ആനകളെ കാണാൻ ആനവണ്ടിയിൽ ഒരു യാത്ര

ആനവണ്ടിയിൽ കാടുംമേടും താണ്ടി മൂന്നാറിലേക്ക് ഒരു കിടിലൻ യാത്ര. ആനക്കുളത്തെത്തുമ്പോൾ ഭാഗ്യമുണ്ടെങ്കിൽ ആനകളേയും കാണാം. കെ.എസ്.ആർ.ടി.സി. കോതമംഗലം ഡിപ്പോയാണ് ഞായറാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് ഈ അവസരം ഒരുക്കിയത്. ഒൻപത് മണിക്കൂറുള്ള യാത്രയുടെ ആദ്യ റിസർവേഷൻ ശനിയാഴ്ചതന്നെ പൂർത്തിയായിരുന്നു. ഇനിമുതലുള്ള എല്ലാ ഞായറാഴ്ചയും സർവീസുണ്ടാകും. ഒരു ട്രിപ്പിൽ 50 പേർക്കാണ് അവസരം. ചായയും ഉച്ചഭക്ഷണവും ഉൾപ്പടെ 500 രൂപയാണ് ഒരാൾക്ക് ചാർജ്. കെ.എസ്.ആർ.ടി.സിയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിച്ച് കൂടുതൽ വരുമാനമുണ്ടാക്കുന്നതിനാണ് ഈ കാനന യാത്ര.

  * ആഹാ…എന്താ യാത്ര

ഞായറാഴ്ച രാവിലെ 9.30-ന് കോതമംഗലത്തുനിന്ന് സർവീസ് തുടങ്ങും. പറവകളുടെ നാടായ തട്ടേക്കാടിലേക്കാണ് യാത്ര. അതും കാട്ടിലൂടെ. പിന്നെ കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാട്ടി വഴി ആനക്കുളത്തെത്തും. ആനകൾ വെള്ളം കുടിക്കുന്ന സ്ഥലമാണവിടം.

മാമലക്കണ്ടത്തുനിന്നുള്ള വഴികളിൽ എപ്പോൾ വേണമെങ്കിലും വന്യജീവികളെ കാണാം. ആനക്കുളത്തുനിന്ന് മാങ്കുളത്തേക്ക്. തുടർന്ന മനോഹരമായ ലക്ഷ്മി എസ്റ്റേറ്റ് പിന്നിട്ട് ഉച്ചയോടെ മൂന്നാറിൽ. ഇതിനിടെ കാഴ്ചകൾ കാണാൻ പലയിടത്തും നിർത്തും. മൂന്നാറിൽ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ അടിമാലി വഴി കോതമംഗലത്ത് വൈകീട്ട് ആറിന് എത്തും. വൈകീട്ട് ചായയും കിട്ടും. നവംബർ 20-ന് കെ.എസ്.ആർ.ടി.സി. ട്രയൽ റൺ നടത്തിയപ്പോൾ ആനകളെ കണ്ടിരുന്നു. നീർച്ചാലുകളും, തേയിലത്തോട്ടങ്ങളുംകണ്ട് ശുദ്ധവായു ശ്വസിച്ചുള്ള ഈ കാനനയാത്രയ്ക്ക് സഞ്ചാരികൾ കൂടിയാൽ അവധിദിവസങ്ങളിലും നടത്താൻ കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നുണ്ട്.

  * വരുന്ന ആഴ്ചകളിലേയ്ക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം.

ഫോൺ: 9447984511, 9446525773. മലപ്പുറം ഡിപ്പോയിൽനിന്നും മൂന്നാറിലേക്ക് ആരംഭിച്ച സൈറ്റ് സീയിംഗ് സർവീസ് വിജയമായതോടെയാണ് മറ്റ് ഡിപ്പോകളിൽനിന്നും മൂന്നാറിലേക്ക് സർവീസ് നടത്താൻ പല ഡിപ്പോകളും സന്നദ്ധമായത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights