ബ്രിട്ടനിൽ ഏപ്രിൽ മുതൽ മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടായി ഉയർത്തും

ബ്രിട്ടനിൽ മിനിമം വേതനം അടുത്തവർഷം ഏപ്രിൽ മുതൽ മണിക്കൂറിന് 9.50 പൗണ്ടായി ഉയർത്തും. 23 വയസിനു മുകളിലുള്ളവർക്കാണ് ഈ മിനിമം വേതനത്തിന് അർഹതയുള്ളത്. നിലവിൽ 8.91 പൗണ്ട് ആയിരുന്നു ഒരു മണിക്കൂർ ജോലിക്കുള്ള മിനിമം വേതനം. ഇതാണ് ഏപ്രിൽ മുതൽ ഒമ്പതര പൗണ്ടാകുന്നത്. നിലവിലെ വിനിമയ നിരക്കനുസരിച്ച് ശരാശരി ആയിരം ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുകയാണിത്.

പുതിയ വർധനയനുസരിച്ച് മുഴുവൻ സമയം ജോലി ചെയ്യുന്ന ഒരാൾക്ക് വർഷം 1074 പൗണ്ടിന്റെ ശമ്പള വർധന ലഭിക്കും. ചാൻസിലർ ഋഷി സുനാക് ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച ഔദ്യോഗക പ്രഖ്യാപനം ഉണ്ടാകും. പേ കമ്മിഷന്റെയും ഇൻഡിപ്പെൻഡന്റ് അഡ്വൈസേഴ്സിന്റെയും ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിന് കോവിഡ് കാലത്ത് സർക്കാർ തയാറാകുന്നത്. 23 വയസ് പൂർത്തിയായവർക്ക് ശമ്പളത്തിൽ 6.6 ശതമാനം വർധന നൽകുന്ന തീരുമാനമാണിത്. ജീവിതച്ചെലവ് ശരാശരി 3.1 ശതമാനം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വർധന തൊഴിലാളികൾക്ക് വലിയ അനുഗ്രഹമാകും. കോവിഡ് മൂലം തൊഴിൽ മേഖലയിൽ കഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകുന്ന തീരുമാനമാണ് സർക്കാരിൽനിന്നും ഉണ്ടാകുന്നത്.

21 മുതൽ 22 വയസുവരെ പ്രായമുള്ളവരുടെ മിനിമം വേതനം മണിക്കൂറിന് 8.36 പൗണ്ടിൽ നിന്നും ഏപ്രിൽ മുതൽ 9.18 പൗണ്ടായി ഉയരും. അപ്രന്റീസ്ഷിപ്പിലുള്ളവരുടെ പ്രതിഫലം മണിക്കൂറിന് 4.30 പൗണ്ടിൽ നിന്നും 4.81 പൗണ്ടായും വർധിക്കും. 18 മുതൽ 20 വയസു വരെ പ്രായമുള്ളവരുടെ മിനിമം വേതനം 6.56 പൗണ്ടിൽ നിന്നും 6.83 പൗണ്ടായാണ് ഉയർത്തുന്നത്. 18 വയസിൽ താഴെയുള്ളവർക്കും വർധനയുണ്ട്. 4.62 പൗണ്ടായിരുന്ന ഇവരുടെ വേതനം 4.81 പൗണ്ടായി ഉയരും. ബുധനാഴ്ച രാവിലെയാണ് ചാൻസിലർ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights