അച്ഛന്റെ ആഗ്രഹം സാധിച്ചു; സർക്കാർ ജോലിയിലും ഇരട്ടകൾ ഒന്നിച്ച്

 രാജപുരം (കാസർകോട്) മരണക്കിടക്കയിൽ അച്ഛൻ അവസാനമായി പറഞ്ഞ ആഗ്രഹം സാധിച്ചെടുത്ത് ഇരട്ടകളായ മക്കൾ. അധ്യാപക ജോലി കിട്ടി റജിസ്റ്ററിൽ ഒപ്പു വയ്ക്കുമ്പോൾ സുമിത്രയും സുമിതയും അച്ഛനു നൽകിയ വാക്ക് പാലിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു. ജനനം മുതൽ ഒന്നിച്ച ഇരുവർക്കും സർക്കാർ ജോലി ലഭിച്ചതും ഒന്നിച്ചു തന്നെയായത് കൗതുകമായി.
 പാണത്തൂര കുടുപ്പള്ളിയിലെ സുമിത, സുമിത സഹോദരിമാരാണ് അധ്യാപക ജോലി നേടിയെടുക്കണമെന്ന തങ്ങളുടെ അച്ഛന്റെ അവസാനത്തെ ആഗ്രഹം കഠിന പ്രയത്നത്തിലൂടെ സാധിച്ചെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച ഇവർ അധ്യാപികമാരായി ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ചു.

 സുമിത്ര പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്കൂളിലും സുമിത ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്കൂളിലുമാണ് എൽപി വിഭാഗം അധ്യാപികമാരായി ജോലിക്കു ചേർന്നത്.
 കുണ്ടുപ്പള്ളിയിലെ പരേതനായ ബൈരു -ജയന്തി ദമ്പതികളുടെ മക്കളാണ് സുമിത്രയും സുമിതയും. ചിറങ്കടവ് ഗവ.വെൽഫെയർ ഹൈസ്കൂളിലാണ് ഇരുവരും 7-ാം ക്ലാസ് വരെ പഠിച്ചത്. തുടർന്ന് കാസർകോട് ജിഎച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് നെല്ലിക്കുന്ന് എന്നിവിടങ്ങളിലായി എസ്എസ്എൽസിയും പ്ലസ്ടവും പൂർത്തിയാക്കി. കാസർകോട് നായന്മാർമുലയിലെ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിൽ നിന്ന് ടിടിസി പൂർത്തിയാക്കി. പിഎസ്സി പരീക്ഷ എഴുതിയതും ഒരുമിച്ചായിരുന്നു.

സ്‌കൂൾ മേളകൾക്ക് ലോഗോ ക്ഷണിച്ചു.

നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിനും ഡിസംബർ മൂന്ന്,നാല്,അഞ്ച് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനും 2023 ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് നടക്കുന്ന 61-മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് ലോഗോ തയ്യാറാക്കി നൽകാം. ശാസ്ത്രോത്സവം,കലോത്സവം,കായികോത്സവം എന്നിവയ്ക്ക് പ്രത്യേകം ലോഗോ തയ്യാറാക്കണം. താല്പര്യമുള്ളവർക്ക് മൂന്ന് വിഭാഗത്തിലും പങ്കെടുക്കാം.

ബന്ധപ്പെട്ട മേളകളുടെ പ്രതീകങ്ങളും മേളയുടെ തീയതിയും ഉൾപ്പെടുത്തിവേണം ലോഗോ തയ്യാറാക്കാൻ. മേള നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താം. എഡിറ്റ് ചെയ്യാവുന്ന ഫോർമാറ്റിൽ സി.ഡിയും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോ അയക്കുന്ന കവറിന് പുറത്ത് ഏത് മേളയുടെ ലോഗോയാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. ലോഗോകൾ ഒക്ടോബർ 15 വൈകിട്ട് 5 മണിയ്ക്ക് മുൻപ് തപാലിൽ ലഭ്യമാക്കണം. വിലാസം: സി എ സന്തോഷ്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം – 695 014.

സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവർത്തി ദിനം.

.സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ (സെപ്റ്റംബർ 24) പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ തുറന്നു പ്രവർത്തിക്കുക. ഇന്ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. സർവകലാശാല പരീക്ഷകൾ അടക്കം മാറ്റിയിട്ടുണ്ട്.

 

നാളെ ശനിയാഴ്ചത്തെ പ്രവർത്തി ദിനത്തിന് ശേഷം ഈ വർഷം 2 പ്രവർത്തി ദിനങ്ങൾ കൂടിയുണ്ട്. ഒക്ടോബർ 29 ശനിയും ഡിസംബർ 3 ശനിയും സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം ഇനി ശനി സ്കൂളുകൾക്ക് പ്രവർത്തി ദിനങ്ങൾ ഇല്ല. എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.

വിദ്യാര്‍ഥികളെ കയറ്റാതെ പ്രൈവറ്റ് ബസ്; നെഞ്ചുവിരിച്ച് റോഡിലിറങ്ങി ബസ് തടഞ്ഞിട്ട് പ്രിന്‍സിപ്പൽ

ഭൂരിഭാഗം സ്വകാര്യ ബസ് ജീവനക്കാരെ ഏറ്റവുമധികം അസ്വസ്ഥമാക്കുന്ന കാഴ്ചയാണ് വിദ്യാര്‍ഥികള്‍ ബസ് കയറാന്‍ നില്‍ക്കുന്നത്. വിദ്യാര്‍ഥികളെ കണ്ടാല്‍ നിര്‍ത്താതെ പോകുക, സ്‌റ്റോപ്പില്‍ നിന്ന് മാറ്റി നിര്‍ത്തി മറ്റ് യാത്രക്കാരെ മാത്രം കയറ്റുക, എണ്ണം വെച്ച് മാത്രം വിദ്യാര്‍ഥികളെ കയറ്റുക തുടങ്ങി പല കീഴ്‌വഴക്കങ്ങളും ബസ് ജീവനക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, തന്റെ വിദ്യാര്‍ഥികള്‍ക്കായി ബസ് തടയാനിറങ്ങിയ ഒരു പ്രിന്‍സിപ്പലാണ്ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരം.

ബസ് സ്‌കൂളിന് മുന്നിലെ സ്‌റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്ന വിദ്യാര്‍ഥികളുടെ നിരന്തര പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ റോഡിലിറങ്ങി ബസ്
 തടഞ്ഞുനിര്‍ത്തുകയായിരുന്നു. മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പി.ടി.എ.എച്ച്. എസ്.എസ്. പ്രിന്‍സിപ്പലും, പ്രിന്‍സിപ്പലുമാരുടെ സംഘടനയുടെ സംസ്ഥാന
പ്രസിഡന്റുമായ ഡോ. സക്കീര്‍ എന്ന സൈനുദ്ദീനാണ് വിദ്യാര്‍ഥികള്‍ക്കായി നെഞ്ചുവിരിച്ച് റോഡിലിറങ്ങി സ്വകാര്യ ബസ് തടഞ്ഞിട്ടത്.

ബസ് തടയുമ്പോള്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ ആളുകളെയും വിദ്യാര്‍ഥികളെയും അറിയിക്കാതെയാണ് അധ്യാപകന്‍ തനിച്ച് റോഡില്‍ ഇറങ്ങി. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്ഥിരമായ സ്റ്റോപ്പില്‍ നിര്‍ത്താറില്ലെന്നും അപകടകരമായിഅമിതവേഗത്തില്‍ ഓടിച്ച് പോകുകയാണെന്നും പരാതി ഉയര്‍ന്ന പശ്ചാലത്തിലാണ് പ്രിന്‍സിപ്പൽ തന്നെ നേരിട്ട് ബസ് തടയാന്‍ ഇറങ്ങിയത്.

