ന്യൂ ഇന്ത്യ ലിറ്ററസി

സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത മുഴുവൻ പേർക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലാതല സംഘാടക സമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. 

എറണാകുളം ജില്ലയിൽ ഏറ്റവും താഴെത്തട്ടിലേക്ക് പദ്ധതി എത്തിച്ച് വിജയകരമായി നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുത്ത് കൂട്ടായ പരിശ്രമം ഇതിനായി ഉണ്ടാകണം. മറ്റു ജില്ലകൾക്ക് മാതൃകയാകുന്ന പ്രവർത്തനം നടത്തണം. 

അടിസ്ഥാന സാക്ഷരതയ്ക്കൊപ്പം ജീവിത നൈപുണ്യ വികസനത്തിനും തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിനും വലിയ പ്രാധാന്യമുണ്ട്. പദ്ധതിയുടെ നടത്തിപ്പിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് നിർണ്ണായക പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം നടപ്പാക്കുന്നത്. സംസ്ഥാനത്ത് 2022-23 വർഷം മുതൽ 2026-27 വരെ 14 ജില്ലകളിലായി 85000 നിരക്ഷരരെ ആദ്യ വർഷം സാക്ഷരരാക്കുകയാണ് ലക്ഷ്യം. എറണാകുളം ജില്ലയിൽ 5000 പേരെയാണ് സാക്ഷരരാക്കുന്നത്. 
ആദിവാസി വിഭാഗങ്ങൾ, ട്രാൻസ് ജെൻഡർ – ക്വീയർ വിഭാഗങ്ങൾ, തീരദേശ മേഖലയിലുള്ളവർ, ന്യൂനപക്ഷങ്ങൾ, കശുവണ്ടി ഫാക്ടറി തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയ മേഖലയിൽ നിന്നുള്ള ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത മുഴുവൻ പേരെയും പദ്ധതിയുടെ ഭാഗമാകും. നിരക്ഷരരെ കണ്ടെത്തുന്നതിനായി ഒക്ടോബർ 2 ന് ഏകദിന സർവേ നടത്തും. നിരക്ഷരർ താമസിക്കുന്ന മേഖലകളുടെ പട്ടിക തയാറാക്കിയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി വാർഡ് തല സംഘാടക സമിതി രൂപീകരിക്കും. വാർഡ്തല റിസോഴ്സ് പേഴ്സൺമാരെയും നിയോഗിക്കും. പത്ത് പഠിതാക്കൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലായിരിക്കും പഠനം. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൽ 79% സ്ത്രീകൾക്കും 21% പുരുഷന്മാർക്കുമായിരിക്കും പ്രത്യേക ഊന്നൽ നൽകുക. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ജില്ലാതല സംഘാടക സമിതി ചെയർമാൻ. വൈസ് പ്രസിഡന്റ് ഷൈനി ജോർജ് വൈസ് ചെയർമാനും സാക്ഷരത മിഷൻ ജില്ലാ കോ- ഓർഡിനേറ്റർമാർ കൺവീനർമാരുമാകും. ബ്ലോക്ക് , പഞ്ചായത്ത്, നഗരസഭ പ്രസിഡന്റുമാർ സംഘാടക സമിതി അംഗങ്ങളാകും.

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ചേർന്ന യോഗത്തിൽ
ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി അധ്യക്ഷത വഹിച്ചു. 
വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റും  പി.കെ. ചന്ദ്രശേഖരൻ നായർ,
മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റുമായ പി.പി. അവറാച്ചൻ,  
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോമി തോമസ്, ന്യൂ ലിറ്ററസി പ്രോഗ്രാമിന്റെ  സംസ്ഥാന കോ-ഓർഡിനേറ്റർ നിർമ്മല റെയ്ച്ചൽ ജോയ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, സാക്ഷരത മിഷൻ ജില്ല കോ- ഓർഡിനേറ്റർ ദീപ ജെയിംസ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ കൊച്ചുറാണി മാത്യു, കെ.എം. സുബൈദ, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, സാക്ഷരതാ പ്രേരക്മാർ തുടങ്ങിയവർ പങ്കെടുത്തു.

