ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ശക്തി പ്രാപിച്ചേക്കും; സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഒരാഴ്ച മഴ സജീവമായി തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത ഏഴുദിവസം വ്യാപകമായി നേരിയ/ ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ എട്ടിന് ശക്തമായ മഴക്കും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ സെപ്റ്റംബർ 8-ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മധ്യ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങളും, വടക്കൻ ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ മധ്യ ബംഗാൾ ഉൾക്കടലിന്റെ മിക്ക ഭാഗങ്ങളും, അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മധ്യ അറബിക്കടലിന്റെയും, തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും, മധ്യ ബംഗാൾ ഉൾക്കടലിന്റെയും മിക്ക ഭാഗങ്ങളും, വടക്കൻ ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പി.ജി. പഠനവും മാറും, ഗവേഷണവും തൊഴിലും ഉള്ളടക്കമാവും.

നാലുവർഷബിരുദം നടപ്പാക്കിയതിനു പിന്നാലെ ബിരുദാനന്തര ബിരുദ (പി.ജി.) പാഠ്യപദ്ധതിയും പരിഷ്കരിക്കുന്നു. ഗവേഷണത്തിന് പ്രാധാന്യം നൽകിയുള്ള പി.ജി. കോഴ്‌സുകൾക്കാണ് മുൻഗണന. തൊഴിൽ-സംരംഭകത്വ പരിശീലനം നൽകുന്ന പി.ജി. പാഠ്യപദ്ധതിയും നടപ്പാക്കും.
ഇതിനായി ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തി. നാലുമാസത്തിനുള്ളിൽ ‘മാതൃകാപാഠ്യപദ്ധതി’ തയ്യാറാക്കി റിപ്പോർട്ടു നൽകാനാണ് നിർദേശം.
നിലവിൽ മൂന്നുവർഷ ബിരുദത്തിൽ പഠിക്കുന്നവരെ നാലുവർഷ ബിരുദത്തിലേക്കു മാറ്റാനുള്ള സാധ്യതയും തേടും. പുതിയ പി.ജി. കോഴ്‌സുകൾ അടുത്ത അധ്യയനവർഷത്തിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം.






 

കോഴ്‌സ് മാത്രമായുള്ള പി.ജി., കോഴ്‌സും ഗവേഷണവും ചേർന്നുള്ള പി.ജി., ഗവേഷണം മാത്രമുള്ള പി.ജി. എന്നിങ്ങനെ മൂന്നുതരമുണ്ടാകും. രണ്ടുവർഷത്തെ പി.ജി.ക്കുചേർന്നവർ ഒരുവർഷത്തിനുശേഷം വിടുതൽ നേടിയാൽ പി.ജി. ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് യു.ജി.സി. വ്യവസ്ഥ. ഇതു കേരളത്തിൽ നടപ്പാക്കുമോയെന്നു വ്യക്തമായിട്ടില്ല. നാലുവർഷ ബിരുദത്തിൽ ഓരോവർഷവും വിടുതൽ നൽകാമെന്ന യു.ജി.സി. വ്യവസ്ഥ പാലിച്ചിട്ടില്ല.




നാലുവർഷബിരുദത്തിൽ ഓണേഴ്‌സ് വിത്ത് റിസർച്ച് നേടിയവർക്ക് പൊതുപരീക്ഷയെഴുതി നേരിട്ടു പിഎച്ച്.ഡി.ക്ക് ചേരാമെന്നാണ് വ്യവസ്ഥ. സാധിക്കാത്തവർക്ക് ‘പി.ജി. വിത്ത്റിസർച്ച്’പഠിച്ചശേഷംഗവേഷണത്തിനുള്ളഅവസരമൊരുങ്ങും.
ക്രെഡിറ്റ് ഘടനയിൽ പി.ജി. കോഴ്‌സുകൾ നടപ്പാക്കണമെന്നാണ് യു.ജി.സി. മാനദണ്ഡം. ഓരോവർഷവും 40 ക്രെഡിറ്റ് വീതമുണ്ടാകും. മൂന്നുവർഷബിരുദം കഴിഞ്ഞവർക്ക് മൂന്നുവർഷബിരുദം കഴിഞ്ഞവർക്ക് ഇപ്പോഴുള്ളതുപോലെ രണ്ടുവർഷ പി.ജി.ക്ക് ചേരാം. നാലുവർഷത്തെ ഓണേഴ്‌സ് കഴിഞ്ഞവർക്ക് പി.ജി. ഒരുവർഷം പഠിച്ചാൽ മതി.


