വിസാറ്റിൽ അഡ്മിഷൻ ആരംഭിച്ചു.

വിസാറ്റിൽ അഡ്മിഷൻ ആരംഭിച്ചു ഇലഞ്ഞി :വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിന് കീഴിൽ പ്രവർത്തിക്കുന്ന വിസാറ്റ് എൻജിനീയറിങ് കോളേജ്, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നി സ്ഥാപനങ്ങളിൽ അഡ്മിഷൻ ആരംഭിച്ചു. എൻജിനീയറിങ് കോളേജിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (DS), കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് (AI & ML), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിൽ ബി ടെക് കോഴ്സുകളും അതോടൊപ്പം, പൈത്തൺ, റോബോട്ടിക്സ് , IOT, EV, ഓട്ടോകാഡ്, LSSGB, സൈബർ സെക്യൂരിറ്റി, സോളിഡ് വർക്സ് , ANSYS എന്നീ ആഡ് ഓൺ പ്രോഗ്രാമുകളാണ് ഓഫർ ചെയ്യുന്നത്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബികോം, ബിബിഎ, ബിസിഎ തുടങ്ങിയ നാലുവർഷം ഓണേഴ്സ് പ്രോഗ്രാമുകൾ ഉണ്ട് .ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മന്റ്, റ്റാലി പ്രൈം, ACCA, ഏവിയേഷൻ തുടങ്ങിയ ആഡ് ഓൺ കോഴ്സുകളും ഡിഗ്രിയോടൊപ്പം പഠിക്കാം. പരിസ്ഥിതി സൗഹാർദ്ദ ക്യാമ്പസ് ,100% പ്ലേസ്മെന്റ്, NCC, NSS ,ഹോസ്റ്റൽ സൗകര്യം, കോളേജ് ബസുകൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ 8330031888,8330033888

സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

916 ഹാൾമാർക്ക് എന്താണെന്ന് മനസ്സിലാക്കു.
പലപ്പോഴും സ്വർണം വാങ്ങുമ്പോൾ കേൾക്കുന്ന ഒന്നാണ് 916 സ്വർണം വാങ്ങണമെന്നുള്ളത്. 22-കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച ആഭരണങ്ങളായിരിക്കും ഇവ. എന്നാൽ 916 മാത്രം കണ്ട് തൃപ്തിപ്പെടരുത്, എന്നാൽ മുഴുവൻ ഹാൾമാർക്കിംഗും പരിശോധിക്കുക.

ബിഐഎസ് ഹാൾമാർക്കിംഗ്

സ്വര്ണാഭരണങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അഥവാ ബിഐഎസ് ഹാൾമാർക്കിംഗ് നിര്ബന്ധമാണ്. 4 കാര്യങ്ങൾ നിർബന്ധമായും ഈ ആഭരങ്ങളിൽ ഉണ്ടായിരിക്കണം.

1. ബിഐഎസ് ലോഗോ ഉള്ള ആഭരണങ്ങൾ ബിഐഎസ് മാനദണ്ഡങ്ങൾക്കനുസൃതമായാണ് ആഭരണങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നു.
2. 916 (22K) / 750 (18K) / 585 (14K) എന്നിവ സ്വർണത്തിന്റെ പരിശുദ്ധിയെ സൂചിപ്പിക്കുന്നു.
3. ജ്വല്ലറിയുടെ ഐഡൻ്റിഫിക്കേഷൻ മാർക്ക് അല്ലെങ്കിൽ അത് വാങ്ങുന്ന കടയുടെ കോഡ്.
4. ഹാൾമാർക്കിംഗ് സെൻ്റർ കോഡ്, അതായത് ആഭരണങ്ങൾ എവിടെയാണ് പരിശുദ്ധി അളന്നത് എന്നുള്ള കോഡ്.

“സാദാരണയായി സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ നൽകേണ്ടത് സ്വർണത്തിന്റെ വില മാത്രമല്ല. പണിക്കൂലി എത്രയാണെന്നും അത് എത്ര ശതമാനമാണെന്നും ഉറപ്പുവരുത്തുക. പണിക്കൂലി സാധാരണയായി 8% മുതൽ 30% വരെയാകാം,

ബിൽ പരിശോധിക്കുക

ഏത് പരിശുദ്ധിയുള്ള സ്വാര്തനമാണ് വാങ്ങിയതെന്ന് ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് ഉറപ്പാക്കുക. കൂടാതെ, ഹാൾമാർക്ക് നമ്പർ, മേക്കിംഗ് ചാർജുകൾ, ജിഎസ്ടി, ജ്വല്ലറിയുടെ പൂർണ്ണമായ വിശദാംശങ്ങൾ എന്നിവ ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കുക. ഇവ സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഭാവിയിൽ ആഭരണങ്ങൾ വിൽക്കുമ്പോൾ പ്രശ്‌നമുണ്ടായേക്കാം.

കല്ലുകൾ പതിപ്പിച്ച ആഭരങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക

കല്ലുകൾ പതിപ്പിച്ച ആഭരങ്ങൾ വാങ്ങുമ്പോൾ കല്ലിൻ്റെ ഗുണനിലവാരത്തെ കുറിച്ച ബോധമുണ്ടാകണം. അതായത്, കല്ലുകൾ യഥാർത്ഥമാണോ വ്യാജമാണോ എന്നുള്ളത് ഉറപ്പിക്കണം. ഒപ്പം കല്ലിൻ്റെ തൂക്കം നീക്കിയ ശേഷം  സ്വർണ്ണത്തിൻ്റെ വില എത്രയെന്ന് അറിയണം. 

ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്തതാണോ? പരിശോധിക്കാനുള്ള വഴി ഇതാ.

പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാനുള്ള കാര്യത്തിൽ പുതിയ വിജ്ഞാപനം ആദ്യ നികുതി വകുപ്പ് പുറപ്പെടുവിച്ച് കഴിഞ്ഞു. നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? എങ്ങനെ അറിയും? പാൻ ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴും ആദായ നികുതി ഫയൽ ചെയ്യുമ്പോഴെല്ലാം ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. വ്യാജ പാൻ കാർഡുകളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടികൂടിയാണ് ഈ നടപടി. അതോടൊപ്പം ആദായ നികുതി വകുപ്പിന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും കഴിയും. നികുതി വെട്ടിപ്പ് കേസുകൾ കണ്ടെത്തുന്നതിന് സഹായകമാകും. ഒരേ വ്യക്തിയുടെ ഒന്നിലധികം പാൻ കാർഡുകൾ ഒഴിവാക്കാനും സാധിക്കും. 

ആരൊക്കെ ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യണം? അസം, മേഘാലയ, ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലെ താമസക്കാർ, പ്രവാസികൾ, 80 വയസിൽ കൂടുതൽ പ്രായമുള്ളവർ എന്നിവർ ഒഴികെ ഇന്ത്യൻ പൗരനായ എല്ലാവരും പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം.

നിങ്ങളുടെ പാൻ കാർഡ് ഇതിനകം ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയും? അതിനായി ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാം. 


ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക (https://www.incometax.gov.in/iec/foportal/).

“ക്വിക്ക് ലിങ്കുകൾ” എന്നതിന് താഴെയുള്ള “ലിങ്ക് ആധാർ സ്റ്റാറ്റസ്” എന്നതിൽ ക്ലിക്ക് ചെയ്യുക.

പാൻ, ആധാർ നമ്പർ എന്നിവ നൽകി “ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക” ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, സ്‌ക്രീനിലെ “പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ല. ആധാറുമായി ലിങ്ക് ചെയ്യുക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കാർഡുകൾ ലിങ്ക് ചെയ്‌താൽ, നിങ്ങളുടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്നു എന്ന് കാണിക്കും.”

കനത്ത മ‍ഴയ്ക്കൊപ്പം ശക്തമായ ഇടിയും മിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പ്.