T20 ലോകകപ്പിൽ ഇന്ത്യൻ ടീം പുതിയ ജേഴ്‌സി അണിയും

2022ലെ ടി20 ലോകകപ്പിൽ (T20 world cup 2022) ഇന്ത്യൻ ടീം (team India) പുതിയ ജേഴ്‌സി അണിയും. മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജേഴ്‌സി (jersey) പുറത്തിറക്കുന്നതിന്റെ സൂചനകൾ ബിസിസിഐ നൽകിയത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഷോപീസ് ഇവന്റില്‍ പുതിയ ജേഴ്സി അടങ്ങുന്ന കിറ്റ് പുറത്തിറക്കുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്.രോഹിത്, ശ്രേയസ് അയ്യര്‍, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സറായ MPL-ന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ആരാധകരായ നിങ്ങളാണ് ഞങ്ങളെ ക്രിക്കറ്റ് താരങ്ങളാക്കുന്നതെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് വീഡിയോയില്‍ പറഞ്ഞത്. ” നിങ്ങളുടെ പ്രോത്സാഹനമില്ലാതെ കളിയില്ല, ” അയ്യര്‍ പറഞ്ഞു. ” ലിങ്കില്‍ ക്ലിക്ക് ചെയ്ത് ടീം ഇന്ത്യയുടെ പുതിയ ജഴ്‌സിയുടെ ഭാഗമാകൂ, ” ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.’നിങ്ങളുടെ പ്രോത്സാഹനമില്ലാതെ ഗെയിം യാഥാര്‍ത്ഥ്യമാകില്ല!” ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു.2022ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ തിങ്കളാഴ്ചയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിലെ 15 അംഗ ടീമില്‍ വളരെ കുറച്ച് മാറ്റങ്ങള്‍ മാത്രമേ ഇത്തവണ വരുത്തിയിട്ടുള്ളൂ.എന്നാല്‍, ഏഷ്യാ കപ്പിനിടെ വലത് കാല്‍മുട്ടിന് പരിക്കേറ്റ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം ടീമിന് വലിയ നഷ്ടമാകും. ജഡേജയ്ക്ക് പകരക്കാരനായി ഇടം കൈയന്‍ സ്പിന്നറായി അക്‌സര്‍ പട്ടേല്‍ കളത്തിലിറങ്ങും. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് സ്‌പെഷ്‌ലിസ്റ്റ് സ്പിന്നര്‍മാര്‍.ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ഹോം പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ കണ്ടീഷനിംഗ് സംബന്ധമായ ജോലികള്‍ക്കായി എന്‍സിഎയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് – കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ്-കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.സ്റ്റാന്‍ഡ്‌ബൈ കളിക്കാര്‍: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കെ.എല്‍.രാഹുലാണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല. ഇത്തവണ ഓസ്ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ലോകകപ്പ്.

 

അസിഡിറ്റി തടയാൻ ഇതാ ചില പൊടിക്കെെകൾ

: ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം.
 അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ വയറ് വേദനയും ഉണ്ടാകാം
 ജോലിത്തിരക്കിനിടയിൽ ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ, ഭക്ഷണരീതിയിൽ വരുന്ന മാറ്റങ്ങൾ, മാനസിക സംഘർഷം, തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റി അകറ്റുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

: ഒന്ന്…

എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് അസിഡിറ്റി തടയാൻ ആദ്യം ചെയ്യേണ്ട ഒരു കാര്യമെന്ന് പറയുന്നത്. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ആരോഗ്യകരമായ ഒരു ഭക്ഷണശീലം പിന്തുടരുക.

രണ്ട്…

ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാൽ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാൻ കാരണമാവുകയും ചെയ്യും.

