കേന്ദ്രത്തിന്റെ സ്വച്ഛഭാരത് പദ്ധതി; പായൽ നിറഞ്ഞ ചിറ ഇനി മീനുകൾ വൃത്തിയാക്കും

കടൂപ്പാടംചിറ സംരക്ഷണ സമിതി, മത്സ്യക്ലബ് എന്നിവരുമായി സഹകരിച്ചാണ് ചിറ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാസ് കാർപ് മീനുകളെ നിക്ഷേപിച്ചത്. സാധാരണരീതിയിൽ തുടർച്ചയായുള്ള വൃത്തിയാക്കലിന് ശേഷം വീണ്ടും കുളങ്ങളിൽ പായൽ നിറയുന്ന സാഹചര്യത്തിലാണ് ഇതിനായി മീനുകളെ ആശ്രയിച്ചത്.

ജലാശയങ്ങൾ വൃത്തിയാക്കുന്നതിനായി ജില്ലയിൽ മുമ്പും കെവികെയുടെ നേതൃത്വത്തിൽ ഗ്രാസ് കാർപ് മത്സ്യങ്ങളെ വിജയകരമായി ഉപയോഗിച്ചിരുന്നു. ശരാശരി ഒരു ഗ്രാസ് കാർപ്പ് മത്സ്യം അവയുടെ ആകെ ശരീരഭാരത്തിന്റെ രണ്ടു മുതൽ മൂന്നു മടങ്ങ് വരെ പായൽ ഭക്ഷണമാക്കും. ഈ മത്സ്യങ്ങൾ കുളങ്ങളിൽ പ്രജനനം നടത്താത്ത വിഭാഗത്തിൽ പെടുന്നതിനാൽ ഇവ പെറ്റ് പെരുകുന്ന പ്രശ്നം ഉണ്ടാകുന്നില്ല. ഒരു ഏക്കർ വലിപ്പമുള്ള പായൽ നിറഞ്ഞ കുളം വൃത്തിയാക്കുന്നതിന് 20 വലിയ ഗ്രാസ് കാർപ്പ് മത്സ്യങ്ങൾ മതിയാകും.

 

പായൽ അമിതമായി വളരുന്നത് മൂലം ജല സ്രോതസ്സുകൾ പലതും നാശത്തിന്റെ വക്കിലാണ്. കെട്ടിക്കിടക്കുന്ന കുളങ്ങളിൽ ആണ് പായൽ മൂലമുള്ള പ്രശ്നങ്ങൾ കൂടുതലായുള്ളത്. ഏകദേശം 140ൽ പരം തരത്തിലുള്ള കുളപ്പായലുകൾ ഉണ്ടെങ്കിലും സാൽവീനിയ, ഹൈഡ്രില്ല, പിസ്റ്റിയ എന്നീ മൂന്ന് വിഭാഗത്തിലുള്ളവയാണ് ഏറ്റവും അധികമായി കാണപ്പെടുന്നതും ഉപദ്രവകാരികൾ ആയിട്ടുള്ളതും. കളസസ്യങ്ങളെ നശിപ്പിക്കുന്നതിന് രാസസംയുക്തങ്ങളായ കളനാശിനികൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇവ ചിലവേറിയതും മത്സ്യങ്ങൾക്കും ആവാസ വ്യവസ്ഥയ്ക്കും മറ്റും ഹാനികരവുമാണ്.

നാലു വർഷം മുമ്പ് സർവീസ് അവസാനിപ്പിച്ച വിമാനം ഇനി റെസ്റ്റോറന്‍റാകും. തിരുവനന്തപുരം ചാക്കയിലെ ഹാംഗർ യൂണിറ്റിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന എയർ ഇന്ത്യയുടെ എയർബസ് എ 320 വിമാനമാണ് റെസ്റ്റോറന്‍റായി രൂപമാറ്റം വരുത്തുക. ഇതിനായി വിമാനം കഷ്ണങ്ങളാക്കി ഹൈദരാബാദിലേക്ക് കൊണ്ടുപോയി.

ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് നാല് ട്രെയിലറുകളിലായി വിമാനം വിവിധ ഭാഗങ്ങളിലാക്കി റോഡ് മാർഗം കൊണ്ടുപോയത്. മുന്‍ഭാഗം, എന്‍ജിന്‍, ചിറകുകള്‍, വാല്‍ഭാഗം എന്നിങ്ങനെ മുറിച്ചാണ് വിമാനം ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. എഞ്ചിന്‍ ഏവിയേഷന്‍ പഠിപ്പിക്കുന്ന എന്‍ജിനിയറിംഗ് കോളേജിന് വില്‍ക്കും.

30 വര്‍ഷത്തെ സര്‍വീസിന് ശേഷം 2018 ഒക്ടോബറിലാണ് വിമാനം തിരുവനന്തപുരത്തെത്തിച്ചത്. കാലാവധി കഴിഞ്ഞതിനാല്‍ വ്യോമയാന ചട്ടപ്രകാരം ഉപയോഗിക്കാന്‍ കഴിയില്ല. വിമാനത്തിന്‍റെ അവസാന സർവീസ് ഡല്‍ഹിയില്‍ നിന്ന് 186 യാത്രക്കാരുമായി തിരുവനന്തപുരത്ത് എത്തിയതാണ്. അതിനുശേഷം ചാക്കയിലെ ഹാംഗര്‍ യൂണിറ്റിന് സമീപത്തായി പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. അവിടത്തെ എന്‍ജിനീയറിംഗ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ഉപയോഗിച്ചുവരികയായിരുന്നു,

രാജ്യത്ത് ഡിജിറ്റൽ റിസർവ്വെ പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം

ആദ്യ ഡിജിറ്റൽ റിസർവ്വെ പുത്തൂർ വില്ലേജിൽ രാജ്യത്ത് ആദ്യമായി ഡിജിറ്റൽ റിസർവ്വെ പൂർത്തിയാക്കുന്ന  സംസ്ഥാനമായി കേരളം മാറുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ഡിജിറ്റൽ റിസർവ്വെ പദ്ധതി – എന്റെ ഭൂമിയുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ഭൂമി സംബന്ധമായ രേഖകൾ സുതാര്യമായി വിരൽത്തുമ്പിൽ ലഭ്യമാക്കാൻ ഡിജിറ്റൽ റിസർവ്വെയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് ഭൂരേഖയ്ക്കായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങാതെ ഇനി രേഖകൾ ലഭ്യമാകും. നാല് വര്‍ഷത്തിനകം സര്‍വ്വെ പൂര്‍ത്തിയാകുമ്പോൾ സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് സാക്ഷാത്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി റവന്യൂ വകുപ്പ് നടത്തുന്ന ‘എൻ്റെ ഭൂമി’ ഡിജിറ്റല്‍ സര്‍വെയുടെ ആദ്യഘട്ടത്തിനാണ് പുത്തൂർ വില്ലേജിൽ തുടക്കമായത്.  ജില്ലയിൽ നാല് താലൂക്കുകളിലായി 23 വില്ലേജുകളിലാണ് ആദ്യഘട്ട ഡിജിറ്റൽ റിസർവ്വെ നടത്തുക.  

തൃശൂർ (15 ),  ചാവക്കാട് (4), കുന്നംകുളം (2 ) തലപ്പിള്ളി  (2 ) എന്നീ താലൂക്ക് പരിധികളിലാണ് ആദ്യഘട്ട ഡിജിറ്റൽ റിസർവ്വെ നടത്തുന്നത്. തൃശൂർ താലൂക്കിൽ ചിയ്യാരം, മനക്കൊടി, ആലപ്പാട്, കുറുമ്പിലാവ്, ഇഞ്ചമുടി, ചാഴൂർ, കൂർക്കഞ്ചേരി, കണിമംഗലം, വടക്കുംമുറി, പടിയം, കാരമുക്ക്, കിഴുപ്പിള്ളിക്കര, പുത്തൂർ, പുള്ള്, കിഴക്കുമുറി. ചാവക്കാട് താലൂക്കിൽ വലപ്പാട്, നാട്ടിക, തളിക്കുളം, ഏങ്ങണ്ടിയൂർ. തലപ്പിള്ളി താലൂക്കിൽ കോട്ടപ്പുറം, ചിറ്റണ്ട. കുന്നംകുളം താലൂക്കിൽ വേലൂർ, തയ്യൂർ എന്നീ വില്ലേജുകളിലാണ് ഡിജിറ്റൽ റിസർവ്വെ നടത്തുന്നത്.  നാല് വര്‍ഷത്തിനകം സര്‍വ്വെ പൂര്‍ത്തിയാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്.

കുരിശുമൂല പുത്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. ജില്ലാ കലക്ടർ ഹരിത വി കുമാർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മിനി ഉണ്ണികൃഷ്ണൻ, എൽആർ ഡെപ്യൂട്ടി കലക്ടർ വിഭൂഷൺ, സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ പി കെ ഷാലി, തഹസിൽദാർ ടി ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

ടെക്‌നോളജി മാനേജ്‌മെന്റ് പ്രോഗ്രാം: നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം

യുവാക്കളില്‍ സാങ്കേതിക, സംരംഭകത്വ നൈപുണ്യം വര്‍ധിപ്പിക്കാനും അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ലക്ഷ്യമിട്ട് വ്യവസായ വാണിജ്യ വകുപ്പ് പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് നവംബര്‍ 14 മുതല്‍ 20 ദിവസത്തെ ടെക്‌നോളജി മാനേജ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), മെഷീന്‍ ലേണിങ് (എം.എല്‍), ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആര്‍), വെര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐ.ഒ.ടി) എന്നീ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനവും ഉണ്ടാകും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ അംഗീകൃത പദ്ധതിയായ ജനറേറ്റ് യുവര്‍ ബിസിനസ്സ്, സ്റ്റാര്‍ട്ട് യുവര്‍ ബിസിനസ്സ് എന്നീ വിഷയങ്ങളില്‍ ഐ.എല്‍.ഒ. അംഗീകൃത ഫാക്കല്‍റ്റികളുടെ ക്ലാസ്സുകളും ലഭിക്കും.

ആകെ 25 സീറ്റുകളാണ് ഉള്ളത്. 50 ശതമാനം സീറ്റ് എസ്.സി/എസ്.ടി വനിത വിഭാഗത്തിനായി മാറ്റിവെച്ചിട്ടുണ്ട്. അവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തെയും പരിഗണിക്കും. അപേക്ഷകര്‍ 45 വയസ്സിന് താഴെയുള്ളവരും ബിരുദ യോഗ്യതയുള്ളവരും ആയിരിക്കണം. കമ്പ്യൂട്ടര്‍ മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന. ജില്ലാ വ്യവസായ കേന്ദ്രം, ഐ.ഐ.ടി. പാലക്കാട് എന്നിവിടങ്ങളിലായാണ് സൗജന്യ പരിശീലനം നല്‍കുക. അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം സിവില്‍ സ്‌റ്റേഷന് പിന്‍വശം, പാലക്കാട് 678 001 എന്ന വിലാസത്തില്‍ നവംബര്‍ മൂന്നിനകം നേരിട്ടോ തപാല്‍ വഴിയോ നല്‍കണം. ഫോണ്‍: 9400356355.

 

1400 വർഷം പഴക്കം; സ്വർണ ഇലകൾ പൊഴിച്ച് മഞ്ഞപ്പരവതാനി വിരിച്ച് ഗിങ്കോ വൃക്ഷം

ചൈനയിലെ ബെയ്ജിങിൽ ഒരു ബുദ്ധ ക്ഷേത്രത്തിലാണ് സ്വർണ ഇലകൾ പൊഴിക്കുന്ന മരമുത്തശ്ശിയുള്ളത്. ഈ മരം മഞ്ഞനിറമുള്ള ഇലകൾ പൊഴിച്ചു തുടങ്ങിയാൽ പിന്നെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമാണ്. 1400 വർഷം പഴക്കമുണ്ട് ഈ ഗിങ്കോ വൃക്ഷത്തിന്. ശിഖരം മുഴുവൻ മഞ്ഞപുതച്ച് നിലത്താകെ സ്വർണ ഇലകൾ പൊഴിച്ച് സുന്ദരിയായി നിൽക്കുന്ന വൃക്ഷത്തിന്റെ ചിത്രം 2016ൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഇവിടേയ്ക്കുള്ള സന്ദർശകരുടെ തിരക്കു കൂടിയത്. ഈ സ്വർണ മരത്തെ കാണാൻ ഒരു ദിവസം എഴുപതിനായിരത്തിലധികം സന്ദർശകർ വരെ എത്തിച്ചേർന്ന ചരിത്രവുമുണ്ട്.

യാതൊരു കേടുമില്ലാതെ എങ്ങനെയാണ് ഇത്രയേറെ കാലം ഈ മരത്തിന് നിലനിൽക്കാനാകുന്നതെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. ഒരുതരം രാസവസ്തു ഉൽപാദിപ്പിച്ചാണ് ഇവ സ്വന്തം ശരീരം’ കീടങ്ങളിൽ നിന്നും കാലാവസ്ഥാ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കുന്നത്. സാധാരണഗതിയിൽ ചെടികളുടെ ഇലകൾക്കും തണ്ടിനുമെല്ലാം ഒരു നിശ്ചിതഘട്ടമെത്തിയാൽ മുന്നോട്ടു വളർച്ചയുണ്ടാകില്ല. സസ്യങ്ങളിലെ ചിലയിനം ജീനുകളാണ് വളർച്ചയെ തടസ്സപ്പെടുത്തുന്നത്. ചെടികളുടെ വളർച്ചയെ സ്വിച്ച് ഓഫ്’ ചെയ്യുന്ന അത്തരം ജീനുകൾ ഗിങ്കോയിൽ ഇല്ലെന്നും ഗവേഷകർ കണ്ടെത്തി.

ഏകദേശം 27 കോടി വർഷം മുൻപുമുതൽ ഗിയോ മരങ്ങൾ ഭൂമിയിലുണ്ടെന്നാണ് ഫോസിൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചൈനയാണ് ഇവയുടെ ജന്മദേശം. ശരത്കാലത്ത് മഞ്ഞനിറത്തിലുള്ള ഇലകളും പൊഴിച്ചു പാതയോരത്ത് നിൽക്കുന്ന ഇവ കണ്ണിനു കുളിർമയേകുന്ന കാഴ്ചയുമാണ്. ചൈനയിലെ പാർക്കുകളിലും മറ്റും ഇത് സുലഭമാണ്. എന്നാൽ വളരെ പതിയെ വളരുന്ന ഈ വമ്പൻ മരം കാട്ടുകൊള്ളക്കാരുടെ മഴുവിനിരയാകുന്നതു പതിവാണ്. അതിനാൽത്തന്നെ കാട്ടുഗിയോ മരം വംശനാശഭീഷണിയിലുമാണ്. ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റിൽ അതീവ വംശനാശഭീഷണിയുള്ള മരങ്ങളുടെ പട്ടികയിലാണിത്. നിലവിൽ ചൈനയിലെ വനമേഖലയായ ഷിറ്റിയാൻ മു മലനിരകളിൽ മാത്രമേ ഇവയെ കാണാനാവുകയുള്ളൂ.

ഗിങ്കോകളുടെ ദീർഘായുസ്സിനെപ്പറ്റി പഠിക്കാൻ 15 മുതൽ 667 വർഷം വരെ പഴക്കമുള്ള മരങ്ങളെയാണു ഗവേഷകർ പരിശോധിച്ചിരുന്നു. മരത്തിന്റെ കോശങ്ങളെപ്പറ്റി വിശദമായി പഠിച്ച് തൊലിയും ഇലയും വിത്തുമെല്ലാം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി. അങ്ങനെയാണ് വരൾച്ചയും കൊടും മഞ്ഞും കീടങ്ങളും വന്നാലും ഒരു കുഴപ്പവും പറ്റാതെ സഹായിക്കുന്ന രാസവസ്തുക്കൾ ഈ മരം ഉൽപാദിപ്പിക്കുന്നുണ്ടെന്നു കണ്ടെത്തിയത്. ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന മരം ഗിങ്കോയല്ല. യുഎസിലെ കലിഫോർണിയയിൽ കാണപ്പെടുന്ന ബിസ്കോൺ പൈൻമരങ്ങളിൽ പലതിനും 4800 വർഷത്തിലേറെ പഴക്കമുണ്ട്.

 

സിയാൻ ഷാങസി പ്രവിശ്യയിലുള്ള ഷോങഗ്നാനു മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഗുവാന്യിൻ സെൻ ബുദ്ധ ക്ഷേത്രത്തിലാണ് ഗിങ്കോ വൃക്ഷം നിൽക്കുന്നത്. 628-ാം നൂറ്റാണ്ടിൽ താങ് രാജവംശകാലത്തുണ്ടായ വൃക്ഷമാണിതെന്നാണ് നിഗമനം. മധ്യ ചൈനയിലെ സിയാൻ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ മാറിയാണ് ഈ വൃക്ഷം സ്ഥിതി ചെയ്യുന്നത്. മറ്റു ചരിത്രപരമായ സവിശേഷതകളും ഈ ബുദ്ധ ക്ഷേത്രത്തിനുണ്ട്. ശരത്കാലത്താണ് ഗിങ്കോ വൃക്ഷങ്ങൾ പതിവായി ഇലപൊഴിക്കുന്നത്. ക്ഷേത്രമുറ്റത്താകെ മഞ്ഞപ്പരവതാനി വിരിച്ച് സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ഇപ്പോൾ ഈ മരമുത്തശ്ശി. ഹാൻ ഫേയ് പകർത്തിയ സ്വർണ ഇലകൾ പൊഴിച്ചു നിൽക്കുന്ന ഗിങ്കോ വൃക്ഷത്തിന്റെ ചിത്രങ്ങൾ താംഖായി മെങ് ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ മനോഹരമായ ഈ ചിത്രങ്ങൾ കണ്ടുകഴിഞ്ഞു കേടുവരാത്ത ഗിങ്കോ വൃക്ഷങ്ങൾ.

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ രൂപയുമായി RBI; എന്താണ് CBDC? നേട്ടങ്ങള്‍ എന്തെല്ലാം?

