“പെട്ടെന്നാകും സൈറന്‍ മുഴങ്ങുക, അതോടെ എല്ലാം മാറിമറിയും; ഇത് ഭീതി അല്ല തയാറെടുപ്പ്’: ബ്ലാക്ക് ഔട്ട് ആക്ഷന്‍ പ്ലാന്‍ – വിഡിയോ.

വ്യോമാക്രമണം ഉണ്ടായാല്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലാക്ക് ഔട്ട് ആക്ഷന്‍ പ്ലാന്‍ വിഡിയോ കേന്ദ്ര സര്‍ക്കാര്‍ പുറത്തവിട്ടു. ആക്രമണം സംബന്ധിച്ച് അറിയിപ്പു കിട്ടിയാല്‍ എന്തൊക്കെ ചെയ്യണമെന്നാണ് വിഡിയോയില്‍ പറയുന്നത്. ‘‘ജീവിതം സമാധാനപരമായി സന്തോഷത്തോടെ പോകുമ്പോഴോ, കുടുംബാംഗങ്ങള്‍ ഒരുമിച്ച് ആഹാരം കഴിക്കുമ്പോഴോ, കുട്ടികള്‍ കളിക്കുന്നതിനിടയിലോ, ചന്തകളില്‍ ആളുകള്‍ കൂടി നില്‍ക്കുമ്പോഴോ ആകാം എയര്‍ റെയ്ഡ് സൈറന്‍ മുഴങ്ങുന്നത്.

 ഇതോടെ എല്ലാം മാറി മറിയും. ഇന്ത്യയുടെ സുരക്ഷ ആരംഭിക്കുന്നത് അതിര്‍ത്തികളില്‍ അല്ല. അത് നിങ്ങളില്‍നിന്നാണു തുടങ്ങുന്നത്. സൈറന്‍ കേള്‍ക്കുമ്പോള്‍ പെട്ടെന്നു തന്നെ പ്രതികരിക്കണം. എല്ലാ ലൈറ്റുകളും ഫാനുകളും ഉപകരണങ്ങളും ഓഫ് ചെയ്യണം. ജനാലകള്‍ അടച്ച് കര്‍ട്ടനുകള്‍ ഇടണം. ഒരുതരി വെട്ടം പോലും ശത്രുവിന്റെ ലക്ഷ്യമാകാം. ഇത് ഭീതി അല്ല തയാറെടുപ്പാണ്. സ്വയമേ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാവുന്നത് ഒരു രാജ്യത്തിന്റെ കരുത്താണ്.’’– വിഡിയോയിൽ പറയുന്നു. 

എന്താണു ചെയ്യേണ്ടതെന്നു കുട്ടികളെ പഠിപ്പിക്കുക. കുട്ടികള്‍ കര്‍ട്ടനിടുകയും മുത്തശ്ശനെയും മുത്തശ്ശിയെയും സഹായിക്കുകയും ലൈറ്റുകള്‍ ഓഫ് ചെയ്യുകയും ചെയ്യട്ടെ. കുടുംബമൊന്നാകെ നിശബ്ദരായി ഇരിക്കണം. ഇതിനുള്ളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഏതെങ്കിലും തരത്തില്‍ ലൈറ്റ് പുറത്തുവരുന്നുണ്ടോ എന്നറിയാന്‍ റൂഫ്‌ടോപ്പുകള്‍ പരിശോധിക്കണം. സ്ത്രീകള്‍ അയല്‍വാസികളായ വൃദ്ധരുടെ അടുത്തെത്തണം. അതിര്‍ത്തിയില്‍ കാവലാളുകളായി സൈനികരും. ഇത് ഇന്ത്യയാണ്. ഓരോ കുടുംബവും ഒരു കോട്ടയാണ്. ഓരോ പൗരനും ഒരോ പരിചയും. ഇരുട്ടില്‍ നാം ഒളിക്കുകയല്ല. നമ്മള്‍ ഒന്നിക്കുകയാണ്. നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെ ബ്ലാക്ക് ഔട്ട് വ്യാപിക്കും. ഭയം കൊണ്ടല്ല, സ്‌നേഹം കൊണ്ട്. രാജ്യത്തോടും പരസ്പരവുമുള്ള സ്‌നേഹം. ഓരോ പരീക്ഷണത്തിലും ഇന്ത്യ കരുത്തുകൊണ്ടു മാത്രമല്ല ഐക്യം കൊണ്ടുമാണ് നിലനില്‍ക്കുന്നത്. ശാന്തരായും കരുത്തരായും ഇരിക്കുക. ഇന്ത്യ നമ്മുടേതാണ്.’’- വിഡിയോയില്‍ പറയുന്നു.

കറുമുറു കഴിക്കാൻ ചക്കക്കുരു വറുത്തെടുക്കാം.

വേനൽക്കാലമായാൽ നാട്ടിൻപുറമാകെ ചക്കപ്പഴത്തിൻ്റെയും മാമ്പഴത്തിൻ്റെയും മണമായിരിക്കും. അടുക്കളയാകട്ടെ ഇവ കൊണ്ടുള്ള വിഭവങ്ങളാൽ നിറയും. 

ചക്ക വറുത്തെടുത്ത് സൂക്ഷിക്കുന്ന പതിവ് ഈ സമയത്തുണ്ട്. പച്ച ചക്ക രണ്ടായി മുറിച്ച് ചുളകൾ വൃത്തിയാക്കിയെടുക്കാം. അവ ഒരേ വീതിയിലും നീളത്തിലും അരിഞ്ഞ് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തിളക്കി യോജിപ്പിച്ച് തിളച്ച എണ്ണയിൽ വറുത്തെടുക്കാം. ചക്കയുടെ ചുള മാത്രമല്ല അതിൻ്റെ കുരുവും ഇങ്ങനെ വറുത്തെടുക്കാം.കുരുവിൻ്റെ തൊലി കളഞ്ഞ് വൃത്തിയാക്കി അരിഞ്ഞെടുത്താൽ മതി. 

ചേരുവകൾ

ചക്കക്കുരു
മുളകുപൊടി
ഉപ്പ്
മഞ്ഞൾപ്പൊടി
കറിവേപ്പില
വെളിച്ചെണ്ണ.

തയ്യാറാക്കുന്ന വിധം

ചക്കക്കുരു നന്നായി കഴുകി തൊലി കളഞ്ഞെടുക്കാം.

ഇത് കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞു ഒരു ബൗളിലെടുക്കാം.

ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, അൽപം വെളിച്ചെണ്ണ കുറച്ച് കറിവേപ്പില എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കാം.

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം.

ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.

മസാല പുരട്ടി മാറ്റി വച്ചിരിക്കുന്ന ചക്കക്കുരു ചൂടായ എണ്ണയിൽ വറുത്തെടുക്കാം. ഇത് ചൂടോടെ തന്നെ കഴിച്ചു നോക്കൂ.

20 മണിക്കൂര്‍ ആകാശത്ത്; കണ്‍മുന്നില്‍ രണ്ട് സൂര്യോദയങ്ങള്‍; ലോകത്തിലെ ദൈര്‍ഘ്യമേറിയ വിമാനയാത്ര.

ആകാശത്ത് 20 മണിക്കൂര്‍ നോണ്‍ സ്‌റ്റോപ്പ് വിമാനയാത്ര. 17,015 കിലോമീറ്റര്‍ തുടര്‍ച്ചയായ സഞ്ചാരം. രണ്ട് സൂര്യോദയങ്ങളെ വിമാനത്തിലിരുന്ന് കാണാം. യാത്രയുടെ പേര് പ്രോജക്ട് സണ്‍റൈസ്. ഓസ്‌ട്രേലിയന്‍ വിമാന കമ്പനിയായ ക്വന്റാസ് എയര്‍വേയ്‌സ് ആണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്‌റ്റോപ്പ് വിമാനയാത്രാ സര്‍വ്വീസിന് തുടക്കം കുറക്കുന്നത്. സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്കാണ് സര്‍വീസ്.

2027 ലാണ് ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍ കമ്പനി പുതിയ വിമാന സര്‍വീസിന് തുടക്കമിടുന്നത്. അതോടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ റെക്കോര്‍ഡ് തകരും. നിലവില്‍ അവരുടെ സിംഗപ്പൂര്‍-ന്യൂയോര്‍ക്ക് സര്‍വീസാണ് ഏറ്റവും ദൈര്‍ഘ്യമേറിയത്. 15,300 കിലോമീറ്റര്‍ നിര്‍ത്താതെ പറക്കുന്നത് 18.5 മണിക്കൂര്‍ എടുത്താണ്.

