അവകാഡോയുടെ ഏതാനും ഗുണങ്ങള്‍.

ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള പഴവർഗമാണ് അവകാഡോ അഥവാ വെണ്ണപ്പഴം. ഏറ്റവും പോഷകപ്രധാനമായ പഴങ്ങളിൽ ഒന്നാണിത്. നമ്മുടെ നാട്ടിൽ മുമ്പുള്ളതിനേക്കാൾ ഏറെ ആവശ്യക്കാരുണ്ട് ഇപ്പോൾ അവകാഡോക്ക്. ചർമസംരക്ഷണത്തിനും ജീവിതശൈലീ രോഗങ്ങളെ നേരിടാനും പ്രതിരോധശേഷി വർധിപ്പിക്കാനുമൊക്കെ അവകാഡോ സഹായിക്കും. കടയിൽ നിന്ന് വലിയ വില കൊടുത്തുവാങ്ങുന്ന അവകാഡോ മനസ്സുവെച്ചാൽ നമുക്ക് സ്വന്തം വീട്ടുമുറ്റത്തും പറമ്പിലും വളർത്തിയെടുക്കാനാകും. വലിയ പരിചരണം ആവശ്യമില്ലെന്നത് അവകാഡോ കൃഷിയുടെ പ്രത്യേകതയാണ്. കേരളത്തിൽ വയനാട്ടിലും ഇടുക്കിയിലും അവകാഡോ വ്യാവസായികമായി കൃഷി ചെയ്യുന്നുണ്ട്.

മൂന്നുതരം അവക്കാഡോകള്‍ ഉണ്ട്. മെക്സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റിന്ത്യന്‍. ഇതില്‍ മെക്സിക്കന്‍ ഇനത്തിന്‍റെ കായ്കള്‍ തീരെ ചെറുതാണ്. പൂത്തു കഴിഞ്ഞാല്‍ 8 മാസം മതി കായ്കള്‍ മൂപ്പാകാന്‍. അല്‍പ്പം കൂടെ വലിയ കായ്കളാണ് ഗ്വാട്ടിമാലന്‍ അവക്കാഡോയുടേത്. ഇത് മൂത്തു പഴുക്കാന്‍ ഒന്‍പതു മുതല്‍ പന്ത്രണ്ടു മാസം വേണം. ഇടത്തരം വലുപ്പമുള്ള കായ്കളാണ് വെസ്റ്റിന്ത്യന്‍ ഇനത്തിന്‍റെ പ്രത്യേകത. കായ്കള്‍ക്ക് മൂപ്പാകാന്‍ ഒമ്പതു മാസം വേണം.

ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിതമരമാണ് അവക്കാഡോ. ശാഖകള്‍ തിരശ്ചീനമായി വളരുന്നു. വേരുകള്‍ അധികം ആഴത്തില്‍ ഓടില്ല. ഇലകള്‍ വലുതും പരുപരുത്തതും. തളിരിലകള്‍ക്ക് ഇളം ചുവപ്പായിരിക്കും. മൂത്താല്‍ കടുംപച്ചയാകും. ചില്ലകളുടെ അഗ്രഭാഗത്ത് പൂക്കളുണ്ടാകും. ഓരോ പൂവും രണ്ടു തവണ വിരിയും. ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രണ്ടാമത് ആണ്‍പൂവായും ഇത് പ്രവര്‍ത്തിക്കും. അതിനാല്‍ പരപരാഗണമാണ് ഇതില്‍ നടക്കുന്നത്. കായ് വലുതും മാംസളവും ഒറ്റവിത്തുള്ളതുമാണ്. കായുടെ പരമാവധി നീളം 20 സെ.മീറ്റര്‍. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറം. ഉള്‍ക്കാമ്പിന്‍റെ നിറം മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ. ഉള്‍ക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോള്‍ മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും.

വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ വളരും. വിത്തു മുളപ്പിച്ചാണ് തൈകള്‍ സാധാരണ തയാറാക്കുന്നത്. കായില്‍നിന്നു വേര്‍പെടുത്തിയ വിത്ത് രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ പാകണം. സൂക്ഷിപ്പു നീണ്ടാല്‍ മുളയ്ക്കല്‍ശേഷി കുറയും. മുളയ്ക്കാന്‍ 50-100 ദിവസം വേണം. വിത്തുകള്‍ ജൂലൈ മാസം ശേഖരിച്ച് വളമിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടുന്നു. കമ്പുകള്‍ വേരു പിടിപ്പിച്ചും പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കാം. ഇതിനു പുറമേ പതിവയ്ക്കല്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയില്‍ വിജയകരമായി നടത്താം. ഇതിന് പെന്‍സില്‍ കനമുള്ള കമ്പുകള്‍ വിത്തു മുളപ്പിച്ചെടുത്ത അവക്കാഡോ തൈയില്‍തന്നെയാണ് ഒട്ടിക്കുക.

