പ്രകൃതിയെ ചേർത്തുപിടിച്ച് ഓസ്ട്രിയൻ ‘കോൺ’

വികസനവും ആർഭാടവും ഒന്നാണെന്ന് തെറ്റിദ്ധരിച്ചവരെ തിരുത്താൻ കൂറ്റൻ ‘കോണുകളിൽ’ ഓസ്ട്രിയയുടെ നല്ലപാഠങ്ങൾ. കമഴ്ത്തിവച്ച കൂറ്റൻ കോണുകളുടെ മാതൃകയിലുള്ള പവിലിയനിൽ മണ്ണും മരവും ചേർന്നുള്ള മനംമയക്കുന്ന കാഴ്ചകൾ മാത്രം. വളഞ്ഞുപുളഞ്ഞൊരു തുരങ്കമിട്ടതു പോലുള്ള വഴികളിലൂടെ നടന്നാൽ പഴഞ്ചൻ വിദ്യകളിൽ മറഞ്ഞിരിക്കുന്ന പുതുമകൾ കാണാം. പ്രകൃതിയെ മറന്നു തുടങ്ങിയതോടെയാണ് കാലാവസ്ഥയ്ക്കിണങ്ങിയതും സുരക്ഷിതവുമായ കെട്ടിടങ്ങളിൽ നിന്നു മനുഷ്യർ അകന്നതെന്നു പ്രതിനിധികൾ ഓർമിപ്പിക്കുന്നു. ഓരോ മേഖലയുടെയും സ്വഭാവത്തിനു യോജിച്ച നിർമിതികൾ ചെലവു കുറയ്ക്കും.

കളിമണ്ണ്, പനമ്പ്, ചകിരി, മുള എന്നിവയെല്ലാം ചേരുംപടി ചേർന്നാൽ മഞ്ഞും മഴയും വെയിലുമൊന്നുമേൽക്കാത്ത വീടുകൾ നിർമിക്കാം. ഓസ്ട്രിയൻ-അറേബ്യൻ നിർമിതികൾക്ക് പലകാര്യങ്ങളിലും സാമ്യമുണ്ടെന്നു സാങ്കേതിക വിദഗ്ധർ പറയുന്നു. ഉയരമുള്ള കോണുകളുടെയും സ്തൂപങ്ങളുടെയും മാതൃകയിലുള്ള കെട്ടിടങ്ങളുടെ മുകളിലൂടെ കടന്ന് അകത്തളങ്ങളിലെത്തുന്ന കാറ്റിന്റെ ചൂട് കുറയും. കളിമൺ ഭിത്തികളെ തഴുകിയെത്തുന്ന തണുത്ത കാറ്റിന് ഔഷധ ഗുണം നൽകുന്നതാണ് മറ്റൊരു വിദ്യ. ഔഷധഗുണമുള്ള വൃക്ഷങ്ങൾ കൊണ്ടു നിർമിച്ച അലങ്കാരങ്ങൾ, ഇരിപ്പിടങ്ങൾ തുടങ്ങിയവയാണ് പഴയകാല വീടുകളിലുണ്ടാകുക. സിർബെ വൃക്ഷമാണ് ഓസ്ട്രിയൻ വീടുകളുടെ അകത്തളങ്ങളിൽ ഉപയോഗിക്കുക. പിരിമുറുക്കം കുറയ്ക്കാൻ ഇതിനു കഴിയുമെന്നാണ് വിശ്വാസം.

