ഈ ചൂട് ഉടനെയൊന്നും കുറയില്ല; പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെ.

ഈ ചൂട് ഉടനെയൊന്നും കുറയുമെന്ന് തോന്നുന്നില്ല. കേരളം ചുട്ടുപൊള്ളുകയാണ്. പാലക്കാട് ജില്ലയിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൂട് ലളിതമായി കാണാനാവില്ലെന്നും മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും അപ്പുറമുള്ള ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നതെന്നും ജില്ലാ കളക്ടർ ഡോ ചിത്ര ഐഎഎസ് പറഞ്ഞു. പാലക്കാട് ജില്ലയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യചത്തിൽ പ്രത്യേക മുൻകരുതൽ എടുത്ത് കൊണ്ട് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂവെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന  പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. പാലക്കാട് കൂടാതെ 11 ജില്ലകളിലും താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. 28വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയുമായിരിക്കും.സാധാരണയെക്കാൾ 2-4 °C കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 24 മുതൽ 28 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

 

ജാഗ്രതാ നിർദേശങ്ങൾ

പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

  • വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂടേൽക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

  • കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു.

ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. ബിലീവേഴ്സ്കീഴി ചർച്ചിന് ലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാന്‍ ഇക്കഴി‌ഞ്ഞ  മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം പരിഗണിച്ചാണ് നടപടികൾ സ്റ്റേ ചെയ്തത്.

ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ  ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയില്‍ സർക്കാറിന് ഉടമസ്ഥാവകാശമുള്ള  ഭൂമി എന്ന പേരില്‍  വിജ്ഞാപനമിറക്കി എന്നതാണ് ഹർജിക്കാരുടെ പ്രധാന വാദം. കൂടാതെ സാമൂഹിക ആഘാത പഠനം നടത്തിയത്  സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് ആണ്. ഇത് സർക്കാറിന് കീഴിലുള്ള ഏജൻസിയാണെന്നും,  കേന്ദ്ര-സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണിതെന്നും ഹർജിയില്‍ ആരോപിക്കുന്നു. ഇത് പരിഗണിച്ചാണ് കോടതി ഭൂമി ഏറ്റെടുക്കൽ  വിജ്ഞാപനം  സ്റ്റേ ചെയ്തത്.

കേരളത്തിൽ തുള്ളി മദ്യം കിട്ടില്ല! 48 മണിക്കൂർ ഡ്രൈഡേ, ബിവറേജും ബാറും തുറക്കില്ല; ബുധനാഴ്ച വൈകിട്ട് അടയ്ക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിൽ മദ്യ നിരോധനം. സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ അടച്ചിട്ടും. രണ്ട് ദിവസം (48 മണിക്കൂർ) ആണ് സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടച്ചിടുക. 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക. വോട്ട് എണ്ണൽ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല.

സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ.

സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക രംഗത്ത് അതിന്റെ പ്രതിഫലനങ്ങൾ വ്യക്തമാണ്. സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ മാത്രമല്ല സമ്പദ് വ്യവസ്ഥയുടെകൂടെ ആവശ്യമാണ്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് സർക്കാർ തലത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സാധാരണക്കാർ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന പോസ്റ്റ് ഓഫീസിന്റെ വിവിധ നിക്ഷേപ പദ്ധതികൾ ഇത്തരത്തിൽ സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നവയാണ്. സ്ത്രീകൾക്ക് പ്രയോജനപ്പെടുത്താവുന്ന അഞ്ച് നിക്ഷേപ പദ്ധതികൾ നോക്കാം.

മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്: 2023ൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതി സ്ത്രീകളിൽ നിക്ഷേപ സ്വഭാവം വളർത്തുന്നതിനും അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. സ്ഥിര പലിശ നിരക്കിൽ രണ്ട് വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപം നടത്താൻ സാധിക്കുന്ന പദ്ധതി പൂർണമായും അപകടരഹിതമായ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. 7.5 ശതമാനമാണ് പദ്ധതിയിലെ പലിശ നിരക്ക്. 1000 രൂപയാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിലെ കുറഞ്ഞ നിക്ഷേപ പരിധി. ഇത്തരത്തിൽ 100ന്റെ ഗുണിതങ്ങളായി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സ്ത്രീകൾക്ക് അവസരമുണ്ട്. അതേസമയം 12 മാസം പൂർത്തിയായൽ നിക്ഷേപ തുകയുടെ 40 ശതമാനം വരെ വായ്പയായും സ്വന്തമാക്കാം.

സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കായ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന സുകന്യ സമൃദ്ധി യോജനയിൽ ദീർഘകാല നിക്ഷേപങ്ങളിലൂടെ അവരുടെ വിദ്യാഭ്യാസത്തിനും ഭാവി ചെലവുകൾക്കും ആവശ്യമായി തുക സ്വരൂപിക്കാം. പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായി മാതാപിതാക്കൾക്കോ നിയമപ്രകാരമുള്ള രക്ഷിതാക്കൾക്കോ പദ്ധതിയിൽ അക്കൗണ്ട് തുറക്കാം. 8.5 ശതമാനമാണ് പദ്ധതിയിലെ പലിശ നിരക്ക്. അക്കൗണ്ട് തുറന്ന തീയതി മുതൽ 15 വർഷം വരെ അക്കൗണ്ടിൽ നിക്ഷേപം നടത്താം. അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷത്തിനു ശേഷമോ അല്ലെങ്കിൽ പെൺകുട്ടിക്ക് 21 വയസ്സ് തികയുമ്പോഴോ, ഏതാണ് നേരത്തെയെങ്കിൽ അക്കൗണ്ട് കാലാവധി പൂർത്തിയാകും. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷം പ്രത്യേക ആവശ്യങ്ങൾക്കായി ഭാഗിക പിൻവലിക്കലുകൾ അനുവദനീയമാണ്, ഇത് വഴക്കം വാഗ്ദാനം ചെയ്യുന്നു.


പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം: സ്ഥിര വരുമാനം ലക്ഷ്യമിടുന്ന സ്ത്രീകൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം. ഒറ്റത്തവണ നിക്ഷേപം സാധ്യമാകുന്ന പദ്ധതിയിൽ സിംഗിൾ അക്കൗണ്ടിന് പുറമെ പങ്കാളിക്കൊപ്പം ചേർന്ന് ജോയിന്റ് അക്കൗണ്ടും സാധ്യമാകും. നിലവിൽ 6.6 ശതമാനം പലിശ നിര്കകാണ് പദ്ധതിയിൽ പോസറ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയും പരമാവധി നിക്ഷേപ പരിധിയില്ലായെന്നതും ഇതിലെ സവിശേഷതയാണ്. പൊതുവായ പദ്ധതിയാണെങ്കിലും സ്ത്രീകൾക്ക് ഉപകാരപ്പെടുത്താൻ സാധിക്കുന്ന മന്ത്ലി ഇൻകം സ്കീം വിശ്രമ ജീവിതത്തിൽ സ്ത്രീകൾക്ക് മികച്ച തിരഞ്ഞെടുപ്പായിരിക്കും.

സീനിയർ സിറ്റിസൺ സ്കീം: മുതിർന്ന പൗരന്മാർക്ക് വിരമിക്കൽ ജീവിതം ആസ്വദിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അഥവ എസ്സിഎസ്എസ്. 8.2 ശതമാനമാണ് നിലവിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്ക്. 1000 രൂപയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം മുതൽ പരമാവധി നിക്ഷേപ പരിധിയായ 30 ലക്ഷം വരെ ഈ പദ്ധതിയിലൂടെ നിക്ഷേപിക്കാൻ സാധിക്കും. അംഗമാകാൻ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ആദായ നികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവും പദ്ധതിയിൽ ലഭിക്കുന്നു.

ഡ്രൈവിങ് ടെസ്റ്റ്; ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ റദ്ദാക്കി.

ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി. എറണാകുളം ആര്‍ടി ഓഫീസില്‍ നിന്ന് തീയതി ലഭിച്ചിരുന്ന രണ്ടായിരത്തോളം പരീക്ഷാര്‍ഥികളുടെ ഡ്രൈവിങ് ടെസ്റ്റ് ഇതോടെ അവതാളത്തിലായി.മെയ് മൂന്നിലെ ഡ്രൈവിങ് ടെസ്റ്റ് റദ്ദാക്കിയതായുള്ള എസ്എംഎസ് അറിയിപ്പില്‍ കാരണമായി കോവിഡ് 19 ആണ് കാണിച്ചിരിക്കുന്നത്. മേയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണു മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

സമ്പദ്‌വ്യവസ്ഥ വളരുന്നു, പക്ഷേ തൊഴിലില്‍ വര്‍ധനയില്ല; ആശങ്കയായി റോയിട്ടേഴ്‌സ് സര്‍വേ.

