പച്ചക്കറികള്‍ വേവിക്കാതെ കഴിക്കാറുണ്ടോ? അങ്ങനെ ചെയ്താല്‍ ‘പണി തരുന്നവ’യുമുണ്ട്!

പച്ചക്കറികള്‍ വേവിച്ച് കഴിയ്ക്കാനും വേവിക്കാതെ കഴിയ്ക്കാനും ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് കൂടുതല്‍ ഗുണപ്രദം എന്നറിയണ്ടേ. സംശയമില്ല വേവിക്കാതെ കഴിയ്ക്കുന്ന പച്ചക്കറികള്‍ക്ക് തന്നെയാണ് ഗുണം കൂടുതല്‍. അസംസ്‌കൃത പച്ചക്കറികള്‍ അല്ലെങ്കില്‍ വേവിക്കാത്ത പച്ചക്കറികള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണപ്രദമാണെന്ന് പണ്ടുകാലംമുതലേ പറഞ്ഞുവരുന്ന കാര്യമാണ്.

വേവിക്കാത്ത പച്ചക്കറികള്‍ എങ്ങനെ ഗുണപ്രദമാകുന്നു
  • വേവിച്ച പച്ചക്കറികളെ അപേക്ഷിച്ച് വേവിക്കാത്ത പച്ചക്കറികളില്‍ കൂടുതല്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ചൂടാക്കുമ്പോള്‍ വിറ്റാമിന്‍ സി പോലെയുളള പോഷകങ്ങള്‍ നഷ്ടപ്പെടും.
  • വേവിക്കാത്ത പച്ചക്കറികളില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ടാവും.
  • ഇവ ആന്റി ഓക്‌സിഡന്റുകളുടെ കലവറയായതുകൊണ്ടുതന്നെ രോഗങ്ങള്‍ വരാതെയിരിക്കാന്‍ സഹായിക്കുന്നു
  • പച്ചക്കറികള്‍ പാചകം ചെയ്യുമ്പോള്‍ അവയിലെ പ്രകൃതിദത്ത എന്‍സൈമുകള്‍ നശിക്കാനിടയാകുന്നു. പ്രകൃതിദത്ത എന്‍സൈമുകള്‍ ദഹനത്തെ സഹായിക്കുന്നവയാണ്.
  • വേവിക്കാത്ത പച്ചക്കറികളില്‍ കലോറി കൂടുതലാണ്.
  • ഇവയിലടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധം തടയുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേവിക്കാത്ത പച്ചക്കറികള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നു പറയുന്നതുപോലെതന്നെ പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. പച്ചക്കറികളിലെ ബാക്ടീരിയകളെക്കുറിച്ചും കീടനാശിനികളെക്കുറിച്ചുമൊക്കെയുള്ള പേടികൊണ്ടാണ് പലരും പച്ചയ്ക്ക് കഴിയ്ക്കുന്നതിനോട് വിയോജിപ്പ് കാണിക്കുന്നത്. ചില ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ വേവിക്കാത്ത പച്ചക്കറികള്‍ ആരോഗ്യത്തിന് ഹാനികരമാകും. ഇകോളി , സാല്‍മൊണെല്ല തുടങ്ങിയ രോഗകാരികളുണ്ടാക്കുന്ന അപകടങ്ങള്‍ പോലെതന്നെ കൃഷിയിടങ്ങളില്‍ തളിയ്ക്കുന്ന കീടനാശിനികള്‍ ക്യാന്‍സര്‍ പോലുളള അവസ്ഥകളിലേക്ക് നയിച്ചേക്കാം.

വേവിക്കാതെ കഴിയ്ക്കരുതാത്ത പച്ചക്കറികള്‍

പച്ചക്കറികള്‍ പച്ചയ്ക്ക് കഴിയ്‌ക്കേണ്ടതിന്റെ ഗുണങ്ങള്‍ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ചില പച്ചക്കറികള്‍ ഒരിയ്ക്കലും വേവിക്കാതെ കഴിയ്ക്കരുത് . അവ ഏതൊക്കെയാണെന്ന് നോക്കാം.

വഴുതനങ്ങ, ചുരയ്ക്ക അതുപോലെ ഉരുളക്കിഴങ്ങ് പോലെയുള്ളവ ഒന്നും വേവിക്കാതെ കഴിയ്ക്കരുത്. വഴുതനങ്ങയിലും ഉരുളക്കിഴങ്ങിലും അടങ്ങിയിരിക്കുന്ന സോളനൈന്‍ എന്ന രാസവസ്തു തലവേദന, ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും. ചുരയ്ക്ക പാകംചെയ്യാതെ കഴിച്ചാല്‍ പലതരം ഉദരരോഗങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അമിതമായാല്‍ വെള്ളവും…..! ധാരാളമായി വെള്ളം കുടിക്കുന്നവരാണോ, സൂക്ഷിക്കണം

നിങ്ങളുടെ തിളക്കമുള്ള ചര്‍മ്മത്തിന്റെ രഹസ്യം എന്താണെന്ന് ചോദിക്കേണ്ട താമസം സെലിബ്രിറ്റികളടക്കം എല്ലാവരും പറയും നന്നായി വെള്ളംകുടിക്കുന്നതുകൊണ്ടാണെന്ന്, അല്ലേ. ഡോക്ടര്‍മാരും മാതാപിതാക്കളുമെല്ലാം കുട്ടികളെയും വെളളം കുടിക്കാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. വെള്ളംകുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ വെളളം കുടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. മദ്യലഹരി എന്നൊക്കെ പറയുന്നതുപോലെ ‘ജലലഹരി’ യും ഉണ്ട്.

എന്താണ് ജല ലഹരി

ഒരാള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അമിതമായ അളവില്‍ വെളളം കുടിക്കുന്നതിനെയാണ് ‘ഹൈപ്പോനാട്രീമിയ’ അല്ലെങ്കില്‍ ജല ലഹരി എന്നുപറയുന്നത്. ഇങ്ങനെ അമിതമായി വെള്ളം കുടിക്കുമ്പോള്‍ രക്തത്തിലെ സോഡിയത്തിന്റെ സാന്ദ്രത നേര്‍ത്തുവരും. സോഡിയമാണ് കോശങ്ങളുടെ പുറമേനിന്നും ഉള്ളില്‍നിന്നുമുള്ള സാന്ദ്രത നിയന്ത്രിക്കുന്നത്. വൃക്കകള്‍ക്ക് അധികമായി ശരീരത്തിലെത്തുന്ന ജലം പുറംതളളാന്‍ കഴിയാതെ വരുമ്പോള്‍ അത് കോശങ്ങളിലേക്ക് ചെന്ന് കോശങ്ങള്‍ വീര്‍ത്തുവരികയാണ് ചെയ്യുന്നത്. മണിക്കൂറില്‍ 0.8 മുതല്‍ 1 ലിറ്റര്‍ വരെ മാത്രം വെള്ളമേ വൃക്കകള്‍ക്ക് വെള്ളം പുറംതള്ളാന്‍ കഴിയൂ.

വെള്ളത്തിന്റെ അളവ് കൂടിയാല്‍ സംഭവിക്കുന്ന അപകടം

കോശങ്ങളിലേക്ക് വെള്ളം അമിതമായി ചെല്ലുമ്പോള്‍ ഉണ്ടാകുന്ന സെല്ലുലാര്‍ വീക്കം തലച്ചോറിലെയും മറ്റ് പല പ്രധാന അവയവങ്ങളിലെയും കോശങ്ങളെ ബാധിക്കും. തലയോട്ടിയിലെ സമ്മര്‍ദ്ദം വര്‍ദ്ധിച്ച് സെറിബ്രല്‍ എഡിമ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇതുമൂലം തലവേദന, ആശയക്കുഴപ്പം, അപസ്മാരം, കോമ തുടങ്ങി മരണം വരെയുള്ള അവസ്ഥയിലേക്ക് നയിച്ചേക്കാം.

ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കുക

ഓക്കാനം ,ഛര്‍ദ്ദി, തലവേദന, ആശയക്കുഴപ്പം, ക്ഷീണം, പേശിവേദന, മലബന്ധം. കാര്യങ്ങള്‍ ഏറ്റവും മോശമായ അവസ്ഥയില്‍ എത്തുമ്പോള്‍ കോമയിലേക്ക് പോകാനുള്ള സാധ്യത കൂചുതലാണ്.

