തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സർജിക്കൽ സ്‌ട്രൈക്ക്

തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രബജറ്റിൽ കുത്തനെ വെട്ടിക്കുറച്ചത് രാജ്യത്തെ പാവങ്ങൾക്ക് നേരെയുള്ള സർജിക്കൽ സ്‌ട്രൈക്കാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അത്രയും പേർക്ക് 100 ദിവസം തൊഴിൽ നൽകണമെങ്കിൽ ചുരുങ്ങിയത് 2.72 ലക്ഷം കോടി രൂപയെങ്കിലും വകയിരുത്തണമായിരുന്നു. എന്നാൽ ആവശ്യമുള്ളതിൻറെ നാലിലൊന്നിൽ താഴെയായി വിഹിതം കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കുകയായിരുന്നു. അറുപതിനായിരം കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ഈ ജനക്ഷേമപദ്ധതി ഇല്ലാതാക്കാൻ അധികാരമേറ്റനാൾ മുതൽ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ ഒടുവിലത്തേതാണ് ഇത്. കഴിഞ്ഞ കുറേ വർഷങ്ങളായി അനാവശ്യ നിയന്ത്രണങ്ങളിലൂടെ പദ്ധതി അട്ടിമറിക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണ്. കോവിഡ് കാലത്ത് ലക്ഷക്കണക്കിന് പാവങ്ങൾക്ക് ഉപജീവനത്തിന് ആശ്രയമായിരുന്നു തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ ജീവിത പ്രതിസന്ധിയുടെയും ഉയരുന്ന തൊഴിലില്ലായ്മയുടെയും പശ്ചാത്തലത്തിൽവിഹിതം കൂട്ടി പദ്ധതി വിപുലമാക്കാനായിരുന്നു സർക്കാർ ശ്രമിക്കേണ്ടിയിരുന്നത്. രാജ്യത്തിൻറെ സമ്പത്തിൽ നാൽപത് ശതമാനവും കയ്യടക്കി വെച്ചിരിക്കുന്ന അതിസമ്പന്നർക്ക് മേൽ കൂടുതൽ നികുതി ചുമത്തുകയുംഇങ്ങനെ ശേഖരിക്കുന്ന വിഭവങ്ങൾ പാവങ്ങളെ സഹായിക്കുന്ന തൊഴിലുറപ്പ് പോലെയുള്ള പദ്ധതികളിൽ വിനിയോഗിക്കുകയായിരുന്നു വേണ്ടത്. മോദി സർക്കാരിൻറെ ഭരണ വർഗ താത്പര്യവും പാവങ്ങളോടുള്ള സമീപനവുമാണ് തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചതിലൂടെ കാണാനാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ ആദ്യത്തെ ‘സ്മാർട്ട് ഫുഡ് കോർട്ട്’ പൂനെയിലൊരുങ്ങുന്നു; പ്രത്യേകതകളറിയാം

കോവിഡ് സമയത്ത് ഏറെ പ്രതിസന്ധിലായ മേഖലകളിലൊന്നാണ് ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി വ്യവസായം. അതിൽ നിന്നെല്ലാം കര കയറാനുള്ള ശ്രമത്തിലാണ് രാജ്യം. അതിലേക്കുള്ള പുതിയ ചുവടു വെയ്പായി ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റലൈസ്ഡ് സ്മാർട്ട് ഫുഡ് കോർട്ട് പൂനെയിൽ ആരംഭിക്കാൻ പോകുകയാണ്. 3,000 ചതുരശ്ര അടിയിൽ തയ്യാറാകുന്ന ഈ പ്രൊജക്ട് ഒരു ഡിജിറ്റൽ ഉപഭോക്തൃ അനുഭവം വാഗ്ദാനം ചെയ്യും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ ഫുഡ് കോർട്ടിൽ പല ജനപ്രിയ ബ്രാൻഡുകളുടെ ഭക്ഷണങ്ങൾ ഉണ്ടാകും. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ലഘുഭക്ഷണവും ഡിന്നറുമെല്ലാം ഇവിടെ നിന്നും ലഭിക്കും.

