ക്യൂ ആര്‍ കോഡ് പണമിടപാടിന് നിയന്ത്രണം; പുതിയ നിബന്ധന ഇങ്ങനെ.

ഡിജിറ്റല്‍ പേമെന്റുകള്‍ വര്‍ദ്ധിച്ച ഇന്നത്തെ കാലഘട്ടത്തില്‍ ഈ മേഖലയിലെ തട്ടിപ്പുകളുടെ എണ്ണവും കുറവല്ല. ദൂരെ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് പോലും ക്യൂ ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പണം അയക്കാന്‍ കഴിയും. ഇപ്പോഴിതാ അന്താരാഷ്ട്ര പണിമിടപാടുകളില്‍ യുപിഐ വിലാസം ഉള്‍പ്പെടുന്ന ക്യൂ ആര്‍ കോഡ് അയച്ച് നല്‍കി പണം കൈപ്പറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ).

വിദേശ രാജ്യങ്ങളില്‍ നിന്ന് ക്യൂ ആര്‍ കോഡുകളുടെ പണം ഫോണിലേക്ക് അയച്ച് നല്‍കിയ ശേഷം പണം കൈപ്പറ്റുന്ന രീതിക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്. വാട്‌സാപ്പ് പോലുള്ള മെസഞ്ചര്‍ ആപ്ലിക്കേഷനുകളില്‍ ഷെയര്‍ ചെയ്ത് കിട്ടുന്ന ക്യൂ ആര്‍ കോഡ് ഉള്‍പ്പെടുന്ന ഇമേജിലേക്ക് അത് വിദേശത്ത് നിന്നാണെങ്കിലും പണം അയക്കാന്‍ സൗകര്യമുണ്ടായിരുന്നു. ഈ രീതിക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. ഉപഭോക്താവ് ഇത്തരത്തില്‍ ക്യൂ.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നത് തിരിച്ചറിഞ്ഞ് വിലക്കാന്‍ യു.പി.ഐ അധിഷ്ഠിത ആപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, യു.പി.ഐ സൗകര്യം ലഭ്യമായ വിദേശ രാജ്യത്ത് ഫോണ്‍ ക്യാമറ ഉപയോഗിച്ച് നേരിട്ട് ക്യൂ.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്ന രീതി തടസ്സമില്ലാതെ തുടരാമെന്നും അധികൃതര്‍ വ്യക്തമാക്കി.


ആഭ്യന്തര തലത്തില്‍ ക്യൂ.ആര്‍ കോഡുകള്‍ അയച്ചുനല്‍കി നടത്തുന്ന ഇടപാടുകള്‍ക്ക് 2000 രൂപ പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് എന്‍.പി.സി.ഐ വ്യക്തമാക്കി. നിലവില്‍ ഫ്രാന്‍സ്, മൗറീഷ്യസ്, നേപ്പാള്‍, സിംഗപ്പൂര്‍, ശ്രീലങ്ക, യു.എ.ഇ എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ ഇന്ത്യയുടെ യു.പി.ഐ അടിസ്ഥാനമാക്കിയുള്ള   പേമെന്റുകള്‍ നടത്താന്‍ സൗകര്യമുണ്ട്.”

“കെഎഎസ് അപേക്ഷകര്‍ കുറഞ്ഞു; സര്‍വീസ് സംഘടനകളുടെ കരുത്തില്‍ ഒഴിവുകള്‍ കുറഞ്ഞു.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് ഇത്തവണ 31 ഒഴിവുകള്‍ മാത്രം. കഴിഞ്ഞ തവണ 105 തസ്തികകളാണ് ഉണ്ടായിരുന്നത്. ഇത്തവണ അപേക്ഷകരുടെ എണ്ണത്തില്‍ ഒന്നേ മുക്കാല്‍ ലക്ഷത്തിന്‍റെ കുറവാണുണ്ടായത്.