ഒരു ദിവസം എത്ര അളവില്‍ വെളളം കുടിക്കണം

കാലാവസ്ഥയും ശാരീരിക ആരോഗ്യവും അനുസരിച്ചാണ് വെള്ളം കുടിക്കേണ്ടതെങ്കിലും വെള്ളം കുടിക്കേണ്ട അളവ് സാധാരണ ഗതിയില്‍ എങ്ങനെയാണെന്ന് നോക്കാം

പുരുഷന്മാര്‍- 3.7 ലിറ്റര്‍(125 ഔണ്‍സ്)വെള്ളം മറ്റ് പാനിയങ്ങള്‍ ഭക്ഷണത്തിലെ ജലം എന്നിവയുള്‍പ്പെടെ
സ്ത്രീകള്‍ -2.7ലിറ്റര്‍(91 ഔണ്‍സ്)

കണക്കുകള്‍ ഇങ്ങനെയാണെങ്കിലും കൂടുതല്‍ ശാരീരിക അധ്വാനമുളള ജോലി ചെയ്യുന്നവരും ചൂടുള്ള കാലാവസ്ഥ ഉള്ളപ്പോഴും ദ്രാവകനഷ്ടം നികത്താന്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടതുണ്ട്.

മയൊണൈസ് അപകടകാരിയാകുന്നത് എങ്ങനെ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

തെലങ്കാനയില്‍ മയൊണൈസ് കഴിച്ച ഒരു സ്ത്രീ മരിക്കുകയും 15 പേര്‍ക്ക് ഭഷ്യവിഷബാധയുണ്ടാവുകയും ചെയ്തതും തുടര്‍ന്ന് തെലങ്കാനയില്‍ ഒരു വര്‍ഷത്തേക്ക് മയൊണൈസ് നിരോധിച്ച വാര്‍ത്തയും എല്ലാവരും അറിഞ്ഞുകഴിഞ്ഞു. മയൊണൈസ് എങ്ങനെയാണ് അപകടകാരിയാകുന്നത്? ഇതിന്റെ ദോഷവശങ്ങള്‍ എന്തോക്കെയാണ്

സാന്‍വിച്ചും മോമോസും ഷവര്‍മയും ഒക്കെ കഴിയ്ക്കുമ്പോള്‍ കൂടെ മയൊണൈസും എല്ലാവര്‍ക്കും നിര്‍ബന്ധമാണല്ലേ. ഹോട്ടലുകാര്‍ തന്നില്ലെങ്കിലും ചോദിച്ചുവാങ്ങി കഴിയ്ക്കാനും ആര്‍ക്കും ഒരു മടിയും ഇല്ല. മയൊണൈസുമായി ബന്ധപ്പെട്ട ഭഷ്യ വിഷബാധയെക്കുറിച്ച് എത്ര വാര്‍ത്തകള്‍ അറിഞ്ഞാലും വീണ്ടും ഇതിനോടുള്ള ആഗ്രഹം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. മുട്ടയും എണ്ണയും ഒക്കെ ചേര്‍ത്തുണ്ടാക്കുന്ന മയൊണൈസ് വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

മയൊണൈസ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

സ്വാദിഷ്ടമാണെങ്കിലും മയൊണൈസ് വലിയ അപകടകാരിയാണ്. ഉയര്‍ന്ന കലോറി അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ഇത് വലിയ പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത്.

  • മയൊണൈസ് ഉണ്ടാക്കാന്‍ ധാരാളം എണ്ണ ഉപയോഗിക്കുന്നതുകൊണ്ട് അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു
  • മയൊണൈസില്‍ അമിതമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇതിലെ അമിതമായ പൂരിത കൊഴുപ്പ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
  • ചിലര്‍ക്ക് മുട്ടയോടോ അതിലടങ്ങിയിരിക്കുന്ന എന്തെങ്കിലും ഘടകങ്ങളോടോ അലര്‍ജിയുണ്ടാവും.
  • മയൊണൈസ് വേവിക്കാതെ പച്ചമുട്ടകൊണ്ട് തയ്യാറാക്കുന്ന വിഭവമായതുകൊണ്ട് ഇത് ശരിയായി തയ്യാറാക്കുകയോ കൃത്യമായി സൂക്ഷിക്കുകയോ ചെയ്തില്ലെങ്കില്‍ സാല്‍മൊണൈല്ലാ ബാക്ടീരിയയുണ്ടാക്കുന്ന അണുബാധയിലേക്ക് നയിക്കും.
  • പായ്ക്കറ്റില്‍ ലഭിക്കുന്ന മയൊണൈസില്‍ ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു. കൂടാതെ ഇതില്‍ പ്രിസര്‍വേറ്റീവുകളും അഡിക്റ്റീവുകളും അടങ്ങിയിട്ടുണ്ട്.
  • ഉയര്‍ന്ന അളവില്‍ മയൊണൈസ് കഴിച്ചാല്‍ വയറിളക്കമോ ദഹന സംബന്ധമായ അസുഖങ്ങളോ ഉണ്ടാകാനിടയാക്കും

