുന്നുണ്ട്. മാർഗ നിർദേശ പ്രകാരം  ഓണച്ചന്തകളുടെ ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ മിഷനുകളുടെ തയ്യാറെടുപ്പ് യോഗങ്ങൾ, സംഘാടക സമിതി രൂപീകരണം, സംരംഭക യോഗങ്ങൾ എന്നിവയും ഉടൻ പൂർത്തീകരിക്കും. കൂടാതെ ജില്ലകളിൽ സപ്‌ളൈക്കോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപണന മേളകളിലും കുടുംബശ്രീ സ്റ്റാളുകൾ പ്രവർത്തിക്കും.  

കുട്ടികൾക്കിടയിൽ വ്യാപകമായി തക്കാളിപ്പനി, ലക്ഷണങ്ങൾ നിസ്സാരമാക്കരുത്.

കേരളത്തിലുൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ തക്കാളിപ്പനി പടരുന്ന സാഹചര്യത്തിൽ ജാ​ഗ്രതാ നിർദേശവുമായി കേന്ദ്രആരോ​ഗ്യ മന്ത്രാലയം. നൂറോളം കേസുകളാണ് നിലവിൽ കേരളം, തമിഴ്നാട്, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മേയ് ആറിനും ജൂലായ് 26-നുമിടയിൽ 82 കേസുകളാണ് കൊല്ലം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത്. ഒഡിഷയിലും 26 പേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച്ച കേന്ദ്രം ജാ​ഗ്രതാ നിർദേശം പുറത്തിറക്കിയത്ഒരുവയസ്സിനും പത്തുവയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന തക്കാളിപ്പനിക്ക് സാർസ് കോവ്-2 വൈറസ്, മങ്കിപോക്സ്, ഡെങ്കി, ചിക്കുൻ​ഗുനിയ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രം പുറത്തിറക്കിയ നിർദേശങ്ങളിൽ വ്യക്തമാക്കുന്നു. എന്നാൽ മറ്റ് വൈറൽ രോ​ഗങ്ങളിൽ കാണപ്പെടുന്ന പനി, ക്ഷീണം, ശരീരവേദന, ചർമത്തിലെ പാടുകൾ തുടങ്ങിയവ കാണപ്പെടാം. ശരീരശുചിത്വവും വൃത്തിയുമാണ് രോ​ഗത്തെപ്രതിരോധിക്കാനുള്ള പ്രധാന മാർ​ഗമെന്നും വ്യക്തമാക്കുന്നുണ്ട്. രോ​ഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവ മറ്റുള്ളവരിൽ പടരാതിരിക്കാൻ അഞ്ചുമുതൽ ഏഴുദിവസത്തോളം ഐസൊലേഷനിലിരിക്കാനും നിർദേശമുണ്ട്.

koottan villa

 കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്. ഈ രോഗം തക്കാളിപ്പനി എന്ന പേരിലും അറിയപ്പെടാറുണ്ട്. പൊതുവിൽ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. അപൂർവമായി ഈ രോഗം മുതിർന്നവരിലും കാണാറുണ്ട്.പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ശക്തമായ തുടർച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കുക

 രോഗപ്പകർച്ച

രോഗബാധിതരിൽ നിന്നും നേരിട്ടാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗം ബാധിച്ച കുഞ്ഞുങ്ങളിൽ നിന്ന് മൂക്കിലേയും തൊണ്ടയിലെയും സ്രവം വഴിയോ, ഉമിനീർ, തൊലിപ്പുറമെയുള്ള കുമിളകളിൽ നിന്നുള്ള സ്രവം, രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്പർക്കം വഴിയോ മറ്റൊരാളിലേക്ക് പകരുന്നു. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും രോഗം പകരാം.

ചികിത്സ

സാധാരണഗതിയിൽ ഒരാഴ്ച മുതൽ പത്ത് ദിവസം കൊണ്ട് രോഗം പൂർണമായും മാറും. രോഗം വന്ന് കഴിഞ്ഞാൽ ലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സിക്കുന്നത്. കുഞ്ഞിന്റെ അസ്വസ്ഥത കുറയ്ക്കുന്നതിനും രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.

പരിചരണം

രോഗം വന്ന കുഞ്ഞുങ്ങളുടെ ശരീരം എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കണം. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച് കുമിള പൊട്ടിക്കരുത്. വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുക്കാം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. ദേഹത്തു വരുന്ന കുരുക്കൾ ചൊറിഞ്ഞുപൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റു കുട്ടികൾ ഉപയോഗിക്കാൻ അനുവദിക്കരുത്.

പ്രതിരോധം

മലമൂത്ര വിസർജനത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകാൻ കുട്ടികളെ പഠിപ്പിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ, വൈറസ് പടരാതിരിക്കാൻ മൂക്കും വായും മൂടുകയും ഉടൻ കൈ കഴുകഴുകയും വേണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നവർ തൊടുന്നതിന് മുൻപും ശേഷവും കൈ സോപ്പിട്ട് കഴുകുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയും. രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്കൂളുകളിലും വിടരുത്. വീട്ടിലെ മറ്റ് കുട്ടികളുമായുള്ള ഇടപെടൽ ഈ കാലയളവിൽ ഒഴിവാക്കുക

.

സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസ്‌ക് ഫണ്ടിൽ നിന്ന് 12.35 കോടി അനുവദിച്ചു.

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടു മാസത്തെ 1323 അപേക്ഷകൾ പരിഗണിച്ച് 12.35 കോടി അനുവദിച്ചതായി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു.  സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ എടുത്ത ശേഷം ഗുരുതരമായ അസുഖം ബാധിക്കുകയോ മരണപ്പെടുകയോ ചെയ്തവർക്കാണ് ബോർഡിൽ നിന്നും ധനസഹായം ലഭിക്കുന്നത്.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 16,105 അപേക്ഷകളിലായി 137.07 കോടി രൂപ ബോർഡിൽ നിന്ന് സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ, അംഗ സംഘങ്ങളുടെ പുനരുദ്ധാരണ വായ്പാ പദ്ധതി പ്രകാരം 26 സഹകരണ സംഘങ്ങൾക്കായി 24.48 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. ഇതിൽ, തൃശൂരിലെ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് അനുവദിച്ച 10 കോടിയും ഉൾപ്പെടുന്നു.

റിസ്‌ക്ഫണ്ട് മരണാനന്തര ധനസഹായം രണ്ടു ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷം രൂപയാക്കി ഉയർത്തുന്നതിനു ചികിത്സാ ധനസഹായം ഒരു ലക്ഷത്തിൽ നിന്ന് 1.25 ലക്ഷമാക്കി വർധിപ്പിക്കാൻ തീരുമാനിച്ച് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ഒരു വായ്പക്കാരൻ ഇതര സംഘങ്ങളിൽ നിന്നോ ഒരു സംഘത്തിൽ നിന്നോ എടുക്കുന്ന എല്ലാ വായ്പകളിലുമായി അനുവദിച്ചു പോരുന്ന മരണാനന്തര ധനസഹായം അഞ്ച് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമായി വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 26 മുതൽ

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഈ വർഷത്തെ ഓണം സ്‌പെഷ്യൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ വകുപ്പു മന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും.

ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലയ്ക്ക് ലഭ്യമാക്കി വിപണിയിലെ വിലവർദ്ധനവ് പിടിച്ചുനിർത്തുന്നതിന് ലക്ഷ്യമാക്കിയാണ് സർക്കാർ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഓണം ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ മെട്രോ ഫെയറുകളും മറ്റ് ജില്ലാ ആസ്ഥാനങ്ങളിൽ ഓണം ഫെയറുകളും ഓഗസ്റ്റ് 27 മുതൽ ആരംഭിക്കും. താലൂക്ക്/നിയോജകമണ്ഡല തലത്തിലുള്ള ഫെയറുകൾ സെപ്റ്റംബർ 2 മുതൽ 7 വരെ സംഘടിപ്പിക്കും.

koottan villa

കാർഷിക സഹകരണസംഘം ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ വിൽപന നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. മീറ്റ് പ്രോഡക്ട്‌സ് ഓഫ് കൈത്തറി ഉല്പന്നങ്ങൾ എന്നിവ മേളയിൽ വിൽപ്പനയ്ക്ക് തയ്യാറാക്കിയിട്ടുണ്ട്.

ഈ വർഷത്തെ ഓണക്കാലത്ത് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ‘സമൃദ്ധി’ എന്ന പേരിൽ 17 ഇനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ ഓണക്കിറ്റ് തയാറാക്കി വിപണനം നടത്തും. 1,000 രൂപ വിലയുള്ള സപ്ലൈകോയുടെ സമൃദ്ധി ഓണക്കിറ്റ് 900 രൂപയ്ക്ക് ലഭിക്കും. ഇതിന്റെ ഉദ്ഘാടനവും ഫെയറിൽ മുഖ്യമന്ത്രി നിർവഹിക്കും. വിവിധ സർക്കാർ ഓഫീസുകൾ, റസി ഡൻസ് അസോസിയേഷനുകൾ, സഹകരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഓർഡർ സ്വീകരിച്ച് കിറ്റുകൾ നേരിട്ടെത്തിക്കും.

മാര്‍ ആഗസ്തീനോസ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ 2022-23 വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനവും ബ്ലോക്ക് ചെയിന്‍, ക്രിപ്‌റ്റോ കറന്‍സി എന്നീ വിഷയങ്ങളില്‍ സെമിനാറും നടന്നു.

സെമിനാര്‍ നടന്നു
രാമപുരം: മാര്‍ ആഗസ്തീനോസ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ 2022-23 വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനവും ബ്ലോക്ക് ചെയിന്‍, ക്രിപ്‌റ്റോ കറന്‍സി എന്നീ വിഷയങ്ങളില്‍ സെമിനാറും നടന്നു. ഐ.ഐ.ഐ.റ്റി. കോട്ടയം സൈബര്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്.ഒ.ഡി. ഡോ. പഞ്ചമി വി. ഉദ്ഘാടനം നിര്‍വ്വഹിച്ചു ക്ലാസുകള്‍ നടത്തി. കോളേജ് മാനേജര്‍ റവ. ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍ അദ്ധ്യക്ഷനായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. പ്രകാശ് ജോസഫ്, അമീഷ ജോഷി, റിച്ചാര്‍ഡ് കുര്യന്‍, സിയ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മാര്‍ ആഗസ്തീനോസ് കോളേജ് കമ്പൂട്ടര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ഐ.ഐ.ഐ.റ്റി. കോട്ടയം സൈബര്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്.ഒ.ഡി. ഡോ. പഞ്ചമി വി. നിര്‍വ്വഹിക്കുന്നു. പ്രകാശ് ജോസഫ്, സുനില്‍ കെ. ജോസഫ്, റോണ്‍ ജോസഫ്, റവ. ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍, ഡോ. ജോയി ജേക്കബ്, അര്‍ച്ചന എം., സോണി ഇ.എസ്. തുടങ്ങിയവര്‍ സമീപം

സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ്’

‘കോഴിക്കോടിനെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി പ്രഖ്യാപിച്ചു. അക്കൗണ്ടുള്ള എല്ലാവര്‍ക്കും ഒരു ഡിജിറ്റല്‍ ഇടപാട് സൗകര്യമെങ്കിലും ഒരുക്കിക്കൊടുത്താണ്  ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് എന്ന നേട്ടം സ്വന്തമാക്കിയത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി മുഹമ്മദ് റഫീഖ് പ്രഖ്യാപനം നടത്തി.

കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ഡിജിറ്റല്‍ ബാങ്കിങിലേക്ക് മാറുന്നതിലേക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണ്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോട്ടയത്തും തൃശൂരും സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് നടപ്പാക്കിയത് വിജയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജില്ലയിലും പദ്ധതി നടപ്പാക്കിയത്.

വ്യക്തിഗത ഇടപാടുകാർക്കിടയിൽ ഡെബിറ്റ് കാർഡ്, മൊബൈൽ ബാങ്കിങ്‌, ഇന്റർനെറ്റ് ബാങ്കിങ്‌, യുപിഐ, ആധാർ അധിഷ്ഠിത പണമിടപാട് സേവനങ്ങളും സംരംഭകർക്കും വ്യവസായികൾക്കുമിടയിൽ നെറ്റ് ബാങ്കിങ്‌, ക്യുആർ കോഡ്, പിഒഎസ് മെഷീൻ തുടങ്ങിയ സേവനങ്ങളും പ്രചരിപ്പിച്ച് ബാങ്കിങ്‌ ഇടപാടുകൾ 100 ശതമാനം ഡിജിറ്റലൈസ് ചെയ്യാനുള്ള യജ്ഞമാണ് ജില്ലയിലെ ലീഡ് ബാങ്കായ കാനറാ ബാങ്കിന്റെ നേതൃത്വത്തിൽ പരിസമാപ്തിയിലെത്തിയത്. 

പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും മേഖല റൂറല്‍ ബാങ്കും കേരള ബാങ്കും സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ഉള്‍പ്പെടെ ജില്ലയില്‍ 34 ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ ബാങ്കുകളിലുള്ള 38 ലക്ഷം അക്കൗണ്ടുകള്‍ക്ക് ചുരുങ്ങിയത് ഒരു ഡിജിറ്റല്‍ സൗകര്യം എങ്കിലും നല്‍കിയാണ് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ്ങിലേക്ക് കടന്നത്. 

ച‌ടങ്ങിൽ എസ്.എൽ.ബി.സി കൺവീനർ ആൻഡ് ജനറൽ മാനേജർ കനറാ ബാങ്ക് എസ്.പ്രേംകുമാർ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആർ.ബി.ഐ ജനറൽ മാനേജർ സിഡ്രിക് ലോറൻസ്, കനറാ ബാങ്ക് റീജ്യണൽ ഹെഡ് ഡോ. ടോംസ് വർ​ഗീസ്, തിരുവനന്തപുരം ആർ.ബി.ഐ അസിസ്റ്റന്റ് ജനറൽ മാനേജർ പ്രദീപ് കൃഷ്ണൻ മാധവ്, റിട്ടയേർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ മോഹനൻ കോറോത്ത് എന്നിവർ സംസാരിച്ചു. ലീഡ് ബാങ്ക് മാനേജർ ടി.എം മുരളീധരൻ സ്വാ​ഗതവും ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അയോണ ജോർജ്ജ് നന്ദിയും പറഞ്ഞു.

സർക്കാർ സ്കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും; സെപ്റ്റംബർ 2 മുതൽ അവധി.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ( ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍) ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, സ്‌പെഷല്‍ സ്‌കൂള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്.  എല്‍പി സ്‌കൂള്‍ പരീക്ഷകള്‍ 28 മുതലാണ് നടക്കുക. കൂളിങ് ഓഫ് സമയം ഉള്‍പ്പെടുത്തിയാണ് പരീക്ഷാ ടൈംടേബിള്‍ തയ്യാറാക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ ഒന്നിനാണ് പരീക്ഷകള്‍ അവസാനിക്കുന്നത്.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകളില്‍ ഓണപ്പരീക്ഷ നടക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. ഏതെങ്കിലും പരീക്ഷാദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ സെപ്റ്റംബര്‍ രണ്ടിന് നടത്തും.

