നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും ഫൈനുണ്ടോ? പൊലിസ് വണ്ടിയുടെ ഫോട്ടോ എടുത്തോ?..സ്വയം പരിശോധിക്കാം

ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി നടപ്പാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. എഐ ക്യാമറ ഇതിനോടകം തന്നെ പ്രവര്‍ത്തനമാരംഭിച്ചു. ഈ നിരീക്ഷണ ക്യാമറകള്‍ നിയമലംഘകരെ കൃത്യമായി തിരിച്ചറിയുകയും നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും തെളിവുകള്‍ സഹിതം പൊലീസിന് അയയ്ക്കുകയും ചെയ്യും. ഇനി ക്യാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ പൊലിസ് പരിശോധനയ്ക്കുണ്ടാകും. പലപ്പോഴും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴശിക്ഷയാണ് ലഭിക്കുക. ഓരോ നിയമലംഘനത്തിനും അതിന്റെ തീവ്രതയും തരവും അനുസരിച്ച് വിവിധ ശിക്ഷകളും പിഴകളുമാകും ചുമത്തുക.

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുക, ലൈസന്‍സില്ലാതെ വാഹനം ഓടിക്കുക, ട്രാഫിക് സിഗ്‌നല്‍ ലംഘിക്കുക, സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കുക, എന്നിങ്ങനെ ഓരോ ലംഘനത്തിന് വേറെ വേറെ പിഴയാണ് പൊലീസോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ ഈടാക്കുക. ഇന്ന് പൊലീസുകാരുടെ ചെക്കിംഗില്‍ കുടുങ്ങിയാല്‍ മാത്രമല്ല ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കേണ്ടി വരിക.

 സിഗ്‌നലുകളിലും മറ്റും പൊലീസുകാര്‍ കൃത്യനിര്‍വഹണം നടത്തുന്ന വേളയില്‍ ഏതെങ്കിലും വാഹനങ്ങള്‍ നിയമംലംഘിച്ച് കടന്ന് പോയാല്‍ അവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താറുണ്ട്. ഉദാഹരണത്തിന് ഇരുചക്ര വാഹനത്തില്‍ മൂന്ന് പേരെ കയറ്റി ഓടിക്കുന്നതാണ് കാണുന്നതെങ്കില്‍ വാഹന ഉടമക്ക് ഈ ഫോട്ടോ തെളിവായി സ്വീകരിച്ച് പിഴ ചുമത്തും. അതുപോലെ സിഗ്‌നലുകളില്‍ ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസുകാര്‍ പകര്‍ത്തുന്നതും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും.
 നിങ്ങളുടെ വാഹനം മുകളില്‍ പറഞ്ഞ രീതിയിലോ സ്പീഡ് ക്യാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചറിയാനും. എങ്ങനയെന്ന് നോക്കാം.

SAP TRAINING

നിങ്ങളുടെ വാഹനം മുകളില്‍ പറഞ്ഞ രീതിയിലോ സ്പീഡ് ക്യാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചറിയാനും. എങ്ങനയെന്ന് നോക്കാം

  • https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
    ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ ‘ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ 3 വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും. ചലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവ കാണാം.
  • ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്പര്‍ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചില്‍ അല്ലെങ്കില്‍ ഷാസി നമ്പര്‍ രേഖപ്പെടുത്തുക.
    അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
  • നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും.

2027ഓടെ ഡീസൽ ഫോർ വീലർ വാഹനങ്ങൾ നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊർജ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിനുമായി 2027ഓടെ ഇന്ത്യയില്‍ ഡീസല്‍ ഫോർ വീലർ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം. പെട്രോളിയം മന്ത്രാലയത്തിന്റെ ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതിയാണ് നിര്‍ദേശം നല്‍കിയത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും 2027ഓടെ ഡീസല്‍ ഉപയോഗിച്ചോടുന്ന ഫോര്‍ വീലര്‍ വാഹനങ്ങള്‍ നിരോധിക്കണമെന്നാണ് ശുപാർശ.

