ഇനി വീഡിയോ കോള്‍ പൊളിക്കും; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഇത്തവണ വീഡിയോ കോളിലാണ് അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുന്നത്. വീഡിയോ കോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്ഡേറ്റുകള്‍ തുടങ്ങിയവ വാടസ്ആപ്പ് കൊണ്ടുവന്നിരുന്ന. ഇപ്പോള്‍ ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചര്‍ ഓണാക്കുമ്പോള്‍ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും. വീഡിയോ കോളില്‍ മുകളില്‍ വലത് വശത്ത് ‘ബള്‍ബ്’ ലോഗോ കാണാം. ഇതില്‍ ടാപ്പ് ചെയ്താല്‍ ഈ ഫീച്ചർ ലഭ്യമാകും. ആവശ്യമില്ലെങ്കില്‍ ഇവ ഓഫ് ചെയ്യാനും സാധിക്കും.

ആപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ലോ ലൈറ്റ് മോഡ് ലഭ്യമാണ്. വിന്‍ഡോസ് വാട്‌സ്ആപ്പ് ആപ്പില്‍ ഫീച്ചറുകര്‍ ലഭ്യമല്ല, എന്നാല്‍ വിന്‍ഡോസ് പതിപ്പിലും തെളിച്ചം വര്‍ധിപ്പിക്കാം. ഓരോ വാട്ട്‌സ്ആപ്പ് കോളിനും ഈ ഫീച്ചര്‍ ഓണാക്കേണ്ടതുണ്ട്.

യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി; 2000ത്തില്‍ നിന്ന് 5000 രൂപയാക്കി

യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി. 500ന് താഴെയുള്ള പിന്‍- ലെസ് ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധിയാണ് ഉയര്‍ത്തിയത്. ഇത് രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. നിലവില്‍ 500 രൂപയില്‍ താഴെ ഒരു ദിവസം നിരവധി പിന്‍- ലെസ് ഇടപാടുകള്‍ നടത്താമെങ്കിലും ഒരു ദിവസം നടത്താന്‍ കഴിയുന്ന ബാലന്‍സ് പരിധി 2000 രൂപയായിരുന്നു. ഇതാണ് 5000 രൂപയായി ഉയര്‍ത്തിയത്.

പിന്‍ നല്‍കാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ (500ല്‍ താഴെ) നടത്താന്‍ സഹായിക്കുന്നതാണ് യുപിഐ ലൈറ്റ്. പിന്‍ നല്‍കാതെ തന്നെ ഉപയോക്താവിന് ആപ്പ് തുറന്ന് പേയ്മെന്റ് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഒക്ടോബര്‍ 31 മുതല്‍ യുപിഐ ലൈറ്റ് അക്കൗണ്ടില്‍ ഇഷ്ടമുള്ള തുക റീലോഡ് ചെയ്യാന്‍ സാധിക്കും. ഇതിനായി ഓട്ടോ ടോപ്പ്-അപ്പ് ഓപ്ഷന്‍ ഉപയോഗിക്കാനാകുമെന്ന് അടുത്തിടെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സര്‍ക്കുലറില്‍ അറിയിച്ചിരുന്നു.

ഉപയോക്താവ് തെരഞ്ഞെടുത്ത തുക ഉപയോഗിച്ച് യുപിഐ ലൈറ്റ് ബാലന്‍സ് സ്വയമേവാ റീലോഡ് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം. 500ന് താഴെയുള്ള പിന്‍-ലെസ് ഇടപാടുകള്‍ സുഗമമാക്കുന്നതിനാണ് ഇത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഓട്ടോ ടോപ്പ്-അപ്പ് മാന്‍ഡേറ്റ് അസാധുവാക്കാനും കഴിയുമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം ഓരോ യുപിഐ ലൈറ്റ് അക്കൗണ്ടിലും ഓട്ടോമാറ്റിക്കായി പണം റീലോഡ് ചെയ്യാന്‍ കഴിയുന്ന ഇടപാടുകളുടെ എണ്ണം ഒരു ദിവസം അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

മുന്നിലേക്ക് ഓടിയെത്താൻ ഗൂഗിൾ ചാറ്റ്സ്; എത്തിയിരിക്കുന്നത് കിടിലൻ അപ്‌ഡേറ്റുമായി

ഉപഭോക്താക്കളുടെ അപ്ലിക്കേഷൻ ഉപയോഗം കൂടുതൽ സുഗമമാകാനായി ഒരു കിടിലൻ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ ചാറ്റ്സ്. ഇനിമുതൽ വീഡിയോ മെസ്സേജിങ് ഫീച്ചറുകളും ആപ്പിൽ ലഭ്യമാകും എന്നതാണ് ആ അപ്‌ഡേറ്റ്.

