മീഡിയ അക്കാദമി ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സ് 2023 ജൂൺ ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്.  പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി  www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 15.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  0484 2422275, 8281360360 (കൊച്ചി സെന്റർ), 0471 2726275, 9447225524 (തിരുവനന്തപുരം സെന്റർ)

ചാള്‍സ് രാജാവിന്റെ കിരീടധാരണം; പ്രധാനമന്ത്രി ഋഷി സുനക് ബൈബിള്‍ വായിക്കും

ലണ്ടന്‍: ചാള്‍സ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് ബൈബിൾഭാഗം വായിക്കും. മെയ് ആറിനാണ് കിരീടധാരണ ചടങ്ങ്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള കാര്യപരിപാടികള്‍ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

മറ്റ് മതവിശ്വാസ പാരമ്പര്യത്തിലുള്ള അംഗങ്ങളും ചടങ്ങില്‍ പ്രധാന പങ്കു വഹിക്കുമെന്ന് കാന്റര്‍ബൈറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി അറിയിച്ചു. ഇതാദ്യമായാണ് മറ്റ് മതസ്ഥരുടെ സേവനം ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ചില കാര്യങ്ങൾ കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ കിരീടധാരണ ചടങ്ങ് നടത്തുക. കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ വിഭാഗം ആളുകളുടെയും മേല്‍ ക്രിസ്തുവിന്റെ അനുഗ്രഹം ചൊരിയാൻ ഇത് സഹായിക്കുമെന്ന് ലാംബെത്ത് പാലസ് വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാര്‍ തലവന്‍ എന്ന നിലയില്‍ ഋഷി സുനക് ബൈബിൾ വായിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ക്രിസ്തീയ വിശ്വാസപ്രകാരമാണ് ചടങ്ങ് നടക്കുന്നതെങ്കിലും എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസത്തിന് ചടങ്ങില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ വിശ്വാസത്തിലും അനുഭാവം പ്രകടിപ്പിക്കും. കാലങ്ങളായി പിന്തുടരുന്ന മൂന്ന് പ്രതിജ്ഞകള്‍ക്ക് മുമ്പായി പുതിയ വിശ്വാസ വാക്യം വായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സേവനം എന്ന പ്രമേയത്തിലാണ് ചടങ്ങ് മുന്നോട്ട് കൊണ്ടുപോകുന്നത്.” നമ്മുടെ രാജ്യത്തിന്റെ മഹത്തായ ചരിത്രത്തോടും പാരമ്പര്യത്തോടും നീതി പുലര്‍ത്തുന്ന ചടങ്ങായിരിക്കുമിത്. അതില്‍ ഞാന്‍ സന്തുഷ്ടവാനാണ്. സമകാലിക സമൂഹത്തിലെ എല്ലാ വൈവിധ്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ചടങ്ങാണ് സംഘടിപ്പിക്കുക,” ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു.

ചാള്‍സ് രാജാവിന്റെ അമ്മ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം മുതലുള്ള യുകെയുടെ എല്ലാ മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ചടങ്ങായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും സേവിക്കാനുള്ള പരമാധികാര കടമയും പ്രതിഫലിപ്പിക്കുന്നതിനായി പ്രത്യേകം എഴുതി തയ്യാറാക്കിയ വാക്യങ്ങളും ചൊല്ലുമെന്ന് വെല്‍ബി കൂട്ടിച്ചേര്‍ത്തു.ജെയ്ന്‍, മുസ്ലിം, സിഖ്, ജൂത മതം എന്നിവയിലെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരാകുമെന്ന് ചര്‍ച്ച് പ്രതിനിധികള്‍ അറിയിച്ചു.

84കാരനായ നരേന്ദ്ര ബാബുഭായ് പട്ടേല്‍ എന്നയാളാണ് ഹിന്ദു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നത്. ഇദ്ദേഹം പരമാധികാര മോതിരം ചാള്‍സ് രാജാവിന്നല്‍കും. സിഖ് വിഭാഗത്തെ പ്രതിനിധീകരിച്ച് ലോര്‍ഡ് ഇന്ദ്രജിത്ത് സിംഗ് കിരീടധാരണത്തിനുള്ള ഗ്ലാവ് ചാള്‍സിന് സമ്മാനിക്കും. മുസ്ലീംവിഭാഗത്തെ പ്രതിനിധീകരിച്ച് എത്തുന്നത് ലോര്‍ഡ് സെയ്ദ് കമാല്‍ ആണ്. ഇദ്ദേഹം ചാള്‍സ് രാജാവിന് ബ്രേസ്ലൈറ്റ്‌സ് നല്‍കുമെന്നും ബക്കിംഗ്ഹാം പാലസ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.

