പഴയകാല പോലീസ് കാഴ്ചകൾ സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ സന്ദർശകർക്കായി ഒരുക്കി അബുദാബി പോലീസ്. 1971-ലെ പ്രഥമ യു.എ.ഇ. ആഭ്യന്തര മന്ത്രി ശൈഖ് മുബാറഖ് ബിൻ മുഹമ്മദ് അൽ നഹ്യാന്റെ പേരിലുള്ള മ്യൂസിയത്തിലൂടെ യു.എ.ഇ.യുടെ 50 വർഷത്തെ വളർച്ചയുടെ ഘട്ടങ്ങൾ വിശദമാക്കുന്നു.
ഏറെ കൗതുകകരമായ ഒട്ടേറെ വസ്തുക്കളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോലീസ് വാഹനങ്ങൾ, യൂണിഫോം, ബാഡ്ജുകൾ, അപൂർവ ഫോട്ടോഗ്രാഫുകൾ എന്നിവയിതിലുൾപ്പെടും. ഐക്യ യു.എ.ഇ. രൂപവത്കരണവേളയിലെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഫോട്ടോഗ്രാഫുകൾ, വാർത്തകൾ എന്നിവയും പ്രദർശനത്തെ വേറിട്ടതാക്കുന്നു.