കേരളത്തിൽ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം മാത്രം: വൈദ്യുതി മന്ത്രി

കേരളത്തിൽ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനിക്കൂ എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പൊതുജനങ്ങളുടേയും മാധ്യമങ്ങളുടേയും ഉൾപ്പെടെ അഭിപ്രായം തേടും. നയം തീരുമാനിക്കുന്നത് സർക്കാരാണ്. നിലവിൽ വൈദ്യുതി നിയന്ത്രണത്തിന്റെ ഭാ​ഗമായി പവർകട്ടില്ല. ‌വൈദ്യുതി ലഭ്യത അനുസരിച്ച് നിയന്ത്രണം തീരുമാനിക്കും. സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി.

 

സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കണമെന്ന കെഎസ്ഇബി നിർദേശത്തിൽ വിശദമായ ചർച്ച വേണമെന്ന് കഴിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിരുന്നു. ആരെങ്കിലും പറയുന്നത് കേട്ട് നടപ്പാക്കേണ്ട കാര്യമല്ലിത്. എല്ലാ തലത്തിലും വിശദമായ ചർച്ച വേണ്ടതുണ്ട്. നാളെയോ മറ്റന്നാളോ നടപ്പാക്കേണ്ട തീരുമാനമല്ല ഇതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞിരുന്നു.

ഊർജ സ്വയംപര്യാപ്തതക്കും കെഎസ്ഇബിയുടെ നിലനിൽപ്പിനും ആണവ പദ്ധതി അത്യാവശ്യമാണെന്ന് കഴിഞ്ഞ ​ദിവസം കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു. പാലക്കാട്ട് നടന്ന കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മയിലായിരുന്നു കൂ​ടെ നിൽക്കണമെന്ന ആവശ്യം ബിജു പ്രഭാക‍ർ മുന്നോട്ട് വച്ചത്.

 

കേരള സർവകലാശാല അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 50 വയസാക്കും

കേരള സർവകലാശാലക്ക് പിന്നാലെ സംസഥാനത്തെ മറ്റ് യൂണിവേഴ്സിറ്റികളിലും ഈ മാനദണ്ഡം നടപ്പിലാക്കേണ്ടി വരും. 2022 -ൽ തന്നെ സർവകലാശാല കോളേജ് അധ്യാപക നിയമനത്തിന് പ്രായപരിധി ഒഴിവാക്കിയിരുന്നു. പകരം യുജിസി ചട്ടം പരിഷ്കരിച്ചു, എന്നാൽ ഇക്കാര്യത്തിൽ സർവകലാശാലകളും സംസ്ഥാനങ്ങളും തുടർനടപടികൾ എടുക്കാൻ വൈകിയതിനെ തുടർന്ന് നിയമന പ്രായപരിധി അനിശ്ചിതത്തിൽ ആയി. 

യുജിസി വ്യവസ്ഥ പൂർണമായി സ്വീകരിക്കാതെ തന്നെ കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 50 ആക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം ഉത്തരവിറക്കിയിരുന്നു.

എന്നിട്ടും മറ്റ് പല സർവകലാശാലകളിലും , കോളേജുകളിലും 40 വയസ്സ് എന്ന പ്രായപരിധിയിലാണ് അധ്യാപക നിയമനങ്ങൾ നടത്തിയത്

.ഇത് മൂലം ചില അധ്യാപകർ ഹൈക്കോടതിയെ സമീപിക്കുകയും നിയമനത്തിനുള്ള പ്രായപരിധി ഉയർത്താൻ ആവിശ്യം ഉന്നയിക്കുകയും ചെയ്തു.

 ഇതുവഴി 50 വയസ്സ് എങ്കിലും പ്രായപരിധി നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേരള സർവകലാശാല ഇക്കാര്യത്തിൽ നടപടി തുടങ്ങിയത്.

2034 ഫിഫ ലോകകപ്പ് ഫുട്ബാൾ ; പുതിയ പതിനഞ്ച് സ്റ്റേഡിയങ്ങൾ, സൗദിയിലെ അറേബ്യയിലെ ഈ അഞ്ച് നഗരങ്ങൾ വച്ച് നടക്കും.