 

വിപണിയിലെത്തുന്ന ഐഫോൺ 16 വിലയിലും ‘ഗ്ലാമർതാരം’

ഐഫോണിന്റെ ഓരോ ലോഞ്ചും ആളുകൾ ഏറെ ആകാംഷയോടെയാണ് ഏറ്റെടുക്കാറുള്ളത്. പ്രീ ബുക്കിങ് തുടങ്ങുമ്പോഴേക്കും ഒരുപാട് പേർ ബുക്ക് ചെയ്തിരിക്കും. നീണ്ട വരിയാകും ആദ്യ ദിവസങ്ങളിൽത്തന്നെ ഐഫോൺ വാങ്ങാനായി ഉണ്ടാകുക. ഇത്തരത്തിൽ പുതിയ മോഡലായ ഐഫോൺ 16ന് വേണ്ടിയും വലിയ കാത്തിരിപ്പിലാണ് ഐഫോൺ പ്രേമികൾ.

പുതിയ ഐഫോൺ മോഡൽ സെപ്റ്റംബർ 9നാണ് പുറത്തിറങ്ങുക. അവയുടെ വിലവിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഐഫോൺ 16 മോഡലിന് അമേരിക്കയിൽ ഏകദേശം $799 അതായത് 67,100 രൂപയാകും വില. ഐഫോൺ 16 പ്ലസിന് $899, ഏകദേശം 75,500 രൂപയായിരിക്കും വില. ഐഫോൺ പ്രോയിന് $1,099 ( 92,300 രൂപ ) പ്രോ മാക്സിന് $1,199 ( ഏകദേശം 1,00,700) എന്നിങ്ങനെയാണ് വിലയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

അമേരിക്കയിൽ ഈ വിലയ്ക്ക് കിട്ടുമെങ്കിലും ഇന്ത്യയിലെത്തിമ്പോൾ ഇറക്കുമതി തീരുവ, നികുതി തുടങ്ങിയ നിരവധി കാരണങ്ങളാൽ വില പിന്നെയും കൂടും. ഐഫോൺ 15 പ്രൊ അടക്കമുള്ള വലിയ മോഡലുകൾപോലും 1,35,000 രൂപയ്ക്കായാണ് ഇന്ത്യയിൽ വിറ്റുപോയെന്നിരിക്കെ, 16 മോഡലുകളുടെ വില എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

എന്നാൽ ഐഫോൺ 16,16 പ്ലസ് മോഡലുകൾക്ക് ഐഫോൺ 15നേക്കാൾ കാര്യമായ വിലവ്യത്യാസമുണ്ടാകില്ല എന്നും റിപ്പോർട്ടുകളുണ്ട്. ഫോണിന്റെ ഫീച്ചറുകളിൽ കാര്യമായ മാറ്റങ്ങൾ ഇല്ല എന്നതാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണം. എന്നാൽ 16 പ്രോ, പ്രോ മാക്സ് ഫോണുകൾക്ക് വില കൂടും. ക്യാമറ, ബാറ്ററി, ചിപ്പ് ഡിസൈൻ, ഡിസ്പ്ലേ തുടങ്ങിയ നിരവധി ഫീച്ചറുകളിൽ മാറ്റമുള്ളതിനാലാണിത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിന് വൻമുന്നേറ്റം; പാകിസ്താന് തിരിച്ചടി

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ബം​ഗ്ലാദേശിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളില്‍ വൻമുന്നേറ്റം. ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ ആറ് മത്സരങ്ങളിൽ മൂന്ന് വിജയവും മൂന്ന് പരാജയവുമുള്ള ബംഗ്ലാദേശ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ എട്ട് വിജയവും ആറ് തോൽവിയും ഒരു സമനിലയമുള്ള ഇം​ഗ്ലണ്ടായിരുന്നു മുമ്പ് നാലാം സ്ഥാനത്തുണ്ടായിരുന്നത്. പുതിയ പട്ടികയിൽ ഇം​ഗ്ലണ്ടിന്റെ സ്ഥാനം അഞ്ചാമതായി.