ഈ സ്മാർട്ട് ഫുട് കോർട്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. നിങ്ങളുടെ ടേബിളിൽ ഇരിക്കുന്ന ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. ഐപാഡുകളിലൂടെയോ കിയോസ്‌കുകളിലൂടെയോ നേരിട്ട് ഓർഡർ നൽകാം. ഈ പ്രക്രിയ വളരെ ലളിതമായിരിക്കും. നിങ്ങളുടെ ഭക്ഷണം തയ്യാറായിക്കഴിഞ്ഞാൽ അക്കാര്യം നേരിട്ട് അറിയിക്കുകയോ നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് നോട്ടിഫിക്കേഷനായി എത്തുകയോ ചെയ്യും.

സ്മാർട്ട് ഫുഡ് കോർട്ടുകൾ വ്യാപിപ്പിച്ചാൽ ഫുഡ് കോർട്ടുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നത് ഇനി വളരെ എളുപ്പമാകും എന്നു ചുരുക്കം. ഓർഡർ നൽകാൻ നീണ്ട ക്യൂവിൽ കാത്തു നിൽക്കേണ്ടിയും വരില്ല. ഒരു സെക്കൻഡിനുള്ളിൽ ഈ സ്മാർട്ട് ഫുഡ് കോർട്ടിലുള്ള പ്രിയപ്പെട്ട ബ്രാൻഡുകളുടെ ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും.

 

ചെന്നൈയിലെ പികെഎസ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോപ്പറേഷന്‍ 24 മണിക്കൂറൂം ലഭ്യമാകുന്ന ഭക്ഷണശാല മുൻപ് ആരംഭിച്ചിരുന്നു. ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ അജ്‌മേരി ഗേറ്റിന് സമീപമാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രിയായ അശ്വനി വൈഷ്ണവ് ആണ് ഭക്ഷണശാല ഉദ്ഘാടനം ചെയ്തത്. ‘പോപ് എന്‍ ഹോപ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഫുഡ് കോര്‍ട്ട് ആണ്.

പോപ് എന്‍ ഹോപ്പില്‍ യാത്രക്കാര്‍ക്ക് മാത്രമല്ല പ്രവേശനം അനുവദിക്കുക, യാത്രക്കാരല്ലാത്തവര്‍ക്കും, പലതരത്തിലുള്ള ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും എല്ലാം ഇവിടെ പ്രവേശനം ലഭിക്കും. മുഴുവൻ സമയം പ്രവര്‍ത്തിക്കുന്ന, പോപ് എന്‍ ഹോപ് ഫുഡ് കോര്‍ട്ട് ശൃംഖലയ്ക്ക്, ദക്ഷിണേന്ത്യയിലും ഏതാനും ശാഖകള്‍ ഉണ്ട്. പികെ ഷെഫി ഹോസ്പിറ്റാലിറ്റിയുടെ (പികെഎസ്) മാനേജിങ്ങ് ഡയറക്ടറായ മിഹ്രാസ് ഇബ്രാഹീമിന്റെ നേതൃത്വത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

പച്ച വാല്‍നക്ഷത്രം ഇന്ന് ഭൂമിയ്ക്ക് അടുത്തെത്തും; ഇന്ത്യയിൽ ഏതൊക്കെ സംസ്ഥാനങ്ങളിൽ ദൃശ്യമാകും? എപ്പോൾ കാണാം?

 അപൂർവ്വമായി മാത്രം എത്തുന്ന പച്ച വാൽ നക്ഷത്രം (സി/2022e3) ബുധാഴ്ച (ഫെബ്രുവരി 1) ഭൂമിയോട് ഏറ്റവും അടുത്തെത്തും. ലോകത്ത് എല്ലായിടത്ത് നിന്നും ഈ നക്ഷത്രത്തെ വീക്ഷിക്കാവുന്നതാണ്. ലോകത്ത് എല്ലായിടുത്തു നിന്നും ഈ അപൂർവ്വ കാഴ്ച കാണാൻ കഴിയുമെന്നും ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലും ഇത് ദൃശ്യമാകും. പച്ച നിറത്തോടു കൂടിയാണ് ഈ വാൽ നക്ഷത്രത്തെ കാണാൻ സാധിക്കുക. വാൽമാക്രിയുടേത് പോലുള്ള വാലും ഈ നക്ഷത്രത്തിന്റെ സവിശേഷതയാണ്.