നഗരങ്ങളില്‍ സര്‍വിസ് നടത്തുന്ന ഡീസല്‍ ബസുകള്‍ 2024 മുതല്‍ ഒഴിവാക്കണമെന്നും 2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകള്‍ക്ക് അനുമതി നല്‍കരുതെന്നും മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ സമിതി നിര്‍ദേശത്തില്‍ പറയുന്നു.

രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തിന് ആവശ്യമായ പ്രോത്സാഹനം നൽകുന്നതിന്, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് സ്‌കീമിന് (ഫെയിം) കീഴിൽ നടത്തുന്ന പദ്ധതികൾ “വിപുലീകരിക്കുന്നത്” മാർച്ച് 31നുശേഷവും സർക്കാർ പരിഗണിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിച്ചു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2024 മുതല്‍ ഇലക്ട്രിക് പവര്‍ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്ന് പാനല്‍ ശുപാര്‍ശ ചെയ്തു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ റെയില്‍വേ ശൃംഖല പൂര്‍ണമായും വൈദ്യുതീകരിക്കാനും നിര്‍ദേശമുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാ നഗരങ്ങളിലും 75 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ ആക്കാനാണ് നീക്കം.

2024 മുതൽ ഇലക്ട്രിക് പവർ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷൻ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് റെയിൽവേയുടെയും ഗ്യാസ് ട്രക്കുകളുടെയും ഉയർന്ന ഉപയോഗം വേണമെന്നും പാനൽ ശുപാർശ ചെയ്തു.

ശിക്കാര ബോട്ടുകൾ നിയമാനുസൃതമെന്ന് ഉറപ്പാക്കും

സംസ്ഥാനത്ത് അനധികൃതമായും നിയമ വിരുദ്ധവുമായി സർവ്വീസ് നടത്തുന്ന ശിക്കാര ബോട്ടുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ടൂറിസ്റ്റ് – ശിക്കാര ബോട്ടുകൾക്ക് അനുമതി നൽകുന്നത് ഇൻലാന്റ് വെസൽ ആക്റ്റ് പ്രകാരമാണ്. സർവ്വീസിനു പുറമെ നിർമ്മാണം മുതൽ രജിസ്ട്രേഷൻ വരെയുള്ള ഓരോ ഘട്ടവും ഈ നിയമത്തിൽ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്.

കുട്ടികളും സ്ത്രീകളുമടക്കം ഇരുപ്പത്തി രണ്ട് മനുഷ്യ ജീവൻ അപഹരിച്ച താനൂർ ബോട്ട് ദുരന്തം സകല മനുഷ്യരുടെയും ഹൃദയം തകർത്ത സംഭവമാണ്. ഈ ദുരന്തത്തിനെ തുടർന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തും ഏകോപിപ്പിച്ചും നടത്തിയ ആശ്വാസ പ്രവർത്തനങ്ങൾ പരിഷ്‌കൃത സമൂഹത്തിന് മാതൃകാപരമാണ്. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെയും ഉത്തരവാദികളെയും കണ്ടെത്താനും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കൈകൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനും ഈ രംഗത്തെ സാങ്കേതിക വിദഗ്ധരെയടക്കം ഉൾപ്പെടുത്തി പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണവും പ്രതീക്ഷാർഹമാണ്.

എന്നാൽ ഈ ദുരന്തത്തെ തുറമുഖ വകുപ്പുമായി ചേർത്ത് വസ്തുതാ വിരുദ്ധമായ വാർത്തകൾ ചില തൽപ്പരകക്ഷികൾ പ്രചരിപ്പിക്കപ്പെടുന്നത് നിഗൂഢമായ ലക്ഷ്യങ്ങളോടെയാണ്. ഇത് കേരളീയ പൊതുസമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ റെയിൽവേ ഏപ്രിലിൽ കയറ്റിയത് 126.46 മെട്രിക് ടൺ ചരക്ക്; റെക്കോർഡ് നേട്ടം

2023 ഏപ്രിലിൽ മാത്രം 126.46 മെട്രിക് ടൺ ചരക്ക് കയറ്റി ഇന്ത്യൻ റെയിൽവേ (ഐആർ). ഏപ്രിൽ മാസത്തിൽ അധികമായി കയറ്റിയത് 4.25 മെട്രിക് ടൺ ആണ്. 2022 ഏപ്രിലിനേക്കാൾ 3.5 ശതമാനം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

2022 ഏപ്രിലിലെ 13,011 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഏപ്രിലിലെ ചരക്ക് വരുമാനം 13,893 കോടി രൂപയാണ്. 7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2022 ഏപ്രിലിലെ 58.35 മെട്രിക് ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 2023 ഏപ്രിലിൽ 62.39 മെട്രിക് ടൺ കൽക്കരിയാണ് ഇന്ത്യൻ റെയിൽവേ കയറ്റിയത്. ഇതിന് പുറമെ 14.49 മെട്രിക് ടൺ ഇരുമ്പയിര്, 12.60 മെട്രിക് ടൺ സിമന്റ്, 9.03 മെട്രിക് ടൺ മറ്റ് ചരക്കുകളും റെയിൽവേ കയറ്റിയിട്ടുണ്ട്.

6.74 മെട്രിക് ടൺ കണ്ടെയ്നറുകൾ, 5.64 മെട്രിക് ടൺ സ്റ്റീൽ, 5.11 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ, 4.05 മെട്രിക് ടൺ മിനറൽ ഓയിൽ, 3.90 മെട്രിക് ടൺ രാസവളങ്ങൾ എന്നിവയും ചരക്കായി റെയിൽവേ കയറ്റി.

‘ഇനി വെള്ളത്തിലിറക്കിയാൽ കത്തിക്കും’ 20 പേർക്ക് കയറാവുന്ന ബോട്ടിൽ ആളെ കുത്തിനിറച്ചു യാത്ര

മലപ്പുറം: താനൂരില്‍ ഓടുമ്പ്രം തൂവല്‍ത്തീരത്ത് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് സര്‍വീസ് നടത്തിയത് ലൈസന്‍സും മാനദണ്ഡങ്ങളും പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്. താനൂര്‍ സ്വദേശി നാസറിന്‍റെ ഉടമസ്ഥതയിലുള്ള അറ്റ്ലാന്‍റിക് എന്ന ബോട്ടാണ് പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റി യാത്രനടത്തിയത്. മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് ബോട്ട് യാത്രനടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

അനുവദിച്ച സമയം കഴിഞ്ഞും ബോട്ട് യാത്ര തുടര്‍ന്നു. ഇരുപതുപേരെ കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ 35-ല്‍ കൂടുതല്‍ ആളുകള്‍ കയറിയിട്ടുണ്ട്. ‘ഇനിയെങ്ങാനും ബോട്ട് വെള്ളത്തിലിറക്കുകയാണെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും’ എന്നാണ് അപകടത്തിൽപെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

നീറ്റ് പരീക്ഷ കെ.എസ്.ആർ.ടി.സി. പ്രത്യേക സർവ്വീസുകൾ ക്രമീകരിക്കും

ഒരുക്കി കെ.എസ്. 2023 മെയ് ഏഴിന് ആലപ്പുഴ ജില്ലയിലെ 16 കേന്ദ്രങ്ങളിലായി നടക്കുന്ന നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക യാത്രാസൗകര്യ ആർ.ടി.സി. പരീക്ഷാ കേന്ദ്രങ്ങൾ ഉള്ള എല്ലാ സ്ഥലങ്ങളിലേക്കും
പരീക്ഷാർത്ഥികൾക്ക് എത്തിച്ചേരുന്നതിനായി ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. 
ആലപ്പുഴ ഡിപ്പോയിൽ പരീക്ഷാ ദിവസം ഹെൽപ്പ് ഡസ്ക് ക്രമീകരിക്കും.
94479 75789 (ഹരിപ്പാട് )
9400203766 (ആലപ്പുഴ)
9846475874 (ആലപ്പുഴ)
96054 40234 (കായംകുളം)
98465 07307 (ചേർത്തല)

 

സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; IRCTCയുടെ പുതിയ മാർഗനിർദേശങ്ങളും ലഗേജ് നിയമങ്ങളും

ഇന്ത്യയിലുടനീളമുള്ള ട്രെയിൻ യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ പുതുക്കിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങളും നിയന്ത്രണങ്ങളുമാണ് മാർഗനിർദേശത്തിലുള്ളത്. റെയിൽവേയിൽ ജോലി ചെയ്യുന്നവർ, ടിടിഇ, കാറ്ററിംഗ് ക്രൂ, ട്രെയിനുകളിൽ പ്രവർത്തിക്കുന്ന മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്കും ഈ നിയമങ്ങൾ ബാധകമാണ്. പുകവലി, മദ്യപാനം, അല്ലെങ്കിൽ മറ്റേതെങ്കിലും നിയമവിരുദ്ധമായ പെരുമാറ്റത്തിൽ ഏർപ്പെടുക തുടങ്ങിയ പ്രവൃത്തികൾക്ക് കനത്ത പിഴ നേരിടേണ്ടി വരും.

IRCTCയുടെ പുതിയ നിർദ്ദേശങ്ങൾ

തങ്ങളുടെ സീറ്റിലോ കമ്പാർട്ട്‌മെന്റിലോ കോച്ചിലോ ഫോണിൽ സംസാരിക്കുമ്പോഴോ സഹയാത്രികരുമായി സംസാരിക്കുമ്പോഴോ ഉച്ചത്തിലുള്ള ശബ്ദത്തിൽ സംസാരിക്കാൻ യാത്രക്കാർക്ക് അനുവാദമില്ല. ഹെഡ്‌ഫോണുകൾ ഇല്ലാതെ യാത്രക്കാർ ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതും മറ്റ് വിനോദോപാധികൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം. നൈറ്റ്ലാംപ് ഒഴികെയുള്ള മറ്റെല്ലാ ലൈറ്റുകളും രാത്രി 10 മണിക്ക് ശേഷം ഓഫ് ചെയ്യണം.

രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട നിയമങ്ങൾ

രാത്രി 10ന് ശേഷം ടിടിഇക്ക് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാനാകില്ല. നൈറ്റ്ലൈറ്റ് ഒഴികെ മറ്റെല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. ഗ്രൂപ്പായി യാത്ര ചെയ്യുന്നവർ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല. നടുവിലെ ബർത്തിലെ യാത്രക്കാർക്ക് ഏത് സമയത്തും അത് ഉയർത്തി ഉപയോഗിക്കാം . ലോവർ ബർത്ത് യാത്രക്കാർക്ക് ഇതിനെക്കുറിച്ച് പരാതിപ്പെടാൻ കഴിയില്ല. ഓൺലൈൻ ഡൈനിംഗ് സേവനങ്ങൾ മുഖേന രാത്രി 10 മണിക്ക് ശേഷം ഭക്ഷണം നൽകാൻ കഴിയില്ല. എങ്കിലും ഇ-കാറ്ററിംഗ് സേവനങ്ങളിലൂടെ ഭക്ഷണം മുൻകൂട്ടി ക്രമീകരിക്കാനും രാത്രി വൈകി ആയാലും അത് ലഭ്യമാക്കാനും അനുവദിക്കും.

