നിര്‍മിതബുദ്ധിയുടെ തെറ്റുകള്‍ തിരുത്താന്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് മൈക്രോസോഫ്റ്റ്.

നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ടുകള്‍ നിരവധിയുണ്ട്. മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് അതിലൊന്നാണ്. എഐ സാങ്കേതിക വിദ്യയെ 100 ശതമാനം കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് കമ്പനികള്‍ തന്നെ പറയുന്നത്. പലവിധ പിഴവുകള്‍ അവയക്ക് സംഭവിക്കാറുണ്ട്.ഇപ്പോഴിതാ നിര്‍മിതബുദ്ധിക്ക് പറ്റുന്ന പിഴവുകള്‍ തിരുത്താന്‍ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്.രസകരമായ കാര്യമെന്തെന്നാല്‍, നിര്‍മിതബുദ്ധി ഉപയോഗിച്ച് തന്നെയാണ് പിഴവുകള്‍ കണ്ടെത്തുന്നത്.
ഫീച്ചര്‍ കറക്ഷന്‍ എന്നാണ് മൈക്രോസോഫ്റ്റ് ഈ ടൂളിനെ വിളിക്കുന്നത്. ഉള്ളടക്കത്തിന്റെ കൃത്യത, തെറ്റുകള്‍ കണ്ടെത്തല്‍, പരിഹരിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഈ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുക.







മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ എഐ സ്യൂട്ട് ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ ഫീച്ചര്‍ ലഭ്യമാക്കുക.അഷ്വര്‍ എഐ സ്റ്റുഡിയോയുടെ ഭാഗമാണ് ഈ ഫീച്ചര്‍. എന്നാല്‍ ഈ സാങ്കേതിക വിദ്യയും എത്രത്തോളം ഫലപ്രദമാണെന്ന് ഉറപ്പില്ല.



ആദ്യത്തെ ഓഗ്‌മെൻ്റഡ് റിയാലിറ്റി (എആർ) ഗ്ലാസുമായി മെറ്റാ; വിപണിയിലെത്താൻ വൈകും

ആദ്യത്തെ ഓഗ്‌മെൻ്റഡ് റിയാലിറ്റി (എആർ) ഗ്ലാസുകളായ മെറ്റാ ഓറിയോൺ ബുധനാഴ്ച നടന്ന മെറ്റാ കണക്ട് 2024-ൽ പ്രദർശിപ്പിച്ചു. മിക്സഡ് റിയാലിറ്റിയും വേറബിൾസിൻ്റെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വാർഷിക കോൺഫറൻസിലാണ് ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റ അതിൻ്റെ എആർ ഗ്ലാസുകളുടെ ഒരു പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചത്. ഹോളോഗ്രാഫിക് ഡിസ്പ്ലേകളും മെറ്റാ എഐക്കുള്ള ഫീച്ചർ പിന്തുണയുമെല്ലാം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ ഉപകരണത്തിൻ്റെ വാണിജ്യപതിപ്പ് വിൽപനയ്ക്കായി ഉടൻ ലഭ്യമാകില്ല. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്രൊജക്റ്റ് നസാരെ എന്ന രഹസ്യനാമം നൽകിയായിരുന്നു എആർ ഫീച്ചറുകളുള്ള മെറ്റാ ഓറിയോൺ ഗ്ലാസുകൾ ഒരു ജോടി സാധാരണ കണ്ണടകൾ പോലെ രൂപകൽപ്പന ചെയ്തത്. ഹോളോഗ്രാഫിക് ഡിസ്‌പ്ലേകൾ സജ്ജീകരിച്ചിരിക്കുന്നതിനാൽ അത് ധരിക്കുന്നവരുടെ കാഴ്ചാ പരിധിക്കുള്ളിലെ വസ്തുക്കളുടെ മുകളിൽ 2D, 3D കാഴ്ച സാധ്യമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. മൾട്ടി-ടാസ്‌കിംഗ് കൈകാര്യം ചെയ്യാനും വീഡിയോ പ്ലേബാക്കിനും ഉപകരണത്തിന് കഴിയുമെന്നാണ് മെറ്റയുടെ വാഗ്ദാനം. ആളുകളുടെ അതേ വലിപ്പത്തിലുള്ള ലൈഫ്-സൈസ് ഹോളോഗ്രാമുകൾ പോലും പ്രദർശിപ്പിക്കാൻ ഇവയ്ക്ക് കഴിയും.

എആർ ആപ്പുകൾക്കും വിനോദ ഫീച്ചറുകൾക്കുമുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഓറിയോൺ AR ഗ്ലാസുകളുടെ പ്രോട്ടോടൈപ്പ് മെറ്റാ എഐയിലും പ്രവർത്തിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. മെറ്റയുടെ ആശയവിനിമയ ആപ്ലിക്കേഷനുകളായ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചർ എന്നിവയ്‌ക്കൊപ്പം ഓറിയോൺ എആർ ഗ്ലാസുകളുടെ പ്രോട്ടോടൈപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും മെറ്റ പറയുന്നു. ഇത് ധരിക്കുന്നയാളെ ഹോളോഗ്രാഫിക് ഡിസ്‌പ്ലേ വഴിയാണ് സന്ദേശങ്ങൾ കാണാനും അയയ്‌ക്കാനും അനുവദിക്കുന്നത്.

