ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം അടച്ചിടും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍നിന്നു ലഭ്യമാണെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ചരിത്രത്തിലാദ്യം…ട്രെയിനുകളുടെ കോച്ച് നിർമാണത്തിൽ പുത്തൻ റെക്കോർഡിട്ട് ഇന്റഗ്രൽ കോച്ച് ഫാക്ടറി.

ട്രെയിനുകളുടെ കോച്ചുനിര്‍മാണത്തില്‍ സര്‍വകാല റെക്കോഡിട്ട് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി. കഴിഞ്ഞ വര്‍ഷം 3,007 കോച്ചുകളാണ് ഇവിടെ നിര്‍മിച്ചത്. ചരിത്രത്തില്‍ ആദ്യമാണ് എണ്ണം 3,000 കടക്കുന്നത്. 2024 ഏപ്രില്‍ ഒന്നുമുതല്‍ കഴിഞ്ഞ മാസം 31വരെയുള്ള കണക്കാണിത്. വന്ദേഭാരത് സ്ലീപ്പര്‍, ചെയര്‍കാര്‍, എമു, മെമു എന്നിവയ്ക്ക് വേണ്ടിയുള്ള 1,169 കോച്ചുകളും 1,838 എല്‍.എച്ച്.ബി കോച്ചുകളുമാണ് ഇതിലുള്ളത്. 2023-24 വര്‍ഷം 2,829 കോച്ചുകളാണ് നിര്‍മിച്ചത്. 

വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ ആദ്യമായി നിര്‍മിച്ചതും കഴിഞ്ഞവര്‍ഷത്തെ ഐ.സി.എഫിന്റെ പ്രധാനനേട്ടമായി ചൂണ്ടിക്കാണിക്കുന്നു. 16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പര്‍ റേക്കാണ്  നിര്‍മിച്ചത്. വന്ദേഭാരത് സ്ലീപ്പറിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ വര്‍ഷം പുറത്തിറങ്ങും. ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതായും ഐ.സി.എഫ് അധികൃതര്‍ പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായി എട്ട് ട്രഷറി വാന്‍ കോച്ചുകളും നിര്‍മിച്ചു. അതിസുരക്ഷ ആവശ്യമുള്ള സാധനങ്ങള്‍ കൊണ്ടുപോകാനാണ് ട്രഷറി വാന്‍കോച്ചുകള്‍. ആദ്യത്തെ നമോ ഭാരത് റാപ്പിഡ് റെയിലിന്റെ നിര്‍മാണവും ഐ.സി.എഫിലായിരുന്നു. ഈ ട്രെയിനുകളുടെ കൂടുതല്‍ റേക്കുകളുടെ നിര്‍മാണവും ഐ.സി.എഫില്‍ ഉടന്‍ ആരംഭിക്കും. 

അതേസമയം, ഇന്ത്യന്‍ റെയില്‍വേ കോച്ച് നിര്‍മാണത്തില്‍ ഒൻപത് ശതമാനം വളര്‍ച്ച കൈവരിച്ചു.
7,134 കോച്ചുകളാണ് കഴിഞ്ഞവര്‍ഷം നിര്‍മിച്ചത്. ഇതില്‍ കൂടുതല്‍ കോച്ചുകള്‍ നോണ്‍ എ.സി കോച്ചുകളാണെന്ന പ്രത്യേകതയുമുണ്ട്. ഐ.സി.എഫിന് പുറമെ പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള റെയില്‍ കോച്ച് ഫാക്ടറിയില്‍ 2,102 കോച്ചുകളുടേയും, ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള മോഡേണ്‍ കോച്ച് ഫാക്ടറിയില്‍ 2025 കോച്ചുകളും കഴിഞ്ഞ വര്‍ഷം നിര്‍മിച്ചു.

തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടിയേക്കും.