2034 ഫിഫ ലോകകപ്പ് ഫുട്ബാൾ സൗദി അറേബ്യ വേദിയാകും. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് സൗദിയിലെ അഞ്ച് നഗരങ്ങളിലായാണ് നടക്കുക. റിയാദ്, ജിദ്ദ, അൽഖോബാർ, അബഹ, നിയോം എന്നീ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഈ നഗരങ്ങളിൽ നിലവിലുള്ളതും പുതുതായി നിർമിക്കുന്നതുമായ 15 സ്റ്റേഡിയങ്ങളാണ് ഇതിനായി ഉപയോഗിക്കുക. 11 സ്റ്റേഡിയങ്ങളാണ് പുതുതായി നിർമിക്കുക.

ഇക്കൂട്ടത്തിൽ ഏറ്റവും സുപ്രധാനമായ വേദി റിയാദിൽ പുതുതായി നിർമിക്കുന്ന കിങ് സൽമാൻ സ്റ്റേഡിയമാണ്. 92,000-ലധികം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ സ്റ്റേഡിയത്തിലായിരിക്കും ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങും ആദ്യ മത്സരവും ഫൈനൽ മത്സരവും നടക്കുക. സൗദി ദേശീയ ടീമിന്റെ ആസ്ഥാനം കൂടിയായിരിക്കും ഈ സ്റ്റേഡിയം. മത്സരങ്ങൾ നടക്കുന്ന 15 സ്റ്റേഡിയങ്ങളിൽ എട്ടെണ്ണം റിയാദിലായിരിക്കും.

റിയാദ് നഗരത്തിന് സമീപമുള്ള ഖിദ്ദിയയിൽ നിർമിക്കുന്ന അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയവും, റിയാദിലെ കിങ് ഫഹദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയവും മത്സരത്തിന് വേദിയാകും. ബഗ്ലഫിലുള്ള കിങ് ഫഹദ് സ്റ്റേഡിയം ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വികസിപ്പിക്കുകയും അതിന്റെ ശേഷി 70,000 ഇരിപ്പിടങ്ങളായി വർധിപ്പിക്കുകയും ചെയ്യും.

ജിദ്ദയിൽ ചരിത്രപ്രസിദ്ധമായ ജിദ്ദ അൽബലദ് മേഖലയുടെ പൈതൃകം ഉൾക്കൊണ്ട് മരയുരുപ്പടി വാസ്തുവിദ്യാ ശൈലിയിൽ നിർമിക്കുന്ന ‘ഡൗൺടൗൺ ജിദ്ദ സ്റ്റേഡിയമാണ്’ഒരു ടൂർണമെൻറ് വേദി. ചെങ്കടലിലെ അതിശയകരമായ പവിഴപ്പുറ്റുകളുടെ ആകൃതിയിൽ നിർമിച്ചിട്ടുള്ള കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ കോസ്റ്റൽ സ്റ്റേഡിയവും ജിദ്ദയിലെ മറ്റൊരു വേദിയാവും. കിഴക്കൻ പ്രവിശ്യയിലെ അൽഖോബാർ നഗരത്തിൽ അറേബ്യൻ ഗൾഫ് തീരത്തുള്ള അരാംകോ സ്റ്റേഡിയമാണ് മത്സര വേദി.

അബഹയിലെ കിങ് ഖാലിദ് യൂനിവേഴ്സിറ്റി സ്റ്റേഡിയം 45,000ലധികം കാണികളായി ശേഷി വർധിപ്പിച്ച് ലോകകപ്പ് മത്സരങ്ങൾക്ക് ഉപയോഗിക്കും. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായി കണക്കാക്കുന്ന നിയോം സ്റ്റേഡിയമാണ് സൗദി വടക്കൻ മേഖലയിലെ ലോകകപ്പ് വേദി. ലോകകപ്പിന് ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് എത്തുന്നവർക്ക് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 2,30,000ലധികം ഹോട്ടൽ മുറികൾ ഒരുക്കുമെന്നും വിശദാംശങ്ങളിൽ വ്യക്തമാക്കുന്നു.  അഞ്ച് നഗരങ്ങളിലായി ഒരുക്കുന്ന ഈ താമസസൗകര്യം വി.ഐ.പികൾ, ഇൻറർനാഷനൽ ഫെഡറേഷൻ ഡെലിഗേഷനുകൾ, ടീമുകൾ, മാധ്യമപ്രവർത്തകർ, കാണികൾ എന്നിവർക്ക് വേണ്ടിയാണ്.കളിക്കാർക്കായി 132 പരിശീലന കേന്ദ്രങ്ങൾ ഒരുക്കും. പരിശീലന ക്യാമ്പുകൾ 72 സ്റ്റേഡിയങ്ങളിലാണ് സജ്ജീകരിക്കുക. റഫറിമാർക്ക് രണ്ട് പരിശീലന കേന്ദ്രങ്ങളുമുണ്ടാവും. ടൂർണമെൻറിൽ പങ്കെടുക്കുന്ന 48 ടീമുകൾക്കും അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘങ്ങൾക്കും രാജ്യത്തെ 15 നഗരങ്ങളിലായാണ് ആതിഥേയത്വത്തിനുള്ള സൗകര്യമൊരുക്കുക. ഈ നഗരങ്ങളിൽ ‘ഫിഫ ഫാൻ ഫെസ്റ്റിവൽ വില്ലേജുകളും’ തയ്യാറാക്കും. ഓരോ നഗരത്തിലും ഫിഫ തന്നെ ഇതിനായി ഓരോ സ്ഥലങ്ങൾ തെരഞ്ഞെടുക്കും.

