ഇനി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാട് നടത്താം; ‘യുപിഐ സര്‍ക്കിള്‍’ നിലവില്‍ വന്നു

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഡിജിറ്റല്‍ പേയ്മെന്റ് വര്‍ദ്ധിപ്പിക്കുന്നതിനായി ‘UPI സര്‍ക്കിള്‍’ ഫീച്ചര്‍ അവതരിപ്പിച്ചു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സെക്കന്‍ഡറി ഉപയോക്താക്കളായി ചേര്‍ക്കാന്‍ പ്രാഥമിക ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇത്. സ്വന്തമായി ബാങ്ക് അക്കൗണ്ടുകളില്ലാത്തവരോ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉപയോഗിക്കാന്‍ മടിക്കുന്നവരോ ആയവര്‍ക്ക് യുപിഐ ഇടപാടുകളുടെ സൗകര്യം ലഭ്യമാക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. NPCI അനുസരിച്ച് UPI ആക്സസ് ചെയ്യാന്‍ സാമ്പത്തികമായി ആശ്രയിക്കുന്ന സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഫീച്ചര്‍.

 

പ്രാഥമിക ഉപയോക്താക്കള്‍ക്ക് ഇനി കുടുംബാംഗങ്ങളോ തങ്ങളുടെ ജീവനക്കാരോ ആയ സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് പേയ്മെന്റ് അംഗീകാരം നല്‍കാം, അവര്‍ക്ക് പ്രാഥമിക ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഇടപാടുകള്‍ നടത്താനാകും. സെക്കന്‍ഡറി യൂസറിന് ഇടപാട് നടത്താവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാന്‍ പ്രൈമറി യൂസറിന് സാധിക്കും.

ഡിജിറ്റല്‍ പേയ്മെന്റ് കൂടുതല്‍ ആളുകളിലേക്ക് സംവിധാനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടുമിക്ക മേഖലകളിലും യുപിഐ ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഈ സംവിധാനം ഉപയോഗിക്കാത്തവരും നിരവധിയാണ്. ഇത്തരക്കാരെ ഉദ്ദേശിച്ചാണ് പുതിയ ഫീച്ചറായ യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

മലയാളം അറിയുന്നവര്‍ക്ക് സ്ഥിര സര്‍ക്കാര്‍ ജോലി; 35,700 രൂപ മാസ ശമ്പളം വാങ്ങാം; ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 3 വരെ.

കേരള സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. സ്‌റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് ഇപ്പോള്‍ സ്വീപ്പര്‍- ഫുള്‍ ടൈം തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള പി.എസ്.സി മുഖേന നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 


തസ്തിക& ഒഴിവ്


സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ ‘ സ്വീപ്പര്‍- ഫുള്‍ ടൈം’ റിക്രൂട്ട്‌മെന്റ്. 


കാറ്റഗറി നമ്പര്‍: 286/2024


ആകെ 3 ഒഴിവുകള്‍. 

 

ശമ്പളം


16,500 രൂപ മുതല്‍ 35,700 രൂപ വരെ. 

“പ്രായപരിധി

18 മുതല്‍ 36 വയസ് വരെ. 

(സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്)

 

വിദ്യാഭ്യാസ യോഗ്യത

ഇംഗ്ലീഷ്/ മലയാളം/ തമിഴ്/ അല്ലെങ്കില്‍ കന്നഡ എന്നിവയില്‍ ഏതിലെങ്കിലും സാക്ഷരതയുണ്ടായിരിക്കണം. 

 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒക്ടോബര്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിജ്ഞാപനമെത്തി; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങാം; കേരള പി.എസ്.സി സ്ഥിര റിക്രൂട്ട്‌മെന്റ്.

