ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; നിയന്ത്രണങ്ങള്‍ ഇല്ലാതെ 100 ജിബി

പുതിയ 447 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. വേഗതയില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ 100 ജിബി ഡാറ്റ ഈ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നു.കാലാവധി തീരും വരെ 100 ജിബി ഡേറ്റ ഇതുവഴി ഉപയോക്താവിന് ഉപയോഗിക്കാം. അതായത് ഒരു ദിവസം ഇത്ര ജിബി എന്ന നിയന്ത്രണം ഇല്ല. 100 ജിബി ഡേറ്റ കഴിഞ്ഞാൽ ഡാറ്റ് വേഗത 84 കെബിപിഎസ് ആയി കുറയും.

60 ദിവസ കാലാവധിയുള്ള 447 രൂപ പ്ലാനിൽ സൗജന്യ ബി‌എസ്‌എൻ‌എൽ ട്യൂണുകളും ഇറോസ് നൗ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവ ലഭിക്കും. അതേ സമയം തന്നെ 247, 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എന്‍എല്‍ പുതുക്കി അവതരിപ്പിച്ചിട്ടുണ്ട് ഈ രണ്ട് പ്ലാനുകളിലെയും ദിവസ ഉപയോഗ പരിധി ഇനിയുണ്ടാകില്ല. ഇനി മുതൽ 247 പ്ലാനിൽ 30 ദിവസത്തേക്ക് 50 ജിബി അതിവേഗ ഡേറ്റ പരിധിയില്ലാതെ ഉപയോഗിക്കാം. 1999 രൂപ പ്ലാനിൽ 500 ജിബി ഡേറ്റയും പ്രതിദിന പരിധിയില്ലാതെ ലഭിക്കും.699 രൂപയുടെ പ്രൊമോഷണൽ പ്ലാനിന്റെ കാലാവധിയും നീട്ടി. 2021 സെപ്റ്റംബർ വരെയാണ് നീട്ടിയത്. ഈ പ്ലാനിൽ 0.5 ജിബി പ്രതിദിന അതിവേഗ ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. പരിധി കഴിഞ്ഞാൽ വേഗം 80 കെബിപിഎസായി കുറയ്ക്കും

സെപ്റ്റംബർ അവസാനം വരെ 180 ദിവസ കാലാവധിയുള്ള പ്ലാൻ റീചാർജ് ചെയ്യാം. പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നതിനാൽ കോളുകൾ വിളിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ അനുയോജ്യമാണ്. സെപ്റ്റംബറിനു ശേഷം ഈ പ്ലാനിന്റെ കാലാവധി വീണ്ടും 160 ദിവസമായി കുറയും.

friends catering

പൊതുമേഖലാ മാസ്റ്റർ പ്ളാൻ: എഞ്ചിനീയറിംഗ് വ്യവസായങ്ങളിൽ കൂടുതൽ വൈവിധ്യവൽക്കരണം

പൊതുമേഖലാ എഞ്ചിനീയറിംഗ് വ്യവസായങ്ങളിൽ വൈവിധ്യവൽക്കരണത്തിന് പദ്ധതി തയ്യാറാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ അവതരണത്തിന്റെ ഭാഗമായുള്ള ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ലക്ഷ്യങ്ങൾ നിശ്ചയിച്ച് അതിനുള്ള പദ്ധതി തയ്യാറാക്കും.

സ്റ്റീൽ ആന്റ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ്, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള, മെറ്റൽ ഇൻഡസ്ട്രീസ് എന്നീ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ അവതരിപ്പിച്ചു. ഷിപ്പിംഗ് വ്യവസായത്തിന്റെ ഭാഗമായുള്ള സാധ്യതകൾ ഉപയോഗിക്കാൻ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള പദ്ധതി തയ്യാറാക്കും. ബേപ്പൂർ, അഴീക്കൽ തുടങ്ങിയ സ്ഥലങ്ങളുടെ വാണിജ്യപ്രാധാന്യം കണക്കിലെടുത്ത് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. ഷിപ്പ് യാർഡ്, കോസ്റ്റ് ഗാർഡ് എന്നീ മേഖലകളിലെ സാധ്യതകളും ഉപയോഗിക്കും.
വ്യവസായ മന്ത്രി പി.രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വിദഗ്ധ സമിതിയംഗം വിനയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

afjo ad

കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാത യാഥാർത്ഥ്യത്തിലേക്ക്; ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ജില്ലയിൽ ദേശീയപാത വികസനം യാഥാർഥ്യമാകുന്നു. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളിൽ നിന്നായി 63.5 കിലോമീറ്റർ നീളത്തിൽ 205.4412 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. മൂന്നുമാസത്തിനകം മുഴുവൻ ഭൂമിയും ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാതയ്ക്കായി ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായതോടെ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള അവാർഡ് രേഖകളുടെ വിതരണോദ്ഘാടനം ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മേത്തല സിവിൽസ്റ്റേഷൻ ഹാളിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും.

