ലഹരിക്കെതിരേ സമൂഹം ഒരുമിക്കണം

കോട്ടയം: ലഹരിക്കെതിരേ സമൂഹം ഒരുമിക്കണമെന്നും കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിനു പ്രാധാന്യം നൽകണമെന്നും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സർക്കാർ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കു വേണ്ടി  സംഘടിപ്പിച്ച സ്മാർട്ട്‌ ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടർ.  യോഗത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ എസ്. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു.  മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനുമായ   ജോബിൻ എസ്. കൊട്ടാരം മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ്. മല്ലിക, 
ഏറ്റുമാനൂർ ശിശു വികസന ഓഫീസറും ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ടുമായ പി. ഷിമിമോൾ, ഓ.ആർ.സി പ്രൊജക്റ്റ്‌ അസിസ്റ്റന്റ് സേതു പാർവതി, ജിഷ്ണു എന്നിവർ  പ്രസംഗിച്ചു. ലഹരി മുക്ത കേരളം ക്യാമ്പയിനോടു അനുബന്ധിച്ചു
ലഹരിക്കെതിരായ പ്രതിജ്ഞ ജില്ലാ കളക്ടർ ചൊല്ലിക്കൊടുത്തു. 

ഫോട്ടോ കാപ്ഷൻ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സർക്കാർ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കു വേണ്ടി  സംഘടിപ്പിച്ച സ്മാർട്ട്‌ ഐ ക്യാമ്പ് ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിക്കുന്നു.

ബ്ലോക്ക് ചെയിൻ മേഖലയിൽ ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിലവസരം

ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, എൻ എഫ് ടി തുടങ്ങിയവയുടെ നട്ടെല്ലായ വെബ് 3 സാങ്കേതിക വിദ്യയിൽ ഇന്ത്യക്കാർക്ക് കൂടുതലായി ജോലി ലഭിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഈ മേഖലയിലെ ആഗോള മാനവ വിഭവശേഷിയിലെ നല്ലൊരു പങ്കും ജോലിക്കാർ ഇന്ത്യക്കാരാണ്. 2018ന് ശേഷം 138 ശതമാനം വർധനവാണ് ഈ മേഖലയിലെ ജോലികളിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ ക്രിപ്റ്റോ മേഖലയിലെ നിയന്ത്രണങ്ങൾ മൂലം വളർച്ച മന്ദഗതിയിലാണ്. 2032 ആകുന്നതോടെ 1.1 ട്രില്ല്യൺ ഡോളർ മൂല്യം ഇന്ത്യൻ ജി ഡി പി യിലേക്ക് ഈ മേഖലയിൽ നിന്നും ഒഴുകും. ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങൾ വളരുന്നതോടെ ഈ മേഖലയിൽ ഇന്ത്യയും ആഗോള ശക്തിയായി മാറും.

ക്രിപ്റ്റോ എക്സ് ചേഞ്ചുകൾ ഉയർത്തെഴുന്നേൽക്കുന്നു

ക്രിപ്റ്റോ കറൻസികൾ തളർച്ചയിലാണെങ്കിലും, പ്രശസ്തരെ കൂട്ടുപിടിച്ച് ക്രിപ്റ്റോ എക്സ് ചേഞ്ചുകൾ വീണ്ടും ശ്രദ്ധയാകർഷിക്കാൻ നോക്കുന്നു. ലയണൽ മെസ്സി ഒരു ക്രിപ്റ്റോ എക്സ് ചേഞ്ചുമായി സഹകരിക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. അതുപോലെ ഉപഭോക്താക്കളെ ആകർഷിക്കാനായി, ക്യാഷ് ബാക്, ഫ്രീ കോയിൻസ്, ഫീസ് ഈടാക്കാതെയുള്ള വ്യാപാരം തുടങ്ങിയ പല ഓഫാറുകളും മുന്നോട്ടു വെക്കുന്നുണ്ട്.

 

കേരളത്തിലെ 50 ശതമാനം റോഡുകൾ ബിഎം ആൻഡ്‌ ബിസി നിലവാരത്തിലാക്കും

സംസ്ഥാനത്തെ 30,000 കിലോമീറ്റർ റോഡിൽ 50 ശതമാനവും മൂന്നര വർഷം കൊണ്ട് ബിഎം ആൻഡ്‌ ബിസി നിലവാരത്തിലാക്കുമെന്ന്  പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുക്കം നഗരസഭയിലെ കയ്യിട്ടാപ്പൊയിൽ – മാമ്പറ്റ – വട്ടോളിപ്പറമ്പ് –  തൂങ്ങുംപുറം – അമ്പലക്കണ്ടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ദേശീയപാത വികസനത്തിനായി 5,600 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കുകയാണ്. ആറ് വരി ദേശീയപാത 2025 ഓടുകൂടി പൂർത്തീകരിക്കും. തീരദേശ റോഡ്, മലയോര ഹൈവേ തുടങ്ങിയവയുടെ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.  2021-22 സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചത്.    കയ്യിട്ടാപ്പൊയിൽ മുതൽ മാമ്പറ്റ വരെ 600 മീറ്ററും വട്ടോളിപ്പറമ്പ് മുതൽ അമ്പലക്കണ്ടി വരെയുള്ള 2.7 കിലോമീറ്റർ റോഡുമാണ് നവീകരിക്കുന്നത്. 5.50 മീറ്റർ വീതിയിൽ ബിഎം ആൻഡ്‌ ബിസി നിലവാരത്തിലാണ് റോഡ് നവീകരിക്കുക.

നഗരസഭ ചെയർമാൻ പി. ടി ബാബു മുഖ്യാതിഥിയായിരുന്നു.  റോഡ്സ് സബ്ഡിവിഷൻ അസി.എക്സി.എഞ്ചിനീയർ ശ്രീജയൻ എൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ദുൽ മജീദ്, റുബീന കെ.കെ, കൗൺസിലർ സി.വസന്തകുമാരി, എ.കല്യാണിക്കുട്ടി, ബിന്നി മനോജ്, ജോഷില, കെ. എം വസന്ത കുമാരി, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. റോഡ്സ് വിഭാഗം നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ ഇ. ജി വിശ്വപ്രകാശ് സ്വാഗതവും ഓവർസിയർ എ. ജി ജിനീഷ് നന്ദിയും പറഞ്ഞു.

കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ 32 കോടിയുടെ ബൃഹദ് പദ്ധതി

കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ സ്വകാര്യ പങ്കാളിത്തത്തോടെ 32 കോടി രൂപയുടെ ബസ് ടെർമിനലും ഷോപ്പിംഗ് കോംപ്ലക്സുമടക്കമുള്ള ബൃഹദ് പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആൻ്റണി രാജു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.81 കോടി രൂപ ചെലവിൽ നിർമ്മിച്ച കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലും യാർഡും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
4.5 ഏക്കർ സ്ഥലം കോട്ടയം സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി.ക്കുണ്ട്. ഇവിടെ ബി.ഒ.ടി.  അടിസ്ഥാനത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ വിപുലമായ പദ്ധതി നടപ്പാക്കുന്നതു പരിഗണനയിലുണ്ട്. ശബരിമല തീർത്ഥാടന കാലത്ത് കോട്ടയത്തുനിന്ന് കൂടുതൽ ബസുകൾ സർവീസ് നടത്തും. നിലവിലുള്ള മറ്റു സർവീസുകൾ കുറയ്ക്കാതെ തന്നെ ഇത്തവണ കൂടുതൽ ശബരിമല സർവീസ് നടത്തും.  ഇന്ധന വില വർധന കെ.എസ്.ആർ.ടി.സി.യുടെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽ കെ.എസ്.ആർ.ടി.സി. ലാഭത്തിയേനെ. ശമ്പളമടക്കം നൽകുന്നതിന് 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി – സ്വകാര്യ ബസ് സ്റ്റാൻഡുകൾ നാഗമ്പടത്തേക്ക് മാറ്റി വിപുല സൗകര്യങ്ങളൊരുക്കി ജനങ്ങളുടെ ട്രെയിൻ – ബസ് ഗതാഗത സാധ്യതകൾ വിപുലപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കണമെന്ന് മുഖ്യാതിഥിയായ സഹകരണ-സംസ്കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ എം.എൽ.എ. ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ വിശിഷ്ടാഥിതിയായി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗം എൻ. ജയചന്ദ്രൻ, കെ.എസ്.ആർ.ടി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. സെബി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ നാട്ടകം സുരേഷ്, എ.വി. റസൽ, വി.ബി. ബിനു, അസീസ് ബഡായി, ലിജിൻ ലാൽ, സജി മഞ്ഞക്കടമ്പിൽ, അഡ്വ. ഫിൽസൺ മാത്യൂസ്, കെ.വി. ഭാസി, റ്റി.സി. അരുൺ, പി.എസ്. ജയിംസ്, കാപ്പിൽ തുളസീദാസ്, സെബാസ്റ്റ്യൻ മുതലക്കുഴി, മാത്യൂസ് ജോർജ്, രാജീവ് നെല്ലിക്കുന്നേൽ, പോൾസൺ പീറ്റർ, ബെന്നി മൈലാട്, ജോർജ്ജ് മാത്യു, സാൽവിൻ കൊടിയന്ത്ര, ജീവനക്കാരുടെ സംഘടന പ്രതിനിധികളായ ആർ. ഹരിദാസ്, ആർ. പ്രദീപ് കുമാർ, എൻ.കെ.  സുധീഷ് കുമാർ, ഡി.ടി.ഒ. കെ. അജി എന്നിവർ പ്രസംഗിച്ചു.

 

സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകൾ; ഉടൻ അപേക്ഷിക്കാം

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്,ഫിഷറീസ് ഗ്രാന്റ്സ്, ഇ ഗ്രാന്റ്സ് – OBC പോസ്റ്റ്മെട്രിക്, ഇ ഗ്രാന്റ്സ് – SC/ST പോസ്റ്റ്മെട്രിക് എന്നിവക്കും ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ വരുന്ന പ്രീമെട്രിക്,പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പ് ,മെറിറ്റ് കം മീൻസ് എന്നീ സ്കോളർഷിപ്പുകൾക്കും ഇതു കൂടാതെ
ഇപ്പോൾ അപേക്ഷിക്കാം. സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31 ആണ്.

1. ഫിഷറീസ് ഗ്രാന്റ്
 
പ്ലസ് വൺ മുതൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ് ,ഫിഷറീസ് ഗ്രാന്റ്. സർക്കാർ അംഗീകാരമുള്ള ഏതു കോഴ്സിനും അപേക്ഷിക്കാൻ അവസരമുണ്ട്.
ആവശ്യമായ രേഖകൾ

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
5. ഫിഷറീസ് സർട്ടിഫിക്കറ്റ്
6. ബാങ്ക് പാസ്ബുക്ക്

2. ഇ ഗ്രാന്റ്സ് – OBC പോസ്റ്റ്മെട്രിക്

പ്ലസ് വൺ മുതൽ ഏത് കോഴ്സിനും പഠിക്കുന്ന OBC വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരം.

ആവശ്യമായ രേഖകൾ

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. ബാങ്ക് പാസ്ബുക്ക്
8. അലോട്ട്മെന്റ് മെമോ

3. ഇ ഗ്രാന്റ്സ് – SC/ST പോസ്റ്റ്മെട്രിക്

പ്ലസ് വൺ മുതൽ ഏത് കോഴ്സിനും ചേർന്നു പഠിക്കുന്ന പട്ടികജാതി/വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരമുള്ളത്.

ആവശ്യമായ രേഖകൾ

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. ബാങ്ക് പാസ്ബുക്ക്
8. അലോട്ട്മെന്റ് മെമോ

4. മൈനോരിറ്റി സ്കോളർഷിപ്പുകൾ

a .പ്രീമെട്രിക് സ്കോളർഷിപ്പ് (1മുതൽ 10 വരെ)
b.പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് (പത്താം ക്ലാസ്സിനു മുകളിൽ)
c.മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ് (പ്രഫഷണൽ & ടെക്നിക്കൽ)
d.ബീഗം ഹസ്രത് മഹൽ (പെൺകുട്ടികൾക്ക്)

ആവശ്യമുള്ള രേഖകൾ

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സത്യവാങ്മൂലം
7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസ് റസീപ്റ്റ്
10. ബോണഫൈഡ് സർട്ടിഫിക്കറ്റ്

പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിനും മെരിറ്റ് കം മീൻസ് സ്കോളർഷിപ്പിനും അപേക്ഷിക്കാൻ മേൽ കാണിച്ച 10 രേഖകളും പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ 1 മുതൽ 5 വരെയുള്ള രേഖകളുമാണ് വേണ്ടത്.

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്

ഹയർ സെക്കണ്ടറി പരീക്ഷയിലും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയിലും ചുരുങ്ങിയപക്ഷം 80% മാർക്ക് വാങ്ങി വിജയിച്ചു ഏതെങ്കിലും ബിരുദ കോഴ്സിന് ഈ അധ്യയന വർഷത്തിൽ ചേരുന്ന/ ചേർന്ന എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കു മുള്ളതാണ്,സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്.

ആവശ്യമുള്ള രേഖകൾ

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസടച്ച രസീതി

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാസമർപ്പണത്തിനും
https://www.dcescholarship.kerala.gov.in
https://www.egrantz.kerala.gov.in/
http://minoritywelfare.kerala.gov.in
https://www.dcescholarship.kerala.gov.in
https://www.minorityaffairs.gov.in

ശ്വാസം മുട്ടി ഡൽഹി, വായു നിലവാരം മോശം അവസ്ഥയിലേക്ക്; എക്യുഐ 259

ദീപാവലിത്തന്നു ഡൽഹി നഗരത്തിലെ വായു നില മോശം അവസ്ഥയിൽ. ഇന്നലെ വായു നിലവാര സൂചിക (എക്യുഐ) 259 ആണു രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ 7 വർഷങ്ങളിലെ ദീപാവലിത്തലേന്നത്തെ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയാണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായി 8-ാം ദിവസമാണു നഗരത്തിൽ വായുനില മോശം അവസ്ഥ രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ വർഷം ദീപാവലിത്തലേന്നു(നവംബർ 3) എക്യുഐ 314 ആയിരുന്നു. ദീപാവലി ദിനത്തിൽ ഇതു 382 ആയി. തൊട്ടടുത്ത ദിവസം 462 എന്ന ഗുരുതര നിലയിലേക്കും ഉയർന്നിരുന്നു. 2020ൽ ദീപാവലിത്തലേന്നു (നവംബർ 13) 296 ആയിരുന്നു എക്യുഐ. ദീപാവലി ദിവസം ഇതു 414 ആയും തൊട്ടടുത്ത ദിവസം 435 ആയും ഉയർന്നു. 2019ൽ ദീപാവലിയുടെ തലേന്ന് എക്യുഐ 338 ആയിരുന്നു. ദീപാവലി ദിവസം ഇതു 281 എന്ന മെച്ചപ്പെട്ട അവസ്ഥയിലേക്കു മാറിയെങ്കിലും തൊട്ടടുത്ത ദിവസം 390 ആയി.

ശനിയാഴ്ച വൈകിട്ടു നഗരത്തിലെ എക്യുഐ 265 ആയിരുന്നു. ഞായറാഴ്ച രാവിലെ ഇതു 243 ആയി കുറഞ്ഞുവെങ്കിലും വൈകുന്നേരം ഇതു 259 ആയി കൂടിയെന്നു കേന്ദ്ര ഭൗമമന്ത്രാലയത്തിന്റെ കീഴിലുള്ള നിരീക്ഷണ സംവിധാനം സഫറിന്റെ രേഖകൾ പറയുന്നു. അതേസമയം, ഇന്നു നഗരത്തിലെ വായുനില വളരെ മോശം അവസ്ഥയിലേക്കെത്തുമെന്നു നിരീക്ഷ കേന്ദ്രം അധികൃതരുടെ വിലയിരുത്തൽ.