കേരളത്തില്‍ വനം വകുപ്പിലേക്ക് പുതിയ വിജ്ഞാപനമെത്തി. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നേരിട്ട് നടത്തുന്ന നിയമനമാണിത്. ആകെ 2 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒക്ടോബര്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്

കേരള വനം വന്യജീവി വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 2 ഒഴിവുകള്‍. പി.എസ്.സിയുടെ നേരിട്ടുള്ള നിയമനം.

കാറ്റഗറി നമ്പര്‍: 277/2024

ശമ്പളം

55,200 രൂപ മുതല്‍ 1,15,300 രൂപ വരെ ശമ്പളം. 

പ്രായപരിധി

19 മുതല്‍ 31 വയസ് വരെ പ്രായമുള്ളവര്‍ക്ക്  അപേക്ഷിക്കാം. (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്)

 

വിദ്യാഭ്യാസ യോഗ്യത

സയന്‍സ് OR എഞ്ചിനീയറിങ് വിഷയങ്ങളില്‍ അംഗീകൃത ബിരുദം. 

സയന്‍സ് : അഗ്രികള്‍ച്ചര്‍, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, ഫോറസ്ട്രി, ജിയോളജി, ഹോര്‍ട്ടി കള്‍ച്ചര്‍, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, വെറ്ററിനറി സയന്‍സ്, സുവോളജി. 

എഞ്ചിനീയറിങ്: അഗ്രികള്‍ച്ചര്‍/ കെമിക്കല്‍/ സിവില്‍/ കമ്പ്യൂട്ടര്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല്‍. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.

 

ഇനി വിമാനങ്ങളിൽ ഫോൺ ‘ഓഫ്’ ചെയ്യേണ്ട; വൈഫൈ എത്തി, ആ പ്രശ്നത്തിന് തീരുമാനമായി

വിമാനങ്ങളിൽ യാത്രചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്ന നിബന്ധനയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ വിമാനയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്ത് ഇടാറാണ് പതിവ്. എന്നാൽ വ്യോമയാന മേഖലയിൽ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ഇനി മുതൽ വിമാനങ്ങളിൽ ഇരുന്ന് ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ആ സുപ്രധാന തീരുമാനം. എങ്ങനെയെന്ന് അല്ലേ, വിമാനങ്ങളിൽ ഇനി മുതൽ വൈഫൈ ലഭിക്കും! വിമാന യാത്രയിൽ ഇഷ്ടത്തിനനുസരണം ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിലെ നേട്ടം. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോകുന്ന എ350 എന്ന വിമാനത്തിലാണ് ആദ്യം യാത്രക്കാർക്ക് വൈഫൈ സൗകര്യം അനുവദിക്കുക.

സെപ്റ്റംബർ 2 മുതൽ ഡൽഹിയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന എ 350-900 എന്ന വിമാനത്തിൽ ആദ്യഘട്ടത്തിൽ വൈഫൈ നൽകി പരീക്ഷണം നടത്തിയിരുന്നു. വിമാനം ഒരു ദിവസം രണ്ട് പ്രാവശ്യം സർവീസ് നടത്തും. വിമാനത്തിന് 28 സ്വകാര്യ സ്യൂട്ടുകളാണുള്ളത്. പ്രീമിയം ഇക്കോണമിയിൽ 24 സീറ്റുകളും ഇക്കണോമി ക്ലാസിൽ 24 സീറ്റുകളുമുണ്ട്. ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഈ വർഷം ആദ്യം തന്നെ എയർബസ് എ 350 എന്ന വിമാനങ്ങൾ കൊണ്ടുവന്നിരുന്നു. നിലവിൽ, യാത്രക്കാർക്ക് ഇൻ-ഫ്ലൈറ്റ് വൈഫൈ നൽകുന്ന നിരവധി വിമാനങ്ങളുണ്ട്. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യവും പ്രതീക്ഷകളും നിറവേറ്റുന്നതിനായി മിക്കവാറും എല്ലാ എയർലൈനുകളും ഭാവിയിൽ ഈ സേവനം നൽകുമെന്നാണ് പ്രതീക്ഷ.

