നാഷണൽ ടെസ്റ്റിങ് ഏജൻസി നേരത്തെ നടത്തിയ, ജെ.ഇ.ഇ. മെയിൻ 2023 പേപ്പർ 1 (ബി.ഇ./ബി.ടെക്.)-ൽ, വിവിധ കാറ്റഗറികളിൽനിന്ന് മുന്നിലെത്തിയവർക്കാണ് അവസരം. കട്ട് ഓഫ് സ്കോർ നേടിയ 2,50,255 പേർക്കാണ് അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹതയുള്ളത്. ഓരോ വിഭാഗങ്ങൾക്കും കാറ്റഗറി തിരിച്ചുള്ള കട്ട് ഓഫ് സ്കോർ താഴെ കൊടുക്കുന്നു. ഓരോ വിഭാഗങ്ങളിലും താഴെ സൂചിപ്പിച്ച പെർസന്റൈൽ സ്കോർ ലഭിച്ചവർക്കാണ് ഇപ്പോൾ ജെ.ഇ.ഇ. അഡ്വാൻസ്ഡിന് രജിസ്റ്റർചെയ്യാൻ അർഹതയുള്ളത്.
പൊതു വിഭാഗം: 90.7788642
ജനറൽ-ഇ.ഡബ്ല്യു.എസ്.-75.6229025
ഒ.ബി.സി. (എൻ.സി.എൽ.)- 73.6114227
എസ്.സി.-51.9776027
എസ്.ടി.-37.2348772
പി.ഡബ്ല്യു.ഡി. (പി.എച്ച്.)-0.0013527
ഐ.ഐ.ടി. പ്രവേശനം തേടുന്നവർ 1.10.1998 നു ശേഷം ജനിച്ചവരായിരിക്കണം. പട്ടികജാതി/വർഗ്ഗ/ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചു വർഷം ഇളവുണ്ട്. തുടർച്ചയായി രണ്ടുവർഷങ്ങളിലായി രണ്ടുതവണ മാത്രമേ ഒരാൾക്ക് അഡ്വാൻസ്ഡ് അഭിമുഖീകരിക്കാനാകൂ.ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ നിർബന്ധ വിഷയങ്ങളായി പഠിച്ച് 2022-ലോ 2023-ലോ ആദ്യമായി ക്ലാസ് 12/തത്തുല്യ പരീക്ഷ ജയിച്ചവരായിരിക്കണം ,അപേക്ഷകർ. അപേക്ഷാർത്ഥി, ഇതിനുമുമ്പ് ഏതെങ്കിലും ഐ.ഐ.ടി.യിൽ പ്രവേശനം നേടിയവർ ആയിരിക്കരുത്.
ജെ.ഇ.ഇ. അഡ്വാൻസ്ഡിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന 23 ഐ.ഐ.ടി.കളുണ്ട്. ബോംബെ, ഡൽഹി, മദ്രാസ്, കാൻപുർ, ഖരഗ്പുർ, ഗുവാഹാട്ടി, റൂർഖി, ധൻബാദ്, വാരാണസി, ഭിലായ്, ഭുവനേശ്വർ, ധാർവാഡ്, ഗാന്ധിനഗർ, ഗോവ, ഹൈദരാബാദ്, ഇന്ദോർ, ജമ്മു, ജോധ്‌പുർ, മാൺഡി, പാലക്കാട്, പട്‌ന, റോപ്പർ, തിരുപ്പതി. എന്നിവിടങ്ങളിലെ ഐ.ഐ.ടികളിലാണ് , പ്രവേശനം. നമ്മുടെ സംസ്ഥാനത്തുള്ള പാലക്കാട് ഐ.ഐ.ടി.യിൽ സിവിൽ, കംപ്യൂട്ടർസയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഡേറ്റാ സയൻസ് ആൻഡ് എൻജിനിയറിങ് എന്നീ ബി.ടെക്. പ്രോഗ്രാമുകളുണ്ട്.
1.ബാച്ചിലർ ഓഫ് ടെക്‌നോളജി
2.ബാച്ചിലർ ഓഫ് സയൻസ്
3.ബാച്ചിലർ ഓഫ് ആർക്കിടെക്ചർ
4.ബി.ടെക് -എം.ടെക്.ഡ്യുവൽ ഡിഗ്രി
5. ബി.എസ്.-എം.എസ്. ഡ്യുവൽ ഡിഗ്രി
6.ഇന്റഗ്രേറ്റഡ് എം.ടെക്.
7. ഇന്റഗ്രേറ്റഡ് എം.എസ്.
കേരളമുൾപ്പടെയുള്ള തെക്കേയിന്ത്യയിലെ പരീക്ഷാകേന്ദ്രങ്ങൾ ഐ.ഐ.ടി. ഹൈദരാബാദ് മേഖലയുടെ കീഴിലാണ്. ആലപ്പുഴ, കണ്ണൂർ, കാസർകോട്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പണ സമയത്ത് എട്ട് സെന്ററുകൾ,മുൻഗണന നിശ്ചയിച്ച് നൽകണം.