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമ്പോഴും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പൂര്‍ണമായി ലക്ഷ്യം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയാണ് രാജ്യത്തെ തൊഴിലില്ലായ്മയുടെ ആശങ്കകള്‍ പങ്കുവയ്ക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും യുവാക്കളുടെ എണ്ണത്തിനും

ആനുപാതികമായി തൊഴില്‍ വര്‍ധിക്കുന്നില്ല.

അടിസ്ഥാന സൗകര്യ വികസനത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപ ഇന്ത്യ ചെലവഴിച്ചിട്ടുണ്ട്.വൈദഗ്ധ്യം കുറഞ്ഞ തൊഴിലുകളിലും നിര്‍മാണ മേഖലയിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.എന്നാല്‍ വിദ്യാസമ്പന്നരായ ചെറുപ്പക്കാരില്‍ തൊഴിലില്ലായ്മ കുറയ്ക്കാന്‍ സാധിച്ചിട്ടില്ല.സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സര്‍വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

സര്‍ക്കാര്‍ മുന്‍ഗണന മാറണം

പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം 2014നെ അപേക്ഷിച്ച് തൊഴിലില്ലായ്മയില്‍ ചെറിയ കുറവ് മാത്രമാണ്ഉണ്ടായിട്ടുള്ളത്.പത്തുവര്‍ഷം മുമ്പ് 3.4 ശതമാനം ആയിരുന്നു തൊഴിലില്ലായ്മ. ഇപ്പോഴത് 3.2 ശതമാനമായി കുറഞ്ഞുവെങ്കിലുംആശ്വസിക്കാവുന്ന നിലയില്‍ എത്തിയിട്ടില്ല.






കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്ന മേഖലകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അടുത്തിടെ സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു.സമ്പദ്‌വ്യവസ്ഥ എത്രത്തോളം വളരുന്നുവെന്നതിനേക്കാള്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ശ്രദ്ധിക്കേണ്ടതെന്നാണ് അദേഹത്തിന്റെ പക്ഷം.

ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് റോയിട്ടേഴ്‌സ് സര്‍വേയില്‍പങ്കെടുത്ത പകുതിയിലധികം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടത്. കൂടുതല്‍ തൊഴില്‍
സൃഷ്ടിക്കപ്പെടാത്തത് മൂലം ജനസംഖ്യപരമായ ആനുകൂല്യം മുതലാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെ വരുമെന്നും സര്‍വേ അടിവരയിടുന്നു.






രണ്ട് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടി മഴ, അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ മഴയെത്തും; അറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും(2024 ഏപ്രിൽ 24,25) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

നേരത്തേ ഇന്ന് കേരളത്തിൽ 10 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. 25ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം പാലക്കാട് ജില്ലയിൽ ചൂട് കനക്കുകയാണ്യ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 2024 ഏപ്രിൽ 26 വരെ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന  പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. -ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

വേനല്‍ചൂടില്‍ വാടാതിരിക്കാന്‍ അല്‍പം സ്മൂത്തി ആയാലോ -പരീക്ഷിക്കാം ഈ റെസിപ്പികള്‍.

ഉചിതമായ അളവില്‍ പഴങ്ങളോ പച്ചക്കറികളോ ചേര്‍ത്ത് ഇത് ആരോഗ്യകരവും പോഷകപ്രദവുമാക്കാം
നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നതിനുള്ള രുചികരവും പോഷകപ്രദവുമായ മാര്‍ഗമാണ് ഇത്. തടികുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഭക്ഷണം ഒഴിവാക്കാതെ തന്നെ തടി കുറയ്്ക്കാന്‍ സ്മൂത്തികള്‍ക്കു കഴിയും. ഇത് നിര്‍ജലീകരണം തടയുന്നു, വയര്‍ നിറഞ്ഞതായി നിങ്ങളെ തോന്നിപ്പിക്കുന്നു.

ബനാന സ്മൂത്തി

വിറ്റാമിന്‍ സി, നാരുകള്‍, പൊട്ടാസ്യം,

വിറ്റാമിന്‍ ബി6 എന്നിവയുടെ മികച്ച ഉറവിടമാണ് വാഴപ്പഴം.

ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കും.

പാല്‍ ഒരു കപ്പ്

അര കപ്പ് ഓട്‌സ്

ഒന്നോ രണ്ടോ പഴം

കുറച്ച് നിലക്കടല

കുറച്ച് അണ്ടിപരിപ്പ്

ഒരു ടീസ് പൂണ്‍ തേന്‍

ഇവ എല്ലാം കൂടെ മിക്‌സിയിലൊന്ന് അരച്ചെടുക്കുക.

എന്നിട്ട് ഒരു ഗ്ലാസിലൊഴിച്ചു കുടിക്കുക. തണുപ്പ് വേണ്ടവര്‍ക്ക് തണുപ്പിച്ചു കുടിക്കാം.

 

 

ക്യാരറ്റും ബീറ്റ്‌റൂട്ടുമിട്ട് ഒരു സ്മൂത്തി

അരകപ്പ് ബീറ്റ്‌റൂട്ട്, അരകപ്പ് ക്യാരറ്റ്, അരകപ്പ് ആപ്പിള്‍

അരകപ്പ് വെള്ളവുമുപയോഗിച്ച് നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക. 

തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം

ബ്ലൂബെറി (ബെറികള്‍ ഏതുമാവാം)

 
ഒരു കപ്പ് ബ്ലൂബെറി
അരകപ്പ് തൈര്
പാല്‍ ആവശ്യത്തിന് 
ആവശ്യത്തിന് പഞ്ചസാര
ഇവയെല്ലാം മിക്‌സിയില്‍ അടിച്ചെടുക്കുക. തണുപ്പിച്ച് കഴുക്കാം

 

 

കൊട്ടിക്കലാശം; ഇനിയെല്ലാം നിശ്ശബ്ദം, കേരളം നാളെ ബൂത്തിലേക്ക് .

രാഷ്ട്രീയപ്പാർട്ടികളുടെ ആരോപണ, പ്രത്യാരോപണങ്ങൾ കത്തിക്കയറിയ തിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷം ക്രെയിനിലും മണ്ണുമാന്തിയിലുമായി സ്ഥാനാർഥികൾ ആകാശത്തേക്കുയർന്നു. ഇനിയുള്ള മണിക്കൂറുകൾ നിശ്ശബ്ദ പ്രചാരണം.

അങ്ങിങ്ങ് സംഘർഷമുണ്ടായെങ്കിലും ഉത്സവപ്പകിട്ടോടെയായിരുന്നു ബുധനാഴ്ച വൈകീട്ട് പ്രചാരണപ്പൂരത്തിന്റെ കൊടിയിറക്കം. പൂക്കാവടിയും വാദ്യമേളങ്ങളുമായെത്തി നിറങ്ങൾ വിതറിയ കൊട്ടിക്കലാശത്തിൽ സ്ഥാനാർഥികളും നേതാക്കളും നിറഞ്ഞുനിന്നു. തുടർന്ന്‌ വോട്ടെടുപ്പിന് ഒരുപകലിരവിന്റെ അകലത്തിൽ നിശ്ശബ്ദപ്രചാരണത്തിനായി അവർ വേദിയൊഴിഞ്ഞു. 






 

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ സി.ആർ. മഹേഷ് എം.എൽ.എ.ക്കും സി.പി.എം. നേതാക്കൾക്കും പോലീസുകാർക്കും പരിക്കേറ്റു. പത്തനാപുരത്തും തിരുവനന്തപുരത്ത് ആറ്റിങ്ങലിലും ഇടുക്കിയിലെ കട്ടപ്പനയിലും സംഘർഷമുണ്ടായി. മലപ്പുറത്ത് നേരിയതോതിൽ ഉന്തും തള്ളുമുണ്ടായി.

കേരളത്തിലെ 2,77,49,159 വോട്ടർമാർ വെള്ളിയാഴ്ച ബൂത്തിലേക്ക്. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 194 പേർ. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു പോളിങ് ശതമാനം. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. 80 ശതമാനത്തിൽ കുറയാതിരിക്കുക ഇത്തവണ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ. 


 

കേരള ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ നല്ല ശമ്പളത്തിൽ ജോലി

കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. KSCSTE -മലബാർ ബൊട്ടാണിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻ്റ് സയൻസസ് ഇപ്പോള്‍ ജൂനിയർ സയൻ്റിസ്റ്റ്/സയൻ്റിസ്റ്റ് ബി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 7 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേരള ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 25 മാർച്ച് 2024 മുതല്‍ 22 മെയ് 2024 വരെ അപേക്ഷിക്കാം.

Verified by MonsterInsights