ലഗേജ് സംബന്ധമായ നിയമങ്ങൾ

എസി ബോഗിയിൽ ഓരോ യാത്രക്കാരനും 70 കിലോ ബാഗേജ് കൊണ്ടു പോകാൻ അനുവാദമുണ്ട്. സ്ലീപ്പിംഗ് ക്ലാസിൽ 40 കിലോ വരെയും സെക്കൻഡ് ക്ലാസിൽ 35 കിലോ വരെയും ലഗേജ് സൗജന്യമാണ്. യാത്രക്കാർക്ക് സ്ലീപ്പറിൽ 80 കിലോഗ്രാമും സെക്കൻഡ് ക്ലാസ് സീറ്റിൽ 70 കിലോഗ്രാമും ലഗേജ് ഉൾപ്പെടെ 150 കിലോഗ്രാം ലഗേജ് അധിക ഫീസോടെ കൊണ്ടുപോകാനും അനുവദിക്കും.

ചരിത്രമെഴുതി അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരൻ; രണ്ടാമനായി ഫിനിഷ് ചെയ്തു

പാരീസ്: ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാമനായാണ് അഭിലാഷ് മത്സരം ഫിനിഷ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്.

വ്യാഴാഴ്ച ദക്ഷിണാഫ്രിക്കൻ വനിത കിഴസ്റ്റൺ നോയിഷെയ്ഫർ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. മത്സരത്തിൽ അവശേഷിക്കുന്ന അവസാനത്തെ ആളായ ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ വളരെ പിന്നിലാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിനാണ് ഫ്രാൻസിലെ ലെ സാബ്‌ലേ ദെലോണിൽ നിന്ന് മത്സരം ആരംഭിച്ചത്. 16 നാവികരാണ് മത്സരം തുടങ്ങിയതെങ്കിലും ഫിനിഷിങ്ങിലേക്ക് എത്തിയത് മൂന്നു പേർ മാത്രം.

കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കാരണം അഭിലാഷ് എത്തുന്ന സമയം കൃത്യമായി പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു സംഘാടകരും. 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് അഭിലാഷിന് ഫിനിഷ് ചെയ്യാൻ വേണ്ടിവന്നത്. സഞ്ചരിച്ചത് 48,000 കിലോമീറ്റർ. ഇതിനു മുൻപ് 2018ൽ അഭിലാഷ് തുടങ്ങിവച്ച യാത്ര പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ അഭിലാഷിന്റെ വഞ്ചി തകർന്നു. കടൽക്കലിയിൽ ബോട്ടിൽ നടുവിടിച്ചു വീണ അഭിലാഷിനെ ഒരു ഫ്രഞ്ച് മീൻപിടിത്തക്കപ്പലാണു രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച രാത്രി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫറിനു വൻ സ്വീകരണമാണു സംഘാടകർ നൽകിയത്. കടലിൽ പെട്ടെന്നു കാറ്റില്ലാത്ത അവസ്ഥയുണ്ടായതോടെ അവസാനത്തെ 2-3 നോട്ടിക്കൽ മൈലുകൾ പിന്നിടാൻ കിഴ്സ്റ്റന് ഏതാനും മണിക്കൂറുകൾ വേണ്ടിവന്നു.

വൈകിട്ട് 7 മണിയോടെ സംഘാടകരും കുടുംബാംഗങ്ങളും ബോട്ടിൽ ഫിനിഷിങ് ലൈനിലേക്കു പോയെങ്കിലും രാത്രിയോടെയാണ് കിഴ്സ്റ്റന്റെ വഞ്ചി ലക്ഷ്യത്തിലെത്തിയത്. ഹോണുകൾ മുഴക്കിയാണ് കിഴ്സ്റ്റനെ ബോട്ടുകൾ സ്വാഗതം ചെയ്തത്. തീരത്തുള്ള റസ്റ്ററന്റുകൾ സ്പീക്കറിലൂടെ ഹോൺ ശബ്ദം മുഴക്കി. ഷാംപെയ്ൻ ബോട്ടിലുകൾ പൊട്ടിച്ച് കിഴ്സ്റ്റൻ വിജയലഹരി നുണഞ്ഞു. 235 ദിവസങ്ങളെടുത്താണ് കിഴ്സ്റ്റൻ ഫിനിഷ് ചെയ്തത്.