ശനിയാഴ്ച വൈകിട്ടു നഗരത്തിലെ എക്യുഐ 265 ആയിരുന്നു. ഞായറാഴ്ച രാവിലെ ഇതു 243 ആയി കുറഞ്ഞുവെങ്കിലും വൈകുന്നേരം ഇതു 259 ആയി കൂടിയെന്നു കേന്ദ്ര ഭൗമമന്ത്രാലയത്തിന്റെ കീഴിലുള്ള നിരീക്ഷണ സംവിധാനം സഫറിന്റെ രേഖകൾ പറയുന്നു. അതേസമയം, ഇന്നു നഗരത്തിലെ വായുനില വളരെ മോശം അവസ്ഥയിലേക്കെത്തുമെന്നു നിരീക്ഷണ കേന്ദ്രം അധികൃതരുടെ വിലയിരുത്തൽ. അനധികൃതമായ പടക്കം പൊട്ടിക്കൽ വർധിച്ചതും അയൽ സംസ്ഥാനങ്ങളിലെ കാർഷിക വിള അവശിഷ്ടങ്ങളുടെ കത്തിക്കൽ കൂടിയതുമെല്ലാം ഇതിനു കാരണമായി വിലയിരുത്തുന്നു. നാളെ എക്യുഐ ഗുരുതരാവസ്ഥ രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.

നിർമാണത്തിന് നിയന്ത്രണം

വായുമലിനീകരണത്തോത് ഉയർന്നതോടെ പ്രതിരോധ നടപടികളുടെ ഭാഗമായി ആനന്ദ് വിഹാറിലും പരിസരത്തും സ്വകാര്യ കെട്ടിട നിർമാണങ്ങൾ നിരോധിച്ചു. ശനിയാഴ്ച ഇവിടെ എക്യുഐ 410 എന്ന ഗുരുതരാവസ്ഥയിലെത്തിയിരുന്നു. വായുനിലവാര മലിനീകരണ നിയന്ത്രണ കമ്മിഷന്റെ പ്രതിരോധ മാർഗരേഖ അനുസരിച്ചാണു നിർമാണങ്ങൾക്കുള്ള വിലക്ക്.പൊടി നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കാനും അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ(ജിആർഎപി) അനുസരിച്ചു എക്യുഐ 401 മുതൽ 450 വരെയാണെങ്കിൽ അതു ഗുരുതര അവസ്ഥയാണ്. ഈ ഘട്ടത്തിൽ കെട്ടിട നിർമാണം ഉൾപ്പെടെയുള്ളവ നിരോധിക്കണമെന്നാണു വ്യവസ്ഥ.

രണ്ടു നൂറ്റാണ്ട് ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ നയിക്കാൻ ഇനി ഇന്ത്യക്കാരൻ; അഭിമാനമായി ഋഷി

ലണ്ടൻ രണ്ടു നൂറ്റാണ്ടോളം ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടനെ ഇനി നയിക്കുക ഒരു ഇന്ത്യക്കാരൻ. ഒരേസമയം ഇന്ത്യയുടെ ചെറുമകനും മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിൽനിന്നും ഈസ്റ്റ് ആഫ്രിക്ക വഴി ബ്രിട്ടനിലേക്കു കുടിയേറിയ പഞ്ചാബി കുടുംബത്തിൽ ജനിച്ചയാളാണ് ഋഷി സുനക്. സതാംപ്റ്റണിൽ ബ്രിട്ടിഷ് പൗരനായി ജനിച്ച ഋഷി, ഈ അർഥത്തിൽ ഇന്ത്യയുടെ ചെറുമകനാണ്. ഇൻഫോസിസ് സ്ഥാപക ചെയർമാനായ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷിയുടെ ഭാര്യ. ഏറെക്കാലമായി ബ്രിട്ടനിലായിട്ടും ഇന്ത്യൻ പൗരത്വം കളയാതെ സൂക്ഷിക്കുന്ന അക്ഷതയുടെ ഭർത്താവെന്ന നിലയിൽ ഇന്ത്യയുടെ മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി.

കുടിയേറ്റ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണെങ്കിലും അദ്ദേഹം വെറും ഇന്ത്യൻ വംശജനല്ല. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഭാരതീയതയും ഭഗവത്ഗീതയയും നെഞ്ചിലേറ്റി ജീവിക്കുന്നയാളാണ്. വിദേശത്തു ജനിച്ചു വളർന്നിട്ടും പ്രശസ്തമായ സർവകലാശാലകളിൽ പഠിച്ചിട്ടും ഭാരതീയ മൂല്യങ്ങൾ വ്യക്തിജീവിതത്തിൽ കൈവിടാതെ സൂക്ഷിക്കുന്ന വ്യക്തി. അതുകൊണ്ടുതന്നെയാണ് നികുതിയുമായി ബന്ധപ്പെട്ട ഒരു ആരോപണം തന്റെ ഭാര്യയ്ക്കു നേരേ ഉയർന്നപ്പോൾ നിയമപരമായി കൊടുക്കേണ്ട നികുതി അല്ലാതിരുന്നിട്ടും ധാർമികത ഉയർത്തിപ്പിടിച്ച് അതു നൽകാൻ അദ്ദേഹം തയാറായത്.

