ഒരു തുള്ളി നെയ്യ് മതി, യുവത്വം തുളുമ്പുന്ന മൃദു ചർമ്മം നേടാം.

ആരോഗ്യത്തിനു മാത്രമല്ല ചർമ്മ സംരക്ഷണത്തിനും നെയ്യ് ഉപയോഗിക്കാം. ഇതുപയോഗിച്ച് തിളക്കമുള്ള ചർമ്മം നേടാൻ ശീലമാക്കേണ്ട ചില പരിചരണ വിദ്യകൾ പരിചയപ്പെടാം.ഏറെകാലമായി ചർമ്മ സംരക്ഷണ ഗുണങ്ങൾ കൊണ്ട് വ്യാപകമയി ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് നെയ്യ്. ആൻ്റി ഓക്സിഡൻ്റ്, ഫാറ്റി ആസിജ്, വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമാണ് നെയ്യ്. ചർമ്മത്തെ ആഴത്തിൽ മോയ്സ്ച്യുറൈസ് ചെയ്യുന്നതു കൂടാതെ തിളക്കവും മൃദുത്വവും നൽകുന്നു. അതിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ മുഖക്കുരു, ഹൈപ്പർപിഗ്മൻ്റേഷൻ എന്നിവയെ നേരിടുന്നു.ചർമ്മ പരിചരണത്തിൽ നെയ്യ് ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കണം എന്ന് കൂടുതൽ അറിയാം. 

നാച്യുറൽ മോയ്സ്ച്യുറൈസർ

ഫാറ്റി ആസിഡ്, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന ചർമ്മ സംരക്ഷണ കവചമായി പ്രവർത്തിക്കാൻ ഇതിന് കഴിയും. ആഴത്തിൽ തന്നെ മോയ്സ്ച്യുറൈസ് ചെയ്ത് ഗോൾഡൻ ഗ്ലോ നൽകും. മുഖത്തു മാത്രമല്ല ഇത് ശരീരത്തിലും ഉപയോഗിക്കാം. 

കണ്ണിനടിയിലെ കറുപ്പ് നിറം

കണ്ണുകൾക്ക് തിളക്കം നൽകാൻ നെയ്യ് സഹായിക്കും. കണ്ണുകൾക്ക് താഴെയുള്ള ഭാഗത്തായി നെയ്യ് പുരട്ടാം. കിടക്കുന്നതിനു മുമ്പ് കണ്ണിനടിയിൽ നെയ്യ് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ഇത് ചുളിവുകൾ കറുത്തപാടുകൾ എന്നിവ അകറ്റാൻ സഹായിക്കും.

ലിപ് ബാം

വരണ്ടതും വിണ്ടു കീറുന്നതുമായ ചുണ്ടിൽ നെയ്യ് പുരട്ടാം. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും, വരണ്ടു പോകുന്നത് തടയുകയും ചെയ്യും


ഫെയ്സ് മാസ്ക്

നെയ്യിലേയ്ക്ക് തേൻ, നാരങ്ങ നര് എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് ഫെയ്സ്മാസ്ക് തയ്യാറാക്കാം. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളയാം. നെയ്യും തേനും ധാരാളം ആൻ്റി ബാക്ടീരിയൽ സവിശേഷതകൾ ഉൾക്കൊള്ളുന്നുണ്ട്. നാരങ്ങ നാച്യുറൽ ബ്ലീച്ചിങ് എജൻ്റായി പ്രവർത്തിക്കുന്നു. 

ഫൂട് ക്രീം

നിങ്ങളുടെ കാൽപാദങ്ങൾ വരണ്ടു പൊട്ടാറുണ്ടോ? എങ്കിൽ നെയ്യ് മികച്ച പ്രതിവിധിയാണ്. രാത്രി കിടക്കുന്നതിനു മുമ്പായി നെയ്യ് കാലിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. അതൊരു കവർ ഉപയോഗിച്ച് മൂടി ഉറങ്ങാൻ കിടക്കാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് പാദങ്ങൾ പൂപോലെ സോഫ്റ്റാകാൻ സഹായിക്കും. 

.