  സര്‍വീസ്  സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടയിലാണ് ആദ്യ ഘട്ടത്തിലെ 105 തസ്തികകള്‍ കെ.എ.എസിനായി മാറ്റിവെച്ചത്. മുഖ്യമന്ത്രി പറഞ്ഞ ഇഛാശക്തി പിന്നീട് സര്‍വീസ് സംഘടനകളുടെ കരുത്തിനു മുന്നില്‍ ചോര്‍ന്നു പോയി. നേരിട്ടുള്ള നിയമനം , സര്‍വീസിലുള്ളവരില്‍ നിന്നുള്ളത്, ഗസറ്റഡ് തസ്തികയിലുള്ളവര്‍ എന്നിങ്ങനെ ഓരോ സ്ട്രീമിലും 35 വീതം തസ്തികകള്‍ വെച്ച് 105 തസ്തികകള്‍ നീക്കിവെച്ചു. ഇപ്പോഴത് 31 ആയി കുറഞ്ഞപ്പോള്‍ നേരിട്ടുള്ള നിയമനത്തിനു പതിനൊന്നും മറ്റുള്ളവയില്‍ 10 വീതവുമായി കുറഞ്ഞു. ഇതോടെ അപേക്ഷകരുടെ എണ്ണവും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. എട്ടുവര്‍ഷം കഴിയുമ്പോള്‍ ഐ.എ.എസ് പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്നുള്ളതായിരുന്നു ഏറ്റവും വലിയ ആകര്‍ഷണീയത. സംസ്ഥാന സര്‍വീസിലെ ഉയര്‍ന്ന ശമ്പളമാണ് കെ.എ.എസുകാര്‍ക്ക് ലഭിക്കുന്നത്. 2 വര്‍ഷത്തിലൊരിക്കല്‍ വിജ്ഞാപനം നടത്തി നിയമനം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആദ്യ വിഞ്ജാപനം വന്ന് അഞ്ചു വര്‍ഷത്തിനു ശേഷമാണ് രണ്ടാം വിഞ്ജാപനം വന്നത്. 


വനിത–ശിശു 
വികസന വകുപ്പിന്റെ പാനലിൽ അവസരം.

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരത്തെ പോക്സോ സപ്പോർട്ട് പാനലിൽ വിവിധ തസ്‌തികകളിൽ നിയമനം നടത്തുന്നു. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. തസ്‌തികയും യോഗ്യതയും: ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്: ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ/പിഎച്ച്ഡി/ ഡോക്ടർ ഓഫ്‌ ഫിസിയോളജി അല്ലെങ്കിൽ 2 വർഷ തത്തുല്യ കോഴ്സ്. ഇന്റർപ്രെറ്റർ: ബിരുദം, ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെറ്റർ, തൊഴിൽപരിചയം. ട്രാൻസ്‌ലേറ്റർ: ബിരുദം, മലയാളത്തിനുപുറമെയുള്ള ഇന്ത്യൻ ഭാഷകളിൽ പ്രാവീണ്യം, തൊഴിൽപരിചയം. സ്പെഷ്യൽ എജ്യുക്കേറ്റർ: സ്പെഷൽ എജ്യുക്കേഷനിൽ ബിരുദം/ഡിപ്ലോമ, തൊഴിൽപരിചയം. സപ്പോർട്ട് പേഴ്‌സൻ: സോഷ്യൽ വർക്ക്‌/സോഷ്യോളജി/സൈക്കോളജി/ ചൈൽഡ് ഡവലപ്മെന്റിൽ പിജി അല്ലെങ്കിൽ ബിരുദവും 3 വർഷ പരിചയവും. വെബ്‌സൈറ്റ്‌: www.wcd.kerala.gov.in


നിങ്ങളുടെ ഫോണിൽ 5G പ്രവർത്തിക്കുന്നില്ലേ? കാരണങ്ങളും പരിഹാരങ്ങളും അറിയാം.

വോഡഫോൺ ഐഡിയ ലിമിറ്റഡ് (വിഐഎൽ) അടുത്തിടെ മുംബൈയിൽ 5G സേവനങ്ങൾ അവതരിപ്പിച്ചു. രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്റർ കൂടുതൽ സർക്കിളുകളിൽ 5G വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. എന്നാൽ, നിങ്ങളുടെ Vi 5G സേവനം ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? അതിന് പിന്നിലെ കാരണങ്ങളും പരിഹാര മാർഗങ്ങളും Vi പങ്കുവെച്ചിട്ടുണ്ട്. ചിലപ്പോൾ എല്ലാ 5G നിയമങ്ങളും പാലിച്ചിട്ടും ഫോണിൽ 5G പ്രവർത്തിക്കാതെ വരാം. അത്തരം സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാമാണെന്ന് മനസ്സിലാക്കാം.

5G പ്രവർത്തിക്കാത്തതിന്റെ സാധ്യതയുള്ള കാരണങ്ങൾ 

പവർ സേവിംഗ് മോഡ്: ഫോൺ പവർ സേവിംഗ് മോഡിലാണെങ്കിൽ, 5G കണക്റ്റിവിറ്റിയിൽ തടസ്സങ്ങൾ ഉണ്ടാകാം.

സിം സ്ലോട്ട് പ്രശ്നം: സിം കാർഡ് സിം 2 സ്ലോട്ടിലാണെങ്കിൽ 5G ശരിയായി പ്രവർത്തിക്കില്ല. സിം 1 സ്ലോട്ടിലേക്ക് മാറ്റി ശ്രമിക്കുക.

ഫോൺ ചൂടാകൽ: ഫോൺ അമിതമായി ചൂടായാൽ 5G ഓഫാകുകയോ പ്രവർത്തനം നിലയ്ക്കുകയോ ചെയ്യാം.

ഫോണിൽ 5G ലഭിക്കുന്നില്ലെങ്കിൽ, ഈ ലളിതമായ പരിഹാരങ്ങൾ പരീക്ഷിക്കാം. 

Airplane mode: മോഡ് ഓണാക്കി കുറച്ച് നിമിഷങ്ങൾ കാത്തിരുന്ന ശേഷം ഓഫാക്കുക. ഇത് നെറ്റ്‌വർക്ക് കണക്ഷൻ പുതുക്കാൻ സഹായിക്കും.

ഫോൺ റീസ്റ്റാർട്ട്: ഫോൺ ഓഫ് ചെയ്ത് വീണ്ടും ഓണാക്കുക. പലപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കാറുണ്ട്.

കവറേജ് പരിശോധിക്കുക:  പ്രദേശത്ത് 5G ലഭ്യമാണോ എന്ന് ഉറപ്പാക്കുക. Vi-യുടെ വെബ്‌സൈറ്റിലോ Speedtest.net-ലെ Ookla 5G മാപ്പിലോ കവറേജ് പരിശോധിക്കാം.

കൂടുതൽ പരിഹാര മാർഗങ്ങൾ

പ്ലാൻ പരിശോധിക്കുക: 5G സേവനം നിന്റെ പ്ലാനിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് Vi-യുമായി സ്ഥിരീകരിക്കുക.

5G ഓണാക്കുക/ഓഫാക്കുക: ക്രമീകരണങ്ങളിൽ നിന്ന് 5G ഓപ്ഷൻ ഓണാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. പ്രശ്നം തുടരുകയാണെങ്കിൽ ഓഫാക്കി 4G-യിലേക്ക് മാറ്റി ശ്രമിക്കുക.

OS അപ്‌ഡേറ്റ്: ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.

സിം വീണ്ടും ഇടുക: ഫോൺ ഓഫാക്കി സിം നീക്കം ചെയ്ത് വീണ്ടും ഇടുക. സിം ടൂൾകിറ്റിന്റെ കാഷെ മായ്‌ക്കുന്നതും പരിഗണിക്കാം.

ഫോൺ പഴയതാണോ?ഫോൺ 2019-ന് മുമ്പ് നിർമ്മിച്ചതാണെങ്കിൽ, അതിന് 5G പിന്തുണയുണ്ടാകണമെന്നില്ല. ഫോണിന്റെ മോഡൽ നമ്പർ പരിശോധിച്ച് 5G പിന്തുണയുണ്ടോ എന്ന് സ്ഥിരീകരിക്കുക. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ, Vi-യുടെ പിന്തുണാ ടീമിനെ സമീപ്പിക്കുക.

5G പ്രശ്നങ്ങൾക്ക് പിന്നിലെ സാധ്യതകൾ

താൽക്കാലിക നെറ്റ്‌വർക്ക് തകരാർ

5G കവറേജ് പരിധിക്ക് പുറത്തുള്ള സ്ഥലം

അടുത്തുള്ള 5G ടവർ തകരാറിൽ

ഫോൺ നെറ്റ്‌വർക്കുമായി പൊരുത്തപ്പെടാത്തത്

5G സേവനങ്ങൾ പൂർണതോതിൽ ലഭ്യമാകാൻ ഇനിയും സമയമെടുത്തേക്കാം. അതുവരെ, ഈ നുറുങ്ങു വിദ്യകൾ പരീക്ഷിച്ച്  5G അനുഭവം മെച്ചപ്പെടുത്താം.

ടിക്കറ്റെടുക്കേണ്ട; മനോഹരമായ കാഴ്‌ചകൾ കണ്ട് ട്രെയിൻ യാത്ര ചെയ്യാം.

ദൈനംദിന ജീവിതത്തിൽ ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്ന നിരവധിപേരാണുള്ളത്. ഏറ്റവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ യാത്രാമാർഗമായതിനാൽ ട്രെയിനിനെ കൂടുതലും ആശ്രയിക്കുന്നത് വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരുമാണ്. കിലോമീറ്റർ അനുസരിച്ചാണ് യാത്രാനിരക്ക് നിശ്ചയിക്കുന്നത്. എന്നാൽ, കഴിഞ്ഞ 75 വർഷമായി ജനങ്ങൾക്ക് സൗജന്യമായി യാത്രാ സേവനം നൽകുന്ന ഒരു ട്രെയിനുണ്ട്. അധികമാർക്കും അറിയാത്ത ഇന്ത്യയിലെ ഈ ട്രെയിൻ ലോകത്തിലെ തന്നെ ഏക സൗജന്യ ട്രെയിൻ കൂടിയാണ്.

ഭക്ര ബിയാസ് മാനേജ്‌മെന്റ് റെയിൽവേ ബോർഡിന്റെ കീഴിലുള്ള ഭക്രാനംഗൽ ട്രെയിൻ ആണിത്. ഹിമാചൽ പ്രദേശ്, പഞ്ചാബ് അതിർത്തിയിലൂടെ ഭക്രയ്‌ക്കും നംഗലിനും ഇടയിൽ സഞ്ചരിക്കുന്ന ഈ ട്രെയിൻ ശിവാലിക് മലനിരകളിലൂടെ സഞ്ചരിക്കുമ്പോൾ സത്‌ലജ് നദിയും മുറിച്ചുകടക്കുന്നുണ്ട്.

300ഓളം ആളുകൾ ഈ ട്രെയിൻ ദിവസവും ഗതാഗതത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇരുപത്തിയഞ്ചോളം ഗ്രാമങ്ങളിലെ ജനങ്ങളാണ് ഈ ട്രെയിൻ സേവനം പ്രയോജനപ്പെടുത്തുന്നത്. പ്രധാനമായും വിദ്യാർത്ഥികളും തൊഴിലാളികളുമാണ് ഈ ട്രെയിനിൽ യാത്ര ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും ഉയർന്ന സ്‌ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്ര -നംഗൽ അണക്കെട്ട് നിർമിച്ചുകൊണ്ടിരുന്നപ്പോൾ അവിടുത്തെ പ്രദേശവാസികൾക്കും തൊഴിലാളികൾക്കും സഞ്ചരിക്കാൻ വേണ്ടിയാണ് ഈ റെയിൽപാത നിർമിച്ചത്. 1963ൽ അണക്കെട്ടിന്റെ നിർമാണം പൂർത്തിയായി. പിന്നീട് സഞ്ചാരികൾക്കും ദൈനംദിന യാത്രക്കാർക്കുമായി ഈ ട്രെയിൻ സേവനം തുടരുകയായിരുന്നു. ടിക്കറ്റ് ഇല്ലാത്തതിനാൽ തന്നെ ഈ ട്രെയിനിൽ ടിടിഇയും ഇല്ല.