വൈഫൈയുടെ പ്രവർത്തനം എങ്ങനെ

വിമാനങ്ങളിൽ വൈഫൈ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ ആളുകൾക്കിടയിൽ എപ്പോഴും ആകാംക്ഷയുണ്ട്. എയർലൈനിനെയും വിമാനത്തെയും ആശ്രയിച്ചായിരിക്കും വൈഫൈയുടെ പ്രവർത്തനം. എയർ-ടു-ഗ്രൗണ്ട്, സാറ്റ് ലൈറ്റ് വൈ-ഫൈ- ഈ രണ്ട് രീതിയെ അടിസ്ഥാനമാക്കിയാണ് വൈഫൈയുടെ പ്രവർത്തനം. എയർ-ടു-ഗ്രൗണ്ട് രീതി ഫോണിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ പോലെ പ്രവർത്തിക്കും. നിലത്തെ സെൽ ടവറുകൾ മുകളിൽ പറക്കുന്ന വിമാനങ്ങളിലേക്ക് വൈഫൈ സിഗ്നലുകൾ അയയ്ക്കും. മറ്റൊരു രീതി യാത്രക്കാർക്ക് വൈഫൈ നൽകുന്നതിന് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുന്ന ആൻ്റിനകൾ വിമാനങ്ങൾക്ക് മുകളിൽ സജ്ജീകരിച്ച് സിഗ്നൽ വലിക്കുന്നതാണ്.

നിരവധി വിമാനക്കമ്പനികളാണ് ഇപ്പോൾ യാത്രക്കാർക്ക് വൈഫൈ നൽകുന്നത്. ജെറ്റ്ബ്ലൂ, നോർവീജിയൻ എയർ, ഫിലിപ്പൈൻ എയർലൈൻസ്, എയർ ന്യൂസിലാൻഡ്, ചൈന ഈസ്റ്റേൺ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, വിർജിൻ അറ്റ്ലാൻ്റിക്, ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ തുടങ്ങിയവയാണ് വൈഫൈ സൗകര്യങ്ങൾ നിൽക്കുന്ന ചില വിമാനങ്ങൾ. ഈ സൗകര്യം ഫ്ലൈറ്റ് സമയത്ത് കണക്റ്റിവിറ്റിയും യാത്രാ സൗകര്യവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിമാനകമ്പനികളുടെ വാദം.

നാല് ബുർജ് ഖലീഫയുടെ അത്ര ഉയരം; കടലിനടിയിൽ കൂറ്റൻ പർവതം കണ്ടെത്തി സമുദ്രശാസ്ത്രജ്ഞർ

പസഫിക് സമുദ്രത്തിനടിയിൽ കൂറ്റൻ പർവതം കണ്ടെത്തി സമുദ്രശാസ്ത്രജ്ഞർ. വലുപ്പത്തിൽ മൗണ്ട് ഒളിംപസിനെയും കടത്തിവെട്ടുന്ന, നാല് ബുർജ് ഖലീഫയുടെ അത്ര ഉയരമുള്ള കൂറ്റൻ പർവത്തെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

സച്മിഡിറ്റ് സമുദ്രഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ്, തങ്ങളുടെ പര്യവേഷണത്തിനിടയിൽ പർവതം കണ്ടെത്തിയത്. ചിലെ തീരത്തിന് 1,448 കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലാണ് കൂറ്റൻ പർവതത്തിന്റെ സ്ഥാനം. അടിത്തട്ടിൽ നിന്ന് 3,109 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പർവതത്തിന് നാല് ബുർജ് ഖലീഫകൾ മുകളിലായി അടുക്കിവെച്ചാലുള്ളത്ര ഉയരമാണുള്ളത്. ഗ്രീസിലെ മൗണ്ട് ഒളിംപസിനെയും ഉയരത്തിൽ ഈ പർവതം കടത്തിവെട്ടും.