തൊഴിൽ സഭയ്ക്ക് ഉജ്വല തുടക്കം

ആദ്യ തൊഴിൽ സഭയിൽ 29 പേർ ജോലിക്കായുള്ള ഒന്നാംഘട്ട അഭിമുഖത്തിൽ പങ്കെടുത്തു

യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെനേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭയ്ക്ക് കണ്ണൂർ പിണറായിയിൽ ഉജ്വല തുടക്കം. ആദ്യ തൊഴിൽ സഭയിൽ കെ ഡിസ്‌കിൻറെ നേതൃത്വത്തിൽ നടന്ന കൗൺസിലിംഗിൽ 29 തൊഴിൽ അന്വേഷകർ ആദ്യഘട്ട തൊഴിൽ അഭിമുഖത്തിൽ പങ്കെടുത്തു. 9 തൊഴിൽദായകരാണ് കൗൺസിലിംഗിനായി എത്തിയത്. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് തൊഴിൽ സാധ്യതകളെയും സംരംഭങ്ങളെയും കുറിച്ച് തൊഴിൽ സഭാ അംഗങ്ങൾ ചർച്ച ചെയ്തു. ഒരേ അഭിരുചിയുള്ളവർ ചേർന്ന് തൊഴിൽ ക്ലബ്ബുകളും രൂപീകരിച്ചു.

സ്വന്തം വാർഡിലെ തൊഴിൽ സഭയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് തൊഴിൽ സഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചത്. പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന കേരള സർക്കാറിന്റെ നിലപാടിന്റെ തുടർച്ചയാണ് തൊഴിൽ സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലവസരം വർധിപ്പിക്കുന്നതിനുള്ള ജനകീയ പദ്ധതി എന്ന നിലയിലുള്ളതാണ് തൊഴിൽ സഭയെന്ന ആശയം. പുതിയ ഒരു കേരള മാതൃകയാണ് തൊഴിൽ സഭ മുന്നോട്ടുവെക്കുന്നത്. കേരളത്തിന്റേത് ബദൽ ഇടപെടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനകീയ ഇടപെടലിന്റെ പുതിയ മാതൃകയാണ് തൊഴിൽ സഭയിലൂടെ കേരളം മുന്നോട്ട് വെക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രാദേശിക സംരംഭകത്വം വർധിപ്പിച്ച്തൊഴിൽ സാധ്യകൾ കൂട്ടിവരുമാനം വർദ്ധിപ്പിക്കാനുള്ള ബദൽ ഇടപെടലാണ് തൊഴിൽസഭയെന്നും മന്ത്രി പറഞ്ഞു.

 

അന്ന് നേവി പതാകയിൽ ബ്രിട്ടിഷ് ചിഹ്നം പുനഃസ്ഥാപിച്ചതാര്? ഇന്ന് ശിവാജിയുടെ ഗാംഭീര്യം

“ഇന്ത്യൻ നാവികസേന അതിന്റെ കൊളോണിയൽ ചരിത്രത്തിന്റെയും അടിമത്തത്തിന്റെയും ചിഹ്നങ്ങൾ വലിച്ചെറിയുകയാണ്. ഇന്നു മുതൽ ഛത്രപതി ശിവാജിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ പതാക കടലിലും ആകാശത്തും പാറിപ്പറക്കും…”- പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ രണ്ടിനു കൊച്ചിയിൽ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിച്ച വേളയിൽ പ്രസംഗിച്ചതാണിത്. കൊളോണിയൽ ശക്തികൾ 1950ൽ രാജ്യം വിട്ടുപോയിട്ടും നമ്മുടെ കൂടെക്കൂടിയതാണു പഴയ നാവികസേനാപതാക.
അതിലെ സെന്റ് ജോർജ് ക്രോസ് എന്നറിയപ്പെടുന്ന ചുവന്ന ക്രോസാണു ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ ഓർമിപ്പിച്ചുകൊണ്ടിരുന്നത്. അതിന്റെ ഇടത്തേ മൂലയ്ക്ക് ഇന്ത്യൻ പതാക ആലേഖനം ചെയ്തിരുന്നെങ്കിലും സെന്റ് ജോർജ് ക്രോസ് തന്നെയായിരുന്നു എടുത്തു കണ്ടിരുന്നത്. 1947ൽ, യൂണിയൻ ജാക്ക് എന്നറിയപ്പെടുന്ന ബ്രിട്ടിഷ് പതാക പറിച്ചു കളഞ്ഞ് ഇന്ത്യൻ മൂവർണക്കൊടി രാജ്യമെമ്പാടും പാറിപ്പറന്നെങ്കിലും കടൽസേന മാത്രം പൂർണമായും പതാക മാറ്റമുണ്ടായില്ല. ഇന്നു പതാക മാറ്റത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരൊന്നും ഇക്കാലയളവിൽ പതാക മാറ്റണമെന്ന് ആവശ്യപ്പെട്ടും കണ്ടില്ല. പിന്നീട് എങ്ങനെയാണ് നാവികസേനാപതാക പുതിയ രൂപത്തിലേക്കു മാറിയത്? പതാകയിൽ ഇതുവരെയുണ്ടായിട്ടുള്ള മാറ്റങ്ങളുടെ ചരിത്രം എങ്ങനെയാണ്? എന്തുകൊണ്ടാണ് ഛത്രപതി ശിവാജി ഇന്ത്യൻ നാവിക ചരിത്രത്തിലെ മറക്കാനാകാത്ത പേരായത്? നാവികസേനയുടെ പതാകയിലെ മാറ്റങ്ങളിലൂടെ ഒരു യാത്ര…