മൈക്രോസോഫ്റ്റ് ടീംസ്, സ്ലാക്ക് പോലുള്ള പ്ലാറ്റ്ഫോമുകൾ ഈ ഫീച്ചറുമായി അതിവേഗം മുന്നോട്ടുപോയതോടെയാണ് ഗൂഗിൾ ചാറ്റ്സും വീഡിയോ മെസ്സേജിങ് ഫീച്ചർ പരീക്ഷിക്കാൻ തീരുമാനിച്ചത്. പ്രൈവറ്റ്, ഗ്രൂപ്പ് ചാറ്റുകൾ തുടങ്ങിയ എല്ലാ ചാറ്റ് സ്‌പേസുകളിലേക്കും ഇനിമുതൽ ഉപയോക്താക്കൾക്ക് വീഡിയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കും. ഗൂഗിൾ ചാറ്റ്സിന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കാനും, മെസ്സേജിങ് കൂടുതൽ എളുപ്പമാക്കാനും ഈ ഫീച്ചർ സഹായിക്കും.

എന്നാൽ ഈ ഫീച്ചറിന് ചെറിയ ഒരു പോരായ്മയുണ്ട്. ഗൂഗിൾ ക്രോം, ഫയർഫോക്സ്, ലിനക്സ് തുടങ്ങിയ സേർച്ച് എഞ്ചിനുകളിൽ ഇവ ഇപ്പോൾ ലഭ്യമാകില്ല എന്നതാണത്. കൂടാതെ മൊബൈലിലും ഇപ്പോൾ ഈ ഫീച്ചർ ഉണ്ടാകില്ല. എന്നാൽ അധികം വൈകാതെ ഇവിടങ്ങളിലെല്ലാം വീഡിയോ മെസ്സേജിങ് ഫീച്ചർ ഉടനെത്തുമെന്നാണ് പ്രതീക്ഷ.

ഇവ കൂടാതെ, നിലവിലുള്ള വോയിസ് മെസ്സേജിങ് ഫീച്ചറിനെയും വേറെ ലെവലിലേക്ക് ചാറ്റ്സ് കൊണ്ടുപോകുന്നുണ്ട്. ഇനിമുതൽ വോയിസ് മെസ്സേജുകൾ ട്രാൻസ്‌ക്രൈബ് ചെയ്യാൻ സാധിക്കുമെന്നതാണ് ആ പ്രത്യേകത. വോയിസ് മെസ്സേജുകൾക്ക് താഴെയുള്ള ‘വ്യൂ ട്രാൻസ്‌ക്രിപ്റ്റ്’ എന്ന ഓപ്‌ഷൻ സെലക്ട് ചെയ്‌താൽ അവ തനിയെ ടെക്സ്റ്റുകളായി മാറും. ഈ രണ്ട് ഫീച്ചറുകളോടെ ഗൂഗിൾ ചാറ്റ്സിന് കൂടുതൽ പേരിലേക്കെത്താനാകുമെന്നാണ് പ്രതീക്ഷ.

സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

പുതിയ കിടിലൻ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ ടാഗിങ് ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. പുതിയ അു്ഡേഷൻ പ്രകാരം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്

പലപ്പോഴും മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എല്ലാം കാണാന്‍ ഉപയോക്താക്കള്‍ക്ക് നിലവിൽ കഴിയണമെന്നില്ല. ഏറ്റവും അടുത്ത ആളുകള്‍ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. അവരെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്ത് അവര്‍ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി.

സ്റ്റാറ്റസ് അപ്ഡേറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും ഏറ്റവും അടുത്ത ആളുകള്‍ വീണ്ടും ഷെയര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും പുതിയതായി വാട്സ്ആപ്പ് അവതരിപ്പിക്കുന്ന അപ്ഡേറ്റ് വഴി സാധിക്കും. ഇതിന് പുറമേയാണ് സ്റ്റാറ്റസ് ലൈക്ക് ഫീച്ചര്‍. മറ്റ് പ്ലാറ്റ്‌ഫോമുകളിലേതിന് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം. ഒറ്റ ക്ലിക്കിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ലൈക്ക് ചെയ്യാനും കഴിയും. സ്റ്റാറ്റസ് ലൈക്കുകള്‍ സ്വകാര്യമാണ്. നിങ്ങള്‍ ലൈക്ക് ചെയ്ത വ്യക്തിക്ക് മാത്രമേ അവ വ്യൂവേഴ്സ് ലിസ്റ്റില്‍ കാണാനാകൂ എന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

ടെക്സ്റ്റ് നൽകിയാൽ വീഡിയോ ആക്കി മാറ്റും; വീഡിയോ മുതൽ സിനിമ വരെ നിർമ്മിക്കാൻ ‘മെറ്റാ മൂവി ജെൻ’!

നിങ്ങൾ ടൈപ്പ് ചെയ്തു കൊടുക്കുന്ന വാക്കുകളെ വീഡിയോ ആക്കി മാറ്റാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ ? ഇനി നിങ്ങളുടെ വാക്കുകളെ ഒരു സിനിമയാക്കി തന്നെ നിങ്ങൾക്ക് തരുമെന്ന് പറഞ്ഞാലോ ? അതെ ഈ പറഞ്ഞതെല്ലാം എല്ലാം ശരിയാണ്. വാചകത്തിൽ നിന്ന് വീഡിയോ മുതൽ സിനിമ വരെ നിർമ്മിക്കാൻ സഹായിക്കുന്ന മെറ്റാ മൂവി ജെനാണ് ഇപ്പോഴത്തെ താരം. മെറ്റയുടെ പുതിയ ജനറേറ്റീവ് എഐ ടൂൾ ഉപയോ​ഗിച്ച് നമ്മൾ നൽകുന്ന ഇൻപുട്ട് ടെക്സ്റ്റിൽ നിന്ന് ക്രിയാത്മകമായ വീഡിയോകൾ നിർമ്മിക്കാനും ഇഷ്‌ടാനുസൃതമായി ശബ്‌ദട്രാക്കുകൾ ചേർക്കാനും ഇതിൽ സാ​ധിക്കും

എന്താണ് മെറ്റ മൂവി ജെൻ ?

മെറ്റയുടെ ഏറ്റവും പുതിയ ജനറേറ്റീവ് എഐ ടൂളായ മെറ്റാ മൂവി ജെൻ ടെക്‌സ്‌റ്റ് ഇൻപുട്ടുകളെ യൂസറിൻ്റെ താൽപര്യങ്ങൾക്കനുസരിച്ച് വീഡിയോ ഫോർമാറ്റാക്കി മാറ്റുകയാണ് ചെയ്യുക. വീഡിയോയിൽ വേണ്ട ഓഡിയോ, 3D ആനിമേഷനുകൾ എന്നിവയുൾപ്പടെ ഇതിൽ ചേർക്കാൻ സാധിക്കും. വീഡിയോ നിർമ്മിക്കുക മാത്രമല്ല എടുത്ത വീഡിയോകൾ എഡിറ്റ് ചെയ്യാനും ഇത് സഹായിക്കും. ടെക്‌സ്‌റ്റ്-ടു-വീഡിയോയും ടെക്‌സ്‌റ്റ്-ടു-ഇമേജ് ജനറേഷനും ഇത് അനുയോജ്യമാണെന്നതും ശ്രദ്ധേയമാണ്. ഇതോടൊപ്പം പശ്ചാത്തല സംഗീതം, ശബ്‌ദ ഇഫക്റ്റുകൾ, പശ്ചാത്തല ശബ്‌ദങ്ങൾ എന്നിവയുൾപ്പെടെയുള്ള ഓഡിയോകളും മെറ്റാ മൂവി ജെനിന് നിർമ്മിക്കാൻ സാധിക്കും.

DIGITAL MARKETING

മെറ്റാ മൂവി ജെന്നിനെക്കുറിച്ച് വെള്ളിയാഴ്ചയാണ് മെറ്റ അറിയിച്ചത്. നിലവിൽ അതിൻ്റെ പരീക്ഷണ ഘട്ടത്തിലാണ് മൂവി ജെൻ. ഉപയോക്താക്കൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന വിധം ഇതെപ്പോൾ പുറത്തിറക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. മൂവി ജെനിനെ മികച്ച ഒരു എഐ ടൂളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മെറ്റ. ഇതിന്റെ ഭാ​ഗമായി ചലച്ചിത്ര നിർമ്മാതാക്കളുമായും കോൺടെൻ്റ ക്രിയേറ്റഴസുമായും സഹകരിച്ച് ഫീച്ചറുകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള തീരുമാനത്തിലാണ് മെറ്റയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് ഓപ്പൺ എഐ-ക്ക് ഒരു എതിരാളിയാവുകയാണോ എന്നതാണ് നിലവിലെ ചർച്ച. ഓപ്പൺ എഐ യുടെ ടെക്‌സ്‌റ്റ്-ടു-വീഡിയോ മോഡൽ സോറയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് മാസങ്ങൾക്കകമാണ് ഈ വികസനമെന്നതും ടെക്ക് ലോകം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്‌.