2023 ജനുവരിയോടെ സൂര്യന് ചുറ്റുമുള്ള ഭ്രമണം പൂർത്തിയാക്കിയ ശേഷമാണ് വാൽനക്ഷത്രം ഭൂമിയ്ക്ക് മുകളിലുള്ള ആകാശത്തിലേക്ക് കടക്കുന്നത്. സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യവും നക്ഷത്രത്തിനുള്ളിലെ കാർബൺ തൻമാത്രകളുടെ സംയോജനവും കൊണ്ടാണ് ഇവയ്ക്ക് പച്ച കലർന്ന നിറം ലഭിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ.

visat 1

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 42 മില്യൺ കിലോമീറ്റർ അകലെയാണ് ഈ നക്ഷത്രം കാണപ്പെടുന്നത്. 50000 വർഷത്തിന് മുമ്പാണ് ഈ വാൽ നക്ഷത്രത്തെ അവസാനമായി കണ്ടത്. അന്ന് ഭൂമിയിൽ വസിച്ചിരുന്നത് നിയാണ്ടർതാൽ മനുഷ്യരായിരുന്നു.

തെളിഞ്ഞതും ഇരുണ്ട നിറത്തിലുമുള്ള ആകാശത്തിൽ മാത്രമെ ഈ വാൽ നക്ഷത്രത്തെ കാണാൻ സാധിക്കയുള്ളു. അത്രയധികം പ്രകാശം വഹിക്കുന്നവയല്ല ഈ നക്ഷത്രം. അതിനാൽ ഇവയെ കാണാൻ ബൈനോക്കുലർ ഉപയോഗിക്കാവുന്നതാണ്. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നവയല്ല ഈ വാൽനക്ഷത്രം. രാത്രി 9.30 ന് ശേഷമാണ് ഇവയെ കാണാൻ സാധിക്കുക. ഇന്ത്യയിൽ പശ്ചിമ ബംഗാൾ, ഒഡിഷ, ലഡാക്ക്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഈ അപൂർവ്വ ആകാശകാഴ്ച വീക്ഷിക്കാൻ സാധിക്കുമെന്നാണ് വിവരം.

ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ്

*എറണാകുളം മറൈൻ ഡ്രൈവിൽ ഫെബ്രുവരി 4 മുതൽ 6 വരെ  പ്രദർശനങ്ങൾസംവാദങ്ങൾവിവിധ സെഷനുകൾ

ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 2023 ഫ്രെബ്രുവരി 4 മുതൽ 6 വരെ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് (GEx Kerala 23) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

 മറൈൻ ഡ്രൈവിൽ ജനുവരി നാലിന് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ്  വി.ഡി. സതീശൻ മുഖ്യാതിഥിയാകും. വിശാലമായ ശീതീകരിച്ച പവലിയനിൽ അന്താരാഷ്ട്ര സാങ്കേതിക വിദ്യകളുംയന്ത്രസംവിധാനങ്ങളുംസ്വദേശത്തും വിദേശത്തും അംഗീകാരം ലഭിച്ച മികച്ച മാതൃകകൾ പരിചയപ്പെടുത്തുന്ന നൂറോളം സ്റ്റാളുകൾമാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂന്നിയുള്ള സെമിനാറുകൾവിദേശത്തും സ്വദേശത്തും നിന്നുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാനൽ ചർച്ചകൾസംരഭക സമ്മേളനങ്ങൾഓപ്പൺ ഫോറങ്ങൾടെക്നിക്കൽ സെഷനുകൾഹാക്കത്തോൺകലാ സാംസ്‌ക്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യക്കകത്തുംവിദേശത്തും നിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളുംയന്ത്രോപകരണങ്ങളുംആശയങ്ങളും അവതരിപ്പിക്കുന്നതിനുംമാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ച് പൊതു അവബോധം വളർത്തുന്നതിനും അവസരമൊരുക്കുന്ന ഈ കോൺക്ലേവിൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലെയുംമുൻസിപ്പാലിറ്റികളിലെയുംകോർപ്പറേഷനുകളിലെയും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങെളെയും പ്രതിനിധീകരിച്ച് പത്ത് പേരടങ്ങുന്ന പ്രതിനിധി സംഘം കോൺക്ലേവിൽ പങ്കെടുക്കും.