ബ്രിട്ടനിൽ നോൺ-ഡോമിസൈൽ സ്റ്റാറ്റസുള്ളവർക്ക് നിയമപരമായി 39.35 ശതമാനത്തിന് ഡിവിഡന്റ് ടാക്സ് നൽകേണ്ടതില്ല. എന്നാൽ നിയമത്തിന്റെ പഴുതുപയോഗിച്ച് വലിയ തുക നികുതി നൽകുന്നതിൽ നിന്നും ചാൻസിലറുടെ ഭാര്യ രക്ഷപ്പെടുകയാ എന്നായിരുന്നു ആരോപണം.

ബ്രിട്ടനിൽ നോൺ-ഡോമിസൈൽ സ്റ്റാറ്റസുള്ളവർക്ക് നിയമപരമായി 39.35 ശതമാനത്തിന് ഡിവിഡന്റ് ടാക്സ് നൽകേണ്ടതില്ല. എന്നാൽ നിയമത്തിന്റെ പഴുതുപയോഗിച്ച് വലിയ തുക നികുതി നൽകുന്നതിൽനിന്നും ചാൻസിലറുടെ ഭാര്യ രക്ഷപ്പെടുകയാണ് എന്നായിരുന്നു ആരോപണം. നിയമപരമായി നൽകേണ്ടതില്ലെങ്കിൽ കൂടി ഭർത്താവിനെതിരായ ആരോപണത്തിന്റെ പുകമറ നീക്കാൻ അക്ഷത നികുതി അടച്ചത് 20 മില്യൻ പൗണ്ടാണ്. ഇതോടെ രാഷ്ട്രീയ എതിരാളികൾ മൗനത്തിലുമായി. ഇത്രയും വലിയൊരു തുക നികുതിയടച്ചതിലൂടെ ഋഷിക്കു കൈവന്നത് തികഞ്ഞ മാന്യൻ എന്ന പരിവേഷമാണ്. പണം കണ്ടാൽ കണ്ണുമഞ്ഞളിക്കുന്ന രാഷ്ട്രീയക്കാരനല്ല എന്നു തെളിയിക്കാനും ഇതിലൂടെ ഋഷിക്കായി.

ഋഷിയുടെ പിതാവ് യശ്വീർ സുനാക് ജനിക്കുന്നത് കെനിയയിലാണ്. മാതാവ് ഉഷയുടെ ജനനം ടാൻസാനിയയിലും. സ്തുത്യർഹമായ സേവനത്തിന് ബ്രിട്ടിഷ് സർക്കാർ നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരത്തിന് അമ്മയുടെ പിതാവ് അർഹനായിട്ടുണ്ട്. 1960ലാണ് ഇവരുടെ കുടുംബം കുട്ടികളുമൊത്ത് ബ്രിട്ടനിലേക്ക് കുടിയേറുന്നത്.

രണ്ടുമാസം മുമ്പ് വെംബ്ലി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പാർട്ടി അംഗങ്ങളോട് ഋഷി തന്റെ ജീവിത കഥ വിവരിച്ചത് ഇങ്ങനെയാണ്.

“അമ്മയുടെ അമ്മയാണ് ആദ്യം ബ്രിട്ടനിൽ എത്തിയത്. തനിക്കും കുടുംബത്തിനും നല്ലൊരു ജീവിതം കെട്ടിപ്പെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ബ്രിട്ടനിൽ എത്തിയ അവർ ലണ്ടനിൽ ഒരു ജോലി സമ്പാദിച്ചു. ഭർത്താവിനെയും കുട്ടികളെയും ലണ്ടനിലേക്ക് കൊണ്ടുവരാനായി ഒരുവർഷത്തോളം അവർക്ക് അധികസമയം ജോലി ചെയ്യേണ്ടിവന്നു. തളരാതെ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച അവർ ലക്ഷ്യം നേടി. ഒരു വർഷത്തിനു ശേഷം അവർ ഭർത്താവിനെയും കുട്ടികളെയും ലണ്ടനിൽ എത്തിച്ചു. അതിൽ ഒരു കുട്ടിയായിരുന്നു ഋഷിയുടെ അമ്മ. പഠനത്തിൽ സമർഥയായിരുന്ന ഉഷ ഫാർമസിസ്റ്റായി. പിന്നീട് എൻഎച്ച്എസ്ജിപി ഡോക്ടറായ യശ്വീറിനെ കണ്ടുമുട്ടുകയായിരുന്നു. അവരുടെ കഥ അവിടെ അവസാനിക്കുന്നെങ്കിലും എന്റെ കഥ അവിടെ തുടങ്ങുകയായിരുന്നു.

1980ൽ ഈ മാതാപിതാക്കളുടെ മൂത്ത മകനായിട്ടായിരുന്നു ഋഷിയുടെ ജനനം. സഞ്ജയ്, രാഖി എന്നീ സഹോദരങ്ങളുമുണ്ട്. ഏറ്റവും വലുത് കുടുംബമാണെന്നും ബ്രിട്ടനാണ് തന്നെപ്പോലുള്ള ആയിരങ്ങൾക്ക് നല്ല ഭാവിയൊരുക്കാൻ അവസരം നൽകിയ രാജ്യമെന്നും അദ്ദേഹം വിശ്വസിക്കുന്നു. സാംസ്കാരികവും മതപരവുമായ പാരമ്പര്യം ഭാരതീയതയിൽ ഊന്നിക്കൊണ്ടുള്ളതാണെന്ന് പറയുമ്പോഴും നൂറു ശതമാനവും ബ്രിട്ടിഷുകാരനാണെന്നാണ് ഋഷി ആവർത്തിക്കുന്നത്.