ഇരുപത് വില്ലേജുകളിൽ നിന്നായി ആറായിരത്തിലേറെപ്പേരുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. എട്ട് വില്ലേജുകളിലെ ഏകദേശം 85 ഹെക്ടർ ഭൂമിയുടെ നഷ്ടപരിഹാരത്തുകയായ 1,777 കോടി രൂപ വിതരണം ചെയ്യുന്നതിനുള്ള അനുമതിയാണ് നിലവിൽ ദേശീയപാത അതോറിറ്റി നൽകിയിട്ടുള്ളത്. 

മുഴുവൻ ഭൂമിയും ഏറ്റെടുത്തു കഴിയുമ്പോൾ 5400 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി നൽകേണ്ടി വരിക. 20 വില്ലേജുകളെ ഡെപ്യൂട്ടി കലക്ടറുടെ കീഴിലുള്ള നാല് യൂണിറ്റുകളാക്കി ഓരോ തഹസിൽദാർമാരുടെ കീഴിലാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി 2009ൽ  പ്രവർത്തനം ആരംഭിച്ചുവെങ്കിലും 2018ലെ വിജ്ഞാപനം അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഉടമകൾക്ക് പണം കൈമാറുന്ന ഘട്ടംവരെ എത്തി നിൽക്കുന്നത്.  സംസ്ഥാന സർക്കാരിന്റെ 2013-ലെ റിഹാബിലിറ്റേഷൻ ആക്ട് അനുസരിച്ചാണ് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക നിർണയിച്ചിരിക്കുന്നത്.  

ചാവക്കാട് താലൂക്കിലെ എടക്കഴിയൂർ, ഒരുമനയൂർ, വാടാനപ്പള്ളി, എങ്ങണ്ടിയൂർ വില്ലേജുകളിലെ 12 ഉടമകൾക്കാണ് ആദ്യമായി നഷ്ടപരിഹാരത്തുകയുടെ രേഖകൾ വിതരണം ചെയ്യുന്നത്. ഇതിനൊപ്പം തന്നെ ഭൂവുടമകൾക്ക് 1956 ദേശീയപാത ആക്ട് 3E (1) പ്രകാരം 60 ദിവസത്തിനകം ഭൂമി ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകുന്ന ജോലിയും പുരോഗമിച്ചു വരികയാണ്.  രേഖകൾ പൂർണമായി സമർപ്പിക്കുന്നതിനനുസരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി നഷ്ടപരിഹാരം വിതരണം ചെയ്യും.  രേഖകൾ പൂർണമായി സമർപ്പിക്കാത്ത പക്ഷം അവരുടെ നഷ്ടപരിഹാരത്തുക മാറ്റിവെച്ച് ഉത്തരവാക്കുന്നതും രേഖകൾ ലഭ്യമാകുന്ന മുറക്ക് വിതരണം ചെയ്യുകയും ചെയ്യും. ഏറ്റെടുക്കുന്ന ഭൂമിയിൽ അവകാശത്തർക്കം ഉള്ള പക്ഷം തുക കോടതിയിലും കെട്ടി വെയ്ക്കും.

എംപിമാരായ ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, എംഎൽഎമാരായ അഡ്വ വി ആർ സുനിൽകുമാർ, ഇ ടി ടൈസൺ മാസ്റ്റർ, മുരളി പെരുനെല്ലി, എൻ കെ അക്ബർ, സി സി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ, ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ജില്ലാ കലക്ടർ എസ് ഷാനവാസ്, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ, സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഐ പാർവതി ദേവി എന്നിവർ പങ്കെടുക്കും