ഒമ്പത് മത്സരങ്ങളിൽ ആറ് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമുള്ള ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. പട്ടികയില്‍ ഓസ്ട്രേലിയ രണ്ടാമതും ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തുമുണ്ട്.

അതിനിടെ ബം​ഗ്ലാദേശിനോട് സ്വന്തം മണ്ണിൽ പരാജയപ്പെട്ട പാകിസ്താന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഏഴ് ടെസ്റ്റില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമുള്ള പാകിസ്താൻ എട്ടാമതാണ്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഇനി ടീമുകൾക്ക് കടുത്ത മത്സരം തന്നെ പുറത്തെടുക്കേണ്ടി വരും. 2025 ജൂണിലായിരിക്കും ഫെെനല്‍. 2021ൽ ന്യൂസിലാൻഡും 2023ൽ ഓസ്ട്രേലിയയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ചു. രണ്ട് തവണയും ഇന്ത്യ ഫൈനൽ കളിച്ചു. എന്നാൽ ഇത്തവണ കിരീടം സ്വന്തമാക്കാൻ ഉറച്ചാണ് ഇന്ത്യൻ സംഘത്തിന്റെ പോരാട്ടം.

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28 ന് നടത്തും

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28 ന് നടത്തും. തീരുമാനമായതായി ബോട്ട് റേസ് സൊസൈറ്റി യോഗത്തില്‍ മന്ത്രി അറിയിച്ചു. സെപതംബര്‍ 28ന് ഉച്ചയ്ക്ക് രണ്ട് മണിക്കാവും വള്ളംകളി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതേസമയം നെഹ്‌റു ട്രോഫി നടത്തിപ്പിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഒരു കോടി രൂപ അപര്യാപ്തമാണെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കേന്ദ്ര സഹായം കൂടി ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു.

 

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച വള്ളംകളി അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ വള്ളംകളി പ്രേമികളുടേത് അടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. വള്ളംകളിക്കായി നടത്തിയ തയ്യാറെടുപ്പുകളും പണച്ചെലവും മറ്റും ചൂണ്ടികാട്ടി കോര്‍ഡിനേഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നെഹ്‌റു ട്രോഫി വള്ളംകളി നടത്താന്‍ തീരുമാനമായത്. റിപ്പോര്‍ട്ടറിലൂടെയാണ് നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഒരുകോടി രൂപ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നെഹ്‌റു ട്രോഫി വള്ളംകളിക്കൊപ്പമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് റിപ്പോര്‍ട്ടറിലൂടെ വ്യക്തമാക്കുകയായിരുന്നു.

സൗജന്യ ഏകദിന ഓണ്‍ലൈന്‍ കോഴ്‌സുമായി ഐ.എസ്.ആര്‍.ഒ.

ഒരുദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുമായി ഐ.എസ്.ആര്‍.ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍). ഹിമാലയന്‍ കൈറോസ്‌പെറിക് ഹസാര്‍ഡ്‌സിലാണ് കോഴ്‌സ്.ഹിമാലയത്തിലെ ഹിമാനികളില്‍ കാലാവസ്ഥാ മാറ്റം വരുത്തുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള പഠനം കൂടിയാണ് ഈ ഏകദിനകോഴ്സ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.




നാല് സെഷനുകളിലായാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.
1) ഓവര്‍വ്യൂ ഓഫ് ജിയോളജിക്കല്‍ ഹസാര്‍ഡ്‌സ് (11:00-11:30).

2) എലമെന്റ്‌സ് ആന്‍ഡ് ഡൈനാമിക്‌സ് ഓഫ് ദ കൈറോസ്പിയര്‍ ഫ്രം എ ക്ലൈമറ്റ് ചേഞ്ച് പെര്‍സ്‌പെക്ടീവ് (11:35-12:20) .