താനൊരു ഹിന്ദുമതവിശ്വാസിയാണെന്ന് തുറന്നു പറയാനും ഋഷിക്ക് മടിയില്ല. ഋഷിക്കും കുടുംബത്തിനും ഇത് ദീപാവലി സമ്മാനം കൂടിയാണ്. ബ്രിട്ടനിലെ 20 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിനും ഋഷിയുടെ വിജയം ദീപാവലി ദിനത്തിൽ ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്.

ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം; സ്കൂളുകളും അമ്പലങ്ങളും അടച്ച സ്ഥലങ്ങൾ

ഈ വർഷത്തെ അവസാനത്തെ ഭാഗിക സൂര്യഗ്രഹണം ഇന്ന് ഒക്ടോബർ 25 ന് ദൃശ്യമാകും. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ സൂര്യഗ്രഹണം കാണാം. ഈ സൂര്യഗ്രഹണത്തിന് ഇന്ത്യയിൽ ഒരു പ്രത്യേകത കൂടിയുണ്ട്, ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ ആദ്യമായാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത്. മാത്രമല്ല, അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യയിൽ ഇനിയൊരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുകയുമില്ല.

എന്താണ് ഭാഗിക സൂര്യഗ്രഹണം?

സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴൽ പ്രകടമാകുകയും ചെയ്യുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണമുണ്ടാകുന്നത്. സൂര്യന്റെയും ചന്ദ്രന്റെയും മദ്ധ്യത്തിലൂടെ കടന്നു പോകുന്ന രേഖ ഭൂമിയിൽ സ്പർശിക്കാതെ പോകുന്നു എങ്കിൽ അങ്ങനെയുള്ള ഗ്രഹണം നടക്കുന്ന സമയത്ത് ഭൂമിയിൽ ഒരിടത്തും പൂർണ്ണ സൂര്യഗ്രഹണം കാണാൻ കഴിയില്ല. ഇതിനു ഭാഗിക സൂര്യഗ്രഹണം (Partial eclipse) എന്നു പറയുന്നു. തുടക്കം, അത് പരമാവധി എത്തൽ, ഒടുക്കം എന്നിങ്ങനെ ഭാഗിക സൂര്യഗ്രഹണത്തിന് മൂന്ന് ഘട്ടങ്ങളാണുള്ളത്.

സൂര്യഗ്രഹണത്തിൽ ചെയ്യാൻ പാടില്ലാത്തത്

സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് മുമ്പ് ചില മുൻകരുതലുകൾ കൂടി സ്വീകരിക്കേണ്ടതുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണാൻ സാധിക്കുമെങ്കിലും സൂര്യരശ്മികൾ കണ്ണിൽ പതിക്കുന്നത് പ്രതികൂലഫലമുണ്ടാക്കിയേക്കാം. അതിനാൽ, ഗ്രഹണം കാണാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം എക്ലിപ്സ് ഗ്ലാസുകൾ പോലെയുള്ള സോളാർ ഫിൽട്ടറുകൾ ഉപയോഗിക്കുക എന്നതാണ്.

ഒഡീഷയിൽ പൊതു അവധി

സൂര്യഗ്രഹണം നടക്കുന്ന ഒക്ടബോർ 25ന് ഒഡീഷയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ ഓഫീസുകൾക്ക് പുറമേ, സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ബാങ്കുകൾ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

തിരുപ്പതിയിൽ അമ്പലം അടച്ചു

തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രം ഇന്ന് അടഞ്ഞുകിടക്കും. സൂര്യഗ്രഹണം സംഭവിക്കുന്ന പന്ത്രണ്ട് മണിക്കൂറാണ് ക്ഷേത്രം അടച്ചിടുന്നത്. ഇന്ന് രാവിലെ 8.11 ഓടെ അടച്ച ക്ഷേത്രം ഇനി വൈകിട്ട് 7.30 നാണ് തുറക്കുക.

ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളും സമയവും

    • ന്യൂഡൽഹി: വൈകുന്നേരം 04:28 മുതൽ 05:42 വരെ

 

    • മുംബൈ: വൈകുന്നേരം 04:49 മുതൽ 06:09 വരെ

 

    • ഹൈദരാബാദ്: വൈകുന്നേരം 04:58 മുതൽ 05:48 വരെ

 

    • ബെംഗളൂരു: വൈകുന്നേരം 05:12 മുതൽ 05:56 വരെ

 

    • ചെന്നൈ: വൈകുന്നേരം 05:13 മുതൽ 05:45 വരെ

 

    • കൊൽക്കത്ത: വൈകുന്നേരം 04:51 മുതൽ 05:04 വരെ

 

    • ഭോപ്പാൽ: വൈകുന്നേരം 04:42 മുതൽ 05:47 വരെ

 

  • ചണ്ഡീഗഡ്: വൈകുന്നേരം 04:23 മുതൽ 05:41 വരെ

ആയുർവേദ പ്രദർശനത്തിൽ ശംഖുഭസ്മം മുതൽ പ്രമേഹം ബാധിച്ച കണ്ണിന്റെ ഒപ്റ്റിക്കൽ വ്യൂ വരെ