മെറ്റാ ഓറിയോൺ തൽക്കാലം ഉപഭോക്താക്കൾക്ക് ലഭ്യമാകില്ലെന്നാണ് കമ്പനി പറയുന്നത്. ഓറിയോണിൻ്റെ മാതൃകയിൽ നിർമ്മിക്കുന്ന മെറ്റയുടെ കൺസ്യൂമർ എആർ ഗ്ലാസുകൾ വികസിപ്പിക്കുന്നതിന് കമ്പനിയുടെ ജീവനക്കാർക്ക് പ്രോട്ടോടൈപ്പ് ഉപയോഗിക്കാൻ കഴിയും.’സെലക്ട് എക്‌സ്‌റ്റേണൽ’ വഴി പ്രേക്ഷകർക്കും എആർ ഗ്ലാസുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുമെന്നും സ്ഥാപനം പറയുന്നു.എആർ ഗ്ലാസുകളുടെ വാണിജ്യ പതിപ്പ് എപ്പോൾ പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ച് മെറ്റ വ്യക്തത വരുത്തിയിട്ടില്ല. ഗവേഷണ-വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച പുതിയ ഉപകരണങ്ങൾ ‘അടുത്ത കുറച്ച് വർഷങ്ങളിൽ’ പ്രതീക്ഷിക്കുമെന്ന് മാത്രമാണ് കമ്പനി പറയുന്നത്.

ഉറക്കത്തിൽ കണ്ട സ്വപ്നങ്ങൾ വീണ്ടും വ്യക്തതയോടെ കാണണോ? ജപ്പാനിൽ പുതിയ കണ്ടെത്തലെന്ന് റിപ്പോർട്ട്

നമ്മള്‍ ഉറങ്ങുമ്പോള്‍ എന്തൊക്കെ സ്വപ്‌നങ്ങളായിരിക്കും മിന്നിമാഞ്ഞ് പോവുക. ആ സ്വപ്ങ്ങൾ പിന്നീടൊരിക്കല്‍കൂടി കാണണമെന്ന് ആഗ്രഹിച്ചാലും സാധിക്കാറില്ല അല്ലേ? നിങ്ങള്‍ ഉറക്കത്തില്‍ കണ്ട സ്വപ്‌നങ്ങളൊക്കെ ഒരു സിനിമ പോലെ റിവൈന്‍ഡ് ചെയ്ത് കാണാന്‍ സാധിക്കുന്നതിനെപ്പറ്റി ഒന്ന് ചിന്തിച്ച് നോക്കൂ. എത്ര കൗതുകകരമായ കാര്യമായിരിക്കും അത്. എന്നാല്‍ ഇനി ഈ ആഗ്രഹം വിദൂരമല്ല. സ്വപ്‌നം റെക്കോര്‍ഡ് ചെയ്യാനും പ്ലേബാക്ക് ചെയ്യാനും സാധിക്കുന്ന ഒരു അതിശയകരമായ ഉപകരണം ജാപ്പനീസ് ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രയിന്‍ ഇമേജിംഗിൻ്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെയും(AI) പുരോഗതിയുടെ അടിസ്ഥാനത്തിൽ സ്വപ്‌നങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ പാകത്തിലുളളതാണ് ഈ അവിശ്വസനീയമായ സാങ്കേതിക വിദ്യ.

സ്വപ്‌ന റിക്കോര്‍ഡിങ് ഉപകരണം പ്രവര്‍ത്തിക്കുന്ന വിധം

ഈ ഉപകരണം ഫംഗ്ഷണല്‍ മാഗ്‌നറ്റിക് റീസൊണന്‍സ് ഇമേജിംഗ് (എഫ്എംആര്‍ഐ) ഉപയോഗപ്പെടുത്തി സ്വപ്‌നവുമായി ബന്ധപ്പെട്ട വിശദമായ ന്യൂറല്‍ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. ക്യോട്ടോയിലെ എടിആര്‍ കമ്പ്യൂട്ടേഷണല്‍ ന്യൂറോ സയന്‍സ് ലബോറട്ടറികളിലെ ശാസ്ത്രജ്ഞരാണ് ഇതേസംബന്ധിച്ച് പഠനങ്ങള്‍ നടത്തിയത്. ഉറക്കത്തിന്റെ ആദ്യ ഘട്ടത്തിലാണ് അവര്‍ പഠനങ്ങള്‍ നടത്തിയത്. അതായത് ഉറക്കത്തിന് നാല് ഘട്ടമുള്ളതില്‍ ഏറ്റവും ആദ്യത്തേതാണ് REM (റാപ്പിഡ് ഐ മൂവ്‌മെന്റ്)ഘട്ടം. ഈ ഘട്ടത്തില്‍ കണ്ണുകള്‍ വിവിധ ദിശകളിലേക്ക് വേഗത്തില്‍ നീങ്ങുകയും സ്വപ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഉറക്കം തുടങ്ങി 90 മിനിറ്റിനുള്ളിലാണ് ഇത് ഘട്ടം ആരംഭിക്കുന്നത്. ഇത്തരത്തില്‍ പരീക്ഷണത്തിന് വിധേയമായവരില്‍ REM ഉറക്കത്തിലേക്ക് പ്രവേശിച്ചവരെ ഉണര്‍ത്തുകയും അവരുടെ സ്വപ്‌നത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. പ്രത്യേക തരത്തിലുളള മസ്തിഷ്‌ക പാറ്റേണുമായി ബന്ധിപ്പിച്ചിട്ടുളള ചിത്രങ്ങളുടെ സമഗ്രമായ ഡേറ്റാബേസ് കണ്ടെത്തുകയും ഉറക്കത്തിനിടയിലെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വപ്‌നങ്ങളുടെ ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിഞ്ഞുവെന്നുമാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്.

ന്യൂറോ സയന്‍സും സൈക്കോളജിയും സ്വപ്‌നവും

ഈ അതിശയകരമായ സാങ്കേതിക വിദ്യ ന്യൂറോ സയന്‍സിലും സൈക്കോളജിയിലും വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇങ്ങനെ സ്വപ്‌നങ്ങള്‍ പിടിച്ചെടുക്കുകയും വിപുലമായി നിരീക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഈ മേഖലകളുമായി ബന്ധപ്പെട്ട ന്യൂറോ സയൻ്റിസ്റ്റുകള്‍, മന:ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, മറ്റ് വിദഗ്ധര്‍ എന്നിവര്‍ക്ക് മനുഷ്യ മസ്തിഷ്‌കത്തിന്റെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും സ്വപ്നത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും അമൂല്യമായ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുകയും ചെയ്യും.

ഒടുവിൽ ടെലിഗ്രാം വഴങ്ങി; നിയമവിരുദ്ധ ഉള്ളടക്കം കൈമാറുന്നവർക്ക് ഇനി പിടിവീഴും

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന ഫോൺ നമ്പറുകളും ഐപി അഡ്രസുകളും പോലുള്ള ഉപയോക്തൃ വിവരങ്ങൾ നിയമസംവിധാനങ്ങളുമായി പങ്കുവെയ്ക്കുമെന്ന പ്രഖ്യാപനവുമായി ടെലിഗ്രാം സിഇഒ പവൽ ദുറോവ്. ടെലിഗ്രാം പ്ലാറ്റ്‌ഫോമിൽ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നയമാറ്റത്തെക്കുറിച്ച് വ്യക്തമാക്കി ദുറോവ് രംഗത്ത് വന്നിരിക്കുന്നത്.

ഈ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ടെലിഗ്രാം അതിൻ്റെ സേവന നിബന്ധനകൾ അപ്ഡേറ്റ് ചെയ്തതായി ദുറോവ് വെളിപ്പെടുത്തി. ടെലിഗ്രാമിൻ്റെ സെർച്ച് ഫീച്ചർ ഉപയോഗിച്ച് നിയമവിരുദ്ധമായ സാധനങ്ങളോ ഉള്ളടക്കമോ തിരയുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നതാണ് ഒരു പ്രധാന അപ്‌ഡേറ്റ്. ആരെങ്കിലും അത്തരം ഉള്ളടക്കം ആക്‌സസ് ചെയ്യാനോ പങ്കിടാനോ ശ്രമിക്കുന്നത് തുടരുകയാണെങ്കിൽ, ടെലിഗ്രാം അവരുടെ ഫോൺ നമ്പറും ഐപി അഡ്രസും നിയമപരമായി ആവശ്യമെങ്കിൽ അധികാരികൾക്ക് കൈമാറുമെന്നും ടെലിഗ്രാം മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ വേണ്ടിയല്ല മറിച്ച് സുഹൃത്തുക്കളെയും വാർത്തകളും കണ്ടെത്തുന്നതിനായി ഉപയോക്താക്കളെ സഹായിക്കാനാണ് ടെലിഗ്രാമിൻ്റെ സെർച്ച് ഫംഗ്‌ഷൻ ഉദ്ദേശിക്കുന്നതെന്നും ദുറോവ് വ്യക്തതവരുത്തി. മയക്കുമരുന്ന്, അഴിമതി, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ പോലുള്ള പ്രശ്‌നകരമായ ഉള്ളടക്കം അതിൻ്റെ സേർച്ച് ബാറിലൂടെ കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ടെലിഗ്രാം എഐയുടെ സാധ്യകളെ ഉപയോഗപ്പെടുത്തുമെന്നും ധ്രുവ് വ്യക്തമാക്കി.

ഈ മാറ്റങ്ങൾ ഉപയോക്താക്കളെ എങ്ങനെ ബാധിക്കും?

സുഹൃത്തുക്കൾക്ക് സന്ദേശമയയ്‌ക്കുക, ഗ്രൂപ്പുകളിൽ ചേരുക, അല്ലെങ്കിൽ വാർത്താ ചാനലുകൾ പിന്തുടരുക തുടങ്ങിയ നിയമപരമായ ആവശ്യങ്ങൾക്കായി ആപ്പ് ഉപയോഗിക്കുന്ന ദൈനംദിന ഉപയോക്താക്കളെ ഈ മാറ്റങ്ങൾ ബാധിക്കില്ല. എന്നാൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ മാറ്റങ്ങൾ മൂലമുള്ള അനന്തരഫലങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. ഒരു ഉപയോക്താവ് നിയമവിരുദ്ധമായ ഉള്ളടക്കം ആക്‌സസ് ചെയ്യാനോ വിതരണം ചെയ്യാനോ ശ്രമിക്കുകയാണെങ്കിൽ, സാധുവായ നിയമപരമായ അഭ്യർത്ഥനകൾക്ക് മറുപടിയായി അവരുടെ ഫോൺ നമ്പറും IP അഡ്രസും ഉൾപ്പെടെയുള്ള അവരുടെ വ്യക്തിഗത വിവരങ്ങൾ ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറേണ്ടി വരും.

ഉപയോക്തൃ വിവരങ്ങൾ നിയമപാലകരുമായി പങ്കിടാനുള്ള ടെലിഗ്രാമിൻ്റെ തീരുമാനം അതിൻ്റെ സ്വകാര്യതാ നയത്തിലെ സുപ്രധാന മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയാനാണ് ഇത് ലക്ഷ്യമിടുന്നതെങ്കിലും ഉപയോക്താക്കൾക്കിടയിൽ സ്വകാര്യത സംബന്ധിച്ച ആശങ്കകളും ടെലിഗ്രാമിൻ്റെ നയമാറ്റം ഉയർത്തിയേക്കാം. സ്വകാര്യത പ്രോത്സാഹിപ്പിക്കുന്നതിന് പേരുകേട്ട ദുറോവ് ഇപ്പോൾ ഉപയോക്തൃ സ്വകാര്യതയെ നിയമപരമായ ബാധ്യതകളുമായി ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നതും വിമർശിക്കപ്പെടുന്നുണ്ട്.

കാത്തിരുന്ന് കാത്തിരുന്ന് ഒടുവിലെത്തുന്നു; ഐഫോണിൽ ഇനി കോൾ റെക്കോർഡ് ചെയ്യാം!

ലോകമെങ്ങും ഉള്ള ഐഫോൺ ഉപഭോക്താക്കളുടെ ഒരു പരാതി ആപ്പിൾ തീർപ്പാക്കിയിരിക്കുകയാണ്. മോഡലുകൾ ഒരുപാടിറങ്ങിയിട്ടും, മറ്റ് കമ്പനികൾ വർഷങ്ങളായി നടപ്പാക്കിയ ഒരു അടിസ്ഥാന ഫീച്ചറായിട്ടും, ഇതുവരെ ഐഫോണിൽ ഇല്ലാതിരുന്ന ആ ഫീച്ചർ ആപ്പിൾ നടപ്പിലാക്കിയിരിക്കുകയാണ്.

ഇനിമുതൽ ഐഫോണിൽ കോളുകൾ റെക്കോർഡ് ചെയ്യാം എന്നതാണ് ആ അപ്‌ഡേറ്റ്. വർഷങ്ങളായി ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതാണ് ഇത്. നിലവിൽ ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന 18.1 അപ്‌ഡേറ്റിൽ കോൾ റെക്കോർഡിങ് ഫീച്ചറുകളുണ്ട്. നേരത്തെ ആപ്പിൾ ഇന്റലിജൻസിൻ്റെ ഭാഗമാണ് കോൾ റെക്കോർഡിങ് എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ iOS 18 ഉള്ള എല്ലാ ഫോണുകളിലും ഇപ്പോൾ കോൾ റെക്കോർഡിങ് സൗകര്യമുണ്ടാകും. ഇവ കൂടാതെ ഈ ഫോൺ സംഭാഷണത്തെ ടെക്സ്റ്റായി ട്രാൻസ്‌ക്രൈബ് ചെയ്യാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

 

സംഭാഷണം റെക്കോർഡ് ചെയ്യാൻ ഇനി പറയുന്നതാണ് രീതി. കോൾ കണക്റ്റ് ചെയ്തുകഴിഞ്ഞാൽ ഫോണിന്റെ ഇടത് മുകൾഭാഗത്തായി റെക്കോർഡ് ഫീച്ചർ ഉണ്ടാകും. അത് സെലക്ട് ചെയ്‌താൽ ഉടൻ തന്നെ കോൾ റെക്കോർഡ് ചെയ്യുന്നുവെന്ന നോട്ടിഫിക്കേഷൻ വരും. ആ നോട്ടിഫിക്കേഷൻ സെലക്ട് ചെയ്യുന്നതോടെ സംഭാഷണം തനിയെ റെക്കോർഡ് ചെയ്യപ്പെടുകയും ചെയ്യും.