മഴയുടെ തുടക്കത്തില്‍ അവക്കാഡോ തൈകള്‍ നടാം. രണ്ടടി ആഴത്തിലും വീതിയിലും കുഴിയെടുത്ത് അതില്‍ മേല്‍മണ്ണിട്ട് വേണം ഒരു വയസ്സ് പ്രായമായ തൈ നടാന്‍. ശാഖോപശാഖകളായി പന്തലിച്ചു വളരുന്ന സ്വഭാവമാണ് അവക്കാഡോ മരത്തിന്. വളപ്രയോഗം നടത്തിയാല്‍ വളര്‍ച്ച വേഗത്തിലാകുന്നത് കണ്ടിട്ടുണ്ട്. പ്രായം കുറഞ്ഞ തൈകള്‍ക്ക് 1: 1: 1 എന്ന അനുപാതത്തിലും വളര്‍ന്ന ചെടികള്‍ക്ക് 2: 1: 2 എന്ന അനുപാതത്തിലും നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ നല്‍കണം. നട്ട് ആദ്യവര്‍ഷം ജൂണ്‍ മാസമാകുമ്പോള്‍ 100 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ്, 60 ഗ്രാം പൊട്ടാഷ് എന്ന ക്രമത്തില്‍ വളങ്ങള്‍ ചേര്‍ക്കണം. നവംബറാകുമ്പോള്‍ വീണ്ടും 25 ഗ്രാം യൂറിയ നല്‍കുക. രണ്ടാം വര്‍ഷം ഒരു കിലോ വളമിശ്രിതം ജൂണിലും 35 ഗ്രാം യൂറിയ നവംബറിലും നല്‍കുക. മൂന്നാം വര്‍ഷം ജൂണ്‍, നവംബര്‍ മാസങ്ങളില്‍ 1മ്മ കിലോ വളമിശ്രിതവും 45 ഗ്രാം യൂറിയയും നല്‍കണം. നാലാം വര്‍ഷം മുതല്‍ 2 കിലോ വളമിശ്രിതവും 65 ഗ്രാം യൂറിയയുമാണ് കണക്ക്. ഇതിനു പുറമേ ഇരുമ്പ്, സിങ്ക്, ബോറോണ്‍ തുടങ്ങിയ സൂക്ഷ്മമൂലകങ്ങള്‍ക്കും അവക്കാഡോയുടെ വളര്‍ച്ചയിലും വിളവിലും നിര്‍ണായക പങ്കുണ്ട്.

അവകാഡോയുടെ ഏതാനും ഗുണങ്ങള്‍
ഇരുപതോളം വ്യത്യസ്ത ഇനം ജീവകങ്ങളും ധാതുക്കളും വെണ്ണപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം വെണ്ണപ്പഴത്തിൽ ജീവകം K (26%), ഫോളേറ്റ് (20%), ജീവകം C (17%), പൊട്ടാസ്യം (14%), ജീവകം B5 (14%), ജീവകം B6, (13%), ജീവകം E (10%) എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയ അളവിൽ മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, ജീവകം 4, B1 (തയാമിന്‍), B2 (റൈബോഫ്ലോവിൻ) ബി 3 (നിയാസിൻ) ഇവയും അടങ്ങിയിട്ടുള്ള വെണ്ണപ്പഴത്തിൽ 2 ഗ്രാം മാംസ്യം, 15 ഗ്രാം ആരോഗ്യമായ കൊഴുപ്പുകൾ ഇവ അടങ്ങിയിരിക്കുന്നു.

അവക്കാഡോ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂടാനും ഗുണം ചെയ്യും. ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പുകളാണ് ഇതിന് സഹായിക്കുന്നത്. അതിനൊപ്പം ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉപകരിക്കും.

കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിൽ എത്തി; കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ കനക്കും.

തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി മേയ്‌ 22 ഓടെ ആണ് ഈ മേഖലയിൽ കാലവർഷം എത്തുന്നത്. 

3-4 ദിവസത്തിനുള്ളിൽ,തെക്കൻ അറബിക്കടൽ, മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും ആൻഡമാൻ കടലിന്റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ട്. കാലവർഷം കേരളത്തിൽ മെയ്‌ 27 ഓടെ എത്തിച്ചേരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.

മൺസൂൺ മഴയല്ല

മൺസൂൺ യഥാർഥത്തിൽ മഴയല്ല. മഴ കൊണ്ടുവരുന്ന കാറ്റാണ്. ലോകത്ത് ഇവിടെ മാത്രമല്ല മൺസൂൺ ഉള്ളത്. എങ്കിലും ഇവിടത്തെ മൺസൂൺ വളരെ പ്രധാന്യമുള്ളതാണ്.മൗസം എന്ന് ഈ കാറ്റിന് പേരിട്ടത് അറബികളാണ്. പിന്നീട് അത് ഇംഗ്ലിഷിലായപ്പോൾ മൺസൂണായിമാറി. ഇന്ത്യയിൽ കൃഷി കാലവർഷക്കാറ്റിനെ അടിസ്ഥാനമാക്കിയാണ്. സത്യത്തിൽ മൺസൂൺ സീസണിൽ ഉൾപ്പെടുന്നതാണ് കാലവർഷവും തുലാവർഷവും. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവർഷത്തിനും വടക്കുകിഴക്കൻ മൺസൂൺ തുലാവർഷത്തിനും കാരണമാകുന്നു.

സേന വിളിക്കുന്നു; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അവസരം.

ഇന്ത്യൻ സൈന്യത്തിൽ ചേരാൻ യുവാക്കൾക്ക് അവസരം. ടിഇഎസ്-54 (ജനുവരി 2026) ബാച്ചിലേക്ക് സൈന്യം അപേക്ഷ ക്ഷണിച്ചു. മേയ് 13 മുതൽ ജൂൺ 12 വരെയാണ് അപേക്ഷിക്കാൻ അവസരം. joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ജെഇഇ മെയിൻസ് 2025 പരീക്ഷയിൽ പങ്കെടുത്തവർക്കാണ് പരീക്ഷ എഴുതാൻ അവസരം. അപേക്ഷർ 10+2 മോഡിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവരാവണം.

മുട്ട എങ്ങനെയാണ് പുഴുങ്ങേണ്ടത്? എത്ര സമയം വേണം.

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എല്ലാം ലഭിക്കുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ഒന്‍പതോളം അമിനോ ആസിഡുകളും ശരീരത്തിനാവശ്യമായ പ്രോട്ടീനും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍ ധാതുക്കൾ, ആന്‍റി ഓക്‌സിഡന്റുകൾ തുടങ്ങിയവയും ധാരാളമായി മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ട പുഴുങ്ങി കഴിക്കുമ്പോൾ എല്ലാവർക്കും ഉള്ള സംശയമാണ് എത്ര മിനിറ്റ് പുഴുങ്ങണം എന്നുള്ളത്.

4 മുതൽ 6 മിനിറ്റ് വരെ സമയത്ത് മുട്ട പുഴുങ്ങുന്നതാണ് ഏറ്റവും മികച്ച രുചിയിൽ മുട്ട പുഴുങ്ങി കിട്ടുന്നതിനായി വേണ്ടുന്ന സമയം. സമയം വ്യത്യാസപ്പെടുന്നതിനനുസരിച്ച് പുഴുങ്ങിയ മുട്ടയുടെ രുചിയിലും മഞ്ഞക്കരു ലഭിക്കുന്ന രീതിയിലും വ്യത്യാസം ഉണ്ടാകും.

“4 മുതൽ 6 മിനിറ്റ് വരെയാണ് തിളപ്പിക്കുന്നതെങ്കിൽ ഒഴുകുന്ന മഞ്ഞക്കരുവായിരിക്കും ലഭിക്കുക.

7–8 മിനിറ്റ് വരെ ഇടത്തരം സമയത്താണ് തിളപ്പിക്കുന്നതെങ്കിൽ ചെറുതായി ക്രീം കലർന്ന മഞ്ഞക്കരുവായിരിക്കും പുഴുങ്ങിയ മുട്ടക്കുള്ളിൽ ഉണ്ടാകുക.

9-12 വരെ തിളപ്പിക്കുകയാണെങ്കിൽ പൂർണമായും വെന്ത മഞ്ഞക്കരു ലഭിക്കും.

വൻ ശമ്പളം, പത്താം ക്ലാസ് പാസായവർക്ക് റെയിൽവേയിൽ ജോലി നേടാം; അപേക്ഷാ തീയതി നീട്ടി.

