സൗദി, ഒമാൻ വ്യോമപാതയിലൂടെ ഇസ്രയേലിന്റെ ആദ്യ വിമാനം; ചരിത്രനേട്ടവുമായി എൽ അൽ എയർലൈൻസ്

ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ വഴി സർവീസ് ആരംഭിച്ചതായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയായ എൽ അൽ (El Al). ഇതാദ്യമായാണ് ഒരു ഇസ്രയേൽ വിമാനം സൗദിയുടെയും ഒമാന്റെയും വ്യോമപാതയിലൂടെ പറക്കുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്ക് ഇസ്രയേലിന്റെ എൽ അൽ ഫ്ലൈറ്റ് 083 പുറപ്പെട്ടത്. വിമാനം തായ്‌ലൻഡ് തലസ്ഥാനത്ത് എത്താൻ ഏകദേശം എട്ട് മണിക്കൂർ മാത്രമാണ് എടുത്തത്. രണ്ട് മണിക്കൂറിന് ശേഷം മറ്റൊരു എൽ അൽ വിമാനവും ഇതേ റൂട്ടിലൂടെ ബാങ്കോക്കിലേക്ക് പറന്നു.

പുതിയ റൂട്ട് വഴി യാത്രാസമയം ലാഭിക്കാനാകുമെന്ന് എൽ അൽ എയർലൈൻസ് അറിയിച്ചു. പുതിയ ഇടനാഴി ഉപയോഗിക്കുന്ന ആദ്യത്തെ ഇസ്രായേലി വാണിജ്യ വിമാനമാണിതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

പുതിയ റൂട്ട് ചില ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രാദൂരം ഏകദേശം രണ്ട് മണിക്കൂറോളം കുറയ്ക്കുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ളവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഒമാനുമായോ സൗദി അറേബ്യയുമായോ ഇസ്രായേലിന് നിലവിൽ ഔദ്യോഗിക ബന്ധമൊന്നുമില്ല.

Verified by MonsterInsights