3) ഹൈ മൗണ്ടെയ്ന്‍ ഹസാര്‍ഡ്‌സ് ഇന്‍ ദ ഹിമാലയാസ്, ഫോക്കസിങ് ഓണ്‍ ഡെബ്രിസ് ഫ്‌ളോ (14:15-15:00) .
4) റിമോട്ട് സെന്‍സിങ് അപ്ലിക്കേഷന്‍സ് ഫോര്‍ കൈറോസ്‌പെറിക് ഹസാര്‍ഡ്‌സ് (15:05-15:50) .

70 ശതമാനം അറ്റന്‍ഡന്‍സ് ഉണ്ടായാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഹിമാനികളും മഞ്ഞുരുകലും അതുമായി ബന്ധപ്പെട്ട പഠനങ്ങളും ആണ് കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


പൊക്കമുള്ളവര്‍ക്ക് കാൻസര്‍ വരാനുള്ള സാധ്യത കൂടുതലോ? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ഉയരമുള്ളവര്‍ക്ക് ഉയരമില്ലാത്തവരെക്കാൾ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ട് റിപ്പോര്‍ട്ട്. പരിശോധനയില്‍ 17 കാന്‍സറുകളില്‍ 15 എണ്ണവും പൊക്കമുള്ളവരില്‍ വളരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഓരോ 10 സെന്റിമീറ്റര്‍ ഉയരവും കാന്‍സര്‍ വരാനുള്ള സാധ്യത 16 ശതമാനം വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയെന്നും പഠനത്തില്‍ പറയുന്നു. പൊക്കമുള്ളവരില്‍ പാന്‍ക്രിയാസ്, വന്‍കുടല്‍, ഗര്‍ഭപാത്രം, അണ്ഡാശയം, പ്രോസ്റ്റേറ്റ്, വൃക്ക, ചര്‍മം, സ്തനം എന്നീ അവയവങ്ങളിൽ അര്‍ബുദ സാധ്യതയുള്ളതിന്റെ ശക്തമായ തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഉയരവും കാന്‍സറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പൂര്‍ണമായും വ്യക്തമല്ലെങ്കിലും ചില സിദ്ധാന്തങ്ങള്‍ ഗവേഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ഒരു കോശം വിഭജിച്ച് പുതിയ കോശങ്ങള്‍ രൂപപ്പെടുമ്പോള്‍ സംഭവിക്കാവുന്ന ജനിതക നാശത്തിന്റെ ക്രമാനുഗതമായ രൂപീകരണം മൂലമാണ് കാന്‍സര്‍ വികസിക്കുന്നതെന്നാണ് ഗവേഷകരുടെ ഒരു നിരീക്ഷണം. മറ്റൊന്ന്, ഉയരം കൂടുമ്പോൾ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള ഒരു പൊതു ഘടകം, ഇന്‍സുലിന് സമാനമായ വളര്‍ച്ച ഹോര്‍മോണായ ഐജിഎഫ്-1 ആണ്. ഇത് കുട്ടിക്കാലത്തെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുകയും മുതിര്‍ന്നവരില്‍ കോശ വളര്‍ച്ചയും വിഭജനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേടായതോ പ്രായമായതോ ആയവയ്ക്ക് പകരം പുതിയ കോശങ്ങള്‍ ശരീരം നിരന്തരം ഉത്പാദിപ്പിക്കേണ്ടതിനാല്‍ ഈ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്.

എന്നാല്‍ ശരീരത്തില്‍ ഐജിഎഫ്-1 ന്റെ അമിതമായ അളവു ദോഷകരമാണ്. ശരാശരി ഐജിഎഫ്-1 അളവില്‍ കൂടുതലുള്ള ആളുകള്‍ക്ക് സ്തനാര്‍ബുദം അല്ലെങ്കില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങള്‍ ( കൂടുതല്‍ കോശങ്ങളും ഉയര്‍ന്ന ഐജിഎഫ്-1 അളവും) ഉയരമുള്ളവരില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു എന്നാണ് ഗവേഷകരുടെ വാദം.

 
 

പേരയ്ക്ക മാത്രമല്ല, ഇലയും അത്ര നിസ്സാരക്കാരനല്ല; പേരയിലയുടെ ഗുണങ്ങൾ അറിഞ്ഞിരിക്കാം

വളരെ നിസാരമെന്ന് വിചാരിക്കുന്ന പല സാധനങ്ങൾക്കും നമ്മൾ അറിയാത്ത ഗുണങ്ങൾ ഉണ്ടാകും. അതുപോലെ നിസാരമായി നമ്മൾ കരുതിയിരുന്നവയിൽ ഒന്നാണ് പേരയില. പേരയ്ക്കയെ ഏറെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ പോലും പേരയിലയുടെ ഗുണങ്ങളെക്കുറിച്ച് വലിയ ധാരണയുണ്ടാവില്ല. ധാരാള പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് പേരയില. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന ഒന്നാണ് പേരയില ഇട്ട് തിളപ്പിച്ച വെള്ളം.

ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

പേരയിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങൾ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിന് പേരയിലയിലെ ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ സഹായിക്കുന്നു.

പേരയില ഇട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് ഗുണകരമാണ്. അതുപോലെതന്നെ ഹൃദയ സംബന്ധമായ രോഗ സാധ്യതകളെ മാറ്റി നിർത്താനും പേരയിലയുടെ ഗുണങ്ങൾ സഹായിക്കുന്നു

 

ഇനി മലയാളത്തിൽ പഠിച്ചും ഡോക്ടറാകാം; പ്രാദേശിക ഭാഷകളിൽ എംബിബിഎസ്‌ പഠിക്കാനുള്ള അംഗീകാരം നൽകി കേന്ദ്രം

ഇനി മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കൽ കമ്മീഷനാണ് പുതിയ അധ്യയന വർഷം മുതൽ ഇതിനുള്ള അംഗീകാരം നൽകിയത്. ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പഠിക്കാനാകും

നേരത്തെ തന്നെ പ്രാദേശിക ഭാഷകളിലും എം ബി ബി എസ് പഠനം വേണമെന്ന ആവശ്യം ഉയർന്നിരുന്നു.. എന്നാൽ ഇതിനെതിരെ വിമർശനം ശക്തമാണ്. അതിനിടെ ആണ് മെഡിക്കൽ കമ്മീഷന്റെ പുതിയ ഉത്തരവ്. പ്രാദേശിക ഭാഷകളില്‍ എംബിബിഎസ് പഠനം ലഭ്യമാക്കുന്നതു വിദ്യാര്‍ഥികള്‍ക്കു നേട്ടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നയംമാറ്റമെന്നാണ് വിശദീകരണം. ഇംഗ്ലിഷില്‍ മാത്രമേ എംബിബിഎസ് പഠനം നടത്താവൂ എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നയം.

ഇനിമുതല്‍ ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പഠിക്കാനാകും. ഹിന്ദിയിലുള്ള കോഴ്‌സ് മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ പ്രവര്‍ത്തന മികവ് ് മെച്ചപ്പെട്ടുത്തുന്നതിന്റെ ഭാഗമായി അറ്റ്‌കോം എന്ന പുതിയ കോഴ്‌സും ഈ വര്‍ഷം മുതല്‍ എംബിബിഎസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും എന്‍എംസി തീരുമാനിച്ചിട്ടുണ്ട്.

രണ്ടുവയസ്സിൽത്താഴെയുള്ള കുഞ്ഞുങ്ങൾക്ക് വേണ്ട ടി.വിയും ഫോണും; രക്ഷിതാക്കൾക്ക് സ്വീഡന്റെ കർശന നിർദേശം.