മാലിന്യ സംസ്‌ക്കരണ രംഗത്ത് പ്രവർത്തിക്കുന്ന ഹരിത കേരള മിഷൻക്ലീൻ കേരള കമ്പനികേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്അമൃത് പദ്ധതിഇംപാക്ട് കേരള ലിമിറ്റഡ്കേരള വാട്ടർ അതോറിറ്റിമലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവയുടെ പങ്കാളിത്തവും GEx Kerala ’23ലുണ്ടാകും. വലിയ തോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ഓഡിറ്റോറിയങ്ങൾഷോപ്പിങ് മാളുകൾവ്യവസായങ്ങൾഹോട്ടലുകൾആശുപത്രികൾകെട്ടിട നിർമ്മാണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥർഅവയുടെ സംഘടനാ പ്രതിനിധികൾ എന്നിവർക്ക് കോൺക്ലേവിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്. വ്യവസായ സംരഭകരുംസ്റ്റാർട്ട് അപ്പ് സ്ഥാപനങ്ങളും പങ്കെടുക്കും.

എക്സ്പോയിൽ പങ്കെടുക്കുന്നവർ https://gex.suchitwamission.org/ എന്ന ഓൺലൈൻ പോർട്ടലിലൂടെ രജിസ്ട്രേഷൻ പൂർത്തികരിക്കണം. പൊതുജനങ്ങൾക്ക് ഒരാൾക്ക് ഒരു ദിവസത്തേക്ക് 250 രൂപയും വിദ്യാർഥികൾക്ക് ഒരാൾക്ക് ഒരു ദിവസത്തേക്ക് 100 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. എൻവയോൺമെന്റെൽ എൻജിനീയറിങ്എൻവയോൺമെന്റെൽ സയൻസ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്. ജനുവരി 21ന് ആരംഭിക്കുന്ന രജിസ്ട്രേഷൻ ഫെബ്രുവരി 2ന് അവസാനിക്കും.

ഖര, ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

CAEV Expo 2023 | ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന എക്സ്പോ ബംഗളൂരുവിൽ; ഏപ്രിൽ 13, 14 തീയതികളിൽ

ഇലക്ട്രിക് വെഹിക്കിളുകളുടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രദര്‍ശനത്തിന് ബംഗളുരു വേദിയാകുമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 13, 14 തീയതികളിലാണ് പ്രദര്‍ശനം നടക്കുക. സിഎഇവി എക്‌സ്‌പോ 2023 (CAEV EXPO 2023) എന്നാണ് പ്രദര്‍ശനത്തിന് പേരിട്ടിരിക്കുന്നത്. കര്‍ണ്ണാടക ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷനാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

5000 ത്തിലധികം ഡെലിഗേറ്റുകളാണ് എക്‌സ്‌പോയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. 150 ലധികം പേര്‍ പ്രദര്‍ശന വിഭാഗത്തില്‍ എത്തുമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നു. 60 ലധികം സ്പീക്കേഴ്‌സും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.

