ബയേണും യുവന്റസും നോക്കൗട്ടില്‍, ബാഴ്‌സയ്ക്കും ചെല്‍സിയ്ക്കും വിജയം, യുണൈറ്റഡിന് സമനില

യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ബയേൺ മ്യൂണിക്കും യുവന്റസും നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. ബയേൺ ബെൻഫിക്കയെയും യുവന്റസ് സെനിത് സെയ്ന്റ്പീറ്റേഴ്സ്ബെർഗിനെയും തോൽപ്പിച്ചു. ചെൽസിയും ബാഴ്സലോണയും വിജയിച്ചപ്പോൾ മാഞ്ചെസ്റ്റർ യുണൈറ്റഡ് സമനിലക്കുരുക്കിൽ വീണു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളാണ് യുണൈറ്റഡിന് തുണയായത്.

 * ഫൈവ് സ്റ്റാർ മികവിൽ ബയേൺ, പ്രതീക്ഷ പുലർത്തി ബാഴ്സ

ഗ്രൂപ്പ് ഇ യിൽ ബെൻഫിക്കയെ രണ്ടിനെതിരേ അഞ്ചുഗോളുകൾക്ക് തകർത്താണ് ബയേൺ മ്യൂണിക്ക് നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചത്. സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ബയേണിനായി ഹാട്രിക്ക് നേടി. മത്സരത്തിന്റെ 26, 61, 84 മിനിട്ടുകളിലാണ് ലെവൻഡോവ്സ്കി ബയേണിനായി വല ചലിപ്പിച്ചത്. സെർജിയോ നാബ്രി, ലിറോയ് സനെ എന്നിവരും ലക്ഷ്യം കണ്ടു. ബെൻഫിക്കയ്ക്കായി മൊറോട്ടയും ഡാർവിൻ ന്യൂനസും സ്കോർ ചെയ്തു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലും വിജയിച്ച് ബയേൺ നോക്കൗട്ട് ഉറപ്പിച്ചു.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് ഡൈനാമോ കീവിനെ പരാജയപ്പെടുത്തി. 70-ാം മിനിട്ടിൽ യുവതാരം അൻസു ഫാത്തിയാണ് ബാഴ്സയ്ക്ക് വേണ്ടി വിജയഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ ബാഴ്സയ്ക്ക് ഏറെ ആശ്വാസം പകരുന്ന വിജയമാണിത്. ഈ വിജയത്തോടെ ടീം ബയേണിന് താഴെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി.

 * നാലടിച്ച് യുവന്റസ്, മാൽമോയെ മറികടന്ന് ചെൽസി

ഗ്രൂപ്പ് എച്ചിൽ യുവന്റസ് രണ്ടിനെതിരേ നാലുഗോളുകൾക്ക് സെനിത് സെയ്ന്റ് പീറ്റേഴ്സ് ബെർഗിനെ പരാജയപ്പെടുത്തി നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. സീരി എ യിൽ മോശം ഫോം തുടരുന്ന യുവന്റസ് അതിൽ നിന്ന് തീർത്തും വിഭിന്നമായ പ്രകടനമാണ് ചാമ്പ്യൻസ് ലീഗിൽ കാഴ്ചവെയ്ക്കുന്നത്. ആദ്യ നാല് മത്സരങ്ങളിലും വിജയിച്ചാണ് യുവന്റസിന്റെ കുതിപ്പ്. മത്സരത്തിൽ സൂപ്പർ താരം പൗലോ ഡിബാല ടീമിനായി ഇരട്ട ഗോളുകൾ നേടിയപ്പോൾ ഫെഡെറിക്കോ കിയേസ, ആൽവാരോ മൊറാട്ട എന്നിവരും ലക്ഷ്യം കണ്ടു. സെനിതിനായി സാർദാർ അസ്മൗൻ വലകുലുക്കിയപ്പോൾ ലിയോണാർഡോ ബൊന്നൂച്ചിയുടെ സെൽഫ് ഗോളും ടീമിന് തുണയായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസി എതിരില്ലാത്ത ഒരു ഗോളിന് മാൽമോയെ വീഴ്ത്തി. 56-ാം മിനിട്ടിൽ ഹക്കിം സിയെച്ചാണ് ടീമിനായി വിജയഗോൾ നേടിയത്. ഈ വിജയത്തോടെ ചെൽസി നോക്കൗട്ട് യോഗ്യതയുടെ അടുത്തെത്തി. നിലവിൽ ഗ്രൂപ്പ് എച്ചിൽ യുവന്റസിന് താഴെ രണ്ടാം സ്ഥാനത്താണ് ചെൽസി.

ELECTRICALS

 * വീണ്ടും യുണൈറ്റഡിന്റെ രക്ഷകനായി റൊണാൾഡോ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ അത്ലാന്റയ്ക്കെതിരേ കരുത്തരായ മാഞ്ചെസ്റ്റർ യുണൈറ്റഡ് അവസാന നിമിഷം സമനില നേടി തോൽവിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് 12-ാം മിനിട്ടിൽ അത്ലാന്റ ലീഡെടുത്തു. ജോസിപ് ഇല്ലിസിച്ചാണ് ടീമിന് വേണ്ടി സ്കോർ ചെയ്തത്. യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയയുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ഇല്ലിസിച്ചിന്റെ ദുർബലമായ ഷോട്ട് കൈയ്യിലൊതുക്കാൻ ഹിയയ്ക്ക് സാധിച്ചില്ല. ഹിയയുടെ കൈയ്യിൽ ഉരസിയാണ് പന്ത് വലയിലെത്തിയത്.

എന്നാൽ ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ റൊണാൾഡോ യുണൈറ്റഡിനുവേണ്ടി സമനില ഗോൾ നേടി. ബ്രൂണോ ഫെർണാണ്ടസിന്റെ മനോഹരമായ പാസ് സ്വീകരിച്ച റൊണാൾഡോ പന്ത് അനായാസം വലയിലെത്തിച്ചു. ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. രണ്ടാം പകുതിയിൽ അത്ലാന്റ വീണ്ടും ലീഡെടുത്തു. 58-ാം മിനിട്ടിൽ ഡുവാൻ സപാറ്റയാണ് അത്ലാന്റയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. യുണൈറ്റഡ് പ്രതിരോധത്തെ സമർഥമായി കബിളിപ്പിച്ചാണ് ഗോൾ പിറന്നത്. മത്സരത്തിൽ യുണൈറ്റഡ് തോൽവി വഴങ്ങുമെന്ന് ഉറപ്പിച്ച സമയത്ത് റൊണാൾഡോ രക്ഷകനാകുകയായിരുന്നു. മേസൺ ഗ്രീൻവുഡിന്റെ പാസ് സ്വീകരിച്ച് റൊണാൾഡോ ബോക്സിന് വെളിയിൽ നിന്ന് തൊടുത്തുവിട്ട ഷോട്ട് തീയുണ്ട പോലെ വലയിൽ കയറി. ഇതോടെ യുണൈറ്റഡ് സമനില നേടി രക്ഷപ്പെട്ടു. എങ്കിലും ഗ്രൂപ്പ് എഫിൽ ടീം ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയന്റാണ് ടീമിനുള്ളത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ വിയ്യാറയൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യങ് ബോയ്സിനെ കീഴടക്കി. ചാമ്പ്യൻസ് ലീഗിലെ മറ്റ് മത്സരങ്ങളിൽ ലില്ലെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെവിയ്യയെ പരാജയപ്പെടുത്തിയപ്പോൾ വോൾവ്സ്ബർഗ് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ആർ.ബി.സാൽസ്ബർഗിനെ അട്ടിമറിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights