തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽ.ഡി.ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികകളുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു.
ഈ മാസമോ അടുത്തമാസം ആദ്യമോ ജില്ലാതലത്തിൽ ഇവ പ്രസിദ്ധീകരിക്കും. രേഖാപരിശോധനയ്ക്കുശേഷം വൈകാതെ റാങ്ക്പട്ടികകൾ തയ്യാറാക്കാനും ജില്ലാ ഓഫീസുകൾക്ക് യോഗം നിർദേശം നൽകി. മുഖ്യപരീക്ഷ കഴിഞ്ഞ് അഞ്ചുമാസമായിട്ടും സാധ്യതാപട്ടിക വൈകുന്നതായി ഉദ്യോഗാർഥികൾ പരാതിപ്പെട്ടിരുന്നു. പ്രതീക്ഷിത ഒഴിവുകൾ അറിയിച്ചാൽ അത് അടിസ്ഥാനമാക്കി പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു പി.എസ്.സി.യുടെ തീരുമാനം. എന്നാൽ, വകുപ്പുകളിൽനിന്ന് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്തുകിട്ടിയില്ല. അതാണ് സാധ്യതാപട്ടികകൾ വൈകാൻ കാരണം.
ഒടുവിൽ, കഴിഞ്ഞ പട്ടികയിൽനിന്നുള്ള നിയമന ശുപാർശയുടെ അടിസ്ഥാനത്തിൽ പുതിയ സാധ്യതാപട്ടിക തയ്യാറാക്കാൻ തിങ്കളാഴ്ചത്തെ പി.എസ്.സി. യോഗം തീരുമാനിക്കുകയായിരുന്നു