അപരിചിത നമ്പറുകളെ ബ്ലോക്ക് ചെയ്യും; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. അനാവശ്യമായെത്തുന്ന സന്ദേശങ്ങളെ തടയാനാണ് പുതിയ ഫീച്ചര്‍. അജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളെ പുതിയ ഫീച്ചർ നിയന്ത്രിക്കും. വാട്‌സ്ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.24.20.16 അപ്ഡേറ്റ് ചെയ്യുന്നവര്‍ക്കാണ് നിലവില്‍ ഫീച്ചര്‍ ലഭ്യമാകുക. പരിചിതമല്ലാത്ത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ തരംതിരിക്കും

 

എന്നാല്‍ ഇതിനായി സെറ്റിങ്സില്‍ ഫീച്ചര്‍ ഇനേബിള്‍ ചെയ്യേണ്ടതുണ്ട്. സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍ ഉപയോഗിക്കാം. അക്കൗണ്ടുകളുടെ സുരക്ഷക്കൊപ്പം ഡിവൈസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. അപരിചിതമായ നമ്പറില്‍ നിന്നുള്ള സന്ദേശങ്ങള്‍ എല്ലാം ഫീച്ചര്‍ ബ്ലോക്ക് ചെയ്യില്ല. നിശ്ചിത പരിധിക്ക് അപ്പുറമുള്ള മെസേജുകള്‍ വരുന്ന നമ്പറുകളെ മാത്രമെ ഇത് ബ്ലോക്ക് ചെയ്യൂ.

ഇപ്പോള്‍ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ. ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം. പ്രൈവസി ഉറപ്പാക്കുന്നതിനുള്ള മറ്റ് രണ്ട് പുത്തന്‍ ഫീച്ചറുകള്‍ക്കൊപ്പമാണ് അണ്‍നോണ്‍ അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും വരുന്നത്.

ആപ്പിള്‍ ഇന്റലിജന്‍സ് ഉള്ള സിരി എപ്പോള്‍ ഐഫോണുകളിലെത്തും? വിശദമായറിയാം.

ഐഫോണ്‍ 16 സീരീസ് അവതരിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് ആപ്പിള്‍ പുതിയ ഐഒഎസ് 18 അപ്‌ഡേറ്റ് പുറത്തിറക്കിയത്. ഐഫോണ്‍ 16 സീരീസ് ഐഒഎസ് 18 ഒഎസിലാണ് വില്‍പനയ്‌ക്കെത്തുന്നത്. ആദ്യ അപ്‌ഡേറ്റില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ കമ്പനി അവതരിപ്പിച്ചിട്ടില്ല. ഒക്ടോബറില്‍ ഐഒഎസ് 18.1 അപ്‌ഡേറ്റില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫോണുകളിലെത്തുമെന്നാണ് വിവരം.
ഐഒഎസില്‍ പ്രഖ്യാപിച്ച മുഴുവന്‍ ഫീച്ചറുകളും 2025 പൂര്‍ത്തിയാവുമ്പോഴേക്കും എത്തും. എഐ പിന്തുണയുള്ള പുതിയ ഫീച്ചറുകളില്‍ പരിഷ്‌കരിച്ച സിരിയാണ് മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. നേരത്തെ കേവലം ശബ്ദ നിര്‍ദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു വോയ്‌സ് അസിസ്റ്റന്റ് ആയിരുന്നുവെങ്കില്‍ ജനറേറ്റീവ് എഐ എത്തിയതോടെ സിരി ഇപ്പോള്‍ പൂര്‍ണമായും ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി മാറിയിട്ടുണ്ട്.








എന്നാല്‍ പുതിയ സിരി എപ്പോള്‍ എത്തുമെന്നതില്‍ വ്യക്തതയില്ല. ആപ്പിള്‍ ഇന്റലിജന്‍സ് പിന്തുണയ്ക്കുന്ന ഐഫോണ്‍ 15 പ്രോ മോഡലുകളിലും പുതിയ ഐഫോണ്‍ 16 സീരീസുകളിലുമായിരിക്കും പുതിയ സിരി ലഭിക്കുക. സിരി എപ്പോള്‍ പുറത്തിറങ്ങും എന്നത് സംബന്ധിച്ച് ബ്ലൂബെര്‍ഗ് ചീഫ് കറസ്‌പോണ്ടന്റായ മാര്‍ക്ക് ഗുര്‍മന്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്.
ഗുര്‍മന്‍ പറയുന്നതനുസരിച്ച് സിരിയുടെ ചില ഫീച്ചറുകള്‍ ഐഒഎസ് 18.3 അപ്‌ഡേറ്റില്‍ തന്നെ ഉണ്ടാകും. ജനുവരിയോടെ പുതിയ സീരി ഐഫോണുകളിലെത്താനാണ് സാധ്യത. ഓരോ ഐഒഎസ് അപ്‌ഡേറ്റിലും സിരി ഫീച്ചറുകളുണ്ടാവും. 18.1 അപ്‌ഡേറ്റില്‍ സിരിയുടെ പുതിയ യൂസര്‍ ഇന്റര്‍ഫേയ്‌സ് ഉള്‍പ്പടെ ചില മാറ്റങ്ങള്‍ എത്തും. ഒക്ടോബര്‍ പകുതിയിലോ അതിന് ശേഷമോ ഐഒഎസ് 18.1 അപ്‌ഡേറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം എത്തുന്ന 18.2 അപ്‌ഡേറ്റില്‍ ഇമേജ് പ്ലേ ഗ്രൗണ്ട്, ജെന്‍മോജി, ചാറ്റ്ജിപിടി പോലുള്ള ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കും. അടുത്തവര്‍ഷം ജനുവരിയോടെ സിരിയുടെ അപ്‌ഡേറ്റുകള്‍ പൂര്‍ത്തിയാവുമെന്നും ഗുര്‍മന്‍ പറയുന്നു.







പുതിയ സിരി

ആപ്പിള്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തില്‍ സിരി വോയ്‌സ് അസിസ്റ്റന്റിനെ അടിമുടി പരിഷ്‌കരിച്ചു. സിരിയുടെ ഐക്കണ്‍ ഉള്‍പ്പടെ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജനറേറ്റീവ് എഐയുടെ സഹായത്തോടെ കൂടുതല്‍ സ്വാഭാവികമായ ഭാഷയിലുള്ള ശബ്ദനിര്‍ദേശങ്ങള്‍ പ്രൊസസ് ചെയ്യാന്‍ 
ഇപ്പോള്‍ സിരിക്ക് സാധിക്കും. സിരിയുടെ സഹായത്തോടെ ആപ്പുകളില്‍ ഉടനീളം വിവിധ കാര്യങ്ങള്‍ ചെയ്യാനാവും. നിങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ഇനി സിരിയ്ക്ക് സാധിക്കും. അതുവഴി കൂടുതല്‍ വ്യക്തിപരമായ പ്രതികരണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ സിരിക്കാവും.
ഉദാഹരണത്തിന് ഫോണില്‍ മുമ്പ് ചെയ്ത കാര്യങ്ങള്‍ ചോദിച്ചറിയാനും, സന്ദേശങ്ങളില്‍ നിന്നും ഇമെയിലുകളില്‍ നിന്നും ഏതെങ്കിലും ഒന്ന് അതിലെ ഉള്ളടക്കങ്ങളോ അയച്ച 
ആളിനെയോ സൂചിപ്പിച്ച് തിരയാന്‍ സിരിയുടെ സഹായം തേടാം. സമാനമായി സവിശേഷതകള്‍ വിശദീകരിച്ച് ഫോട്ടോസ് ആപ്പില്‍ നിന്ന് ചിത്രങ്ങള്‍ തിരയാനും ക്രമീകരിക്കാനും സിരിയുടെ സഹായത്തോടെ സാധിക്കും. ഇതിന് പുറമെ സിരിയിലൂടെ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയും ഉപയോഗിക്കാനാവും.





ചന്ദ്രനില്‍ ആണവനിലയം സ്ഥാപിക്കാന്‍ റഷ്യ, കൈകോര്‍ക്കാൻ ചൈനയും ഇന്ത്യയും.

ചന്ദ്രനില്‍ ആണനിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യ. 500 കിലോവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാവുന്ന ചെറിയ ആണവോര്‍ജനിലയം നിര്‍മിക്കാനാണ് റഷ്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനായ റോസറ്റോമിന്റെ പദ്ധതി. ചൈനയും ഇന്ത്യയും ഇതില്‍ സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതിയുടെ ഭാഗമാവാന്‍ ചൈനയും ഇന്ത്യയും താത്പര്യം അറിയിച്ചതായി റോസറ്റോം മേധാവി അലക്‌സി ലിഖാച്ചെ പറഞ്ഞു. വിവിധ അന്തര്‍ദേശീയ ബഹിരാകാശ പദ്ധതികള്‍ക്ക് അടിത്തറ പാകാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഈസ്റ്റേണ്‍ എക്കോണമിക് ഫോറത്തില്‍ അലക്‌സി പറഞ്ഞു.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും തങ്ങള്‍ ചന്ദ്രനില്‍ ആണവോര്‍ജ നിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. 2036 -ഓടുകൂടി 
ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് റഷ്യ ഉദ്ദേശിക്കുന്നത്.



2050 -ഓടുകൂടി ചന്ദ്രനില്‍ സ്വന്തം ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ലക്ഷ്യങ്ങളുടെ മുന്നോടിയായാണ് ഇന്ത്യയും പദ്ധതിയുടെ ഭാഗമാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഇത് ഇന്ത്യയുടെ ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ശക്തിപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മനുഷ്യരെ ചന്ദ്രനില്‍ അയക്കാതെ പൂര്‍ണമായി ഓട്ടോണമസ് ആയിട്ടാവും ചാന്ദ്രനിലയത്തിന്റെ നിര്‍മാണമെന്ന് റഷ്യ പറയുന്നു. അതിന് ആവശ്യമായ സാങ്കേതിക വിദ്യകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ചന്ദ്രനില്‍ 14 ദിവസം പകലും 14 ദിവസം രാത്രിയും ആയതിനാല്‍ പൂര്‍ണമായും സൂര്യപ്രകാശത്തെ ആശ്രയിക്കാന്‍ സാധിക്കില്ല. ഇക്കാരണത്താലാണ് ആണവോര്‍ജ്ജം പ്രയോജനപ്പെടുക. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും സ്വന്തം ആണവോര്‍ജ നിലയം സ്ഥാപിക്കാന്‍ ശ്രമിച്ചുവരികയാണ്.