കണക്റ്റഡ് മൊബിലിറ്റി എന്നത് ഒരു ആഡംബരമല്ല. കാര്യക്ഷമമായ ഗതാഗതത്തിനാണ് അത് മുന്‍ഗണന നല്‍കുന്നത്. ഇതിന് ഏറെ സഹായിക്കുന്നതാണ് സിഎഇവി എക്‌സ്‌പോ. കാര്യക്ഷമമായതും പരിസ്ഥിതി സൗഹാര്‍ദ്ദപരമായതുമായ ഡ്രൈവിംഗിനായി ഇന്നത്തെ കാലത്തിന് അനിയോജ്യമായ സാങ്കേതിക വിദ്യയെപ്പറ്റി പഠിക്കാനും അവ മറ്റുള്ളവരുമായി പങ്കിടാന്‍ കഴിയുന്നതിലും സന്തോഷം തോന്നുന്നു. ആഗോള തലത്തില്‍ ഇതിനോടകം മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. അത് ഇന്ത്യന്‍ വിപണിയിലും വ്യാപിക്കുമെന്ന് തന്നെയാണ് കരുതുന്നത്,” ടൊയോട്ട കണക്റ്റഡ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി.കെ. സെന്തില്‍ പറഞ്ഞു.

ആശ ഫെസ്റ്റ് 2023

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശാപ്രവര്‍ത്തകരുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുന്നതിന് ആശ ഫെസ്റ്റ്-2023 സംഘടിപ്പിക്കുന്നു. ഫെബ്രുവരി നാലിന് രാവിലെ ഒന്‍പതിന് മേഴ്‌സി കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍  വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. പി റീത്ത, വാര്‍ഡ് കൗണ്‍സിലര്‍ മിനി, സിനിമാതാരം ഷാജു ശ്രീധര്‍, ഫോക് ലോര്‍ അക്കാദമി ജേതാവ് പ്രണവം ശശി, മേഴ്‌സി കോളെജ് പ്രിന്‍സിപ്പാള്‍ സി.ഗിസല്ല ജോര്‍ജ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.വി റോഷ് എന്നിവര്‍ പങ്കെടുക്കും.

PSC പ്രൊഫൈൽ ഉദ്യോഗാർത്ഥികൾക്ക് സ്വയം തിരുത്താം; സംവിധാനം വെബ്സൈറ്റിൽ നിലവിൽ വന്നു

പി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് സ്വയംതിരുത്താനുള്ള സംവിധാനം വെബ്സൈറ്റിൽ നിലവിൽ വന്നു. വിവരങ്ങൾ ഓൺലൈനായി തിരുത്താനുള്ള സംവിധാനം ജനുവരി 26 മുതലാണ് പി.എസ്.സി വെബ്സൈറ്റിൽ നിലവിൽ വന്നത്. ഇതോടെ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിലെ ജാതി, മതം, ലിംഗം, തൊഴിൽ പരിചയ സമ്പന്നത, മാതാപിതാക്കളുടെ പേര്, വിലാസം, ഫോൺ നമ്പർ,ആധാർ നമ്പർ അടക്കമുള്ളവ ഉദ്യോഗാർത്ഥികൾക്കു സ്വയം തിരുത്താം

പക്ഷേ, ഉദ്യോഗാർത്ഥിയുടെ പേര്, ഫോട്ടോ, ഒപ്പ്, ജനനത്തീയതി, തിരിച്ചറിയൽ മാർക്കുകൾ തുടങ്ങിയവ ഉദ്യോഗസ്ഥ പരിശോധനക്കു ശേഷമേ തിരുത്താൻ കഴിയൂ. പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത നിബന്ധനകൾക്ക് വിധേയമായി തിരുത്താം. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥിക്ക് പി.എസ്.സി ഓഫിസിൽ ഹാജാരാകാതെ പി.ജിയോ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയോ രേഖപ്പെടുത്താം. എന്നാൽ, ഡിഗ്രി യോഗ്യത രേഖപ്പെടുത്തിയ ഉദ്യോഗാർത്ഥിക്ക് അതിനു താഴെ യോഗ്യതയുള്ള പ്ലസ് ടു, എസ്.എസ്.എൽ.സി തുടങ്ങിയവ സ്വയംരേഖപ്പെടുത്താൻ കഴിയില്ല. ഇതിന് പി.എസ്.സി ഓഫിസിൽ ഹാജരാകേണ്ടിവരും.

