കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ആറാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. മേയ് ഏഴ്, എട്ട് തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴാം തീയതി പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും എട്ടാം തീയതി പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.”ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ  ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ചില്ലറയ്ക്കായി വേറെങ്ങോട്ടും ഓടേണ്ട; എടിഎമ്മില്‍നിന്ന് 100, 200 രൂപ നോട്ടുകള്‍ ഇനി സുലഭമായി കിട്ടും.

എ.ടി.എമ്മുകളിൽനിന്ന് കാശെടുക്കുമ്പോൾ മിക്കപ്പോഴും 500 രൂപ നോട്ടുകൾ മാത്രമല്ലേ കിട്ടാറുള്ളു? ചില്ലറയായി കിട്ടണമെന്ന് വിചാരിച്ചാലും മെഷീൻ അടിച്ചെണ്ണി തരുന്നത് 500-ന്റെ നോട്ടുകളായിരിക്കും. എന്നാൽ ഇനി മുതൽ അങ്ങനായിരിക്കില്ല. ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന 100, 200 രൂപ നോട്ടുകൾ എടിഎമ്മുകൾ വഴി നിർബന്ധമായും ലഭ്യമാക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഘട്ടംഘട്ടമായി ബാങ്കുകളും വൈറ്റ്ലേബൽ എടിഎം കമ്പനികളും ഇത് നടപ്പാക്കാനാണ് നിർദേശം.

2025 സെപ്റ്റംബർ 30 ആകുമ്പോഴേക്കും രാജ്യത്തെ 75 ശതമാനം വരെ എടിഎമ്മുകളിൽ സ്ഥിരമായി 100 അല്ലെങ്കിൽ 200 രൂപ നോട്ടുകളുണ്ടാകണം. 2026 മാർച്ച് 31നകം 90 ശതമാനം എടിഎമ്മുകളിലും 100,200 രൂപ നോട്ടുകൾ ലഭ്യമാക്കണമെന്നും ആർബിഐയുടെ ഉത്തരവിൽ പറയുന്നു. അതായത് ഇനിയങ്ങോട്ട് എടിഎമ്മുകളിൽനിന്ന് 500 രൂപ നോട്ടുകൾക്കൊപ്പം 100, 200 രൂപ നോട്ടുകളും സുലഭമായി കൈയിൽകിട്ടും.

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് ഒന്‍പതിന്.

“ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് ഒൻപത് വെള്ളിയാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചതാണിത്. എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ 2025 മാർച്ച് മൂന്നിന് ആരംഭിച്ച് മാർച്ച് 26-നാണ് അവസാനിച്ചത്.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. അതിൽ ആൺകുട്ടികൾ 2,17,696, പെൺകുട്ടികൾ 2,09,325. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും, എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും, അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ എട്ട് കുട്ടികളും പരീക്ഷ എഴുതിയിരുന്നു.

റ്റി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതിൽ ആൺകുട്ടികൾ 2,815, പെൺകുട്ടികൾ 242. എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. ആർട്ട് ഹയർ സെക്കണ്ടറി സ്കൂൾ കലാമണ്ഡലം ചെറുതുരുത്തിയിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികൾ പരീക്ഷയെഴുതി. എസ്.എസ്.എൽ.സി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികളും. റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രത്തിൽ 12 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. മെയ് മാസം ഒമ്പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുന്നുവെന്നും മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

വിസിലടിച്ച് വിഴിഞ്ഞം; തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയുടെയും ഗൗതം അദാനിയുടെയും ജനപ്രനിധികളുടെയും സാന്നിധ്യത്തിലായിരുന്നു കമ്മിഷനിങ്. പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നു കണ്ട ശേഷം 11 മണിയോടെ മോദി ഉദ്ഘാടന വേദിയിൽ എത്തി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗം ആരംഭിച്ചത് നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.                                                      മൂന്നാം മിലെനിയത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ് വിഴിഞ്ഞം കമ്മിഷനങ്ങിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ ശില്‍പി എന്നും കാലം കരുതിവച്ച കര്‍മയോഗി എന്നും പുകഴ്ത്തിയാണ് മുഖ്യമന്ത്രിയെ മന്ത്രി വി.എന്‍.വാസവന്‍ സ്വാഗതം ചെയ്തത്  കേരളം ലോകസമുദ്ര വാണിജ്യത്തില്‍ മുന്‍പന്തിയില്‍ എത്തുകയും വലിയ തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യട്ടെ. അതിനായി കേന്ദ്രവും കേരളത്തിനൊപ്പം പ്രവര്‍ത്തിക്കും. നമുക്ക് ഒരുമിച്ച് വികസിത കേരളം പടുത്തുയര്‍ത്താം. ജയ് കേരളം, ജയ് ഭാരം എന്നു മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

വേനൽക്കാലത്ത് മുടിയെ മറക്കരുത്! കരുതലോടെ സംരക്ഷിക്കാം.

വേനൽമഴ ചിലപ്പോഴൊക്കെ ലഭിക്കുന്നുണ്ടെങ്കിൽ പകൽസമയം പുറത്തിറങ്ങാനാകാത്തവിധം ചൂടാണ് അനുഭവപ്പെടുന്നത്. നമുക്ക് പ്രവചിക്കാൻ സാധിക്കാത്ത കാലാവസ്ഥയാണ് കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലുള്ളത്. ഈ സമയത്ത് ആരോഗ്യത്തിനൊപ്പം തന്നെ സൗന്ദര്യ സംരക്ഷണം കൂടി നടത്തേണ്ടതുണ്ട്. എന്നാൽ ചർമസംരക്ഷണം നടത്തുമ്പോഴും നമ്മൾ മുടിയുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധനൽകാറില്ല എന്നതാണ് വാസ്തവം. വിയർത്തു കുളിച്ചാണ് പലപ്പോഴും കുളിമുറിയിൽ നിന്ന് നമ്മൾ പുറത്തിറങ്ങുന്നത്. ഈ വേനൽകാലത്ത് ചർമസംരക്ഷണത്തിനൊപ്പം തന്നെ മുടിയുടെ കാര്യത്തിലും ശ്രദ്ധകൊടുക്കണം. വേനൽക്കാലത്ത് മുടിയുടെ സംരക്ഷണത്തിനായി നടത്തേണ്ട ചിലകാര്യങ്ങൾ പരിശോധിക്കാം.

മുടി കഴുകാം, ശ്രദ്ധയോടെ


അമിതമായി മുടി കഴുകുന്നത് നല്ലതല്ലെന്നു പറയുമെങ്കിലും വേനൽക്കാലത്ത് ഇത് ബാധകമല്ല. കാരണം പുറത്തു പോയി തിരികെ എത്തുമ്പോൾ മുടിയിൽ പൊടിയും വിയർപ്പും തങ്ങിനിൽക്കും. തലയോട്ടിയിലെ വിയർപ്പ് ഉണങ്ങിയ ശേഷം താരതമ്യേന വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. പക്ഷേ, ക്ലോറിന്‍ അടങ്ങിയ ജലവും ഉപ്പുവെള്ളവും ഉപോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

സുര്യപ്രകാശത്തിൽ നിന്നും സംരക്ഷണം

അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് നമ്മുടെ ചര്‍മത്തെ പ്രതികൂലമായി ബാധിക്കുന്നതു പോലെ തന്നെ മുടിയിഴകള്‍ക്കും. അൾട്രാവയലറ്റ് രശ്മികൾ തലയോട്ടിയിലെ കോശങ്ങളെ ദോഷകരമായി ബാധിക്കുകയും മുടി വരണ്ടതാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ വെയിലത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. തുണിയോ തൊപ്പിയോ ഉപയോഗിച്ച് തലയോട്ടിക്ക് സംരക്ഷണം നൽകാം. അല്ലെങ്കിൽ കുട ചൂടി പുറത്തിറങ്ങാൻ ശ്രദ്ധിക്കണം.

വേനൽകാലത്ത് മുടിയിലെ ജലാംശം വളരെ വേഗത്തിൽ നഷ്ടമാകുന്നതിനാൽ മുടി ചീകുന്നതിലും കെട്ടുന്നതിലും പ്രത്യേക ശ്രദ്ധ വേണം. കാരണം വേഗത്തിൽ ചീകുന്നതും മുടി ഇറുക്കിക്കെട്ടുന്നതും മുടി പൊട്ടുന്നതിനു കാരണമാകും. തലയോട്ടിയിലേക്ക് സൂര്യപ്രകാശം വളരെ കുറച്ചുമാത്രം എത്തുന്ന രീതിയിൽ മുടി കെട്ടിവയ്ക്കാം. മാത്രമല്ല, മുടിയിൽ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാം. കാരണം കനത്ത ചൂടിൽ മുടിയില്‍ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് പ്രതികൂലമായി ബാധിക്കും.

ഹെൽമറ്റിനു നൽകാം ഇടവേള ഇരുചക്രവാഹനങ്ങളിലെ യാത്ര ഒഴിവാക്കാനാകാത്ത കാര്യമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അത്യാവശ്യത്തിനു വേഗത്തിൽ പുറത്തു പോകാൻ സ്കൂട്ടർ തന്നെയാണ് സ്ത്രീകൾ തിരഞ്ഞെടുക്കുന്നത്. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾക്കു തന്നെയാണ് ബാധിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതൽ മുടിവളർത്തുന്നത്. ഹെൽമറ്റ് ഉപയോഗിക്കാതെ പുറത്തിറങ്ങാനാകില്ലെന്നു മാത്രമല്ല, ഉപയോഗിക്കാതിരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യും. എന്നാൽ ദീർഘദൂരയാത്രകള്‍ക്കിടയിൽ ഹെൽമറ്റിനു ചെറിയരീതിയിലുള്ള ഇടവേളകൾ നൽകാൻ ശ്രദ്ധിക്കണം. വാഹനം അൽപനേരം റോഡരികിൽ നിൽത്തി ഏതെങ്കിലും തണലിൽ വിശ്രമിക്കാം.”

കൃത്രിമ മഞ്ഞും മഴയും ആസ്വദിക്കണോ..? എങ്കില്‍ തിരുവനന്തപുരത്തേക്ക് വിട്ടോ.

തിരുവനന്തപുരത്തുകാരുടെ മാത്രമല്ല കേരളത്തിലെ വിനോദസഞ്ചാരികളുടെയെല്ലാം കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആക്കുളം കണ്ണാടി പാലം തുറക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായ പാലം മെയ്മാസത്തില്‍ തുറന്നുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പ്. വേളി ടൂറിസ്റ്റ് വില്ലേജിലും ആക്കുളത്തും എത്തിയാല്‍ ഇനിമുതല്‍ ഇവിടുത്തെ മനോഹര കാഴ്ച കാണാന്‍ മറക്കരുത്.

70 അടി ഉയരവും 52 മീറ്റര്‍ നീളവുമാണ് പാലത്തിനുള്ളത്. പാലത്തില്‍ വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഒരുക്കിയിരിക്കുന്നത്. പാലത്തില്‍ പ്രവേശിച്ചാലുടന്‍ ചെറിയ ചാറ്റല്‍മഴയും തുടര്‍ന്ന് മൂടല്‍ മഞ്ഞും അനുഭവപ്പെടും. കൂടെ ദീപാലങ്കാരവും. ആക്കുളം കായലിന്റെ മനോഹര ദൃശ്യങ്ങള്‍ പാലത്തിന് മുകളില്‍ നിന്നാല്‍ കാണാന്‍ സാധിക്കും. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്കുള്ള മികച്ച ഓപ്ഷനാണ് ഈ കണ്ണാടി പാലം കാണാനുളള യാത്ര. കുടുംബവുമായി എത്തി ആസ്വദിക്കാന്‍ കഴിയുന്ന വ്യത്യസ്തമായ അനുഭവമായിരിക്കും ഇത് ജില്ലാ ടൂറിസം കൗണ്‍സിലിനാണ് (ടിഡിപിസി) പാലത്തിന്റെ പരിപാലന ചുമതല. പ്രമോഷന്‍ കൗണ്‍സിലിന് വേണ്ടി വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പേര്‍ണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലം നിര്‍മ്മിച്ചത്. പാലം നിര്‍മ്മാണം ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയായെങ്കിലും ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് എല്ലാവിധ സുരക്ഷയും ഒരുക്കിയാണ് കണ്ണാടിപാലം തുറക്കാന്‍ പോകുന്നത്. മെയ് മാസത്തില്‍ ഉദ്ഘാടനം ഉണ്ടാകുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അറിയിക്കുന്നു.

ഐസിഎസ്ഇ, ഐഎസ്‌സി മികച്ച നേട്ടവുമായി കേരളം.

ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്സിഇ) ഐസിഎസ്ഇ പത്താംക്ലാസ്, ഐഎസ്സി പന്ത്രണ്ടാംക്ലാസ് പരീക്ഷകളിൽ മികച്ച നേട്ടവുമായി കേരളം. ഐസിഎസ്ഇക്ക് 99.94 ശതമാനവും ഐഎസ്സിക്ക് 100 ശതമാനവുമാണ് സംസ്ഥാനത്തെ വിജയശതമാനം.

പത്താംക്ലാസിൽ 164 സ്കൂളുകളിൽനിന്നായി 3764 ആൺകുട്ടികളും 3973 പെൺകുട്ടികളുമുൾപ്പെടെ 7737 പേരും പന്ത്രണ്ടിൽ 1390 ആൺകുട്ടികളും 1460 പെൺകുട്ടികളുമുൾപ്പെടെ 2850 പേരുമാണ് പരീക്ഷയെഴുതിയത്.

ഐസിഎസ്ഇയിൽ പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ 99.95 ശതമാനം. ആൺകുട്ടികൾക്കിത് 99.92 ശതമാനമാണ്. പട്ടികജാതിവിഭാഗത്തിൽ 99.48 ശതമാനവും പട്ടികവർഗവിഭാഗത്തിൽ നൂറുശതമാനവുമാണ് പത്തിലെ വിജയം. ഫലം ഡിജി ലോക്കർ വഴിയും പരിശോധിക്കാമെന്ന് ചീഫ് എക്സിക്യുട്ടീവ് ജോസഫ് ഇമാനുവൽ അറിയിച്ചു. ഇപ്രൂവ്മെന്റ് പരീക്ഷകൾ ജൂലായിൽ നടക്കും.

Verified by MonsterInsights