പാഠ്യപദ്ധതി രൂപീകരണത്തിൽ ജനകീയ അഭിപ്രായങ്ങളെ സർക്കാർ സ്വാഗതം ചെയ്യുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി പാഠ്യപദ്ധതി രൂപീകരണം സാധ്യമാക്കുന്നതിന് ജനകീയ അഭിപ്രായങ്ങളെ സർക്കാർ സ്വാഗതം ചെയ്യുകയാണെന്ന് ഭക്ഷ്യ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അഭിപ്രായപ്പെട്ടു. സ്‌കൂൾ പാഠ്യപദ്ധതികളുടെ പരിഷ്‌കരണത്തിന് ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

60 ലക്ഷത്തോളം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ മേഖലയാണ് സംസ്ഥാനത്തിന്റേത്. പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന്  സംസ്ഥാന സർക്കാരിന്റെ പരിശ്രമങ്ങൾ തുടരുകയാണ്. പണമുള്ളവർക്ക് മാത്രം വിദ്യാഭ്യാസം എന്ന ചിന്ത മാറ്റി എല്ലാവർക്കും മികച്ച വിദ്യാഭ്യാസം സാധ്യമാക്കുകയാണ് ഈ സർക്കാർ ചെയ്തത്. ഇതിന് നല്ല  ജനസ്വീകാര്യത ലഭിച്ചതുകൊണ്ടാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ നമ്മുടെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് തിരികെയെത്തിയത്. 100 ശതമാനം വിജയം എന്നതുപോലെ 100 ശതമാനം എപ്ലസ് നേടുന്ന സ്‌കൂളുകൾ എന്ന ലക്ഷ്യത്തിലേക്കാണ് കേരളം മാറിക്കൊണ്ടിരിക്കുന്നത്. പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തുവാൻ വിദ്യാർത്ഥികളെ സഹായിച്ചതിൽ വിദ്യാലയങ്ങൾക്കും പി.ടി.എ കൾക്കും  വലിയ പങ്കാണുള്ളത്.

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധയും പരിശീലനവും നൽകുവാൻ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് സാധിച്ചു. വിദ്യാഭ്യാസ മേഖലയിൽ അന്തർദേശീയ നിലവാരത്തിലാണ് കേരളത്തിന്റെ സ്ഥാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും അനുബന്ധ സ്ഥാപനങ്ങളും സംയുക്തമായാണ് പാഠ്യപദ്ധതി രൂപീകരണത്തിന് ജനകീയ ചർച്ചകൾക്ക്  ആഭിമുഖ്യം വഹിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പ്രീ പ്രൈമറി, സ്‌കൂൾ, അധ്യാപകർ മുതിർന്നവർ എന്നിങ്ങനെ നാല് മേഖലകളിലെ പഠിതാക്കൾക്കുള്ള പാഠ്യപദ്ധതി ചർച്ചകൾക്കാണ് തുടക്കമാകുന്നത്. ഇതിനായി പ്രത്യേക പി ടി എ, കുടുംബശ്രീ യോഗങ്ങൾ സംഘടിപ്പിക്കും. ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള നേരറിവുകളും ചട്ടക്കൂടുകളും 2023 സെപ്റ്റംബറോടെ  പ്രസിദ്ധീകരിക്കാൻ കഴിയും. ജനകീയ ചർച്ചയിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാഭ്യാസ സാഹചര്യമാണ്  കേരളത്തിന്റെ ലക്ഷ്യമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ  ജീവൻ ബാബു, സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഡയറക്ടർ ഡോ.എ.ജി.  ഒലീന, സമഗ്രശിക്ഷ കേരളം ഡയറക്ടർ ഡോ.എ.ആർ. സുപ്രിയ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

koottan villa

ജമ്മു കശ്മീരിലെ കത്രയില്‍ 3.9 തീവ്രതയിൽ ഭൂചലനം.