അസിസ്റ്റൻഡ് ലോക്കോ പൈലറ്റ് റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി മേയ് 19 വരെ നീട്ടി. കൂടുതൽപേർക്ക് അവസരം നൽകുന്നതിനായാണ് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ തീരുമാനം. പുതിയ അറിയിപ്പ് പ്രകാരം, അപേക്ഷകർക്ക്, ഔദ്യോഗിക വെബ്‌സൈറ്റായ rrbcdg.gov.in വഴി മേയ് 19 വരെ അപേക്ഷകൾ സമർപ്പിക്കാം. മേയ് 21 വരെ അപേക്ഷാ ഫീസും അടയ്‌ക്കാവുന്നതാണ്. മേയ് 22 മുതൽ 31 വരെ അപേക്ഷകളിൽ തിരുത്തൽ വരുത്താനും അവസരമുണ്ടായിരിക്കുന്നതാണ്.

അസിസ്റ്റൻഡ് ലോക്കോ പൈലറ്റ് തസ്‌തികയിലെ 9970 ഒഴിവുകൾ നികത്തുന്നതിനായി വലിയ രീതിയിലുള്ള റിക്രൂട്ട്‌മെന്റാണ് നടത്തുന്നത്. കേന്ദ്ര സ‌ർക്കാ‌ർ ജോലി സ്വപ്‌നമായി കൊണ്ടുനടക്കുന്നവർക്കുള്ള സുവർണാവസരമാണിത്. 9970ൽ 4116 ഒഴിവുകൾ അൺറിസർവ്‌ഡ് വിഭാഗത്തിനും 1,716 ഷെഡ്യൂൾ കാസ്റ്റിനും 858 ഷെഡ്യൂൾഡ് ട്രൈബിനും 2,289 അതർ ബാക്‌വേർഡ് ക്ലാസിനും 991 എകണോമിക്കലി വീക്കർ സെഷനും 1004 മുൻസൈനികർക്കും എന്നിങ്ങനെയാണ് സംവരണം ചെയ്‌തിരിക്കുന്നത്.


പത്താം ക്ലാസാണ് അപേക്ഷക‌ർക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കൂടാതെ എൻസിവിടി അല്ലെങ്കിൽ എസ്‌സിവിടിയിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളുടെ വിശദാംശങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭ്യമാണ്. പ്രായപരിധി ജനുവരി ഒന്നിന് 18 മുതൽ 33 വയസ് വരെയായിരിക്കണം. ഒബിസി, എസ്‌സി / എസ്‌ടി വിഭാഗങ്ങൾക്ക് യഥാക്രമം മൂന്ന്, അഞ്ച് വർഷത്തെ പ്രായപരിധി ഇളവ് ലഭിക്കും. കൊവിഡ് സമയത്ത് മുൻ റിക്രൂട്ട്‌മെന്റ് അവസരങ്ങങൾ നഷ്‌ടപ്പെട്ടവർക്ക് മൂന്ന് വർഷത്തെ ഒറ്റത്തവണ പ്രായപരിധി ഇളവ് നൽകിയിട്ടുണ്ട്. കൂടാതെ റെയിൽവേയുടെ മെഡിക്കൽ ഫിറ്റ്‌നസ് മാനദണ്ഡങ്ങളും പാലിക്കണം. ജനറൽ വിഭാഗങ്ങൾക്കും ഒബിസിക്കും 500 രൂപയും മറ്റ് സംവരണ വിഭാഗങ്ങൾക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.

നാട്ടിലെങ്ങും മാങ്ങ നിറഞ്ഞു, കേടാകാതെ സൂക്ഷിക്കാൻ എന്തുചെയ്യും.

ഒരു നാട്ടുമാങ്ങ ചപ്പിവലിച്ചുകഴിക്കുന്ന സുഖം… ഉള്ളിൽ നിറയുന്ന മധുരം… തീർന്നു കഴിഞ്ഞാലും കൈയിൽനിന്നു വിട്ടുപോകാത്ത മണം. ജില്ലയുടെ മുക്കിലും മൂലയിലും ഇതനുഭവപ്പെടുകയാണിപ്പോൾ. മൂവാണ്ടൻ, നീലം, ചന്ദ്രക്കാരൻ, കർപ്പൂരം, പഞ്ചാരമാങ്ങയെന്നിങ്ങനെ വിവിധ പേരുകളിൽ നാട്ടിലെങ്ങും മാങ്ങ നിറഞ്ഞിരിക്കുന്നു. കണ്ണിമാങ്ങ മുതൽ മാമ്പഴംവരെ ആസ്വദിക്കാൻ ഇത്രയധികം കിട്ടിയ മറ്റൊരു വർഷമില്ലെന്നു പറയുന്നു.

“രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഉദരാരോഗ്യത്തിനും ഊർജംനിലനിർത്താനും സഹായിക്കുന്ന ധാരാളം പോഷകങ്ങൾ മാങ്ങയിലുണ്ട്. മാങ്ങാ അച്ചാർ, മാങ്ങാ ജ്യൂസ്, മാമ്പഴപ്പുളിശ്ശേരി എന്നിങ്ങനെ സർവത്ര മാങ്ങമയമാണ്. ചിലർക്ക് പഴുത്ത മാങ്ങയോടാണ് പ്രിയം. മറ്റു ചിലർച്ച് പച്ചമാങ്ങയോടും. ഇവയ്ക്കു രണ്ടും വ്യത്യസ്തമായ ആരോഗ്യഗുണങ്ങളാണുള്ളത്.


നിറയെ മാമ്പഴം, വിലയും കുറവ്

“മുൻവർഷത്തെക്കാൾ മാമ്പഴം വിപണിയിൽ ഒന്നിച്ചെത്തിയതോടെ മാമ്പഴവിപണിയിൽ വില കുറഞ്ഞു. നാട്ടുമാവിലെ മാമ്പഴമാണ് വിപണിയിൽ 95 ശതമാനവും വരുന്നത്. കഴിഞ്ഞ മാമ്പഴക്കാലത്ത് മൂവാണ്ടൻ മാമ്പഴത്തിന്റെ വില കിലോയ്ക്ക് 60 രൂപയായിരുന്നത് ഇത്തവണ 25 രൂപയിലേക്കെത്തി.


പ്രിയോറിന് കിലോയ്ക്ക് 80-90 രൂപയായിരുന്നുവെങ്കിൽ ഇത്തവണ 30-35 രൂപയായി മൊത്തവില. മാവ് പൂത്ത് കണ്ണിമാങ്ങയാകുമ്പോഴേ വില നൽകി കച്ചവടം ഉറപ്പിക്കുന്നതായിരുന്നു കഴിഞ്ഞവർഷംവരെ പതിവ്. എന്നാൽ, ഇത്തവണ കായ്ഫലം കൂടിയതോടെ കച്ചവടക്കാർക്കുപോലും വേണ്ടാതെ മാമ്പഴങ്ങൾ നിറഞ്ഞുകിടക്കുകയാണ്.

മാമ്പഴം എങ്ങനെ പൾപ്പാക്കാം
മാമ്പഴം കേടുകൂടാതെ സൂക്ഷിച്ചുവെക്കാനുള്ള ഒരു എളുപ്പമാർഗമാണ് മാമ്പഴ പൾപ്പ്.

ചേരുവകൾ
നന്നായി പഴുത്ത മാങ്ങ തൊലി ചെത്തി കഷണങ്ങളാക്കിയത് 20 എണ്ണം
ചെറുനാരങ്ങയുടെ നീര് – രണ്ട്

അരിഞ്ഞുവെച്ചിരിക്കുന്ന മാമ്പഴം വെള്ളം ഒട്ടുംചേർക്കാതെ മിക്സിയിലിട്ട് അരച്ചെടുക്കുക. അതിനുശേഷം അടുപ്പിൽ പാൻ വെച്ച് അരച്ച മാമ്പഴം അതിലേക്കു മാറ്റുക. അടുപ്പ് തീ കൂട്ടിവെക്കുകയും ഒപ്പംതന്നെ നന്നായി ഇളക്കിക്കൊണ്ടിരിക്കുകയും ചെയ്യണം. ചേരുവ പാത്രത്തിനടിയിൽ പിടിക്കാതെ ശ്രദ്ധിക്കണം. വെള്ളം വറ്റുന്നവരെ നന്നായി ഇളക്കുക, ഒപ്പംതന്നെ നന്നായി കുറുകുകയും വേണം.

ഏകദേശം 40 മിനിറ്റോളം ഇളക്കുമ്പോഴേക്കും പാകത്തിനു കുറുകിയ രീതിയിലാകും. അതിലേക്ക് നാരങ്ങാനീര് ഒഴിക്കുക. വീണ്ടും പത്തുമിനിറ്റോളം ഇളംതീയിൽവെച്ച് മാങ്കോ പൾപ്പ് ഇളക്കുക. നാരങ്ങാനീര് പാത്രത്തിന്റെ എല്ലാ വശത്തേക്കും ഒരുപോലെയെത്തി എന്നറപ്പുവരുത്തണം.


അതിനുശേഷം നന്നായി തണുക്കാൻവെക്കുക. തണുത്തശേഷം ഈ മാങ്കോ പൾപ്പ് നല്ല ഗ്ലാസ് ബോട്ടിലിലാക്കി സൂക്ഷിച്ചുവെക്കാം.

പെരുമഴ പെയ്യിക്കാൻ കേരളത്തിൽ കാലവർഷം ഇക്കുറി നേരത്തെ എത്താൻ സാധ്യത.

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന. മെയ് 27-ാം തീയതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. നാല് ദിവസം വരെ വൈകാനോ ചിലപ്പോൾ നേരത്തെ എത്താനോ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

2024ൽ മെയ് 31 നാണ് കാലവർഷം കേരളാ തീരം തൊട്ടത്. മെയ് 12 മുതൽ മെയ് 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കെച്ചപ്പും സോസും കുഴപ്പിക്കുന്നുണ്ടോ? ഇതാണ് വ്യത്യാസം.

റസ്റ്ററൻ്റിലായായും കഫേയിലായാലും കട്ലെറ്റിനൊപ്പം ‘സോസെത്തുമ്പോഴാണ്’ രുചി പൂർണ്ണമാകുന്നത്. എന്നാൽ നമ്മൾ കഴിക്കുന്നത് സോസാണോ കെച്ചപ്പാണോ എന്ന സംശയമുണ്ടായിട്ടുണ്ടോ?

തക്കാളി പ്രധാന ചേരുവയായ ടൊമാറ്റോ സോസും ടൊമാറ്റോ കെച്ചപ്പും തമ്മിലുള്ള വ്യത്യാസം രുചിയിൽ മാത്രമാണോ എന്നത് പലരെയും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. ടൊമാറ്റോ സോസെന്ന് പറയാറുണ്ടെങ്കിലും നമ്മൾ പലഹാരങ്ങൾ മുക്കി കഴിക്കുന്ന തക്കാളികൊണ്ടുള്ള ആ വിഭവം കെച്ചപ്പാണ്.


തക്കാളി പേസ്റ്റ്, വിനാഗിരി, പഞ്ചസാര, കൂട്ടത്തിൽ മറ്റ് സുഗന്ധവ്യഞ്നങ്ങളും ചേർത്താണ് കെച്ചപ്പ് തയ്യാറാക്കുന്നത്. ബർഗർ, സാൻവിച്ച് പോലുള്ളവയുടെ കൂടെ കഴിക്കാനും ഫ്രഞ്ച് ഫ്രൈസ്, കട്ലെറ്റ് പോലുള്ളവ മുക്കി കഴിക്കാനുള്ള ഡിപ്പായുമാണ് കെച്ചപ്പ് ഉപയോഗിക്കുന്നത്. തക്കാളി, സവാള, വെളുത്തുള്ളി അടക്കമുള്ള പച്ചക്കറികൾ ചേർത്താണ് ടൊമാറ്റോ സോസ് ഉണ്ടാക്കുന്നത്. കെച്ചപ്പിന്റേതു പോലെ കട്ടിയുള്ള പരുവമല്ല സോസിന്റേത്. പാസ്ത പോലുള്ള വിഭവങ്ങൾക്ക് മുകളിൽ ടോപ്പിങ്ങ് ആയാണ് സോസ് ഉപയോഗിക്കുന്നത്. ചേരുവകൾ മണിക്കൂറുകളോളം മീഡിയം ലോ ഫ്ളെയിമിൽ പാചകം ചെയ്താണ് സോസ് തയ്യാറാക്കുന്നത്.

അതേ സമയം മിക്സിയിൽ അരച്ച തക്കാളി തിളപ്പിച്ച ശേഷം അരിച്ചുമാറ്റിയാണ് കെച്ചപ്പ് തയ്യാറാക്കുന്നത്. ഇതിലേക്ക് വിനാഗിരിയും പഞ്ചസാരയും ഉപ്പും മറ്റ് ചേരുവകളും ചേർത്താണ് കട്ടിയുള്ള പരുവത്തിലേക്ക് മാറ്റുന്നത്.