മാർക്കറ്റുകളിൽ ഐ ഫോണിനേക്കാൾ ഡിമാൻഡ് ആപ്പിൾ വാച്ചുകൾക്ക് ? റിപ്പോർട്ടുകൾ

കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആപ്പിൾ വാച്ചുകൾക്ക് ഐ ഫോണിനേക്കാൾ ഡിമാൻഡ് കൂടുതലാണ്. ആപ്പിളിന്റെ ഐഫോൺ, ഐപാഡ് എന്നീ ബ്രാൻഡുകളുടെ വിൽപ്പനയെ കടത്തിവെട്ടിയിരിക്കുകയാണ് ആപ്പിൾ വാച്ചുകൾ.

വാച്ചിന്റെ വില മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങളേക്കാൾ കൂടുതലാണ്, 2017 ലെ സീരീസ് 3 മോഡലിന് ഏകദേശം 30,000 രൂപ മാത്രമായിരുന്നു. എന്നാൽ 2024 ൽ ആപ്പിൾ വാച്ചിൻ്റെ സീരീസ് 10 പതിപ്പിന് 46,900 രൂപയാണ് ഇന്ത്യൻ മാർക്കറ്റുകളിൽ വില. ഈ കാലയളവിനുള്ളിൽ വാച്ചിൻ്റെ പണപ്പെരുപ്പം, 56.9 ശതമാനമായി. ഐഫോണിൻ്റെ പണപ്പെരുപ്പത്തേക്കാൾ കൂടുതലാണ് ഇത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ വാച്ചുകളുടെ വില ഏകദേശം 25 ശതമാനമാണ് വർദ്ധിച്ചത്.

 

അതേസമയം, കുപെർട്ടിനോ ആസ്ഥാനമായുള്ള കമ്പനി 79,900 രൂപയ്ക്ക് സെപ്റ്റംബർ 9 ന് ആപ്പിൾ ഐഫോൺ 16 മോഡൽ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ നാല് വർഷമായി ഒരു മാറ്റവുമില്ലാതെ ഇതേ വിലയിൽ തന്നെയാണ് മോഡൽ വില്പന തുടരുന്നത്.

എന്നാൽ ഈ അടുത്ത് ആപ്പിൾ വാച്ച് 10 സീരീസ് പുറത്തിറങ്ങിയിരുന്നു. കലിഫോർണിയയിലെ കുപെർട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന ‘ഗ്ലോടൈം’ ഇവന്റിൽ ആപ്പിൾ സിഇഒ ടിം കുക്കാണ് പുതിയ ഉൽപന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ചത്. ആപ്പിളിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ഹാർഡ്‌വെയർ ലോഞ്ച് ആവേശകരമായ പുതുമകൾ നിറഞ്ഞത് തന്നെയായിരുന്നു. ഇതിൽ ആദ്യം അവതരിപ്പിച്ചത് ആപ്പിൾ വാച്ച് 10 സീരീസ് ആണ്.

ആപ്പിൾ വാച്ച് സീരീസ് 10ന്റെ ഡിസ്പ്ലേ മുൻ പതിപ്പുകളെക്കാൾ വലുതാണ്. വാച്ച് അൾട്രാ 2നേക്കാൾ വലിയ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സീരീസ് 6മായി ഇത് താരതമ്യം ചെയ്യുമ്പോൾ പ്രധാന മാറ്റവും ഇത് തന്നെയാണ്. ഇതിന് വൈഡ് ആംഗിൾ ഒഎൽഇഡി ഡിസ്‌പ്ലേയുണ്ട്. അനായാസം ടൈപ് ചെയ്യാവുന്ന ഡിസ്പ്ലേയ്ക്ക് ബ്രൈറ്റ്നസിലും മികവ് കാണാം. 30 മിനിറ്റിൽ 80 ശതമാനവരെ ഇതിൽ ചാർജ് ചെയ്യാവുന്നതാണ്.

ആപ്പിൾ ഈ വർഷം അവതരിപ്പിച്ചത് ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് മോഡലുകളാണ്. പുതിയ വാച്ചിന്റെ കനം കേവലം 9.7 മില്ലീമീറ്ററാണ്. ആപ്പിൾ വാച്ച് സീരീസ് 10 സീരീസ് ഒൻപതിനേക്കാൾ ഏകദേശം 10 ശതമാനം കനം കുറഞ്ഞതാണ്. കനം കുറഞ്ഞ വാച്ച് അവതരിപ്പിക്കുന്നതിനായി എസ്ഐപി ഡിജിറ്റൽ ക്രൗൺ പോലുള്ള നിരവധി ചെറിയ ആന്തരിക മൊഡ്യൂളുകളുടെ കനവും കുറച്ചിട്ടുണ്ട്. സീരീസ് ഒൻപതിനേക്കാൾ സീരീസ് 10ന്റെ ഭാരം സ്റ്റെയിൻലെസ് സ്റ്റീലിനേക്കാൾ 20 ശതമാനം കുറവാണ്. എയ്‌റോസ്‌പേസ് ഗ്രേഡ് ടൈറ്റാനിയം ഉപയോഗിച്ചാണ് കേസ് നിർമിച്ചിരിക്കുന്നത്. മൂന്ന് അതിശയകരമായ നിറങ്ങളിലാണ് പുതിയ വാച്ചുകൾ വരുന്നത്

രണ്ട് വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് സ്റ്റാർഷിപ്പ്; നാല് വർഷത്തനുള്ളിൽ മനുഷ്യരെ എത്തിക്കും; മസ്‌കിന്റെ പദ്ധതി

രണ്ട് വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് സ്റ്റാർ ഷിപ്പ് വിക്ഷേപിക്കുമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക്. എർത്ത്-മാർസ് വിൻഡോ തുറക്കുമ്പോഴായിരിക്കും ആദ്യ സ്റ്റാർഷിപ്പ് ദൗത്യം ചൊവ്വയിലേക്ക് വിക്ഷേപിക്കന്നത്. എർത്ത്-മാർസ് വിൻഡോ സമയത്ത് ഏറ്റവും കുറഞ്ഞ അളവിൽ ഇന്ധനം ഉപയോഗിച്ച് പേടകം വിക്ഷേപിക്കാൻ കഴിയും. നാല് വർഷത്തിനുള്ളിൽ മനുഷ്യരെ ചൊവ്വയിലേക്ക് എത്തിക്കാനുള്ള പദ്ധതിയുടെ ആദ്യ പടിയാണ് മസ്‌ക് ലക്ഷ്യം വെക്കുന്നത്.

സ്റ്റാർഷിപ്പിന്റെ കഴിവ് പരിശോധിക്കാനാണ് ആദ്യ ദൗത്യം. ഇത് വിജയിച്ചാൽ മനുഷ്യരെ ചൊവ്വയിലേക്ക് എത്തിക്കാനുള്ള പദ്ധതി ആരംഭിക്കും. ചൊവ്വയിൽ മനുഷ്യരുടെ കോളനി നിർമ്മിക്കുമെന്നതാണ് ലക്ഷ്യമെന്ന് മുൻപ് മസ്‌ക് വെളിപ്പെടുത്തിയിരുന്നു. ചൊവ്വയിൽ സുസ്ഥിരമായ നഗരം സ്ഥാപിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്. ഏറ്റവും ശക്തിയേറിയ റോക്കാറ്റാണ് സ്റ്റാർഷിപ്പ്. മനുഷ്യരെയും അവർക്ക് വേണ്ട സാധനങ്ങളും ചന്ദ്രനിലേക്കും ചൊവ്വയിലേക്ക് എത്തിക്കാനാണ് സ്റ്റാർഷിപ്പ് നിർമ്മിച്ചത്.

സ്പേസ് എക്‌സിന് ചൊവ്വയിൽ ഇറങ്ങാൻ കഴിഞ്ഞാൽ, “ഏകദേശം 20 വർഷത്തിനുള്ളിൽ ഒരു സ്വയം-സുസ്ഥിര നഗരം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ അവിടെ നിന്ന് ഫ്ലൈറ്റ് നിരക്ക് ഗണ്യമായി വർദ്ധിക്കും” എന്ന് മസ്‌ക് അവകാശപ്പെടുന്നു. സ്റ്റെയിൻലെസ്സ് സ്റ്റീൽ സ്റ്റാർഷിപ്പിൽ രണ്ട് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

സൂപ്പർ ഹെവി എന്ന് വിളിക്കപ്പെടുന്ന ഒരു ഒന്നാം ഘട്ട ബൂസ്റ്ററും സ്റ്റാർഷിപ്പ് എന്നറിയപ്പെടുന്ന 165 അടി (50 മീറ്റർ) ഉയരമുള്ള ഒരു മുകൾ-ഘട്ട ബഹിരാകാശ പേടകവും ഉൾപ്പെടുന്നതാണ് സ്റ്റാർഷിപ്പ്. 400 അടി ഉയരമുള്ള സ്റ്റാർഷിപ്പ് റോക്കറ്റിന്റെ മൂന്നാം പരീക്ഷണ വിക്ഷേപണം അടുത്തിടെ നടത്തിയിരുന്നു. സൂപ്പർ ഹെവി ബൂസ്റ്റർ കൂടി ഉൾപ്പെടുത്തിയായിരുന്നു വിക്ഷേപണം നടത്തിയിരുന്നത്.

Verified by MonsterInsights