 
 

ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പർവതത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയ സംഘം, വൈവിധ്യമാർന്ന സസ്യ, ജന്തു ജീവജാലങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത, കാസ്പെർ എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്ന, അപ്പൂർവ വെള്ള നീരാളിയും മറ്റ് ജീവികളും ശാസ്ത്രജ്ഞരുടെ ക്യാമറയിൽ പതിഞ്ഞിരുന്നു.

 

അപൂർവ സസ്യജന്തുജാലങ്ങളുടെ കലവറയായ ‘നസ്‌ക’ കടലിടുക്കിൽ സംഘം നടത്തുന്ന അനവധി പര്യവേഷണങ്ങളുടെ ഒരു ഭാഗമായിരുന്നു ഇതും. നിലവിലെ ദൗത്യത്തിൽ മാത്രം ഇരുപത്തിയഞ്ചോളം പർവതങ്ങൾ കണ്ടെത്തിയതായാണ് വിവരം. അവ കൂടാതെ ഇതുവരെ കണ്ടെത്താത്ത നിരവധി ജീവജാലങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.

 

സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കാറുണ്ടോ? കൊവിഡ് വരെ മുന്‍കൂട്ടി അറിയാം, പുതിയ പഠനങ്ങള്‍ പറയുന്നു

സ്മാര്‍ട്ട് വാച്ചുകള്‍ പോലെയുള്ള ഉപകരണങ്ങള്‍, കൊവിഡ്-19, ഹൃദയാഘാതം എന്നിവ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ആദ്യകാല ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ 12 ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സ്മാര്‍ട്ട് വാച്ചുകളും ആക്റ്റിവിറ്റി ട്രാക്കറുകളും ഉപയോഗിക്കുന്ന 100 ല്‍ 88 ആളുകളിലും റാപ്പിഡ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ ഫലത്തിന് സമാനമായി COVID-19 നില കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് പഠനത്തില്‍ കണ്ടെത്തുകയായിരുന്നു

ധരിക്കാവുന്ന ഉപകരണങ്ങളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 100ല്‍ 87 പേരുടെ ഹൃദയമിടിപ്പ് ക്രമരഹിതമാണെന്ന് കണ്ടെത്തി. ഇത്തരം ഉപകരണങ്ങള്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ തിരിച്ചറിയാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. ജേണല്‍ ഓഫ് മെഡിക്കല്‍ ഇന്റര്‍നെറ്റ് റിസര്‍ച്ച് mHealth and uHealth ലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വ്യായാമം ഉള്‍പ്പെടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനായി ആദ്യം രൂപകല്‍പ്പന ചെയ്ത ഈ സാങ്കേതികവിദ്യകള്‍ ഇപ്പോള്‍ രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ്, ഉറക്കത്തിന്റെ ഗുണനിലവാരം, ചര്‍മ്മത്തിന്റെ താപനില, സമ്മര്‍ദ്ദ നില തുടങ്ങിവയൊക്കെ അറിയാന്‍ സഹായിക്കുന്നു.

 

“ഞങ്ങളുടെ ചിട്ടയായ അവലോകനം കാണിക്കുന്നത്, ധരിക്കാവുന്ന ആക്റ്റിവിറ്റി ട്രാക്കറുകള്‍ക്ക് COVID-19 കണ്ടെത്തുന്നതില്‍ കൃത്യത ഉണ്ടെന്നാണ്.”- സൗത്ത് ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകനായ ബെന്‍ സിംഗ് പറഞ്ഞു. ധരിക്കാവുന്ന ട്രാക്കറുകള്‍ ആളുകളെ അവരുടെ ആരോഗ്യത്തെക്കുറിച്ച് അറിയാന്‍ മാത്രമല്ല, ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്താനും പ്രാപ്തരാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

സംശയം വേണ്ട, സ്മാർട്ട് ഫോൺ‌ നമ്മള്‍ പറയുന്നതെല്ലാം കേൾക്കുന്നുണ്ട്, ചോര്‍ത്തുന്നുമുണ്ട്!