ചുവന്ന ക്രോസ്’ മാറ്റിയത് വാജ്പേയി

കോമൺവെൽത്ത് രാജ്യങ്ങൾ ചുവന്ന ക്രോസോടുകൂടിയ നാവിക പതാകയാണ് ഉപയോഗിച്ചിരുന്നത്. അടൽ ബിഹാരി വാജ്പേയി സർക്കാർ ഭരിച്ചിരുന്ന 2001ലാണ് നാവിക പതാകയിൽ മാറ്റം വരുത്തുന്നത്. ചുവന്ന ക്രോസ് എടുത്തു കളഞ്ഞു. എന്നാൽ പതാകയ്ക്കു വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്നു പരാതി ഉയർന്നു. ആകാശനിറത്തോട് ചേർന്നു പോകുന്നതിനാൽ റെഡ് ക്രോസ് തിരികെ കൊണ്ടു വരണമെന്നും ചർച്ച നടന്നു. അതേ സർക്കാരിന്റെ കാലത്തുതന്നെ
2004 ൽ പഴയ പതാക റെഡ്ക്രോസ് ഉൾപ്പെടെ തിരികെ കൊണ്ടു വന്നു. ചുവന്ന ക്രോസിന്റെ മധ്യത്തിൽ അശോകസ്തംഭം കൂടി ആലേഖനം ചെയ്ത രീതിയിലേക്കാണു പതാക മാറിയത്.

2014 ൽ വീണ്ടും ചെറിയ മാറ്റംവരുത്തി. അശോക സ്തംഭത്തിനൊപ്പം ദേവനാഗരി ലിപിയിൽ ‘സത്യമേവ ജയതേ’ എന്നു കൂടി ചേർത്തു. അപ്പോഴും റെഡ് ക്രോസ് നിലനിർത്തി.

നേവി ചരിത്രം

ഇന്ത്യയിൽ ഭരണത്തിലിരുന്ന ബ്രിട്ടിഷുകാരാണ് ഇന്ത്യയുടെ നാവികസേനയെ ആദ്യമായി പുനഃസംഘടിപ്പിക്കുന്നത്. 1858ൽ ‘ഹെർ മെജസ്റ്റി ഇന്ത്യൻ നേവി എന്നു നാമകരണം ചെയ്തു. 1863ൽ ബോംബെ, കൊൽക്കത്ത എന്നീ ശാഖകളായി തിരിച്ചു. 1892ൽ റോയൽ ഇന്ത്യൻ മറൈൻ രൂപീകരിച്ചു. കടൽ സർവേകൾ, ലൈറ്റ് ഹൗസുകളുടെ മേൽനോട്ടം എന്നിവയായിരുന്നു പ്രധാന ചുമതല. എന്നാൽ 1918ൽ ഒന്നാം ലോക യുദ്ധത്തിനു ശേഷം റോയൽ ഇന്ത്യൻ മറൈനിന്റെ വലുപ്പം കുറച്ചു. പിന്നീട് 1934 ൽ ആണ് റോയൽ ഇന്ത്യൻ നേവി എന്ന പേരിൽ ഇന്ത്യ കൃത്യമായ നാവികസേനയുണ്ടായത്. സ്വാതന്ത്ര്യത്തിനു ശേഷം വീണ്ടും നേവി രണ്ടായി പിരിഞ്ഞു; റോയൽ ഇന്ത്യൻ നേവി, റോയൽ പാക്കിസ്ഥാൻ നേവി എന്നിങ്ങനെ. 1950 ൽ ഇന്ത്യ റിപ്പബ്ലിക് ആയപ്പോഴാണ് ബ്രിട്ടിഷുകാർ നൽകിയ റോയൽ എന്ന വാക്ക് എടുത്തു കളഞ്ഞ് ‘ഇന്ത്യൻ നേവി’ എന്നു നാമകരണം ചെയ്തത്.

