കോഴിക്കോട് ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നാളെ കടതുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്. എന്നാല്‍ പ്രസിഡണ്ട് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചതോടെയാണ് കടകള്‍ തുറന്ന് പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്ന് നേതാക്കള്‍ വിശദീകരിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും അവര്‍ വ്യക്തമാക്കി.

വ്യാപാരികളുമായി നേരിട്ടൊരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായതെന്നാണ് സൂചന. യുഡിഎഫും ബിജെപിയും നാളത്തെ സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് രാവിലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധവും നടത്തിയിരുന്നു. ഇതിനിടെയാണ് സമരത്തില്‍ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അപ്രതീക്ഷിത പിന്‍മാറ്റം.