ഇടവിളയായും കൃഷി ചെയ്യാം; ഇനി സാധ്യത ഈ കിഴങ്ങുവിളകൾക്ക്; 4 ലക്ഷത്തിനു മുകളിൽ വരുമാനം

കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കാനുള്ള ശേഷിയും ജൈവക്കൃഷിപോലുള്ള കാലാവസ്ഥാ അനുരൂപനരീതികളും കിഴങ്ങുവിളകളുടെ ആനുകാലിക പ്രാധാന്യം വർധിപ്പിക്കുന്നു. വൃക്ഷവിള അധിഷ്ഠിതക്കൃഷിയാണ് ഇവിടെയുള്ളതെന്നതും കിഴങ്ങുവിളകളെല്ലാം ഇടവിളക്കൃഷിക്കു യോജ്യമാണെന്നതും മറ്റൊരു സാധ്യതയാണ്. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (സിടിസിആർഐ) പുറത്തിറക്കിയ ഇനങ്ങൾ വൈറ്റമിനുകൾ, നിരോക്സീകാരികൾ, ധാതുക്കൾ തുടങ്ങി പല പോഷകപദാർഥങ്ങളുടെയും സമ്പുഷ്ട സ്രോതസ്സാണ്. വിവിധ ആവശ്യങ്ങൾക്കും കാർഷിക ആവാസയൂണിറ്റുകൾക്കും യോജിച്ച 75 കിഴങ്ങുവിള ഇനങ്ങൾ സിടിസിആർഐ കർഷകരിലെത്തിച്ചിട്ടുണ്ട്.

ഒന്നു–രണ്ടു ലക്ഷം രൂപവരെ വിവിധ കിഴങ്ങുവിളകൾക്ക് ഉൽപാദനച്ചെലവുണ്ട്. സംസ്ഥാനത്ത മറ്റു വിളകളേക്കാളൊക്കെ അറ്റാദായം ലഭിക്കുന്ന വിളകളാണ് ഇവയിൽ മിക്കതും. ഏറ്റവും ആദായം ലഭിക്കുന്നത് ചേനക്കൃഷിയിലാണ്.

മരച്ചീനി

കേരളത്തിൽ ഒരു ഹെക്ടറിൽനിന്നു ലഭിക്കുന്ന 42 ടൺ മരച്ചീനി രാജ്യത്തിന്റെ ശരാശരി വിളവിലും അധികമാണ്. ഒരു ഹെക്ടറിൽനിന്നു കിഴങ്ങു വിറ്റു ലഭിക്കുന്ന 4,63,473 രൂപയിൽ ഒന്നര – 2 ലക്ഷം രൂപ ചെലവ് കുറച്ചാൽ കിട്ടുന്ന ലാഭം മറ്റു പല വിളകളേക്കാളും കൂടുതലാണ്. മരച്ചീനിയിൽനിന്ന് ഒരു കൂട്ടം മൂല്യവർധിത ഉല്‍പന്നങ്ങളുണ്ടാക്കാം. സ്ത്രീ സ്വയംസഹായസംഘങ്ങൾ, കർഷകോല്‍പാദന കമ്പനികൾ തുടങ്ങിയ കൂട്ടായ്മകൾ ഇത്തരം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കിഴങ്ങുവിളകൾ ‘ഒരു ജില്ല ഒരു ഉൽപന്നം’ പദ്ധതിയിൽ ഉൾപ്പെട്ടതായതുകൊണ്ട് വൈവിധ്യവൽക്കരണത്തിനു ധാരാളം സഹായം ലഭിക്കും. പുതുവർഷം മരച്ചീനികർഷകർക്കു നൽകുന്ന മികച്ച സാധ്യതയാണിത്.

 ചേന

വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ചേനയിൽനിന്നു വലിയ ലാഭമാണ് കർഷകർക്ക് ലഭിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചേനക്കൃഷി ചെയ്യുന്ന ചേനഗ്രാമമായ മലപ്പുറത്തെ ആലിപ്പറമ്പ് പഞ്ചായത്തിലെ കർഷകർതന്നെ മികച്ച ഉദാഹരണം. ഓണം മാർക്കറ്റ് ലക്ഷ്യമിട്ടുള്ള ഇവിടത്തെ ചേനക്കൃഷി വളരെ സവിശേഷതകളുള്ളതാണ്. പല മൂല്യവർധിത ഉല്‍പന്നങ്ങളും ഇവിടെ ചേനയിൽനിന്ന് ഉണ്ടാക്കുന്നുണ്ട്. 

മധുരക്കിഴങ്ങ്

സിടിസിആർഐയുടെ ബയോഫോർട്ടിഫൈഡ് ഇനങ്ങൾ പ്രചാരത്തിലായതോടെ മധുരക്കിഴങ്ങുകൃഷിയിൽ ഉണർവുണ്ട്. വൈറ്റമിൻ-എയുടെ മുൻഗാമിയായ ബീറ്റാകരോട്ടീൻ അടങ്ങിയ ശ്രീ കനക, ഗൗരി, ഭൂസോണ തുടങ്ങി വിവിധ ഇനങ്ങൾ പ്രചാരത്തിലായിക്കഴിഞ്ഞു. പല കമ്പനികളും ബേബി ഫുഡുകൾ, ഉപ്പേരികൾ തുടങ്ങി വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന വ്യവസായങ്ങൾ തുടങ്ങുകയും മറ്റു പലരും വ്യവസായങ്ങൾ തുടങ്ങുന്നതിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. കൂടാതെ പോഷകക്കുറവ് നേരിടുന്ന ആദിവാസിമേഖലകളിലും ഇത്തരം മധുരക്കിഴങ് വളരെ വ്യാപകമായി പ്രചാരത്തിലാക്കുന്ന ശ്രമത്തിലാണ്. മൂന്നാമതായി നഗരമേഖലകളിൽ ലംബക്കൃഷിയിലും മണ്ണില്ലാക്കൃഷിയിലും മധുരക്കിഴങ്ങിന് ഏറെ പ്രചാരം കിട്ടുന്നുണ്ട്.

സി–ഡാക്കിൽ 605 പ്രോജക്ട് സ്റ്റാഫ് അവസരം.

 സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിനു (C–DAC) കീഴിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള സെന്ററുകളിൽ പ്രോജക്ട് സ്റ്റാഫ് ആകാൻ അവസരം. 605 ഒഴിവ്. തിരുവനന്തപുരത്ത് 19 ഒഴിവുണ്ട്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 20 വരെ.

ചെന്നൈ, ഹൈദരാബാദ്, ഡൽഹി, മുംബൈ, നോയിഡ, പുണെ, സിൽച്ചർ, മൊഹാലി എന്നീ സെന്ററുകളിലും അവസരമുണ്ട്.
തിരുവനന്തപുരത്തെ അവസരങ്ങൾ, യോഗ്യത, പ്രായപരിധി:

പ്രോജക്ട് അസോഷ്യേറ്റ് (ഫ്രെഷർ): ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ); 30.

 പ്രോജക്ട് എൻജിനീയർ (എക്സ്പീരിയൻസ്ഡ്): ബിഇ/ബിടെക്/തത്തുല്യം (കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ); ഒരു വർഷ പരിചയം; 45.

 പ്രോജക്ട് എൻജിനീയർ (ഫ്രെഷർ): ബിഇ/ബിടെക്/തത്തുല്യം (കംപ്യൂട്ടർ സയൻസ്/ ഐടി/ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ); 30

.പ്രോജക്ട് മാനേജർ: ബിഇ/ബിടെക്/തത്തുല്യം അല്ലെങ്കിൽ എംഇ/ എംടെക്/ തത്തുല്യം അല്ലെങ്കിൽ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി, 9-15 വർഷ പരിചയം; 56.

സീനിയർ പ്രോജക്ട് എൻജിനീയർ: ബിഇ/ബിടെക്/തത്തുല്യം അല്ലെങ്കിൽ എംഇ/ എംടെക്/തത്തുല്യം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി, 4-7 വർഷ പരിചയം; 40.

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മറ്റു വിശദാംശങ്ങൾക്കും: www.cdac.in

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ അസോഷ്യേറ്റ്, കൺസൽറ്റന്റ് തസ്തികകളിലും അവസരം. കരാർ നിയമനം. ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.