ഫോണ്‍ മോഷണം പോയാല്‍ ഇനി ഭയക്കേണ്ട; സ്വകാര്യ വിവരങ്ങള്‍ ലീക്കാകില്ല; പുതിയ ഫീച്ചറുമായി ഗൂഗിള്‍

ഫോണ്‍ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ ചോരാതെ സംരക്ഷണം നല്‍കുന്ന ‘theft detection lock (തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്) ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. മോഷ്ടാവിന് ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയാത്തവിധമാണ് ഈ ഫീച്ചര്‍ വികസിപ്പിച്ചിരിക്കുന്നത്.
അമേരിക്കയിലെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. അടുത്തിടെ വിപണിയിലെത്തിയ ഷവോമി 14ടി പ്രോ ഫോണില്‍ ഈ ഫീച്ചര്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമേ ഓഫ്ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നി ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് ഫീച്ചര്‍ ഒരു മെഷീന്‍ ലേണിംഗ് മോഡല്‍ ആണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിയെടുത്ത് കള്ളന്‍ കാല്‍നടയായോ വാഹനത്തിലോ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ സ്വയമേവ തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് മോഡിലേക്ക് പ്രവേശിക്കും. അവിടെ സ്മാര്‍ട്ട്‌ഫോണ്‍ തല്‍ക്ഷണം ലോക്ക് ചെയ്യപ്പെടും. ഫോണില്‍ സംഭരിച്ചിരിക്കുന്ന സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് മോഷ്ടാവിനെ പരിമിതപ്പെടുത്തുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

ഒരു മോഷ്ടാവ് ദീര്‍ഘനേരം ഇന്റര്‍നെറ്റില്‍ നിന്ന് ഫോണ്‍ വിച്ഛേദിക്കാന്‍ ശ്രമിച്ചാല്‍ ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക് എന്ന രണ്ടാമത്തെ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകും. അവസാനമായി, സ്മാര്‍ട്ട്ഫോണ്‍ ഉടമകളെ അവരുടെ മോഷ്ടിച്ച ഉപകരണം ഫൈന്‍ഡ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് റിമോട്ടിന്റെ സഹായത്തോടെ ലോക്ക് ചെയ്യാന്‍ പ്രാപ്തമാക്കുന്നതാണ് റിമോട്ട് ലോക്ക് ഫീച്ചര്‍. ലോക്ക് ചെയ്ത സ്മാര്‍ട്ട്ഫോണിലെ ഡാറ്റയില്‍ ഉപയോക്താക്കള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ക്രമീകരണം. ഗൂഗിള്‍ ഈ ബീറ്റ ഫീച്ചറുകള്‍ ഓഗസ്റ്റ് മുതല്‍ പരീക്ഷിച്ചുവരികയാണ്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലേക്കും ഇവ ലഭ്യമാക്കും

ഇനി ഡോക്ടറുടെ ‘മരുന്ന് കുറിപ്പടി’ ‌വായിക്കാൻ ബു​ദ്ധിമുട്ടേണ്ട, ചാറ്റ് ​ജിപിടി പറഞ്ഞു തരും; പക്ഷേ ശ്ര​ദ്ധിക്കണം

ഏതെങ്കിലും അസുഖത്തിന് ആശുപത്രിയിൽ പോയി വരുമ്പോൾ ഡോക്ടർ തന്ന ‘മരുന്ന് കുറിപ്പടി’കണ്ട് കിളി പോയി നിന്നവരാണ് നമ്മളിൽ പലരും.എന്നാൽ ഇനി ‘ മരുന്ന് കുറിപ്പടി’യിലുള്ള മരുന്നിന്റെ പേരെന്താണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടേണ്ട. അതിനായി നമ്മളെ സഹായിക്കാൻ ചാറ്റ് ​ജിപിടി തയ്യാറാണ്. ഏത് മരുന്നാണ്, എന്തിനാണ് ആ മരുന്ന്, എത്ര നേരം കഴിക്കണം തുടങ്ങി എല്ലാം ചാറ്റ് ​ജിപിടി നിങ്ങൾക്ക് ‘മരുന്ന് കുറിപ്പടി’നോക്കി പറഞ്ഞു തരും.

ഓപ്പൺ എഐ-യുടെ ചാറ്റ് ​ജിപിടി ആപ്പിന് ഉപയോക്താക്കളിൽ നിന്ന് ടെക്‌സ്‌റ്റും, ഇമേജും, ഓഡിയോയും ഒക്കെ മനസ്സിലാക്കാനും, അതിനെ പറ്റി കൂടുതൽ വിവരങ്ങൾ നൽകി സഹായിക്കാനും സാധിക്കും. ഈ ആപ്പ് നിലവിൽ ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാണ്. ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേയിൽ നിന്നും ഇത് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്