അമ്ലപിത്തത്തിന് (അസിഡിറ്റി) മികച്ച ഔഷധമായ കറ്റാർവാഴ നീരിൽ ശംഖിനെ സംസ്‌കരിച്ച് എടുത്ത ശംഖുഭസ്മം, കരളിലെ നീർക്കെട്ട് എന്ന ഗുരുതരരോഗത്തിന്റെ ശമനത്തിന് ഉപയോഗിക്കുന്ന പ്രവാള ഭസ്മം അല്ലെങ്കിൽ പവിഴഭസ്മം തുടങ്ങി ആയുർവേദത്തിന്റെ അധികമാർക്കും അറിയാത്ത ഏടുകളാണ് തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ കോളജിൽ നടക്കുന്ന ‘അമൃതം 2022’ ആയുർവേദ പ്രദർശനത്തിലുള്ളത്. വാലുകയന്ത്രം,ദമരു യന്ത്രം,ഡോളയന്ത്രം എന്നിങ്ങനെ പ്രാചീന മരുന്നു നിർമാണ സംവിധാനങ്ങൾ മുതൽ ആധുനിക യന്ത്രസംവിധാനങ്ങൾവരെ പ്രദർശനത്തിലുണ്ട്. പ്രമേഹം ബാധിച്ച നേത്രപടലത്തിന്റെ ഒപ്റ്റിക്കൽ വ്യൂ കാണാൻ ഏറെപ്പേരെത്തുന്നു.

ഇന്നത്തെ ജീവിതശൈലിക്ക് അനുയോജ്യമായ സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ ആയുർവേദത്തിന്റെ തനതായ കൽപ്പനകളെ കൂട്ടിയിണക്കി വിവിധതരം ഹർബൽ കോസ്മെറ്റിക്സ് വർക്കിംഗ് മോഡൽ പ്രദർശനത്തിൽ കാണാം. വിപുലമായ ആയുർവേദ പുസ്തകോത്സവം,ആരോഗ്യ പരിപാലനത്തിന് ഉതകുന്ന വിവിധയിനം ഔഷധ  സസ്യങ്ങളുടെ പരിചയപ്പെടൽ എന്നിവയ്ക്കൊപ്പം കരിനൊച്ചി, ആര്യവേപ്പ്, കറിവേപ്പില, നെല്ലി, ജാതി തുടങ്ങിയ ഔഷധ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.

നാഡീ ചികിത്സാ പ്രതിപാദിക്കുന്ന താളിയോല ഗ്രന്ഥങ്ങളും ആയുർവേദ ഉല്പത്തിയുടെ മ്യൂറൽ പെയിന്റിങ്ങും പഞ്ചഭൂത സിദ്ധാന്തം പ്രതിപാദിക്കുന്ന വാർലി പെയിന്റിങ്ങുംപ്രദർശനമേളയിൽ ഇടം പിടിച്ചിട്ടുണ്ട്. സൗജന്യ രക്ത ഗ്രൂപ്പ് നിർണയം, ജീവൻ രക്ഷാ ഉപായങ്ങളെ കുറിച്ചുള്ള പരിചയം, പ്രകൃതി നിർണയം (ആയുർവേദിക് ഫിസിക്കൽ മെന്റൽ ക്യാരക്ടർ അനാലിസിസ്), ഖനിജമായി ലഭിക്കുന്ന വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടങ്ങൾ സംസ്‌കരിക്കുന്നതിനുള്ള നൂതന രീതി,സുശ്രുതൻ  പ്രതിപാദിച്ചിരിക്കുന്ന ഹൈഡ്രോയ്ഡിസക്ഷൻ ടെക്നിക്ക് എന്നിവയൊക്കെ പ്രദർശനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

പരമ്പരാഗത മർമ്മ വിദ്യ ഉപകരണങ്ങളും ശസ്ത്രവിദ്യക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രദർശനത്തിൽ കാണാം. മനുഷ്യന്റെ ആന്തരിക അവയവങ്ങളുടെ റിയാലിറ്റിയും ആന്തരിക അവയവങ്ങളുടെ മോഡലുകളും അവയുടെ ശരീരത്തിലെ സ്ഥാനം പ്രതിപാദിക്കുന്ന സ്ട്രക്ചറൽ മോഡലുകളും തലച്ചോറ്, ശ്വാസകോശം മുതലായ ആന്തരിക അവയവങ്ങളെ തൊട്ടറിയുന്നതിനുള്ള അവസരവും ലഭ്യമാണ്.

ആരോഗ്യപൂർണമായ ജീവിതത്തിന് അനുഷ്ഠിക്കേണ്ട ചര്യകൾ, ഓരോ ഋതുക്കളിലും അനുഷ്ഠിക്കേണ്ട ആഹാര രീതി, ഗർഭം മുതൽ മോക്ഷം വരെ ഒരു മനുഷ്യായുസ്സിൽ കടന്നു പോകേണ്ട ഘട്ടങ്ങൾ എന്നിവ പ്രതിപാദിക്കുന്ന വിഷയങ്ങൾ വിവിധതരം കളികളായി ആവിഷ്‌കരിച്ചിരിക്കുന്നു.പഞ്ചകർമ്മ തീയറ്റർ മോഡലും ശിരോധാരയുടെ ലൈഫ് ഡെമോൺസ്ട്രേഷനും ഫോട്ടോതെറാപ്പി യൂണിറ്റും പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

മലർ,ഇഞ്ചി മുതലായതുകൊണ്ട് വളരെ പെട്ടെന്ന് ഔഷധയുക്തമായ ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന വിധം, ഉര മരുന്നിന്റെ നിർമ്മാണ രീതി, മുലപ്പാൽ കൂട്ടുന്നതിനുള്ള പൊടിക്കൈകൾ എന്നിങ്ങനെ കാണികളെ ആകർഷിക്കുന്ന വിവിധ വിഷയങ്ങൾ പ്രദർശനത്തിലുണ്ട്.