യോഗ്യത.

അസോഷ്യേറ്റ്: ബിരുദം, 3 വർഷ പരിചയം; 40; 35,000-55,000.

 കൺസൽറ്റന്റ്: എംബിബിഎസ്, മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ; 35; 60,000-80,000. www.cdac.in

കറികളില്‍ ഉപയോഗിക്കേണ്ടത് മുളുകു പൊടിയോ പച്ചമുളകോ ?   ഏതാണ് ആരോഗ്യത്തിന് നല്ലത്.

എരിവുള്ള ഭക്ഷണപ്രിയരാണ് കേരളീയര്‍ അധികവും. കാരണം അതിന്റെ രുചി തന്നെയാണ്. സ്‌പൈസി ഭക്ഷണങ്ങള്‍ക്ക് ഇവിടെ പഞ്ഞവുമില്ല. ഈ ഭക്ഷണങ്ങളിലൊക്കെ എരിവിനായി ഉപയോഗിക്കുന്നത് മുളകുപൊടിയും പച്ചമുളകുമാണ്. എന്നാല്‍, ഇവയില്‍ ഏതാണ് ആരോഗ്യത്തിന് ഉത്തമം. നോക്കാം. ഇവ രണ്ടും  ആരോഗ്യത്തെ ഒരുപോലെ സ്വാധീനിക്കുന്നവയാണ്. ഇവയ്ക്കു ഗുണവും ദോഷവുമുണ്ട്.

പച്ചമുളക് വിറ്റാമിനുകളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്. പച്ചമുളകില്‍ വിറ്റാമിന്‍ സി, എ എന്നിവയും ധാരാളമായി ഉണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല, മെറ്റബോളിസം വര്‍ധിപ്പിക്കാനും പച്ചമുളക് സഹായിക്കുന്നു. ഇതിലടങ്ങിയ കാപ്‌സൈസിന്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യുന്നു. 

പച്ചമുളക് ഷുഗര്‍ കുറയുന്നതിനു കാരണമാവുന്നു. ഹൃദയത്തിന്റെ ആരോഗ്യവും പച്ചമുളകിന്റെ ഉപയോഗം മൂലം മെച്ചപ്പെടുത്താവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗങ്ങള്‍ തടയാനും സഹായിക്കുന്നു. അതുപോലെ ചുവന്ന മുളകുപൊടിയിലും ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല, ചുവന്ന മുളകുപൊടി സ്വാഭാവിക വേദനസംഹാരി ഗുണങ്ങളുള്ളവയുമാണ്.

ഇത് സന്ധി പേശി വേദനയ്ക്ക് ആശ്വാസവും നല്‍കുന്നു. ദഹനം നന്നായി നടക്കാനും ചുവന്ന മുളകുപൊടി സഹായിക്കും. ആമാശയത്തിലെ ദഹനരസങ്ങളുടെ സ്രവണം വര്‍ധിപ്പിക്കുന്നതിലൂടെയാണ് മുളകുപൊടി വേഗത്തില്‍ ഭക്ഷണത്തിലൂടെ ദഹിപ്പിക്കുന്നത്. മാത്രമല്ല, ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തെ അണുബാധകളില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ചൂടകറ്റാനും മുളകുപൊടി സഹായിക്കുന്നു. 


എന്നാല്‍ ഈ പറഞ്ഞ ഗുണങ്ങളൊക്കെയുണ്ടെങ്കിലും ഇവയ്ക്ക് ചില ദോഷങ്ങളുമുണ്ട്. ചുവന്ന മുളകുപൊടി പലവിധ പ്രക്രിയയിലൂടെ സംസ്‌കരിച്ചു വരുന്നതിനാല്‍ പച്ചമുളകിലൂടെ ലഭിക്കുന്ന സ്വാഭാവിക ഗുണം ചുവന്നമുളക് പൊടിക്ക് ലഭിക്കില്ല. ഇങ്ങനെയാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍, പച്ചമുളകില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയിട്ടുണ്ട്.


മുളകുപൊടി സംസ്‌കരിക്കുന്നതിലൂടെ ഈ ഗുണങ്ങളൊക്കെ നഷ്ടപ്പെടുകയാണ്. ചുവന്ന മുളക് കഴിക്കുന്നത് അസിഡിറ്റിക്കും കാരണമാവും. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് നല്ലത് പച്ചമുളകു തന്നെയാണ്. എന്നാല്‍ പൂര്‍ണമായി മുളകുപൊടി ഒഴിവാക്കുകയും വേണ്ട. പച്ചമുളകും മുളകുപൊടിയും ബാലന്‍സ്ഡ് ആയി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധര്‍ക്കും. 

കേരളത്തിൽ എവിടെയും അവ്ക്കാഡോ വളർത്താം; തൈകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.

“കേരളം അവ്‌ക്കാഡോ എന്ന പേര് പരിചയപ്പെട്ടു വരുന്നതേയുളളൂവെങ്കിലും വെണ്ണപ്പഴമെന്ന പേര് പണ്ടേ പരിചിതം.  എന്നാല്‍ നാടന്‍ വെണ്ണപ്പഴത്തേക്കാള്‍ സ്വാദിലും ഗുണത്തിലും ഇപ്പോള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹൈബ്രിഡ് അവ്‌ക്കാഡോ ഏറെ മെച്ചം. 

മെക്സിക്കോയിലും മധ്യഅമേരിക്കയിലുമൊക്കെയായി ഉത്ഭവിച്ച വാണിജ്യകൃഷിക്കനുയോജ്യമായ അവ്‌ക്കാഡോ ഇനങ്ങള്‍ അടുത്തയിടെയാണ് കേരളത്തിലെത്തുന്നത്. മറുനാടന്‍ പഴത്തൈകളുടെ ഉൽപാനവിതരണരംഗത്തെ ഹോംഗ്രോണ്‍ തന്നെയാണ് ഇതിനെ മലയാളക്കരയില്‍ പ്രചരിപ്പിച്ചതും മുന്തിയ ഇനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതും. അതിവേഗം വികസിക്കുന്ന ആഭ്യന്തരവിപണിയും വിദേശത്ത് ഇതിനു ലഭിക്കുന്ന വിപണനസാധ്യതയും അതിലൂടെ ലഭിക്കുന്ന വരുമാന സാധ്യതയും മുന്നിൽക്കണ്ട് ഒട്ടേറെ പേർ അവ്‌ക്കാഡോയിലേക്ക് തിരിയുന്നുണ്ട്.

ലോകമാകെയെടുത്താല്‍ അവ്‌ക്കാഡോയില്‍ വെസ്റ്റ് ഇന്ത്യന്‍, ഗ്വാട്ടിമാലന്‍, മെക്സിക്കന്‍ എന്നീ മൂന്ന് വര്‍ഗ്ഗങ്ങള്‍/വംശങ്ങള്‍ ഉണ്ട്. ഓരോ വംശങ്ങളിലും ഒട്ടേറെ ഇനങ്ങളും ഉണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിലവിലുളള കാലാവസ്ഥാ പ്രത്യേകതകള്‍ മുമ്പില്‍ കണ്ട് അതാത് കാലാവസ്ഥയ്ക്ക് യോജിച്ച ഈ മൂന്ന് വംശങ്ങളിലുമുളള ഇനങ്ങളാണ് എത്തിച്ചിട്ടുള്ളത്.  ഉദാഹരണത്തിന് താരതമ്യേന ചൂട് കൂടിയ പ്രദേശങ്ങളിലാണ് വെസ്റ്റ് ഇന്ത്യന്‍ വംശത്തില്‍പ്പെട്ട ഇനങ്ങള്‍ മെച്ചം. കേരളത്തിലെ ചൂടുകൂടിയ, തികവൊത്ത ഉഷ്ണമേഖല കാലാവസ്ഥയുളള ഇടനാടന്‍ താഴ്വാര പ്രദേശങ്ങള്‍ക്ക് വെസ്റ്റ് ഇന്ത്യന്‍ ഇനം യോജിക്കും. എന്നാല്‍ ഉയരംകൂടിയ, തണുപ്പേറിയ ഹൈറേഞ്ച് മേഖലകളില്‍ മികച്ച ഫലം തരുന്നത് ഗ്വാട്ടിമാലന്‍, മെക്സിക്കന്‍ വംശത്തില്‍പ്പെട്ട ഇനങ്ങളാണ്. 

കേരളത്തില്‍ അവ്‌ക്കാഡോയ്ക്ക് മികച്ച ഭാവിയാണുളളതെന്നു പറയാന്‍ കാരണങ്ങള്‍ പലതാണ്. ഒന്നാമതായി ഓരോ ഇനത്തിനും യോജിച്ച കാലാവസ്ഥ ഏതെങ്കിലും പ്രദേശങ്ങളില്‍ സദാ നിലനില്‍ക്കുന്നു എന്നതു തന്നെ. വിപണി വളരണമെങ്കില്‍ ആണ്ടുവട്ടം മുഴുവന്‍ വിപണിയിലേക്ക് ഉല്‍പ്പന്നം എത്തിക്കൊണ്ടിരിക്കണമല്ലോ. അവ്‌ക്കാഡോയിലാണെങ്കില്‍ ഓരോ ഇനത്തിന്റെയും പൂവിടലിനും കായ്പിടുത്തത്തിനും വ്യത്യസ്ത കാലങ്ങളാണുളളത്. മൂന്നിനങ്ങളും കേരളത്തില്‍ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്തു കൃഷി ചെയ്യാനാവുന്നതിനാല്‍ വിപണിയില്‍ സ്ഥിരമായി ഉല്‍പന്നമെത്തിക്കുക ക്ലേശകരമാവില്ല. ഇത്തരം കാലാവസ്ഥാ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും അവ്‌ക്കാഡോ പ്രതീക്ഷ നല്‍കുന്നു.

വിഷുവിന് ഇനിയും 2 മാസം, ട്രെയിൻ ടിക്കറ്റില്ല.

കേരള ട്രെയിനുകളിൽ വിഷു ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലായി. വിഷു ഏപ്രിൽ 14ന് ആണെങ്കിലും 11, 12, 13 ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ. കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി, മൈസൂരു–തിരുവനന്തപുരം നോർത്ത്, യശ്വന്തപുര–കണ്ണൂർ (സേലം വഴി) എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റുകളാണ് ആദ്യം തീർന്നത്. 

 ഈസ്റ്റർ ഏപ്രിൽ 20ന് ആണെങ്കിലും 16–18 വരെയുള്ള ദിവസങ്ങളിൽ നല്ല തിരക്കുണ്ടാകും. വിഷു, ഈസ്റ്ററിന് മുന്നോടിയായി സ്വകാര്യ ബസുകളുടെ ബുക്കിങ്ങും ആരംഭിച്ചു. ചുരുക്കം ഏജൻസികളാണ് ബുക്കിങ് ആരംഭിച്ചത്. കേരള, കർണാടക ആർടിസി ബസുകളിൽ മാർച്ച് രണ്ടാംവാരത്തോടെ മാത്രമേ ബുക്കിങ് ആരംഭിക്കുകയുള്ളു.

പഴം നിറച്ച പുട്ട് തയ്യാറാക്കാം എളുപ്പത്തില്‍

ഡയറ്റ് ചെയ്യുന്നവര്‍ക്ക് എണ്ണയുടെ ഉപയോഗം ഇല്ലാതെ തയ്യാറാക്കാന്‍ പറ്റിയ ഒരു ഐറ്റം ആണ് പഴം നിറച്ച പുട്ട്.

വേണ്ട ചേരുവകൾ

പുട്ട് പൊടി – 2 കപ്പ് 
തേങ്ങ – 1 കപ്പ് 
ഉപ്പ് – 1 സ്പൂൺ 
നേന്ത്രപ്പഴം -1 എണ്ണം 

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേയ്ക്ക് പുട്ട് പൊടി ഇട്ടുകൊടുത്തതിന് ശേഷം അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം ഒരു പുട്ടുകുറ്റിയിലേയ്ക്ക് ആവശ്യത്തിന് തേങ്ങയും പുട്ടുപൊടി ചേർക്കുന്നതിന് മുമ്പായിട്ട് ചെറുതായി അരിഞ്ഞെടുത്തിട്ടുള്ള നേന്ത്രപ്പഴവും ചേർത്തു കൊടുത്തതിന് ശേഷം അതിനു മുകളിലോട്ട് പുട്ടുപൊടി ചേർത്ത് കൊടുക്കുക. തുടര്‍ന്ന് വീണ്ടും അതിനു മുകളിലായിട്ട് നേന്ത്രപ്പഴം ചേർത്തതിന് ശേഷം തേങ്ങയും ചേർത്ത് നന്നായിട്ട് ഒന്ന് ആവിയിൽ വേവിച്ചെടുക്കുക. പുട്ടിനൊപ്പം തന്നെ നേന്ത്രപ്പഴവും ആവിയിൽ വെന്ത് കിട്ടും. 

ഇന്ത്യയിൽ നിന്ന് അഞ്ച് മണിക്കൂർ; സഞ്ചാരികളുടെ പറുദീസയായി ഈ യുറേഷ്യൻ രാജ്യം.

“ചെലവേറിയ യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് വ്യത്യസ്‌തതയാർന്ന മറ്റ് ഇടങ്ങൾക്കാണ് നിലവിൽ ഇന്ത്യൻ സഞ്ചാരികൾ കൂടുതൽ പരിഗണന നൽകി വരുന്നത്. നിലവിൽ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നത് അതുല്യമായ പ്രകൃതിദൃശ്യങ്ങൾ മുതൽ അതിമനോഹരമായ വാസ്‌തുവിദ്യ വരെ സമ്മേളിക്കുന്ന യൂറോ ഏഷ്യൻ രാജ്യമായ അസർബൈജാനാണ്. ആധുനികതയും പാരമ്പര്യവും ഒന്നിക്കുന്ന സവിശേഷമായ അന്തരീക്ഷമാണ് രാജ്യത്തുളളത്.

ഭൂമിശാസ്ത്രപരമായി നോക്കിയാൽ രണ്ട് ഭൂഖണ്ഡങ്ങളിലായി കാസ്‌പിയൻ കടലിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. കിഴക്കൻ യൂറോപ്പിലും പശ്ചിമേഷ്യയിലുമായാണ് പരന്നു കിടക്കുന്ന ഇവിടം അതിശയകരമായ സാംസ്കാരിക വൈവിധ്യവും ആകർഷകമായ യൂറോപ്യൻ അന്തരീക്ഷവും കൊണ്ട് സഞ്ചാരികൾക്ക് പ്രിയങ്കരമാകുകയാണ്. അസർബൈജാനിലെ ഗബാല, ബാക്കു എന്നീ സ്ഥലങ്ങളിലേക്കാണ് കൂടുതൽ വിനോദ സഞ്ചാരികളും ഒഴുകുന്നത്.

ഇന്ത്യൻ പാസ്പോർട്ടുളളവർക്ക് രാജ്യം ഇ-വീസയു വാഗ്ദാനം ചെയ്യുന്നു. ഈ സൗകര്യം സങ്കീർണ്ണമായ വീസ പ്രക്രിയ ലളിതവും സൗകര്യപ്രദവുമാക്കുന്നു.അതേസമയം, യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ചെലവ് കുറവാണെന്നതും ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒരു പ്രധാനഘടകമാണ്. 1 അസർബൈജാനി മനാത്തിന് നൽകേണ്ടി വരിക 51 ഇന്ത്യൻ രൂപയാണ്. ഇന്ത്യയിൽ നിന്ന് 5 മണിക്കൂർ വിമനയാത്രയാണ് അസർബൈജാനിലേക്കുള്ളത്.

അതേസമയം, അവധിക്കാലം കൂടുതൽ ചെലവഴിക്കാനാഗ്രഹിക്കുന്നവർക്ക് അയൽ രാജ്യമായ ജോർജിയ കൂടി സന്ദർശിക്കാം. യൂറോപ്പിലും പശ്ചിമേഷ്യയിലുമായാണ് ജോർജിയയും സ്ഥിതി ചെയ്യുന്നത്. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിലേക്ക് ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും നേരിട്ടുളള വിമാനങ്ങൾ ലഭ്യമാണ്.

ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും തിരികെ എത്തുന്നു.

എട്ട് മാസത്തോളമായി ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹയാത്രികനായ ബുച്ച് വില്‍മോറും മാര്‍ച്ചില്‍ ഭൂമിയിലേക്കെത്തുമെന്ന് അറിയിച്ച് നാസ. സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് എത്തിക്കുന്ന ക്രൂ-10ന്റെ വിക്ഷേപണം മാര്‍ച്ച് 12നാണ് ലക്ഷ്യമിടുന്നത്. ദൗത്യ സന്നദ്ധതയും ഏജന്‍സിയുടെ ഫ്ലൈറ്റ് റെഡിനസ് പ്രക്രിയയുടെ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തീകരണവും കാത്തിരിക്കുകയാണ് നാസ.
ക്രൂ-10 ദൗത്യത്തില്‍ നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്സ്, ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സി ബഹിരാകാശയാത്രികന്‍ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നിവരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകും. നാസയുടെ അഭിപ്രായത്തില്‍, ക്രൂ-10 ദൗത്യത്തിനായി പുതിയ ഡ്രാഗണ്‍ ബഹിരാകാശ പേടകം പറത്താനുള്ള ഏജന്‍സിയുടെ യഥാര്‍ത്ഥ പദ്ധതി ക്രമീകരിക്കാനുള്ള മിഷന്‍ മാനേജ്‌മെന്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നേരത്തെയുള്ള വിക്ഷേപണ അവസരം ലഭ്യമാകുന്നത്. ഇതിന് കൂടുതല്‍ പ്രോസസ്സിംഗ് സമയം ആവശ്യമാണെന്ന് നാസ പറഞ്ഞു.
സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും എത്രയും വേഗം തിരിച്ചെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്‌പേസ് എക്‌സ് സിഇഒ എലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നാസ വേഗത്തിലാക്കുന്നത്.
സ്റ്റാര്‍ലൈന്‍ പേടകത്തിന്റെ തകരാറിനെ തുടര്‍ന്ന് 2024 ജൂണ്‍ മുതല്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇരുവരെയും തിരികെ കൊണ്ടുവരാന്‍ മസ്‌ക് ട്രംപിന്റെ സഹായം തേടിയെന്നാണ് വിവരം. 10 ദിവസം മാത്രം നീണ്ടു നില്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു യാത്ര. എന്നാല്‍, സാങ്കേതിക തകരാറുകള്‍ മൂലം ഇരുവരുടെയും യാത്ര മുടങ്ങുകയായിരുന്നു.

പത്താം ക്ലാസുകാർക്ക് വമ്പന്‍ അവസരം; പോസ്റ്റ് ഓഫീസ് ജിഡിഎസ് റിക്രൂട്ട്‌മെന്റ് എത്തി; ഇരുപതിനായിരം ഒഴിവുകള്‍.

ഇന്ത്യന്‍ തപാല്‍ വകുപ്പിന് കീഴില്‍ ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. മിനിമം പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. ആകെ 21,413 ഒഴിവുകളിലേക്കാണ് ഇന്ത്യയൊട്ടാകെ നിയമനം നടക്കുക. കേരളത്തിലും ആയിരത്തിലധികം ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 3ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന് കീഴില്‍ ഗ്രാമീണ്‍ ടാക് സേവക് റിക്രൂട്ട്‌മെന്റ്. ജിഡിഎസ്- ബ്രാഞ്ച് പോസ്റ്റ്മാന്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാന്‍ എന്നിങ്ങനെയാണ് തസ്തികകള്‍.  ആകെ 21,413 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 1385 ഒഴിവുകളുണ്ട്. 

പ്രായപരിധി

18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി തുടങ്ങി സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് വിജയം. മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പാസ് മാര്‍ക്ക് വേണം.  ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം.  കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം., സൈക്കിള്‍ ചവിട്ടാന്‍ അറിഞ്ഞിരിക്കണം. 

അപേക്ഷ

ജനറല്‍ , ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ 100 രൂപ അപേക്ഷ ഫീസ് നല്‍കണം. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിതകള്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കണം. 

Verified by MonsterInsights