ആയിരക്കണക്കിന് പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബേ പരിസരത്ത് എത്തുക. ലക്ഷക്കണക്കിന് പേര്‍ ചടങ്ങ് തത്സമയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കുടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാവകുപ്പ്. ഇന്ന് നാലു ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

ബുധനാഴ്ച ആറു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ മഞ്ഞ ജാഗ്രതാ നിര്‍ദേശമുള്ളത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

02-05-2023: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ

യെല്ലോ അലർട്ട്

02-05-2023: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം

03-05-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം

വേനൽമഴയോടൊപ്പം ഉണ്ടാവുന്ന ശക്തമായ കാറ്റും ഇടിമിന്നലും അപകടകാരികളാണ്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

GST വരുമാനത്തിൽ സർവകാല റെക്കോർഡ്; ഏപ്രിലിൽ പിരിച്ചത് 1.87 ലക്ഷം കോടി രൂപ

2023 ഏപ്രിലിലെ ജിഎസ്ടി (GST ) വരുമാനം റെക്കോർഡ് കളക്ഷനിൽ എത്തി. 1,87,035 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി പിരിച്ചത്. അതായത് 12% വളർച്ചയാണ് ഇത്തവണ രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ധനകാര്യ മന്ത്രാലയമാണ് (Finance ministry ) ഇക്കാര്യം അറിയിച്ചത്. ഈ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും (Narendra Modi) രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതൊരു മഹത്തായ വാർത്തയാണെന്നും കുറഞ്ഞ നികുതി നിരക്കിലും ഇത്രയും തുക ശേഖരിക്കാൻ കഴിഞ്ഞത് ജിഎസ്ടി സംയോജിതമായി നടപ്പാക്കിയത്തിന്റെ വിജയം ആണെന്ന് അദ്ദേഹം പറഞ്ഞു

കൂടാതെ ആദ്യമായാണ് ജി എസ് ടി 1.75 ലക്ഷം കോടിയ്ക്ക് മുകളിൽ ലഭിക്കുന്നതെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. 2023 ഏപ്രിലിൽ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,87,035 കോടി രൂപയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതിൽ 38,440 കോടി രൂപ സിജിഎസ്ടിയാണ്. കൂടാതെ 47,412 കോടി രൂപ എസ്ജിഎസ്ടിയായും 89,158 കോടി രൂപ ഐജിഎസ്ടിയായും ലഭിച്ചു. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് 901 കോടി രൂപയാണ് ശേഖരിച്ചത്. ഇതുൾപ്പെടെ സെസ് 12,025 കോടി രൂപയാണ് ലഭിച്ചത്.

കഴിഞ്ഞ വർഷം ഇതേ മാസത്തിലെ ജിഎസ്ടി വരുമാനത്തേക്കാൾ 12 ശതമാനം അധികമാണ് ഇത്തവണ ലഭിച്ചത്. കൂടാതെ സേവന ഇറക്കുമതി ഉൾപ്പെടെ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനവും ഇത്തവണ 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ഏപ്രിൽ മാസത്തെ ഏറ്റവും അധികം നികുതി പിരിവ് നടന്നത് ഏപ്രിൽ 20 നാണ്. അന്ന് 9.8 ലക്ഷം ട്രാൻസാക്ഷനുകളിൽ നിന്ന് 68,228 കോടി രൂപയാണ് ഖജനാവിലേക്ക് എത്തിയത്. എന്നാൽ കഴിഞ്ഞ വർഷം 57,846 കോടി രൂപയായിരുന്നു ഏറ്റവും ഉയർന്ന കളക്ഷനായി ലഭിച്ചത്.