അന്തർദേശീയ സഹകരണ ദിനം ആഘോഷിച്ചു

സഹകരണ മേഖല കടന്നുചെല്ലാത്ത ഒരു രംഗവും സമൂഹത്തിലില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി  വി.എൻ. വാസവൻ പറഞ്ഞു.  അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ  സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ കേരളത്തിലെ സഹകാരി സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
                കേരളത്തിൽ തന്നെ 15,000ലേറെ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നു. ക്രെഡിറ്റ് രംഗത്ത്, വിദ്യാഭ്യാസ രംഗത്ത്, ആതുര സേവന രംഗത്ത്, വ്യവസായ രംഗത്ത്, കൺസ്യൂമർ രംഗത്ത്, ഭവന നിർമ്മാണ രംഗത്ത് തുടങ്ങി എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനം ആശ്വാസമാണ്.  തങ്ങൾക്കുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒരു സമാന്തര സാമ്പത്തിക സങ്കേതമായി ജനങ്ങൾ സഹകരണ മേഖലയെ നോക്കിക്കാണുകയാണെന്ന് മന്ത്രി പറഞ്ഞു.  
കേരള ബാങ്ക് വരുന്നതോടുകൂടി ഈ മേഖലയ്ക്ക് വലിയ ഉണർവാണ് ലഭിക്കുന്നത്.  നാഷണലൈസ്ഡ്, കോമേഴ്‌സ്യൽ ബാങ്കുകൾ നമ്മുടെ നിക്ഷേപങ്ങൾ സ്വീകരിച്ച് അതിൽ നല്ലൊരു ശതമാനം കുത്തകകൾക്ക് വായ്പായും  ഒ.ഡിയായും നൽകുന്നു.  കേരള ബാങ്കിൽ വരുന്ന നിക്ഷേപങ്ങൾ കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവും സാംസ്‌ക്കാരികവുമായി ഉയർച്ചക്ക് വേണ്ടി വിനിയോഗിക്കുന്ന ഇടപെടലാണ് കേരളബാങ്കിലുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
കേരള ബാങ്ക് ന്യൂജെൻ ബാങ്കിന്റെ എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തും. മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, എൻ.ഇ.എഫ്.റ്റി. ആർ.റ്റി.ജി.എസ് തുടങ്ങി എല്ലാ സംവിധാനങ്ങളും കടന്നുവന്നിട്ടുണ്ട്. ഇന്ന് കാണുന്ന കാർഷികമേഖലയുടെ പുരോഗതിക്ക് അടിസ്ഥാനം സഹകരണമേഖലയുടെ ഇടപെടലാണ്.  

                    2020 ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് പ്രഖ്യാപനം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവ്വഹിച്ചു.  8 വിഭാഗങ്ങളിലായി 25 സഹകരണ സംഘങ്ങൾ അവാർഡിന് അർഹരായി.  ഇതിനുപുറമേ സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനും കാർഷിക ഭക്ഷ്യമേഖലയിലെ ആധുനികവത്ക്കരണത്തിന് ഇന്നവേഷൻ അവാർഡിന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കും, മികച്ച പ്രവർത്തനത്തിനുള്ള എക്‌സലൻസ് അവാർഡ് ഇ.എം.എസ്. സഹകരണ ആശുപത്രി, പെരിന്തൽമണ്ണയും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക്  യഥാക്രമം ഒരു ലക്ഷം, അൻപതിനായിരം, ഇരുപത്തിഅയ്യായിരം രൂപ ക്യാഷ് അവാർഡും പ്രഖ്യാപിച്ചു. പ്രത്യേക പുരസ്‌കാരം നേടിയവർക്കും ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.


                     വിദ്യാതരംഗിണി വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും സഹകരണ വീഥിയുടെ 44-ാം ജൻമദിനപതിപ്പിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.  ജവഹർ സഹകരണ ഭവനിൽ സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് സഹകരണ പതാക ഉയർത്തിയാണ് സഹകരണ ദിനാഘോഷ ചടങ്ങുകൾക്ക് ആരംഭംമായത്.  ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാർ പി.ബി.നൂഹ് സഹകരണ കർമ്മ പദ്ധതി വിശദീകരിച്ചു.   വി. ജോയ് എം.എൽ.എ,  സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ  എന്നിവർ ആശംസകൾ അർപ്പിച്ചു.  ചടങ്ങിന് അഡീഷണൽ രജിസ്ട്രാർ (ജനറൽ) ഡി.കൃഷ്ണകുമാർ നന്ദി പ്രകാശിപ്പിച്ചു.

സഹകരണ ബാങ്ക്, കെഎസ്എഫ്ഇ എന്നിവ വീണ്ടും ചിട്ടിലേലം തുടങ്ങുന്നു

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലും കെഎസ്എഫ്ഇയിലും രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചിട്ടിലേലം ആരംഭിക്കുന്നു. സഹകരണ ബാങ്കുകളുടെ 100 കണക്കിന് ചിട്ടികളാണ് മുടങ്ങിയത്.

കെഎസ്എഫ്ഇയില്‍ നാല്‍പ്പതിനായിരത്തോളം ചിട്ടികളുടെ ലേലമാണ് മുടങ്ങിയിരിക്കുന്നത്. ലേലം നടക്കാത്തതിനാല്‍ ചിട്ടി അടവ് സംഖ്യ കൂടും. പണം അടയ്ക്കാതിരിക്കുന്ന ചിട്ടികളെല്ലാം നിശ്ചയിച്ചതിലും രണ്ട് മാസം കൂടി കഴിഞ്ഞേ കലാവധി പൂര്‍ത്തിയാക്കുകയൊള്ളൂ. 

ഈ കാലയളവില്‍ സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ മിക്കവയും ഓണ്‍ലൈനിലൂടെ ചിട്ടികള്‍ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോയിരുന്നു. ഓണ്‍ലൈന്‍ സംവിധാനം ഇല്ലാത്തതിരുന്നത് മൂലമാണ് സഹകരണ ബാങ്കുകള്‍ക്ക് ചിട്ടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ പോയത്. പ്രവാസി ചിട്ടികള്‍ക്കായി ഒരുക്കിയ രീതിയിലുളള ഓണ്‍ലൈന്‍ സംവിധാനം എല്ലാ ചിട്ടികള്‍ക്കുമായി ഒരുക്കുന്നതിനുളള ശ്രമം കെഎസ്എഫ്ഇയും ആരംഭിച്ചിട്ടുണ്ട്. 

ജിഎസ്ടി കുടിശ്ശിക: വൻ കിഴിവ് പ്രഖ്യാപിച്ച് സർക്കാർ, ഇളവ് ഓ​ഗസ്റ്റ് 31 വരെ

കൊച്ചി: 2017 ജൂലൈ മുതൽ 2021 ഏപ്രിൽ വരെ ജിഎസ്ടി 3ബി റിട്ടേൺ സമർപ്പിക്കാത്തവർക്ക് അനുവദിച്ചിരിക്കുന്ന ലേറ്റ് ഫീസിലെ ഇളവ് ഓ​ഗസ്റ്റ് 31 വരെ നീട്ടി. പ്രസ്തുത കാലയളവിൽ വിറ്റുവരവ് ഇല്ലാത്തവർ പ്രതിമാസം 500 രൂപ നിരക്കിൽ മാത്രം ലേറ്റ് ഫീസ് അടച്ചാൽ മതിയാകും.

ഇളവില്ലെങ്കിൽ ഒന്നേകാൽ ലക്ഷം രൂപ വരെയാണ് അടയ്ക്കേണ്ടത്. എന്നാൽ, ഇളവുകളോടെ പരമാവധി 6,000 രൂപ വരെ അടച്ചാൽ മതിയാകും. ജിഎസ്ടി രജിസ്ട്രേഷൻ എടുത്ത ശേഷം വിവിധ കാരണങ്ങളാൽ റിട്ടേൺ സമർപ്പിക്കാൻ കഴിയാതെ പോയ അരലക്ഷത്തോളം പേർക്ക് ഈ ഇളവ് സഹായകരമാകും. 

കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം

കേരള ഖാദി തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം സര്‍ക്കാര്‍ അനുവദിച്ചു. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് ബോര്‍ഡ് അംഗങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. ഖാദി ക്ഷേമനിധി ബോര്‍ഡിന് സ്വന്തമായി ഫണ്ട് ഇല്ലാത്തതിനാല്‍ ആനുകൂല്യം നല്‍കുന്നതിനായി സര്‍ക്കാറില്‍ നിന്ന് തുക അനുവദിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 82,06,000 രൂപ സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായി. തുക ഖാദി സ്ഥാപനങ്ങള്‍ മുഖേന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുമെന്ന് ബോര്‍ഡ് അറിയിച്ചു.

oetposter2

ഫയൽ തീർപ്പ് വേഗത്തിലാക്കും: വ്യവസായ വകുപ്പ്

ഫയലുകൾ തീരുമാനമാകാതെ വൈകുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന സാഹചര്യം പൂർണ്ണമായി ഒഴിവാക്കാൻ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർദ്ദേശം നൽകി. വകുപ്പിലെ ഫയൽ നീക്കവും അതിൻമേലുള്ള തീരുമാനവും സമയബന്ധിതമായി പൂർത്തിയാക്കും. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഈ നിർദ്ദേശം നൽകിയത്.