 * കളിയല്ല കളിമണ്ണ്

പൊതുവേ സുലഭമായ കളിമണ്ണ്, ഈന്തപ്പന, തെങ്ങ്, മുള എന്നിവ കെട്ടിടനിർമാണത്തിന് ഉപയോഗപ്പെടുത്താം. കോൺക്രീറ്റ് കെട്ടിടങ്ങളേക്കാൾ കൂടുതൽ ഇവ ഈടുനിൽക്കും. കോൺക്രീറ്റ് കെട്ടിടമാണെങ്കിൽ പോലും അകത്തളങ്ങൾ പ്രകൃതി സൗഹൃദമാകണമെന്നാണ് ഓസ്ട്രിയൻ പാഠം. ഈറ്റയും മുളയുമൊക്കെ ചേർന്ന നടവഴികൾ, അലങ്കാരങ്ങൾ എന്നിവയ്ക്കു പ്രത്യേകതകളേറെ. മരുഭൂമിയിലെ ചൂടിനെ പടിക്കകത്തു കയറ്റില്ലെന്നതാണ് ഏറ്റവും വലിയ നേട്ടം. പവിലിയനിലെ അപൂർവം ചിലയിടങ്ങളിൽ മാത്രമാണ് ശീതീകരണികൾ. ചില മേഖലകളിൽ മേൽക്കൂരയുമില്ല. പ്രകൃതിയോടിണങ്ങി ജീവിക്കുകയും പുതിയ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുകയും ചെയ്യുന്ന വികസനമാണ് ഓസ്ട്രിയ പരിചയപ്പെടുത്തുന്നത്. പുതിയതു കിട്ടുമ്പോൾ പഴതെല്ലാം ഉപേക്ഷിക്കുകയെന്ന ആധുനിക രീതിയാണ് ലോകം നേരിടുന്ന ഏറ്റവും വെല്ലുവിളിയെന്നാണ് പവിലിയന്റെ സന്ദേശം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ബ്രിട്ടനിൽ ഏപ്രിൽ മുതൽ മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടായി ഉയർത്തും

ബ്രിട്ടനിൽ മിനിമം വേതനം അടുത്തവർഷം ഏപ്രിൽ മുതൽ മണിക്കൂറിന് 9.50 പൗണ്ടായി ഉയർത്തും. 23 വയസിനു മുകളിലുള്ളവർക്കാണ് ഈ മിനിമം വേതനത്തിന് അർഹതയുള്ളത്. നിലവിൽ 8.91 പൗണ്ട് ആയിരുന്നു ഒരു മണിക്കൂർ ജോലിക്കുള്ള മിനിമം വേതനം. ഇതാണ് ഏപ്രിൽ മുതൽ ഒമ്പതര പൗണ്ടാകുന്നത്. നിലവിലെ വിനിമയ നിരക്കനുസരിച്ച് ശരാശരി ആയിരം ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുകയാണിത്.

പുതിയ വർധനയനുസരിച്ച് മുഴുവൻ സമയം ജോലി ചെയ്യുന്ന ഒരാൾക്ക് വർഷം 1074 പൗണ്ടിന്റെ ശമ്പള വർധന ലഭിക്കും. ചാൻസിലർ ഋഷി സുനാക് ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച ഔദ്യോഗക പ്രഖ്യാപനം ഉണ്ടാകും. പേ കമ്മിഷന്റെയും ഇൻഡിപ്പെൻഡന്റ് അഡ്വൈസേഴ്സിന്റെയും ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിന് കോവിഡ് കാലത്ത് സർക്കാർ തയാറാകുന്നത്. 23 വയസ് പൂർത്തിയായവർക്ക് ശമ്പളത്തിൽ 6.6 ശതമാനം വർധന നൽകുന്ന തീരുമാനമാണിത്. ജീവിതച്ചെലവ് ശരാശരി 3.1 ശതമാനം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വർധന തൊഴിലാളികൾക്ക് വലിയ അനുഗ്രഹമാകും. കോവിഡ് മൂലം തൊഴിൽ മേഖലയിൽ കഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകുന്ന തീരുമാനമാണ് സർക്കാരിൽനിന്നും ഉണ്ടാകുന്നത്.

21 മുതൽ 22 വയസുവരെ പ്രായമുള്ളവരുടെ മിനിമം വേതനം മണിക്കൂറിന് 8.36 പൗണ്ടിൽ നിന്നും ഏപ്രിൽ മുതൽ 9.18 പൗണ്ടായി ഉയരും. അപ്രന്റീസ്ഷിപ്പിലുള്ളവരുടെ പ്രതിഫലം മണിക്കൂറിന് 4.30 പൗണ്ടിൽ നിന്നും 4.81 പൗണ്ടായും വർധിക്കും. 18 മുതൽ 20 വയസു വരെ പ്രായമുള്ളവരുടെ മിനിമം വേതനം 6.56 പൗണ്ടിൽ നിന്നും 6.83 പൗണ്ടായാണ് ഉയർത്തുന്നത്. 18 വയസിൽ താഴെയുള്ളവർക്കും വർധനയുണ്ട്. 4.62 പൗണ്ടായിരുന്ന ഇവരുടെ വേതനം 4.81 പൗണ്ടായി ഉയരും. ബുധനാഴ്ച രാവിലെയാണ് ചാൻസിലർ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മനം കവർന്ന് എ.ആർ. റഹ്‌മാന്റെ ഫിർദൗസ് ഓർക്കസ്ട്ര

എക്സ്പോ 2020-ന്റെ ഭാഗമായി ജൂബിലി പാർക്കിൽ നടന്ന എ.ആർ. റഹ്‌മാന്റെ നേതൃത്വത്തിലുള്ള ഫിർദൗസ് ഓർക്കസ്ട്രയുടെ അവതരണം സന്ദർശകരുടെ മനം കവർന്നു. പ്രതീക്ഷയോടെ ആളുകൾ കാത്തിരുന്ന പരിപാടിയാണ് ഏറെ പ്രത്യേകതകളോടുകൂടിയ ഈ സംഗീതാവതരണം. സംഗീത സമ്രാട്ട് എ.ആർ. റഹ്‌മാൻ നേതൃത്വം നൽകുന്ന ഓർക്കസ്ട്രയെന്നതുതന്നെയാണ് ആയിരങ്ങളെ വേദിയിലേക്ക് ആകർഷിച്ചത്.

jaico 1

ഓർക്കസ്ട്ര അവതരണങ്ങളെല്ലാം വനിതകൾ മാത്രമാണ് നടത്തുന്നതെന്നതും പ്രത്യേകതയായി. മണിക്കൂറുകൾക്ക് മുമ്പുതന്നെ ആയിരങ്ങൾ വേദിയുടെ പുറത്ത് പ്രവേശനാനുമതി കാത്തുനിൽക്കുന്ന കാഴ്ചയ്ക്കാണ് ദുബായ് സാക്ഷ്യം വഹിച്ചത്. സദസ്സിന്റെ ശേഷി പൂർണമായ ശേഷവും പരിപാടിക്കായി എത്തിയവരുടെ നീണ്ടനിര പുറത്ത് കാണാമായിരുന്നു. സ്റ്റാർ വാർസ് തീം മ്യൂസിക്കോടെയാണ് പ്രതിഭാധനരായ 50 വനിതകൾ ഉൾപ്പെടുന്ന ഓർക്കസ്ട്രയുടെ അവതരണത്തിന് തുടക്കമായത്. തുടർന്ന് എ.ആർ. റഹ്‌മാന്റെ സൂപ്പർഹിറ്റ് ഗാനങ്ങളുടെ അവതരണവും നടന്നു.

ashli

ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള സംഗീതോപകരണങ്ങളുടെ സമ്മേളനമായിരുന്നു ഇവിടെ കാണാനായത്. സംഗീതത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരോട് നടത്തുന്ന മനോഹരമായ ആശയവിനിമയമായി അത് മാറി. 23 രാജ്യങ്ങളിൽ നിന്നുള്ള വനിതകളാണ് യാസ്മിന സബയുടെ മേൽനോട്ടത്തിൽ പരിപാടികളുടെ ഭാഗമായത്. എക്സ്പോ ബഹിരാകാശ വാരാചരണത്തിന്റെ കൂടി പശ്ചാത്തലത്തിൽ ബഹിരാകാശമെന്ന തീമിലായിരുന്നു അവതരണം. വലിയ സ്‌ക്രീനിൽ നക്ഷത്രങ്ങളും ഗ്രഹങ്ങളുമുൾക്കൊള്ളുന്ന അദ്‌ഭുതക്കാഴ്‌ചകളുടെ പശ്ചാത്തലത്തിൽ അതിർത്തികളെയും ഭാഷാ-വർഗ-വർണ വ്യത്യാസങ്ങളെയുമെല്ലാം മറികടന്ന് മനുഷ്യരോടുമാത്രം സംവദിക്കുന്നതായി റഹ്‌മാന്റെ സംഗീതം. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ശാസ്ത്രീയ സംഗീതധാരകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള രീതിയാണ് ഇവിടെ പരീക്ഷിച്ചിരിക്കുന്നതെന്ന് റഹ്‌മാൻ പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഈ കഫേയിലേക്ക് പൂച്ചകളെ കൊണ്ടുവരാം, ഒപ്പമിരുത്തി ചായ കുടിക്കാം; ഒറ്റ നിബന്ധന മാത്രം…

യുക്രൈനിലെ ലിവിവിൽ കൗതുകം തോന്നിപ്പിക്കുന്ന ഒരു കഫേയുണ്ട്. ക്യാറ്റ് കഫേ എന്നാണ് പൂച്ച പ്രേമികൾക്ക് വേണ്ടി മാത്രമുള്ള ഈ കഫേയുടെ പേര്. ഇവിടേക്ക് പൂച്ചകളെ കൊണ്ടുവരാം, ഒപ്പമിരുത്തി ചായ കുടിക്കാം. കഫേയിലേക്ക് കടക്കുമ്പോഴേ വ്യത്യസ്തത മനസിലാവൂ. കാരണം ഇവിടെ നിറയെ പൂച്ചകളാണ്. അവർക്കിടയിലിരുന്ന് ആവശ്യക്കാർക്ക് വേണ്ടത് ഓർഡർ ചെയ്യാം.

hill monk ad

വൈനും ബിയറും കോഫിയുമടക്കം വിവിധതരം പാനീയങ്ങൾ ഇവിടെ കിട്ടും. ചെറുപലഹാരങ്ങളും കിട്ടും. രുചിയെന്തുമാകട്ടെ എല്ലാം പൂച്ചകൾക്കൊപ്പമിരുന്ന് ആസ്വദിക്കാം. പൂച്ചകൾക്കായി രൂപകല്പന ചെയ്ത പ്രത്യേകം ഇരിപ്പിടങ്ങളുണ്ടിവിടെ. അവർക്കായി ചെറുമേശകളുമുണ്ട്. സന്ദർശകർ അനുവദിക്കുമെങ്കിൽ പൂച്ചകൾ അവരുടെ മടിയിലിരിക്കുകയും ചെയ്യും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാവുന്നു

ഡ്രൈവിങ് ലൈസൻസിനും കാർ റജിസ്ട്രേഷനും ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നു. സിവിൽ ഐഡി കാർഡിനായിൽ ഉപയോഗിക്കുന്ന മൈഎഡൻറ്റിറ്റി ആപ്പിൽ ഡ്രൈവിങ് ലൈസൻസും കാർ റജിസ്ട്രേഷനും കൂടി ഉൾപ്പെടുത്താനാണ് പദ്ധതി.

ലൈസൻസ്, കാർ റജിസ്ട്രേഷൻ കാർഡ് എന്നിവ കൈവശം കരുതുന്നതിന് പകരം മൊബൈൽ ഫോണിൽ കൊണ്ടുനടക്കാനാകും. അതേസമയം ഗതാഗതനിയമ ലംഘനം കണ്ടെത്തിയാൽ മൊബൈൽ ഫോൺ വഴി സന്ദേശം അയയ്ക്കുന്ന സംവിധാനവും ആഭ്യന്തരമന്ത്രാലയം ഏർപ്പെടുത്തുന്നുണ്ട്. നിയമലംഘനം നടന്ന സമയം, സ്ഥലം, സ്വഭാവം എന്നിവ ഉൾപ്പെടയുള്ളതാകും സന്ദേശം. പിഴ എളുപ്പത്തിൽ അടയ്ക്കുന്നതിനും ഈടാക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഏഴരക്കോടി രൂപ സമ്മാനം, ഭാഗ്യവാൻ 2 വയസ്സുകാരൻ; ദുബായിൽ വീണ്ടും ഇന്ത്യൻ പുഞ്ചിരി!

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിൽ ഇന്ത്യൻ ബാലന്റെ പേരിൽ മാതാപിതാക്കളെടുത്ത ടിക്കറ്റിന് ഏഴര കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. ഷാർജയിൽ താമസിക്കുന്ന മുംബൈ സ്വദേശി യോഗേഷ് ഗോലെ–ധൻശ്രീ ബന്തൽ ദമ്പതികളുടെ മകൻ ക്ഷൺ യോഗേഷ് ഗോലെ (2 വയസ്സ്)യാണ് 371 സീരീസിലെ ടിക്കറ്റിലൂടെ കുട്ടി കോടിപതിയായത്.

jaico

അവധി കഴിഞ്ഞ് സെപ്റ്റംബർ 25 ന് മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് വരുമ്പോഴായിരുന്നു ടിക്കറ്റെടുത്തത്. രണ്ടര വർഷമായി യുഎഇയിൽ താമസിക്കുന്ന യോഗേഷ് ഓൺലൈൻ ട്രേഡിങ്ങിലാണ് ജോലി ചെയ്യുന്നത്. ഇതാദ്യമായിട്ടാണ് മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ ഭാഗ്യപരീക്ഷണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷണിന്റെ പേരിൽ പണം നിക്ഷേപിച്ച് അവന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. കൂടാതെ, കുറച്ച് പണം ദരിദ്രർക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചതായി ധൻശ്രീ പറഞ്ഞു.

1999 ൽ മില്ലെനിയം മില്യനയർ പ്രമോഷൻ ആരംഭിച്ചതിനുശേഷം 10 ലക്ഷം യുഎസ് ഡോളർ നേടിയ 184 -ാമത്തെ ഇന്ത്യക്കാരനാണ് ക്ഷൺ. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. ക്ഷണിനെ കൂടാതെ, നെയ്റോബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 52-കാരനായ കെനിയൻ സ്വദേശി അശ്വനി ഗാൻജുവും ഏഴരക്കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) സ്വന്തമാക്കി. ഇൗ മാസം ഒന്നിന് ദുബായിൽ നിന്ന് ഡൽഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെ എടുത്ത 2626 നമ്പർ ടിക്കറ്റാണ് 372 സീരിസ് നറുക്കെടുപ്പിൽ ഭാഗ്യം സമ്മാനിച്ചത്. ഇതോടൊപ്പം നടന്ന മറ്റൊരു നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ ജോസ് ആന്റോ ആഡംബര ബൈക്കും നേടി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യു.എ.ഇ. സുവർണ ജൂബിലി: 50 ദിവസം നീളുന്ന കാമ്പയിനുമായി ലുലു

യു.എ.ഇ. സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീളുന്ന കാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹികക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യു.എ.ഇ.യിലെ 87 ലുലു സ്റ്റോറുകളിൽ ഡിസംബർ ഒമ്പതുവരെ പരിപാടികൾ നടക്കും. 50 ദിവസം 50 ഉത്പന്നങ്ങൾക്ക് 50 ശതമാനം ഇളവാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുക. പലവ്യഞ്ജനം, ഫാഷൻ, ഇലക്േട്രാണിക്സ് എന്നിവ ഇതിലുൾപ്പെടും. കല്യാൺ ജ്വല്ലേഴ്സുമായി ചേർന്ന് സ്വർണസമ്മാന പദ്ധതിയും ഇക്കാലയളവിൽ നടക്കും. 100 ദിർഹത്തിന്റെ ഇടപാടുകൾ നടത്തുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 50 ഭാഗ്യശാലികൾക്ക് 50 ഗ്രാം സ്വർണം വെച്ച് മൊത്തം രണ്ടര കിലോ സ്വർണം സമ്മാനമായി നൽകും. മൊബൈൽ ഫോൺ, ഇലക്‌േട്രാണിക് ഉപകരണങ്ങൾ, ക്യാമറ, ഐ.ടി. ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ഇളവുകൾ ലഭ്യമാക്കിക്കൊണ്ട് ‘ഡിജി ടെക് ’ മേള 26 മുതൽ ആരംഭിക്കും.

മൊബൈൽ, ടി.വി., ലാപ്ടോപ്പുകൾ എന്നിവ മാറ്റിവാങ്ങാൻ എക്സ്‌ചേഞ്ച് ഫെസ്റ്റിവലും പലിശരഹിത ഇൻസ്റ്റാൾമെന്റ് പദ്ധതികളും ഇക്കാലയളവിലുണ്ടാകും. ദീപാവലിയുടെ ഭാഗമായി ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളുടെയും മധുരപലഹാരങ്ങളുടെയും വിപണനമേളയും നടക്കും. ലുലു ദീവാലി ഗിഫ്റ്റ് കാർഡും പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽപ്പേർക്കുള്ള ദീവാലി മധുരപലഹാരങ്ങളുടെ കോർപ്പറേറ്റ് ഓർഡറുകളും ഇത്തവണ സ്വീകരിക്കും. ഇലക്‌േട്രാണിക്സ്, മൊബൈൽ ഉത്പന്നങ്ങളുടെ വിപണന മേള ‘സൂപ്പർ ഫ്രൈഡേ’ നവംബർ 23-ന് ആരംഭിക്കും. 10 ദിവസം നീണ്ടുനിക്കുന്ന മേളയുടെ ഭാഗമായി ഉത്പന്നങ്ങൾ വൻ വിലക്കുറവിൽ ലഭിക്കും. യു.എ.ഇ. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ‘അഭിമാനത്തോടെ യു.എ.ഇ.യിൽനിന്ന് ’ എന്ന ആശയത്തിൽ പ്രാദേശിക കാർഷിക വിളകളുടെ വിപണന മേള നടക്കും. ഓൺലൈൻ ഇടപാടുകൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ലുലു ഷോപ്പിങ് ആപ്പ് നവീകരിക്കുകയും ചെയ്തു. ഉത്പന്നങ്ങൾ കേടുപാടുകൾ കൂടാതെ ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ട് സൂക്ഷിക്കുന്നതിനായി 200 ഊഷ്മാവ് നിയന്ത്രിത വാഹനങ്ങളാണ് ലുലുവിനായി സേവനമനുഷ്ഠിക്കുന്നത്.

siji

യു.എ.ഇ. യിൽ തുടക്കം കുറിച്ച് ആഗോള ബ്രാൻഡായ ലുലു ഗ്രൂപ്പിന്റെ ഭാഗമാകുന്നതിൽ അഭിമാനിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ‘‘എല്ലാവിധ വ്യവസായനുകൂല സാഹചര്യങ്ങളും ലഭ്യമാക്കിയ ദീർഘദർശികളായ യു.എ.ഇ. ഭരണാധികാരികളാണ് ഞങ്ങളുടെ നേട്ടങ്ങൾക്ക് കാരണം. അതിന് കാരണമായ ലക്ഷക്കണക്കിന് ഉപഭോക്താക്കളോടും യു.എ.ഇ.യുടെ സംരംഭകത്വ മനോഭാവത്തോടുള്ള ആദരവുകൂടിയാണ് ഈ ആഘോഷങ്ങൾ’’- അദ്ദേഹം പറഞ്ഞു. സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി എമിറേറ്റ്‌സ് റെഡ് ക്രെസന്റുമായി സഹകരിച്ച് ‘രണ്ടുദിർഹം നൽകു, രണ്ട് കണ്ണുകൾ രക്ഷിക്കൂ’ എന്ന ആശയത്തിൽ റിവർ ബ്ലൈൻഡ്‌നെസ് എന്ന നേത്രരോഗബാധിതരായ പാവപ്പെട്ടവർക്ക് സഹായം ലഭ്യമാക്കും. യു.എ.ഇ.യോടുള്ള ജനങ്ങളുടെ സ്‌നേഹം വാക്കുകളിലൂടെ പങ്കുവെക്കാൻ ‘വാൾ ഓഫ് പ്രൈഡ്’ എന്ന പദ്ധതി നടപ്പാക്കും. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം അക്ഷരങ്ങളിലൂടെ യു.എ.ഇ.യോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന പദ്ധതിയിൽ ഏവർക്കും ഭാഗമാകാനാകുമെന്ന് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഗ്രൂപ്പ് മാർക്കറ്റിങ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ, ഓംനിചാനൽ ഓപ്പറേഷൻസ് ഹെഡ് സ്റ്റുവർട്ട് ഡേവിഡ്ജ്, റീട്ടെയിൽ ഓപ്പറേഷൻ ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