എസ്ബിഐയുടെ യോനോ ആപ്പിൽ വലിയ മാറ്റം; പുതിയ ആൻഡ്രോയിഡ് ഫോൺ ഉണ്ടെങ്കിലെ ഇനി പ്രവർത്തിക്കൂ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്‌ഫോമായ യോനോ പ്രവർത്തിപ്പിക്കാൻ ഇനി പുതിയ ആൻഡ്രോയിഡ് ഫോൺ വേണം. പുതിയ അപ്ഡേറ്റ് വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഉപയോക്താക്കൾ.  ഡിജിറ്റൽ ബാങ്കിങ് സംവിധാനങ്ങൾക്കായി എസ്.ബി.ഐ ഉപയോക്താക്കൾ കൂടുതലായും ആശ്രയിക്കുന്നത് ഈ ഓൺലൈൻ ആപ്ലിക്കേഷനാണ്. എന്നാൽ പുതിയ അപ്ഡേറ്റ് എത്തിയതോടെ ആപ്പിന് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്.  ആൻഡ്രോയിഡ് 11ലും അതിനു താഴെയുള്ള ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിൽ ഇപ്പോൾ ആപ്പ് പ്രവർത്തിക്കുന്നില്ല. ബാങ്കിങ് ആവശ്യങ്ങൾക്കായി ആപ്പിനെ ആശ്രയിക്കുന്ന ഉപയോക്താക്കളെ ഇത് പ്രയാസത്തിലാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിർദേശം എസ്.ബി.ഐ കഴിഞ്ഞ മാസം പുറപ്പെടുവിച്ചിരുന്നു. ആൻഡ്രോയിഡ് 11ൽ താഴെയുള്ള ഫോണുകൾക്ക് സുരക്ഷ നൽകാൻ കഴിയില്ലെന്ന കണ്ടെത്തലാണ് മാറ്റത്തിന് കാരണം. കൂടാതെ മെച്ചപ്പെട്ട സുരക്ഷയും സുതാര്യമായ പ്രവർത്തനവും ആപ്പിന്റെ പ്രകടനവും മെച്ചപ്പെടുത്തുന്നത് കൂടി ലക്ഷ്യംവച്ചാണ് യോനോ ആപ്പിന് പുതിയ അപ്ഡേറ്റ് കൊണ്ടുവരുന്നത്. ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പ്. പുതിയ പതിപ്പിൽ ആപ്പ് പ്രവർത്തിപ്പിച്ചാൽ മാത്രമാണ് സാമ്പത്തിക വിനിമയത്തിലെ സുരക്ഷ ഉറപ്പാക്കാനാവുകയെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പുതിയ മാറ്റത്തോടെ യോനോ ആപ്പ് ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ് പലരും. 

പരീക്ഷയില്ല! വൻ ശമ്പളത്തോടെ കേന്ദ്ര സർക്കാർ ജോലി നേടാം; ഈ മാസം 30 വരെ അപേക്ഷക്കാം.

കേന്ദ്ര സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ട്രെയിനി തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ന് മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുന്നത്. ഈ തസ്‌തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് എഴുത്ത് പരീക്ഷയിലൂടെ ആയിരിക്കില്ല. ഏപ്രിൽ 30 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

അപേക്ഷിക്കുന്നവരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കും. നിലവിൽ 400 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌‌തിട്ടുള്ളത്. തിരഞ്ഞെടുക്കുന്നവർക്ക് പരിശീലന കാലം പൂർത്തിയാക്കിയ ശേഷം പ്രൊമോഷൻ ഉൾപ്പെടെയുണ്ടാകും. ഈ ജോലിയിൽ പ്രവേശിക്കുന്നവർക്ക് കരിയർ വളർച്ചയ്‌ക്കും വികസനത്തിനും മികച്ച അവസരങ്ങൾ ലഭിക്കുമെന്നാണ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ളത്.

“npcilcareers.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഗേറ്റ് 2023, 2024, 2025 സ്‌കോറുകൾ നേടിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഇതിൽ അപേക്ഷകൾ സമർപ്പിക്കാൻ അർഹതയുള്ളു. 2022നോ അതിന് മുൻപോ ഉള്ള ഗേറ്റ് സ്‌കോറുകൾ ഇതിനായി പരിഗണിക്കില്ല. ജനറല്‍ / ഇ ഡബ്ല്യു എസ് / ഒബിസി വിഭാഗങ്ങളിൽപ്പെട്ട പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ 500 രൂപയും ബാധകമായ ബാങ്ക് ചാര്‍ജുകളും ഉള്‍പ്പടെയുള്ള അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. അപേക്ഷാ ഫീസ് ഇന്ന് (ഏപ്രിൽ പത്ത് ) രാവിലെ മുതൽ ഏപ്രിൽ 30 വൈകിട്ട് നാല് മണിവരെ അടയ്‌ക്കാവുന്നതാണ്. എസ് സി/എസ് ടി, ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ളവര്‍, മുന്‍ സൈനികര്‍, ഡിഒഡിപികെഐഎ, വനിതാ ഉദ്യോഗാര്‍ത്ഥികള്‍, എന്‍ പി സി ഐ എല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസില്ല.

ആകർഷകമായ വിലക്കിഴിവും കിടിലൻ ഓഫറുകളും; സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ

“വിഷു- ഈസ്റ്റർ ഉത്സവകാലത്ത് വിപണി വില നിയന്ത്രിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാൻ കൺസ്യൂമർഫെഡും സപ്ലൈകോയും ഒരുങ്ങി.

ഏപ്രിൽ 12 മുതൽ 21 വരെ കൺസ്യൂമർ ഫെഡിൻ്റെ വിഷു ഈസ്റ്റർ സബ്സിഡി വിപണി പ്രവർത്തിക്കും.14 ജില്ലാ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ആകെ 170 വിപണ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുക. അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, മുളക്, വെളിച്ചെണ്ണ തുടങ്ങി നിത്യോപയോഗ സാധങ്ങൾക്ക് സബ്‌സിഡി ലഭിക്കും.പൊതു വിപണിയിൽ 1605 രൂപയിലധികം വില വരുന്ന സാധനങ്ങൾ 1136 രൂപയ്ക്കാണ് കൺസ്യുമർ ഫെഡ് വഴി ലഭ്യമാക്കുന്നത്. വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 11 ന് തിരുവനന്തപുരം സ്റ്റാച്യുവിൽ മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും.

ഏപ്രിൽ 10 മുതൽ 19 വരെ സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും സപ്ലൈകോ വിഷു– ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കും. സബ്സിഡി സാധനങ്ങൾക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും നൽകുന്നുണ്ട്. മിതമായ നിരക്കിൽ ഗുണമേന്മയുള്ള സാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.

നാളെമുതൽ 23 വരെ കേരളത്തിൽ നിഴലില്ലാത്ത 
ദിവസങ്ങൾ.

സൂര്യൻ നിഴലില്ലാത്ത ദിവസങ്ങൾ സമ്മാനിക്കുന്ന അത്ഭുതപ്രതിഭാസത്തിന്‌ 11 മുതൽ 23 വരെ കേരളം സാക്ഷിയാകും. വെള്ളിയാഴ്‌ച തിരുവനന്തപുരത്ത്‌ ദൃശ്യമാകുന്ന പ്രതിഭാസം 23ന്‌ കാസർകോട്‌ അവസാനിക്കും. കൊച്ചിയിൽ 15ന്‌ പകൽ 12.25നായിരിക്കും ഈ പ്രതിഭാസം.

സൂര്യൻ കൃത്യമായി തലയ്‌ക്കുമുകളിൽ വരുന്നതിനാലാണ്‌ നിഴൽ ഇല്ലാതാകുന്നത്‌. വർഷത്തിൽ രണ്ടുദിവസം മാത്രമാണിത്‌ സംഭവിക്കുന്നത്‌. ഇതിനെ നിഴലില്ലാ ദിവസങ്ങൾ (സീറോ ഷാഡോ ഡേ) എന്നാണ്‌ വിളിക്കുക. ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടിന്റെ ചരിവും സൂര്യനുചുറ്റുമുള്ള ഭ്രമണവും ചേർന്നാണിത് ഒരുക്കുന്നത്. ഇന്ത്യയിലിത്‌ ഏപ്രിലിലും ആഗസ്‌തിലുമാണ്.

ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, പരിഷത്ത്‌ യുവസമിതി എന്നിവയുടെയും സ്‌കൂളുകളിൽ ശാസ്‌ത്രക്ലബ്ബുകളുടെയും നേതൃത്വത്തിൽ ഈ ദിവസങ്ങളിൽ ഭൂമിയുടെ ചുറ്റളവ്‌ അളക്കാറുണ്ട്‌. നിഴലുള്ള സ്ഥലങ്ങളിലെ നിഴലിന്റെ നീളവും അവിടെ നിന്ന് നിഴലില്ലാ സ്ഥലങ്ങളിലേക്കുള്ള ദൂരവും ഉപയോഗിച്ചാണിത്‌.

പാമ്പൻ പാലം മാത്രമല്ല! രാമേശ്വരം യാത്രയിൽ മിസ്സാക്കാൻ പാടില്ലാത്ത 5 സ്ഥലങ്ങൾ ഇതാ.

