ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറിയ ഗുലാബ് ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് മറ്റൊരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ ഞായറാഴ്ച ആന്ധ്ര-ഒഡിഷ തീരത്തേക്കു പ്രവേശിച്ചതോടെയാണ് ദുർബലപ്പെട്ട് ന്യൂനമർദമായി മാറിയത്. വ്യാഴാഴ്ചയോടെ ഗുജറാത്ത് തീരത്തിനടുത്തായി വടക്കുകിഴക്കൻ അറബിക്കടലിൽ എത്തുന്ന ഈ ന്യൂനമർദം ശക്തി പ്രാപിച്ച് വെള്ളിയാഴ്ചയോടെ മറ്റൊരു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ ‘ഷഹീൻ’ എന്നായിരിക്കും പേര്, ഖത്തറാണ് ഈ പേര് നിർദേശിച്ചിട്ടുള്ളത്. ചു ഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. അതിനിടെ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇന്നലെ പുതിയ ന്യൂനമർദം രൂപപ്പെട്ടതായും അടുത്ത 24 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.