മൂന്ന്…

ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാൻ കാരണമാകും


 നാല്…

അമിതവണ്ണവും അസിഡിറ്റിയ്ക്ക് ഒരു കാരണമാണ്. അതിനാൽ തന്നെ ശരീരഭാരം കൃത്യമായി നിലനിർത്തുന്നതിനോടൊപ്പം വ്യായാമം ചെയ്യുന്നതും അസിഡിറ്റി തടയാൻ സഹായിക്കും.

അഞ്ച്…

ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.

ആറ്…

ശർക്കരയിൽ ഉയർന്ന മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ, കുടലിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. ദഹനത്തെ സഹായിക്കുന്നതിലൂടെ ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുന്നു. ഭക്ഷണത്തിനുശേഷം ഒരു ചെറിയ കഷ്ണം ശർക്കര കഴിക്കുക, അതിന്റെ ഗുണങ്ങൾ വളരെ പെട്ടെന്ന് തന്നെ അറിയാനാവും.

ഏഴ്…

ചുമയും ജലദോഷവും ഭേദമാക്കുന്നത് മുതൽ ദഹന, കുടൽ സംബന്ധമായ അസുഖങ്ങൾ മാറ്റാനും കഴിയുന്ന മറ്റൊരു അടുക്കള സാധനമാണ് ഇഞ്ചി. അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും

5008 ജൂനിയർ അസോസിയേറ്റ് തസ്തികകളിൽ ഒഴിവ്; SBI അപേക്ഷകൾ ക്ഷണിച്ചു.

5008 ജൂനിയർ അസോസിയേറ്റ് (Customer Support & Sales)തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). യോഗ്യതയും താത്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ മുതൽ അപേക്ഷിച്ചു തുടങ്ങാം. എസ്ബിഐ വെബ്‌സൈറ്റിന്റെ കരിയർ പോർട്ടലായ sbi.co.in അല്ലെങ്കിൽ ibpsonline.ibps.in എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 27 ആണ് അപേക്ഷകൾ അയക്കാനുള്ള അവസാന തീയ്യതി.

 എസ്ബിഐ രാജ്യത്തുടനീളം പ്രസ്തുത തസ്തികയിലേക്ക് 5008 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തത്. 20 നും 28 നും ഇടയിലാണ് പ്രായപരിധി. അംഗീകൃത സർവകലാശാലകളിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും തതുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
 ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (ഐഡിഡി) സർട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാർത്ഥികൾ 2022 നവംബർ 30-നോ അതിനുമുമ്പോ വിജയിക്കുന്നവരായിരിക്കണം.: ഓൺലൈൻ പരീക്ഷയും (പ്രിലിമിനറി & മെയിൻ പരീക്ഷയും) തിരഞ്ഞെടുത്ത പ്രാദേശിക ഭാഷയുടെ പരീക്ഷയും ഉൾപ്പെടുന്നതാണ് സെലക്ഷൻ പ്രക്രിയ. 100 മാർക്കിന്റെ ഒബ്‌ജക്ടീവ് പരീക്ഷ അടങ്ങുന്ന പ്രിലിമിനറി പരീക്ഷ ഓൺലൈനായാണ് നടത്തുക. നെഗറ്റീവ് മാർക്കിങ് രീതിയിലായിരിക്കും പ്രിലിമിനറി. ചോദ്യത്തിന് നൽകിയിട്ടുള്ള മാർക്കിന്റെ 1/4 ആണ് നെഗറ്റീവ് മാർക്ക്.  General/OBC/EWS വിഭാഗത്തിൾ ഉൾപ്പെടുന്ന അപേക്ഷകർക്ക് 750 രൂപയാണ് അപ്ലിക്കേഷൻ ഫീസ്. SC/ ST/ PwBD/ DESM വിഭാഗങ്ങളിലുള്ള ഉദ്യോഗാർത്ഥികളെ അപ്ലിക്കേഷൻ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ചെലവ് കുറവ്, വീസ എളുപ്പം; മലയാളികള്‍ ഇപ്പോള്‍ ഒഴുകുന്നത് ഈ സുന്ദരരാജ്യത്തേക്ക്.

 ഈ ഓണക്കാലത്ത് അവധിദിനങ്ങള്‍ അടിച്ചു പൊളിക്കാന്‍ യാത്രകള്‍ പ്ലാന്‍ ചെയ്ത മലയാളികള്‍ വളരെ കൂടുതലായിരുന്നു. പകര്‍ച്ചവ്യാധിയുടെ പേടി വിട്ടൊഴിഞ്ഞ ആദ്യ ഓണക്കാലം അല്‍പം കാര്യമായിത്തന്നെയാണ് എല്ലാവരും എടുത്തത്. ഊട്ടിയും മൂന്നാറും വാഗമണ്ണുമൊക്കെ പണ്ടേ പോയി, തായ്‍‍‍‍ലൻഡും മാലദ്വീപുമൊക്കെ ഉണ്ടെങ്കിലും ഇക്കുറി മലയാളികളുടെ കണ്ണ് പതിഞ്ഞത് മറ്റൊരു മനോഹര രാജ്യത്തിലേക്കായിരുന്നു; കഴിഞ്ഞ രണ്ട് മാസങ്ങളായി, അസർബൈജാൻ ആണ് സഞ്ചാരികളുടെ സൂപ്പര്‍സ്റ്റാര്‍
 ഓണക്കാലത്തിന് മുന്‍പുള്ള ഏതാനും ആഴ്ചകളായി മറ്റു രാജ്യങ്ങളിലേക്കുള്ള മലയാളി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായത്. ഏകദേശം 8000-10000 മലയാളി യാത്രക്കാർ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ബാലി, അസർബൈജാൻ, ദുബായ്, സിംഗപ്പൂർ, തുർക്കി, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയെന്നാണ് കണക്ക്.

 ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് അസർബൈജാന്‍റെ പ്രത്യേകത. എണ്ണവില കുറഞ്ഞതിന് ശേഷം അധികം ചെലവില്ലാതെ പോയി വരാവുന്ന ഒരു സ്ഥലമായി അസർബൈജാൻ മാറിയതും സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കി. ഇവിടേക്ക് വീസ കിട്ടാനും അധികം ബുദ്ധിമുട്ടില്ല. ധാരാളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇപ്പോള്‍ അസര്‍ബൈജാനിലേക്കുള്ള യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.
 1990- കൾ മുതൽ അസർബൈജാനി സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന മേഖലയാണ് ടൂറിസം. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ റിപ്പോർട്ട് പ്രകാരം, 2010 മുതൽ 2016 വരെ സന്ദർശകരുടെ കയറ്റുമതിയിൽ ഏറ്റവും വലിയ വർധനവുണ്ടായ ആദ്യ പത്ത് രാജ്യങ്ങളിൽ ഒന്നാണ് അസർബൈജാൻ.  രാജ്യത്തെ ആദ്യ യുനെസ്കോ പൈതൃകസൈറ്റും തലസ്ഥാന നഗരവുമായ ബാക്കുവാണ് അസർബൈജാനിലെ ഒരു പ്രധാന കാഴ്ച. ചരിത്രപരവും വാസ്തുവിദ്യയുടെ മനോഹാരിത വഴിഞ്ഞൊഴുകുന്നതുമായ ഒട്ടേറെ കോട്ടകളും കൊട്ടാരങ്ങളും ഈ നഗരത്തിലുണ്ട്. ബാക്കുവിന്‍റെ തെക്കുപടിഞ്ഞാറുള്ള ഗോബുസ്ഥാൻ ദേശീയോദ്യാനത്തില്‍ 5,000 മുതൽ 40,000 വർഷം വരെ പഴക്കമുള്ള 6,000-ലധികം പാറ കൊത്തുപണികള്‍ കാണാം.

ഗഞ്ച , നഖ്‌ചിവൻ , ഗബാല , ഷാക്കി തുടങ്ങിയ റിസോര്‍ട്ട് പ്രദേശങ്ങള്‍ മനോഹരമായ കാലാവസ്ഥയ്ക്കും പ്രകൃതിഭംഗിക്കും പേരുകേട്ടതാണ്. ട്രെക്കിംഗ് പോലുള്ള സാഹസിക വിനോദങ്ങള്‍ക്കും മഞ്ഞുകാലങ്ങളില്‍ സ്കീയിംഗിനും സ്നോബോർഡിംഗിനുമെല്ലാം അവസരമൊരുക്കുന്ന പർവത വിനോദസഞ്ചാരവും അസർബൈജാനിൽ ജനപ്രിയമാണ്. ബാക്കുവിലെ ബാക്കു മ്യൂസിയം ഓഫ് മിനിയേച്ചർ ബുക്‌സ് ഉൾപ്പെടെ, ഗഞ്ച, നഖ്‌ചിവൻ, സുംഗൈറ്റ്, ലങ്കാരൻ, മിങ്‌ചെവിർ, ഷാക്കി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ധാരാളം മ്യൂസിയങ്ങളുമുണ്ട്. അസർബൈജാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ ഒക്‌ടോബർ വരെയും ആണ്. മാര്‍ച്ച് മാസത്തില്‍ പേർഷ്യൻ പുതുവർഷ ആഘോഷമായ നോവ്റൂസ് ബൈറാമി ആഘോഷങ്ങളിൽ പങ്കെടുക്കാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്.

.

ഇനിയും വില കുറയ്ക്കാം; ക്രൂഡ് ഓയില്‍ ഇറക്കുമതി വിഹിതം കൂട്ടാന്‍ ഇന്ത്യയോട് റഷ്യ.

വില പരിധി നിശ്ചയിക്കാനുള്ള ജി7 രാജ്യങ്ങളുടെ നീക്കത്തെ ചെറുക്കാന്‍ വീണ്ടും വന്‍ വിലക്കുറവില്‍ അസംസ്‌കൃത എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യയെ റഷ്യ അറിയിച്ചു. വില പരിധി നിശ്ചയിക്കുന്നതിന് പിന്തുണ ആവശ്യപ്പെട്ട്‌ ജി7 രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ ഒപ്പം നിര്‍ത്തുകയെന്നത് ജി7 രാജ്യങ്ങള്‍ക്ക് നിര്‍ണായകമാണ്. വിശദമായ ചര്‍ച്ചയ്ക്കുശേഷം ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാമെന്നാണ് ഇന്ത്യ റഷ്യയെ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഇറാഖ് വാഗ്ദാനം. ചെയ്തിട്ടുള്ളതിനേക്കാള്‍ വന്‍തോതില്‍ കുറഞ്ഞ വിലയാണ് റഷ്യ മുന്നോട്ടുവെച്ചിട്ടുള്ളത്.

രാജ്യത്തെ ശരാശരി ഇറക്കുമതി ചെലവായ ബാരലിന് 110 ഡോളറില്‍നിന്ന് 16 ഡോളര്‍ കിഴിവിലാണ് മെയ് മാസത്തില്‍ റഷ്യ ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കിയത്. വിലയിലെ വ്യതിയാനത്തിനുനുസരിച്ച് ജൂണിലാകട്ടെ കിഴിവ് ബാരലിന് 14 ഡോളറായും ഓഗസ്റ്റില്‍ ആറ് ഡോളറായും കുറഞ്ഞു. എന്നാല്‍ രാജ്യത്തേയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇറാഖ് റഷ്യയില്‍നിന്നുള്ളതിനേക്കാള്‍ ഒമ്പത് ഡോളര്‍ കുറവിനാണ് ജൂണില്‍.നല്‍കിയത്. ഇതേതുടര്‍ന്ന് ഇറാഖില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായി. ഇതോടെ ഇന്ത്യയിലേയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യയുടെ സ്ഥാനം മൂന്നാമതാകുകയുംചെയ്തു.

രാജ്യത്തെ ആവശ്യത്തിനുള്ള അസംസ്‌കൃത എണ്ണയുടെ 20.6ശതമാനവും ഇറക്കുമതി ഇതോടെ ഇറാഖില്‍നിന്നായി. സൗദി അറേബ്യയില്‍നിന്ന് 20.8ശതമാനവും റഷ്യയില്‍നിന്ന് 18.2ശതമാനവുമാണ് ഇന്ത്യയുടെ ഇറക്കുമതി. ഇറാഖിലെ അസ്ഥിരമായ ആഭ്യന്തര സാഹചര്യവും ആഗോള പ്രതിസന്ധിയും പരിഗണിച്ച് അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ ബദല്‍ സംവിധാനം ആവശ്യമാണെന്ന് ഇന്ത്യ കരുതുന്നുണ്ട്. ഈ സാഹചര്യത്തില്‍ റഷ്യയെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനുമുമ്പ്, രാജ്യത്തേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഒരുശതമാനത്തില്‍ താഴെയായിരുന്നു റഷ്യയുടെ വിഹിതം ഏപ്രിലില്‍ 8 ശതമാനമായും മെയില്‍ 14ശതമാനമായും ജൂണില്‍ 18ശതമാനമായും ഇത് ഉയര്‍ന്നു. അതേസമയം, ജൂലായില്‍ വിഹിതത്തില്‍ കുറവുണ്ടായി. കുറഞ്ഞ വില വാഗ്ദാനംചെയ്യുന്നതുവരെ റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണവില ഇറക്കുമതി ഇന്ത്യ തുടരുമെന്നാണ് ലഭിക്കുന്ന സൂചന.

സ്ത്രീകൾക്ക് സ്വയം തൊഴിൽ; വീടുകളിലും ഇനി ചെരിപ്പിന്റെ വസന്തം.

ഫറോക്ക്: കുണ്ടായിതോട്ടില്‍ 15 വര്‍ഷംമുമ്പ് തുടങ്ങിയ ഫൂട്ട്വേര്‍ വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നു. യന്ത്രസഹായമില്ലാതെ
മനുഷ്യനിര്‍മിത ഫാന്‍സി ചെരിപ്പുനിര്‍മാണത്തിന്റെ പ്രവര്‍ത്തനവും പരിശീലനവുമാണ് പുതിയതായി തുടങ്ങുന്നത്. വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുടെയും സ്ത്രീകളുടെയും കൈനിര്‍മിത ഫാന്‍സി ചെരിപ്പ് നിര്‍മാണപദ്ധതിക്ക് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ 20 സ്ത്രീകള്‍ക്കാണ് പരിശീലനം നല്‍കിയത്. കുണ്ടായിത്തോട് ഫൂട്ട്വേര്‍ നിര്‍മാണ യൂണിറ്റിലാണ് പദ്ധതിയുടെ ആദ്യഘട്ടം. നടക്കുന്നത്. പരിശീലന ഉദ്ഘാടനം ഓഗസ്റ്റില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തിരുന്നു.

എല്ലാ സ്ത്രീകള്‍ക്കും വ്യവസായസ്ഥാപനങ്ങളില്‍പോയി ജോലിചെയ്യാനുള്ള സാഹചര്യം ഉണ്ടാവണമെന്നില്ല. അതിനാല്‍ അവരുടെ വീട് തന്നെ നിര്‍മാണശാലയാക്കുകയെന്നതാണ് ലക്ഷ്യം. മുബൈയിലെ തക്കരപ്പയിലും മറ്റ് കോളനികളിലേയും സ്ത്രീകള്‍ അവരുടെ വീടുകള്‍ തുടങ്ങിയ ചെരിപ്പുനിര്‍മാണത്തിന്റെ മാതൃക കേരളത്തിലും പ്രാവര്‍ത്തികമാക്കുകയാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നതെന്ന് എഫ്.ഡി.ഡി.സി. ഡയറക്ടര്‍ ഹാഷിം പറഞ്ഞു.

ഗതാഗതക്കുരുക്കിൽ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഡോക്ടർ കാർ ഉപേക്ഷിച്ച് ഓടിയത് മൂന്ന് കിലോമീറ്റർ.

റോഡുകളിലെ ട്രാഫിക് ഒരു പതിവ് കാഴ്ചയാണ്. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍. പ്രതീക്ഷിക്കാതെയുള്ള ഇത്തരം ഗതാഗതക്കുരുക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി പോകുന്ന ആളുകളെ പലപ്പോഴും കുഴപ്പത്തിലാക്കാറുണ്ട്. ബംഗളൂരുവിലെ (Bengaluru) സര്‍ജാപൂരിലാണ് സമാനമായ സംഭവം നടന്നിരിക്കുന്നത്. മണിപ്പാല്‍ ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി സര്‍ജനായ ഡോ. ഗോവിന്ദ് നന്ദകുമാറിന് (Dr. Govind Nandakumar) ഒരു ലാപ്രോസ്‌കോപ്പിക് ഗോല്‍ബ്ലാഡര്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഓഗസ്റ്റ് 30നാണ് രോഗിക്ക് പിത്താശയത്തിൽഅടിയന്തര ശസ്ത്രക്രിയ (emergency sugery) നിശ്ചയിച്ചിരുന്നത്. കൃത്യസമയത്ത് തന്നെ അദ്ദേഹം ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തു. എന്നാല്‍, ബംഗളൂരുവില്‍ കൃത്യസമയത്ത് യാത്ര ആരംഭിച്ചാലും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുമെന്നതിന് യാതൊരു ഉറപ്പുമില്ല. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്.

സാധാരണ സര്‍ജാപൂരില്‍ നിന്ന് മാറത്തഹള്ളിയില്‍ എത്താന്‍ വെറും 10 മിനിറ്റ് മാത്രമേ വേണ്ടി വരാറുള്ളൂ. ഗതാഗതക്കുരുക്ക് (traffic) കാരണം അരമണിക്കൂറിലധികം എടുത്താലും കൃത്യസമയത്ത് എത്താന്‍ കഴിയുമോ എന്ന് യാതൊരു ഉറപ്പുമില്ല. എന്നാല്‍ ഡോക്ടറെ അസ്വസ്ഥനാക്കിയത് മറ്റൊന്നുമല്ല, വൈകിയെത്തിയാല്‍ ശസ്ത്രക്രിയ നടത്തേണ്ട രോഗിയുടെ ജീവന്‍ അപകടത്തിലാകും എന്നതാണ്. വൈകുമെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ പിന്നീട് ഒന്നും നോക്കിയില്ല, കാര്‍ അവിടെയിട്ട് ആശുപത്രിയിലേക്ക് ഓടാന്‍ തുടങ്ങി. മൂന്ന് കിലോമീറ്റര്‍ ദൂരമാണ് അദ്ദേഹം ഓടിയത്.10 മിനിറ്റ് കൊണ്ട് ആശുപത്രിയില്‍ എത്താവുന്നതേ ഉള്ളൂ. എന്നാല്‍ ഞാന്‍ ട്രാഫിക്കില്‍ പെട്ടു. വൈകിയപ്പോള്‍ ആകെ പരിഭ്രാന്തനായി. ഗൂഗിള്‍ മാപ്പ് നോക്കിയപ്പോള്‍ ഇനിയും 45 മിനിറ്റ് കൂടി എടുക്കുമെന്നാണ് കാണിച്ചത്, ” ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവര്‍ കൂടെയുള്ളതുകൊണ്ട് കാര്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച് ഇറങ്ങി ഓടി. ജിമ്മില്‍ പോകുന്നതു കൊണ്ട് ഓടാന്‍ എളുപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. ഗോവിന്ദ് നന്ദകുമാര്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ട്രാഫിക്കില്‍ പെടുന്നത് ഇത് ആദ്യമായല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിദരിദ്രരിൽ വീടില്ലാത്തവരും ലൈഫ് ഭവനപദ്ധതിയിൽ.

