
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ പ്രവർത്തിക്കുന്നു. രണ്ടാം ശനിയാഴ്ചയും പ്രാദേശിക അവധി ദിനങ്ങളിലും പരാതി പരിഹാര സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതികളുടെയും അപേക്ഷയുടെയും തൽസ്ഥിതി 1076 എന്ന നമ്പറിലൂടെ അറിയാൻ കഴിയും. പരാതികളിൽ തീരുമാനമെടുക്കുന്നതിൽ കാലതാമസം ശ്രദ്ധയിൽപ്പെട്ടാലും സ്വീകരിച്ച നടപടികളിൽ അതൃപ്തി ഉണ്ടെങ്കിലും ഈ നമ്പറിൽ അറിയിച്ചാൽ പരിഹാര നടപടി സ്വീകരിക്കും.
ടോൾ ഫ്രീ നമ്പറിലൂടെ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടുന്നവർക്ക് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന സേവനം സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്താനും സംവിധാനമുണ്ട്.

ഫോൺ സംഭാഷണം പൂർത്തിയാകുന്ന മുറയ്ക്ക് വിളിച്ച നമ്പറിലേക്ക് പ്രതികരണം രേഖപ്പെടുത്താനുള്ള ലിങ്ക് സഹിതം എസ്.എം.എസ് ലഭിക്കും. ലിങ്ക് ഉപയോഗിച്ച് അഭിപ്രായവും റാങ്കിങ്ങും രേഖപ്പെടുത്താം.
മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനമായ സ്‌ട്രെയിറ്റ് ഫോർവേഡിൽ നേരിട്ടെത്തിയും പരാതികൾ സമർപ്പിക്കാനും തൽസ്ഥിതി അറിയാനും കഴിയും. നേരിട്ട് സമർപ്പിക്കുന്ന പരാതികൾക്ക് അപ്പോൾതന്നെ രസീത് ലഭിക്കും.