ടെലിവിഷനിൽ കാർട്ടൂൺ ചാനലോ സ്മാർട്ട്ഫോണിൽ വീഡിയോകളോ കാണിച്ചാൽമാത്രമേ പലകുഞ്ഞുങ്ങളും ഭക്ഷണംപോലും കഴിക്കൂ എന്നാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാൽ, സ്വീഡനിൽ അതിന് മാറ്റംവരും. രണ്ടുവയസ്സിൽത്താഴെയുള്ള കുഞ്ഞുങ്ങളെ ഒരുകാരണവശാലും ടെലിവിഷനോ ഡിജിറ്റൽ മീഡിയയോ കാണിക്കരുതെന്ന കർശന നിർദേശം അച്ഛനമ്മമാർക്ക് നൽകിയിരിക്കുകയാണ് സ്വീഡിഷ് സർക്കാർ.രണ്ടിനും അഞ്ചിനുമിടയിൽ പ്രായമുള്ള കുഞ്ഞുങ്ങളെ ദിവസം പരമാവധി ഒരുമണിക്കൂർവരെ സ്ക്രീനിൽനോക്കാൻ അനുവദിക്കാമെന്ന് സ്വീഡിഷ് ആരോഗ്യവകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ആറുമുതൽ 12 വയസ്സുവരെ ഉള്ളവർക്ക് അത് ഒന്നുമുതൽ രണ്ടുമണിക്കൂർവരെയാണ്. 13-18 വരെയുള്ള കൗമാരക്കാർക്ക് 2-3 മണിക്കൂർ സ്ക്രീൻ സമയമാണ് അനുവദിച്ചിട്ടുള്ളത്.







സ്കൂൾസമയത്തിനുപുറമേ സ്വീഡനിലെ കൗമാരക്കാർ ശരാശരി ആറുമണിക്കൂർവരെ ഒരുദിവസം സ്ക്രീനിനുമുന്നിൽ സമയം ചെലവിടുന്നുണ്ടെന്ന്‌ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ജേക്കബ് ഫോസ്‌മെഡ് പറഞ്ഞു. കുഞ്ഞുങ്ങൾ കായികപ്രവൃത്തികളിലേർപ്പെടുന്നില്ല. അവരുടെ സാമൂഹിക ഇടപെടലും നന്നേ കുറഞ്ഞു. സ്വീഡനിലെ കൗമാരക്കാരരിൽ പാതിയും ഉറക്കപ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് പഠനം. അമിത മൊബൈൽ ഫോണുപയോഗം കുട്ടികളിൽ ശാരീരികപ്രശ്നങ്ങൾക്കൊപ്പം വിഷാദമടക്കമുള്ള മാനസികപ്രയാസങ്ങളുമുണ്ടാക്കുന്നെന്നും മന്ത്രാലയം പറഞ്ഞു.





കുഞ്ഞുപ്രായത്തിൽ തന്നെ മൊബൈൽ ഫോണിന് ആകൃഷ്ടരാകുന്ന കുട്ടികളിൽ പിൽക്കാലത്ത് മാനസിക പ്രശ്നങ്ങൾ കണ്ടെത്തുന്നുണ്ടെന്ന് അടുത്തിടെ അമേരിക്ക ആസ്ഥാനമായുള്ള സാപിയൻ ലാബ്സിന്റെ നടത്തിയ പഠനത്തിലും വ്യക്തമാക്കിയിരുന്നു. പത്തുവയസ്സിന് മുമ്പേ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്ന പെൺകുട്ടികളിൽ പ്രായപൂർത്തിയാകുമ്പോൾ മാനസിക പ്രശ്നം അനുഭവിക്കുന്നവർ 60-70% ആണെന്നാണ് പ്രസ്തുത പഠനം പറയുന്നത്. ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന ആൺകുട്ടികളിൽ 45-50% സമാന പ്രശ്നങ്ങൾ അനുഭവിക്കുണ്ട്. അതിനാൽ കുട്ടികളെ ഒരിടത്ത് അടക്കിയിരുത്താൻ മൊബൈൽ ഫോൺ നൽകിപ്പോരുന്ന ശീലം മാതാപിതാക്കൾ നിർത്തണമെന്നാണ് പഠനത്തിൽ പറയുന്നത്.
മൊബൈല്‍ ഫോണുകളില്‍ ഏറെസമയം ചെലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്നമുണ്ടാകാമെന്ന് മറ്റൊരു പഠനത്തിലും പുറത്തുവന്നിരുന്നു. ഒരു ദിവസം മൂന്നുമണിക്കൂറില്‍ കൂടുതല്‍ മൊബൈലില്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ പുറംവേദന പോലുള്ള പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് പഠനത്തികണ്ടെത്തിയത്. സയന്റിഫിക് ജേര്‍ണലായ ഹെല്‍ത്ത്കെയറിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്.






 

Verified by MonsterInsights