ആപ്പിൻ്റെ ഫോട്ടോ ഫീച്ചർ ഉപയോക്താക്കളെ ചിത്രമെടുക്കാനും ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനും അനുവദിക്കും. ഡോക്ടർമാരുടെ കുറിപ്പടികൾ മുതൽ കുഴപ്പിക്കുന്ന മെഡിക്കൽ ഡോക്യുമെൻ്റുകൾ വരെ വായിക്കുന്നതിന് ഈ ഫീച്ചർ ഉപയോഗപ്രദമാണ്. എന്നാൽ പൂർണമായും ചാറ്റ് ജിപിടിയെ ആശ്രയിക്കാതെ, മനസ്സിലാക്കുന്ന വിവരങ്ങൾ വിദഗ്ധരായ ഡോക്ടറോട് ചോദിച്ച് വ്യക്തത വരുത്തണം.

 

  • ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേയിൽ നിന്നോ ചാറ്റ് ​ജിപിടി ആപ്പ് ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, ആപ്പ് തുറന്ന് സൈൻ ഇൻ ചെയ്യുക അല്ലെങ്കിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
  • ചാറ്റ് ​ജിപിടി ആപ്പിൽ നിങ്ങളുടെ ‘ മരുന്ന് കുറിപ്പടി’യുടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യാനോ പുതിയ ഒരെണ്ണം എടുക്കാനോ ക്യാമറ ഐക്കണിൽ ടാപ്പ് ചെയ്യുക. ഡോക്ടറുടെ കൈയക്ഷരം ഉൾപ്പെടെ മുഴുവൻ കുറിപ്പടിയും വ്യക്തമായി പകർത്തുന്ന ഉയർന്ന ക്ലാരിറ്റിയുള്ള ചിത്രമാണിതെന്ന് ഉറപ്പാക്കുക.
  • ചിത്രം അപ്‌ലോഡ് ചെയ്‌ത ശേഷം, കുറിപ്പടി വായിക്കാൻ ചാറ്റ് ​ജിപിടി-യോട് ആവശ്യപ്പെടാൻ ആപ്പിൻ്റെ സംഭാഷണ ഇൻ്റർഫേസ് ഉപയോഗിക്കുക. ഉദാഹരണത്തിന്, ‘ഇത് വായിക്കുക’ എന്നതുപോലുള്ള ഒരു നിർദ്ദേശം നിങ്ങൾക്ക് നൽകാം.
  • ചാറ്റ് ​ജിപിടി ചിത്രം പ്രോസസ്സ് ചെയ്യുകയും മരുന്നിൻ്റെ പേര്, അളവ്, എത്ര തവണ എടുക്കണം എന്നിവ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ നൽകും.

ഓർക്കുക ചാറ്റ് ​ജിപിടിയുടെ വ്യാഖ്യാനത്തെ പൂർണ്ണമായി ആശ്രയിക്കുന്നതിന് മുമ്പ് അത് ഒരു വിദഗ്ധനായ ഡോക്ടറല്ല ഒരു എഐ ഉപകരണമാണെന്ന് ഓർക്കുക. എഐ ചിലപ്പോൾ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ചേക്കാം, അതിനാൽ ചാറ്റ് ജിപിടിയിൽ നിന്നും മനസ്സിലാക്കുന്ന വിവരങ്ങൾ വിദഗ്ധനായ ഒരു ഡോക്ടറോട് ചോദിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.

ശുക്രൻ്റെ നിഗൂഢതകൾ തേടി ‘ശുക്രയാൻ 1’; ഐഎസ്ആർഒയുടെ ദൗത്യപേടകം 2028 മാർച്ച് 29ന് വിക്ഷേപിക്കും

ശുക്രനിലേക്ക് പര്യവേഷണം നടത്താൻ വീനസ് ഓർബിറ്റർ മിഷനുമായി (വിഒഎം) ഐഎസ്ആർഒ. 2028 മാർച്ച് 29ന് ശുക്ര ദൗത്യത്തിനുള്ള പേടകം വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ‘ശുക്രയാൻ 1’ എന്നാണ് ദൗത്യത്തിന് ഐഎസ്ആർഒ പേരിട്ടിരിക്കുന്നത്. വിജയകരമായ മംഗൾയാൻ, ചന്ദ്രയാൻ ദൗത്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ ശുക്രൻ്റെ നിഗൂഢതകളിലേയ്ക്ക് വെളിച്ചം വീശാനുള്ള ദൗത്യത്തിന് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്. പേടകത്തിൻ്റെ ശുക്രനിലേയ്ക്കുള്ള യാത്രയ്ക്ക് 112 ദിവസമെടുക്കുമെന്നാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസി അറിയിച്ചിരിക്കുന്നത്.

 

ശുക്രനിലേക്കുള്ള ദൗത്യത്തിൽ ബഹിരാകാശ പേടകത്തെ മുന്നോട്ട് നയിക്കാൻ ശക്തമായ എൽവിഎം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക് 3) റോക്കറ്റാണ് ഉപയോഗിക്കുക.2028 മാർച്ച് 29ന് വിക്ഷേപിക്കുന്ന പേടകം 2028 ജൂലൈ 19-ന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ശുക്രൻ്റെ അന്തരീക്ഷം, ഉപരിതലം, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്നിവ ഒരു കൂട്ടം നൂതനമായ ശാസ്ത്രോപകരണങ്ങൾ ഉപയോഗിച്ച് പഠിക്കാനാണ് വീനസ് ഓർബിറ്റർ ലക്ഷ്യമിടുന്നത്. ഗ്രഹത്തിൻ്റെ അന്തരീക്ഷ ഘടന, ഉപരിതല സവിശേഷതകൾ, അഗ്നിപർവ്വത അല്ലെങ്കിൽ ഭൂകമ്പ ചലനങ്ങൾ എന്നിവയെക്കുറിച്ച് പര്യവേഷണം നടത്തുക എന്നതാണ് ദൗത്യത്തിൻ്റെ പ്രാഥമിക ലക്ഷ്യങ്ങൾ.

സിന്തറ്റിക് അപ്പേർച്ചർ റഡാർ, ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് ക്യാമറകൾ, ശുക്രൻ്റെ അയണമണ്ഡലത്തെ (അയണോസ്ഫിയർ) കുറിച്ച് പഠിക്കാനുള്ള സെൻസറുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ പേടകം വഹിക്കും. ശുക്രൻ്റെ കട്ടിയുള്ളതും കാർബൺ ഡൈ ഓക്സൈഡ് നിറഞ്ഞതുമായ അന്തരീക്ഷത്തിൻ്റെ രഹസ്യങ്ങൾ കണ്ടെത്താനും ഗ്രഹത്തിൻ്റെ ഉപരിതലത്തിൽ സജീവമായ അഗ്നിപർവ്വതങ്ങളുടെ സാധ്യത പര്യവേക്ഷണം ചെയ്യാനും ഈ ഉപകരണങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കും

ഐഎസ്ആർഒ ശുക്രനിലേയ്ക്ക് അയക്കുന്ന വീനസ് ഓർബിറ്റർ മിഷനിൽ ശുക്രൻ്റെ അന്തരീക്ഷം, ഉപരിതലം, പ്ലാസ്മ പരിസ്ഥിതി എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരുകൂട്ടം ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

വിഎസ്എആർ (വീനസ് എസ്-ബാൻഡ് സിന്തറ്റിക് അപ്പേർച്ചർ റഡാർ): സജീവമായ അഗ്നിപർവ്വതങ്ങൾ കണ്ടെത്താനും തിരയാനും ഉയർന്ന മിഴിവോടെ ശുക്രനെ മാപ്പ് ചെയ്യാനും കഴിയുന്ന ഉപകരണമാണ് വിഎസ്എആർ. ഇത് ഗ്രഹത്തിൻ്റെ ഭൂപ്രകൃതിയെയും ഉപരിതല സവിശേഷതകളെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ നൽകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിഎസ്ഇഎഎം (വീനസ് സർഫേസ് എമിസിവിറ്റി ആൻഡ് അറ്റ്മോസ്ഫെറിക് മാപ്പർ): ഈ ഹൈപ്പർസ്പെക്ട്രൽ സ്പെക്ട്രോമീറ്റർ ശുക്രൻ്റെ ഉപരിതലത്തെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും പഠിക്കും, അഗ്നിപർവ്വത ഹോട്ട്സ്പോട്ടുകൾ, ധൂമപടലങ്ങളുടെ ഘടന, ജലം നീരാവിയാകുന്നതിൻ്റെ മാപ്പിംഗ് എന്നിവയെക്കുറിച്ചാവും പഠിക്കുക.

വിറ്റിസി (വീനസ് തെർമൽ ക്യാമറ): ശുക്രൻ്റെ മേഘങ്ങളിൽ നിന്നുള്ള താപ ഉദ്‌വമനം മാപ്പ് ചെയ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് വീനസ് തെർമൽ ക്യാമറ. അന്തരീക്ഷ ചലനാത്മകതയെയും പ്ലാനിറ്ററി-സ്കെയിലിൻ്റെ സവിശേഷതകളെ കുറിച്ചുള്ള നിർണായക ഡാറ്റകളും ഇത് നൽകും.

വിസിഎംസി (വീനസ് ക്ലൗഡ് മോണിറ്ററിംഗ് ക്യാമറ): ഈ യുവി- വിസിബിൾ വേവ് ലെംഗ്ത്ത് ക്യാമറ അന്തരീക്ഷ ചലനത്തിൻ്റെ ഡൈനാമിക്‌സ് ക്യാപ്‌ചർ ചെയ്യുകയും തരംഗ പ്രതിഭാസങ്ങളെയും മിന്നലിനെയും കുറിച്ച് പഠിക്കുകയും ചെയ്യും.

ലൈവ് (ശുക്രനുള്ള മിന്നൽ ഉപകരണം): ഈ ഉപകരണം ശുക്രൻ്റെ അന്തരീക്ഷത്തിലെ വൈദ്യുത പ്രവർത്തനം കണ്ടെത്തും. മിന്നലും പ്ലാസ്മ എമിഷനും ഇത് വിശകലനം ചെയ്യും.

വിഎഎസ്പി (വീനസ് അറ്റ്മോസ്ഫെറിക് സ്പെക്ട്രോപോളാരിമീറ്റർ): ഈ ഉപകരണം ക്ലൗഡ് പ്രോപ്പർട്ടികൾ,ശുക്രനുള്ളിലെ വായുവിൻ്റെ ചലനം എന്നിവയെക്കുറിച്ച് പഠിക്കും.

 

 

 

എസ്പിഎവി (സോളാർ ഒക്ൾട്ടേഷൻ ഫോട്ടോമെട്രി): ശുക്രൻ്റെ മെസോസ്ഫിയറിലെ എയറോസോളുകളുടെയും മൂടൽമഞ്ഞിൻ്റെയും വെർട്രിക്കിൾ ഡിസ്ട്രിബ്യൂഷനെക്കുറിച്ച് പഠിക്കും.

 

റഷ്യ, ഫ്രാൻസ്, സ്വീഡൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും ഐഎസ്ആർഒയുടെ വീനസ് ഓർബിറ്റർ മിഷനുമായി സഹകരിക്കുന്നുണ്ട്. സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ഫിസിക്സ് (ഐആർഎഫ്) സൂര്യനിൽ നിന്നും ശുക്രൻ്റെ അന്തരീക്ഷത്തിൽ നിന്നുമുള്ള ചാർജ്ജ് കണങ്ങൾ തമ്മിലുള്ള പ്രതിപ്രവർത്തനം പഠിക്കാൻ വീനസ് ന്യൂട്രൽസ് അനലൈസർ (വിഎൻഎ) ഉപകരണവും മിഷന് നൽകും. ഏകദേശം 150 മില്യൺ ഡോളറാണ് വീനസ് ഓർബിറ്റർ മിഷന് ചെലവ് വരിക.

ഇനി കാഴ്ച്ച നൽകാനും എഐ; കൃത്രിമക്കണ്ണുകള്‍ വികസിപ്പിച്ച് ശാസ്ത്ര ലോകം

ഓരോ ദിവസവും ശാസ്ത്ര ലോകം പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള പുതിയ ഒരു കണ്ടുപിടുത്തമാണ് കാഴ്ച്ചയില്ലാത്തവർക്ക് ആശ്വാസമായി മാറിയിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലിതാ ലോകത്ത് ആദ്യമായി ‘ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം’ അഥവാ ബയോണിക് ഐ എന്ന അത്യാധുനിക സാങ്കേതിക വിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് ​ഗവേഷകർ. ഇതിൻ്റെ സഹായത്തോടെ കൃത്രിമ കണ്ണുകള്‍ വികസിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മോനാഷ് സര്‍വകലാശാലയിലെ ഗവേഷകര്‍.

കണ്ണുകളില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ കൈമാറുന്ന നാഡികളാണ് ഒപ്റ്റിക് നാഡികള്‍. ഇവയ്ക്ക് തകരാറ് സംഭവിച്ചാല്‍ പിന്നീട് അത് കാഴ്ച്ചാശക്തിയെ ബാധിക്കും. എന്നാൽ പുതിയ കണ്ടെത്തൽ വഴി തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം തലച്ചോറിന്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്‌നലുകള്‍ അയയ്ക്കും. ഇതിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് വസ്തുക്കള്‍ കാണാന്‍ സാധിക്കും.

എന്താണ് ​ഗവേഷകർ കണ്ടെത്തിയ ബയോണിക് ഐ

കണ്ണിൻ്റെ രൂപത്തിൽ മിനിയേച്ചര്‍ ക്യാമറയും വിഷന്‍ പ്രൊസസറും അടങ്ങിയതാണ് ബയോണിക് ഐ. ഒപ്പം ഒരാൾക്ക് ലഭിക്കുന്ന വിഷ്വല്‍ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തലച്ചോറില്‍ ടൈലുകള്‍, വയര്‍ലെസ് റിസീവറുകള്‍, മൈക്രോ ഇലക്ട്രോഡുകള്‍ എന്നിവയും സ്ഥാപിക്കും. ഒട്ടം കാഴ്ച്ച പരിധി ഇല്ലാത്തവരിലാണ് ബയോണിക് വിഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുക.