 പുതിയ പാമ്പൻ പാലം തുറന്നതേ‍ാടെ തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് ട്രെയിൻ രാമേശ്വരത്തേക്കു നീട്ടിയേക്കും. ട്രെയിനിന്റെ സമയത്തിൽ ചെറിയ മാറ്റം വരുന്നതിനൊപ്പം കേ‍ാച്ചുകളുടെ വർധനയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്ക് 12.30ന് രാമേശ്വരത്ത് എത്തുന്ന രീതിയിലായിരിക്കും സർവീസ് എന്നാണു വിവരം. ട്രെയിൻ നീട്ടാൻ നേരത്തേതന്നെ നിർദേശം ഉണ്ടെങ്കിലും ഉത്തരവും പുതിയ സമയക്രമവും പുറത്തിറങ്ങണം.
രാമേശ്വരത്ത് എത്തുന്ന അമൃത, അവിടെ നിന്നു രാമേശ്വരം – ചെന്നൈ ട്രെയിനായും, ചെന്നൈയിൽ നിന്നു രാമേശ്വരത്ത് എത്തുന്ന ട്രെയിൻ അമൃതയായി തിരുവനന്തപുരത്തേക്കുമുള്ള സർവീസാണ് പരിഗണനയിൽ. പുലർച്ചെ അഞ്ചിന് അമൃതയിൽ പാലക്കാട്ടു നിന്നു കയറിയാൽ പന്ത്രണ്ടരയ്ക്ക് രാമേശ്വരത്തെത്തി പിറ്റേ ദിവസം ഒന്നരയ്ക്കുള്ള തിരുവനന്തപുരം അമൃതയ്ക്കു മടങ്ങാമെന്ന സൗകര്യമുണ്ടാകും. കേ‍ാച്ച് കൂട്ടുന്നതേ‍ാടെ വരുമാനവും വർധിക്കും. നേരത്തേ അനുവദിച്ച മംഗളൂരു – രാമേശ്വരം വീക്ക്‌ലി എക്സ്പ്രസിന്റെ സർവീസിനും പാലം ഉദ്ഘാടനത്തേ‍ാടെ വഴി തെളിഞ്ഞു. അതു ദൈനംദിന സർവീസാക്കണം എന്നാണ് ആവശ്യം.

പാലക്കാട് – രാമേശ്വരം രാത്രിട്രെയിൻ വേണമെന്ന ആവശ്യം ശക്തമാണ്. പാലക്കാട് ഡിവിഷൻ നേരത്തേ ഇതിനു ശുപാർശ ചെയ്തിരുന്നു. പെ‍ാള്ളാച്ചിപ്പാത നവീകരണത്തിന്റെ പേരിൽ നിർത്തലാക്കിയ പാലക്കാട് – രാമേശ്വരം രാത്രി സർവീസും രണ്ടു മധുര ട്രെയിനുകളും പുനഃസ്ഥാപിക്കാൻ റെയിൽവേ തയാറായിട്ടില്ല. അതേസമയം, കേ‍ായമ്പത്തൂർ – രാമേശ്വരം പുതിയ ട്രെയിനിനായി തമിഴ്നാട് കേന്ദ്ര സർക്കാരിനു കത്തു നൽകി. നിലവിൽ കേ‍ായമ്പത്തൂരിൽ നിന്ന് ഈറേ‍ാഡ് വഴി ആഴ്ചയിലെ‍ാരിക്കൽ രാമേശ്വരം സർവീസുണ്ട്. കേരളത്തിൽ നിന്നുള്ളവരാണ് ഈ ട്രെയിൻ കൂടുതൽ ഉപയേ‍ാഗിക്കുന്നത്. പാമ്പൻ പാലത്തിൽ ഗതാഗതം തുടങ്ങിയതേ‍ാടെ ദക്ഷിണ മേഖലയിൽ കൂടുതൽ സാംസ്കാരിക – ആധ്യാത്മിക ടൂറിസം സർവീസുകൾ അധികൃതരും പ്രതീക്ഷിക്കുന്നുണ്ട്. രാമേശ്വരത്ത് എട്ടു ട്രെയിനുകളുടെ സർവീസിനും അറ്റകുറ്റപ്പണിക്കും സൗകര്യമുള്ള പിറ്റ് ലൈനും സിഗ്നൽ സംവിധാനവും ഉള്ളതിനാൽ സാങ്കേതിക, ഗതാഗത പ്രശ്നങ്ങളുണ്ടാകില്ലെന്നതും നേട്ടമാണ്.

ജര്‍മ്മനിയില്‍ നഴ്‌സുമാരുടെ ഒഴിവുകള്‍; നോര്‍ക്ക വഴി റിക്രൂട്ട്‌മെന്റ്; ഏപ്രില്‍ 14 വരെ അപേക്ഷിക്കാം.

ജര്‍മ്മനിയില്‍ നഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ഏപ്രില്‍ 14 വരെ നീട്ടി. നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ നഴ്‌സുമാരുടെ (ഹോസ്പിറ്റല്‍) 250 ഒഴിവുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് ലിങ്ക് വഴി (സ്‌ക്രോളിങ്) അപേക്ഷ നല്‍കാവുന്നതാണ്.