സ്കൂൾകുട്ടികളുടെ ആരോഗ്യവിവരങ്ങൾ ഇനി ഹെൽത്ത് കാർഡിൽ.

ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ ആരോഗ്യവിവരം സൂക്ഷിക്കാൻ ഹെൽത്ത് കാർഡുമായി സർക്കാർ. സ്കൂളിൽ ചേർന്നതുമുതൽ 12 കഴിയുന്നതുവരെയുള്ള  ആരോഗ്യപരിശോധന ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പിനുകീഴിൽ ഡിജിറ്റലായി സൂക്ഷിക്കുന്നതാണ് പദ്ധതി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി(ഐ.എം.എ.) ചേർന്നുള്ള പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിനുകീഴിലെ കൈറ്റ് സാങ്കേതികസഹായം നൽകും.

 

ഒന്നുമുതൽ അഞ്ചുവരെ പ്രൈമറി, ആറുമുതൽ എട്ടുവരെ അപ്പർ പ്രൈമറി, എട്ടുമുതൽ 12 വരെ സെക്കൻഡറി എന്നിങ്ങനെ കുട്ടികളെ മൂന്നുവിഭാഗങ്ങളായി തിരിക്കും. വൈദ്യപരിശോധന,ദന്തപരിശോധന നേത്രപരിശോധന, പ്രതിരോധ കുത്തിവെപ്പ്‌ തുടങ്ങിയവ പദ്ധതിയിലുണ്ടാവും. കൗമാരത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഡോക്ടർമാരുടെ നേതൃത്വത്തിൽക്ലാസുകളുമുണ്ടാവും
സമഗ്ര ആരോഗ്യ പരിപാടിയുടെ രൂപരേഖയുണ്ടാക്കാൻ വിദ്യാഭ്യാസ വകുപ്പും ഐ.എം.എ.യും ചേർന്ന് ശില്പശാല സംഘടിപ്പിച്ചു. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.   ഐ.എം.എ.സംസ്ഥാനപ്രസിഡന്റ്‌ ഡോ. ജോസഫ് ബെനവൻ, ജോയന്റ്‌ സെക്രട്ടറി ഡോ. ഉമ്മൻ വർഗീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് എന്നിവരും സംസാരിച്ചു.



മരംമുറിക്കാനെത്തിയവരെ ആക്രമിച്ച് ഗോത്രവർഗ്ഗക്കാർ

പെറുവിലെ ആമസോൺ വനമേഖലയിൽ അനധികൃതമായി മരംമുറിക്കാനെത്തിയവരെ അമ്പും വില്ലും ഉപയോഗിച്ച് ആക്രമിച്ച് തുരത്തി ഗോത്ര വിഭാഗം.പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന മാഷ്കോ പിറോ എന്ന ഗോത്ര വിഭാഗമാണ് ആക്രമണം നടത്തിയത്

 പെറുവിയൻ ആമസോൺ മേഖലയിലെ നദീതീരത്ത് ഭക്ഷണത്തിനും മറ്റുമായി തെരച്ചിൽ നടക്കുന്ന നൂറോളം മാഷ്കോ പിറോ വർഗ്ഗക്കാരുടെ ഡ്രോൺ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു

 

 

 