കനത്ത മ‍ഴയ്ക്കൊപ്പം ശക്തമായ ഇടിയും മിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (06/04/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും നാളെ (07/04/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.


– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.


– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.


– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.


ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.


– പട്ടം പറത്തുന്നത് ഒഴിവാക്കുക.


– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

 വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.


എസ്എസ്എൽസി, ഹയർസെക്കൻഡറി ഗ്രേസ് മാർക്ക് ഉയർത്തി.

ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ലഭിക്കുന്ന ഗ്രേസ് മാർക്ക് ഉയർത്തി. സംസ്ഥാന സ്കൂൾ കായികമേളയിൽ 8–ാം സ്ഥാനം വരെ നേടുന്നവർക്കും ഇനി ഗ്രേസ് മാർക്ക് ലഭിക്കും. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിനും ഗ്രേസ് മാർക്ക് ഏർപ്പെടുത്തി. ദേശീയ കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ഗ്രേസ് മാർക്ക് 50 ആയി തുടരും. രണ്ടാം സ്ഥാനക്കാർക്ക് 45 (കഴിഞ്ഞ വർഷം 40), മൂന്നാം സ്ഥാനക്കാർക്ക് 40 (30), പങ്കെടുക്കുന്നവർക്ക് 35 (25) എന്നിങ്ങനെയാണ് വർധന. 

സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ വകുപ്പും സ്പോർട്സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനുകളും നടത്തുന്ന കായിക മത്സരങ്ങളിൽ ആദ്യ നാലു സ്ഥാനക്കാർക്ക് 20, 17, 14, 7 മാർക്ക് വീതമായിരുന്നു കഴിഞ്ഞ തവണ. ഇതിൽ നാലാം സ്ഥാനക്കാർക്ക് 10 മാർക്കായി വർധിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മത്സരങ്ങളിലെ 5 മുതൽ 8 വരെ സ്ഥാനക്കാർക്ക് യഥാക്രമം 8, 6, 4, 2 മാർക്ക് വീതം ഏർപ്പെടുത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൽ എ ഗ്രേഡിന് 25, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10 എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക്. മറ്റു വിഭാഗങ്ങളിലെല്ലാം നിലവിലുള്ളത് തുടരും. പരീക്ഷയിൽ 90% മാർക്കോ അതിനു മുകളിലോ ലഭിച്ചവർക്ക് ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിക്കില്ല.

വ്യാജ ഫോൺപേയും ഗൂഗിൾപേയും ഉപയോഗിച്ച് പുതിയ യുപിഐ തട്ടിപ്പ്.

കടയിലോ സ്ഥാപനത്തിലോ ഉള്ള സൗണ്ട്ബോക്സ് പേയ്‌മെന്‍റ് ലഭിച്ചു എന്നതിന്‍റെ സൂചനയായി റിംഗ് ചെയ്താലും തുക അക്കൗണ്ടിലേക്ക് എത്തുകയില്ല എന്നതാണ് തട്ടിപ്പ്.

ഓൺലൈൻ പേയ്‌മെന്‍റിനുള്ള യുപിഐ ആപ്പുകളുടെ മറവില്‍ പുത്തന്‍ തട്ടിപ്പ്. യുപിഐ പേയ്‌മെന്‍റുകൾ സ്വീകരിക്കുന്ന കടയുടമകളെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഫോൺപേ, ഗൂഗിൾപേ എന്നിവയോട് സാമ്യമുള്ള വ്യാജ ആപ്പുകൾ സൃഷ്‍ടിച്ചാണ് ഇടപാടുകാരില്‍ നിന്ന് പണം തട്ടുന്നത്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉൾപ്പെടെയുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൈബർ സുരക്ഷാ വിദഗ്ധർ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി. 

വ്യാജ യുപിഐ ആപ്പ് വഴിയാണ് നിങ്ങൾക്ക് ആളുകള്‍ പണം നൽകിയതെങ്കിൽ, കടയിൽ സൂക്ഷിച്ചിരിക്കുന്ന സൗണ്ട്ബോക്സ് പേയ്‌മെന്‍റ് ലഭിച്ചു എന്നതിന്‍റെ സൂചനയായി റിംഗ് ചെയ്താലും തുക അക്കൗണ്ടിലേക്ക് എത്തുകയില്ല. ഈ സൈബർ തട്ടിപ്പ് രീതി സൈബർ വിദഗ്ധരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. ടെലിഗ്രാം പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് വ്യാജ യുപിഐ ആപ്പുകൾ എടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തിരക്കുള്ള സമയങ്ങളിലാണ് പല വ്യാപാരികളും ഇത്തരം കബളിപ്പിക്കലിന് ഇരയാകുന്നതെന്നും വിദഗ്ധർ പറയുന്നു. തിരക്കിലായിരിക്കുമ്പോൾ ഫോണിൽ പണം വന്നോ എന്ന് നോക്കുന്നതിനുപകരം സൗണ്ട് ബോക്സ് ശബ്‍ദം കേട്ട് പേമെന്‍റ് ഉറപ്പിക്കുകയാകും പല കടയുടമകളും ചെയ്യുക. അവിടെയാണ് അവർ വഞ്ചിക്കപ്പെടുന്നത്.

“സൈബർ തട്ടിപ്പുകാർ നിരന്തരം അവരുടെ രീതികൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. വ്യാജ ആപ്പ് കടയുടമയ്‌ക്കോ പണം സ്വീകരിക്കുന്ന വ്യക്തിക്കോ വ്യാജ പേയ്‌മെന്‍റ് അറിയിപ്പ് കാണിക്കും. ചില ആപ്പുകൾ വളരെ സമർത്ഥമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ അവ മുഴുവൻ പേയ്‌മെന്‍റ് പ്രക്രിയയും കാണിക്കുന്നു. കടയുടമകൾ തിരക്കിലായിരിക്കുകയും സൗണ്ട് ബോക്സുകളിലെ അലേർട്ടുകൾ സത്യമാണെന്ന് അനുമാനിക്കുകയും ചെയ്യുമ്പോൾ അവർ വഞ്ചിക്കപ്പെടും. അതായത് ശബ്‍ദം മാത്രമേ പ്ലേ ചെയ്തിട്ടുള്ളൂ, അക്കൗണ്ടിൽ പണം എത്തുന്നില്ല എന്ന് ചുരുക്കം.

സൈബർ വിദഗ്ധർ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇതുവരെ ഇത് സംബന്ധിച്ച് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. കടയുടമകൾക്ക് ലഭിക്കുന്ന പേമെന്‍റുകൾ പരിശോധിച്ച് ഉറപ്പിക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. പേമെന്‍റ് ലഭിച്ചോ എന്ന് നിങ്ങളുടെ മൊബൈലിൽ പരിശോധിക്കുക. യുപിഐ വഴി പണം സ്വീകരിക്കുമ്പോള്‍ കടയുടമകള്‍ അലേര്‍ട്ട് ലഭിക്കുന്ന സൗണ്ട് ബോക്സിനെ മാത്രം ആശ്രയിക്കുന്നത് തട്ടിപ്പിന് സാധ്യതയുണ്ടാക്കും. അക്കൗണ്ടിലേക്ക് പണം ട്രാൻസ്‍ഫർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും വിദഗ്ധർ പറയുന്നു.

വ്യാജ യുപിഐ ആപ്പുകളിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം?


സാധനങ്ങളോ സേവനങ്ങളോ കൈമാറുന്നതിനുമുമ്പ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലോ യുപിഐ ആപ്പിലോ ഇടപാടുകൾ എപ്പോഴും പരിശോധിച്ചുറപ്പിക്കുക. സൗണ്ട്ബോക്സ് അറിയിപ്പുകളെ മാത്രം ആശ്രയിക്കാതെ പേമെന്‍റ് വിശദാംശങ്ങൾ എപ്പോഴും പരിശോധിക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം യുപിഐ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ഇടപാടുകൾ നടത്തുമ്പോൾ പുതിയതോ അറിയാത്തതോ ആയ ഏതെങ്കിലും പേയ്‌മെന്‍റ് ആപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കുക. വഞ്ചനാപരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൈബർ ക്രൈം ഹെൽപ്പ്‌ലൈനിലോ പൊലീസിലോ പരാതി നൽകുക.

സ്ത്രീകളുടെ രാത്രി ഡ്യൂട്ടി: കേരളം രാഷ്ട്രപതിയുടെ അനുമതി തേടി

ഫാക്ടറികളിൽ സ്ത്രീകളെ രാത്രി ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനായി കേന്ദ്രനിയമത്തിനു ഭേദഗതി നിയമംകൊണ്ടുവരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു കേരളം വീണ്ടും രാഷ്ട്രപതിയെ സമീപിച്ചു. 2020ൽ കേരളം നൽകിയ അപേക്ഷയ്ക്കു മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിൽ തൊഴിൽവകുപ്പ് സെക്രട്ടറിയാണു കഴിഞ്ഞദിവസം വീണ്ടും കത്തയച്ചത്. തുടർനടപടികൾക്കായി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസറെയും ചുമതലപ്പെടുത്തി.

ഫാക്ടറീസ് നിയമപ്രകാരം സ്ത്രീകളെ രാത്രിയിൽ ജോലി ചെയ്യിക്കാൻ വിലക്കുണ്ട്. എന്നാൽ നിയമത്തിലെ വകുപ്പ് 66 പ്രകാരം രാത്രി 7 മുതൽ 10 വരെയുള്ള സമയത്തു നിബന്ധനകൾക്കു വിധേയമായി ജോലി ചെയ്യിക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകാം. 7 മുതൽ 10 വരെ എന്നത് രാത്രി മുഴുവനുമാക്കി മാറ്റുന്നതിനുള്ള ഭേദഗതി നിയമമാണു സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുള്ളത്. തൊഴിൽമേഖല കൺകറന്റ് പട്ടികയിൽ ഉൾപ്പെടുന്നതായതിനാൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമമുണ്ടാക്കാം. എന്നാൽ കേന്ദ്രനിയമത്തിനു വിരുദ്ധമാകാൻ പാടില്ല. രാഷ്ട്രപതിയുടെ അനുമതിയും വേണം. ഇതിനായാണു കേരളം രാഷ്ട്രപതിയെ വീണ്ടും സമീപിച്ചത്. അനുമതി ലഭിച്ചാൽ സംസ്ഥാന നിയമസഭയ്ക്കു നിയമനിർമാണം സാധ്യമാകും.

അനുമതി വൈകുന്ന സാഹചര്യത്തിൽ, രാത്രി 7 മുതൽ 10 വരെ സ്ത്രീകളെ ജോലി ചെയ്യിക്കാൻ കൂടുതൽ മേഖലയിലെ ഫാക്ടറികളെ അനുവദിച്ചുകൊണ്ടു കഴിഞ്ഞ ദിവസം സംസ്ഥാന തൊഴിൽവകുപ്പു വിജ്ഞാപനമിറക്കിയിരുന്നു. 2003ലെ വിജ്ഞാപനമനുസരിച്ച് 9 മേഖലയിലെ ഫാക്ടറികൾക്കായിരുന്നു അനുവാദം. പുതിയ മേഖലകളിൽനിന്നു കൂടി ആവശ്യമുയർന്നതിനാൽ വിജ്ഞാപനം പരിഷ്കരിച്ച് 24 മേഖലകളിലേക്കു വ്യാപിപ്പിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ കൂട്ടി വീട്ടിലെത്തിക്കണം, ഷിഫ്റ്റ് ക്രമീകരണം സ്ത്രീകളുടെ പ്രതിവാര അവധി നഷ്ടമാകാതെയായിരിക്കണം, അന്തസ്സും സുരക്ഷയും മാനേജ്മെന്റ് ഉറപ്പുവരുത്തണം തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി.

ആഘോഷമാക്കാം അവധിക്കാലം; കുഞ്ഞുമനസ്സുകളിൽ സമ്മർദം നീങ്ങി സന്തോഷം നിറയട്ടെ.

പരീക്ഷകളുടെയും അസൈൻമെന്റുകളുടെയുമെല്ലാം ഭാരമൊഴിഞ്ഞ് മനസ്സുനിറയെ ചിരിക്കാനും മടുക്കുംവരെ കളിച്ചുനടക്കാനും വേനലവധി എത്തിക്കഴിഞ്ഞു. രണ്ടുമാസത്തെ നീണ്ട അവധിയിൽ വെറുതേയിരുന്ന് ബോറടിക്കേണ്ട. മൊബൈൽ, ടിവി സ്ക്രീനുകളുടെ മുൻപിൽനിന്ന് പറമ്പുകളിലേക്കും തൊടിയിലേക്കും നടന്നിറങ്ങാം. കളികൾക്കപ്പുറം പലതും കാണാം, പഠിക്കാം.

“ഒരുക്കാം, വീട്ടിലൊരു വായനമുറി


വെയിലേറ്റുവാടാതെ പകൽസമയങ്ങളിൽ പുസ്തകങ്ങളെ കൂട്ടുപിടിക്കാം. ശേഖരിക്കുന്ന പുസ്തകങ്ങളെ ചേർത്ത് വീട്ടിൽ തന്നെ ഒരു കൊച്ചു ലൈബ്രറി ഒരുക്കാം. പുസ്തകങ്ങളിലെ കഥകൾ കുഞ്ഞനിയൻമാർക്കും അനിയത്തിമാർക്കും പറഞ്ഞുകൊടുക്കാം. അതുവഴിയെല്ലാം ഭാഷയെ കൂടുതൽ സ്നേഹിക്കാം.

പോകാം, ഉല്ലാസയാത്ര


ഓരോ അവധിക്കാലവും നല്ല യാത്രകൾക്കുള്ള സമയംകൂടിയാണ്. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഊർജസ്വലമാക്കുന്ന യാത്രകൾ അതുല്യമായ നല്ല പാഠങ്ങൾ തരും. മസിനഗുഡിവഴി ഊട്ടിക്ക് തന്നെ പോകണമെന്നില്ല. രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയുമൊപ്പം നടത്തുന്ന ചെറിയ യാത്രകൾ വലിയ സന്തോഷംതരും. മുത്തശ്ശിയെയും മുത്തച്ഛനെയും കാണാൻ പോകണ്ടേ? അവരൊക്കെ കഥകളുടെയും അറിവുകളുടെയും അനുഭവങ്ങളുടെയും കലവറകളാണ്. അവരോടൊപ്പമുള്ള നിമിഷങ്ങൾ നിറമുള്ള ഓർമ്മകളായി ജീവിതം മുഴുവൻ നിലനിൽക്കും.

മെരുക്കാം, ഭാഷയെ

ഭാഷയെ മെരുക്കിയാൽ ഭാവിയെയും മെരുക്കാം. അവധിദിവസങ്ങളിൽ ഭാഷയെ മെച്ചപ്പെടുത്തിയാൽ പഠനത്തിലും ഭാവിയിൽ ജോലിയിലും ഗുണംചെയ്യും. ഓരോ ദിവസവും ഓരോ പുതിയ വാക്ക് പഠിക്കാം. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും സ്വായത്തമാക്കാം. വിദേശസ്വപ്നം കാണുന്നവരാണെങ്കിൽ വിദേശ ഭാഷകൾ പഠിക്കാം.

പഠിക്കാം, സ്വയം പ്രതിരോധം

സ്വയം പ്രതിരോധത്തിനായി കളരിയും കരാട്ടെയും കുങ്ഫുവും പഠിക്കാം. അത് ആത്മവിശ്വാസം കൂട്ടും. പ്രതിസന്ധികളെ നേരിടാൻ ശേഷിനൽകും. കുട്ടികൾക്ക് തനിച്ചു പോകാൻ മടിയാണെങ്കിൽ അച്ഛനും അമ്മയും അവർക്കൊപ്പം പഠിക്കാൻ ചേരുന്നതും നല്ലതാണ്.

