കാര്യവട്ടത്ത് ക്രിക്കറ്റ് പൂരം; ഒരുക്കങ്ങൾ പൂർത്തിയായി

വൈകിട്ട് 5 മുതലാണ് ഇന്ത്യൻ ടീം പരിശീലനം ആരംഭിച്ചത്

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിൽ നാളെ ക്രിക്കറ്റ് പൂരം. ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ട്വന്റി-20 ക്കായി ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. രാത്രി 7.30നാണ് മത്സരം.ഇരു ടീമുകളുടെയും പരിശീലനം നടക്കുകയാണ്. ഇന്ത്യൻ ടീം വൈകിട്ട് 5 മുതൽ പരിശീലനം ആരംഭിച്ചത്. ഇന്നലെ ദക്ഷിണാഫ്രിക്കൻ ടീം മൂന്ന് മണിക്കൂറോളം പരിശീലനം നടത്തി.മൂന്ന് മത്സര പരമ്പരയിൽ ആദ്യ പോരാട്ടത്തില്‍ ആരാധകര്‍ മികച്ച പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റുകൾ 90 ശതമാനവും വിറ്റുപോയി.തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ ടീമിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങളെ ആർപ്പുവിളികളോടെയാണ് ആരാധകർ വരവേറ്റത്.

 

ഛിന്നഗ്രഹത്തെ ഇടിച്ചുതെറിപ്പിച്ച് ‘ഡാർട്ട്’; നാസയുടെ ദൗത്യം വിജയം

ലൊസാഞ്ചലസ് ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാനുള്ള നാസയുടെ ഏറ്റവും വലിയ ദൗത്യമായ ‘ഡാർട്ട്’ അഥവാ ‘ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്’ വിജയം. ഇന്ത്യൻ സമയം പുലർച്ചെ 4.44ന് ‘ഡാർട്ട്’ പേടകം ഭൂമിയിൽനിന്ന് 1.1കോടി കിലോമീറ്റർ അകലെയുള്ള ഛിന്നഗ്രഹത്തിൽ ഇടിച്ച് ദിശമാറ്റി. ദൗത്യത്തിന്റെ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു. ഭൂമിയിൽ നിന്ന് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ചെറു ഛിന്നഗ്രഹത്തിലാണ് ‘ഡാർട്ട്’ ഇടിച്ചിറക്കിയത്.

സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിലാണ് ‘ഡാർട്ട്’ ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുത്തത്. ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്. ഭാവിയിൽ ഭൂമിക്കെതിരായ ബഹിരാകാശ കൂട്ടിയിടികൾ പ്രതിരോധിക്കാനുള്ള നീക്കത്തിന്റെ ശ്രദ്ധേയമായ ആദ്യ കാൽവയ്പാണു ഡാർട്ട്. 

തൊഴിൽ രഹിതരായ യുവതി യുവാകൾക്ക് സംരംഭകത്വ പരിശീലനം

വ്യവസായ  വാണിജ്യ വകുപ്പിന്റെ  സംരംഭകത്വ  വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ്  ഡവലപ്‌മെന്റ് നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാറിന്റെ സ്ഥാപനമായ നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മൈക്രോ സ്‌മോൾ മീഡിയം  എന്റെർപ്രൈസ്‌ന്റെയും ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ  15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ സംരംഭം  തുടങ്ങാൻ  ആഗ്രഹിക്കുന്ന  കേരളത്തിലെ  എസ് സി വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ തിരെഞ്ഞെടുത്ത 50 വയസ്സിന് താഴെയുള്ള 25 യുവതി  യുവാക്കൾക്ക്  സ്‌റ്റൈപെൻറ്റോടുക്കൂടി ഒക്ടോബർ  18 മുതൽ  നവംബർ 4വരെ കളമശ്ശേരി  കീഡ് ക്യാമ്പസിൽ വെച്ചാണ് പരിശീലനം നൽകുന്നത്. 

ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ  അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ, അലങ്കാര മത്സ്യബന്ധനം, മാർക്കറ്റ് സർവേ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, വ്യവസായ  വാണിജ്യ വകുപ്പിന്റെ പദ്ധതികൾ, നാഷണൽ  ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡിന്റെ പദ്ധതികൾ, ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഹൈബ്രിഡ്, സോളാർ, വിൻഡ് എനർജി ആപ്ലിക്കേഷനുകൾ, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ ക്ലാസ്സുകളും  ഉൾപ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ളവർ KIED-ൻറെ വെബ്‌സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി ഒക്ടോബർ 10ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് – 0484 2532890 / 2550322/9605542061.

തേനൊഴുകും താഴ്വരയും വെള്ളച്ചാട്ടവും…കുടകിലെ ഹണി വാലി

കാപ്പിപ്പൂക്കളുടെ സുഗന്ധവും മഞ്ഞാടയണിഞ്ഞ മലനിരകളും ഓറഞ്ചു തോട്ടങ്ങളുമെല്ലാമായി ആരെയും മയക്കുന്ന ഒരു സുന്ദരിയാണ് കുടക്. പോയിവരാൻ എളുപ്പമായതിനാൽ ഇവിടേക്ക് മലയാളികളുടെ ഒഴുക്കാണ് എല്ലാക്കാലത്തും. ഈയിടെയായി കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങുന്ന ഒരിടമാണ് കുടകിലെ ഹണി വാലിയും നിലക്കണ്ടി വെള്ളച്ചാട്ടവും. 

കക്കബെയിൽ നിന്ന് 7 കിലോമീറ്ററും വിരാജ്പേട്ടിൽ നിന്ന് 27 കിലോമീറ്ററും മടിക്കേരിയിൽ നിന്ന് 48 കിലോമീറ്ററും അകലെയായി കബിൻകാട് ഗ്രാമത്തിന് സമീപമാണ് ഹണി വാലി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. യഥാർത്ഥത്തിൽ സുരേഷ് ചെങ്കപ്പ എന്നൊരാൾ നടത്തുന്ന റിസോർട്ടാണ് ഹണി വാലി. ഇതിന്റെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് ആ പേര് ലഭിച്ചത്. റിസോർട്ടിൽ ഏകദേശം 75 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കാപ്പി, ഏലം, കുരുമുളക് തോട്ടങ്ങൾക്കിടയിലൂടെ നടന്നാൽ ഹണി വാലിയിൽ നിന്ന് നിലക്കണ്ടി വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാം.

ഹണി വാലി റിസോർട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വറ്റിയ കുളത്തിനടുത്ത് നിന്നാണ് വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. അവിടെ നിന്ന് മറ്റൊരു നാല് കിലോമീറ്റർ അകലെയാണ് നിലക്കണ്ടി വെള്ളച്ചാട്ടം. നിബിഡമായ ഉഷ്ണമേഖലാ വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം അതിശയിപ്പിക്കുന്ന ഒരു കാഴ്ചയാണ്.

തടിയന്റമോൾ പർവതനിരകളിൽ നിന്നാണ് വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. ഏകദേശം 50 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിൽ മതിമറന്നുല്ലസിച്ച് കുളിക്കുന്ന സഞ്ചാരികൾ ഇവിടുത്തെ സ്ഥിരം കാഴ്ചകളിൽ ഒന്നാണ്. 

രാവിലെ ആറുമണി മുതൽ വൈകീട്ട് അഞ്ചുമണി വരെ സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിംഗ് നടത്താനാവും. പ്രവേശനം തികച്ചും സൗജന്യമാണ്. നാലകുനാട് കൊട്ടാരം, ബ്രഹ്മഗിരി ട്രെക്ക്, തടിയന്റമോൾ കൊടുമുടി എന്നിവയും ഇവിടെയുള്ള മറ്റു വിനോദസഞ്ചാര ആകർഷണങ്ങളാണ്.

ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറുടെ മകൾക്ക് ജുഡീഷ്യറി പരീക്ഷയിൽ 66-ാം റാങ്ക്

ജയ്പൂർ: രാജസ്ഥാനിലെ ചീഫ് ജസ്റ്റിസിന്റെ ഡ്രൈവറുടെ മകൾക്ക് രാജസ്ഥാൻ ജുഡീഷ്യറി പരീക്ഷയിൽ ഉന്നത വിജയം. 23കാരിയായ കാർത്തിക ഗെഹ്ലോട്ട് 66-ാം റാങ്കാണ് നേടിയത്. തന്റെ ഏറെക്കാലമായുള്ള സ്വപ്നമാണ് സഫലമായതെന്നും ഒരിക്കൽ തനിക്ക് കറുത്ത കോട്ടിടാനുള്ള ഭാഗ്യം കൈവരുമെന്ന് ഉറപ്പായിരുന്നുവെന്നും കാർത്തിക പറഞ്ഞു

“കഴിഞ്ഞ 31 വർഷമായി എന്റെ അച്ഛൻ ചീഫ് ജസ്റ്റിസിന്റെ ഡ്രൈവറാണ്. വളരെ ചെറുപ്പത്തിൽ തന്നെ കറുത്ത കോട്ടിനോട് എനിക്ക് വല്ലാത്ത താൽപര്യം തോന്നിയിരുന്നു. കോടതിയുടെ ചുറ്റുപാടുകളോടും പണ്ടേ ഇഷ്ടമുണ്ടായിരുന്നു. സാധാരണ കുട്ടികൾ അവരുടെ സ്വപ്ന പ്രൊഫഷൻ ഓരോ സാഹചര്യത്തിലും മാറ്റിയേക്കാം. എന്നാൽ എനിക്ക് ജീവിതത്തിൻെറ ഓരോ ഘട്ടത്തിലും ഒരേയൊരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന് വേണ്ടി കഠിനാധ്വാനം ചെയ്തത് കൊണ്ടാണ് എനിക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്,” കാർത്തിക പറഞ്ഞു.

കാർത്തികയ്ക്ക് മൂന്ന് സഹോദരങ്ങളുണ്ട്. അവരും നിയമ മേഖലയിൽ തന്നെയാണ് പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നതെന്നും കാർത്തിക പറഞ്ഞു. ജോധ്പൂരിലെ സെന്റ് ഓസ്റ്റിൻ സ്കൂളിലായിരുന്നു കാർത്തികയുടെ സ്കൂൾ വിദ്യാഭ്യാസം. ജോധ്പൂരിലെ തന്നെ ജയ് നരെയ്ൻ വ്യാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും നേടി.

“അഞ്ചാം സെമസ്റ്റർ, ആറാം സെമസ്റ്റർ പഠനകാലത്ത് ഞാൻ ജില്ലാ കോടതിയിൽ ഇന്റേണായി പോയിരുന്നു. അതോടെ നിയമമേഖലയോടുള്ള എന്റെ ഇഷ്ടം വർധിക്കാനും തുടങ്ങി. അങ്ങനെയിരിക്കേ കോവിഡ് 19 സമയത്താണ് ഉത്കർഷ് ആപ്പിന്റെ ഓൺലൈൻ കോഴ്സിൽ ചേരുന്നത്. അത് എന്റെ പരീക്ഷക്കുള്ള തയ്യാറെടുപ്പിന് വളരെയധികം ഗുണം ചെയ്തു,” കാർത്തിക പറഞ്ഞു.

“ഓരോ ദിവസവും എന്റെ പഠനസമയം വ്യത്യസ്തമായിരുന്നു. എന്നാൽ ദിവസവും കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ വരെ പഠിക്കുമായിരുന്നു. അക്കാര്യത്തിൽ സ്ഥിരത പുലർത്തിയിരുന്നു. എന്നാൽ പരീക്ഷ അടുത്ത സമയത്ത് ദിവസവും 10-12 മണിക്കൂർ വരെ പഠിച്ചു. ആ സമയത്ത് റിവിഷനാണ് കാര്യമായി നടത്തിയത്,” തന്റെ പഠനരീതിയെക്കുറിച്ച് കാർത്തിക കൂട്ടിച്ചേർത്തു. പഠനസമയത്തെ സമ്മർദ്ദം കുറയ്ക്കുന്നതിൽ സംഗീതമാണ് തന്നെ സഹായിച്ചതെന്നും അവർ പറഞ്ഞു.

“നിയമം പഠിച്ചാൽ പിന്നെ പെൺകുട്ടികൾ വിവാഹം കഴിക്കില്ലെന്ന് ചില രക്ഷിതാക്കൾ കരുതുന്നുണ്ട്. എന്നാൽ പെൺകുട്ടികൾക്ക് സ്വതന്ത്രമായി മുന്നോട്ട് പോകാനും സ്വന്തം കാലിൽ നിൽക്കാനും നിയമം പഠിക്കുന്നത് നല്ലതാണെന്നാണ് എൻെറ അഭിപ്രായം,” കാർത്തിക പറഞ്ഞു. “സ്ത്രീകൾക്ക് മാത്രമല്ല, എല്ലാവർക്കും നിയമത്തെക്കുറിച്ച് അടിസ്ഥാനപരമായ ധാരണ ഉണ്ടായിരിക്കണം. ദൈനംദിന ജീവിതത്തിൽ തന്നെ സ്വന്തം അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ ഇത് ആളുകളെ സഹായിക്കും. സ്കൂളുകളിൽ നിയമമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്,” അവർ വ്യക്തമാക്കി.

പഠനസമയത്ത് സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചതും കാർത്തികയുടെ നേട്ടത്തിൻെറ പ്രധാന കാരണങ്ങളിൽ ഒന്നാണ്. “എനിക്ക് ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ അക്കൗണ്ടില്ല. ആകെ വാട്ട്സാപ്പാണ് ഉള്ളത്. അതും അത്യാവശ്യത്തിന് മാത്രമാണ് ഉപയോഗിക്കാറുള്ളത്,” കാർത്തിക പറഞ്ഞു.

കേരളത്തിന് ദേശീയ പുരസ്‌കാരം; സൗജന്യ ചികിത്സയിൽ ഇന്ത്യയിൽ കേരളം ഒന്നാമത്

*ഇന്ത്യയിൽ ആകെ നൽകിയ സൗജന്യ ചികിത്സയിൽ 15 ശതമാനത്തോളം കേരളത്തിൽ

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 4.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളം കരസ്ഥമാക്കി. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്. ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുരസ്‌കാരം ഏറ്റുവാങ്ങി.

രാജ്യത്ത് ഏറ്റവും കൂടുതൽ പദ്ധതി വിനിയോഗത്തിൽ മുന്നിൽ നിൽക്കുന്നത് സർക്കാർ മെഡിക്കൽ കോളേജ് കോഴിക്കോടും കോട്ടയവും ആണ്. ഒരു മണിക്കൂറിൽ 180 രോഗികൾക്ക് വരെ (1 മിനിറ്റിൽ പരമാവധി 3 രോഗികൾക്ക്) പദ്ധതിയുടെ ആനുകൂല്യം നൽകാൻ കഴിഞ്ഞതിലൂടെയാണ് കേരളത്തെ തിരഞ്ഞെടുക്കാൻ കാരണമായത്. കാസ്പ് രൂപീകരിച്ച് ഇതുവരെ 43.4 ലക്ഷം സൗജന്യ ചികിത്സ ലഭ്യമാക്കിയ ഇനത്തിൽ 1636.07 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ 200 സർക്കാർ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലൂടെയും പദ്ധതിയുടെ സേവനം ലഭ്യമാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി പരമാവധി പേർക്ക് ചികിത്സാ സഹായം നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചികിത്സാ സഹായത്തിന് സംസ്ഥാനം നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. കാസ്പ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് (എസ്എച്ച്എ) രൂപം നൽകി. സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ച് ചികിത്സ ഏകോപിക്കുന്നതിനു എസ്എച്ച്എ വലിയ പങ്കാണ് വഹിച്ചതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കേരള, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവരും അവാർഡ് ദാന ചടങ്ങിൽ മന്ത്രിയോടൊപ്പം പങ്കെടുത്തു.

ഡൽഹി യൂണിവേഴ്സിറ്റി അഡ്മിഷൻ 2022

CUET UG ഫലം 2022-ന്റെ റിലീസിനൊപ്പം 2022–2023 അധ്യയന വർഷത്തേക്കുള്ള ഡൽഹി സർവ്വകലാശാല (DU) പ്രവേശനം ആരംഭിച്ചു. ഔദ്യോഗിക അറിയിപ്പ് പ്രകാരം, സെപ്റ്റംബർ 26 തിങ്കളാഴ്ച.
നിരവധി വിദ്യാർത്ഥികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആദ്യ കട്ട് ഓഫ് ലിസ്റ്റ് പുറത്തിറങ്ങും.

ലേഡി ശ്രീറാം കോളേജ്, ഹൻസ്‌രാജ് കോളേജ്, എസ്ആർസിസി, രാംജാസ് കോളേജ്, കിരോരി മാൽ കോളേജ്, രാമാനുജൻ കോളേജ്, ജീസസ് ആൻഡ് മേരി കോളേജ്, ദേശ്ബന്ധു കോളേജ് തുടങ്ങിയ ഡൽഹി യൂണിവേഴ്സിറ്റി കോളേജുകൾ ഔദ്യോഗിക വെബ്സൈറ്റിൽ DU-2022 ആദ്യ കട്ട് ഓഫ് ലിസ്റ്റ് പുറത്തിറക്കും.

മുൻ വർഷത്തെ പോലെ, DU 1st cutoff 2022 99.37 ശതമാനം വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. പ്രാരംഭ കട്ട് ഓഫ് നേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഡൽഹി സർവകലാശാലയിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാം.

“പ്രോഗ്രാം-നിർദ്ദിഷ്ട മെറിറ്റ് സ്കോർ യോഗ്യതാ മാനദണ്ഡമനുസരിച്ച് സർവകലാശാല സ്വയമേവ കണക്കാക്കും, കൂടാതെ മുൻഗണനകൾ നൽകുന്നതിന് മുമ്പ് വിദ്യാർത്ഥി അവന്റെ അല്ലെങ്കിൽ അവളുടെ സ്കോറുകൾ സ്ഥിരീകരിക്കേണ്ടതുണ്ട്,” സർവകലാശാല അറിയിച്ചു.

“വിദ്യാർത്ഥി ആഗ്രഹിക്കുന്ന പ്രോഗ്രാമുകൾ തിരഞ്ഞെടുക്കണം. കൂടാതെ പരമാവധി പ്രോഗ്രാമുകളും പ്രോഗ്രാം+കോളേജ് കോമ്പിനേഷനുകളും തിരഞ്ഞെടുക്കുന്നത് വിദ്യാർത്ഥിയുടെ മികച്ച താൽപ്പര്യമാണ്. അപേക്ഷകർ കൃത്യസമയത്ത് അവരുടെ ഫോം പൂർത്തിയാക്കണം, അവസാന തീയതികൾക്കായി കാത്തിരിക്കരുത്. ഉദ്യോഗാർത്ഥി CSAS (UG)-2022 ഫോം അതീവ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടത് ഉചിതമാണ്,” DU കൂട്ടിച്ചേർത്തു.

നിങ്ങളുടെ യോഗ്യത, സീറ്റുകളുടെ ലഭ്യത, റിസർവേഷനുകൾ, ഇളവുകൾ, കോഴ്‌സിന് ആവശ്യമായ ടെസ്റ്റുകളിൽ നിങ്ങൾ നേടിയ ഗ്രേഡുകൾ, സർവ്വകലാശാലയുടെ ഗ്രേഡുകൾ എന്നിവയുൾപ്പെടെ, നിങ്ങൾ ഇഷ്ടപ്പെടുന്ന കോളേജിൽ ആഗ്രഹിക്കുന്ന കോഴ്‌സിലേക്ക് പ്രവേശനം നേടുന്നതിന് നിരവധി കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ യോഗ്യത സമനിലയിലായാൽ, 12-ാം ക്ലാസ് മാർക്കും അവരുടെ CUET 2022 സ്‌കോറുകളും പരിഗണിക്കും.

ഒന്ന് ‘പരുക്കനാ’യപ്പോള്‍ കിട്ടിയ ‘പരിക്കു’മായി ചാക്കോച്ചന്‍; കുഴിയില്‍ വീണതാണോ എന്ന് ആരാധകർ

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ കുഞ്ചാക്കോ ബോബന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് താരത്തിന് കയ്യില്‍ പരിക്കേറ്റത്. ഒരു ‘പരുക്കന്‍’ ക്യാരക്ടര്‍ ഡിമാന്‍ഡ് ചെയ്ത ‘പരിക്ക്’ എന്ന ക്യാപ്ഷനൊപ്പം കുഞ്ചാക്കോ ബോബന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ പങ്കുവെച്ചത്. കയ്യില്‍ പരിക്ക്, കയ്യിലിരിപ്പ് എന്നി ഹാഷ്ട് ടാഗുകളും പോസ്റ്റില്‍ കാണാം. 

ഇനി പല്ലുമുറിയെ തിന്നാം’ എന്നാണ് നടന്‍ രമേഷ് പിഷാരടി ചിത്രത്തിന് നല്‍കിയിരിക്കുന്ന കമന്‍റ്.  ‘കുഴിയില്‍ വീണതാണോ, ‘ന്നാ ചാക്കോച്ചൻ കേസ് കൊട്’ എന്നിങ്ങനെയുള്ള കമന്‍റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം ഒരു പിടി മികച്ച കഥാപാത്രങ്ങളുമായി വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍. ടിനു പാപ്പച്ചന്‍റെ ആക്ഷന്‍ സിനിമയ്ക്കൊപ്പം ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ അരുണ്‍ നാരായണ്‍ ഒരുക്കുന്ന ത്രില്ലര്‍ സിനിമയും കുഞ്ചാക്കോ ബോബന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഫെല്ലിനി ടിപി സംവിധാനം ചെയ്ത ‘ഒറ്റ്’ എന്ന സിനിമയില്‍ അരവിന്ദ് സ്വാമിക്കൊപ്പം കേന്ദ്രപാത്രമായി ചാക്കോച്ചന്‍ എത്തിയിരുന്നു. തിയേറ്ററുകളില്‍ ഹിറ്റായ  ‘ന്നാ താന്‍ കേസ് കൊട്’ ഒടിടിയിലും മികച്ച പ്രതികരണമാണ് നേടുന്നത്.

എസ്ബിഐയിൽ ജൂനിയർ അസോസിയേറ്റ്; 5008 ഒഴിവുകൾ; അപേക്ഷിക്കാൻ മൂന്ന് ദിവസം കൂടി; കേരളത്തിൽ 270 ഒഴിവുകൾ

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികകളിലേക്കു അപേക്ഷാ ഇനി മൂന്ന് ദിവസം കൂടി. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 27 ആണ്. ആകെ 5008 ഒഴിവുകളാണുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് SBI ഔദ്യോഗിക വെബ്സൈറ്റ് – bank.sbi/careers അല്ലെങ്കിൽ sbi.co.in വഴി അപേക്ഷിക്കാം. നവംബറിൽ (താൽക്കാലികമായി) നടത്തുന്ന പ്രിലിമിനറി പരീക്ഷയുടെയും 2022 ഡിസംബർ/ജനുവരി 2023 (താൽക്കാലികമായി) മെയിൻ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം നൽകുന്നത്.

ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍

കേരളം – 270

ലക്ഷദ്വീപ് – 3
തമിഴ്നാട് – 355
പോണ്ടിച്ചേരി – 7
കർണാടക – 316
ഡൽഹി – 32
മഹാരാഷ്ട്ര – 747
ഗുജറാത്ത് – 353
ദാമൻ & ദിയു – 4
മധ്യപ്രദേശ് – 389
ഛത്തീസ്ഗഡ് – 92
പശ്ചിമ ബംഗാൾ – 340
ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ – 10
സിക്കിം – 26
ഒഡീഷ – 170
ജമ്മു & കശ്മീർ – 35
ഹരിയാന – 5
ഹിമാചൽ പ്രദേശ് – 55
പഞ്ചാബ് – 130
ഉത്തരാഖണ്ഡ് – 120
തെലങ്കാന – 225
രാജസ്ഥാൻ – 284
ഉത്തർപ്രദേശ് – 631
ഗോവ – 50
അസം – 258
ആന്ധ്രാപ്രദേശ് – 15
മണിപ്പൂർ – 28
മേഘാലയ – 23
മിസോറാം – 10
നാഗാലാൻഡ് – 15
ത്രിപുര – 10
ആകെ – 5008

എങ്ങനെ അപേക്ഷിക്കാം?

എസ്ബിഐയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ sbi.co.in. സന്ദർശിക്കുക
ഉദ്യോ​ഗാർത്ഥികൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം
ആവശ്യപ്പെട്ടിരിക്കുന്ന വിശദാംശങ്ങൾ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.

അപേക്ഷ ഫീസ്

ജനറൽ, ഒബിസി, ഇഡബ്ലിയു എസ് എന്നിവർക്ക് 750 രൂപയാണ് ഫീസ്. എസ് സി, എസ് ടി, പിഡബ്ലിയുഡി, ഇഎസ്എം, ഡിഇഎസ്എം എന്നിവർക്ക് ഫീസില്ല.

പരീക്ഷ

ഓൺലൈനായി നടത്തുന്ന പ്രാഥമിക പരീക്ഷയുടെയും മെയിൻ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

വാക്സീനുകളെ നിഷ്പ്രഭമാക്കുന്ന പുതിയ കൊറോണ വൈറസ് റഷ്യയിലെ വവ്വാലുകളിൽ കണ്ടെത്തി

നിലവിലെ കോവിഡ് വാക്സീനുകൾ തീർക്കുന്ന പ്രതിരോധത്തെ വെട്ടിച്ച് രക്ഷപ്പെടാൻ ശേഷിയുള്ള പുതിയ തരം കൊറോണ വൈറസ് റഷ്യയിലെ വവ്വാലുകളിൽ കണ്ടെത്തിയതായി ഗവേഷണ റിപ്പോർട്ട്. ഖോസ്ത-2 എന്ന് പേരിട്ടിരിക്കുന്ന ഈ കൊറോണ വൈറസ് 2020 അവസാനത്തോടെയാണ് ശ്രദ്ധയിൽപ്പെട്ടതെന്ന് പിഎൽഒഎസ് പാത്തജൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് പറയുന്നു.    

എന്നാൽ തുടക്കത്തിൽ ഈ കൊറോണ വൈറസ് മനുഷ്യർക്ക് അത്ര ഭീഷണി ഉയർത്തുന്നതായി ഗവേഷകർ കരുതിയിരുന്നില്ല. കൂടുതൽ ഗവേഷണങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ഈ വൈറസ് മനുഷ്യരെ ബാധിക്കുമെന്നും കോവിഡ് വാക്സിനുകൾ ഇവയ്ക്കെതിരെ നിഷ്പ്രഭമാണെന്നും കണ്ടെത്തിയിരിക്കുന്നത്.

കൊറോണ വൈറസിന്റെ ഉപവിഭാഗമായ സാർബെകോവൈറസുകളിൽ പെട്ടതാണ് ഖോസ്ത-2 എന്ന് പഠനം നടത്തിയ വാഷിങ്ടൺ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു. ഖോസ്ത-2ന് സമാനമായി ഖോസ്ത-1 സാർബെകോവൈറസിനെയും കണ്ടെത്തിയെങ്കിലും ഇത് മനുഷ്യ കോശങ്ങളെ ബാധിക്കില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. ഏഷ്യയ്ക്ക് പുറത്ത് വനങ്ങളിൽ സാർബെകോവൈറസുകൾ സ്വതന്ത്രമായി പടരുന്നത് ആഗോള ആരോഗ്യത്തിനും നിലവിലെ കോവിഡ് വാക്സിൻ പ്രചാരണങ്ങൾക്കും ഭീഷണിയും വെല്ലുവിളിയും ഉയർത്തുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. 

അതേ സമയം മനുഷ്യരിൽ ഗുരുതരമായ രോഗം ഉണ്ടാക്കാൻ സാധിക്കുന്ന ജീനുകൾ ഈ വൈറസിൽ ഇല്ലെന്നാണ് ഗവേഷകർ കരുതുന്നത്. എന്നാൽ സാർസ് കോവ്-2 ജീനുകളുമായി കലർന്നു കഴിഞ്ഞാൽ ഈ അവസ്ഥയ്ക്ക് മാറ്റം വരാമെന്ന ആശങ്കയുണ്ട്. ജന്തുജന്യമായ കൂടുതൽ കൊറോണ വൈറസ് പടർച്ചകൾ തടയാൻ വേണ്ടി കൂടുതൽ വാക്സീനുകൾ ആവശ്യമാണെന്ന് വൈറോളജിസ്റ്റ് ഡോ. അരിഞ്ജയ് ബാനർജി അഭിപ്രായപ്പെടുന്നു.

Verified by MonsterInsights