അമിതമായ വിശപ്പ് അനുഭവപ്പെടാതിരിക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…

 അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ചില ഭക്ഷണങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
 ആഹാരം കഴിക്കുന്നതിന് കൃത്യമായ സമയം പാലിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. എന്നാല്‍, ചിലര്‍ക്ക് എത്ര കൃത്യമായി ഭക്ഷണം കഴിച്ചാലും വിശപ്പ് അടങ്ങാതിരിക്കും. ഇടവിട്ട് എന്തെങ്കിലും കഴിക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കുന്ന അവസ്ഥ. ഇത് പെട്ടെന്ന് തന്നെ ശരീഭാരം വര്‍ധിപ്പിക്കാനും വിവിധ അസുഖങ്ങളിലേക്ക് നയിക്കാനുമെല്ലാം കാരണമാകാം.
 അതുകൊണ്ട് തന്നെ അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ചില ഭക്ഷണങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

[ ഒന്ന്…

ബദാം: ബദാം ആന്‍റി ഓക്സിഡന്‍റുകളുടെയും വൈറ്റമിൻ-ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബര്‍ എന്നിവയുടെയെല്ലാം സ്രോതസാണ് ബദാം. വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കാനും ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കാനും ഇത് സഹായകമാണ്.


രണ്ട്…

തേങ്ങ : വിശപ്പിനെ ശമിപ്പിക്കാനും പിന്നീട് ഭക്ഷണം അമിതമായി കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനും തേങ്ങയ്ക്ക് കഴിയും. ശരീരത്തിലെ കൊഴുപ്പ് എരിയിച്ചുകളയുന്നതിനും കലോറി കുറയ്ക്കുന്നതിനുമെല്ലാം ഇത് സഹായകമാണ്.

മൂന്ന്…

മുളപ്പിച്ച വെള്ളക്കടല : പ്രോട്ടീനിനാലും ഫൈബറിനാലും സമ്പന്നമായ മുളപ്പിച്ച വെള്ളക്കടല വിശപ്പിനെ ശമിപ്പിക്കാൻ ഏറെ സഹായകമാണ്. ബ്രേക്ക്ഫാസ്റ്റായി ഇത് കഴിച്ചാല്‍ വളരെ നല്ലത്. വിശപ്പിനെ സൃഷ്ടിക്കുന്ന ഹോര്‍മോണുകളുടെ തോത് കുറയ്ക്കുന്നതിനും ഇതിന് സാധ്യമാണ്.

നാല്…

മോര് : വിശക്കുമ്പോള്‍ അല്‍പം മോരെടുത്ത് കുടിച്ചാലോ! വയര്‍ ഒന്നുകൂടി എരിയാനല്ലേ ഇത് കാരണമാകൂ എന്നാണോ ചിന്തിക്കുന്നത്. പലരും ഇങ്ങനെ ധരിക്കാറുണ്ട്. എന്നാല്‍ മോര് വിശപ്പിനെ ശമിപ്പിക്കാൻ പറ്റിയൊരു പാനീയമാണ്. പ്രോട്ടീൻ- കാത്സ്യം എന്നിവയാല്‍ സമ്പന്നമായ മോര് പെട്ടെന്ന് തന്നെ ഉന്മേഷവും നല്‍കും.


 അഞ്ച്…

പച്ചക്കറി ജ്യൂസുകളും ഫ്ളാക്സ് സീഡ്സും: ആരോഗ്യകാര്യങ്ങളില്‍ അല്‍പമെങ്കിലും ജാഗ്രത പുലര്‍ത്തുന്നവരാണെങ്കില്‍ അവര്‍ക്ക് വളരെ അനുയോജ്യമാണിത്. വിശപ്പിനെ ശമിപ്പിക്കാൻ പച്ചക്കറികളുടെ ജ്യൂസും കൂട്ടത്തില്‍ അല്‍പം ഫ്ളാക്സ് സീഡ്സും കഴിക്കുക. ആന്‍റി ഓക്സിഡന്‍റുകളാലും ഫൈബറിനാലും സമ്പന്നമാണിവ. ആരോഗ്യകരമായ കൊഴുപ്പ് ലഭിക്കുന്നതിനാണ് പ്രധാനമായും ഫ്ളാക്സ് സീഡ്സ് കഴിക്കുന്നത്

Verified by MonsterInsights