ഡിഗ്രി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഏതു വിഷയത്തിലാണെന്ന് (ഉദാ. ബി.എ ഹിസ്റ്ററി ആണെങ്കിൽ ബി.എ മലയാളമാക്കി തിരുത്താം) പ്രൊഫൈലിൽ വ്യക്തമാക്കാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഘട്ടത്തിൽ മാത്രമേ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ രേഖകൾ പി.എസ്.സി വിശദമായി പരിശോധിക്കൂ. വിവരങ്ങൾ വസ്തുനിഷ്ഠമാണെന്ന് കണ്ടാൽ മാത്രമേ ഉദ്യോഗാർഥിയെ തുടർതെരഞ്ഞെടുപ്പ് നടപടികളിൽ ഉൾപ്പെടുത്തൂ. അല്ലാത്തപക്ഷം പരീക്ഷ വിലക്ക് ഉൾപ്പെടെ നടപടികൾ പി.എസ്.സി സ്വീകരിക്കും.

നിലവിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ തിരുത്തുന്നതിന് ഉദ്യോഗാർഥിക്ക് നേരിട്ട് അവസരമില്ലായിരുന്നു. പി.എസ്.സി വെബ്സൈറ്റിൽ നിന്ന് ‘തിരുത്തൽ ഫോറം’ ഡൗൺലോഡ് ചെയ്ത്, പൂരിപ്പിച്ച ശേഷം ജില്ല പി.എസ്.സി ഓഫിസിനെ സമീപിച്ച് രേഖ പരിശോധനക്കു ശേഷമേ തിരുത്തൽ അനുവദിക്കാറുള്ളൂ. ഇതോടെ ഉദ്യോഗസ്ഥരിലുണ്ടാക്കുന്ന ജോലിഭാരം കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കും

 

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി: റെക്കോഡിട്ട് ശുഭ്മാൻ ഗിൽ

ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കിയപ്പോൾ തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞത് യുവതാരമായ ശുഭ്മാൻ ഗില്ലായിരുന്നു. 63 പന്തിൽ 7 സിക്സും 12 ഫോറും സഹിതം പുറത്താവാതെ 126 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. എന്നാൽ, ഇന്നലെ നേടിയ കന്നി ട്വന്റി 20 സെഞ്ച്വറിയോടെ ഒരു ചരിത്ര നേട്ടവും താരത്തിന്റെ പേരിലായി.

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ മാറിയിരിക്കുകയാണ്. 23 വയസും 146 ദിവസവും പ്രായമുള്ളപ്പോഴാണ് എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന നേട്ടം ശുഭ്മാൻ സ്വന്തമാക്കുന്നത്. ടി20യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡും ഗില്ലിന്റെ പേരിലാണ്.

ടി 20യിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ഇന്ത്യൻ ബാറ്റർ എന്ന റെക്കോഡും ഈ ഇന്നിങ്സിലൂടെ ഗിൽ സ്വന്തമാക്കി. വിരാട് കോഹ്ലിയുടെ റെക്കോഡാണ് യുവതാരം സ്വന്തം പേരിലാക്കിയത്. 2022 ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 122 ആയിരുന്നു ഇതുവരെയുള്ള ഇന്ത്യൻ ബാറ്ററുടെ ടി20യിലെ ഉയർന്ന സ്കോർ.

ശുഭ്മാൻ ഗിൽ – 126* (2023ൽ ന്യൂസിലൻഡിനെതിരെ)
വിരാട് കോഹ്‌ലി – 122* (2022ൽ അഫ്ഗാനിസ്ഥാനെതിരെ)
രോഹിത് ശർമ- 118 (2017ൽ ശ്രീലങ്കയ്‌ക്കെതിരെ)
സൂര്യകുമാർ യാദവ് – 117 (2022ൽ ഇംഗ്ലണ്ടിനെതിരെ)
സൂര്യകുമാർ യാദവ് – 112 (2023 ൽ ശ്രീലങ്കയ്‌ക്കെതിരെ)

ആദ്യ രണ്ട് ടി20യിൽ വലിയ സ്‌കോറുകൾ നേടാനാകാതെ പോയ ഗിൽ, 12 ബൗണ്ടറികളും 7 സിക്‌സറുകളും അടിച്ചുകൂട്ടിയാണ് ടി20യിലെ കന്നി സെഞ്ചുറി നേടിയത്. കവറിനു മുകളിൽ ഒരു തകർപ്പൻ ബൗണ്ടറിയുമായാണ് ഗിൽ സെഞ്ചുറി പൂർത്തിയാക്കിയത്.

 

കേന്ദ്ര ബജറ്റ് 2023 ഒറ്റനോട്ടത്തിൽ

ആദായനികുതിയിലെ പരിഷ്ക്കാരങ്ങൾ ഉൾപ്പടെ ഒട്ടനവധി ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ചു ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ ഇടംനേടി. ഇടത്തരക്കാര്‍ക്ക് ആശ്വാസമേകുന്ന ആദായനികുതി പരിഷ്ക്കാരമാണ് ബജറ്റിലെ പ്രധാന സവിശേഷത. ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

  • പുതിയ ആദായ നികുതി സ്‌കീമിന് കീഴിലുള്ളവർക്ക് ഇളവ് വരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. പഴയ സ്‌കീം പ്രകാരമുള്ളവര്‍ക്ക് മൂന്നു ലക്ഷം വരെയാണ് നികുതി ഇളവുള്ളത്. ആദായനികുതി ഘടനയിലെ മാറ്റം അനുസരിച്ച് മൂന്നു ലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് പുതിയ നികുതി. ആറ് ലക്ഷം മുതല്‍ 9 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി. ഒമ്പത് മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനം 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമായിരിക്കും പുതിയ നികുതി. ആദായ നികുതി സ്ലാബുകൾ ആറിൽ നിന്ന് അഞ്ചായി കുറച്ചു. ആദായനികുതി അപ്പീലുകൾ പരിഹരിക്കാൻ ജോ. കമ്മിഷണർമാർക്കും ചുമതല നൽകിയിട്ടുണ്ട്.
  • സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ്, അടുക്കള ഉപകരണങ്ങൾ, ഇറക്കുമതി ചെയ്ത റബ്ബർ, കോപ്പർ സ്ക്രാപ്പ് എന്നിവയുടെ വില കൂടും
  • ടിവി, മൊബൈൽ ഫോൺ, കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍, വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി എന്നിവയുടെ വില കുറയും
  • പിഎം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരും. എല്ലാ അന്ത്യോദയ ഉപഭോക്താക്കൾക്കും പ്രയോജനം ലഭിക്കും. പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയുടെ ചെലവാണ് ഈ പദ്ധതിക്കുള്ളത്പ
  • ട്ടികവർഗ്ഗ വിഭാഗത്തിനായി മൂന്ന് വർഷത്തിനുള്ളിൽ 15,000 കോടി ചെലവഴിക്കും
  • പ്രധാനമന്ത്രി ആവാസ് യോജന ഫണ്ട് 66% വർധിപ്പിച്ച് 79,000 കോടി രൂപയാക്കി
  • 47 ലക്ഷം യുവാക്കൾക്ക് 3 വർഷം അക്കൌണ്ടിലേക്ക് നേരിട്ട് സ്റ്റൈപൻഡ് നൽകാൻ പദ്ധതി
  • രാജ്യത്ത് 157 പുതിയ നഴ്സിങ് കോളേജുകൾ സ്ഥാപിക്കും
  • 748 ഏകല്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കും
  • 2047ഓടെ അരിവാൾ രോഗം നിർമാർജനം ചെയ്യും. ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായവും നൽകും
  • റെയിൽവേയുടെ വികസന പദ്ധതികൾക്ക് 2.40ലക്ഷം കോടി രൂപ
  • എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുവാൻ നടപടി
  • 5 കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങൾക്ക് മാസംതോറും നൽകും
  • കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കും. വെഹിക്കിൾ സ്ക്രാപ്പിങ് നയത്തിന്റെ അടിസ്ഥാനത്തിൽ സഹായം നൽകും
  • പുതിയതായി 50 വിമാനത്താവളങ്ങൾ നിർമിക്കും
  • 63,000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ 2516 കോടി രൂപ
  • മെഡിക്കൽ രംഗത്ത് നൈപുണ്യ വികസന പദ്ധതിയും, അനീമിയ രോഗം നിർമാർജനം ചെയ്യുവാൻ വ്യാപക പരിപാടിയും
  • പാരമ്പര്യ കരകൗശലത്തൊഴിലാളികൾക്ക് പിഎം വിശ്വകർമ കുശൽ സമ്മാൻ പദ്ധതി
  • തീരമേഖലയ്ക്ക് 6000 കോടിയുടെ പദ്ധതി
  • സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാന്‍ മിഷന്‍ കര്‍മ്മയോഗി
  • 2070-ഓടെ സീറോ കാര്‍ബണ്‍ വിസരണം
  • 5ജി സേവനം ലഭ്യമാകാകന്‍ 100 ലാബുകള്‍
  • ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാമിന് 2200 കോടി രൂപ
  • നിര്‍മിത ബുദ്ധിക്ക് മെയ്ക്ക് AI ഫോര്‍ ഇന്ത്യ പദ്ധതി, ഗവേഷണത്തിന് മുന്ന് കേന്ദ്രങ്ങള്‍ തുടങ്ങും
  • വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ്. ആപ്പിൽ വിനോദ സഞ്ചാര മേഖലകളുടെ വിവരങ്ങൾ ക്രോഡീകരിക്കും
  • ഡിജിറ്റൽ ഇടപാടുകൾക്ക് പാൻ കാർഡ് പൊതു തിരിച്ചറിയൽ രേഖയാക്കും
  • ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി
  • കർണാടകക്ക് 5300 കോടി വരൾച്ച സഹായം
  • മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതിയിലെ പരിധി 30 ലക്ഷമായി ഉയർത്തി
  • വനിതകൾക്കും, പെൺകുട്ടികൾക്കുമായി പ്രത്യേക നിക്ഷേപ പദ്ധതി. മഹിള സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപ നടത്താം. പലിശ 7.5 ശതമാനം
  • ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് 900 കോടി. ചെറുകിട സ്ഥാപനങ്ങൾക്ക് (MSME) വായ്പ പലിശ ഒരു ശതമാനമായി കുറയ്ക്കും
  • കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി, 10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്റർ സ്ഥാപിക്കും
  • തണ്ണീർത്തട വികസനത്തിന് അമൃത് ദരോഹർ പദ്ധതി
  • ഹരിതോർജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നൽകും