എന്നാൽ ജിഎസ്ടി കളക്ഷനിൽ ഏറ്റവും അധികം വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത് മഹാരാഷ്ട്രയാണ്. ഏപ്രിൽ മാസത്തിൽ മഹാരാഷ്ട്രയിൽ നിന്ന് 33,196 കോടി രൂപയാണ് ലഭിച്ചത്. തൊട്ടു പിന്നിൽ കർണാടക (14,593 കോടി രൂപ), ഗുജറാത്ത് (11,721 രൂപ), ഉത്തർപ്രദേശ് (10,320 കോടി രൂപ) എന്നിവയും ഉണ്ട്. “ഇതുവരെയുള്ള ഏറ്റവും ഉയർന്ന ജിഎസ്‌ടി കളക്ഷൻ പ്രതീക്ഷകൾക്ക് അനുസൃതമാണ്. പ്രത്യേകിച്ചും മാർച്ചിൽ ജനറേറ്റുചെയ്‌ത വർദ്ധിച്ച ഇ-വേ ബില്ലുകളും പ്രവർത്തനങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കളക്ഷനിലെ തുടർച്ചയായ വളർച്ചയും വെട്ടിപ്പ് നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ശ്രമവും കൊണ്ട് ഈ നേട്ടത്തിൽ ഏവർക്കും സന്തോഷിക്കാം.” ഇന്ത്യയിലെ കെ‌പി‌എം‌ജിയുടെ ദേശീയ തലവൻ അഭിഷേക് ജെയിൻ പ്രതികരിച്ചു.

സോഹൻ സീനു ലാൽ സംവിധാനം ചെയ്യുന്ന ‘ഡാൻസ് പാർട്ടി’ കൊച്ചിയിൽ

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ‘ഡാൻസ് പാർട്ടി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് രണ്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ വടുതലസെൻ്റ് ആൻ്റണീസ്’ ചർച്ച് പാരിഷ് ഹാളിൽ വച്ചു തുടക്കമിട്ടു.
ഫാദർ ജോസഫ് മറ്റത്തിൽ ആദ്യ ഭദ്രദീപം തെളിയിച്ചു.

സീനുലാൽ, മെക്കാർട്ടിൻ, അഭിനേതാക്കളായ ലെന, പ്രയാഗ മാർട്ടിൻ, ശ്രിന്ദ, നിർമ്മാതാക്കളായ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ പങ്കെടുത്തു. മേയർ എം. അനിൽകുമാർ സ്വിച്ചോൺ കർമ്മവും ബി. ഉണ്ണികൃഷ്ണൻ ഫസ്റ്റ് ക്ലാപ്പും നൽകി.

യൂത്തിൻ്റെ വികാരവിചാരങ്ങൾക്കനുസൃതമായ ഒരു സിനിമയായിരിക്കുമിത്. കൊച്ചി നഗരാതിർത്തിയിൽ ഡാൻസും പാർട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നു വരുന്ന ഒരു സംഭവവും അതിനെ തരണം ചെയ്യുവാനുള്ള ശ്രമങ്ങളുമാണ് അവതരിപ്പിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ലെന, സാജു നവോദയ (പാഷാണം ഷാജി) പുതുമുഖം ശ്രിന്ദ, നാരായണൻകുട്ടി എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

സംവിധായകൻ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു. ബിനു കുര്യൻ ഛായാഗ്രഹണവും, വി. സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം – സതീഷ് കൊല്ലം, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്യൂം ഡിസൈൻ- അരുൺ മനോഹർ, കോ-ഡയറക്ടർ – പ്രകാശ് കെ. മധു, പരസ്യകല – കൊളിൻസ് ലിയോഫിൽ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ – ഷഫീഖ്, പ്രോജക്റ്റ് ഡിസൈനർ – മധു തമ്മനം, പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ ജോസ്, പി.ആർ.ഒ.- വാഴൂർ ജോസ്, എ.എസ്. ദിനേശ്; സ്റ്റിൽസ്- നിദാദ്.

സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; IRCTCയുടെ പുതിയ മാർഗനിർദേശങ്ങളും ലഗേജ് നിയമങ്ങളും

ഇന്ത്യയിലുടനീളമുള്ള ട്രെയിൻ യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ പുതുക്കിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങളും നിയന്ത്രണങ്ങളുമാണ് മാർഗനിർദേശത്തിലുള്ളത്. റെയിൽവേയിൽ ജോലി ചെയ്യുന്നവർ, ടിടിഇ, കാറ്ററിംഗ് ക്രൂ, ട്രെയിനുകളിൽ പ്രവർത്തിക്കുന്ന മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്കും ഈ നിയമങ്ങൾ ബാധകമാണ്. പുകവലി, മദ്യപാനം, അല്ലെങ്കിൽ മറ്റേതെങ്കിലും നിയമവിരുദ്ധമായ പെരുമാറ്റത്തിൽ ഏർപ്പെടുക തുടങ്ങിയ പ്രവൃത്തികൾക്ക് കനത്ത പിഴ നേരിടേണ്ടി വരും.