ക്യാമറയില്‍ പതിയുന്ന ചിത്രങ്ങളില്‍ നിന്ന് പ്രോസസര്‍ ഡാറ്റ തലച്ചോറില്‍ സ്ഥാപിച്ചിരിക്കുന്ന ടൈലുകളിലേക്ക് സിഗ്‌നല്‍ ആയി അയക്കുന്നു. തുടര്‍ന്ന് മസ്തിഷ്‌കത്തിന്റെ പ്രാഥമിക വിഷ്വല്‍ കോര്‍ട്ടക്‌സില്‍ സ്ഥാപിച്ചിരിക്കുന്ന മൈക്രോ ഇലക്ട്രോഡുകള്‍ തലച്ചോറിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുകയും ഇത് ഫോസ്‌ഫെന്‍സ് എന്ന പ്രകാശത്തിന്റെ ഫ്‌ലാഷുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം ഫോസ്‌ഫെനുകളെ ചിത്രങ്ങളായി വ്യാഖ്യാനിക്കാന്‍ തലച്ചോർ സഹായിക്കും. ഒട്ടും വൈകാതെ തന്നെ ഇത് മനുഷ്യരില്‍ ഉപയോഗിച്ച് തുടങ്ങുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാഴ്ചയില്ലാത്ത നിരവധി ആളുകള്‍ക്ക് കാഴ്ച വീണ്ടെടുക്കുന്നതിന് ഒരു പ്രതീക്ഷയാണ് ജെന്നാരിസ് സിസ്റ്റം നല്‍കുന്നതാണ്.

ഇനി പാസ്‌വേഡ് മാറ്റാന്‍ പാടുപെടുമോ?: എസ്എംഎസില്‍ സുരക്ഷിത ലിങ്ക്‌; ട്രായ് നിര്‍ദേശം ചൊവ്വാഴ്ച മുതല്‍.

എസ്.എം.എസ്. വഴി ലിങ്കുകള്‍ അയക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ പുതിയ ഉത്തരവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍വരും. വൈറ്റ്‌ലിസ്റ്റ് ചെയ്യാത്ത യു.ആര്‍.എല്‍., എ.പി.കെ.എസ്., ഒ.ടി.ടി. ലിങ്കുകളുമായി ബന്ധപ്പെട്ട എസ്.എം.എസുകള്‍ തടയാനാണ് ട്രായ് നിര്‍ദേശം.വൈറ്റ്‌ലിസ്റ്റ് ചെയ്യാത്ത ലിങ്കുകള്‍ ഇനി വാണിജ്യസ്ഥാപനങ്ങള്‍ക്ക് അയക്കാന്‍ സാധിക്കില്ല. 
3000 സ്ഥാപനങ്ങളില്‍നിന്നായി 70,000-ഓളം ലിങ്കുകള്‍ ഇതുവരെ വൈറ്റ്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് വളരെ കുറഞ്ഞ കണക്കാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാസ്‌വേഡ് മാറ്റുന്നതടക്കം ഓരോ വ്യക്തികള്‍ക്കും പ്രത്യേകമായി ജനറേറ്റ് ചെയ്യുന്ന ലിങ്കുകള്‍ ഇതില്‍ ഉള്‍പ്പെടില്ല.ഇത്തരം ലിങ്കുകള്‍ക്ക് ട്രായിയുടെ മുന്‍കൂര്‍ അനുമതി തേടാന്‍ കഴിയില്ലന്നും ഇവര്‍ വ്യക്തമാക്കുന്നു.







തട്ടിപ്പ് ലിങ്കുകളും ആപ്പുകളും അയക്കുന്നത് തടയാനാണ് ട്രായ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.വിശ്വസനീയമായ രീതിയില്‍ വ്യാജലിങ്കുകള്‍ അയച്ച് തട്ടിപ്പുകള്‍ നടത്തുന്നത് തടയാനായിരുന്നു ട്രായുടെ നിര്‍ദേശം.
നേരത്തെ സെപ്റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കാനാണ് ട്രായ് ഉദ്ദേശിച്ചിരുന്നതെങ്കിലും ബാങ്കുകളുടേയും ടെലികോം കമ്പനികളുടേയും ആവശ്യം പരിഗണിച്ച് നീട്ടിവെക്കുകയായിരുന്നു. ഒ.ടി.പികളെ പുതിയ പരിഷ്‌കാരം ബാധിച്ചേക്കുമെന്ന് കമ്പനികള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.




Verified by MonsterInsights