‘ഐൻ ദുബായ് ’ നാളെ കറങ്ങിത്തുടങ്ങും

ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രം (ഒബ്‌സർവേഷൻ വീൽ) ഐൻ ദുബായ് വ്യാഴാഴ്ച പ്രവർത്തനം തുടങ്ങും. ബ്ലൂ വാട്ടേഴ്‌സ് ഐലൻഡിലെ 250 മീറ്റർ ഉയരമുള്ള ചക്രം ലാസ് വേഗാസ് ഹൈ റോളറിനെ പിന്നിലാക്കിയാണ് റെക്കോഡിലേക്ക് കറങ്ങാനൊരുങ്ങുന്നത്. ഹൈ റോളറിനെക്കാൾ 82 മീറ്ററും യു.കെ.യിലെ ലണ്ടൻ ഐ.യെക്കാൾ 115 മീറ്ററും ഉയരക്കൂടുതലുണ്ട് ഐൻ ദുബായിക്ക്. ദുബായുടെയും കടലിന്റെയും മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന ഐൻ ദുബായുടെ ഉദ്ഘാടനത്തോട നുബന്ധിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ പരിപാടികൾ അരങ്ങേറും. ലൈറ്റ് ഷോ, ഡ്രോൺ ഷോ, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടാകുമെന്ന് ജനറൽ മാനേജർ റോണാൾഡ് ഡ്രേക് പറഞ്ഞു. ഐൻ ദുബായ് പ്ലാസയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കലാപരിപാടികൾക്ക് തുടക്കമാവും. പ്ലാസയിൽ പ്രവേശനം സൗജന്യമായിരിക്കും.

jaico 1

നേരത്തേ ബുക്ക് ചെയ്യുന്നവർക്ക് സൂര്യാസ്തമയം കാണാൻ 38 മിനിറ്റ് ഐൻ ദുബായ് ക്യാബിനിൽ കയറാം. ദുബായുടെ കണ്ണ് എന്നർഥം വരുന്ന ഐൻ ദുബായിൽ ഒരേ സമയം 1750 പേർക്ക് കയറാം. അൾട്രാവയലറ്റ് കിരണങ്ങളിൽനിന്ന് സംരക്ഷണം നൽകുന്ന 48 പാസഞ്ചർ കാബിനാണ് ഉള്ളത്. സാധാരണ ടിക്കറ്റിന് 130 ദിർഹമാണ്. മൂന്നിനും 12-നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് 100 ദിർഹമാണ് ഫീസ്. രണ്ട് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും കയറാവുന്ന ഫാമിലി പാസ് 370 ദിർഹം, ഭക്ഷണം ലഭിക്കുന്ന ഫാമിലി പാസ് 450 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. വിവരങ്ങൾക്ക് aindubai.com.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സമാധാനത്തോടെ ജോലി ചെയ്യാനും ജീവിക്കാനും കഴിയുന്ന ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യു.എ.ഇ.

