ഗതാഗതക്കുരുക്കിൽ നഗരം വീർപ്പു മുട്ടുന്നു. അനധികൃത പാർക്കിംഗും അനിയന്ത്രിതമായ തിരക്കും നഗരത്തെ പലപ്പോഴും കനത്ത ഗതാഗതക്കുരുക്കിലാക്കു കയാണ്. ഇന്നലെ നഗരത്തിൽ വിവിധയിടങ്ങളിൽ വാഹനത്തിരക്കു മൂലം ഗതാഗത സ്തംഭനമുണ്ടായി. തലങ്ങും വിലങ്ങുമുള്ള വാഹന പാർക്കിംഗാണ് പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകുന്നത്.വാഹനത്തിൽ കറങ്ങുന്നതല്ലാതെ ഗതാഗത നിയന്ത്രണത്തിനു വേണ്ടത്ര നടപടികൾ ട്രാഫിക് പോലിസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. വാഹനങ്ങൾ പെരുകിയപ്പോഴും ട്രാഫിക് സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതാണ് നഗരം നേരിടുന്ന പ്രധാന വെല്ലുവിളി

ഗാന്ധി സക്വയർ, മാർക്കറ്റ് റോഡ്, മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുൻ വശം,ജില്ലാ വിദ്യാഭ്യാസ ഓഫീസ് റോഡ്, മോർ ജംഗഷൻ, അമ്പലം ബൈപാസ്,കാഞ്ഞിരമറ്റം ബൈപാസ് തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലായി ഗതാഗത കുരുക്കുണ്ടാകുന്നത്. മാർക്കറ്റ് റോഡിൽ തിരക്കേറിയ സമയം ചരക്ക് ലോറികൾ പാർക്ക് ചെയ്ത് ലോഡിറക്കുന്നതും കയറ്റുന്നതുമാണ് പ്രധാനമായും ഗതാഗത സ്തംഭനത്തിന് കാരണം. ഇവിടെ വ്യാപാര സ്ഥാപനങ്ങളിൽ ചരക്കിറക്കുന്നതിനു മുനിസിപ്പാലിറ്റി അധികൃതർ തിരക്കു കുറഞ്ഞ രാവിലെയും വൈകിട്ടും സമയം നിശ്ചയിച്ച് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശം നടപ്പിലാകാത്തതിനാൽ ഈ റൂട്ടിൽ ഏറെ സമയം ഗതാഗത തടസമുണ്ടാകാറുണ്ട്.കാഞ്ഞിരമറ്റം ബൈപാസിലാണ് വിദേശ മദ്യശാലകൾ പ്രവർത്തിക്കുന്നത്. ഇവിടെ മദ്യം വാങ്ങാനെത്തുന്ന വാഹനങ്ങളും ഓട്ടോകളും റോഡിനിരുവശത്തുമായി പാർക്കു ചെയ്യുന്നതോടെ ഗതാഗതത്തിനു തടസം നേരിടുന്നുണ്ട്.

ചില സമയങ്ങളിൽ മാത്രം ട്രാഫിക് പോലീസെത്തി വാഹനങ്ങളിൽ പിഴയടയ്ക്കാനുള്ള സ്റ്റിക്കർ പതിപ്പിക്കും. വാഹന പാർക്കിംഗിന് നഗരത്തിൽ സ്ഥലമില്ലാത്തതാണ് പ്രധാന പ്രശ്നം. രാവിലെ മുതൽ നഗരത്തിലെ റോഡുകളുടെ ഓരങ്ങളിൽ വാഹനങ്ങൾ സ്ഥാനം പിടിക്കും, ചില സ്വകാര്യ വ്യക്തികളുടെ പാർക്കിംഗ് കേന്ദ്രങ്ങളല്ലാതെ നഗരത്തിൽ മുനിസിപ്പാലിറ്റിയുടെയും മറ്റും വാഹന പാർക്കിംഗ് ഇടങ്ങളില്ല. ഇതാണ് പാതയോരങ്ങൾ പാർക്കിംഗ് കേന്ദ്രങ്ങളായി മാറാൻ കാരണം. ഇതിനിടെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ ട്രാഫിക് പോലീസ് നഗരത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ പാർക്കിംഗ് നിരോധന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ പര്യാപ്തമായിട്ടില്ല.

ഇതിനു പുറമേ ടൗണിൽ ഓട്ടോകളുടെ വട്ടം തിരിക്കലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. റോഡിൽ ഏതു ഭാഗത്തു നിന്നു പോലും ട്രാഫിക് നിയമം പാലിക്കാതെയാണ് ഓട്ടോ ഡ്രൈവർമാർ യു ടേൺ എടുക്കുന്നത്.ഓട്ടോ സ്റ്റാൻഡുകളിൽ നിന്നും വാഹനം എടുക്കുമ്പോഴും സ്റ്റാൻഡുകളിൽ വാഹനം കയറ്റുമ്പോഴും വശങ്ങളിൽ നിന്നും വാഹനങ്ങൾ വരുന്നുണ്ടോയെന്നു പോലും നോക്കാതെയാണ് ഇവരുടെ വട്ടം തിരിക്കൽ. ഓട്ടോ വട്ടം തിരിക്കുമ്പോൾ എതിർദിശയിൽ നിന്നും എത്തുന്ന വാഹനങ്ങൾ പലപ്പോഴും തലനാരിഴക്കാണ് അപകടം കൂടാതെ രക്ഷപ്പെടുന്നത്