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പുരാതനമായ പട്ടണമാണ് രാമേശ്വരം. രാമായണത്തിലൂടെ പ്രശസ്തമായ രാമേശ്വരം പ്രകൃതി സ്നേഹികളെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും ആകർഷിക്കുന്ന മനോഹരമായ സ്ഥലമാണ്. വിശ്വാസികളും വിനോദ സഞ്ചാരികളും ഒരുപോലെ ഇവിടേയ്ക്ക് എത്താറുണ്ട്. പ്രശസ്തമായ ഹിന്ദു തീർത്ഥാടന കേന്ദ്രമായ രാമേശ്വരത്താണ് പാമ്പൻ പാലവും ശ്രീരാമനാഥ ക്ഷേത്രവുമെല്ലാം സ്ഥിതി ചെയ്യുന്നത്.


കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാമ്പൻ പാലം രാജ്യത്തിന് സമർപ്പിച്ചതോടെ വരും ദിവസങ്ങളിൽ ഇവിടേയ്ക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്താനുള്ള സാധ്യതയുണ്ട്. അത്തരത്തിൽ രാമേശ്വരം സന്ദർശിക്കാൻ നിങ്ങൾക്കും പ്ലാൻ ഉണ്ടെങ്കിൽ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത 5 സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

1) കലാം നാഷണൽ മെമ്മോറിയൽ

അന്തരിച്ച രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം പ്രവർത്തിച്ചിരുന്ന ഡി.ആർ.ഡി.ഒ. ആണ് കലാം നാഷണൽ മെമ്മോറിയൽ സ്ഥാപിച്ചത്. ഇന്തോ-മുഗൾ വാസ്തുവിദ്യകളുടെ നേർക്കാഴ്ച ഇവിടെ കാണാം. 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ സ്മാരകം ഉദ്ഘാടനം ചെയ്തത്. ഇവിടെ അഗ്നി മിസൈലിന്റെ ഒരു മാതൃകയും ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ അപൂർവ ഫോട്ടോഗ്രാഫുകളും ഏകദേശം 1,000 പെയിന്റിംഗുകളുമുണ്ട്. സ്മാരകത്തിന് ചുറ്റും മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയുമാണ് പ്രവർത്തന സമയം. ഇവിടെ എത്തുന്നവർ ഫോട്ടോകൾ എടുക്കുന്നതിന് മുമ്പ് അനുമതി തേടേണ്ടതാണ്.

2) ഗന്ധമാദന പർവതം

രാമായണത്തിൽ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ഗന്ധമാദന പർവതം. ധാരാളം ഭക്തർ ഒഴുകിയെത്തുന്ന രാമേശ്വരത്തെ പ്രാചീനമായ ആരാധനാലയങ്ങളിലൊന്ന് ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഗന്ധമാദന പർവ്വതം രാമപഥം എന്നും അറിയപ്പെടുന്നു. ശ്രീ രാമനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് 3 കി.മീ അകലെയാണ് ഗന്ധമാദന പ‍ർവതം സ്ഥിതി ചെയ്യുന്നത്. ശ്രീരാമൻറെ കാൽപ്പാട് ഇവിടെ പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. രാമേശ്വരത്തെ ഏറ്റവും ഉയരമുള്ള പ്രദേശമായ ഇവിടെ നിന്ന് ശ്രീരാമൻ സീതയെ അന്വേഷിച്ചുവെന്നും പുരാണങ്ങളിൽ പറയുന്നു. 


3) ശ്രീ രാമനാഥ സ്വാമി ക്ഷേത്രം

രാമേശ്വരത്തെ പ്രശസ്തമായ ആരാധനാലയമാണ് ശ്രീ രാമനാഥ സ്വാമി ക്ഷേത്രം. ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണ്. രാമനാഥസ്വാമി ക്ഷേത്രം വാസ്തുവിദ്യകളുടെ അത്ഭുത സൃഷ്ടിയാണ്. ഇവിടെയുള്ള ഗോപുരങ്ങൾ, അമ്പരപ്പിക്കുന്ന ശിൽപ്പ കലകൾ, നീണ്ട ഇടനാഴികൾ എന്നിവ ലോകപ്രശസ്തമാണ്. ക്ഷേത്രത്തിനുള്ളിൽ 22 തീർത്ഥങ്ങൾ (പവിത്രമായ ജലാശയങ്ങൾ) ഉണ്ട്. അവിടെ കുളിച്ചാൽ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തമാകുമെന്നാണ് വിശ്വാസം. 


രാവണനെ വധിച്ച ശേഷം പ്രായശ്ചിത്തമായി ശിവനെ ആരാധിക്കാൻ ശ്രീരാമൻ ആഗ്രഹിച്ചെന്നും ഇതിനായി കാശിയിൽ നിന്ന് ഒരു ശിവലിംഗം കൊണ്ടുവരാൻ ശ്രീരാമൻ ഹനുമാനോട് ആവശ്യപ്പെട്ടെന്നും പുരാണങ്ങളിൽ പറയുന്നു. ഹനുമാൻ വരാൻ വൈകിയപ്പോൾ ശിവനെ ആരാധിക്കാൻ ശ്രീരാമന് വേണ്ടി സീതാദേവി മണൽ കൊണ്ട് ഒരു ശിവലിംഗം നിർമ്മിച്ചെന്നും രാമലിംഗം എന്നറിയപ്പെടുന്ന അതേ ശിവലിംഗമാണ് ഇവിടെ ഇപ്പോഴും ആരാധിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു. 

“4) രാമസേതു

രാമായണത്തിൽ ഏറ്റവും പ്രധാനമായ ഒന്നാണ് രാമസേതു. സീതാദേവിയെ രാവണൻറെ പക്കൽ നിന്ന് മോചിപ്പിക്കാൻ ശ്രീരാമനും അദ്ദേഹത്തിന്റെ വാനര സൈന്യവും ശ്രീലങ്കയിലേയ്ക്ക് പോകാനായി നിർമ്മിച്ച പാലമായാണ് രാമസേതു പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നത്. 48 കിലോ മീറ്റർ നീളമുള്ള ഈ പാലം പ്രകൃതിദത്തമായ ചുണ്ണാമ്പുകല്ലുകളാലാണ് നിർമ്മിച്ചിരിക്കുന്നത്. വാൽമീകിയുടെ രാമായണത്തിൽ ഈ പാലത്തെ സേതുബന്തൻ എന്നാണ് വിശേഷിപ്പിക്കുന്നത്. 1480 വരെ രാമസേതു സമുദ്രനിരപ്പിന് മുകളിലായിരുന്നു എന്നാണ് ഇവിടുത്തെ ക്ഷേത്രരേഖകൾ സൂചിപ്പിക്കുന്നത്. പ്രകൃതിദുരന്തങ്ങൾ കാരണം ഇത് പിന്നീട് കടലിൽ മുങ്ങിപ്പോകുകയായിരുന്നുവത്രേ. ആദംസ് ബ്രിഡ്ജ് അഥവാ ആദാമിൻറെ പാലം എന്നും ഇത് അറിയപ്പെടുന്നു. 

5) പാമ്പൻ പാലം

പാമ്പൻ ദ്വീപിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ കടൽ പാലമാണ്. കാലങ്ങളായി, പാമ്പൻ ദ്വീപും ഇന്ത്യയും തമ്മിലുള്ള ഏക ഗതാഗത ശൃംഖലയായിരുന്നു ഇത്. 1870കളിൽ ബ്രിട്ടീഷ് സർക്കാർ ശ്രീലങ്കയിലേക്കുള്ള വ്യാപാര ബന്ധം വികസിപ്പിക്കാൻ തീരുമാനിച്ചപ്പോഴാണ് പാമ്പൻ റെയിൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഏകദേശം 2.2 കിലോമീറ്റർ നീളവും 143 തൂണുകളുമുള്ള ഈ പാലം 1914ലാണ് ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്. 


21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പഴയ പാമ്പൻ പാലത്തിന് ആധുനിക ഗതാഗതത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല. ഇതോടെയാണ് പുതിയ പാലം നിർമ്മിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. പുതിയ പാലത്തിലൂടെ അതിവേഗ ട്രെയിനുകൾക്കും സഞ്ചരിക്കാൻ കഴിയും എന്നതാണ് സവിശേഷത. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ പാമ്പൻ പാലത്തിന് പഴയ പാലത്തേക്കാൾ 3 മീറ്റർ ഉയരം കൂടുതലാണ്.

Verified by MonsterInsights