ഉയര്‍ന്ന ക്ലാസുകളില്‍ യാത്രക്കാര്‍ക്ക് കിടന്ന് യാത്ര ചെയ്യാനുള്ള സൗകര്യമാകും ക്വന്റാസ് എയര്‍വേയ്‌സില്‍ ഉണ്ടാകുക. ഈ സര്‍വീസിന് മാത്രമായി പുതിയ 12 എയര്‍ബസ് എ350-1000 വിമാനങ്ങളാണ് വാങ്ങുന്നത്. വിമാനത്തിലെ 300 സീറ്റുകള്‍ 238 ആയി കുറക്കും. എല്ലാ യാത്രക്കാര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന വെല്‍നെസ് സോണ്‍ ഒരുക്കുന്നുണ്ട്. യാത്രക്കിടെ ചെറിയ വ്യായാമങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.


ഫസ്റ്റ് ക്ലാസില്‍ കിടക്കയായി ഉപയോഗിക്കാവുന്ന സീറ്റുകളാണ് ഒരുക്കുന്നത്. ജനല്‍ പാളികള്‍ നീക്കാനാകും. ചെറിയ അലമാര, എച്ച്ഡി സ്‌ക്രീന്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ശരീര ഊഷ്മാവിലെ മാറ്റങ്ങളെ പ്രതിരോധിക്കാനുള്ള മരുന്നുകളും നല്‍കും.


ബിസിനസ് ക്ലാസില്‍ റൂമുകളായി തിരിച്ചാണ് സൗകര്യങ്ങളുള്ളത്. 18 ഇഞ്ചിന്റെ സ്‌ക്രീനുമുണ്ട്. പ്രീമിയം ഇക്കോണമി ക്ലാസില്‍ ചാഞ്ഞ് കിടക്കാവുന്ന സീറ്റുകളും ചെറിയ സ്‌ക്രീനും ഒരുക്കുന്നുണ്ട്. ഇക്കോണിമി ക്ലാസില്‍ മൂന്നു പേര്‍ക്ക് വീതം ഇരിക്കാവുന്ന സീറ്റുകളാണ് സജ്ജീകരിക്കുന്നത്. ഇരുന്നും കിടന്നും വ്യായാമം ചെയ്തുമൊക്കെയുള്ള നീണ്ട യാത്ര ജീവിതത്തിലെ വേറിട്ട അനുഭവമാകുമെന്നാണ് ക്വന്റാസ് എയര്‍വേയ്‌സ് വിവരിക്കുന്നത്.

ഇത്തവണ കാലവര്‍ഷം നേരത്തേ എത്താൻ സാധ്യത.

ഇത്തവണ കാലവര്‍ഷം നേരത്തേ എത്താൻ സാധ്യത. മേയ് 13ഓടെ മേഖലയിൽ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. അതേസമയം സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് വെള്ളിയാഴ്ച ഇടുക്കി, തൃശൂര്‍ ജില്ലകളിൽമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്താം തീയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇനി സാധാരണക്കാര്‍ക്കും വന്ദേഭാരതില്‍ കയറാം; വമ്പന്‍ മാറ്റത്തിന് റെയില്‍വേ ഒരുങ്ങുന്നു.

ഇന്ത്യന്‍ റെയില്‍വേയുടെ പ്രീമിയം ട്രെയിന്‍ ആണ് വന്ദേഭാരത് എക്‌സ്പ്രസുകള്‍. ഇന്ത്യയിലെ ട്രെയിന്‍ യാത്രാ സങ്കല്‍പ്പങ്ങളെ തന്നെ അടിമുടി മാറ്റിമറിച്ച ഈ ട്രെയിനിലെ സൗകര്യങ്ങളും വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ ടിക്കറ്റ് നിരക്കിലും ആ വ്യത്യാസം പ്രകടമാണ്. ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും രാജ്യത്ത് സര്‍വീസ് നടത്തുന്ന ഭൂരിഭാഗം റൂട്ടുകളിലും വന്ദേഭാരത് സൂപ്പര്‍ ഹിറ്റാണ്. കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകളിലും 100 ശതമാനത്തിലും വളരെ കൂടുതലാണ് ഒക്കുപ്പന്‍സി നിരക്ക്.

ഇപ്പോഴിതാ വന്ദേഭാരത് ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആലോചന നടത്തുന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണക്കാര്‍ക്ക് കൂടി താങ്ങുന്ന രീതിയിലേക്ക് ടിക്കറ്റ് നിരക്ക് കുറയ്ക്കാനാണ് ആലോചന. മറ്റ് ട്രെയിനുകളുടെ സര്‍വീസ് ഓപ്പറേഷന്‍, മെയ്‌ന്റെയ്‌നന്‍സ് നിരക്കിനേക്കാള്‍ വളരെ കൂടുതലാണ് വന്ദേഭാരതിനായി ചിലവാക്കുന്ന തുക എന്നതാണ് ടിക്കറ്റ് നിരക്കിലും കാണപ്പെടുന്ന വ്യത്യാസം.

വന്ദേഭാരത് ട്രെയിന്‍ ആയിരം കിലോമീറ്റര്‍ ഓടിക്കാന്‍ 5 മുതല്‍ 8 ലക്ഷം രൂപ വരെയാണ് ചെലവ് വരുന്നത്. ഊര്‍ജ്ജത്തിനായി മാത്രം മൂന്നര ലക്ഷം രൂപയാണ് മാറ്റിവയ്ക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിനായി ഓരോ സര്‍വീസില്‍ നിന്ന് 50,000 രൂപയാണ് മാറ്റി വയ്ക്കുന്നത്. ക്ലീനിംഗ്, കാറ്ററിംഗ്, മറ്റ് സേവനങ്ങളെല്ലാം വിമാനത്തിലേതിനു തുല്യമായ രീതിയിലാണ് നല്കുന്നത്.  അതുകൊണ്ട് തന്നെ ഇവയുടെ ചെലവും കൂടുതലാണ്. ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം നടപ്പിലായാല്‍ അത് ഏറ്റവും വലിയ ആശ്വാസം നല്‍കുന്നത് സാധാരണക്കാരായ യാത്രക്കാര്‍ക്കാണ്. എന്നാല്‍ അതോടൊപ്പം തന്നെ നിരക്ക് കുറയുമ്പോള്‍ ആവശ്യക്കാര്‍ കൂടുന്നത് ടിക്കറ്റ് ലഭ്യതയെ ബാധിക്കാനും സാദ്ധ്യത കൂടുതലാണ്.

ബോബ വേണോ ബോബ… ഒരു ബോബ കുടിച്ചാലോ?

ബോബ ടീ അഥവാ ബബിൾ ടീയുടെ ഉത്ഭവം 1980-ൽ തായ് വാനിലാണ്. തായ് ഭാഷയിൽ നിന്നാണ് ബോബ എന്ന വാക്ക് വന്നത്. മരച്ചീനിയുടെ സ്റ്റാർച്ചിൽ നിന്നുണ്ടാക്കുന്ന ചെറിയ മുത്തുകൾ പോലെയുള്ള ബോളുകളാണ് ബോബ. ബോബ ബോളുകൾ ദഹിക്കാനും ചവയ്ക്കാനും എളുപ്പമുള്ളതാണ്. ബബിൾ ടീ, പേൾ മിൽക്ക് ടീ എന്നീ പേരുകളിലും ബോബ ടീ അറിയപ്പെടുന്നു. സാധാരണ പാൽചായയിലും മറ്റു ഫ്ളേവറുകൾ ചേർത്തും ബോബ ടീ ഉണ്ടാക്കാം. ഇന്ന് ലോകം മുഴുവൻ പ്രസിദ്ധമായ ഒരു പാനീയമാണ് ബോബ ടീ. മാച്ച, ബ്രൗൺ ഷുഗർ, ടാരോ, ബ്ലാക്ക് ടീ, സ്ട്രോ ബെറി എന്നിവ ബോബയുടെ ചില ഫേമസ് ഫ്ളേവറുകളാണ്.

കറണ്ട് ബില്ല് പകുതിയോളം കുറയും; വൈകുന്നേരങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് കെഎസ്‌ഇബി.

എങ്ങനെ വൈദ്യുതി ബിൽ കുറയ്‌ക്കാമെന്ന അറിയിപ്പുമായി കെഎസ്‌ഇബി. വൈകിട്ട് ആറ് മണിക്ക് ശേഷം ചില വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരുന്നാൽ വൻ തുക ലാഭം നേടാമെന്നും കെഎസ്‌ഇബിയുടെ മുന്നറിയിപ്പിൽ പറയുന്നു.

പമ്പ് സെറ്റ്, വാട്ടർ ഹീറ്റ‌ർ, മിക്‌സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവ ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. ഇവ ഉപയോഗിക്കുന്നതും വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതും വൈകുന്നേരം ആറ് മണിക്ക് ശേഷം പാടില്ല. ഇക്കാര്യങ്ങൾ പകൽ സമയത്ത് ചെയ്‌താൽ വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം നേടാനാകും. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറിൽ 25 ശതമാനം അധിക നിരക്ക് ബാധകമാണ്.

ചിരട്ട വെറുതെ കളയേണ്ട; മൊത്ത വില 31 രൂപയായി.

ഒരു കിലോ ചിരട്ടയുടെ വില കേട്ടാൽ ആരുമൊന്ന് ഞെട്ടും. കിലോ 31 രൂപക്കാണ് മൊത്തക്കച്ചവടക്കാർ ചെറുകിട കച്ചവടക്കാരിൽനിന്ന് ചിരട്ട സംഭരിക്കുന്നത്. ചിരട്ടക്ക് പ്രിയമേറിയതോടെ വീടുകളിൽനിന്ന് പാഴ്വസ്തുക്കൾ ശേഖരിക്കുന്നവർ ഇപ്പോൾ പ്രധാനമായും തേടുന്നതും ചിരട്ടയാണ്. സമൂഹമാധ്യമങ്ങളിലും ചിരട്ട വിലയ്ക്കെടുക്കുമെന്ന പോസ്റ്ററുകൾ ഇടംപിടിച്ചിട്ടുണ്ട്. ഒരു കിലോ ചിരട്ടക്ക് നാട്ടിൻപുറത്തെ ആക്രിക്കടകളിൽ 20 രൂപ മുതൽ വില ലഭിക്കുന്നുണ്ട്. പാലക്കാട്ടുനിന്നും തമിഴ്നാട്ടിൽനിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാരാണ് ഇത് സംഭരിച്ച് കൊണ്ടുപോകുന്നത്. കാഞ്ഞിരപ്പള്ളിയിലെ ആക്രിക്കടകളിൽനിന്ന് ഒരു മാസം നാല് ലോഡ് ചിരട്ട വരെ കയറ്റിയയക്കുന്നു.

തമിഴ്നാട്ടിൽ ചിരട്ടക്കരി ഉൽപാദിപ്പിക്കുന്ന നിരവധി കമ്പനികളുണ്ട്. സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിന് ഇത് ഒരു ഘടകമാണ്. ഇതിന് പുറമെ പഴച്ചാർ, പഞ്ചസാര, വെള്ളം എന്നിവ ശുദ്ധീകരിക്കുന്നതിന് ചിരട്ടക്കരി ഉപയോഗിക്കാറുണ്ട്. കൗതുകവസ്തുവായി ഓൺലൈനിൽ വാങ്ങാൻ ലഭിക്കുന്ന പോളിഷ് ചെയ്ത രണ്ട് ചിരട്ടകൾക്ക് 349 രൂപയാണ് വില.

ചിരട്ട ഷെൽ കപ്പിന് ഒരെണ്ണത്തിനാകട്ടെ 1250 രൂപ മുതലാണ് വില. ഇവയെല്ലാം വ്യവസായിക അടിസ്ഥാനത്തിൽ ചിരട്ടക്ക് ആവശ്യക്കാർ ഏറുന്നതിന് കാരണമാകുന്നു.

എല്ലാ കാർഡിനും മണ്ണെണ്ണ; മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്റർ.

കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽനിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും മണ്ണെണ്ണ ഈ മാസം മുതൽ വിതരണം ചെയ്യും. കേന്ദ്രം അനുവദിച്ച 5676 കിലോ ലീറ്ററിൽ (56.76 ലക്ഷം ലീറ്റർ) 5088 കിലോ ലീറ്റർ (50.88 ലക്ഷം ലീറ്റർ) റേഷൻ കടകൾ വഴിയും ബാക്കി ജൂണിൽ മത്സ്യബന്ധന ബോട്ടുകൾക്കും നൽകും.  മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവുമാണു ലഭിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണിത്. വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് 6 ലീറ്റർ ലഭിക്കും. മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷമായും മറ്റു കാർഡ് ഉടമകൾക്ക് രണ്ടര വർഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല.

 കഴിഞ്ഞ വർഷത്തെ വിഹിതം ഏറ്റെടുക്കാതെ കേരളം പാഴാക്കുകയും ചെയ്തു. വൈദ്യുതീകരിക്കാത്ത വീടുകളെന്നു രേഖപ്പെടുത്തിയ അനധികൃത റേഷൻ കാർഡുകൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സംസ്ഥാന റേഷനിങ് കൺട്രോളർ എല്ലാ ജില്ലാ സപ്ലൈ ഓഫിസർമാർക്കും (ഡിഎസ്ഒ) നിർദേശം നൽകി.മണ്ണെണ്ണ മൊത്തവ്യാപാരികൾക്ക് അനുവാദം നൽകാനും താലൂക്ക് അടിസ്ഥാനത്തിലുള്ള വിതരണത്തിന്റെ മേൽനോട്ടം വഹിക്കാനും ഡിഎസ്ഒമാരെ ചുമതലപ്പെടുത്തി. 29ന് മുൻപ് എണ്ണക്കമ്പനികളിൽനിന്നു മണ്ണെണ്ണ ഏറ്റെടുത്ത് 31ന് മുൻപ് കടകളിൽ എത്തിക്കാനാണു നിർദേശം. വിഹിതം പാഴായാൽ അത് താലൂക്ക് സപ്ലൈ ഓഫിസർമാരുടെ വീഴ്ചയായി കണക്കാക്കും. അതേസമയം, പൂട്ടിക്കിടക്കുന്ന മണ്ണെണ്ണ ഡിപ്പോകൾ തുറക്കാൻ മൊത്തവ്യാപാരികൾക്കു വിവിധ ലൈസൻസുകൾ പുതുക്കി നൽകേണ്ടതുണ്ട്.

. കഴിഞ്ഞ വർഷത്തെ വിഹിതം ഏറ്റെടുക്കാതെ കേരളം പാഴാക്കുകയും ചെയ്തു. വൈദ്യുതീകരിക്കാത്ത വീടുകളെന്നു രേഖപ്പെടുത്തിയ അനധികൃത റേഷൻ കാർഡുകൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സംസ്ഥാന റേഷനിങ് കൺട്രോളർ എല്ലാ ജില്ലാ സപ്ലൈ ഓഫിസർമാർക്കും (ഡിഎസ്ഒ) നിർദേശം നൽകി.മണ്ണെണ്ണ മൊത്തവ്യാപാരികൾക്ക് അനുവാദം നൽകാനും താലൂക്ക് അടിസ്ഥാനത്തിലുള്ള വിതരണത്തിന്റെ മേൽനോട്ടം വഹിക്കാനും ഡിഎസ്ഒമാരെ ചുമതലപ്പെടുത്തി. 29ന് മുൻപ് എണ്ണക്കമ്പനികളിൽനിന്നു മണ്ണെണ്ണ ഏറ്റെടുത്ത് 31ന് മുൻപ് കടകളിൽ എത്തിക്കാനാണു നിർദേശം. വിഹിതം പാഴായാൽ അത് താലൂക്ക് സപ്ലൈ ഓഫിസർമാരുടെ വീഴ്ചയായി കണക്കാക്കും. അതേസമയം, പൂട്ടിക്കിടക്കുന്ന മണ്ണെണ്ണ ഡിപ്പോകൾ തുറക്കാൻ മൊത്തവ്യാപാരികൾക്കു വിവിധ ലൈസൻസുകൾ പുതുക്കി നൽകേണ്ടതുണ്ട്.

Verified by MonsterInsights