“യോഗ്യതകള്‍ അറിയാം

ബി.എസ്.സി/ജനറല്‍ നഴ്‌സിംഗ് ആണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി.എസ്.സി യോഗ്യതയുളളവര്‍ക്ക് തൊഴില്‍ പരിചയം ആവശ്യമില്ല. എന്നാല്‍ ജനറല്‍ നഴ്‌സിങ് പാസായവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. ഉയര്‍ന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ് കവിയരുത്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കുള്ള അഭിമുഖം മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.


ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും

കുറഞ്ഞ പ്രതിമാസ ശമ്പളം 2,300 യൂറോയും രജിസ്റ്റേര്‍ഡ് നഴ്‌സ് തസ്തികയില്‍ പ്രതിമാസം 2,900 യൂറോയുമാണ്. പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒന്‍പത് മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണമായി സൗജന്യമാണ്. ജര്‍മ്മനിയില്‍ നിയമനത്തിനു ശേഷം ബി.2 ലെവല്‍ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാന്‍സില്‍ എ2 അല്ലെങ്കില്‍ ബി1 പാസാവുന്നവര്‍ക്ക് 250 യൂറോ ബോണസിനും അര്‍ഹതയുണ്ട്. രജിസ്റ്റേര്‍ഡ് നഴ്‌സ് ആകുന്ന സമയത്ത് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്.

നോര്‍ക്കയില്‍ ബന്ധപ്പെടാം

കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയിലോ ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ്-തിരുവനന്തപുരം പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ സി. മണിലാല്‍ അറിയിച്ചു.

വിഷുവിന് ശേഷം കുതിച്ചുയരുന്ന 7 നക്ഷത്രക്കാർ; കാത്തിരിക്കുന്നത് രാജകീയ നേട്ടങ്ങൾ

വിഷുവിന് ശേഷം ചില നാളുകാരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലമാണ്.

ഇക്കൂട്ടരുടെ ജീവിതത്തിലുണ്ടായിരുന്ന തടസ്സങ്ങൾ എല്ലാം നീങ്ങി ജീവിതം മെച്ചപ്പെടും. ജനനസമയപ്രകാരം ഫലാനുഭവങ്ങളിൽ വ്യത്യാസം വരാമെങ്കിലും ഈ ഏപ്രിൽ 14 മുതൽ പൊതുവെ അനുകൂല കാലമാണ് വരാനിരിക്കുന്നത്.

ഭരണി:ഭരണി ഭദ്രകാളി പ്രധാനമായ നക്ഷത്രമാണ്. ഈ കാലയളവിൽ സ്വപ്രയത്നത്താലുളള ഫലാനുഭവങ്ങൾ കൂടുതലായിരിക്കും . ഗണിത ശാസ്ത്രം, കാർഷികമേഖല, രാഷ്ട്രിയം, വ്യാപാരം, പ്രഭാഷകൻ, ആരോഗ്യ മേഖല എന്നിവയിൽ ശോഭിക്കാം. മറ്റുളളവർക്ക് തോന്നാത്ത പല ആശയങ്ങളും ഇവരുടെ ബുദ്ധിയിലുദിക്കുകയും അതു പ്രകടിപ്പിക്കുകയും അത് അനുസരിച്ച് പുതിയ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യും.

പൂയം:ആരോഗ്യവും അഭിവൃദ്ധിപ്പെടും. കുടുംബാഭിവൃദ്ധിക്കുവേണ്ടി അദ്ധ്വാനിക്കും, ജോലിയും വരുമാനവും ഇക്കാലത്തുണ്ടാകും. പ്രതിബന്ധങ്ങളെ തളളി നീക്കി ലക്ഷ്യപ്രാപ്തിയിലെത്തും. ഈ നക്ഷത്രക്കാർക്ക് ശാസ്ത്രസാങ്കേതിക വിഷയങ്ങൾ, ആരോഗ്യമേഖല, പ്രഭാഷണം ഇവയിൽ ശോഭിക്കാൻ കഴിയും. ജനിച്ച വീട്ടിൽ നിന്നു മാറുവാനും സൗഭാഗ്യപൂർണമായ ജീവിതത്തിനും ഇക്കാലത്ത് യോഗമുണ്ട്.”

ആയില്യം:കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. വ്യത്യസ്തമായ കർമപഥങ്ങളിൽ ഏർപ്പെടാനുള്ള അവസരം വന്നു ചേരും. ലക്ഷ്യപ്രാപ്തിയിലെത്താൻ പല തരത്തിലുള്ള ക്ലേശങ്ങൾ അലട്ടുമെങ്കിലും സാമ്പത്തികമായി ഉയർന്ന നിലയിൽ എത്തും. സർപ്പപ്രീതികരമായ കർമങ്ങളും പ്രാർഥനകളും നടത്തുന്നത് അഭിവൃദ്ധി നൽകുമെന്നാണ് വിശ്വാസം.

ഉത്രം:സ്വന്തം നിലപാടിൽ ഉറച്ചുനിന്നു  ഏകാഗ്രതയോടും ദീർഘവീക്ഷണത്തോടെയും കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ഉദ്യോഗത്തില്‍ ഉയർന്ന സ്ഥാനം , അംഗീകാരം എന്നിവ  ലഭിക്കാം. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. സാഹിത്യം, കല, കായികം, വൈജ്ഞാനികം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങളും പ്രോത്സാഹനവും ഉണ്ടാകും.

അനിഴം: പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ ആത്മപ്രചോദനമുണ്ടാകും. മുടങ്ങിക്കിടന്ന സംരംഭങ്ങൾ പുനരാരംഭിക്കാൻ സാധിക്കും . ഭൂമി ക്രയവിക്രയങ്ങളിലൂടെ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഏറ്റെടുത്ത ദൗത്യം പ്രതീക്ഷിച്ചതിലുപരി ഭംഗിയായി ചെയ്തു തീർക്കുവാൻ സാധിക്കുന്ന കാലമാണ്.


ഉത്രാടം: പുതിയ പദ്ധതികളിൽ പങ്കുചേരുന്നതിലൂടെ  സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം . ജീവിതത്തിലെ ചില പ്രശ്നങ്ങൾക്കു ശാശ്വതമായ പരിഹാരം കണ്ടെതാനാകുന്ന കാലമാണ് . സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. കാർഷിക േമഖലകളിൽ നിന്ന് ആദായം വർധിക്കുവാനിടയുണ്ട്.

ചതയം: ജീവിതത്തിലെ നിർണായകമാറ്റത്തിന്റെ കാലമാണിത്. അലസത മൂലം മാറ്റി വച്ചിരുന്നതോ നീണ്ടുപോയതോ ആയ കർമപദ്ധതികൾ ചിട്ടയോടെ പുനരാരംഭിക്കും. പ്രവർത്തനമേഖലകളിൽ അപ്രതീക്ഷിതമായ  പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും.

രക്തപരിശോധന വേണ്ട, ഇനി നാവ് പരിശോധന.

രക്ത പരിശോധനയ്ക്കു പകരം നാവിന്‍റെ നിറം പരിശോധിച്ച് രോഗനിർണയം നടത്തുന്ന എഐ മോഡലിനെ സൃഷ്ടിച്ചിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ഇറാഖ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ഈ നൂതനമായ കംപ്യൂട്ടർ അൽഗൊരിതം സൃഷ്ടിച്ചിരിക്കുന്നത്.

ഈ എഐ മോഡൽ 98 ശതമാനം രോഗങ്ങളും കൃത്യമായി കണ്ടെത്തി എന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ടെക്നോളജീസ് എന്ന ജേർണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തത്സമയം രോഗനിർണയം നടത്തുന്നതിനും വിലയിരുത്തുന്നതിനുമുള്ള ഒരു മികച്ച സംവിധാനമാണ് ഇതെന്ന് ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

‌ഇറാഖിലെ ബാഗ്ദാദിലെ മിഡിൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ മുതിർന്ന അധ്യാപകനായ അലി അൽ നാജിയും യൂണിവേഴ്സിറ്റി ഒഫ് സൗത്ത് ഓസ്ട്രേലിയയും ചേർന്നാണ് ഈ അൽഗൊരിതം വികസിപ്പിച്ചത്. പ്രമേഹ രോഗികളുടെ നാവിന് മഞ്ഞ നിറം, ക്യാൻസർ രോഗികളുടെ നാവിന് പർപ്പിൾ നിറവും കട്ടിയുള്ള ആവരണവും , ഗുരുതരമായ സ്ട്രോക്ക് രോഗികളുടെ നാവിന് അസാധാരണമായ ആകൃതിയോടു കൂടിയ ചുവന്ന നിറമുള്ള നാവ് എന്നിങ്ങനെയാണ് അവർ നാവിന്‍റെ ആരോഗ്യത്തെ വിലയിരുത്തുന്നത്.