ഛത്രപതി ശിവാജിയുടെ കടൽ സൈന്യം

ഭാരത ചരിത്രത്തിലെ വീരനായകനായാണു ശിവാജി അറിയപ്പെടുന്നത്. മറാഠാ സാമ്രാജ്യം കെട്ടിപ്പടുത്തതു ശിവാജിയാണ്. ശിവാജിയുടെ കടൽ സൈന്യം ലോക പ്രശസ്തവുമാണ്. കരസേന മാത്രം പ്രധാന പോരാട്ട മാർഗമായിരുന്ന കാലത്താണ് ശിവാജിയുടെ സൈന്യം കടലിൽ കരുത്തു തെളിയിക്കുന്നത്. 1650ലാണ് ശിവാജിയുടെ നാവിക പോരാട്ടം ആരംഭിക്കുന്നത്. ഇന്ത്യയിലേക്കു പോർച്ചുഗീസുകാരും ബ്രിട്ടിഷുകാരും കൂടുതലായി അധിനിവേശം നടത്തിയിരുന്നത് കടലിലൂടെയായിരുന്നു. നമ്മുടെ നാട്ടുരാജാക്കൻമാർ പരാജയപ്പെട്ടതും കടലിലാണ്. അവിടെയാണു ശിവാജി കടൽ സേനയ്ക്ക് പ്രാധാന്യം നൽകിയത്. കോട്ടകൾ പണിതതു കൂടാതെ 50 യുദ്ധക്കപ്പലുകളും 10000 നാവികരുമുള്ള വൻ സൈന്യത്തെ ശാവാജി പടുത്തുയർത്തി.

ഫോറിന്‍ സ്‌റ്റെതസ്‌കോപ്പ് സ്വപ്നം കാണുന്ന ഡോക്ടർമാർ

വിദേശത്ത് നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിനയായി ദേശീയ മെഡിക്കല് കമ്മീഷന്‍റെ പുതിയ നിബന്ധനകള്‍. 2021 നവംബറില് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പുതുതായി ചില നിബന്ധനകള്‍ കൂടി ദേശീയ മെഡിക്കല് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് വ്യക്തമായി അറിയാതെ വിദേശത്ത് മെഡിക്കല്‍ പഠനത്തിന് പോകുന്നവരുടെ ഭാവി അനിശ്ചിതത്വത്തിലാകും.

ഡോക്ടറാകാന് മോഹിക്കുന്നവരുടെ എണ്ണം ഇന്ത്യയില് ഓരോ വര്‍ഷവും കൂടി വരികയാണ്. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയ്ക്ക് 18,72,349 അപേക്ഷകരുണ്ടായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.6 ലക്ഷം കൂടുതല്‍. അപേക്ഷിച്ച വിദ്യാര്‍ഥികളില്‍ 95 ശതമാനം പേരും പരീക്ഷയെഴുതി. ഇവരില്‍ 8,70,077 പേര് യോഗ്യത നേടി.

ഇന്ത്യയില്‍ 612 മെഡിക്കല് കോളേജുകളിലായി എം.ബി.ബി.എസിന് മൊത്തം 91,927 സീറ്റാണുള്ളത്. സര്‍ക്കാര്‍ സീറ്റ് 48,012. സ്വകാര്യമേഖലയില്‍ 43,915 സീറ്റും.

സ്വാഭാവികമായും മഹാഭൂരിപക്ഷത്തിനും ഇന്ത്യയില് പഠിക്കാന് കഴിയില്ല. അവര് വിദേശ രാജ്യങ്ങളിലേക്ക് പോകും. അങ്ങനെ ഫോറിന് സ്‌റ്റെതസ്‌കോപ്പ് സ്വപ്‌നം കാണുന്നവര് ഇക്കുറി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില വസ്തുതകളുണ്ട്.

വിദേശത്ത് പഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തി പ്രാക്ടീസ് ചെയ്യണമെങ്കില് സ്ഥിരം രജിസ്‌ട്രേഷന് (Permenent Registration) ലഭിക്കണമെന്നാണ് ചട്ടം. പെർമെനന്റ് രജി‌സിട്രേഷന്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങളിലാണ് കഴിഞ്ഞ വര്‍ഷം ദേശീയ മെഡിക്കല്‍ കമ്മിഷൻ (NMC) ഭേദഗതിവരുത്തിയത്.നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് ലൈസന്‍ഷിയേറ്റ്) റെഗുലേഷന്‍, 2021 സെക്ഷന്‍ നാല് പ്രകാരം താഴെ പറയുന്ന നിബന്ധനകളാണ് പുതുതായി ഏര്‍പ്പെടുത്തിയത്.

2021 നവംബര്‍ പതിനെട്ടിനാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിനുശേഷം വിദേശ രാജ്യങ്ങളില് മെഡിസിന് പഠിക്കാന്‍ ചേര്‍ന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. തന്റേതല്ലാത്ത കാരണങ്ങളാല്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളോട് ദേശീയ മെഡിക്കല് കമ്മീഷന്‍ കാണിക്കുന്ന അനീതിയാണ് ഇതെന്ന് ആരോപണമുണ്ടെങ്കിലും പ്രസ്തുത വിജ്ഞാപനം ശരിവയ്ക്കുകയാണ് സുപ്രിം കോടതി വരെ ചെയ്തത്.

 

പല വിദേശ രാജ്യങ്ങളിലും ബി.എസ് എം.ഡി എന്ന പേരിലാണ് മെഡിക്കല് ബിരുദം നല്കുന്നത്. ബി.എസ് എന്നാല് ബാച്ചിലര്‍ ഓഫ് സയന്‍സ്, എം.ഡി എന്നാല്‍ ഡോക്ടര്‍ ഓഫ് മെഡിസിന്‍ ചില രാജ്യങ്ങള്‍ ഇവ ഇന്റഗ്രേറ്റഡായി നടത്തുന്നുണ്ട്. ഫിലിപ്പൈന്സ്, അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ബി.എസും എം.ഡിയും രണ്ട് കോഴ്‌സാണ്. അത്തരം രാജ്യങ്ങളില് ബി.എസ് പഠനം പൂര്ത്തിയാക്കി, അവിടുത്തെ എന്ട്രന്സ് പരീക്ഷ എഴുതി യോഗ്യത നേടിയാലേ എം.ഡിക്ക് അഡ്മിഷന് ലഭിക്കുകയുള്ളൂ.

 

പുതിയ നിബന്ധന വന്നതോടെ മെഡിക്കല്‍ സ്വപ്‌നവുമായി ഫിലിപ്പൈന്സിലെ വിവിധ കോളേജുകളില് ബി.എസ് കോഴ്‌സിനു ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
രണ്ട് വര്‍ഷമാണ് ബി.എസ് കാലാവധി. രണ്ട് വര്‍ഷവും ഫീ ഇനത്തില്‍ ഭീമമായ തുകയുമാണ് ഈ കുട്ടികള്‍ക്ക് നഷ്ടമായത്.

 

ഫിലിപ്പൈന്സിലെ എം.ഡി. കോഴ്‌സിന്റെ കാലാവധി 48 മാസമാണ്. ഫിലിപ്പൈന്‍സില്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് ലഭിക്കില്ല. ഉഭയകക്ഷി കരാറുളള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഫിലിപ്പൈന്‍സില് ലൈസന്‍സ് അനുവദിക്കുകയുള്ളുവെന്ന് ഫിലിപ്പൈന്‍സ് മെഡിക്കല്‍ ആക്്ടില്‍ (1959) വ്യക്തമാക്കുന്നുണ്ട്. ഫിലിപ്പൈന്‍സ് ഡോക്ടര്‍മാര്‍ക്ക് ഇന്ത്യയില്‍ ലൈസന്‍സ് നല്‍കാത്തതു കൊണ്ടു തന്നെ അവിടെ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കു ലൈസന്‍സ് അനുവദിക്കില്ല. ഉഭയകക്ഷി തീരുമാനമുണ്ടാകാതെ ഇക്കാര്യത്തില് വിദ്യാര്‍ഥികള്‍ക്ക് അനുകൂല നിലപാട് പ്രതീക്ഷിക്കാന്‍ പറ്റില്ല.

പല രാജ്യങ്ങളിലും സ്വതന്ത്ര ഡോക്ടര്മാരായി പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്സ് ലഭിക്കണമെങ്കില് അവിടുത്തെ ബിരുദാനന്തര ബിരുദം കൂടി പൂര്ത്തിയാക്കണം. പ്രാദേശിക ഭാഷ പഠിക്കുകയും വേണം. പഠിച്ച രാജ്യത്തെ ലൈസന്സു കൂടി കിട്ടിയാലേ ഇന്ത്യയില് പെര്മെനൻ്റ് രജിസ്‌ട്രേഷന് ലഭിക്കുയുള്ളൂ. ഇക്കാര്യങ്ങള് മനസ്സിലാക്കാതെ ഈ വര്ഷവും നിരവധി വിദ്യാര്ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് മെഡിസിന് പഠനത്തിനായി പോകാന് ഒരുങ്ങുന്നത്.

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാരേക്കാള്‍ കുടുതലാണ് വിദേശരാജ്യങ്ങളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ എണ്ണം. യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ചാണ് വന്‍ ‍തുക കമ്മീഷന് പറ്റി പല ഏജന്സികളും വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നത്. ഫിലിപ്പൈന്‍സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലൈസന്‍സ് കിട്ടില്ലെന്ന് അറിഞ്ഞിട്ടും ഈ വര്‍ഷവും നിരവധി കുട്ടികളെ ഏജന്‍സികള്‍ കയറ്റി അയക്കുന്നുണ്ട്. രക്ഷിതാക്കളും വിദ്യാർഥികളും ഇക്കാര്യത്തില്‍ ബോധവാന്മാരല്ല.വിദേശത്തു മെഡിസിന്‍ പഠിക്കാന് പോകുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പഠിക്കാന്‍ തെരഞ്ഞെടുക്കുന്ന കോളേജിന് ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും അംഗീകാരമുണ്ടോ എന്ന് ഉറപ്പു വരുത്തണം. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനകള്‍ പാലിക്കുന്ന പഠന സമ്പ്രദമാമാണോ എന്നും പരിശോധിക്കണം. അതാത് രാജ്യത്തെ ഇന്ത്യന്‍ എംബസികളുമായോ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഓഫീസുമായോ ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പു വരുത്താവുന്നതാണ്. ഏജന്‍സികളെ മാത്രം വിശ്വസിച്ചു കടല്‍‍ കടന്നാല്‍ വഞ്ചിതരാകാനുള്ള സാധ്യത ഏറെയാണ്.

അതിവേഗ ഇന്റർനെറ്റ് ഗുണമേന്മയോടെ കെ ഫോണിലൂടെ ലഭ്യമാകും

 പുല്ലമ്പാറ ഇനി സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്ത്

അതിവേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ഗുണമേൻമയോടെ കെ ഫോണിലൂടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിജിറ്റൽ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ  പുല്ലമ്പാറയെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു.

കെ ഫോൺ പദ്ധതി ഏറെക്കുറെ പൂർണതയിലേക്ക് എത്തുന്നു. നൂതന വിജ്ഞാന ശൃംഖലയുമായി നമ്മുടെ നാടിനെ വിളക്കിച്ചേർക്കാൻ വേണ്ട നടപടികളാണ് സർക്കാർ ചെയ്യുന്നത്. വിവിധ തലത്തിലുള്ള ഇടപെടലിൽ ഒന്നാണ് ഇന്റർനെറ്റ് സൗകര്യം ഒരുക്കൽ. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച നാടാണ് കേരളം.ഓരോ പൗരനും ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കേണ്ടതുണ്ട്. അത് വാചകത്തിൽ ഒതുങ്ങരുതെന്നും പ്രവർത്തിപഥത്തിൽ എത്തണം എന്നതിനാലുമാണ് കെ ഫോൺ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്.

30000ത്തിലധികം കിലോമീറ്റർ ഒപ്റ്റിക്കൽ കേബിൾ ശൃംഖലയാണ് വരുന്നത്. ഇതിനായി 1611 കോടി രൂപ ചെലവഴിക്കുന്നു.

ഡിജിറ്റൽ സാക്ഷരത ഏറെ ആവശ്യമുള്ള കാലഘട്ടമാണിത്. അക്ഷര പരിജ്ഞാനത്തിനൊപ്പം ഡിജിറ്റൽ സങ്കേതംമാധ്യമംനിയമം എന്നിവയിലെല്ലാം സാക്ഷരത അനിവാര്യമാണ്. എങ്കിലേ ഗുണമേൻമയുള്ള ജീവിതം നമുക്ക് നയിക്കാനാകൂ. സംസ്ഥാനത്ത് 800ലധികം സർക്കാർ സേവനം ഓൺലൈനായി ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

iPhone 14 Pro| ഐഫോൺ 14 പ്രോ ക്യാമറയ്ക്ക് വിറയൽ

ഐഫോൺ 14 പുറത്തിറങ്ങിയതോടെ ഫോണിന്റെ സവിശേഷതകളേക്കാൾ പ്രശ്നങ്ങളെ കുറിച്ചാണ് ഓൺലൈനിലെ ചർച്ച. ഇതിൽ‌ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് 14 പ്രോയുടെ ക്യാമറയെ കുറിച്ചാണ്. ക്യാമറ വിറയ്ക്കുന്നുവെന്നാണ് പ്രധാന പരാതി.

1.2 ലക്ഷം രൂപ നൽകി വാങ്ങുന്ന ഫോണിന് ഇതുപോലൊരു പ്രശ്നം എങ്ങനെ സഹിക്കുമെന്നാണ് ഉപയോക്താക്കൾ ചോദിക്കുന്നത്. എന്തായാലും പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്.

ഐഫോൺ പ്രോ, പ്രോ മാക്സ് ക്യാമറകളെ കുറിച്ചാണ് പരാതികൾ ഉയരുന്നത്. ക്യാമറ ഉപയോഗിക്കുമ്പോൾ വിറയ്ക്കുകയും വൈബ്രേറ്റ് ചെയ്യുന്നുവെന്നുമാണ് പരാതി. ഫോക്കസ് മാറിയെടുത്ത ഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കെഎസ്ആർടിസിയെ രക്ഷിക്കാൻ അവസാന നീക്കം

തിരുവനന്തപുരം: കെഎസ്ആർടിസിയെ (KSRTC) രക്ഷിക്കാൻ അവസാന നീക്കവുമായി സർക്കാർ. നാലു സ്വതന്ത്ര സ്ഥാപനമായി കോർപറേഷനെ വിഭജിക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. കൂടുതൽ വരുമാനത്തിനും കൂടുതൽ ബസ് സർവീസുകൾ നടത്തുന്നതിനും വേണ്ടിയാണിത്. വിവിധ ജില്ലകളിലെ സർവീസ് ഓരോ സ്ഥാപനത്തിന്റെയും കീഴിലാക്കും.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുക. നാലാമത്തേത് ദീർഘദൂര സർവീസുകൾക്ക് വേണ്ടിയുള്ള സ്ഥാപനമാകും. ഇതിന്റെ ആസ്ഥാനവും തിരുവനന്തപുരമായിരിക്കും. ആസ്തികളും ബസുകളും വീതിച്ചു നൽകും. ജീവനക്കാരെ പുനർവിന്യസിക്കും.

Verified by MonsterInsights