ശ്ശെടാ ഞാൻ പറയുന്നതൊക്കെ ഫേസ്ബുക്ക് അറിയുന്നുണ്ടോ?’ എന്ന് ആശ്ചര്യപ്പെട്ടിട്ടുള്ളവരാണ് നമ്മൾ. സ്മാർട്ട് ഫോൺ ഉപയോ​ഗിച്ച് സുഹൃത്തിനെ വിളിച്ചതിന് ശേഷമൊക്കെ ഫേസ്ബുക്ക് നോക്കിയാൽ ഫീഡിൽ നിറയെ തൊട്ടുമുമ്പ് സംസാരിച്ച ഏതെങ്കിലും ഉല്പന്നത്തെക്കുറിച്ചുള്ള പരസ്യങ്ങളാകും. ശരിയാണ്, ഫോൺ ഒക്കെ ചോർത്തിക്കൊടുക്കുന്നുണ്ട് ഫേസ്ബുക്കിന് എന്ന് നമ്മൾ തറപ്പിച്ച് പറയാറുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിന് ശാസ്ത്രീയ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ ഇക്കാര്യം ഒരു മാർക്കറ്റിം​ഗ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു. സ്മാര്‍ട്‌ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ സംസാരിക്കുന്നത് കേള്‍ക്കാറുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.

കോക്സ് മീഡിയാ ​ഗ്രൂപ്പ് എന്ന മാർക്കറ്റിം​ഗ് കമ്പനിയാണ് ഇക്കാര്യം സമ്മതിച്ച് രം​ഗത്തെത്തിയത്. ഫേസ്ബുക്കും ​ഗൂ​ഗിളുമെല്ലാം ഈ കമ്പനിയുടെ ഉപയോക്താക്കളാണ്. ആളുകളുടെ സംസാരത്തില്‍ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഈ വിവരങ്ങൾ (ഡാറ്റ) ആളുകളുടെ വ്യക്തി​ഗതവിവരങ്ങളുമായി ചേർത്ത് മാർക്കറ്റിം​ഗ് ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കാൻ കഴിയുമെന്നതാണ് വസ്തുത. ഇങ്ങനെ ഉപഭോക്താക്കളുടെ ശബ്ദം കേള്‍ക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നത് നിയമപരമാണെന്ന് കോക്‌സ് 2023ൽ പറഞ്ഞിരുന്നു. അന്ന് പ്രസിദ്ധീകരിച്ച ലേഖനം പിന്നീട് നീക്കം ചെയ്തിരുന്നു.

 

പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഗിള്‍ തങ്ങളുടെ പാര്‍ട്ട്‌നേഴ്‌സ് പ്രോഗ്രാം വെബ്‌സൈറ്റില്‍ നിന്ന് കോക്‌സ് മീഡിയാ ഗ്രൂപ്പിനെ നീക്കം ചെയ്തിട്ടുണ്ട്. പരസ്യങ്ങള്‍ പ്രചരിപ്പിക്കാൻ ഫോണിന്റെ മൈക്രോഫോണ്‍ തങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും വര്‍ഷങ്ങളായി ഇക്കാര്യം തുറന്നുപറയുന്നുണ്ടെന്നുമാണ് ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ പ്രതികരിച്ചത്. കരാർ വ്യവസ്ഥകള്‍ കോക്‌സ് മീഡിയാ ഗ്രൂപ്പ് ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും മെറ്റ പറഞ്ഞു.