മരംമുറിക്കൽ മാഫിയകൾ ഇവരുടെ പ്രദേശത്തോട് അപകടകരമാംവിധം അടുത്തെന്നതിന്റെ സൂചനയാണ് ചിത്രങ്ങളെന്ന് വിദഗ്ദ്ധർ പറയുന്നു. തങ്ങളുടെ അധീനതയിലുള്ള പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കാൻ ഇവർ അനുവധിക്കില്ല.തങ്ങളുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുന്നവരെ ഇവർ ആക്രമിക്കും

പെറുവിയൻ സർക്കാർ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ഇത്തരം ഗോത്രവർഗ്ഗങ്ങളുടെ സംരക്ഷണത്തിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

 ഇവരുടെ മേഖലകളിലേക്ക് പുറത്തുനിന്നുള്ള മനുഷ്യർ കടന്നുകയറുന്നത് അവരിൽ പകർച്ചവ്യാധികൾ പിടിപെടാനും അക്രമങ്ങൾ പൊട്ടിപ്പുറപ്പെടാനും കാരണമാകും.2022ൽ മാഷ്കോ പിറോ വർഗ്ഗക്കാരുടെ മേഖലയിൽ മീൻപിടിത്തത്തിന് ശ്രമിച്ച രണ്ട് പേർക്കും അമ്പേറ്റ് പരിക്കേറ്റിരുന്നു. സമാന സംഭവങ്ങൾ ഇതിന് മുമ്പും ആവർത്തിച്ചിട്ടുണ്ട്.

ഒളിമ്പിക്സ്;വിനേഷ് ഫോഗട്ടിൻ്റെ മെഡൽ കേസ്; വിധി പറയുന്നത് ഓഗസ്റ്റ് 16 ലേക്ക് മാറ്റി

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെയും യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിൻ്റെയും തീരുമാനത്തെ ചോദ്യം ചെയ്താണ് വിനേഷ് ഫോഗട്ടും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും അപ്പീൽ നൽകിയിരുന്നത്.

വിനേഷ് ഫോഗട്ടിൻ്റെ ഹർജിയിൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് (സിഎഎസ്) വിധി പറയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഓഗസ്റ്റ് 16 ന് ഇന്ത്യൻ സമയം രാത്രി 9 30 നാണ് വിധി പറയുക. ഇത് മൂന്നാം തവണയാണ് കായിക കോടതി വിഷയത്തിൽ സമയം നീട്ടി ചോദിക്കുന്നത്. പാരീസ് ഒളിമ്പിക്‌സിൽ നിന്നുണ്ടായ തൻ്റെ അയോഗ്യതയെ ചോദ്യം ചെയ്താണ് വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽനൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിൻ്റെ അപേക്ഷ. 

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെയും യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിൻ്റെയും തീരുമാനത്തെ ചോദ്യം ചെയ്താണ് വിനേഷ് ഫോഗട്ടും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും അപ്പീൽനൽകിയിരുന്നത്. 

“ഒളിമ്പിക് ഗെയിംസിനായുള്ള CAS ആർബിട്രേഷൻ നിയമങ്ങളുടെ ആർട്ടിക്കിൾ 18 ൻ്റെ പ്രയോഗത്തിലൂടെ, CAS അഡ്‌ഹോക്ക് ഡിവിഷൻ പ്രസിഡൻ്റ് പാനലിന് തീരുമാനമെടുക്കാനുള്ള സമയപരിധി 2024 ഓഗസ്റ്റ് 16 ന് 6 മണി വരെ (പാരീസ് സമയം) നീട്ടുന്നു.” സിഎഎസിൻ്റെ അഡ്‌ഹോക്ക് ഡിവിഷൻ പറഞ്ഞു.

വിനേഷിൻ്റെ അപ്പീൽ എന്തായിരുന്നു?

അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി കൽപ്പിച്ച അയോഗ്യത അസാധുവാക്കണമെന്ന് വിനേഷ് തൻ്റെ അപ്പീലിൽ ആദ്യം കായിക കോടതിയുടെ അഡ്-ഹോക്ക് ബെഞ്ചിനോട് ഫൈനലിൽ മത്സരിക്കാൻഅനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

അടിയന്തര ഇടക്കാല നടപടികൾ അവർ ആവശ്യപ്പെട്ടിരുന്നില്ല. സിഎഎസിൻ്റെ അഡ്‌ഹോക്ക് ബെഞ്ച് അതിവേഗം വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു. പക്ഷേ വ്യാഴാഴ്ച വൈകുന്നേരം ഷെഡ്യൂൾ ചെയ്ത ഫൈനലിന് മുമ്പ് കക്ഷികളെ കേൾക്കാൻ പോലും അതിന് കഴിഞ്ഞില്ല.

തുടർന്ന് അയോഗ്യത പിൻവലിക്കണമെന്നും തനിക്ക് സംയുക്ത വെള്ളി മെഡൽ നൽകണമെന്നും വിനേഷ് അപ്പീലിൽ വ്യക്തമാക്കി. അതേസമയം വിനേഷിനെ അയോഗ്യയാക്കുന്നതിന് മുമ്പ് നിയമങ്ങൾ എല്ലാം പാലിച്ചിട്ടുണ്ടെന്ന്  യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് മേധാവി നെനാദ് ലാലോവിച്ച് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇന്ത്യയിലാദ്യമായി നൈറ്റ് സ്ട്രീറ്റ്‌ റേസിംഗ് ചെന്നൈയിൽ ഓഗസ്റ്റ് 30 മുതൽ; 42 കോടി പാഴ്‌ ചെലവെന്ന് പ്രതിപക്ഷം

ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ആദ്യ നൈറ്റ് റേസിന് ചെന്നൈ ആതിഥേയത്വം വഹിക്കും. മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ ആദ്യ ടിക്കറ്റ് വാങ്ങി ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെയാണ് മത്സരം നടക്കുക. ആഗോള മോട്ടോർസ്പോർട്സ് രംഗത്ത് ചെന്നൈയെ ഒരു പ്രധാന കേന്ദ്രമാക്കി ഉയർത്തുകയാണ് നൈറ്റ് റേസിന്റെ ലക്ഷ്യം. റേസിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി റേസിംഗ് പ്രൊമോഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ചെന്നൈ സർക്യൂട്ട് നൈറ്റ് റേസിന് നേതൃത്വം നൽകുന്നത്. അതേസമയം പൊതുജനങ്ങളുടെ പണം സർക്കാർ ധൂർത്തിനായി ഉപയോഗിക്കുകയാണെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനി സ്വാമി ആരോപിച്ചു.

 പൊതുഫണ്ടുകൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ഉപയോഗിക്കണമെന്നും കായികമേളയുടെ മറവിൽ അനാവശ്യ ചെലവുകൾക്കായി ഉപയോഗിക്കരുതെന്നും എടപ്പാടി പറഞ്ഞു. 42 കോടി രൂപയാണ് മത്സരത്തിനായി സർക്കാർ ചെലവഴിക്കുന്നതെന്ന് പ്രതിപക്ഷംആരോപിച്ചു.

ആളുകൾ മറ്റ് നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന സമയത്താണ് ഡിഎംകെ സർക്കാർ കാർ റേസ് നടത്തുന്നതെന്ന് എടപ്പാടി ആരോപിച്ചു. ഒപ്പം ജയലളിത സർക്കാരിന് കീഴിൽ 1990ൽ ഇരുങ്ങാട്ടുകോട്ടയിൽ നിർമിച്ച ഒരു റേസിംഗ് ട്രാക്ക് നിലവിലുള്ളപ്പോഴാണ് നഗര മധ്യത്തിൽ സർക്കാർ ട്രാക്കുകൾ നിർമ്മിക്കുന്നതെന്നും അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആശുപത്രികൾക്ക് സമീപമാണ് ഇത് നടക്കുന്നതെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. 

എന്നാൽ സംസ്ഥാനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനും സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാന പദ്ധതിയാണിതെന്നും കൂടാതെ ഐപിഎൽ മാതൃകയിൽ ലഭിക്കുന്ന വരുമാനം പങ്കിടാൻ പരിപാടിയുടെ സ്വകാര്യ സംഘാടകരുമായി തങ്ങൾക്ക് ധാരണയായിട്ടുണ്ടെന്നും ഡിഎംകെ നേതാക്കൾ പറഞ്ഞു. ഒപ്പം പരസ്യങ്ങളിലൂടെയും, ഒടിടി സ്ട്രീമിങ് വഴിയും സർക്കാർ ഖജനാവിലേക്ക് വരുമാനം വർധിപ്പിക്കാൻ കഴിയുമെന്നും ഡിഎംകെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. റോഡുകളുടെ നിർമ്മാണത്തിനും മറ്റുമായി 30 കോടി രൂപയാണ് ഡിഎംകെ സർക്കാർ ഇതുവരെ ചെലവിട്ടത്. പരിപാടി നടത്തുന്നതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എഐഎഡിഎംകെ ചീഫ് സെക്രട്ടറി ശിവ ദാസ് മീനയ്ക്ക് ജൂലൈയിൽ കത്തയച്ചിരുന്നു. കഴിഞ്ഞ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന റേസിംഗ് 2023 ലെ മൈചോങ്‌ ചുഴലിക്കാറ്റിനെ തുടർന്ന് മാറ്റി വച്ചിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി റേസിംഗ് റദ്ദാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി സമർപ്പിച്ചുവെങ്കിലും നൈറ്റ് റേസ് നടത്താൻ കോടതി അനുവാദം നൽകി. 

