കാബൂളിൽ നിന്ന് 145 പേരെ കൂടി ഡൽഹിയിൽ എത്തിച്ചു; രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ
മൂന്ന് വിമാനങ്ങളിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം ഊർജിതമാക്കി ഇന്ത്യ. തിങ്കളാഴ്ച്ച രാവിലെയോടെ കാബൂളിൽ നിന്ന് 145 പേരെ കൂടി ഡൽഹിയിൽ എത്തിച്ചു. സംഘത്തിൽ ഇന്ത്യക്കാരും അഫ്ഗാൻ സ്വദേശികളുമുണ്ട്.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ രണ്ട് എംപിമാർ അടക്കം 392 പേരെയാണ് ഡൽഹിയിൽ എത്തിച്ചത്. ഇതിൽ 327 പേർ ഇന്ത്യക്കാരാണ്. മുഴുവൻ ഇന്ത്യാക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.മൂന്ന് വിമാനങ്ങളിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. 135 ഇന്ത്യക്കാരുമായി ദോഹ വഴിയാണ് ഒരു വിമാനം ഇന്ത്യയിലെത്തിയത്. താജിക്കിസ്ഥാനിൽ നിന്നുള്ള വിമാനത്തിൽ 87 ഇന്ത്യൻ പൗരന്മാരും 2 നേപ്പാൾ പൗരന്മാരുമാണ് ഉണ്ടായിരുന്നത്.

87 ഇന്ത്യാക്കാരെ പ്രത്യേക വ്യോമസേന വിമാനത്തിൽ കാബൂളിൽ നിന്ന് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ ഇന്നലെ എത്തിച്ചിരുന്നു. പിന്നീട് എയർ ഇന്ത്യ വിമാനത്തിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. കാബൂളിൽ നിന്ന് നേരത്തെ ദോഹയിലെത്തിച്ച 135 പേരെയാണ് മറ്റൊരു വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്.
ഇതിന് പുറമെ 107 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 168 യാത്രക്കാരുമായി വ്യോമസേനയുടെ പ്രത്യേക വിമാനവും ഇന്ത്യയിലെത്തി. അഫ്ഗാനിസ്താനിലുള്ള മുഴുവൻ ഇന്ത്യാക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