തിരുവനന്തപുരം: സംസ്ഥാനത്ത് സർവേയിലൂടെ കണ്ടെത്തിയ 64,006 അതിദരിദ്രരിൽ ഭവനരഹിതർക്ക് വീട് നൽകുന്നത് ലൈഫ് ഭവനപദ്ധതിയിൽ. ഇവരുടെ സംരക്ഷണത്തിനുള്ള ത്രിതലസംവിധാനം പൂർത്തിയായാൽ മാത്രമേ വീടില്ലാത്തവരുടെ കണക്കിലും പദ്ധതി നടപ്പാക്കുന്നതിലും വ്യക്തത വരൂ. പട്ടികജാതിയിൽ 12,763, പട്ടികവർഗത്തിൽ 3021, മറ്റുവിഭാഗങ്ങളിൽ 47,907, ഏതുവിഭാഗമാണെന്ന് അറിയാത്തവർ 315 എന്നിങ്ങനെയാണ് അതിദരിദ്രരുടെ കണക്ക്. ഇതിൽ ഓരോ വിഭാഗത്തിലെയും വീടില്ലാത്തവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കിയാണ് ഭവനപദ്ധതി പ്രാവർത്തികമാക്കുക. ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന രണ്ടാംഘട്ട ഭവനപദ്ധതിമുതൽ അതിദരിദ്രർക്ക് വീടുനൽകുന്നത് പരിഗണിക്കും. ലൈഫ് ഭവനപദ്ധതിയിൽ അടുത്തിടെ പുറത്തിറക്കിയ കണക്കുപ്രകാരം 3,00,598 വീടുകളാണ് പൂർത്തിയായത്. 25,664 വീടുകളുടെയും 29ഭവനസമുച്ചയങ്ങളുടെയും നിർമാണം പുരോഗമിക്കുന്നു.

ക്രൂഡ് ഓയില്‍ വിലയില്‍ 4 % വര്‍ധവ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ 4 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.  എണ്ണ ഉല്‍പാദകര്‍ പ്രൊഡക്ഷന്‍ ചെറിയ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ തയാറായതോടെയാണ് ക്രൂഡോയില്‍ വില വര്‍ധിച്ചത്. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളും (ഒപെക്) അതിന്റെ സഖ്യകക്ഷികളായ ഒപെക് + എന്നറിയപ്പെടുന്ന ഗ്രൂപ്പും ഒക്ടോബറിലെ ഉൽപ്പാദനം പ്രതിദിനം 100,000 ബാരൽ (ബിപിഡി) കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ ഈ വര്‍ധനവ് ഇന്ത്യന്‍ എണ്ണ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. രാജ്യത്ത് പെട്രോള്‍,ഡീസല്‍ വിപണി മാറ്റമില്ലാതെ തുടരുകയാണ്. തുടര്‍ച്ചയായ 107-ാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. മൂന്ന് മാസം മുമ്പ് മെയ് 22 നാണ് രാജ്യത്ത് അവസാനമായി ഇന്ധന നിരക്ക് പുതുക്കിയത്. അതിനുശേഷം മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ‌ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കേന്ദ്ര സർക്കാർ നേരത്തെ കുറച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസൽ ലിറ്ററിന് 6 രൂപയുമാണ് കുറച്ചത്.
 

എന്നാൽ, ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തർപ്രദേശിലെ ചില പ്രദേശങ്ങളിൽ ഇന്ധനവിലയിൽ മാറ്റം വന്നിരുന്നു. ഗൗതം ബുദ്ധ നഗറിൽ (നോയിഡ, ഗ്രേറ്റർ നോയിഡ) പെട്രോൾ, ഡീസൽ വിലയിൽ 37 പൈസ കുറഞ്ഞ് ലിറ്ററിന് യഥാക്രമം 96.60 രൂപയും 89.77 രൂപയുമായിരുന്നു. ഗാസിയാബാദിൽ പെട്രോൾ വില 32 പൈസ കുറച്ചു. ഡീസൽ വില 30 പൈസ കുറച്ചു. പെട്രോളിന് 96.26 രൂപയും ഡീസലിന് 89.45 രൂപയുമാണ് പുതുക്കിയ വില.

 
Verified by MonsterInsights