വിളറിയിരിക്കുന്ന നാവ് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന അവസ്ഥയായ വിളർച്ചയെ സൂചിപ്പിക്കുന്നു. കടും ചുവപ്പ് നിറം ഗുരുതരമായ കോവിഡ് 19 ന്‍റെ ലക്ഷണമാകാനും സാധ്യതയുണ്ട്. ഇൻഡിഗോ, അല്ലെങ്കിൽ വയലറ്റ് നിറം വാസ്കുലാർ ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ പ്രശ്നങ്ങൾ അല്ലെങ്കിൽ ആസ്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

രോഗ നിർണയത്തിനു സ്വീകരിച്ചിരിക്കുന്ന നാവ് പരിശോധനയ്ക്ക് പരമ്പരാഗത ചൈനീസ് ചികിത്സാ രീതിയെ മാനദണ്ഡമാക്കിയാണ് അൽ നാജി ഗവേഷണം നടത്തിയത്. 5260 ചിത്രങ്ങളുപയോഗിച്ച് അൽഗൊരിതത്തിന് പരിശീലനം നൽകുകയും മിഡിൽ ഈസ്റ്റിലെ രണ്ട് ആശുപത്രികളിൽ നിന്നുള്ള 60 ചിത്രങ്ങളുപയോഗിച്ച് അത് തെളിയിക്കുകയും ചെയ്തു.

രോഗികളുടെ നാവിൽ നിന്ന് 20 സെന്‍റിമീറ്റർ അകലെ നിന്ന് ഒരു വെബ്ക്യാം ഉപയോഗിച്ച് ചിത്രമെടുക്കുകയാണ് ചെയ്തത്. കൃത്യമായി രോഗനിർണയം നടത്താൻ ഇത് സഹായിച്ചു.

പ്രമേഹം, പക്ഷാഘാതം, വിളർച്ച, ആസ്മ, കരൾരോഗം, പിത്തസഞ്ചിയെ ബാധിച്ച രോഗങ്ങൾ, കോവിഡ് 19 തുടങ്ങിയവ നിർണയിക്കാൻ ഇതു കൊണ്ടു കഴിയും എന്ന് ഗവേഷകർ അറിയിച്ചു.

“എട്ടാം ക്ലാസ്: ഒരു വിഷയത്തിലും ‘ഇ’ ഗ്രേഡിന് മുകളിൽ നേടാത്തവർ 5516; ‘പിന്തുണ’യുമായി വിദ്യാഭ്യാസ വകുപ്പ്.

എട്ടാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ ‘സബ്ജക്ട് മിനിമം’ നേടാത്തവർ 21 ശതമാനം ആണെന്ന് മന്ത്രി വി. ശിവൻകുട്ടി. ആകെ എട്ടാം ക്ലാസ് പരീക്ഷ എഴുതിയ 3,98,181 വിദ്യാർഥികളിൽ ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86,309 ആണ്. എട്ടാം ക്ലാസ്: ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളിൽ നേടാത്തവർ 5516; പിന്തുണ ക്ലാസുമായി വിദ്യാഭ്യാസ വകുപ്പ് ആകെ പരീക്ഷ എഴുതിയ കുട്ടികളിൽ 1.30 ശതമാനം ആണിതെന്നും മന്ത്രി പറഞ്ഞു.

 എട്ടാം ക്ലാസ്: പുനഃപരീക്ഷ കൂടുതൽ വേണ്ടത് ഹിന്ദിക്ക്

എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ ഏപ്രിൽ ഏഴിന് രക്ഷിതാക്കളെ അറിയിക്കുകയും ഈ കുട്ടികൾക്ക് ഏപ്രിൽ എട്ടു മുതൽ 24 വരെ അധിക പിന്തുണ ക്ലാസുകൾ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. ഇത്തരം ക്ലാസുകൾ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ആയിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ മാത്രം വിദ്യാർഥികൾ അധിക പിന്തുണ ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷയും ഏപ്രിൽ 30ന് ഫലപ്രഖ്യാപനവും നടത്തും.

ഓരോ ജില്ലയിലും പിന്തുണ ക്ലാസുകൾ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കി. ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസുകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

എൽപി, യുപി സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും സൗജന്യ കൈത്തറി യൂണിഫോം വിതരണം.