ഗോൾഡൻ ഗ്ലോബ് റേസ് എങ്ങനെ?

ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ പായ്‌വഞ്ചിയിൽ കടലിലൂടെ ലോകം ചുറ്റിവരികയെന്ന മത്സരമായിരുന്നു ഗോൾഡൻ ഗ്ലോബ് റേസ്. 2018ൽ ആരംഭിച്ച മത്സരത്തിന്റെ രണ്ടാം എഡിഷനാണ് ഇപ്പോഴത്തേത്. 2022 സെപ്റ്റംബർ 4നു ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോനിൽനിന്നാണ് മത്സരം ആരംഭിച്ചത്. മഹാസമുദ്രങ്ങൾ താണ്ടി ഇവിടെത്തന്നെ തിരിച്ചെത്തുകയെന്നതാണ് മത്സരം.

1968ലെ മത്സരത്തിൽ നാവികർ ഉപയോഗിച്ച അതേ മാതൃകയിലുള്ള ബോട്ടുകളും സാങ്കേതിക വിദ്യകളും സൗകര്യങ്ങളും മാത്രമാണ് മത്സരാ‍ർത്ഥികൾക്ക് ഉപയോഗിക്കാൻ അനുമതി. യുഎഇ കമ്പനി ബയാനത് ആണ് അഭിലാഷ് ടോമിയുടെ സ്പോൺസർമാർ. കോഴിക്കോട് സ്വദേശി കൗശിക് കൊടിത്തൊടികയുടെ ഉടമസ്ഥതയിലുള്ള ജെല്ലിഫിഷ് വാട്ടർ സ്പോർട്സും സഹസ്പോൺസറാണ്.

കൊച്ചി ‘വാട്ടര്‍ മെട്രോ’ സൂപ്പര്‍ ഹിറ്റ് ; ആദ്യദിനം യാത്രചെയ്തത് 6559 പേര്‍

ഹൈക്കോടതി-വൈപ്പിൻ റൂട്ടിലാണ് വാട്ടർ മെട്രോ ആദ്യ സർവ്വീസ് ആരംഭിച്ചത്.

ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ ദിനത്തില്‍ തന്നെ മികച്ച ജനപിന്തുണ നേടി കൊച്ചി വാട്ടര്‍ മെട്രോ. 6559 പേര്‍ ആദ്യ ദിനം കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

ഇരുചക്ര വാഹനങ്ങളിലെ കുടുംബ യാത്രയ്ക്ക് പിഴ ഒഴിവാക്കിയേക്കും; ഗതാഗത വകുപ്പ്

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുടുംബയാത്രക്കാർക്ക് എ.ഐ ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ നിരവധി പരാതികളായിരുന്നു. ഇപ്പോഴിതാ കുടുംബയാത്രക്കാരുടെ പരാതികള്‍ പരിഗണിക്കാന്‍ ഗതാഗതവകുപ്പ്. ഇരുചക്ര വാഹനത്തിൽ 2 പേർക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാൻ നിയമ ഭേദഗതിക്കു കേന്ദ്രത്തെ സമീപിക്കാൻ ഗതാഗതവകുപ്പിന്റെ നീക്കം.

ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കി. നിയമവും പിഴയും രാജ്യത്താകെ ഉള്ളതായതിനാല്‍ സംസ്ഥാനത്തിന് മാത്രമായി ഭേദഗതി വരുത്താനോ പിഴ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കാനോ സാധിക്കില്ല. മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടി, അല്ലങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമോ സംസ്ഥാനം മുന്നോട്ട് വച്ചേക്കും. കുട്ടികളുടെ പ്രായപരിധിയും നിശ്ചയിക്കും. മോട്ടോര്‍ വാഹനവകുപ്പ് ഇത് സംബന്ധിച്ച നിയമസാധുത പരിശോധിച്ച ശേഷം മാത്രമാവും അന്തിമതീരുമാനം.

Verified by MonsterInsights