വൺപ്ലസിന്റെ പുതിയ ഫ്ളാഗ്ഷിപ്പ് സ്മാർട്ഫോണായ വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ഫോൺ പുറത്തിറക്കി. ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 66999 രൂപയിൽ വില തുടങ്ങുന്ന ഫോണിന് 6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത്. ഏപ്രിൽ അഞ്ച് മുതൽ വിൽപന ആരംഭിക്കും. 8ജിബി + 1285 ജിബി പതിപ്പിന് 66999 രൂപയും 12 ജിബി + 256 ജിബി പതിപ്പിന് 71999 രൂപയും ആണ് വില.രണ്ടാം തലമുറ ഹാസിൽ ബ്ലാഡ് ക്യാമറ, അതിവേഗ ചാർജിങ്, മികച്ച പ്രവർത്തനക്ഷമത എന്നിവയെല്ലാമാണ് വൺപ്ലസ് 10 പ്രോയുടെ മുഖ്യ സവിശേഷത.

120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീനിൽ മെച്ചപ്പെട്ട എൽടിപിഒ സാങ്കേതികവിദ്യയാണുള്ളത്. ഡ്യുവൽ കളർ കാലിബ്രേഷനുമുണ്ട്. ഹൈ ബൂസ്റ്റ് ഗെയിമിങ് എഞ്ചിന്റെ സഹായത്താൽ പുതിയ ഒരുകൂട്ടം ഗെയിമിങ് ഫീച്ചറുകളും ഫോണിലുണ്ട്. ഫോണിനൊപ്പം വൺപ്ലസ് ബുള്ളറ്റ് വയർലെസ് സെഡ്2 ഇയർഫോണും ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്.48 എംപി സോണി ഐഎംഎക്സ് 789 പ്രധാന സെൻസറും, 50 എംപി ഐഎസ്ഒ സെൽ 150 ഡിഗ്രി വീക്ഷണകോണുള്ള അൾട്രാ വൈഡ് ക്യാമറ, ഒഐഎസ് സംവിധാനമുള്ള 8 എംപി 3.3x ടെലിഫോട്ടോ ഷൂട്ടർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറയാണിതിന്.

സെൽഫിയ്ക്കായി 32 എംപി സോണി ഐഎംഎക്സ്615 സെൻസർ നൽകിയിരിക്കുന്നു. മികച്ച നൈറ്റ് മോഡ് ഇതിലുണ്ട്. ഹാസിൽ ബ്ലാഡുമായി സഹകരിച്ച് എക്സ്പാൻ മോഡ്, ഹാസിൽ ബ്ലാഡ് നേച്ചറൽ കളർ ഓപ്റ്റിമൈസേഷൻ സംവിധാനങ്ങളുണ്ട്. ഡോൾബി അറ്റ്മെസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഇതിൽ നൽകിയിരിക്കുന്നു. സ്നാപ്ഡ്രാഗൺ 8ജെൻ വൺ പ്രൊസസർ ശക്തിപകരുന്ന ഫോണിൽ അഞ്ച് പാളികളുള്ള ത്രിഡി പാസീവ് കൂളിങ് സംവിധാനമുണ്ട്. ഫോൺ ചൂടാവാതെ സംരക്ഷിക്കുന്നതിനുള്ള അതിനൂതനമായ സംവിധാനമാണിത്.

80 വാട്ട് സൂപ്പർവൂക് അതിവേഗ ചാർജിങ് സൗകര്യമുണ്ട്. 5000 എംഎഎച്ച് ബാറ്ററി 32 മിനിറ്റു കൊണ്ട് ഫുൾച്ചാർജ് ചെയ്യാൻ ഇതുവഴി സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 50 വാട്ട് എയർലൂക്ക് വയർലെസ് ചാർജിങും വൺപ്ലസ് 10 പ്രോ പിന്തുണയ്ക്കും. ഇതുവഴി 47 മിനിറ്റിൽ ബാറ്ററി ഫുൾചാർജ് ചെയ്യാനാവും. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഓഎസ് 12.1 ആണിതിൽ. മൂന്ന് ആൻഡ്രോയിഡ് അപ്ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഫോണിൽ ലഭിക്കും.വോൾകാനിക് ബ്ലാക്ക്, എമറാൾഡ് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുക.