സപ്ലൈകോ ജീവനക്കാർക്ക് 8.33 ശതമാനം ബോണസ് നൽകും.

കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് 8.33 ശതമാനം ബോണസായി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 30 ദിവസത്തിൽ കുറയാതെ ഹാജരുള്ളവരും 24,000 രൂപ വരെ പ്രതിമാസ ശമ്പളവുമുള്ളവരുമായ സപ്ലൈകോയുടെ സ്ഥിരം ജീവനക്കാർക്കാണ് ബോണസ് നൽകുന്നത്. ഏഴായിരം രൂപ എന്ന പരിധിക്ക് വിധേയമായാണ് ബോണസ് അനുവദിക്കുന്നത്. ഇതനുസരിച്ച് ജീവനക്കാർക്ക് 6,996 രൂപയാണ് ബോണസായി ലഭിക്കുക. സപ്ലൈകോയിൽ ഡെപ്യൂട്ടേഷനിലുള്ള സർക്കാർ ജീവനക്കാരിൽ 34,240 രൂപയിൽ അധികരിക്കാതെ ശമ്പളം ലഭിക്കുന്നവർക്ക് 4,000 രൂപ ബാണസായി നൽകാനും വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയിൽ ധാരണയായതായി മന്ത്രി അറിയിച്ചു.

സപ്ലൈകോയിലെ വിവിധ താത്കാലിക -കരാർ തൊഴിലാളികളിൽ 180 ദിവസം ഹാജരുള്ള 24,000 രൂപ വരെ ശമ്പളം പറ്റുന്ന തൊഴിലാളികൾക്ക് 3,750 രൂപ ബോണസായി ലഭിക്കും. കഴിഞ്ഞ വർഷം നൽകിയ 3,500 രൂപയിൽ നിന്ന് 250 രൂപ ഈ വർഷം ഈ വിഭാഗത്തിന് വർധിപ്പിച്ചു നൽകി. 180 ദിവസത്തിൽ കുറവ് ഹാജരുള്ളവർക്ക് ഹാജരിന് ആനുപാതികമായി ബോണസ് ലഭിക്കും. 24,000 രൂപയിൽ അധികം ശമ്പളമുള്ള സപ്ലൈകോയുടെ സ്ഥിരം-താൽകാലിക ജീവനക്കാർക്കും 34,240 രൂപയിൽ അധികം ശമ്പളമുള്ള ഡെപ്യൂട്ടേഷൻ ജീവനക്കാർക്കും സർക്കാർ നിശ്ചയിക്കുന്ന പ്രകാരമുള്ള ഉത്സവബത്ത ആയിരിക്കും ലഭിക്കുക.

.

സ്ഥിരം ജീവനക്കാർക്ക് 10 ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ 25,000 രൂപ ഫെസ്റ്റിവൽ അഡ്വാൻസ് അനുവദിക്കും. കൂടാതെ എല്ലാ വിഭാഗം ജീവനക്കാർക്കും 900 രൂപയുടെ സമ്മാനകൂപ്പൺ നൽകുന്നതാണ്. ഇത് ഉപയോഗിച്ച് സപ്ലൈകോയുടെ വിൽപനശാലകളിൽ നിന്ന് സാധനങ്ങൾ വാങ്ങാം. യോഗത്തിൽ സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. സഞ്ജീബ്കുമാർ പട്‌ജോഷി, ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും പങ്കെടുത്തു.

എല്ലാ വൈദ്യുത ഉപകരണങ്ങള്‍ക്കും ഒറ്റ ചാര്‍ജര്‍.

മൊബൈലുകൾ അടക്കമുള്ള എല്ലാ പോർട്ടബിൾ ഇലട്രോണിക് ഉപകരണങ്ങൾക്കും (electronic device) ‘പൊതു ചാർജ്ജർ’ (common charger) സംവിധാനം നടപ്പിലാക്കാനുള്ള സാധ്യതയെക്കുറിച്ചു പഠിക്കാൻ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തുമെന്ന് ‌കേന്ദ്ര സർക്കാർ. ഇ-മാലിന്യം (E waste) കുറക്കാനുള്ള ശ്രമങ്ങളുടെ  ഭാഗമായാണ് നീക്കം. മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒറ്റ ചാർജർ എന്നതാണ് ആശയം. ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായിരിക്കുന്നത്.ഇലക്ട്രോണിക്‌സ് പ്രോഡക്ട്‌സ് ഇന്നവേഷൻ കൺസോർഷ്യം (ഇപിഐസി) ഫൗണ്ടേഷൻ ചെയർമാനും എച്ച്‌സിഎൽ സ്ഥാപകനുമായ അജയ് ചൗധരി, മാനുഫാക്ചേഴ്സ് അസോസിയേഷൻ ഓഫ് ഇൻഫർമേഷൻ ടെക്നോളജി (എംഎഐടി) പ്രസിഡന്റ് രാജ്കുമാർ ഋഷി, ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) ചെയർമാൻ പങ്കജ് മൊഹീന്ദ്രൂ, കൺസ്യൂമർ ഇലക്ട്രോണിക്‌സ് ആൻഡ് അപ്ലയൻസസ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (CEAMA) പ്രസിഡന്റ് എറിക് ബ്രാഗൻസ, ഇന്ത്യൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മാനുഫാക്ചേഴ്സ് അസോസിയേഷൻ (ഐഇഇഎംഎ) പ്രസിഡന്റ് വിപുൽ റേ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

ഇവർക്ക് പുറമെ ലാവ ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹരി ഓം റായ്, വ്യവസായ സ്ഥാപനങ്ങളായ ഫിക്കി, സിഐഐ, അസോചം എന്നിവയുടെ പ്രതിനിധികളും ഐഐടി കാൺപൂർ, ഐഐടി ബി എച്ച് യു എന്നിവരും യോഗത്തിൽ പങ്കെടുത്തു.”അതി സങ്കീർണ്ണമായി ഒരു വിഷയമാണിത്. ചാർജ്ജർ നിർമ്മാണ മേഖലയിൽ ഇന്ത്യയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്. എല്ലാവരുടെയും കാഴ്ചപ്പാട് മനസ്സിലാക്കി മുന്നോട്ട് പോകേണ്ടതുണ്ട്. വ്യവസായ മേഖല, ഉപയോക്താക്കൾ, നിർമതാക്കൾ, പരിസ്ഥിതി തുടങ്ങിയ എല്ലാറ്റിനെയും കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കൂ”, യോഗത്തിന് ശേഷം രോഹിത് കുമാർ സിംഗ് വ്യക്തമാക്കി.ഇ മാലിന്യവുമായി ബന്ധപ്പെട്ട് വർദ്ധിച്ചു വരുന്ന പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. പൊതു ചാർജ്ജർ സംവിധാനത്തിലേയ്ക്ക് മാറുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ഇതു സംബന്ധിച്ച വീക്ഷണങ്ങളും എല്ലാം പ്രതിനിധികളും ചർച്ചയിൽ പങ്കുവെച്ചതായി ഉപഭോക്തൃ കാര്യ സെക്രട്ടറി പറഞ്ഞു. ഇന്ത്യ മറ്റ് പല രാജ്യങ്ങളിലേയ്ക്കും ചാർജറുകൾ കയറ്റി അയ്ക്കാറുണ്ട്. അതിനാൽ സാധാരണ ചാർജ്ജർ സംവിധാനത്തിലേയ്ക്ക് മാറുന്നതിന് മുൻപ് എല്ലാ കാര്യങ്ങളും വിശദമായി വിലയിരുത്തേണ്ടതുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ചൂണ്ടിക്കാട്ടി.തുടക്കത്തിൽ യുഎസ്ബി ടൈപ്പ്-സി ചാർജ്ജറുകളിലേയ്ക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണെന്ന് സെക്രട്ടറി വ്യക്തമാക്കി. ”രണ്ട് മാസത്തിനുള്ളിൽ കാര്യങ്ങൾ പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ വിദഗ്ധ സംഘം രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൊബൈൽ, ഫീച്ചർ ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, മറ്റ് വെയറബിൾ ഉപകരണങ്ങൾ തുടങ്ങി വിവിധ ചാർജിംഗ് പോർട്ടുകളെക്കുറിച്ച് പഠിച്ച് പ്രത്യേക സംഘം ഈ മാസം റിപ്പോർട്ട് സമർപ്പിക്കും”, സെക്രട്ടറി കൂട്ടിച്ചേർത്തു.ഇ-മാലിന്യ പ്രശ്‌നം പരിഹരിക്കാൻ പൊതു ചാർജർ സഹായിക്കുമെന്ന് യോഗത്തിന് ശേഷം EPIC ചെയർമാനും HCL സ്ഥാപകനുമായ അജയ് ചൗധരി പറഞ്ഞു. കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി മിക്ക ഉൽപ്പന്നങ്ങളും യുഎസ്ബി ടൈപ്പ് സി ചാർജ്ജറിലേയ്ക്ക് ചുവടു മാറ്റിയിട്ടുണ്ട്. പലരും സി പോർട്ടുകൾ ഇല്ലാത്ത ഫീച്ചർ ഫോണുകളും ഉപയോഗിക്കുന്നുണ്ട്. ഇതൊരു വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.”ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ യുഎസ്ബി ടൈപ്പ് സി ചാർജറുകൾ വളരെ മികച്ചതാണ്. കാരണം ഇതിന് രണ്ട് ഗുണങ്ങളുണ്ട്. ഒന്ന്, ടൈപ്പ് സി ഉപയോഗിച്ച് വേഗത്തിൽ ചാർജ്ജ് ചെയ്യാൻ സാധിക്കുന്നു. രണ്ട് 65 വാട്ട് അല്ലെങ്കിൽ 65 വാട്ടിനോ അതിന് താഴെയോ ഉള്ള നിരവധി ഉപകരണങ്ങൾക്ക് ഇത് ഉപയോഗിക്കാം”, ചൗധരി പറഞ്ഞു.ഐസിഇഎ ചെയർമാൻ പങ്കജ് മഹീന്ദ്രയുടെ അഭിപ്രായത്തിൽ യൂറോപ്പിൽ മാത്രമാണ് പൊതു ചാർജ്ജർ എന്ന ആശയം വന്നിട്ടുള്ളത്. 30-35 കോടിയാണ് യൂറോപ്പിന്റെ ചാർജർ മാർക്കറ്റ്. ഇന്ത്യയിലാകട്ടെ ഇത് 200 കോടിയാണ്.2024-ഓടെ ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി യുഎസ്ബി-സി പോർട്ട് പൊതു ചാർജിംഗ് സ്റ്റാൻഡേർഡ് സ്വീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിരുന്നു. യുഎസിലും സമാനമായ ആവശ്യം ഉയർന്നു വന്നിട്ടുണ്ട്.

നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ മുതൽ അടുത്ത മൂന്ന് ദിവസം കേരളത്തിൽ മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.‌‌ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയും കാറ്റും ഇടിമിന്നലുമുണ്ടാകും. വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 22 തിങ്കളാഴ്ച്ച കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 23ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കനത്ത മഴയുണ്ടാകും.

http://www.globalbrightacademy.com/about.php

ചെറിയ പിഴവുകള്‍ പോലും മുടികൊഴിച്ചിലുണ്ടാക്കാം; മുടിയില്‍ എണ്ണ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

കാലങ്ങളായി നമ്മളില്‍ പലരും മുടിയില്‍ എണ്ണ വയ്ക്കുന്നത് ഒരു ശീലത്തിന്റെ ഭാഗമായാണ്. മുടിയുടെ ആരോഗ്യത്തിനായി ദിവസവും എണ്ണ വയ്ക്കണമെന്നാണ് നമ്മളില്‍ പലരുടേയും വിശ്വാസം. എന്നാല്‍ എണ്ണ വയ്ക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി കൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങളുണ്ടാകാം. അതിനാല്‍ ഇനി മുടിയില്‍ എണ്ണ ഉപയോഗിക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം

ചെറിയ പിഴവുകള്‍ പോലും മുടികൊഴിച്ചിലുണ്ടാക്കാം; മുടിയില്‍ എണ്ണ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

അമര്‍ത്തി മസാജിങ് വേണ്ട

എണ്ണ തലയില്‍ തേച്ചുപിടിപ്പിച്ച് നന്നായി അമര്‍ത്തി ദീര്‍ഘനേരം മസാജ് ചെയ്യുന്ന ശീലമുള്ളവരുണ്ട്. എന്നാല്‍ ബലം പ്രയോഗിച്ചുകൊണ്ട് ഇത്തരത്തില്‍ ദീര്‍ഘനേരം മസാജ് ചെയ്യുന്നത് മുടി വേഗത്തില്‍ പൊട്ടിപ്പോകാന്‍ കാരണമാകും. നിത്യവും മസാജ് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ പരമാവധി അഞ്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യുക.

എണ്ണ ഉപയോഗിച്ച ശേഷം മുടി ബലത്തില്‍ കെട്ടരുത്

ഇങ്ങനെ ചെയ്യുന്നത് മുടി വളരെപ്പെട്ടെന്ന് കൊഴിഞ്ഞുപോകാന്‍ കാരണമാകും. എണ്ണമയമുള്ള മുടി പെട്ടെന്ന് പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ഒരുപാട് സമയം ടൈറ്റായി കെട്ടിവയ്ക്കരുത്.

എണ്ണ ചൂടാക്കി ഉപയോഗിക്കാം

തണുത്ത എണ്ണയേക്കാള്‍ ചെറുചൂടുള്ള എണ്ണയാണ് മുടിയ്ക്ക് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചൂടുള്ള എണ്ണ തലയിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും മുടിയ്ക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

അധികം എണ്ണ വേണ്ട

എണ്ണ കൂടുതലായി ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. എണ്ണ കൂടുമ്പോള്‍ മുടി ഗ്രീസിയാകാനും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. എണ്ണ കൂടുതലാണെന്ന് തോന്നിയാല്‍ പിറ്റേന്ന് ഷാംപൂ ഉപയോഗിച്ച് അധികമുള്ള എണ്ണ നീക്കം ചെയ്തിട്ട് മാത്രമേ പുതിയതായി എണ്ണ തേക്കാവൂ

മൃദുവായ ചപ്പാത്തി എളുപ്പത്തില്‍ തയ്യാറാക്കാം;

ഇന്ന് മിക്കവീടുകളിലും ഒഴിവാക്കാൻ പറ്റാത്ത വിഭവമായി ചപ്പാത്തി മാറിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ് തീരെ കുറഞ്ഞ, പ്രോട്ടീൻ അടങ്ങിയ ആരോഗ്യപ്രദമായ ആഹാരമാണിത്. എന്നാൽ, നല്ല വട്ടത്തിലുള്ള, മൃദുവായ ചപ്പാത്തി കുഴച്ചുണ്ടാക്കുക എന്നത് മിക്കവർക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിന് ടിപ്സ് പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ഷെഫായ പങ്കജ് ബദൗരിയ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ എളുപ്പത്തിൽ, മൃദുവായ ചപ്പാത്തി തയ്യാറാക്കുന്ന രീതി പരിചയപ്പെടുത്തിയിരിക്കുന്നത്.ചപ്പാത്തിക്കുള്ള മാവ് കുഴച്ചശേഷം 15 മിനിറ്റോളം കാത്തിരിക്കുക.

1. ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുന്നതിന് മുമ്പായി പൊടിയിൽ എണ്ണയും ഉപ്പും ചേർക്കുക.
2. മാവ് കുഴയ്ക്കുന്നതിന് പച്ചവെള്ളം ഉപയോഗിക്കുന്നതിന് പകരം ചെറിയ ചൂട് വെള്ളം ഉപയോഗിക്കുക.
3. ചപ്പാത്തിക്കുള്ള മാവ് കുഴച്ചശേഷം 15 മിനിറ്റോളം കാത്തിരിക്കുക
4. 15 മിനിറ്റിന് ശേഷം ഒരു മിനിറ്റോളം മാവ് ഒന്നുകൂടി കുഴയ്ക്കുക.
5. ചപ്പാത്തി എപ്പോഴും മീഡിയം ഫ്ളെയിമിൽ പാകം ചെയ്തെടുക്കുക.

ബലൂൺ പോലെ വീർത്തുവരുന്ന മൃദുവായ ചപ്പാത്തി തയ്യാറാക്കുന്നതിന് ഈ എളുപ്പവഴികൾ പരിചയപ്പെടാം എന്ന ക്യാപ്ഷനോടെയാണ് പങ്കജ് ബദൗരിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

സംസ്ഥാനത്ത് ഓണം അവധി തിയതികൾ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് സ്‌കൂളുകൾക്കുള്ള ഓണം അവധി തിയതികൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 2 മുതൽ 11 വരെയാണ് ഓണം അവധി. ഓഗസ്റ്റ് 24 മുതൽ ഓണം പരീക്ഷകൾ ആരംഭിക്കും.

അതേസമയം, നാളെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മഴയുടെ സാഹചര്യത്തിൽ അവധികളുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ പാഠഭാഗങ്ങൾ തീർക്കാൻ ഇനിയും ബാക്കിയാണെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നാളെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്.

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 20ന്

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഈ മാസം 20ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ നേരിട്ട് അറിയിക്കാം. വിളിക്കേണ്ട നമ്പർ: 894 387 3068.

ഇന്ധനവില അറിയാം.

കുവൈറ്റിൽ ഫാമിലി, വിസിറ്റിങ് വിസകൾ അനുവദിക്കുന്നത് നിർത്തലാക്കി.

പ്രവാസികൾക്കായി ഫാമിലി, വിസിറ്റിങ് വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികളുടെ ആശ്രിതർക്കുള്ള വിസ അപേക്ഷകൾ തൽക്കാലത്തേയ്ക്ക് സ്വീകരിക്കേണ്ടെന്നാണ് അധികൃതരുടെ നിർദേശം. ഇതു സംബന്ധിച്ച അറിയിപ്പ് രാജ്യത്തെ ആറു ഗവർണറേറ്റിലെയും റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റുകൾക്ക് ലഭിച്ചതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഓൺലൈൻ വിസയ്ക്ക് അപേക്ഷിക്കുന്ന ഡോക്ടർമാർക്കും യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്കും വിലക്ക് ബാധകമല്ല. എന്നിരുന്നാലും, ഇതിനകം വിസ അനുവദിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കാം. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നടപടി. വിദേശികൾക്ക് കുടുംബങ്ങളെ കൂടെ താമസിപ്പിക്കുന്നതിനുള്ള ആർട്ടിക്കിൾ 22 വിസയാണ് താൽക്കാലികമായി നിർത്തിയത്. വിസ വിതരണത്തിന് പുതിയ മെക്കാനിസം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.

കഴിഞ്ഞ ജൂണിൽ കുടുംബ സന്ദർശകർക്കുള്ള വിസ വിതരണം താത്കാലികമായി നിർത്തിയിരുന്നു. ഇത് പുനരാരംഭിച്ചിട്ടില്ല. സ്ഥലം കാണാനായി കുടുംബ സന്ദർശന വിസയിലെത്തിയ ഏകദേശം 20000 വിദേശികൾ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തതിനെ തുടർന്നാണ് സന്ദർശന വിസ നൽകുന്നത് നിർത്തിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പുറമെയാണ് കുടുംബങ്ങൾക്കായുള്ള ആശ്രിത വിസയും നിർത്തുന്നത്.

ഇൻവോയ്‌സ് അപ്ലോഡ് ചെയ്യൂ, അഞ്ച് കോടി വരെ സമ്മാനങ്ങൾ നേടൂ.

 

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ  ലക്കി ബിൽ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാധനങ്ങൾ വാങ്ങിയശേഷം ഈ ആപ്പിൽ അപ്ലോഡ് ചെയ്യുന്ന ഇൻവോയിസുകൾക്ക് നറുക്കെടുപ്പിലൂടെ വർഷം അഞ്ച് കോടി രൂപയുടെ ഭാഗ്യസമ്മാനങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലക്കി ബിൽ ആപ്പ് പൊതുജനങ്ങളെ ബില്ലുകൾ ചോദിച്ചു വാങ്ങാൻ പ്രേരിപ്പിക്കുന്നതും കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതരാക്കുന്നതുമാണ്. ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒരു സംരംഭം ആദ്യമായാണ് ഒരു സംസ്ഥാനം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.വലിയൊരു പദ്ധതിക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിട്ടുള്ളത്. വാണിജ്യ രംഗത്തെ അനഭിലഷണീയമായ പ്രവണതകൾ തടയാനും വ്യാപാരികൾക്ക് അവരുടെ വാണിജ്യ വിവരങ്ങൾ വെളിപ്പെടുത്താനും അവരുടെ നികുതി കൃത്യമായി അടയ്ക്കാനും ആപ്പ് സഹായിക്കും. നികുതി പിരിക്കുമ്പോൾ അത് നീതിയുക്തമായിരിക്കണം എന്ന് സർക്കാറിന് നിർബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസന പദ്ധതികളും ക്ഷേമപദ്ധതികളും നേരാംവണ്ണം ആവിഷ്‌കരിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്.

ഇ-ഓഫീസ് പദ്ധതി എല്ലാ ചരക്ക് സേവന നികുതി ഓഫീസുകളിലും നടപ്പാക്കിയിട്ടുണ്ട്.  പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത വകുപ്പായി ചരക്ക് സേവന നികുതി വകുപ്പ് മാറി. നികുതിപിരിവ് കാര്യക്ഷമമാക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.നികുതി മാത്രം പിരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ലക്കി ബിൽ മൊബൈൽ ആപ്പ് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.  ആപ്പിന്റെ വരവോടെ കൂടുതൽ വാങ്ങൽ നടക്കും. അതുവഴി വ്യാപാരം ശക്തിപ്പെടുകയും വ്യാപാരികൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. ഭാഗ്യ ഉപഭോക്താക്കളെ ദിവസം തോറും ആഴ്ചതോറും മാസം തോറും തെരഞ്ഞെടുക്കുന്ന രീതിയാണ്. കൂടാതെ വാർഷിക ബമ്പർ സമ്മാനവും ഉണ്ട്. എല്ലാ ദിവസവും 50 സമ്മാനങ്ങൾ നൽകും. ഓരോ മാസവും 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ, ഉത്സവ സീസണുകളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളുണ്ടാകും.

.

ആപ്പ് ആവിഷ്‌കരിക്കുക വഴി നികുതി ചോർച്ച ഒഴിവാക്കാനും നികുതി പിരിവ് കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് അപൂർവമായെങ്കിലും ബിൽ അടച്ച് നികുതി വാങ്ങിയശേഷം നികുതി സർക്കാറിലേക്ക് വരാത്ത അവസ്ഥയുണ്ട്. ‘നികുതി നമുക്കും നാടിനും’  എന്നതാണ് ലക്കി ബിൽ ആപ്പിന്റെ മുദ്രാവാക്യം. 11,000 കോടിയുടെ അധിക നികുതിയാണ് മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം സംസ്ഥാന ഖജനാവിൽ എത്തിയത്.  ഈ വർഷം അതിൽ കൂടുതൽ നികുതിയാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച മുതൽ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ആപ്പ് ഒരു മാസത്തിനകം ഐ ഫോണിലും ലഭ്യമാക്കും. കേരള ഡിജിറ്റൽ സർവകലാശാലയാണ് ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറിൽ നിന്നോ www.keralataxes.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ ലക്കി ബിൽ ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യാം. ഉപഭോക്താവിന് ലഭിക്കുന്ന ജി.എസ്.ടി ബില്ലുകളുടെ ചിത്രമെടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. ചടങ്ങിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ ഡോ. രത്തൻ യു. ഖേൽകർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ സിംഗ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് രാജു അപ്‌സര,  കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ് ബിജു, ചരക്ക് സേവന നികുതി വകുപ്പ് സ്‌പെഷ്യൽ കമ്മീഷണർ വീണ എൻ മാധവൻ എന്നിവർ സംസാരിച്ചു.

Verified by MonsterInsights