 

പൂത്തുലഞ്ഞ് ഉത്തരാഖണ്ഡ് താഴ്വരകൾ, പോകാം ‘ വാലി ഓഫ് ഫ്ലവേഴ്‍സിലേക്ക്’

സെപ്റ്റംബർ സഞ്ചാരികളുടെ ഇഷ്ടമാസമാണ്. നീണ്ട അവധിക്കാലവും അനുയോജ്യമായ കാലാവസ്ഥയും എല്ലാം തന്നെയാണ് അതിന് പിന്നിലെ കാരണങ്ങൾ. അങ്ങനെയൊരു യാത്രക്കൊരുങ്ങുകയാണോ നിങ്ങൾ? എങ്കിൽ നേരെ ഉത്തരാഖണ്ഡിലേക്ക് വിട്ടോളൂ. എണ്ണിയാൽ തീരാത്തത്ര വ്യത്യസ്തതരത്തിലുള്ള പൂക്കൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര. ഹിമാലയൻ താഴ്വരകളിലൂടെ ശുദ്ധവായു ശ്വസിച്ച്, കാറ്റിനൊപ്പം സഞ്ചരിച്ച്, വർണ്ണശബളമായ പൂക്കൾക്കിടയിലൂടെ ഒരു യാത്ര എന്ന് പറയുമ്പോൾ അത്ര എളുപ്പമായി കരുതേണ്ട, ദൈർഘ്യമുള്ള ട്രെക്കിങ് ദിവസങ്ങളും കുത്തനെയുള്ള കയറ്റവുമൊക്കെ ഒരുപക്ഷേ ട്രക്കിങ് പ​‍രിചയമില്ലാത്തവരെ കുറച്ച് ബുദ്ധിമുട്ടിച്ചേക്കാം. എങ്കിലും നിങ്ങളെ കാത്തിരിക്കുന്ന കാഴ്ച്ചകൾ ആ ബുദ്ധിമുട്ടുകളെ ഒന്നുമല്ലാതാക്കിത്തീര്‍ക്കുമെന്നുറപ്പ്.

ബദരിനാഥിൽ നിന്ന് ഏകദേശം ഒ​രു മണിക്കൂർ യാത്ര ചെയ്താല്‍ വാലി ഓഫ് ഫ്ലവേഴ്സിലെത്താം. ​ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് പൂക്കളുടെ ഈ താഴ്വര. 1980-ൽ ഭാരത സർക്കാർ വാലി ഓഫ് ഫ്ലവേഴ്‌സ് നാഷണൽ പാർക്കായി പ്രഖ്യാപിച്ചു. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ട ഈ താഴ്വര പലരുടെയും ബക്കറ്റ്ലിസ്സ്റ്റിൽ ഇതിനോടകം തന്നെ ഇടം പിടി​ച്ചുകഴിഞ്ഞു. ഡെറാഡൂണിലേക്ക് റെയിൽ മാ‌ർ​ഗമോ വിമാനമാർ​ഗമോ എത്തിയാൽ പിന്നീട് അവിടെ നിന്ന് ജോഷിമഠിലേക്ക് ടാക്സി മാർ​ഗമോ ബസ്സ് മാ‌‌ർ​ഗമോ പോകാം.

ഇവിടെ നിന്ന് ഗോവിന്ദ്ഘട്ടിലേക്കെത്താൻ ഏകദേശം 1-2 മണിക്കൂർ വരെയെടുത്തേക്കാം. ട്രക്കിങ് ആരംഭിക്കുന്നത് അളകനന്ദ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗോവിന്ദ് ഘട്ട് എന്ന ചെറുപട്ടണത്തിൽ നിന്നാണ്. ഇവിടെ നിന്ന് ഏകദേശം 4 – 5 മണിക്കൂർ എടുത്തുവേണം ഗാംഗ്രിയയിൽ എത്താൻ. ഗാംഗ്രിയയിൽ എത്തിയതിന് ശേഷം വീണ്ടും ഏകദേശം 5 കിലോമീറ്റർ യാത്രയുണ്ട് വാലി ഓഫ് ഫ്ലവേഴ്‍സിലേക്ക്. രാവിലെ ഏഴുമണിക്ക് തുറന്നു കൊടുക്കുന്ന താഴ്വരയിൽ പ്രവേശനം ഉച്ചയ്ക്ക് 2.00 വരെയാണ് അനുവദിച്ചിരിക്കുന്നത്. 5 മണിയോടുകൂടി യാത്രികർ തിരിക്കെയെത്തണമെന്നും ഇവിടെ നിർബന്ധമുണ്ട്.

 

പഞ്ഞിക്കെട്ട് പോലെയുള്ള മേഘങ്ങൾക്കിടയിലേക്ക് തലയുയർത്തി നിൽക്കുന്ന മഞ്ഞുപർവ്വതത്തിന്റെയും, തണു തണുത്ത വെള്ളച്ചാട്ടത്തിന്റെയും ഇടയിൽ അനേകായിരം പൂക്കൾ പല നിറത്തിൽ പൂത്തു നിൽക്കുന്ന കാഴ്ച മനം മയക്കുമെന്നതിൽ സംശയമില്ല. പൂക്കൾ മാത്രമല്ല വൈവിധ്യമാർന്ന പൂമ്പാറ്റകളെയും ഇവിടെ കാണാൻ സാധിക്കും. ട്രക്കിങ്ങിന് ബുദ്ധിമുട്ടുള്ളവർക്ക് ഹെലികോപ്റ്ററില്‍ യാത്ര ചെയ്തോ കുതിര സവാരി നടത്തിയോ കാഴ്ചകൾ കാണാനുള്ള സൗകര്യവും ഇവിടെയുണ്ട്.

ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പമായ ബ്രഹ്മകമലം ഇവിടെ കാണാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. വളരെ അപൂർവ്വമായി കാണപ്പെടുന്ന ഈ പുഷ്പങ്ങൾക്ക് ഹിന്ദു പുരാണങ്ങളിൽ ഏറെ പ്രസക്തി ഉണ്ട്. വർണാഭമായ ഈ കാഴ്ചകൾക്കായി നിരവധി സഞ്ചാരികളാണ് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള അനുവദിനീയമായ സമയത്ത് ഇവിടെയെത്തുന്നത്. ജൂണിൽ പ്രവേശനം ആരംഭിക്കുമെങ്കിലും ജൂലൈയോടെ ആവും പൂക്കൾ കൂടുതൽ ഉണ്ടാവുക. ഓരോ മാസങ്ങളിലും ഇവിടെ വ്യത്യസ്ത കാഴ്ചകൾ ഉണ്ടാവും. ജൂലെെ മാസം ആരംഭിക്കുന്ന ഈ വസന്തകാലം സെപ്റ്റംബ​ർ അവസാനത്തോടെ തീരും.

പക്ഷിപ്പനി; ഡിസംബർ 31 വരെ കടുത്ത നിയന്ത്രണം, വൈറസ് വ്യാപനം തടയുക ലക്ഷ്യം

പക്ഷിപ്പനിബാധിത മേഖലകളിൽ ഡിസംബർ 31 വരെ കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിൽ തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ആലപ്പുഴ ജില്ലയിൽ മുഴുവനായി നിയന്ത്രണമുണ്ട്. വൈറസ് വ്യാപനം തടയുകയാണ് വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്. രോഗം ആവർത്തിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ നൽകിയ നിർദേശവും സംസ്ഥാനസമിതിയുടെ കണ്ടെത്തലും കണക്കിലെടുത്താണ് വിജ്ഞാപനമിറക്കിയത്.

നിയന്ത്രണമേഖലയിലേക്ക് പക്ഷികളെയും (കോഴി, താറാവ്, കാട) കുഞ്ഞുങ്ങളെയും കൊണ്ടുവരാനോ കൊണ്ടുപോകാനോ പാടില്ല. നിലവിൽ ഈ പ്രദേശങ്ങളിലെ ഹാച്ചറികളിലുള്ള മുട്ടകൾ ശാസ്ത്രീയമായി നശിപ്പിക്കണം. അതിന് മുട്ടയൊന്നിന് (കോഴി, താറാവ്) അഞ്ചുരൂപ നഷ്ടപരിഹാരം നൽകും. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹാച്ചറികളിൽ മുട്ട വിരിയിക്കാനും പാടില്ല. വിജ്ഞാപന തീയതിക്കുശേഷം മുട്ട വിരിയിക്കാൻ വെച്ചിട്ടുണ്ടെങ്കിൽ അവ നശിപ്പിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ അതിന് നഷ്ടപരിഹാരമുണ്ടാകില്ല. ഇപ്പോൾ പക്ഷികളില്ലാത്ത ഹാച്ചറികൾ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ അടച്ചിടണം. ഏപ്രിൽ പകുതിക്കുശേഷം 38 കേന്ദ്രങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. തുടർന്ന് കേന്ദ്രസംഘമെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. സംസ്ഥാന സർക്കാരും വിദഗ്ധസമിതിയെ നിയോഗിച്ച് റിപ്പോർട്ട് തേടിയിരുന്നു.

പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിതമേഖലയെന്നും 10 കിലോമീറ്റർ നിരീക്ഷണമേഖലയെന്നുമാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 പ്രഭവകേന്ദ്രങ്ങളുണ്ട്. ആലപ്പുഴ ജില്ല മൊത്തമായി ഇതിലുൾപ്പെടും. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകൾ, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, പള്ളിക്കൽ, തുമ്പമൺ പഞ്ചായത്തുകൾ, പന്തളം നഗരസഭ, അടൂർ താലൂക്ക്, ആറന്മുള, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകൾ, എറണാകുളം ജില്ലയിലെ ആമ്പല്ലൂർ, ഉദയംപേരൂർ, എടയ്ക്കാട്ടുവയൽ, ചെല്ലാനം പഞ്ചായത്തുകൾ എന്നിവ നിരീക്ഷണമേഖലകളാണ്.

 

അരിയടക്കം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ; വർധിച്ചത് രണ്ട് മുതൽ ആറ് രൂപ വരെ

അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കിയും ഉയർന്നിട്ടുണ്ട്. സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് വില വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

പുതിയ നിരക്ക് ബ്രാക്കറ്റിൽ

  • കുറുവ അരി (kg) – 30 ( 33)

  • തുവരപ്പരിപ്പ് (kg) – 111 (115)

  • മട്ട അരി (kg) – 30 ( 33)

  • പഞ്ചസാര (kg) – 27 (33)

വില കുറഞ്ഞത്

  • ചെറുപയർ (kg) – 92 (90)

നേരത്തെ സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാനുള്ള നീക്കം നടന്നിരുന്നുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇത് നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. പഞ്ചസാരയുടെ വില ആറ് രൂപ വർധിച്ചിട്ടുണ്ട്. ചെറുപയറിന് രണ്ട് രൂപ കുറച്ചു. സബ്സിഡി ഇനത്തിൽ പെട്ട നാല് അരികളിൽ ജയ അരിക്ക് മാത്രമാണ് നിലവിൽ വില വർധിച്ചിട്ടില്ലാത്തത്. അതേസമയം ഇ-ടെൻഡറിലുണ്ടായ വിലവർധനവാണ് അവശ്യസാധനങ്ങൾക്ക് വിലവർധിക്കാനുള്ള കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം

 

സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേക്കോട്ട ഇ കെ നായനാർ പാർക്കിൽ സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിലിൻറെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി ആദ്യവില്പന നടത്തും.

 
 

ഈ മാസം അഞ്ച് മുതൽ പതിനൊന്ന് വരെയാണ് ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. സെപ്റ്റംബർ ആറ് മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങളോടെ ജില്ലാ തല ഫെസ്റ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.

Verified by MonsterInsights