IRCTCയുടെ പുതിയ നിർദ്ദേശങ്ങൾ

തങ്ങളുടെ സീറ്റിലോ കമ്പാർട്ട്‌മെന്റിലോ കോച്ചിലോ ഫോണിൽ സംസാരിക്കുമ്പോഴോ സഹയാത്രികരുമായി സംസാരിക്കുമ്പോഴോ ഉച്ചത്തിലുള്ള ശബ്ദത്തിൽ സംസാരിക്കാൻ യാത്രക്കാർക്ക് അനുവാദമില്ല. ഹെഡ്‌ഫോണുകൾ ഇല്ലാതെ യാത്രക്കാർ ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതും മറ്റ് വിനോദോപാധികൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം. നൈറ്റ്ലാംപ് ഒഴികെയുള്ള മറ്റെല്ലാ ലൈറ്റുകളും രാത്രി 10 മണിക്ക് ശേഷം ഓഫ് ചെയ്യണം.

രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട നിയമങ്ങൾ

രാത്രി 10ന് ശേഷം ടിടിഇക്ക് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാനാകില്ല. നൈറ്റ്ലൈറ്റ് ഒഴികെ മറ്റെല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. ഗ്രൂപ്പായി യാത്ര ചെയ്യുന്നവർ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല. നടുവിലെ ബർത്തിലെ യാത്രക്കാർക്ക് ഏത് സമയത്തും അത് ഉയർത്തി ഉപയോഗിക്കാം . ലോവർ ബർത്ത് യാത്രക്കാർക്ക് ഇതിനെക്കുറിച്ച് പരാതിപ്പെടാൻ കഴിയില്ല. ഓൺലൈൻ ഡൈനിംഗ് സേവനങ്ങൾ മുഖേന രാത്രി 10 മണിക്ക് ശേഷം ഭക്ഷണം നൽകാൻ കഴിയില്ല. എങ്കിലും ഇ-കാറ്ററിംഗ് സേവനങ്ങളിലൂടെ ഭക്ഷണം മുൻകൂട്ടി ക്രമീകരിക്കാനും രാത്രി വൈകി ആയാലും അത് ലഭ്യമാക്കാനും അനുവദിക്കും.

ലഗേജ് സംബന്ധമായ നിയമങ്ങൾ

എസി ബോഗിയിൽ ഓരോ യാത്രക്കാരനും 70 കിലോ ബാഗേജ് കൊണ്ടു പോകാൻ അനുവാദമുണ്ട്. സ്ലീപ്പിംഗ് ക്ലാസിൽ 40 കിലോ വരെയും സെക്കൻഡ് ക്ലാസിൽ 35 കിലോ വരെയും ലഗേജ് സൗജന്യമാണ്. യാത്രക്കാർക്ക് സ്ലീപ്പറിൽ 80 കിലോഗ്രാമും സെക്കൻഡ് ക്ലാസ് സീറ്റിൽ 70 കിലോഗ്രാമും ലഗേജ് ഉൾപ്പെടെ 150 കിലോഗ്രാം ലഗേജ് അധിക ഫീസോടെ കൊണ്ടുപോകാനും അനുവദിക്കും.

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ (കിലെ) കീഴിൽ തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവ്വീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

 സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടിയ തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം. ഒരു വർഷമാണ് കാലയളവ്. ക്ലാസ്സുകൾ ജൂൺ 20ന് തുടങ്ങും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി മെയ് 20.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടി ആശ്രിത ബന്ധപ്പെട്ട ക്ഷേമനിധി ബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വേണം അപേക്ഷിക്കാൻ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kle.kerala.gov.in സന്ദർശിക്കണം. ഫോൺ79070996290471-23090120471-2479966, 0471 2464240.