പഞ്ചസാരയാണ് പ്രധാന വ്യത്യാസം

തക്കാളി, സവോള, കുരുമുളക്പൊടി, വെളുത്തുള്ളി തുടങ്ങിയവയാണ് ടൊമാറ്റോ സോസിൽ പ്രധാന ചേരുവകൾ. എന്നാൽ തക്കാളിയിലെ നേരിയ മധുരത്തിനു പുറമേ പഞ്ചസാരയും കെച്ചപ്പിൽ ചേർക്കാറുണ്ട്. കെച്ചപ്പിന്റെ കട്ടിക്കു പിന്നിലും പഞ്ചസാരയ്ക്കും പങ്കുണ്ട്.

സോസ് ചൂടോടെ വിളമ്പുമ്പോൾ തണുത്ത ശേഷമാണ് കെച്ചപ്പ് ഡിപ്പായി നൽകാറുള്ളത്.

കൂടുതൽ കാലം സൂക്ഷിക്കുന്നതിനായി കെച്ചപ്പിൽ ചേർക്കുന്ന വിനാഗിരി സോസിൽ ചേർക്കാറില്ലെന്നതും പ്രധാന വ്യത്യാസമാണ്.

അംബാനി കുടുംബത്തിന്റെ ഒരു ദിവസത്തെ ചെലവ് എത്രയാണെന്നറിയാമോ?

ഇന്ത്യയിലെ ഏറ്റവും വലിയ ധനിക കുടുംബങ്ങളിലൊന്നാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടേത്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ആഡംബര വസതിയായ ആന്റിലിയയിലാണ് അംബാനിയും കുടുംബവും താമസിക്കുന്നത്. 15,000 കോടി രൂപ ചെലവഴിച്ചാണ് ആന്റിലിയ പണി കഴിപ്പിച്ചിരിക്കുന്നത്. അംബാനിയും കുടുംബവും ഒരു ദിവസം എത്ര രൂപ ചെലവഴിക്കുന്നുവെന്ന രസകരമായ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

പല ദേശീയ മാദ്ധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട കണക്കുകൾ നിരത്തുന്നുമുണ്ട്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ അനന്ദ് അംബാനിയുടെ വിവാഹം ലോക ശ്രദ്ധയിൽപ്പെട്ടതായിരുന്നു.

രാജകീയമായ ജീവിതമാണ് അംബാനി കുടുംബം നയിക്കുന്നത്. പല വിശേഷ ദിവസങ്ങളിലും അംബാനിമാർ വിലയേറിയ വജ്രങ്ങളും രത്നങ്ങളും പതിപ്പിച്ച ആഭരണങ്ങളാണ് അണിയുന്നത്. ഇവർ അണിയുന്ന വസ്ത്രങ്ങൾക്ക് വരെ കോടികൾ വിലയുണ്ട്. ഇവരുടെ കൈവശം 400 കോടിയിലധികം വിലമതിക്കുന്ന ആഭരണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

മുംബയിലെ ഗതാഗതത്തിരക്കുകളിൽപ്പെടാതെ നിത അംബാനിക്ക് യാത്ര ചെയ്യാൻ മുകേഷ് അംബാനി കോടികൾ വിലമതിപ്പുളള പ്രൈവറ്റ് ജെറ്റാണ് നൽകിയത്. മുകേഷ് അംബാനിയുടെ ഡ്രൈവർ, പാചകക്കാരൻ എന്നിവർക്ക് പ്രതിമാസം ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ശമ്പളം ലഭിക്കുന്നതെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. വാഹനമോടിക്കുന്നതിലും, പാചകം ചെയ്യുന്നതിലും പ്രത്യേക പരിശീലനമാണ് ഇവർക്ക് ലഭിക്കുന്നത്. ആന്റിലിയയിൽ മാത്രം ഏകദേശം 600 ജീവനക്കാരാണുളളത്. ഇവരുടെ മാത്രം പ്രതിമാസം ശമ്പളം ഏകദേശം 12 കോടി രൂപ വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് മാസം തോറുമുളള ഷോപ്പിംഗിനായി അംബാനിമാർ മൂന്ന് കോടി രൂപ ചെലവഴിക്കുന്നുവെന്നാണ്. ഇവരുടെ വിദേശയാത്രകൾക്ക് പ്രതിമാസം അഞ്ച് മുതൽ പത്ത് കോടി രൂപ ചെലവാകുന്നുണ്ട്. അംബാനി കുടുംബാംഗങ്ങൾക്കെല്ലാം റിലയൻസിന്റെ വിവിധ കമ്പനികളിൽ ചുമതലകളുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും അംബാനി കുടുംബം നടത്തിവരുന്നുണ്ട്. ഒരു ദിവസം അംബാനി കുടുംബം കൃത്യമായി എത്ര രൂപ ചെലവഴിക്കുന്നുവെന്ന കണക്കുകൾ ഇതുവരെ ലഭ്യമല്ല. എന്നാൽ വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് കോടിക്കണക്കിന് രൂപ വരുമെന്നാണ്.

27 വിമാനത്താവളങ്ങള്‍ അടച്ചു; 400 ലേറെ ഫ്ലൈറ്റുകള്‍ റദ്ദാക്കി.

പാക്കിസ്ഥാനുമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ഇന്ത്യ താല്‍കാലികമായി അടച്ചു. 430ലേറെ ഫ്ലൈറ്റുകളും ഇന്ന് റദ്ദാക്കി. വടക്കേ ഇന്ത്യയിലെയും മധ്യ–പടിഞ്ഞാറന്‍ ഇന്ത്യയിലെയും വിമാനത്താവളങ്ങളിലേറെയുമാണ് താല്‍കാലികമായി അടച്ചത്. അടച്ച വിമാനത്താവളങ്ങളുടെ പട്ടിക ഇങ്ങനെ: ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്‍ഡ, ഹല്‍വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗാഗ്ഗല്‍, ധരംശാല, കിഷന്‍ഗഡ്, ജയ്സാല്‍മേര്‍, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്കോട്ട്, പോര്‍ബന്തര്‍, കാണ്ട്ല, കെഷോദ്, ഭുജ്,ഗ്വാളിയാര്‍, ഹിന്‍ഡന്‍. 

രാജ്യത്ത് ആകെ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ മൂന്ന് ശതമാനമാണ് ഇന്ന് റദ്ദാക്കിയത്. അതേസമയം, പാക്കിസ്ഥാന്‍ 147 വിമാനങ്ങള്‍ റദ്ദാക്കി. പാക്കിസ്ഥാനിലെ ആകെ വിമാന സര്‍വീസുകളുടെ 17ശതമാനം വരുമിത്. ഇരു രാജ്യങ്ങളും യാത്രാവിമാനങ്ങള്‍ റദ്ദാക്കിയതോടെ പാക് വ്യോമപാതയും കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ വ്യോമപാതയും യാത്രാവിമാനങ്ങള്‍ ഒഴിഞ്ഞ നിലയിലാണെന്ന് ഫ്ലൈറ്റ് റഡാല്‍ 24 വ്യക്തമാക്കുന്നു. ഫ്ലൈറ്റ് റഡാര്‍ തന്നെയാണ് വിമാനങ്ങള്‍ റദ്ദാക്കിയ വാര്‍ത്തയും പുറത്തുവിട്ടത്.

മിക്ക വിദേശരാജ്യങ്ങളും പാക്കിസ്ഥാന്‍റെ വ്യോമപാത ഒഴിവാക്കിയാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. പകരം മുംബൈ, അഹമ്മദാബാദ് വ്യോമപാത തിരഞ്ഞെടുത്തു. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്നലെ 250ഓളം  സര്‍വീസുകള്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. അമൃത്സര്‍ വഴി സര്‍വീസ് നടത്തേണ്ടിയിരുന്ന രണ്ട് രാജ്യാന്തര സര്‍വീസുകള്‍ എയര്‍ ഇന്ത്യ ഡല്‍ഹി വഴി തിരിച്ചുവിട്ടു. അമേരിക്കന്‍ എയര്‍ അവരുടെ ഡല്‍ഹി–ന്യൂയോര്‍ക്ക് ഫ്ലൈറ്റും ഇന്നലെ റദ്ദാക്കിയിരുന്നു. അതിനിടെ പാക്കിസ്ഥാന്‍ ലാഹോറില്‍ പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പഞ്ചാബ് അതിര്‍ത്തിക്ക് സമീപം പാക് വിമാനങ്ങള്‍ പറന്നു. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം രൂക്ഷമാണ്. ഉറി,പൂഞ്ച്, രജൗറി മേഖലകളിലാണ് പാക്കിസ്ഥാന്‍റെ ആക്രമണം ശക്തം. പ്രദേശത്ത് നിന്ന് ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് സേന മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്. അതിര്‍ത്തികളിലെ ആശുപത്രികളോട് അടിയന്തര സാഹചര്യം വന്നാല്‍ നേരിടാന്‍ സജ്ജമായിരിക്കാനും മരുന്നുകളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. പാക്കിസ്ഥാന്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടി നല്‍കാന്‍ കരസേന യൂണിറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. 
Verified by MonsterInsights