ജനം സഹകരിച്ചില്ല; ദീപാവലിക്ക് ശേഷം ആകാശം ‘വിഷ’മയം, ഡൽഹിയിൽ സ്ഥിതി അതീവഗുരുതരം

ഡൽഹിയിലെ ജനങ്ങൾ നിയന്ത്രണമില്ലാതെ ദീപാവലി ആഘോഷിച്ചതോടെ ആകാശം ആകെ ‘വിഷപ്പുക’മയം. രാജ്യതലസ്ഥാനത്തിന്റെ പല ഭാഗത്തും വായു ഗുണനിലവാരം തീരെ മോശം അഥവാ അതീവ ഗുരുതരം എന്ന നിലയിലെത്തി.ദീപാവലി രാത്രിക്ക് ശേഷമുള്ള കണക്കുകൾ പ്രകാരം വായുഗുണനിലവാരം തീരെ മോശം വിഭാഗത്തിലാണ്. ലജ്പത് നഗർ, സാകേത്, രോഹിണി, ദ്വാരക, പഞ്ചാബി ബാഗ്, ബുരാരി തുടങ്ങിയ നഗരത്തിന്റെ പല പ്രദേശങ്ങളിലും ഇന്നലെ രാത്രി വൈകിയും ജനങ്ങൾ പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു.

ഇന്നലെ അർദ്ധരാത്രിയോടെ തന്നെ നഗരത്തിന്റെ പല പ്രദേശങ്ങളിലും വായു തീരെ മോശം അവസ്ഥയിലായിരുന്നു. പുലർച്ചെ ഒരു മണിയോടെ തന്നെ നഗരമാകെ വിഷപ്പുക നിറഞ്ഞുവെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചത്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തന്നെ ജനങ്ങൾ പടക്കങ്ങള്‍ പൊട്ടിച്ചുതുടങ്ങിയതിനാൽ, അന്തരീക്ഷ മലിനീകരണം രൂക്ഷമായിരുന്നു.

കേരളപ്പിറവിയിൽ വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ്; ‘വിവിയാന’ ഇന്നെത്തും

കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞം തീരം തൊടുന്നത് കൂറ്റൻ മദർഷിപ്പ്. എം എസ് സിയുടെ ‘വിവിയാന’ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400 മീറ്ററാണ് നീളവും 58 മീറ്റർ വീതിയുമാണ് വിവിയാനയ്ക്കുള്ളത്. ഉച്ചയോടെ ബെർത്തിലടുപ്പിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്തെത്തും.

ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിം​ഗ് കമ്പനിയുടെ (എം എസ് സി) മദർഷിപ്പ് ആയിരുന്നു വിഴിഞ്ഞത്ത് ആദ്യമെത്തിയത്. ‘ഡെയ്ലാ’ കപ്പലാണ് തുറമുഖ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി എത്തിയത്. കപ്പലിന് 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുണ്ട്. വാഹകശേഷി 13988 ആയിരുന്നു.

അതേസമയം വിഴിഞ്ഞം ട്രയൽറണ്ണിൽ തന്നെ വൻ വിജയമായി മാറിയിരിക്കുകയാണ്. ട്രയൽ റൺ നടന്ന സമയത്ത് തന്നെ സംസ്ഥാന ഖജനാവിൽ കോടികളാണ് പദ്ധതിയെത്തിച്ചത്. 35 കപ്പലുകളാണ് ജൂലൈ 11ന് ട്രയൽ തുടങ്ങിയ ശേഷം വിഴിഞ്ഞത്ത് എത്തിയത്. 80,000 കണ്ടെയ്നറുകളാണ് ഇറക്കിയത്. വർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. 2028ൽ തുറമുഖം പൂർണതോതിലാവുമ്പോൾ ശേഷി 30 ലക്ഷമാവും.

തുറമുഖ വരുമാനത്തിന്റെ 18 ശതമാനമാണ് ജിഎസ്ടി ചമത്തുന്നത്. ഈ തുക സംസ്ഥാനവും കേന്ദ്രവും തുല്യമായി വീതിച്ചെടുക്കും.

സംസ്ഥാനത്ത് അതിശക്തമായ മഴ സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പത്തനംതിട്ടയിലും പാലക്കാടുമാണ് അതിശക്തമായ മഴ പ്രവചിക്കപ്പെടുന്നത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. 24 മണിക്കൂറില്‍ 115.6മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

Verified by MonsterInsights