സ്‌കൂള്‍ തുറക്കും മുമ്പ് അടുത്ത അധ്യയന വര്‍ഷത്തിനായി യൂണിഫോം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒന്നുമുതല്‍ എട്ടുവരെയുള്ള 13.16 ലക്ഷം കുട്ടികള്‍ക്ക് 600 രൂപ വീതം നല്‍കുന്നതിനായി 79.01 കോടി രൂപ അനുവദിച്ചതായി അദ്ദേഹം വ്യക്തമാക്കി.

യൂണിഫോം വിതരണം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും എന്നിങ്ങനെ രണ്ട് ഘടകങ്ങളിലായാണ് നടപ്പാക്കുന്നത്. എല്‍പി, യുപി സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നുമുതല്‍ നാലുവരെയുള്ള എയ്ഡഡ് എല്‍പി സ്‌കൂളുകളിലും കൈത്തറി വകുപ്പിന്റെ മുഖേന കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നുണ്ട്. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്നും മന്ത്രി  അറിയിച്ചു.

ചക്രവാതചുഴി രൂപപ്പെട്ടു, വേനലിലെ ആദ്യ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നു; 11 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത. മധ്യ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോര മേഖലയിയിലുമാണ് കൂടുതൽ മഴ സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

അതിനിടെ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദ സാധ്യതയും രൂപപ്പെട്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് ന്യൂന മർദ്ദം രൂപപ്പെടുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാത ചുഴി സീസണിലെ ആദ്യ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് വ്യക്തമാകുന്നത്.

യെല്ലോ അലർട്ട് 06/04/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (06/04/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; നാളെ (07/04/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (06/04/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശമ്പളം ഒന്നര ലക്ഷം വരെ; ബിരുദമുളളവർക്ക് പരീക്ഷ എഴുതാതെ ബാങ്ക് ഉദ്യോഗസ്ഥരാകാം, അപേക്ഷിക്കാൻ ദിവസങ്ങൾ മാത്രം.

ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ (ഐഡിബിഐ) വിവിധ തസ്തികകളിൽ ജോലി നേടാൻ ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം. സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയയിലെ വിവിധ ഒഴിവുകളിലേക്കാണ് നിയമനം. താൽപര്യമുളളവർ ഐഡിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ( idbibank.in) പ്രവേശിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 119 ഒഴിവുകളാണ് ഉളളത്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവ‌ർക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കാനുളള അവസരം ഇന്നുമുതൽ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 20 ആണ് അവസാന തീയതി.
അപേക്ഷ സമർപ്പിക്കുന്നതിന് മുന്നോടിയായി ഉദ്യോഗാർത്ഥികൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിങ്ങൾ സമർപ്പിച്ച അനുബന്ധ രേഖകൾ പരിശോധിക്കുന്നതാണ് തിരഞ്ഞെടുക്കൽ പ്രക്രിയയിലെ അവസാനഘട്ടം. പ്രവർത്തനപരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ശമ്പളം

1. ഡെപ്യൂട്ടി ജനറൽ മാനേജർ- 1,14,220 രൂപ മുതൽ 1,20,940 രൂപ വരെ

2. അസിസ്റ്റന്റ് ജനറൽ മാനേജർ- 85,920 രൂപ

3. മാനേജർ – 64,820 രൂപ മുതൽ 93,960 രൂപ വരെ.


ഫീസ്
ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം നിശ്ചിത ഫീസും അടയ്‌ക്കേണ്ടതാണ്. എസ് സി അല്ലെങ്കിൽ എസ് ടി വിഭാഗത്തിലുളളവർ 250 രൂപയാണ് അപേക്ഷാ ഫീസായി അടയ്‌ക്കേണ്ടത്. ജനറൽ,ഇ ഡബ്ല്യൂ എസ്. ഒ ബി സി വിഭാഗത്തിലുളളവർ 1,050 രൂപയാണ് ഫീസായി അടയ്‌ക്കേണ്ടത്.

പ്രായപരിധി

35നും 45നും ഇടയിൽ പ്രായമുളളവരാണ് ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്, 28നും 40നും ഇടയിൽ പ്രായമുളളവരാണ് അസിസ്റ്റന്റ് ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. മാനേജർ തസ്തികയിൽ അപേക്ഷിക്കേണ്ടവരുടെ പ്രായപരിധി 25നും 35നും ഇടയിലാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ( https://www.idbibank.in/pdf/careers/Recruitment-of-Spl-Officer-2025-26.pdf ) പ്രവേശിക്കാവുന്നതാണ്.

Verified by MonsterInsights