ആൻഡ്രോയിഡ് 13-ന്റെ ഡെവലപ്പർ പ്രിവ്യൂ കഴിഞ്ഞമാസമാണ് ഗൂഗിൾ പുറത്തിറക്കിയത്. ഇതിന് പിന്നാലെ ആൻഡ്രോയിഡ് 13-ലെ പുതിയ സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. അതിലൊന്നാണ് മൾട്ടിപ്പിൾ എനേബിൾഡ് പ്രൊഫൈൽസ് (എം.ഇ.പി.). ഒരു ഇ സിമ്മിൽ (eSIM) രണ്ട് മൊബൈൽ കണക്ഷനുകൾ ഉപയോഗിക്കാനാവുന്ന സംവിധാനമാണിത്.

പരമ്പരാഗത സിംകാർഡുകൾ ഉപയോഗിക്കാത്ത ഇ-സിം സൗകര്യം മാത്രമുള്ള ഫോണുകൾക്കുള്ള പിന്തുണ ആൻഡ്രോയിഡ് 13 നൽകും എന്നതിന്റെ സൂചനയാണിത്. ചിലപ്പോൾ പോർട്ടുകളൊന്നുമില്ലാത്ത ഫോണിന് വേണ്ടിയുള്ള ശ്രമവുമാവാം. എസ്പെർ.ഐഓഎയിലെ (esper.io) മിഷാൽ റഹ്മാനാണ് ആൻഡ്രോയിഡ് 13 ൽ ഇങ്ങനെ ഒരു ഫീച്ചർ കണ്ടെത്തി പുറത്തുവിട്ടത്. സ്മാർട്ഫോൺ നിർമാതാക്കളെ സംബന്ധിച്ചിടത്തോളം പരമ്പരാഗത സിംകാർഡുകൾ ഇടുന്നതിനുള്ള സ്ലോട്ടിന് വേണ്ടി മാറ്റിവെക്കുന്ന സ്ഥലം ഏറെ പ്രധാനപ്പെട്ടതാണ്.

ഉപയോഗപ്രദമായ മറ്റൊരാവശ്യത്തിനായി ഈ സ്ഥലം പ്രയോജനപ്പെടുത്താനാവും എന്നത് തന്നെയാണതിന് കാരണം. മാത്രവുമല്ല ഇത്തരം സ്ലോട്ടുകളാണ് ഫോണുകളെ സമ്പൂർണ വാട്ടർപ്രൂഫ് ആക്കുന്നതിന് തടസം നിൽക്കുന്നതും. പോർട്ടുകൾ പരമാവധി ഇല്ലാതാക്കാനുള്ള ശ്രമവും കമ്പനികൾ നടത്തിവരുന്നുണ്ട്. സിംകാർഡുകളുടെ വലിപ്പം കാലങ്ങളായി കുറഞ്ഞുവന്നിട്ടുണ്ട്. വലിയ സിംകാർഡുകൾ മിനി സിംകാർഡുകളായും മൈക്രോ സിംകാർഡുകളായും ഇപ്പോഴത് നാനോ സിംകാർഡുകളായും ചുരുങ്ങി. പരമ്പരാഗത സിംകാർഡുകൾ ഉപയോഗിക്കാതെ തന്നെ ഇ-സിം സാങ്കേതിക വിദ്യയിലൂടെ സെല്ലുലാർ കണക്ഷനുകൾ എടുക്കാനുള്ള സൗകര്യം നിലവിലുണ്ട്.

ഈ സിം സാങ്കേതിക വിദ്യയിൽ രണ്ട് കണക്ഷനുകൾ ഉപയോഗിക്കുന്നതിനാണ് ആൻഡ്രോയിഡ് 13 ലെ മൾട്ടിപ്പിൾ എനേബിൾഡ് പ്രൈഫൈൽസ് അഥവാ എം.ഇ.പി സഹായിക്കുക. ഒരു ഇ-സിം മാത്രം ഉപയോഗിക്കുന്ന നിലവിലുള്ള ഫോണുകളിലും എം.ഇ.പിയുടെ സഹായത്തോടെ രണ്ട് കണക്ഷനുകൾ `ഉപയോഗിക്കാനാവുമെന്നാണ് വിവരം. മാത്രവുമല്ല ആപ്പിൾ ഐഓഎസ്, മാക് ഓഎസ്, വിൻഡോസ് പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാവും. അവർക്കെല്ലാം ഗൂഗിൾ എംഇപിയുടെ ലൈസൻസ് നൽകുമോ എന്ന് കാത്തിരുന്ന് കാണാം.