തട്ടുകടകൾ രാത്രി 8 മണി മുതൽ 11 വരെ മാത്രം മതി; തിരുവനന്തപുരത്ത് കർശന നിയന്ത്രണം

നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിൽ തട്ടുകടകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പൊലീസ്. രാത്രി 8 മണി മുതൽ 11 വരെ മാത്രമേ ഇത്തരം സ്ഥലങ്ങളിൽ തട്ടുകടകൾ പ്രവർത്തിക്കാവൂ എന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. വഴുതക്കാട്, വെള്ളയമ്പലം റൂട്ടിൽ നിയന്ത്രണം കർശനമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

തിരക്കേറിയ സ്ഥലങ്ങളിൽ 5 മണി മുതൽ തട്ടുകടകൾ പ്രവർത്തിക്കുന്നത് അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് മണി മുതൽ തട്ടുകടകൾ പ്രവ‍ർത്തിക്കുന്നത് ഇത്തരം സ്ഥലങ്ങളിൽ ഗതാഗത തടസ്സവും വഴി യാത്രക്കാർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നുവെന്ന പരാതിയിലാണ് നടപടി.

അതേസമയം സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള പരിശോധന കർശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്ക് സാവകാശം അനുവദിച്ചെങ്കിലും പരിശോധന കർശനമാക്കുമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയ പരിധി ഫെബ്രുവരി 16 വരെയാണ് നീട്ടിയത്. ഇതിന് ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോജ് വ്യക്തമാക്കിയിരുന്നു.

Verified by MonsterInsights