പരിശീലിക്കാം, കായികവിനോദങ്ങൾ

റോളർ സ്കേറ്റിങ്ങും സൈക്ലിങ്ങും മുതൽ ഫുട്ബോൾ, ക്രിക്കറ്റ്, ആർച്ചറി എന്നിവയെല്ലാം പഠിപ്പിക്കുന്ന ഇടങ്ങളുണ്ട്. നീന്തൽ ഒരു കായിക ഇനം മാത്രമല്ല, ചിലപ്പോൾ ജീവരക്ഷയ്ക്ക് ഉതകിയെന്നും വരാം.

ഉദ്യാനനിർമാണം


നമ്മുടെ തനി നാടൻ ചെടി ഇനങ്ങളെ പരിചയപ്പെടുന്നതുതന്നെ കൗതുകകരമാണ്. ചെടികളും തണൽമരങ്ങളും ഫലവൃക്ഷങ്ങളുമൊക്കെ വിദേശിയും സ്വദേശിയുമായി ഏതിനവും നഴ്സറികളിൽ വാങ്ങാൻ കിട്ടും.


കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകൾ സന്ദർശിച്ചു മടങ്ങുമ്പോൾ അവിടെനിന്നും വിത്തും തൈയും ശേഖരിക്കാം. ചെടികൾ സമ്മാനമായി നൽകുന്നത് സ്നേഹം പ്രകടിപ്പിക്കാൻ മാത്രമല്ല, നല്ല പരിസ്ഥിതി സന്ദേശമായും മാറും.

friends travels

വളർത്തുമൃഗ പരിപാലനം

കുട്ടികളിൽ വളരെ പോസിറ്റീവായ മാറ്റമുണ്ടാക്കാൻ സഹായിക്കുന്നതാണ് വളർത്തുമൃഗ പരിപാലനം. ഇതവരിൽ ഉത്തരവാദിത്വബോധവും സഹജീവി സ്നേഹവും വളർത്തും. വേനലിൽ പക്ഷികൾക്ക് വെള്ളവും ഭക്ഷണവും കൊടുക്കാം.

ക്രിയേറ്റീവാകാൻ ആർട്ടും ക്രാഫ്റ്റും

വേനൽച്ചൂടിൽ പുറത്തിറങ്ങിയുള്ള കളികൾ പകൽ സമയത്ത് ആരോഗ്യകരമല്ല. അതിനാൽ ആ സമയം വീടിനുള്ളിൽ ക്രിയാത്മകമായി ചെലവഴിക്കാൻ ആർട്ടും ക്രാഫ്റ്റും സഹായിക്കും. വർണക്കടലാസുകൾ കൊണ്ടുള്ള ക്രാഫ്റ്റുകളും ഫിംഗർ പെയിന്റിങ് പോലുള്ളവയും മൺപാത്ര നിർമാണം പോലുള്ളവയുമൊക്കെ അച്ഛനമ്മമാർക്കൊപ്പം ചേർന്ന് ചെയ്യാം. പാട്ടും വാദ്യോപകരണങ്ങളും നൃത്തവുമെല്ലാം പരിശീലിക്കാം.

പരിചയപ്പെടാം, നിർമിതബുദ്ധിയെ

ഷോർട്ട് ഫിലിം, അനിമേഷൻ എന്നിവയിൽ ഒരു കൈ നോക്കാം. കോഡിങ് പഠിക്കാം. നിർമിതബുദ്ധിയെ പരിചയപ്പെടാം. ഇതൊക്കെ പഠനത്തിലും ഗുണം ചെയ്യും

പൊതുവിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസ് വേണ്ട.

“പൊതുവിദ്യാലയങ്ങളിൽ വേനലവധി ക്ലാസ് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ പാലിക്കാത്ത സ്കൂളുകൾക്കെതിരേ നിയമനടപടിയെടുക്കാൻ കമ്മിഷൻ ഉത്തരവായി.

എല്ലാ വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്ക് ബാധകമാണിത്.

നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ, അംഗം ഡോ. എഫ്. വിൽസൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ ഹൈക്കോടതി വിധിപ്രകാരമുള്ള അവധിക്കാല ക്ലാസുകളുടെ സമയം രാവിലെ 7.30 മുതൽ 10.30 വരെയായിരിക്കും. സിബിഎസ്ഇ റീജണൽ ഡയറക്ടറും ഐസിഎസ്ഇ ചെയർമാനും ഇക്കാര്യം ഉറപ്പാക്കണം. ട്യൂഷൻ സെന്ററുകൾക്കും ഇതേ സമയത്ത് ക്ലാസ് നടത്താം.

അപേക്ഷിക്കാൻ ദിവസങ്ങൾ മാത്രം; മാസം ഒന്നര ലക്ഷത്തിനുമേൽ ശമ്പളം, ഒപ്പം ആനുകൂല്യങ്ങളും, റെയിൽവേയിൽ വമ്പൻ അവസരങ്ങൾ.

“നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിൽ (എൻഎച്ച്എസ്ആർസിഎൽ) വിവിധ തസ്തികകളിൽ ജോലി നേടാൻ ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം. 71 ഒഴിവുകളിലേക്കാണ് അവസരം. യോഗ്യരായ ഉദ്യോഗാർത്ഥികൾ എൻഎച്ച്എസ്ആർസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (nhsrcl.in) പ്രവേശിച്ച് അപേക്ഷിക്കേണ്ടതാണ്. ഏപ്രിൽ 24 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. ഇന്ത്യയിൽ അതിവേഗ ട്രെയിൻ ഇടനാഴി പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും സഹകരിച്ച് പ്രവർത്തിക്കുന്ന സംയുക്ത മേഖലാ കമ്പനിയാണ് എൻഎച്ച്എസ്ആർസിഎൽ. ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.

തസ്തികകളും ശമ്പളവും

ജൂനിയർ ടെക്നിക്കൽ മാനേജർ(സിവിൽ)- 40,000 രൂപ മുതൽ 1,40,000 രൂപ വരെ

ജൂനിയർ ടെക്നിക്കൽ മാനേജർ (ഇലക്ട്രിക്കൽ)- 40,000 രൂപ മുതൽ 1,40,000 രൂപ വരെ

ജൂനിയർ ടെക്നിക്കൽ മാനേജർ (എസ്എൻടി)- 40,000 രൂപ മുതൽ 1,40,000 രൂപ വരെ

ജൂനിയർ ടെക്നിക്കൽ മാനേജർ (ആർഎസ്)- 40,000രൂപ മുതൽ 1,40,000 രൂപ വരെ

അസിസ്റ്റന്റ് ടെക്നിക്കൽ മാനേജർ (ആർക്കിടെക്ച്ചർ)- 50,000 രൂപ മുതൽ 1,60,000 രൂപ വരെ

അസിസ്റ്റന്റ് ടെക്നിക്കൽ മാനേജർ (ഡാറ്റാബേസ് അഡ്മിനിസ്‌ട്രേഷൻ)- 50,000 രൂപ മുതൽ 1,60,000 രൂപ വരെ

അസിസ്റ്റന്റ് മാനേജർ(പ്രോക്യൂർമെന്റ്)- 50,000 രൂപ മുതൽ 1,60,000 രൂപ വരെ

അസിസ്റ്റന്റ് മാനേജർ (ജനറൽ)- 50,000 രൂപ മുതൽ 1,60,000 രൂപ വരെ

മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുക്കൽ.ആദ്യഘട്ടം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. അഭിമുഖമാണ് രണ്ടാം ഘട്ടം. ഇതിൽ വിജയിക്കുന്നവർ ശാരീരിക ക്ഷമതാ പരിശോധനയിൽ വിജയിക്കണം.

Verified by MonsterInsights