നിലവിലുള്ള മുഴുവൻ ഫയലുകളും  തിട്ടപ്പെടുത്തും. കോടതി കേസുകളിൽ കുടുങ്ങിയവ ഒഴികെയുള്ള ഫയലുകളിൽ രണ്ടാഴ്ചക്കുള്ളിൽ തീർപ്പുണ്ടാക്കും. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി വന്ന കാലതാമസവും പരിഹരിക്കും. ഫയൽ നീക്കത്തിന്റെ പുരോഗതി യഥാസമയം വിലയിരുത്തും. നയപരമായ തീരുമാനം എടുക്കേണ്ടതില്ലാത്ത ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. വകുപ്പ് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.


പദ്ധതി നിർവ്വഹണവും സമയബന്ധിതമായി പൂർത്തിയാക്കും. വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിനും തുകവിനിയോഗം ഉറപ്പു വരുത്തുന്നതിനും കലണ്ടർ തയ്യാറാക്കും. നിയമസഭാ സമിതികൾക്കുള്ള റിപ്പോർട്ടുകളും ചോദ്യങ്ങൾക്കുള്ള മറുപടികളും യഥാസമയം നൽകുന്നതിനും മന്ത്രി നിർദ്ദേശം നൽകി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ. ഇളങ്കോവൻ, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

achayan ad

ജാഗ്രതാ നിർദ്ദേശം

ഐ.എൻ.എസ് ദ്രോണാചാര്യ കപ്പലിൽ നിന്നും ജൂലൈ 2, 5, 9, 12, 16, 19, 23, 26, 30, ആഗസ്റ്റ് 2, 6, 9, 13, 16, 20, 23, 27, 30, സെപ്റ്റംബർ 3, 6, 10, 13, 17, 20, 24, 27 തിയതികളിൽ പരീക്ഷണ വെടിവെയ്പ്പ് നടക്കുന്നതിനാൽ കടലിൽ മീൻ പിടിക്കാൻ പോകുന്ന മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കൊച്ചി സതേൺ നേവൽ കമാൻഡ് അധികൃതർ അറിയിച്ചു.

സ്വയം സാക്ഷ്യപ്പെടുത്തിയാൽ ഇനി കെട്ടിട നിർമാണ പെർമിറ്റ് റെഡി

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്.
ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിർമാണ പെർമിറ്റ് നൽകാൻ ഉദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയായിക്കഴിയുമ്പോൾ സ്ഥല പരിശോധന നടത്തും. നിർമാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്താനും സാധിക്കും.
എം പാനൽഡ് ലൈസൻസികളാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ലോ റിസ്‌ക്  വിഭാഗത്തിലുള്ള കെട്ടിട നിർമ്മാണത്തിനായി പെർമിറ്റുകൾ നിശ്ചിത ഫോമിൽ ലൈസൻസികൾ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാനുകൾ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. തുടർന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ പെർമിറ്റിൽ അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമ്മാണം ആരംഭിക്കാം.

koottan villa

കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കുന്നതിന് തദ്ദേശസ്ഥാനങ്ങളിൽ നിലവിലുള്ള വിവിധ തലങ്ങളിലെ പരിശോധനകളും മറ്റു നടപടി ക്രമങ്ങളും ഇതിലൂടെ ഒഴിവാകും. വേഗത്തിൽ കെട്ടിട നിർമാണം ആരംഭിക്കാനും ഇത് സഹായിക്കും. സ്വയം സാക്ഷ്യപ്പെടുത്തലിനുള്ള കെട്ടിട നിർമ്മാണ അപേക്ഷ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കും മറ്റു ബാധകമായ ചട്ടങ്ങൾക്കും വിധേയമായിരിക്കണമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാക്കുന്നതിന് രജിസ്റ്റേഡ് ലൈസൻസികൾ നഗരകാര്യ വകുപ്പിൽ നിശ്ചിത ഫീസ് അടച്ച് എംപാനൽ ചെയ്തിരിക്കണം. നിർമ്മാണത്തിനായുള്ള അപേക്ഷയും പ്ലാനും ചട്ട പ്രകാരമായിരിക്കണം എന്നത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിക്കുമാണ്. നിർമ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കേരളത്തിലെ നഗരസഭകൾ ഒരു വർഷം ഏകദേശം 80,000 കെട്ടിട നിർമ്മാണ അപേക്ഷയും, ഗ്രമപഞ്ചായത്തുകൾ ഒരു വർഷം ഏകദേശം 1,65,000 കെട്ടിട നിർമ്മാണ അപേക്ഷകളും കൈകാര്യം ചെയ്യുന്നുണ്ട്. ഇതിൽ ഏകദേശം 2,00,000 കെട്ടിടങ്ങൾക്കും സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ പെർമിറ്റ് നൽകാൻ കഴിയുന്നവയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

Verified by MonsterInsights