അമീബിക്ക് മസ്തിഷ്‌ക ജ്വരം: വാട്ടര്‍ ടാങ്ക് വൃത്തിയാക്കാത്തവരും ജലാശയങ്ങളില്‍ കുളിച്ചവരും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

 അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്

ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. കേരളത്തില്‍ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ ഏകോപനത്തില്‍ ഫലപ്രദമായ ചികിത്സ ഉറപ്പ് വരുത്തിയതായും മന്ത്രി വ്യക്തമാക്കി. 

പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോയേക്കാം. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍നേസല്‍ക്ലിപ്പ്ഉപയോഗിക്കുക.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. മിക്കവാറും ജലാശയങ്ങളില്‍ അമീബ കാണാം. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും  ചെയ്യുന്നു .

ഇന്ത്യയിലാദ്യമായി നൈറ്റ് സ്ട്രീറ്റ്‌ റേസിംഗ് ചെന്നൈയിൽ ഓഗസ്റ്റ് 30 മുതൽ; 42 കോടി പാഴ്‌ ചെലവെന്ന് പ്രതിപക്ഷം

പാലരുവി എക്സ്പ്രസ് ഓഗസ്റ്റ് 15 മുതൽ തൂത്തുക്കുടിയിലേക്ക് നീട്ടും

തിരുനെൽവേലി പാലരുവി എക്സ്പ്രസിന്റെ (16791,16792) യാത്ര ഓഗസ്റ്റ് 15 മുതൽ തൂത്തുക്കുടിയിലേക്ക് വരെ നീട്ടും. കേന്ദ്രമന്ത്രി സുരേഷ്ഗോപി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 15ന് ഫ്ളാഗ് ഓഫ് നിർവഹിക്കും. എറണാകുളം-ഹൌറ അന്ത്യോദയ എക്സ്പ്രസിൻ്റെ ആലുവയിലെ സ്റ്റോപ്പിൻ്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഉദ്ഘാടന ചടങ്ങിൽ വി.കെ.ശ്രീകണ്ഠൻ എം.പി, തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർമാരായ ഡോ.മനോജ് തപ്ളിയാൽ, അരുൺകുമാർ ചതുർവേദി എന്നിവരും പങ്കെടുക്കും.

വൈകിട്ട് 4.05 ന് പാലക്കാടുനിന്ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് പിറ്റേന്ന് രാവിലെയാണ് തുറമുഖ പട്ടണമായ തൂത്തുക്കുടിയിലെത്തുക. തുടക്കത്തിൽ പുനലൂർ വരെയായിരുന്നു പാലരുവിയുടെ സർവീസ്. പിന്നീട് ചെങ്കോട്ടയിലേക്ക് നീട്ടി. തിരുനെൽ വേലിയിലേക്ക് രണ്ട് വർഷം മുൻപാണ് നീട്ടിയത്. തുരുനെൽ വേലിയൽ നിന്നും അറുപത് കിലോമീറ്റർ അകലെയാണ് തുറമുഖ പട്ടണമായ തൂത്തുക്കുടി. ഇവിടെയുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന തിരുനെൽവേലിയിലേക്ക് ട്രെയിനുകൾ കുവായതിനാൽ പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടണമെന്ന ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ആവശ്യപ്രകാരമാണ് നടപടി. പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടുന്നതോടെ കൂടുതൽ ചരക്ക് നീക്കവും വരുമാന വർദ്ധനവുമാണ് പ്രതീക്ഷിക്കുന്നത്.

Verified by MonsterInsights