‘ആരോഗ്യം ആയുർവേദത്തിലൂടെ’ എന്ന വിഷയത്തിൽ ഇന്ന് (23 ഒക്ടോബർ)  വൈകിട്ടു നാലിന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന  ബോധവത്കരണ ക്ലാസ്സിന്  കണ്ണൂർ ഗവ. ആയുർവേദ കോളജ് സൂപ്രണ്ടും രോദനിദാന വിഭാഗം മേധാവിയുമായ ഡോ.എസ്. ഗോപകുമാർ നേതൃത്വം നൽകും.   പ്രദർശനം ഇന്ന് (23 ഒക്ടോബർ) രാത്രി ഏഴിന് സമാപിക്കും.

 

പ്രധാനമന്ത്രി പദത്തിൽ വെറും 45 ദിവസം; ലിസ് ട്രസിന് ഇനി വര്‍ഷം തോറും ഒരു കോടിയിലധികം അലവന്‍സ്

യുകെ പ്രധാനമന്ത്രി (UK PM) ലിസ് ട്രസ് (Liz Truss) അധികാരമേറ്റ് 45-ാം ദിവസം രാജി വച്ചിരിക്കുകയാണ്.രാജ്യത്തെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വിവിധ കോണുകളില്‍ നിന്ന് തിരിച്ചടി ലഭിച്ചതോടെയാണ് ലിസ് ട്രസ് രാജി വയ്ക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി പദത്തിൽ ഇത്രയും ദിവസങ്ങള്‍ മാത്രമേ അധികാരത്തിലിരുന്നുള്ളൂവെങ്കിലും ലിസ് ട്രസിന് ഇനി മുതൽ പ്രതിവര്‍ഷം 1 കോടി രൂപയിലധികം അലവന്‍സിന് അര്‍ഹതയുണ്ട്. എന്നാല്‍ ട്രസിന് അര്‍ഹതപ്പെട്ട പണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ട്വിറ്ററില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പലരും തങ്ങളുടെ അഭിപ്രായങ്ങളും ട്രോള്‍ വീഡിയോകളും മീമുകളും പങ്കുവെച്ചിട്ടുണ്ട്.

ഒരു ദിവസത്തേക്കെങ്കിലും ഇത്തരമൊരു ഭാഗ്യം ലഭിക്കണമെന്നാണ് ഒരു ഉപയോക്താവിന്റെ അഭിപ്രായം. വളരെ ചുരുക്കം ചില ആളുകള്‍ക്കേ ഈ സ്‌കീം ലഭിക്കുകയുള്ളൂ എന്ന അടിക്കുറിപ്പോടെയുള്ള ട്രോള്‍ വീഡിയോ മറ്റൊരു ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്.

അതിനിടെ, റയാന്‍എയര്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രധാനമന്ത്രിക്കുള്ള ബോര്‍ഡിംഗ് പാസ് പങ്കുവെച്ചിട്ടുണ്ട്. ബോര്‍ഡിംഗ് പാസിന്റെ സ്‌ക്രീന്‍ഷോട്ട് റയാന്‍എയറിന്റെ ഔദ്യോഗിക പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. പുറപ്പെടുന്നത് ലണ്ടനിൽ നിന്നാണ് എന്ന് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യസ്ഥാനം ‘anywhere’ എന്നാണ് അതില്‍ കാണിച്ചിരിക്കുന്നത്. യുകെയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ലിസ് ട്രസിനെ പരിഹസിച്ചുകൊണ്ട് ‘Liz Truss and Ryanair. 25 minute turnaround’ എന്ന് ബോര്‍ഡിംഗ് പാസിന് താഴെ കുറിച്ചിട്ടുമുണ്ട്. ഈ ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. ബോര്‍ഡിംഗ് പാസിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഗൂഗിളിലെ ജിബിപി/യൂറോ ചാര്‍ട്ടിലേക്ക് എത്തുമെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്റ് ചെയ്തു.

 

കഴിഞ്ഞ ദിവസമാണ് ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജി വെയ്ക്കുന്നത്. ജനാഭിലാഷം പാലിക്കാനായില്ലെന്ന് ലിസ് ട്രസ് പ്രതികരിച്ചിരുന്നു. പിന്‍ഗാമിയെ തെരഞ്ഞെടുക്കും വരെ അവര്‍ സ്ഥാനത്ത് തുടരും. അടുത്താഴ്ച പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. ലിസ് ട്രസ് പ്രധാനമന്ത്രിയായതിനു പിന്നാലെ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

ബ്രിട്ടണ്‍ നേരിടുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം ട്രഷറി ചീഫ് അവതരിപ്പിച്ച പുതിയ സാമ്പത്തിക നയമാണെന്നും പുനര്‍വിചിന്തനം ചെയ്യാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും ലിസ് ട്രസ് തുറന്നു സമ്മതിച്ചിരുന്നു. ഒക്ടോബര്‍ 28നകം പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന്റെ പേരും പരിഗണനയിലുണ്ട്. ഭിന്നതകളിലാതെ, പാര്‍ട്ടിയിലെ എല്ലാവര്‍ക്കും സമ്മതനായ ഒരു നേതാവിനെ തിരഞ്ഞെടുക്കാനാകുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

Verified by MonsterInsights