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഡിജിറ്റല്‍ റുപ്പി അഥവാ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) ഇന്ന് അവതരിപ്പിക്കും. ഫെബ്രുവരി മാസത്തില്‍ 2022ലെ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് രാജ്യത്ത് ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. അന്നുമുതല്‍ ഡിജിറ്റല്‍ കറന്‍സിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.

രണ്ട് ഘട്ടങ്ങളിലാണ് ഡിജിറ്റല്‍ റുപ്പി (digital rupee) പുറത്തിറക്കുക. ആദ്യം മൊത്തവ്യാപാര വിഭാഗത്തിലാണ് ഡിജിറ്റല്‍ റുപ്പി അവതരിപ്പിക്കുക. രണ്ടാം ഘട്ടത്തില്‍, ഉപഭോക്താക്കളും വ്യാപാരികളുമടങ്ങുന്ന ചില്ലറ വ്യാപാര വിഭാഗത്തിലും അവതരിപ്പിക്കും. ആദ്യ ഘട്ടത്തിനു ശേഷം ഏകദേശം ഒരു മാസം കഴിഞ്ഞാകും രണ്ടാംഘട്ടം പുറത്തിറക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നീ ഒമ്പത് ബാങ്കുകളാണ് തുടക്കത്തില്‍ ഇടപാടില്‍ ഏല്‍പ്പെടുകയെന്ന് ആര്‍ബിഐ അറിയിച്ചു.

ഡിജിറ്റല്‍ രൂപത്തില്‍ ആര്‍ബിഐ നല്‍കുന്ന രൂപയാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി. നിലവിലുള്ള കറന്‍സിക്കുള്ള തുല്യമൂല്യം ഇതിനുണ്ട്. രൂപത്തില്‍ മാത്രമേ വ്യത്യാസമുണ്ടാകൂവെന്ന് ആര്‍ബിഐ വെബ്‌സൈറ്റില്‍ പറയുന്നു. ചുരുക്കത്തില്‍, അച്ചടിച്ച നോട്ടുകള്‍ക്ക് പകരമുള്ള ഡിജിറ്റല്‍ രൂപമാണ് സി.ബി.ഡി.സി.

” ഒരു നോട്ട് കൈവശം വെയ്ക്കുന്നതിന് പകരം നിങ്ങളുടെ ഫോണില്‍ ഒരു ഡിജിറ്റല്‍ കറന്‍സി ഉണ്ടായിരിക്കും. അത് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് ഏതെങ്കിലും വ്യാപാരിക്ക് കൈമാറും, ” ഡിജിറ്റല്‍ രൂപയും മൊബൈല്‍ വാലറ്റും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചുകൊണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2021ലെ ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകളുടെ സര്‍വേയില്‍ 86 ശതമാനം പേര്‍ ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകളെക്കുറിച്ച് സജീവമായി ഗവേഷണം നടത്തുന്നുണ്ടെന്നും 60 ശതമാനം പേര്‍ പരീക്ഷണം നടത്തുകയാണെന്നും 14 ശതമാനം പേര്‍ പൈലറ്റ് പ്രോജക്ടുകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും ആര്‍ബിഐ വെബ്‌സൈറ്റില്‍ പറയുന്നു.

കറൻസി ആശ്രയിക്കുന്നത് കുറയ്ക്കുക, സെറ്റില്‍മെന്റ് റിസ്‌ക് കുറയ്ക്കല്‍ എന്നിവയാണ് സിബിഡിസിയുടെ നേട്ടങ്ങളെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞ വര്‍ഷം ലോക്‌സഭയില്‍ പറഞ്ഞിരുന്നു. കൂടാതെ, സിബിഡിസി അവതരിപ്പിക്കുന്നതിലൂടെ പേപ്പറിനെ ആശ്രയിക്കുന്നത് കുറയുകയും പരിസ്ഥിതിക്ക് ഗുണം ചെയ്യുകയും ചെയ്യും.

പരമ്പരാഗത ഡിജിറ്റല്‍ ഇടപാടുകളെ അപേക്ഷിച്ച് ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിനിമയ മാധ്യമം എന്നതാണ് സിബിഡിസിയുടെ മറ്റൊരു നേട്ടം. ഇത് സെറ്റില്‍മെന്റ് റിസ്‌ക് കുറയ്ക്കുന്നു. നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം പോകുകയം സ്വീകര്‍ത്താവിന് പണം ലഭിക്കാതിരിക്കുകയും ചെയ്യുന്ന പ്രശ്നം ഉണ്ടാകില്ല. . കൂടാതെ, കൂടുതല്‍ ആളുകള്‍ സിബിഡിസികള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഇടപാട് ചാർജുകളും കുറഞ്ഞുകിട്ടും.

ഇലഞ്ഞി വിസാറ്റ് എന്ജിനീയറിംഗ് കോളേജിൽ, നാനോ സയൻസ് – നാനോ ടെക്നോളജി വിഷയങ്ങളിലായി നടത്തുന്ന IEEE ഇന്റർനാഷണൽ കോൺഫറൻസിന്റെ ലോഗോ മുൻ ഡിജിപി ഡോ അലക്സാണ്ടർ ജേക്കബ് IPS പ്രകാശനം ചെയ്യുന്നു.

ഐ ഇ ഇ ഇ ഇന്റർനാഷണൽ കോൺഫറൻസ് വിസാറ്റ് എൻജിനീയറിങ് കോളേജിൽ

വിസാറ്റ് എൻജിനീയറിങ് കോളജിലെ ഐ ഇ ഇ ഇ ഫോട്ടോണിക് സൊസൈറ്റിയുടെ സ്റ്റുഡൻസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നാനോ സയൻസ് -നാനോ ടെക്നോളജി വിഷയങ്ങളിലായി ഐ ഇ ഇ ഇ ഇന്റർനാഷണൽ കോൺഫറൻസ് വിസാറ്റ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ വച്ച് 2023 ഏപ്രിൽ 27,28 തീയതികളിൽ നടത്തപ്പെടുന്നു പ്രസ്തുത കോൺഫറൻസിന്റെ ലഘുവിവരണ പത്രം, ലോഗോ ഇവയുടെ പ്രകാശനം മുൻ ഡിജിപി ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ് നിർവഹിച്ചു.

തുടർച്ചയായി നാലാം വർഷം നടത്തുന്ന ഈ കോൺഫറൻസ് യുഎസിലെ ഐ ഇ ഇ ഇ ഫോട്ടോണിക്സ് സൊസൈറ്റിയുടെ സഹായസഹകരണത്തോടെയാണ് നടത്തുന്നത്

ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ചെന്നുപതി ജഗദീഷ്, സ്വിറ്റ്സർലൻഡ് യൂണിവേഴ്സിറ്റി പ്രൊഫസർ വ്ലാഡിസ്ലോ ഗ്രബിൻ സ്കി,ചൈന യൂണിവേഴ്സിറ്റി പ്രൊഫസർ യോങ് ത്സാങ്, ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ
എ ജി യൂണിൽ പെരേര,
മുൻ എഐസിടി ഡയറക്ടർ ഡോക്ടർ മൻപ്രീത് സിംഗ് മന്ന,എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ സാബു തോമസ് തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തുന്നതാണ്.
ശാസ്ത്ര സാങ്കേതിക മേഖലയിലെ ആനുകാലിക വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ പ്രഭാഷണ പരമ്പരയിൽ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഡിആർഡിഒ ഐഎസ്ആർഒ തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങളിൽ നിന്നും നിരവധി ഗവേഷകരും വിദ്യാർത്ഥികളും പേപ്പർ അവതരിപ്പിക്കുന്നു തിരഞ്ഞെടുക്കപ്പെടുന്ന പേപ്പറുകൾ എസ് സി ഐ സ്കോപ്പസ് ഇൻഡക്സ് ജേണലുകൾ
ഐ ഇ ഇ ഇ എക്സ്പ്ലോർ എന്നിവയിൽ പ്രസിദ്ധീകരിക്കുന്നതാണ് വിശദവിവരങ്ങൾക്ക്
www.5nano2023.com സന്ദർശിക്കുക

ഏഷ്യാകപ്പ് തിളക്കവുമായി സാന്ദ്ര മരിയ തച്ചൂർ പാലാ , രാമപുരത്തിന് അഭിമാനമായി

രാമപുരം: ഏഷ്യാകപ്പ് ഏഷ്യന്‍ യൂണിവേഴ്‌സിറ്റി വനിത സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2022 ല്‍ ഇന്ത്യന്‍ ടീമില്‍ പങ്കെടുക്കുന്നതിന് കോട്ടയം രാമപുരം സ്വദേശി സാന്ദ്ര മരിയ തോമസ് യോഗ്യത നേടി.

ആന്ധ്രാപ്രദേശില്‍ വച്ച് നടന്ന സെലക്ഷന്‍ ക്യാമ്പില്‍ വച്ചാണ് സാന്ദ്രയ്ക്ക് ഈ നേട്ടം കൈവരിക്കുവാനായത്. പാലക്കാട് മെഴ്‌സി കോളേജിലെ രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിനിയായ സാന്ദ്ര കിഴതിരി തച്ചൂര്‍ തോമസ്, സവിത ദമ്പതികളുടെ മകളാണ്.

രാമപുരം എസ്.എച്ച്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് സോഫ്റ്റ് ബോളില്‍ സാന്ദ്ര പ്രാഗല്‍ഭ്യം തെളിയിച്ചത്. കേരളാ സോഫ്റ്റ്‌ബോള്‍ ഗേള്‍സ് ജൂനിയര്‍ ടീമിന്റെ ക്യാപ്റ്റനായി ഇതിന് മുന്‍പ് ദേശീയ മത്സരങ്ങളില്‍ സാന്ദ്ര പങ്കെടുത്തിട്ടുണ്ട്.

ഈവര്‍ഷം ഡിസംബര്‍ മാസം തായ്‌ലന്റില്‍ വച്ചാണ് ഏഷ്യാകപ്പ് മത്സരം നടക്കുന്നത്. മത്സരത്തിന്റെ തയ്യാറെടുപ്പിനായിട്ട് മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ ക്യാമ്പിലാണ് ഇപ്പോള്‍ സാന്ദ്ര. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണ കുടുംബത്തിലെ അംഗമായ സാന്ദ്രയ്ക്ക് ദേശിയ ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞതില്‍ നാടാകെ ആഹ്ലാദത്തിലാണ്.

ഡിസൈൻ പഠിക്കണോ?; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി.) നിങ്ങളെ വിളിക്കുന്നു

വിവിധ മേഖലകളിലെ ഡിസൈൻ പഠനത്തിന് രാജ്യത്തെ മികച്ച സ്ഥാപനമാണ് , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി.). പഠിച്ചിറങ്ങുന്ന ഭൂരിഭാഗം വിദ്യാർത്ഥികൾക്കുംപ്ലേസ്മെന്റ്…

ബോധപൂർണ്ണിമ’ ലഹരിമുക്ത ക്യാമ്പസ്: ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ബോധപൂർണ്ണിമ‘ ലഹരിമുക്ത ക്യാമ്പസ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന സംസ്ഥാനതല മത്സരങ്ങളിൽ ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ പുരസ്‌കാരങ്ങൾക്ക് അർഹരായവരെ പ്രഖ്യാപിച്ചു. നവംബർ ഒന്നിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ രാവിലെ പത്തിന് നടക്കുന്ന ബോധപൂർണ്ണിമ‘ ഒന്നാംഘട്ട പ്രചാരണത്തിന്റെ സമാപന ചടങ്ങിൽ ഇവർക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ബിന്ദു പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ഹ്രസ്വചിത്ര വിഭാഗത്തിൽ തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിലെ ആന്റി-നാർക്കോട്ടിക് സെൽ തയ്യാറാക്കിയ ബോധ്യം‘ ഒന്നാം സമ്മാനം നേടി. ഇ-പോസ്റ്റർ വിഭാഗത്തിൽ തൃശൂർ അളഗപ്പ നഗർ ത്യാഗരാജ പോളിടെക്നിക്ക് കോളേജിലെ ആകാശ് ടി. ബിയും കഥയിൽ ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളേജിലെ എം വി ആതിരയും കവിതയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എ ജേണലിസം ആൻഡ് കമ്യൂണിക്കേഷനിലെ തപസ്യ അശോകും ലേഖനത്തിൽ നാട്ടിക എസ് എൻ കോളേജ് എം എ മലയാളത്തിലെ കെ എച്ച് നിധിൻദാസും ഒന്നാം സമ്മാനം നേടി.

ലഹരി ഉപഭോഗത്തിന്റെ ഫലങ്ങളെ ചലച്ചിത്രാത്മകമായും കാവ്യാത്മകമായും ചിത്രീകരിക്കുന്നതിൽ വിജയം കണ്ട ചിത്രമാണ് തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിന്റെ ബോധ്യം‘ എന്ന് കെ ആർ നാരായണൻ വിഷ്വൽ സയന്‌സ് ആൻഡ് ആർട്‌സിലെ അധ്യാപകർ ചേർന്ന ജൂറി നിരീക്ഷിച്ചു. മലപ്പുറം സുലമസലാം സയൻസ് കോളേജിലെ കെ പി അസീം മുഹമ്മദിന്റെ സിറോക്‌സ്‘ രണ്ടാം സ്ഥാനവുംവക്കം യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സുമി സുശീലന്റെ നേതൃത്വത്തിൽ നിർമ്മിച്ച എവേ‘ മൂന്നാം സ്ഥാനവും നേടി.

കോഴിക്കോട് മുക്കം എംഎഎംഒയിലെ ടി മുഹമ്മദ് ഷർഹാൻ ഇ-പോസ്റ്റർ വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടി. കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ സി. ആദിത്യകൃഷ്ണനും ഈരാറ്റുപേട്ട എം ഇ എസ് കോളേജിലെ കെ കാർത്തികയും മൂന്നാംസ്ഥാനം പങ്കിട്ടു. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ പി സംവേദയും മലപ്പുറം ഫാത്തിമാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സന ഷാജിദുമാണ് ലേഖനമത്സരത്തിലെ രണ്ട്മൂന്ന് സ്ഥാനക്കാർ.

കഥയിൽ ശ്രീകൃഷ്ണപുരം വി ടി ബി കോളേജിലെ ബികോം വിദ്യാർത്ഥിനി ആർ വിഷ്ണുപ്രിയ രണ്ടാം സ്ഥാനവും പൊന്നാനി എം ഇ എസ് കോളേജിലെ നന്ദന കൃഷ്ണ മൂന്നാം സ്ഥാനവും നേടി. ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ രണ്ടാംവർഷം ബിഎ എക്കണോമിക്‌സിലെ കെ ശ്രീകലയും കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ ബി.എസ്.സി  സ്റ്റാറ്റിസ്റ്റിക്‌സിലെ ടി നന്ദനയും കവിതയിൽ രണ്ടാം സ്ഥാനം പങ്കിട്ടു. കണ്ണൂർ മടമ്പം പികെഎം കോളേജ് ഓഫ് എജുക്കേഷനിലെ എ അഞ്ജിതയ്ക്കാണ് കവിത മൂന്നാം സ്ഥാനം.

കേരളപ്പിറവിദിനത്തിൽ ആശ്വാസ വാർത്ത; എൽപിജി വാണിജ്യ സിലിണ്ടർ വില 115 രൂപ കുറഞ്ഞു

ന്യൂഡൽഹി: കേരളപ്പിറവി ദിനം ആശ്വാസവർത്തയുമായാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ആശ്വാസം പകർന്നുകൊണ്ട് വാണിജ്യ എൽപിജിയുടെ വിലയാണ് സർക്കാർ കുറച്ചിരിക്കുന്നത്. എന്നാൽ ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ 115.50 രൂപയാണ് കുറച്ചത്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ജൂലൈ 6 മുതൽ ഇതുവരെ മാറ്റമില്ലാതെ തുടരുകയാണ്.

പുതിയ വിലവിവരമനുസരിച്ച് 19 കിലോഗ്രാം ഇൻഡേൻ എൽപിജി സിലിണ്ടറിന്റെ പുതുക്കിയ വില ഡൽഹിയിൽ 1744 രൂപയാണ്. ഇത് നേരത്തെ 1859.5 രൂപയായിരുന്നു. കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന്റെ വില ഇന്ന് മുതൽ 1846 രൂപയായി. നേരത്തെ ഇത് 1995.50 രൂപയായിരുന്നു. മുംബൈയിൽ നേരത്തെ 1844 രൂപയ്ക്കാണ് വാണിജ്യ സിലിണ്ടറുകൾ വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ വില കുറഞ്ഞ് 1696 രൂപയായിട്ടുണ്ട്. ചെന്നൈയിലും വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2009.50 രൂപയിൽ നിന്ന് 1893 രൂപയായി.

ഗാർഹിക സിലിണ്ടർ ഡൽഹിയിൽ 1053 രൂപയും കൊൽക്കത്തയിൽ 1079 രൂപയും ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ യഥാക്രമം 1068.5 രൂപ, 1052 രൂപയ്ക്കും ലഭ്യമാണ്.

എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ ഗ്യാസ് സിലിണ്ടറുകളുടെ വില പുതുക്കുന്നത്. ഹോട്ടലുകളിലും ഭക്ഷണശാലകളിലുമാണ് വാണിജ്യ സിലിണ്ടറുകൾ ഉപയോഗിക്കുന്നത്. വിലക്കുറവ് വ്യാപാരികൾക്ക് വലിയ ആശ്വാസമാകും. ഒക്ടോബർ ഒന്നിന് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 25.5 രൂപ കുറച്ചിരുന്നു.

പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല

പെട്രോളിനും ഡീസലിനും 40 പൈസ ഇന്നു മുതൽ കുറയുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ എണ്ണ കമ്പനികൾ ഈ തിരുമാനത്തിൽ നിന്ന് പിന്നോട്ടുപോയെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതിന് പിന്നാലെയാണ് ഇന്നു മുതൽ ഇന്ധനവില ലിറ്ററിന് 40 പൈസ കുറയുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ അഞ്ചുമാസത്തിലേറെയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.

Verified by MonsterInsights