സമാധാനത്തോടെ ജോലി ചെയ്യാനും ജീവിക്കാനും കഴിയുന്ന ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ.യും. പട്ടികയിൽ നാലാമത്തെ രാജ്യമായാണ് യു.എ.ഇ. തിരഞ്ഞെടുക്കപ്പെട്ടത്. എച്ച്.എസ്.ബി.സി.യുടെ 14-ാമത് വാർഷിക എക്സ്പാറ്റ് എക്സ്പ്ലോറർ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

20,000-ത്തിലേറെ ആളുകൾക്കിടയിൽ നടത്തിയ സർവേ റിപ്പോർട്ട് പ്രകാരമാണ് യു.എ.ഇ. ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായത്. കഴിഞ്ഞ സർവേയെ അപേക്ഷിച്ച് യു.എ.ഇ. 10-ാം സ്ഥാനം മുന്നിലേക്ക് കയറി. സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവയാണ് പട്ടികയിലെ ആദ്യമൂന്ന് സ്ഥാനങ്ങളിൽ. ഗൾഫിൽ ബഹ്റൈൻ, ഖത്തർ എന്നിവ യഥാക്രമം എട്ടാമതും പത്താമതുമാണ്.സർവേയിൽ പങ്കെടുത്തവരിൽ 82 ശതമാനം പേർ അടുത്ത ഒരു വർഷത്തിനകം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അഭിപ്രായപ്പെട്ടു. യു.എ.ഇ.യിൽനിന്ന് പങ്കെടുത്ത 86 ശതമാനം പേർ ഈ രാജ്യത്ത് തന്നെ തുടരുന്നതിൽ സന്തുഷ്ടരാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കാബൂളിൽ നിന്ന് 145 പേരെ കൂടി ഡൽഹിയിൽ എത്തിച്ചു;

കാബൂളിൽ നിന്ന് 145 പേരെ കൂടി ഡൽഹിയിൽ എത്തിച്ചു; രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ
മൂന്ന് വിമാനങ്ങളിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്.              ന്യൂഡൽഹി:    അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം ഊർജിതമാക്കി ഇന്ത്യ. തിങ്കളാഴ്ച്ച രാവിലെയോടെ കാബൂളിൽ നിന്ന് 145 പേരെ കൂടി ഡൽഹിയിൽ എത്തിച്ചു. സംഘത്തിൽ ഇന്ത്യക്കാരും അഫ്ഗാൻ സ്വദേശികളുമുണ്ട്.

vibgyor ad

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ രണ്ട് എംപിമാർ അടക്കം 392 പേരെയാണ് ഡൽഹിയിൽ എത്തിച്ചത്. ഇതിൽ 327 പേർ ഇന്ത്യക്കാരാണ്. മുഴുവൻ ഇന്ത്യാക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.മൂന്ന് വിമാനങ്ങളിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. 135 ഇന്ത്യക്കാരുമായി ദോഹ വഴിയാണ് ഒരു വിമാനം ഇന്ത്യയിലെത്തിയത്. താജിക്കിസ്ഥാനിൽ നിന്നുള്ള വിമാനത്തിൽ 87 ഇന്ത്യൻ പൗരന്മാരും 2 നേപ്പാൾ പൗരന്മാരുമാണ് ഉണ്ടായിരുന്നത്.

webzone

87 ഇന്ത്യാക്കാരെ പ്രത്യേക വ്യോമസേന വിമാനത്തിൽ കാബൂളിൽ നിന്ന് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ ഇന്നലെ എത്തിച്ചിരുന്നു. പിന്നീട് എയർ ഇന്ത്യ വിമാനത്തിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. കാബൂളിൽ നിന്ന് നേരത്തെ ദോഹയിലെത്തിച്ച 135 പേരെയാണ് മറ്റൊരു വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്.

ഇതിന് പുറമെ 107 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 168 യാത്രക്കാരുമായി വ്യോമസേനയുടെ പ്രത്യേക വിമാനവും ഇന്ത്യയിലെത്തി. അഫ്ഗാനിസ്താനിലുള്ള മുഴുവൻ ഇന്ത്യാക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

eldho
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights