ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെണ്ടര്‍ അനന്യ കുമാരി അലക്‌സിന് (28) നീതി ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെണ്ടേയ്സ് റിനൈ മെഡിസിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വിജയകരമായി നടത്താമായിരുന്ന ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഏറെ ശാരീരിക പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്ന അനന്യ കുമാരിയെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പ് അനന്യ, കൊച്ചിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന റിനൈ മെഡിസിറ്റിക്കെതിരെ രംഗത്തെത്തിയിരുന്നു.

ഡോ. അരുണ്‍ അശോക് ചികിത്സിച്ച നിരവധി ട്രാന്‍സ്‍ജെണ്ടേഴ്സ് ഇപ്പോഴും അതിന്‍റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുകയാണെന്നും അതിനാല്‍ ഡോക്ടര്‍ക്കെതിരെ ചികിത്സാ പിഴവിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ട്രാന്‍സ്ജെണ്ടേഴ്സ് റിനൈ മെഡിസിറ്റിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. റിനൈ മെഡിസിറ്റിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി അനന്യ ദില്ലിയിലേക്ക് പോകാനായി ഫ്ലൈറ്റ് ടിക്കറ്റ് അടക്കം ബുക്ക് ചെയ്തിരുന്നു. തുടര്‍ ചികിത്സയ്ക്കായി റിനൈ മെഡിസിറ്റിയിലെ തന്‍റെ ചികിത്സാ വിവരങ്ങള്‍ അയച്ച് കൊടുക്കണമെന്നാവശ്യപ്പെട്ട് അനന്യ റിനൈ മെഡിസിറ്റിയിലേക്ക് ഏതാണ്ട് പത്തോളം കത്തുകള്‍ അയച്ചിരുന്നു.

അനന്യയുടെ മരണ കാരണം വ്യക്തമാകുന്നത് വരെ ഡോ.അരുണ്‍ അശോക് പരിശോധനകള്‍ നിര്‍ത്തി വെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതിനിടെ അനന്യയ്ക്ക് റിനൈ മെഡിസിറ്റിയിലെ ചികിത്സയ്ക്കിടെ ആശുപത്രി അധികൃതരില്‍ നിന്ന് മര്‍ദ്ദനം ഏറ്റിരുന്നതായി അച്ഛന്‍ അലക്സാണ്ടര്‍ വെളിപ്പെടുത്തി. അതോടൊപ്പം ഓപ്പറേഷന് ശേഷം അനന്യ വളരെയേറെ വേദന അനുഭവിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു

അനന്യയെ പരിശോധിച്ച ഡോക്ടര്‍ ഇതുവരെയായി 350 ഓളം ട്രാന്‍സ്ജന്‍റര്‍ ശസ്ത്രക്രിയകള്‍ ചെയ്തിട്ടുള്ളയാളാണെന്നും ഇദ്ദേഹത്തിന് ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇതിനിടെ അനന്യയുടെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെണ്ടര്‍ സംഘടനയും പരാതി നല്‍കിയിരുന്നു.
