ചരിത്രത്തിലാദ്യം…ട്രെയിനുകളുടെ കോച്ച് നിർമാണത്തിൽ പുത്തൻ റെക്കോർഡിട്ട് ഇന്റഗ്രൽ കോച്ച് ഫാക്ടറി.

ട്രെയിനുകളുടെ കോച്ചുനിര്‍മാണത്തില്‍ സര്‍വകാല റെക്കോഡിട്ട് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി. കഴിഞ്ഞ വര്‍ഷം 3,007 കോച്ചുകളാണ് ഇവിടെ നിര്‍മിച്ചത്. ചരിത്രത്തില്‍ ആദ്യമാണ് എണ്ണം 3,000 കടക്കുന്നത്. 2024 ഏപ്രില്‍ ഒന്നുമുതല്‍ കഴിഞ്ഞ മാസം 31വരെയുള്ള കണക്കാണിത്. വന്ദേഭാരത് സ്ലീപ്പര്‍, ചെയര്‍കാര്‍, എമു, മെമു എന്നിവയ്ക്ക് വേണ്ടിയുള്ള 1,169 കോച്ചുകളും 1,838 എല്‍.എച്ച്.ബി കോച്ചുകളുമാണ് ഇതിലുള്ളത്. 2023-24 വര്‍ഷം 2,829 കോച്ചുകളാണ് നിര്‍മിച്ചത്. 

വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ ആദ്യമായി നിര്‍മിച്ചതും കഴിഞ്ഞവര്‍ഷത്തെ ഐ.സി.എഫിന്റെ പ്രധാനനേട്ടമായി ചൂണ്ടിക്കാണിക്കുന്നു. 16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പര്‍ റേക്കാണ്  നിര്‍മിച്ചത്. വന്ദേഭാരത് സ്ലീപ്പറിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ വര്‍ഷം പുറത്തിറങ്ങും. ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതായും ഐ.സി.എഫ് അധികൃതര്‍ പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായി എട്ട് ട്രഷറി വാന്‍ കോച്ചുകളും നിര്‍മിച്ചു. അതിസുരക്ഷ ആവശ്യമുള്ള സാധനങ്ങള്‍ കൊണ്ടുപോകാനാണ് ട്രഷറി വാന്‍കോച്ചുകള്‍. ആദ്യത്തെ നമോ ഭാരത് റാപ്പിഡ് റെയിലിന്റെ നിര്‍മാണവും ഐ.സി.എഫിലായിരുന്നു. ഈ ട്രെയിനുകളുടെ കൂടുതല്‍ റേക്കുകളുടെ നിര്‍മാണവും ഐ.സി.എഫില്‍ ഉടന്‍ ആരംഭിക്കും. 

അതേസമയം, ഇന്ത്യന്‍ റെയില്‍വേ കോച്ച് നിര്‍മാണത്തില്‍ ഒൻപത് ശതമാനം വളര്‍ച്ച കൈവരിച്ചു.
7,134 കോച്ചുകളാണ് കഴിഞ്ഞവര്‍ഷം നിര്‍മിച്ചത്. ഇതില്‍ കൂടുതല്‍ കോച്ചുകള്‍ നോണ്‍ എ.സി കോച്ചുകളാണെന്ന പ്രത്യേകതയുമുണ്ട്. ഐ.സി.എഫിന് പുറമെ പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള റെയില്‍ കോച്ച് ഫാക്ടറിയില്‍ 2,102 കോച്ചുകളുടേയും, ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള മോഡേണ്‍ കോച്ച് ഫാക്ടറിയില്‍ 2025 കോച്ചുകളും കഴിഞ്ഞ വര്‍ഷം നിര്‍മിച്ചു.

Verified by MonsterInsights