പ്ലാസ്റ്റിക് മേഖലയിലെ കരിയർ നോക്കുന്നുവോ? സി പെറ്റിൽ പഠിക്കാൻ അവസരം

വലിയ സാധ്യതകളുള്ള ഒരു പഠന മേഖലയാണ് , പ്ലാസ്റ്റിക് മേഖല. മോൾഡിങ്ങ് രംഗത്തും സാങ്കേതിക രംഗത്തും വലിയ സാധ്യതകളുള്ള പ്ലാസ്റ്റിക് മേഖലയെ ഗവേഷണ സാധ്യതയോടെ പഠിപ്പിക്കുന്ന ഒരു ദേശീയ സ്ഥാപനമാണ് , സി പെറ്റ്. കേന്ദ്ര കെമിക്കൽ–രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എഞ്ചിനീയറിംഗ് & ടെക്നോളജി പ്ലാസ്‌റ്റിക്‌സ് (സി പെറ്റ്) പഠനരംഗത്ത് ഇന്ത്യയിലെ തന്നെ ഒരു മുൻനിരസ്‌ഥാപനമാണ്.
 
തെക്കേ ഇന്ത്യയിൽ കൊച്ചി, മധുര, മൈസൂരു, ഹൈദരാബാദ് ഉൾപ്പെടെ രാജ്യത്തെ 28 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സിപെറ്റ് (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജി) മേഖലയിലെ കരിയറിനുതകുന്ന വിവിധ കോഴ്‌സുകൾ നടത്തുന്നുണ്ട്. വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 28 വരെയാണ്, അപേക്ഷിക്കാനവസരം.
 
 
1.പിജി ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്‌സ് പ്രോസസിങ് ആൻഡ് ടെസ്‌റ്റിങ്.
3.ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് മോൾഡ് ടെക്‌നോളജി.
4.ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് ടെക്‌നോളജി.
 
പൊതു വിഭാഗത്തിന് 500/- രൂപയും പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്ക് 250/- രൂപയുമാണ് , അപേക്ഷാ ഫീസ്. കംപ്യൂട്ടർ അധിഷ്ഠിത (CBT) ജോയിന്റ് എൻട്രൻസ് പരീക്ഷ, ജൂൺ 11ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള  പരീക്ഷാകേന്ദ്രങ്ങളിൽ വെച്ചു നടക്കും.
 

‘സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്’? പച്ചപ്പ് ആസ്വാദിച്ച് മെസി; സ്വാഗതം ചെയ്ത് സൗദി

കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തി അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി. സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി മെസ്സിയും കുടുംബവും എത്തിയിരിക്കുന്നത്. ഇവരെ സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് സൗദി ടൂറിസം അംബാസഡർ പറഞ്ഞു.

മെസ്സി തന്റെ രണ്ടാമത്തെ സന്ദർശനത്തിൽ രാജ്യത്തെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു വർഷം മുൻപ് തന്റെ ആദ്യ സന്ദർശന വേളയിൽ ചെങ്കടലിന്റെ തീരത്തുള്ള ജിദ്ദയിലെ പുരാധന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
സൗദിയിലേയ്ക്ക് എത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ് മെസ്സി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈന്തപ്പനത്തോട്ടത്തിന്റെ ചിത്രം പങ്കിട്ടിരുന്നു.
“സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്? സാധിക്കുമ്പോഴെല്ലാം അതിന്റെ അപ്രതീക്ഷിത അദ്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു എന്ന് അദ്ദേഹം കുറിച്ചു.

അരിക്കൊമ്പൻ യാത്ര ചെയ്‍ത ആ പൊളപ്പൻ റോഡിന് കയ്യടിക്കേണ്ടത് ആര്‍ക്ക്? ഇതാ അറിയേണ്ടതെല്ലാം!

ഇടുക്കി ജില്ലയിലെ ചിന്നക്കനാലിനെ ഉള്‍പ്പെടെ കുറേ പ്രദേശങ്ങളെ വിറപ്പിച്ചുകൊണ്ടിരുന്ന അരിക്കൊമ്പൻ എന്ന കാട്ടാന കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകളിലെ താരമാണ്. ഏറെ കോലാഹലങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും ഒടുവില്‍ ചിന്നക്കനാലില്‍ നിന്ന് വെടിവച്ചുമയക്കിയ ആനയെ പെരിയാര്‍ റിസര്‍വ്വില്‍ എത്തിച്ചുകഴിഞ്ഞു.

എന്നാല്‍ ഇപ്പോഴിതാ ഈ യാത്രയ്ക്ക് പിന്നാലെ അരിക്കൊമ്പനപ്പോലെ വാര്‍ത്തയിലെ താരമായിരിക്കുകയാണ് ആനയെയും കൊണ്ട് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്‍ത ആ റോഡും. ആനിമല്‍ ആംബുലന്‍സിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുള്ള വലിയൊരു കോണ്‍വോയ് ആയിട്ടായിരുന്നു അരിക്കൊമ്പന്‍റെ യാത്ര. അരിക്കൊമ്പന്‍റെ ഈ യാത്ര തത്സമയം ടെലിവിഷനിലും ഓണ്‍ലൈനിലും കണ്ടവര്‍ വനംവകുപ്പിന്‍റെ വാഹനങ്ങള്‍ ചീറിപാഞ്ഞു പോയ റോഡ് കണ്ട് അമ്പരന്നതോടെയാണ് പുതിയ ചര്‍ച്ചകളുടെ തുടക്കം

പൂര്‍ണമായും പണിതീര്‍ന്ന, ഹെയര്‍ പിന്‍വളവുകളും മറ്റുമുള്ള മനോഹരമായ ഈ റോഡ് സംസ്ഥാനത്തെ പ്രധാനപ്പെട്ട പാതയാണ്. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് സംസ്ഥാന സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും മന്ത്രി മുഹമ്മദ് റിയാസിനും അഭിനന്ദനവുമായി ഇടതുപക്ഷ അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖരും ഇക്കൂട്ടത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ മികച്ച റോഡുകളെ ചൂണ്ടിക്കാട്ടി രംഗത്തെത്തി. എന്നാല്‍ അധികം വൈകാതെ റോഡിന് മേല്‍ അവകാശവാദവുമായി ബിജെപി – സംഘപരിവാർ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ അനുഭാവികളും കൂടി രംഗത്തെത്തി. അതോടെ ചര്‍ച്ച കൊഴുത്തു. റോഡിന്‍റെ അവകാശവാദത്തില്‍ വിവാദവും തമ്മിലടിയും തുടങ്ങി. എന്നാല്‍ എന്താണ് വാസ്‍തവം? ഇതാ അറിയേണ്ടെതെല്ലാം

ദേശീയ പാത 85 എന്ന് അറിയപ്പെടുന്ന കൊച്ചി-ധനുഷ്കോടി ദേശീയ പാതയാണിത്. ഈ റോഡിന്‍റെ നിര്‍മ്മാണം നടത്തിയത് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ദേശീയ പാത അതോറിറ്റിയാണ്. 440 കിലോമീറ്റർ നീളമുളള കൊച്ചി – മൂന്നാർ -ധനുഷ്കോടി ദേശീയപാത 85 ലെ മൂന്നാർ – ബോഡിമെട്ട് 41.78 കിലോമീറ്റർ പാത നവീകരിക്കുന്നതിനായി 382 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്.

കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ ചീയപ്പാറ ഉൾപ്പടെ തകർന്ന പ്രദേശങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി 74 ലക്ഷം രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി 2022ല്‍ എം പി ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കിയിരുന്നു. മൂന്നാറിനും മുവാറ്റുപുഴ കക്കടാശ്ശേരിക്കുമിടയിലാണ് മെയിന്റനൻസ് ജോലികൾ നടത്തപ്പെടുന്നത്. നിലവിൽ NH 85 ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പണം അനുവദിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇനി ഈ റോഡുകളുടെ ദൂരവും മറ്റു ചില കാര്യങ്ങളും പരിശോധിക്കാം. എന്നാല്‍ മാത്രമേ കൃത്യമായ ഉത്തരത്തിലേക്ക് എത്തിച്ചേരാൻ പറ്റു. കൊച്ചി-ധനുഷ്കോടി ദേശീയപാത ( NH85) മൂന്നാർ വഴി പൂപ്പാറയിൽ ചെന്ന് കേരള-തമിഴ്‍നാട് അതിർത്തിയായ ബോഡിമെട്ടിലേക്കാണ് പോകുന്നത്. അവിടെനിന്നും തമിഴ്‍നാട്ടിലേക്കും ഈ പാത കടക്കുന്നു.

മൂന്നാർ-പൂപ്പാറ 30 കിലോ മീറ്റര്‍ ആണ് ദൂരം. മൂന്നാർ-കുമളി സംസ്ഥാനപാത (SH19) ഘടക പാത ആയ NH85 ൽ നിന്നും തിരിഞ്ഞ് കുമളിക്ക് പോകുന്നു. പൂപ്പാറയിൽ വച്ചാണ് NH85 ൽ നിന്നും റോഡ് വേര്‍തിരിയുന്നത്. 70 കിലോമീറ്ററാണ് പൂപ്പാറ-കുമളി ദൂരം. നിലവിൽ NH85-ൽ മെച്ചപ്പെടുത്തൽ നടന്നിട്ടുള്ളത് മൂന്നാർ-പൂപ്പാറ-ബോഡിമെട്ട് പരിധിയിൽ ആണ്. ഇത് ഏകദേശം 41 കിലോമീറ്ററോളം വരും. മൂന്നാർ – ബോഡിമെട്ട് റോഡിനുള്ള ഫണ്ട് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുവദിച്ചതാണ്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി കേന്ദ്രത്തിൽ സമർപ്പിച്ച് നേടിയെടുത്തതാണ്. മൂന്നാർ – ബോഡിമെട്ട് റോഡ് നിർമ്മാണം നടത്തിയത് കേരള പൊതുമരാമത്ത് വകുപ്പ് ആണ്.

 

അരിക്കൊമ്പനെയും കൊണ്ട വാഹനം വ്യൂഹം പോയത് ചിന്നക്കനാലിൽ നിന്ന് കുമളിയിലേക്കാണ്. ഇനി സിമന്‍റ് പാലം മുതൽ സീനിയറോട വരെ ദൂരത്തിന്‍റെ വിവിധ വശങ്ങള്‍ കൂടി പരിശോധിച്ചാല്‍ ആര്‍ക്കാണ് കയ്യടിക്കേണ്ടതെന്ന് കൃത്യമായി മനസിലാകും. ചിന്നക്കനാൽ – പൂപ്പാറ ദേശീയപാത 85ന് 30 കിലോമീറ്റർ ദൂരമുണ്ട്. പൂപ്പാറ – കുമളി സംസ്ഥാനപാത 19ന് 70 കിലോമീറ്റർ ദൂരവും ഉണ്ട്. അതായത് അരിക്കൊമ്പൻ പോയ റോഡിന് കേന്ദ്രത്തിനും സംസ്ഥാനത്തിനുമൊക്കെ തുല്യമായ അവകാശമാണെന്ന് ചുരുക്കം. നന്ദി പറയേണ്ടതിന്‍റെ അത്യാവശ്യം ഒന്നും ഇല്ലെങ്കിലും അങ്ങനെ ചെയ്‍തേ തീരൂ എന്ന് അത്യാവശ്യം ഉള്ളവര്‍ക്ക് വേണമെങ്കില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുമിച്ച് നന്ദി പറയാം. സിപിഎം – ബിജെപി അനുകൂലികള്‍ക്ക് പുറമേ എം പി ഡീൻ കുര്യാക്കോസിന്‍റെ പേരിൽ വേണമെങ്കില്‍ കോൺഗ്രസുകാര്‍ക്കും അഭിമാനിക്കാം. ഒത്തുപിടിച്ചാല്‍ മല മാത്രമല്ല അരിക്കൊമ്പനും പോരും എന്നാണല്ലോ?!

അതേസമയം ഇതൊന്നും അറിയാതെ ഗജപോക്കിരിയായ അരിക്കൊമ്പൻ ശാന്തനായി പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആനയുടെ നീക്കങ്ങൾ ജിപിഎസ് കോളറിൽനിന്നു ലഭിക്കുന്ന സിഗ്നൽ വഴി വനപാലകർ നിരീക്ഷിക്കുന്നുണ്ട്. ഒന്നര കിലോമീറ്ററിലധികം സഞ്ചാരപാത ആന പിന്നിട്ടു എന്നാണ് ആദ്യവിവരങ്ങള്‍. സീനിയർഓട ഭാഗത്താണ് ആന ഇപ്പോഴുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മയക്കം വിട്ട ആന ഊർജസ്വലനായി എന്നും ആനയുടെ ആരോഗ്യസ്ഥിതി തൃപ്‍തികരമാണെന്നും തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പൻ ഇണങ്ങിത്തുടങ്ങിയെന്നും വിവരമുണ്ട്.

Verified by MonsterInsights